ഹോവർക്രാഫറ്റ്‌…നമ്മുടെ നാട്ടിൽ സാധാരണ കാണാത്ത ഒരു വാഹനമാണ്. കരയിലും, വെള്ളത്തിലും, ഐസിലും,   നിരപ്പില്ലാത്ത പുൽ മേടുകളിൽപ്പോലും ഒരേപോലെ യാത്ര ചെയ്യാൻ പറ്റിയതാണു ഹോവർക്രാഫ്റ്റ്.  ഇതിന്റെ അടിഭാഗം നിരപ്പായാണു ഉണ്ടാക്കുക. ഇതിനും തറയ്ക്കു ഇടയ്ക്കു വായുവിന്റെ ഒരു പാളി സൃഷ്ടിച്ച് തറയിൽ നിന്ന് സ്വയം ഉയരും. അതിനു ശേഷം പ്രൊപ്പല്ലറോ, ചെറു ഫാനുകളോ ഉപയോഗിച്ച് വായുവിനെ തള്ളി  ഇത് സ്വയം മുന്നോട്ട് പോവും. അതുകൊണ്ടുതന്നെ ഇതിനെ  air-cushion vehicle എന്നും വിളിക്കും.

ഭാരമുള്ള വസ്തുക്കൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു മാറ്റുമ്പോൾ കൂടുതൽ ഊർജം ആവശ്യം വരിക ഘർഷണത്തെ മറികടക്കാനാണു !

ഇവിടെ ഈ വാഹനം വായുവിന്റെ പാളി സ്വയം സൃഷ്ടിച്ച്  തറയിൽ നിന്നും ഉയരുന്നത് മൂലം  തറയുമായുള്ള  ഘർഷണം ഇല്ലാതാവുന്നു. പിന്നെ വാഹനം വായുവിലൂടെ തള്ളി നീക്കിയാൽ മാത്രം മതി. എന്നാൽ വായുവിൽ ഉയരാനായി ഇവിടെ ഊർജം ഉപയോഗിക്കുന്നുണ്ട്. എന്നാലും മറ്റുള്ള വാഹങ്ങൾക്കില്ലാത്ത പല പ്രത്യേകതയും ഹോവർക്രാഫ്റ്റിനുണ്ട്.ഏതാണ്ടു നിരപ്പായ ഏതു പ്രതലത്തിലും ഇതിനു സഞ്ചരിക്കാം.അന്റാർട്ടിക്കയിലെ മഞ്ഞുപാളിയിലൂടെയും, വള്ളത്തിലൂടെയും മറ്റൊരു വാഹനത്തിനും സഞ്ചരിക്കുവാൻ പറ്റില്ല.ഇത്തരത്തിലെ മറ്റു വാഹനങ്ങളേക്കാൾ വേഗത കൂടുതലാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ ഒരു എഞ്ജിനീയറുടെയോ മെക്കാനിക്കിന്റെയോ ആവശ്യമില്ല. അത്യാവശ്യം കോമൻ സെന്സ് ഉള്ള ആർക്കും ചെയ്യാം.ഉപയോഗിക്കുവാനും,സൂക്ഷിക്കുവാനും എളുപ്പം. കൂടാതെ അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കില്ല.

ഇനി നമുക്ക് ബലൂണും,സിഡി യുമുപയോഗിച്ച് ഒരു ഹോവോക്രാഫ്റ്റ് മോഡൽ ഉണ്ടാക്കി നോക്കാം. ( ചിത്രം നോക്കുക. )

1950 കളിൽ ബ്രിട്ടനിലാണ് ഇത് ഒരു വാഹനം ആയി രൂപപ്പെടുത്തിയതു. അതിനു ശേഷം ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇത് ഉപയോഗിച്ചു തുടങ്ങി. രക്ഷാ പ്രവർത്തനം, തീരദേശ സംരക്ഷണം, മിലിട്ടറി,  സർവേ, വിനോദം അങ്ങനെ നാനാവിധ മേഖലയിൽ. ഇത് പരിസര മലിനീകർണമോ, വെള്ളത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾക്കോ, എന്തിനു വെള്ളത്തിൽ കുളിക്കുന്ന ആളുകളെടെ മീതെകൂടി പോയാൽപ്പോലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. ശബ്ദ മലിനീകരണവും ഇല്ല.

ഹോവോക്രാഫ്റ്റ് പല വലിപ്പത്തിലും, രൂപത്തിലും ഉണ്ട്.

ഒരാൾക്ക്‌ കയറാവുന്നതു  മുതൽ നൂറുകണക്കിനു ആളുകൾക്ക്  ഒന്നിച്ചു കയറാവുന്ന വലിയ കപ്പൽ വരെ.

 

പുതിയ ടെക്നോളജി ഒക്കെ കൂടിച്ചേർന്നപ്പോൾ നിലം തൊടാതെ വായുവിലൂടെ പറക്കുന്ന ഹോവോക്രാഫ്റ്റ് വരെ ആയി.