തദ്ദേശീയ ജൈവവൈവിധ്യങ്ങള്‍ ആഗോള കുത്തകകള്‍ക്ക് അടിയറവെച്ചു എന്നൊരു രാഷ്ട്രീയ മുദ്രാവാക്യം ജൈവകൃഷിവാദികള്‍ ഉയര്‍ത്താറുണ്ട്. മതപരമായ പൈതൃകവാദത്തിന്റെ തുടര്‍ച്ചയാണിത്. ഇവിടെയുണ്ടായിരുന്നവയൊക്കെ മഹത്തരവും അന്യൂനവുമായിരുന്നു, അവയില്‍ പലതും വിദേശശക്തികള്‍ കൊള്ളയടിച്ചുകൊണ്ടു പോയി എന്നതാണ് ഈ വാദത്തിന്റെ സാരാംശം. ഇത്, വാസ്തവത്തില്‍, രാസവളത്തിന്റെയോ കീടനാശിനിയുടെയോ പ്രയോഗം സംബന്ധിച്ചുള്ള ആരോപണമല്ല. നേരെമറിച്ച് രാഷ്ട്രീയ തലത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്.

ജൈവവൈവിധ്യം ഒരു ജനതയുടെ, അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ, കുത്തകയല്ല; അങ്ങിനെ ആവരുത്. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന 26 തരം വിളകള്‍ പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇങ്ങോട്ടുകൊണ്ടുവന്നതാണ്. റബ്ബര്‍, കശുമാവ്, പച്ചമുളക്, പപ്പായ, പേര, പൈനാപ്പിള്‍ മുതലായവയുടെയൊന്നും ഉത്ഭവം നമ്മുടെ നാട്ടിലല്ല. എന്തിനേറെ കേരളത്തിന്റെ അഭിമാനമായ തെങ്ങ് പോലും പുറത്ത് നിന്ന് വന്നതാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ഇന്ന് നാം കൃഷി ചെയ്യുന്ന ഉയര്‍ന്ന ഉല്‍പാദനശേഷിയുള്ള നെല്‍/ധാന്യ വിളകളില്‍ 50-60% വരെ വിദേശ ജീനുകളുണ്ട്. അവയെല്ലാംതന്നെ ഉയര്‍ന്ന വിളവ് തരുന്നവയുമാണ്. കാലിസമ്പത്തിന്റെ കാര്യവും സമാനമാണ്. സങ്കരയിനങ്ങള്‍ക്ക് രാജ്യത്താകമാനം സമൃദ്ധി വിതച്ച കഥയാണ് പറയാനുള്ളത്. ഉരുളക്കിഴങ്ങ്, തക്കാളി, ക്യാപ്‌സിക്കം, കാരറ്റ്, മരച്ചീനി, ചെറി, സപ്പോട്ട, കൊക്കോ, മക്കച്ചോളം, മുന്തിരി, ലൈബീന്‍സ്(രാജ്മ), ലിച്ചി, നിലക്കടല, പപ്പായ, പാഷന്‍ ഫ്രൂട്ട,് മത്തന്‍, സ്‌ട്രോബെറി, സൂര്യകാന്തി, മധുരക്കിഴങ്ങ്, പുകയില, തേയില, കാപ്പി, കാബേജ്, മാതളം, വാനില, റംബൂട്ടാന്‍, മംഗേസ്റ്റിന്‍, പുലാസാന്‍, ഡൂരിയന്‍ (34എണ്ണം) കൂടാതെ ശീമക്കൊന്നയും നിരവധി പൂച്ചെടികളും അലങ്കാര സസ്യങ്ങളും തുടങ്ങി നമുക്ക് അതിഥികളായ സസ്യങ്ങളുടെ എണ്ണം വലുതാണ്.

പല പല വിദേശ ഇനങ്ങള്‍ക്കും ഉയര്‍ന്ന വിളവിനും, പല രോഗകീട പോഷക പ്രശ്‌നങ്ങളേയും ചെറുത്ത് നില്‍ക്കാനും ശേഷിയുള്ള ജീനുകളുണ്ട്. നാമും അവ ഉപയോഗപ്പെടുത്തുന്നു. നമ്മുടെ മാത്രം വിളകളും ജീനുകളുമുപയോഗിച്ച് എല്ലാക്കാലത്തേക്കും ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും കൈവരിക്കാനാകില്ല. ജൈവവൈവിദ്ധ്യം അതത് രാജ്യത്തിന്റെ മാത്രം പൈതൃകമല്ല. അത് ആഗോള പൈതൃകമാണ്. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഇനത്തില്‍ മുഞ്ഞ എന്ന കീടത്തെ ചെറുത്തുനില്‍ക്കാനുള്ള ജീനുകളുണ്ട്.

കട്ടക്കിലെ നെല്ല് ഗവേഷണകേന്ദ്രത്തിലെ ഇനങ്ങളുടെ ഒരു പകര്‍പ്പ് അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രത്തിന്(IRRI) കൈമാറിയത് വഴി അത് മുഴുവന്‍ നഷ്ടപ്പെട്ടു എന്നത് തീവ്ര ജൈവവാദികളുടെ സ്ഥിരം വാദമാണ്. അങ്ങിനെ ഒരു പകര്‍പ്പ് കൈമാറിയതുവഴി നമുക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഇനങ്ങള്‍ മുഴുവന്‍ പുതിയ ജനുസ്സുകളുണ്ടാക്കുവാന്‍ വേണ്ടി നമുക്കും തുറന്ന് കിട്ടുകയാണുണ്ടായത്. ലോകത്തെങ്ങുമുള്ള നെല്ല് ബ്രീഡര്‍മാര്‍ക്ക് ഈ ഇനങ്ങള്‍ ലഭ്യമാണ്. കൃഷിയുടെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പരസ്പരം സഹകരിക്കുന്നു, വിവരം കൈമാറുന്നു. സങ്കുചിത ദേശീയവാദത്തിന് അവിടെ സ്ഥാനമില്ല.

വിയറ്റ്‌നാം അവരുടെ ഇനങ്ങള്‍ ഇങ്ങനെ IRRI-ക്ക് സംഭാവന ചെയ്തിരുന്നു. അമേരിക്കയുമായുള്ള യുദ്ധത്തില്‍ ഏജന്റ് ഓറഞ്ച് തളിച്ചപ്പോള്‍ അവരുടെ നെല്‍കൃഷി നശിച്ചു. പിന്നീട് IRRI-ല്‍ നിന്നും വിത്തുകളുടെ പകര്‍പ്പ് വാങ്ങിയാണ് വിയറ്റ്‌നാമില്‍ നെല്‍കൃഷി ശരിയാക്കിയെടുത്തത്. ജനിതകസമ്പത്ത് വിദ്യ പോലെയാണ്; കൊടുക്കുന്തോറും വര്‍ദ്ധിക്കും. ഹരിതവിപ്ലവകാലത്ത് ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി പുതിയ അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ ഒരുപാട് നാടന്‍ ജനുസ്സുകള്‍ അന്യം നിന്നുപോയി എന്നത് സത്യമാണ്. ഇത് നേരിടാനാണ് നാടന്‍ ഇനങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് ശേഖരിച്ച് ജനിതകശേഖരത്തിന്റെ നാഷണല്‍ ബ്യൂറോയില്‍ (National Bureau of plant Genetic Resources NBPGR) രാജ്യത്തുള്ള 12 കേന്ദ്രങ്ങളിലായി സംരക്ഷിക്കുന്നത്. ഇവിടെ ശേഖരിക്കപ്പെട്ട ഇനങ്ങളുടെ വിത്തുകള്‍ മൈനസ് 18 ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; അവ കൃഷി ചെയ്ത് തത്സംബന്ധമായ വിവരങ്ങളും സമാഹരിച്ച് സൂക്ഷിച്ചുവച്ചിട്ടുണ്ട്.

രാജ്യത്തെ പ്ലാന്റ്ബ്രീഡര്‍മാര്‍ക്കും കൃഷിക്കാര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിച്ച് താല്പര്യമുള്ള ഇനങ്ങള്‍ പുതിയ ഇനങ്ങളുണ്ടാക്കാനായി ആവശ്യപ്പെടാം. അവ കൊടുക്കുന്നതുമാണ്. 1977- ലാണ് NBPGR ആരംഭിച്ചത്. നോര്‍വേയിലെ മഞ്ഞുമല തുരന്ന് നിര്‍മിച്ചിട്ടുള്ള അന്താരാഷ്ട്ര ജീന്‍ ബാങ്കിലും നമ്മുടെ ജനിതകശേഖരത്തിന്റെ ഒരു കോപ്പി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇത് കൂടാതെ കാര്‍ഷിക സര്‍വ്വകലാശാലകളുടെയും ഭാരതീയ കാര്‍ഷിക ഗവേഷണകൗണ്‍സി ലിന്റേയും കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും വിവിധ വിളകളുടെ ഇനങ്ങള്‍ സംരക്ഷിക്കുന്നുണ്ട്; നിരന്തരമായി ശേഖരിക്കുന്നുമുണ്ട്. ഇപ്പോള്‍ NBPGR-ല്‍ 1554 വിളകളുടെ 3.89 ലക്ഷം ഇനങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ഇവ കൂടാതെ വിവിധയിനങ്ങളിലായി 28735 ഇനം വിദേശ ഇനങ്ങളും ശേഖരിച്ചിട്ടുണ്ട്. വിളകള്‍ യഥാര്‍ത്ഥത്തില്‍ കൃഷിയിടങ്ങളില്‍ത്തന്നെ നിരന്തരമായി സംരക്ഷിക്കപ്പെടേണ്ടതാണ്(in situ conservation). എങ്കിലേ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അവയ്ക്ക് മാറ്റംവരൂ. പക്ഷെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കീടരോഗ പ്രതിരോധശേഷിയുള്ളതുമായ ഇനങ്ങള്‍ വ്യാപകമായി കൃഷിചെയ്യാന്‍ നാം നിര്‍ബന്ധിതരാകുന്നുണ്ട്. കൃഷിക്ക് ഉപയോഗിക്കുന്നതും അല്ലാത്തതുമായ ഇനങ്ങളുടെ വിത്തുകള്‍ സൂക്ഷിച്ചുവെക്കുക വഴി മാത്രമേ അവ ഭാവിയിലേക്ക് നമുക്ക് ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ.

ജനിതകശേഖരങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഉടമ്പടികള്‍ നിലവിലുണ്ട്. ജൈവകൃഷി പ്രചാരകര്‍ പറയുന്നതുപോലെ സങ്കുചിത ദേശീയ താല്‍പര്യങ്ങളൊന്നും അതിലില്ല.