ജാതി-മത-വര്‍ഗ്ഗ-ലിംഗ വ്യത്യാസങ്ങള്‍ അനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം ബാധകമാകുന്ന രീതിയിലാണ് ഇന്ത്യയില്‍ വ്യക്തിനിയമ വ്യവസ്ഥ അഥവാ സിവില്‍കോഡ് നിലകൊള്ളുന്നത്. അതായത്, വിവിധ വിഭാഗങ്ങള്‍ക്ക് ഭിന്ന നിയമങ്ങള്‍. ഇത് പരിഷ്‌ക്കരിച്ച് എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരുപോലെ ബാധകമായ ഒരു പൊതു വ്യക്തിനിയമവ്യവസ്ഥ വേണം(Uniform Civil Code) എന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. വിവാഹം, വിവാഹമോചനം, ജീവനാംശം, പരമ്പരാഗത സ്വത്തിന്റെ കൈമാറ്റം, ദത്ത് എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിയമസംഹിത കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളില്‍ (ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ) ആണ്. ആര്‍ട്ടിക്കിള്‍ 44 അനുസരിച്ച് രാജ്യമെമ്പാടും ബാധകമായ ഒരു പൊതു സിവില്‍കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മികമായ ബാധ്യതയാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടത്തിന് നിയമപരമായ ബാധ്യത ഇല്ലെങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്കായി അവശ്യം അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളായാണ് ഐറിഷ് ഭരണഘടനയില്‍ നിന്നും കടംകൊണ്ട ഈ നിര്‍ദ്ദേശതത്ത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1955-56 ലെ ഹിന്ദുകോഡ് ബില്ലിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ വ്യക്തി നിയമങ്ങള്‍ ഏറെക്കുറെ ഏകീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അവിടെയും പരിഷ്‌ക്കരണം ബാക്കിയാണ്. ക്രൈസ്തവരുടെ കാര്യത്തിലും സ്വത്ത്‌കൈമാറ്റം സംബന്ധിച്ച് മേരി റോയ് കേസിന് ശേഷം ആശാവഹമായ പരിഷ്‌ക്കരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സെമറ്റിക് മതങ്ങള്‍ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുന്നതിനോട് പൊതുവെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് കാണാം. അവരില്‍ തന്നെ ഇസ്ലാമിന്റെ ഭാഗത്തുനിന്നുള്ള എതിര്‍പ്പാണ് രൂക്ഷം. ഇസ്ലാമിക പിന്തുടര്‍ച്ചാവകാശം അനുസരിച്ച് സ്ത്രീക്ക് പുരുഷന്റെ പകുതി അവകാശങ്ങളേയുള്ളൂ! പുരുഷന് കുടുംബംനോക്കേണ്ട ചുമതലയുള്ളത് കൊണ്ടാണ് ഇരട്ടി സ്വത്ത് കൊടുക്കുന്നതെന്ന ചപലവാദം ഉന്നയിക്കുന്നുണ്ടെങ്കിലും മറ്റ് അടുത്ത ബന്ധുക്കളുടെ അഭാവത്തില്‍ മകന്റെ മകന് സ്വത്തവകാശം ലഭിക്കുമെങ്കില്‍ മകളുടെ മകള്‍ക്ക് സ്വത്തവകാശമില്ല! മകന്റെ മകനും മകളുടെ മകനും പുരുഷന്‍ തന്നെയാണെങ്കിലും അവകാശം സ്ത്രീ വഴി വന്നതാണ് ഇവിടെ ഒരാള്‍ക്ക് സ്വത്തവകാശം നഷ്ടപെടാന്‍ കാരണം. സ്ത്രീക്ക് പുരുഷന്‍മാരുടെ അഭാവത്തില്‍ മാത്രമേ സാക്ഷി പറയാനുള്ള അവകാശമുള്ളൂ. അത്തരം അവസരങ്ങളില്‍ ഒരു പുരുഷ സാക്ഷിയുടെ സ്ഥാനത്ത് രണ്ട് സ്ത്രീ സാക്ഷികള്‍ വേണം. അതായത്, സ്ത്രീ സമം അരപുരുഷന്‍!

നാലു സ്ത്രീകളെ വിവാഹംചെയ്യാനും തോന്നുമ്പോള്‍ ഒഴിവാക്കാനുമുള്ള സവിശേഷ അധികാരമാണ് ഇസ്ലാമിലെ ശരി അത്ത് വ്യക്തിനിയമം മുസ്ലിം പുരുഷന് നല്‍കുന്നത്. ഭാര്യയെ ഒഴിവാക്കാന്‍ യാതൊരു വിശദീകരണവും നല്‍കേണ്ടതില്ല. ഒഴിവാക്കപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്ത് വിഹിതം ലഭിക്കില്ലെന്ന് മാത്രമല്ല അവള്‍ പരമാവധി മൂന്ന് മാസത്തിനപ്പുറം ജീവനാംശത്തിനും അര്‍ഹയല്ല. ഏകീകൃത സിവില്‍കോഡ് ഇത്തരം നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഒന്നാണ്. അത് വിശ്വാസപരവും ആചാരവപരവു മതാനുഷ്ഠാനങ്ങളെ സ്പര്‍ശിക്കുന്നില്ലെങ്കിലും സ്ത്രീ സമം അരപുരുഷന്‍ എന്ന മതസാഹിത്യസമവാക്യം റദ്ദാക്കാന്‍ ഉദ്യമിക്കുന്നുണ്ട്. പിന്നെങ്ങനെ ഇസ്ലാമിക പുരുഷനേതൃത്വം പൊതുസിവില്‍ കോഡിനെ എതിര്‍ക്കാതിരിക്കും?!

df1985 ലെ ഷബാനു ബീഗം കേസാണ് ((Mohd. Ahmed Khan v. Shah Bano Begum (1985 SCR (3) 844) സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിച്ചത്. എം.മുള്ള എന്ന നിയമപണ്ഡിതന്‍ രചിച്ച മുഹമ്മദന്‍ നിയമതത്വങ്ങള്‍ (Principles of Mahomedan law by Sir Dinshah Fardunji Mulla/1868-1934) എന്ന നിയമസംഹിതയേയും ഇസ്ലാമിക മതസാഹിത്യത്തെയും(കുര്‍-ആന്‍, ഹദീസുകള്‍) ആധാരമാക്കി ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിലവില്‍ വന്ന(1937) മുസ്ലിം ശരി അത്ത് നിയമത്തിലെ വിവാഹമോചനം സംബന്ധിച്ച സങ്കല്‍പ്പമാണ് ഈ കേസില്‍ വിചാരണ ചെയ്യപ്പെട്ടത്.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ നിവാസിയായിരുന്ന ഷാ ബാനുവിനെ (62) ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ 1978 ല്‍ തലാക്ക് ചൊല്ലുമ്പോള്‍ അവര്‍ അഞ്ചു കുട്ടികളുടെ മാതാവായിരുന്നു. 1932 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് 14 വര്‍ഷം കഴിഞ്ഞപ്പോള്‍ സമ്പന്നനായ ഈ അഭിഭാഷകന്‍ പ്രായംകുറഞ്ഞ മറ്റൊരു സ്ത്രീയെ കൂടി വിവാഹംചെയ്തു. ഇരു ഭാര്യമാരും അഹമ്മദ് ഖാനും 32 വര്‍ഷം ഒരുമിച്ച് താമസിച്ചു. 1978 ല്‍ 62 വയസ്സ് പ്രായമുള്ള ഷാബാനുവിനെയും അഞ്ച് കുട്ടികളെയും ഖാന്‍ വീട്ടില്‍ നിന്നും പുറത്താക്കി. 200 രൂപ പ്രതിമാസം സഹായംചെയ്യാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വേര്‍പിരിയല്‍ എന്നു പറയപ്പെടുന്നു. എന്നാല്‍ പിന്നീട്, ഷാബാനുവിനും കുട്ടികള്‍ക്കും സ്വന്തംനിലയില്‍ വരുമാനം ഉണ്ടെന്ന് ആരോപിച്ച് ഈ തുക നല്‍കുന്നത് അയാള്‍ അവസാനിപ്പിച്ചു.

തനിക്കും കുട്ടികള്‍ക്കും പ്രതിമാസം 500 രൂപ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാ ബാനു ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 125 പ്രകാരം ഭര്‍ത്താവിനെതിരെ ഇന്‍ഡോര്‍ പ്രാദേശികകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. രോഷാകുലനായ ഭര്‍ത്താവ് ഷാ ബാനുവിനെ മൂന്ന് തലാക്ക് ചൊല്ലി ഔദ്യോഗികമായി ഒഴിവാക്കി. പ്രതിമാസം 25 രൂപ വെച്ച് ഷബാനുവിന് സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇന്‍ഡോര്‍ പ്രാദേശിക കോടതി കേസ് തീരുമാനമാക്കി. 1.7.80 ല്‍ ഷാബാനു വിധിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ജീവനാംശതുക 179 രൂപ 20 പൈസ ആയി വര്‍ദ്ധിപ്പിച്ച് കൊണ്ട് ഉത്തരവായി. ഹൈക്കോടതി വിധിയില്‍ അസംതൃപ്തനായ ഖാന്‍ കുര്‍-ആനിക നിയമപ്രകാരവും ഇസ്ലമിക ശരി-അത്ത് പ്രകാരവും മൊഴിചൊല്ലപ്പെട്ട ഭാര്യക്ക് മൂന്ന് മാസത്തിനപ്പുറം ജീവനാംശം കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചു.

7 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1985 ല്‍ സുപ്രീംകോടതി സി.ആര്‍.പി.സി 125 പ്രകാരം വിധി പ്രസ്താവിച്ചു-വിവാഹമോചിതയായ, പാരശ്രയമില്ലാതെ ജീവിക്കാനാവാത്ത, രാജ്യത്തെ ഏതൊരു സ്ത്രീക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട്. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാശം കൊടുക്കാന്‍ കുര്‍-ആന്റെ സമ്മതിയുണ്ടെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ഇത്തരം തര്‍ക്കങ്ങളെ അപ്പടി റദ്ദാക്കുമായിരുന്ന ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള യൂണിഫോം സിവില്‍കോഡ് രാജ്യത്ത് ഇനിയും നടപ്പാക്കപ്പെടാത്തതില്‍ പരിതപിച്ചു. രാജ്യത്തെ പൊതുനിയമത്തിന്റെ ആനുകൂല്യം ലഭിച്ച ഷാ ബാനു പോരാട്ട നായികയായി. എന്നാല്‍ യഥാസ്ഥിതിക മുസ്ലിം നേതൃത്വം വിധിക്കെതിരെ ശക്തമായി നിലകൊണ്ടു. ഇസ്ലാമിക വ്യക്തിനിയമത്തിന് മുകളിലുള്ള കടന്നുകയറ്റമായി അവരതിനെ ചിത്രീകരിച്ചു. സുന്നി നേതാവായ ഒബൈദുള്ള ഖാന്‍ അസ്മിയും (Obaidullah Khan Azmi) മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായിരുന്നു (All India Muslim Personal Law Board) പ്രതിഷേധത്തിന്റെ മുന്‍നിരയില്‍. അവര്‍ മതവിശ്വാസകളെ തെരുവിലിറക്കി. കേരളത്തില്‍ ഷാ ബാനുവിന് അനുകൂല നിലപാട് എടുത്ത ഇം.എം.എസ് അടക്കമുള്ള നേതാക്കള്‍ മതമൗലികവാദികളുടെ ഭര്‍ത്സനം ഏറ്റുവാങ്ങി. അതേസമയം, ഓള്‍ ഇന്ത്യ ഷിയ വ്യക്തിനിയമ ബോര്‍ഡ് (All India Shia Personal Law Board) പോലുള്ള മുസ്ലിം സംഘടനകള്‍ കോടതി നിലപാടിനെ പിന്തുണയ്ക്കുകയുണ്ടായി. ഷിയകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായതിനാല്‍ അതൊന്നും ആത്യന്തികഫലത്തെ സ്വാധീനിച്ചില്ല.

രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് ആകമാനം ഗുണകരമായിരുന്ന പ്രസ്തുത വിധി മുസ്ലിംയാഥാസ്ഥികരുടെ പ്രതിഷേധംകണ്ട് വിരണ്ടുപോയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ അട്ടിമറിച്ചു. മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ വിഴുങ്ങുമെന്നായിരുന്നു രാജീവിന്റെ ആശങ്ക. പാര്‍ലമന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രിംകോടതി വിധി ദുര്‍ബലപ്പെടുത്തിക്കൊണ്ട് മുസ്ലിം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്ലിം വിവാഹമോചന നിയമം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പാസ്സാക്കി.

രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വിവാഹമോചനനിയമം അനുസരിച്ച് വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീക്ക് മൂന്ന് ആര്‍ത്തവകാലത്തേക്ക് മാത്രമേ മൊഴി ചൊല്ലിയ മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാശം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. കുര്‍-ആന്‍ പ്രകാരമുള്ള ഇദ്ദ (iddat) അനുഷ്ഠിക്കേണ്ട കാലഘട്ടമാണിത്. 90 ദിവസം ആയാണ് ഈ കാലാവധി ബില്ലില്‍ നിജപ്പെടുത്തിയിട്ടുള്ളത്. ഈ കാലഘട്ടം കഴിയുന്നതോടെ മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് വേറെ വിവാഹം ചെയ്യാമെന്നതിനാലാണ് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അര്‍ഹതയില്ലാത്തത്. പുനര്‍വിവാഹം നടന്നാലും ഇല്ലെങ്കിലും അതാണവസ്ഥ! Muslim Women (Protection of Rights on Divorce) Act, 1986 എന്ന പ്രസ്തുത നിയമത്തിന്റെ സഹായത്തോടെ ഖാന്‍ ആത്യന്തികവിജയം നേടി, ഷാ ബാനു അപമാനിതയായി.

ദരിദ്രരായ മുസ്ലിം സ്ത്രീകളുടെ ജീവിതം അടിമതുല്യമാക്കുന്ന ഈ നിയമത്തിനാണ് കോടതി എതിരഭിപ്രായം പറഞ്ഞിട്ടും ജനകീയ സര്‍ക്കാര്‍ കയ്യടിച്ചത് ഒരു വൃദ്ധവനിതയുടെ ഇതിഹാസതുല്യമായ നിയമപോരാട്ടവിജയത്തെ അവഹേളിക്കുന്നതായി. മറ്റ് മതസ്ഥര്‍ക്ക് ലഭ്യമായ പൗരാവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്കും ലഭ്യമാകണമെന്ന് സ്വപ്നംകണ്ട നെഹ്‌റുവിന്റെയും അബേദ്ക്കറിന്റെയും ദര്‍ശനങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള കനകാവസരമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കയ്യൊഴിഞ്ഞത്. കോടതിയെ കൂടി ചെറുതാക്കി ഇത്രകടുത്ത മനുഷ്യാവകാശലംഘനം നടത്തിയിട്ടും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസ്സിനെ കയ്യൊഴികുകയായിരുന്നു.

ഇന്ത്യയില്‍ നിലവിലുള്ള ഇസ്ലാമിക ശരി അത്ത് നിയമപ്രകാരം മൊഴിചൊല്ലിയ ഭര്‍ത്താവിന് തന്നെ പുനര്‍വിവാഹം ചെയ്യണമെന്നുണ്ടെങ്കില്‍ വിവാഹിതമോചിതയായ ഭാര്യ മറ്റോരാളെ വിവാഹംചെയ്ത് അയാളുമായി ലൈംഗികജീവിതം നയിക്കണം. ശേഷം അയാളില്‍ നിന്നും വിവാഹമോചനം നേടി ഇദ്ദകാലഘട്ടം പൂര്‍ത്തിയാക്കണം. അതിനു ശേഷം മാത്രമേ മുന്‍ഭര്‍ത്താവിനെ പുനര്‍വിവാഹംചെയ്യാനാവൂ! പൊതുവെ മതകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവമില്ലാതെ കൈകഴുകി കോടതിയിലേക്ക് വിട്ട് തടി തപ്പുകയാണ് പൊതുവെ ഇന്ത്യയില്‍ രാഷ്ട്രീയകക്ഷികള്‍ അനുവര്‍ത്തിക്കുന്ന നയം. എന്നാല്‍ കോടതി കൃത്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ മതത്തോട് ഒപ്പം നിന്ന് കോടതിയെ പരിഹസിക്കാനാണ് അന്നത്തെ ഭരണനേതൃത്വം ശ്രമിച്ചത്. എങ്കിലും സുപ്രീംകോടതി തുടര്‍ന്ന് വന്ന ചില കേസുകളിലും (Daniel Latifi case and Shamima Farooqui versus Shahid Khan case) സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു.

uniform-civil-codeഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നാല്‍ സ്ത്രീവിരുദ്ധവും നീതിരഹിതവുമായ പ്രാകൃത വ്യക്തിനിയമങ്ങള്‍ നിര്‍മ്മിക്കാന്‍ മതപ്രീണനം നടത്തി അതിജീവിക്കുന്നവര്‍ക്ക് പോലും സാധിക്കില്ലെന്ന തിരിച്ചറിവ് മൂലമാണ് ഇരകളായ സ്ത്രീകളെ തന്നെ മുന്‍പില്‍ നിര്‍ത്തി തന്റെ താല്പര്യ സംരക്ഷണം ഉറപ്പ് വരുത്താന്‍ മുസ്ലിം പുരുഷന്‍ ജീവന്‍ കളഞ്ഞ് പോരാടുന്നത്. ഫോണിലൂടെ ഒറ്റയടിക്ക് മുത്തലാക്ക് ചൊല്ലി തന്നെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് ബീഹാറുകാരിയായ ഇസ്രത് ജഹാന്‍ എന്ന സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ആര്‍ട്ടിക്കിള്‍ 14 ല്‍ വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിനും തുല്യനീതിക്കും വിരുദ്ധമാണ് ഭര്‍ത്താവിന്റെ നടപടിയെന്നായിരുന്നു അവരുടെ വാദം.

ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന അന്തസ്സാര്‍ന്ന ജീവിതത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണ് തനിക്കെതിരെയുള്ള മുത്തലാക്കും നിലവിലുള്ള മുസ്ലിം ശരി അത്ത് നിയമവും (Section 2 of the Muslim Personal Law (Shariat) Application Act, 1937) എന്നവര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിനോടും വനിതാ കമ്മീഷനോടും അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുവാനുള്ള അഭിപ്രായ രൂപീകരണംനടത്താന്‍ നിയമ കമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 10 ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കുവാന്‍ 16 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി നിയമ കമ്മീഷന്‍ പുറപ്പെടുവിച്ചു.

ഇതേത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തെമ്പാടും സിവില്‍ കോഡിനെപ്പറ്റിയും അതിന്റെ സാധ്യതയെയും ആവശ്യകതയെയുംപ്പറ്റി വിവിധ തലങ്ങളില്‍ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. നിയമകമ്മീഷന്റെ ചോദ്യാവലി ബഹിഷ്‌ക്കരിക്കുന്നതായി രാജ്യത്തെ പ്രമുഖ മുസ്ലീം സംഘടനകളെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡും കേരളത്തിലെ മുസ്ലീം ലീഗുമെല്ലാം ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ശരിഅത്ത് നിയമങ്ങള്‍ ദൈവ നിയമങ്ങളാണെന്നും അവ പരിഷ്‌ക്കരിക്കാനാനാവില്ലെന്നുമാണ് ഇവരുടെ വാദം. സ്ത്രീ സമം അര പുരുഷന്‍ എന്ന ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാറ്റാനാവില്ല! ഹിന്ദു കോഡിന്റെ പരിഷ്‌ക്കരിച്ച രൂപമായിരിക്കും ഏകീകൃത സിവില്‍ കോഡ് എന്ന വാദയമുയര്‍ത്ത് മുസ്ലീം സമൂഹത്തെ വൈകാരികമായി ഇളക്കിവിടാനും ചില മുസ്ലിം സംഘടനകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം, 27 മുതല്‍ 30 വരെയുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ എന്നിവയൊക്കെ ചൂണ്ടിക്കാട്ടി സ്ത്രീവിരുദ്ധവും നീതിരഹിതവുമായ പ്രാകൃത മതസങ്കല്‍പ്പങ്ങള്‍ ന്യായീകരിക്കാനാണ് മുസ്ലിം സംഘടനകള്‍ പൊതുവെ ശ്രമിച്ചുകാണുന്നത്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഹമുറാബി സമവാക്യത്തില്‍ അധിഷ്ഠിതമായ ഇസ്ലാമിക ശരി അത്ത് ക്രിമിനല്‍ നിയമം ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന് മതം അനുസരിച്ച് ജീവിക്കണമെന്ന് നിര്‍ബന്ധമുള്ള മുസ്ലിം യാഥാസ്ഥികര്‍ക്ക് നിര്‍ബന്ധമില്ല! കൈവെട്ടും തലവെട്ടും ഉള്‍പ്പെടുന്ന ശരി അത്ത് ക്രിമിനല്‍നിയമം സന്തോഷപൂര്‍വം കയ്യൊഴിയുന്നവര്‍ തന്നെ പുരുഷന് സുഖകരമായ സവിശേഷാധികാരങ്ങള്‍ സമ്മാനിക്കുന്ന സിവില്‍ നിയമങ്ങളെ ചക്കരയായി കാണുന്നു! ശരി അത്ത് ക്രിമിനല്‍നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയാല്‍ അത് ഏറ്റവുമധികം മോശമായി ബാധിക്കുന്നത് മുസ്ലിം പുരുഷനെ ആയിരിക്കും, ശരി അത്ത് സിവില്‍ നിയമം എടുത്ത് മാറ്റിയാലും നഷ്ടം അവനുതന്നെ. സ്വാഭാവികമായും രണ്ടിനും അവന് താല്പര്യമില്ല. മത സ്വാതന്ത്ര്യത്തിനും ആചാരാനുഷ്ഠാനങ്ങളുടെ സത്വബോധത്തിനും പരിക്കേല്‍ക്കുമെന്ന പരിദേവനങ്ങളൊക്കെ ഈ തിരിച്ചറിവില്‍ നിന്ന് ഉയരുന്നവയാണ്.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം, രക്ഷകര്‍ത്തൃത്വം, സ്ത്രീധനം, വഖഫ് തുടങ്ങിയ കാര്യങ്ങളില്‍ ഇസ്ലാമികനിയമങ്ങള്‍ സ്ത്രീവിരുദ്ധണാണെന്ന് കണ്ടുപിടിക്കാന്‍ ഇലക്‌ട്രോണ്‍ മൈക്രോസ്‌ക്കോപ്പിന്റെ ആവശ്യമൊന്നുമില്ല. പുരോഗമന ചിന്താഗതിക്കാരായ മുസ്ലീങ്ങളും മുസ്ലിം സംഘടനകളും ഇതംഗീകരിക്കുന്നുണ്ട്. മാറ്റം വരണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. ഒറ്റയടിക്കുള്ള മുത്തലാക്ക് കുര്‍-ആനില്‍ പറയുന്നില്ലെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്‍ അടക്കം പന്ത്രണ്ടിലധികം മുസ്ലിംരാജ്യങ്ങളില്‍ ഒരുമിച്ച് മൂന്ന് തലാക്ക് ചൊല്ലുന്ന രീതി നിലവിലില്ല. ഒരു തലാക്ക് ചൊല്ലിയതിനുശേഷം മൂന്നു മാസം ഇടവേളയെങ്കിലും ഖുറാനില്‍ പറയുന്നുണ്ട്, ഭാര്യയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ തലാക്ക് ചൊല്ലുവാന്‍ പാടുള്ളൂ, ആദ്യത്തെ തലാക്കിന് ശേഷം ഭാര്യയെയും ഭര്‍ത്താവിനെയും അവരുടെ ഓരോ പ്രതിനിധികളെയും ഉള്‍പ്പെടുത്തി തര്‍ക്ക വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം, മതിയായ കാരണങ്ങളില്ലാതെയും വികാരത്തിന് അടിപ്പെട്ടും തലാക്ക് ചൊല്ലരുത്, പുരുഷന്മാര്‍ക്ക് തലാക്ക് അനുവദിച്ചിട്ടുള്ളതുപോലെ സ്ത്രീകള്‍ക്കും ഖുല എന്ന മൊഴിചൊല്ലല്‍ അവകാശം കുര്‍-ആന്‍ നല്‍കിയിട്ടുണ്ട്…. ഇങ്ങനെപോകുന്നു പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവരുടെ വാദങ്ങള്‍.

മുസ്ലീം സമുദായത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പരിഷ്‌കരണം നടത്തണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. ശരി അത്ത് അപ്പാടെ അട്ടിമറിച്ച് പൊതു സിവില്‍കോഡ് കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും ഇവര്‍ വാദിക്കും. സത്യത്തില്‍ പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവരുടെ വാദങ്ങളും മതയാഥാസ്ഥികരുടെ വാദങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും പരിഷ്‌ക്കരണത്തിനെതിരെ തങ്ങളുടേതായ രീതിയില്‍ പ്രതിരോധംതീര്‍ക്കുകയാണ്. മൂന്നുപ്രാവശ്യം ഒരുമിച്ച് തലാക്ക് ചൊല്ലുന്നതാണ് പ്രശ്‌നം എന്ന വാദത്തില്‍ കഴമ്പില്ല. മൂന്ന് തവണയോ അഞ്ച് തവണയോ എന്നതല്ല മറിച്ച് തലാക്ക് തന്നെയാണ് പ്രശ്‌നം. ഒന്നുരണ്ടു വാക്കുകള്‍ കുറച്ച് പറയുന്നതുകൊണ്ടോ ഇടവേളകളകള്‍ കഴിഞ്ഞു പറയുന്നതുകൊണ്ടോ സ്ത്രീകള്‍ക്കെതിരെയുള്ള നീതിനിഷേധത്തിന് പരിഹാരമാകുന്നില്ല.

തലാക്ക് ചൊല്ലാന്‍ മുസ്ലിം പുരുഷനുള്ള ചോദ്യംചെയ്യപ്പെടാനാവാത്ത പരമാധികാരമാണ് വിഷയം. അവനതിന് ആരോടും കാരണം ബോധിപ്പിക്കേണ്ടതില്ല. ഇതു സംബന്ധിച്ച ഇടനില ചര്‍ച്ചകളും മറ്റും മറ്റും സ്ത്രീയുടെ പീഡനം വര്‍ദ്ധിപ്പിക്കുമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ലെന്ന് സാരം. മുത്തലാക്കിന്റെ ആഘാതത്തിന് പകരം മാസങ്ങളും വര്‍ഷങ്ങളും നീളുന്ന നീറുന്ന വേദന ഒരുപക്ഷെ മുസ്ലിം സ്ത്രീക്ക് സമ്മാനമായി കിട്ടിയേക്കാം. പെട്ടെന്നുള്ള അന്ധമായ വൈകാരികവിക്ഷോഭത്തിനും കോപത്തിനും അടിപ്പെട്ട് മുത്താലാക്ക് ചൊല്ലുന്ന കേസുകളില്‍ മാത്രമാണ് പല ഘട്ടങ്ങളിലെ തലാക്ക് ഗുണപരമായ മാറ്റം കൊണ്ടുവരാനിടയുള്ളത്. ഭാര്യയെ ഉപേക്ഷിക്കണമെന്ന് മനസ്സില്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഇടനില ചര്‍ച്ചകള്‍ വിശേഷിച്ച് മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല, അയാള്‍ക്കതിന് ആരോടും കാരണം ബോധിപ്പിക്കേണ്ട കാര്യവുമില്ല. അയാളുടെ തീരുമാനത്തെ തടയാനും ആര്‍ക്കും അധികാരമില്ല!

509937-muslim-law-board-ptiപുരുഷന് സ്വത്തിന് മേലുള്ള സവിശേഷ അധികാരങ്ങളും കാരണമില്ലാതെ ഭാര്യയെ ഉപേക്ഷിക്കാനുള്ള അന്യായമായ അധികാരവുമാണ് നീക്കംചെയ്യേണ്ടത്. സ്വത്തുള്ള ഭാര്യയെ പുറത്തെറിയാന്‍ ഏതൊരു പുരുഷനും ഒന്നറയ്ക്കും. സ്വത്ത് ഉണ്ടെങ്കില്‍ പുതിയൊരു ജീവിതം കണ്ടെത്താന്‍ ഭാര്യയ്ക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാവണം സാമ്പത്തിക സമത്വം സ്ത്രീകള്‍ക്ക് നല്‍കാതിരിക്കാന്‍ ഇസ്ലാം പ്രത്യേകം ശ്രദ്ധിക്കുന്നു! ഭാര്യയ്ക്കും മൊഴി ചൊല്ലാം എന്ന വാദം സമീകരണം സൃഷ്ടിക്കാനായി പറഞ്ഞുവെക്കുന്ന ഒന്നാണ്. പരിമിതമായ സാമ്പത്തിക അധികാരംമാത്രമുള്ള പരാശ്രയജീവിയായ ഭാര്യക്ക് വിവാഹമോചനം ഒരിക്കലും എളുപ്പമുള്ള തീരുമാനമല്ല-ആഗ്രഹമുണ്ടെങ്കില്‍പ്പോലും. ഭര്‍ത്താവിന് ഭ്രാന്തോ മാറാരോഗമോ മറ്റോ ആണെന്ന് തെളിയിച്ചാല്‍ അപൂര്‍വമായി ഭാര്യയ്ക്ക് വിവാഹമോചനം കിട്ടിയേക്കാം. പക്ഷെ അതിനു മുതിരുന്നവരുടെ എണ്ണം തുലോം കുറവാണ്. ഭാര്യയുടെ അപഥസഞ്ചാരമോ വന്ധ്യതയോ ചൂണ്ടിക്കാട്ടി ഭര്‍ത്താവിന് മൊഴിചൊല്ലാം(എന്തെങ്കിലും കാരണം വേണമെന്ന് നിര്‍ബന്ധമില്ലെന്നത് വേറെ കാര്യം). എന്നാല്‍ സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ മുസ്ലിം ഭാര്യക്ക് വിവാഹമോചനം ലഭിക്കില്ല!

ക്രിമിനല്‍ നിയമങ്ങള്‍ മാത്രമല്ല രാജ്യത്തെ 90% സിവില്‍ നിയമങ്ങളിലും എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. സ്ത്രീധന നിരോധനനിയമം(1961), ബാലവിവാഹനിരോധനം(2006), ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്റ്റ് (2015), സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് (1954) തുടങ്ങിയവയും രജിസ്ട്രേഷന്‍ ആക്റ്റ്, സിവില്‍ നടപടിക്രമം, സ്വത്ത് കൈമാറ്റ ആക്റ്റ്, ബാങ്കിംഗ് കമ്പനി ആക്റ്റ്, കോണ്‍ട്രാക്ട് നിയമം തുടങ്ങിയവയും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ജാതിമതഭേദമന്യേ പൊതുവായി ബാധകമാണ്.

മാത്രമല്ല, രാജ്യത്ത് സിവില്‍നിയമങ്ങളുടെ കാര്യത്തില്‍ പ്രാദേശിക വൈജാത്യവും പ്രകടമാണ്. ജമ്മു കാശ്മീരിലെ മുസ്ലിങ്ങള്‍ പിന്തുടരുന്ന വ്യക്തിഗതനിയമം ഉത്തര്‍പ്രദേശിലെ മുസ്ലിം അനുസരിക്കുന്ന സിവില്‍ നിയമത്തില്‍നിന്നും ഭിന്നമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ മരുമക്കത്തായം ഇപ്പോഴും നിലവിലുണ്ട്. ഹിന്ദുസിവില്‍കോഡിന്റെ കാര്യത്തിലും പ്രാദേശിക ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസ് കോളനി ആയിരുന്ന ഗോവയില്‍ 1910 മുതല്‍ ഏകീകൃത സിവില്‍കോഡ് നിലവിലുണ്ട്. 1867 ലെ പോര്‍ട്ടുഗീസ് സിവില്‍കോഡാണ് 1870 ല്‍ ഗോവയില്‍ നടപ്പിലാക്കിയ സിവില്‍കോഡിന് ആധാരം. രസകരമെന്ന് പറയട്ടെ, ഗോവയിലെ സിവില്‍കോഡ് അത്രകണ്ട് ഏകീകൃതമല്ല.

അവിടെ ഹിന്ദു പുരുഷന്മാര്‍ക്ക് ചില സവിശേഷ അധികാരങ്ങള്‍ ലഭ്യമാണ്. ഭാര്യ 25 വയസ്സിനുള്ളില്‍ സന്തോനോത്പാദനം നടത്തിയില്ലെങ്കില്‍, 30 വയസ്സിനുള്ളില്‍ ആണ്‍കുട്ടിയെ പ്രസവിച്ചില്ലെങ്കില്‍ ഭര്‍ത്താവിന് വേറെ വിവാഹംകഴിക്കാം എന്നതാണ് ആ നിയമം! രാജ്യത്ത് ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുമ്പോള്‍ ആദ്യംനീക്കംചെയ്യേണ്ട മാലിന്യമാണിത്. റോമന്‍ കത്തോലിക്കര്‍ക്ക് സിവില്‍ രജിസട്രാറില്‍ നിന്നും അനുമതി വാങ്ങി പളളിയില്‍വെച്ച് വിവാഹത്തിന് നിയമസാധുത നല്‍കാം. മറ്റ് മതസ്ഥര്‍ക്കൊന്നും ഈ അവകാശമില്ല. ഗോവയിലെ മുസ്ലിങ്ങള്‍ക്കാകട്ടെ, ബഹുഭാര്യത്വവും മുത്തലാക്കും അനുവദനീയമല്ല.

1954 വരെ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയിലും ഹിന്ദു കോഡ് പൊതുവായി ബാധകമാക്കിയിട്ടില്ല. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്ന വേളയില്‍ ഫ്രഞ്ച് വ്യക്തിനിയമാവലിയോ ഇന്ത്യന്‍ വ്യക്തിനിയമങ്ങളോ പിന്തുടരാനുള്ള വിവേചനാധികാരം പോണ്ടിച്ചേരിയിലെ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു. ഭര്‍ത്താവിന് ഇന്ത്യന്‍ നിയമവും ഭാര്യയ്ക്ക് ഫ്രഞ്ചുനിയമവുമാണ് താല്പര്യമെങ്കില്‍ കുഴയുമെന്ന് മാത്രം! വിവാഹം രജീസ്റ്റര്‍ ചെയ്ത നിയമപ്രകാരംതന്നെ വിവാഹമോചനവും നടത്തേണ്ടിവരും. വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ നാഗന്മാര്‍, മിസോറാം നിവാസികള്‍ എന്നിവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സവിശേഷ സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ വേണ്ടി നടത്തിയ വിട്ടുവീഴ്ചകളാണ് ഇവയില്‍ മിക്കവയും.

ക്രൈസ്തവരുടെ വ്യക്തിനിയമങ്ങള്‍ തമ്മിലും പ്രകടമായ പ്രാദേശികമായ വ്യതിയാനങ്ങളുണ്ട്. മിസോറാം, നാഗാലാന്റ്, മേഘാലയ, കേരളം, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പാഴ്സി വ്യക്തിനിയമവും അനന്തരാവകാശനിയമങ്ങളും മുസ്ലീങ്ങളോട് സാദൃശ്യം വഹിക്കുന്നുണ്ടെങ്കിലും ഏകീകൃത സിവില്‍കോഡിനെതിരെ തെരുവിലിറങ്ങാന്‍ അവര്‍ മുതിര്‍ന്ന് കാണാറില്ല. മതപരമായി ജീവിക്കണമെന്ന് നിര്‍ബന്ധമുണ്ട് എന്ന വാദമുയര്‍ത്തി ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ ക്രിമിനല്‍ നിയമങ്ങളില്‍ 100 ശതമാനവും സിവില്‍ നിയമങ്ങളില്‍ 90 ശതമാനവും ഇസ്ലാംബാഹ്യമായ മതേതര നിയമങ്ങളാണെന്ന വസ്തുത കണ്ടതായി നടിക്കുന്നില്ല. രാജ്യത്തിനുള്ളില്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ തങ്ങളുടെ സമുദായംതന്നെ പിന്തുടരുന്നതും അവര്‍ മറന്നുപോകുന്നു. ഇസ്ലാമിക നരകത്തില്‍ ചെന്നുവീഴാന്‍ മതിയായ ഈ കാരണങ്ങള്‍ എങ്ങനെയാണവര്‍ സഹിക്കുന്നത്?!

അപ്പോഴൊന്നുമില്ലാത്ത എന്തു പ്രശ്‌നമാണ് വിവാഹ-വിവാഹമോചന-സ്വത്തവകാശ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുമ്പോള്‍ തകര്‍ന്നുപോകുന്നത്? മതത്തെ ഒരു പരിചയായി നിറുത്തി 50 ശതമാനത്തിലധികം വരുന്ന മുസ്ലിംസ്ത്രീകളെ അടിച്ചമര്‍ത്തി നിയന്ത്രിച്ച് ഉപഭോഗവസ്തുപോലെ കൈമാറി കളിക്കാനുള്ള സവിശേഷ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ‘തെരുവ് നിറയ്ക്കലി’ലൂടെ മുസ്ലിം മതനേതൃത്വം നടത്തുന്നത്.

bharatiya-muslim-mahila-andolanഹമാസിനെയും ഹിസ്ബുള്ളയേയുംപോലെ സ്ത്രീകളെ തന്നെ മുന്നില്‍ നിറുത്തി അവര്‍ പടനയിക്കുന്നു, മതവികാരം കുത്തിയിളക്കുന്നു. ‘ലിംഗനീതി'(gender justice) ഉറപ്പാക്കുന്ന പരിഷ്‌ക്കരണം ശരി അത്തില്‍ വേണം അല്ലാതെ യൂണിഫോം സിവില്‍ കോഡല്ല തങ്ങള്‍ക്കാവശ്യം എന്നാണ് പ്രകടനം നടത്തുന്ന മുസ്ലിം സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കുന്നത്. കൂടെ കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള മുദ്രാവാക്യങ്ങളും നിരവധിയുണ്ടാകും. ഇസ്ലാമിക ശരി അത്ത് ലിംഗസമത്വവും അവസര-അധികാര സമത്വവും അംഗീകരിച്ചാല്‍ മുസ്ലിങ്ങള്‍ ഏകീകൃത സിവില്‍കോഡിന്റെ പരിധിയിലായി. അവിടെപ്പിന്നെ അവര്‍ ശരി അത്ത് തന്നെ പിന്തുടര്‍ന്നാലും വിഷയമില്ല. പക്ഷെ അത് ഇന്നുള്ള ശരി അത്ത് ആയിരിക്കില്ലെന്ന് മാത്രം!

ഏകീകൃത സിവില്‍കോഡ് എന്നാല്‍ എല്ലാ ജാതി-മതവിഭാഗങ്ങളുടെയും ഏറ്റവും മികച്ച നിയമങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഒന്നായിരിക്കണം. എല്ലാമതങ്ങളും കാലികമായ പരിഷ്‌ക്കരണത്തിന് വിധേയമാക്കപ്പെടണം. എല്ലാ മതങ്ങളുടെയും നല്ല നിയമങ്ങള്‍ ഏകീകൃതനിയമത്തില്‍ കൂട്ടിച്ചേര്‍ക്കാം. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല, മറിച്ച് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഹിന്ദുകോഡിലും കാലികമായ പരിഷ്‌ക്കരണം ആവശ്യമാണ്. പതിനാറാം വയസ്സില്‍ വിവാഹിതനായ ഒരു പ്രധാനമന്ത്രി മുന്‍കയ്യെടുത്ത് നടപ്പിലാക്കിയാലും സിവില്‍കോഡിന്റെ പ്രസക്തി ക്ക് മങ്ങലേല്‍ക്കുന്നില്ല.

സിവില്‍ കോഡ് ജാതി-മത-ലിംഗ ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും പൊതുനീതിയും ലിംഗസമത്വവും അവസരസമത്വവുമാണ് ലക്ഷ്യമിടുന്നത്. അതില്‍ ബി.ജെ.പി താല്പര്യം കാണിക്കുന്നു എന്നത് അതിനെതിരെ ഉന്നയിക്കാവുന്ന ഒരു വാദമല്ല. ഹിന്ദുകോഡ് എല്ലാ വിഭാഗങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഡശ്രമമാണിത് എന്നൊക്കെയുള്ള വാദം വികലമായ ഒഴിവുകഴിവ് മാത്രമാണ്. ബി.ജി.പി ക്ക് രണ്ട് എം.പി മാര്‍ മാത്രമുണ്ടായിരുന്ന കാലത്തും രാജ്യം ഇതിലും ഗൗരവത്തോടെ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ബി.ജെ.പി.യെ സംശയിച്ചോളൂ, സിവില്‍കോഡിനെ വെറുതെ വിടുക. അത് ബി.ജെ.പി യുടെയോ സംഘപരിവാറിന്റെയോ കര്‍സേവയല്ല. അതൊരു മനുഷ്യാവകാശ പത്രികയാണ്, രാജ്യത്തെ ഓരോ പൗരന്റേയും ഭരണഘടനാദത്തമായ അവകാശമാണ്. അന്നം ആരു തന്നാലും നിന്ദിക്കരുത്.