ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ഇടതു വശത്തെ സീറ്റിൽ ഇടമറുക്. അങ്ങനെയാണ് ഞങ്ങളുടെ യാത്ര. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ പലപ്പോഴും ഞങ്ങൾ ഒന്നിച്ചൊരു ലോങ്ങ് ഡ്രൈവിനു പോകും. മണിക്കൂറുകൾ നീളും അത്തരം യാത്രകൾ. ഡൽഹിയുടെ അതിർത്തി കടന്ന് ഹൈവേയിലൂടെ ഹരിയാനയിലോ ഉത്തർപ്രദേശിലോ ഒക്കെയാവും യാത്ര. വിശക്കുന്പോൾ ഏതെങ്കിലും ഡാബ (ഉത്തരേന്ത്യൻ തട്ടുകട)യിൽ നിന്ന് ചൂട് ചായയും സമോസയും ബജിയും കഴിക്കും. വീണ്ടും യാത്ര തുടരും. വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളിലും ഞങ്ങൾ എത്തിച്ചേർന്നത് അത്തരം യാത്രകൾക്കിടയിലാണ്. ഇക്കുറി മഥുര വരെയെത്തിയ ഒരു യാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു ഞങ്ങൾ.

“കാർ ഇവിടെയൊന്നു നിറുത്തി നമുക്ക് അല്പം നടന്നാലോ?” – ദര്യാഗഞ്ചിലെത്തിയപ്പോൾ ഇടമറുക് ചോദിച്ചു.

ദര്യാഗഞ്ചിൽ കാർ നിർത്തിയിട്ട് ശ്രദ്ധാനന്ദ് മാർഗിലേക്കാണ് ഞങ്ങൾ നടന്നത്. പകൽ ഇലക്ട്രിക് ഉല്പന്നങ്ങളുടെ വ്യാപാരം നടക്കുന്ന ഈ തെരുവിന് അപ്പുറമാണ് ഡെൽഹിയിലെ റെഡ് സ്ട്രീറ്റ്. രാത്രി ആയാൽ അതൊരു വ്യത്യസ്‌ത ലോകമാണ്.

ഡെൽഹിയിലേതുൾപ്പടെയുള്ള ചുവന്ന തെരുവുകളിലെ കോത്തികളിൽ കടന്നു ചെന്ന് അവിടെ ശരീരം വിൽക്കുന്ന സ്ത്രീകളുടെ ജീവിത പ്രശ്‍നങ്ങളിലേക്കു കണ്ണ് തുറക്കാൻ സഹായിക്കുന്ന ‘ചുവന്ന തെരുവുകൾ ചുവന്നതെങ്ങനെ?” എന്നൊരു പുസ്തകം പിന്നീട് ഇടമറുക് എഴുതിയിട്ടുമുണ്ട്.

ശ്രദ്ധാനന്ദ് മാർഗിലൂടെ നൂറോ നൂറ്റന്പതോ മീറ്റർ ഞങ്ങൾ നടന്നിരിക്കണം.

വീണ്ടും യാത്ര തുടരുന്നതിനു മുന്പ് ഇടമറുക് ചോദിച്ചു, “ഈ റോഡിൻറെ പേരിനു കാരണക്കാരനായ ശ്രദ്ധാനന്ദ് ആരാണെന്ന് അറിയാമോ? “

“‘മഹാത്മാ മുൻഷിറാം വിജ്’ എന്ന് അറിയപ്പെട്ടിരുന്ന ഒരു ആര്യസമാജ സന്യാസി ആയിരുന്നു എന്നറിയാം,” ഞാൻ പറഞ്ഞു.

ആര്യസമാജ സ്ഥാപകനായിരുന്ന സ്വാമി ദയാനന്ദ സരസ്വതിയാണ് ഖുർആനെപ്പറ്റി വിമർശനാത്മകമായ ചില വിലയിരുത്തലുകൾക്ക് തുടക്കം കുറിച്ചത്. ഹിന്ദുമതത്തിലെ വിഗ്രഹാരാധന ഉൾപ്പടെയുള്ള ഒട്ടനവധി ദുരാചാരങ്ങൾക്കെതിരെ വന്പൻ പ്രക്ഷോഭണം നടത്തിയ ദയാനന്ദ സരസ്വതിയുടെ ശിഷ്യനായിരുന്നു ശ്രദ്ധാനന്ദ് (1856-1926). ഖുർആനെ വിമർശിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പുസ്തകമെഴുതിയ ശ്രദ്ധാനന്ദിനെ ഞങ്ങൾ അപ്പോൾ നിന്നിരുന്ന തെരുവിനപ്പുറമുള്ള നയാബസാറിൽവെച്ച് ഒരു മുസ്ലിം തീവ്രവാദി വെടിവെച്ചു കൊല്ലുകയായിരുന്നു.
ശ്രദ്ധാനന്ദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1926 -ലെ ഗുവാഹത്തി സമ്മേളനത്തിൽ അവതരിപ്പിച്ചത് ഗാന്ധിജി ആണ്.

ഞാൻ ഇടമറുകിന്റെ കൈകളിൽ മുറുകെ പിടിച്ചു. കഴിഞ്ഞ മണിക്കൂറുകളിലെ ഞങ്ങളുടെ യാത്രയിലെ പ്രധാന ചർച്ച ‘ഖുർആൻ ഒരു വിമർശന പഠനം’എന്ന പുസ്തകം പ്രസിദ്ധീകരിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു. അന്നു രാവിലെയാണ് ആ പുസ്തകം അച്ചടിക്കാനായി പ്രസിലേക്കു പോയത്.

എല്ലാ സാധ്യതകളെക്കുറിച്ചും ഞങ്ങൾ വിലയിരുത്താൻ ശ്രമിച്ചു. കൊല്ലപ്പെടാം, പുസ്തകം നിരോധിക്കാം, അറസ്റ്റുണ്ടാകാം.

1982 -ലെ നവംബർ മാസമായിരുന്നു അത്. ഇന്ന് ഐസിസിനെക്കുറിച്ചു ലോകത്താകെയുള്ള ഭീഷണിയെക്കാൾ വലിയ വെല്ലുവിളിയാണ് അതിന് മൂന്നു വർഷം മുന്പ് നടന്ന ഇറാനിലെ ഇസ്ളാമിക വിപ്ലവം സ്വതന്ത്രചിന്തക്കും ആധുനിക നാഗരികതക്കും എതിരെ ഉയർത്തിയത്.

സൽമാൻ റുഷ്‌ദിയുടെ പ്രസിദ്ധമായ സാത്താനിക് വേഴ്‌സസ് എന്ന പുസ്‍തകം പ്രസിദ്ധീകരിക്കുന്നത് അതിനും എട്ടു വർഷങ്ങൾക്കു ശേഷം, 1988-ലാണ്.

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ പ്രതിരണനം ലോകത്തൊട്ടാകെ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ദേശങ്ങളിൽ മതമൗലികവാദത്തിന്റെ വേലിയേറ്റം ഉണർത്താൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ തെരുവുകളിൽ മാത്രമല്ല, ഹൈദരാബാദിലും ബങ്കളൂരുവിലും, മലപ്പുറത്തും കാസർകോഡുമൊക്കെ പർദ്ദാധാരികളുടെ എണ്ണം ക്രമേണ കൂടുവാൻ തുടങ്ങിയതും അക്കാലത്താണ്. വിമർശകർക്കെതിരെ കടുത്ത അസഹിഷ്ണുത പുലർത്തുന്ന ഇസ്ലാമിക രീതി അതിന്റെ എല്ലാ തീവ്രതകളോടെയും രൂപപ്പെടുകയായിരുന്നു ആ നാളുകളിൽ.

1979-ലാണ് ഡെൽഹിയിലെ റാഷണലിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനം ഞാൻ ഏറ്റെടുത്ത്. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ (JNU) റിസേർച് ഫെലോ ആണ് അപ്പോൾ ഞാൻ. ഹോസ്റ്റലിലാണ് ഔദ്യോഗികമായി താമസമെങ്കിലും യുക്തിവാദിസംഘത്തിന്റെ പ്രവർത്തന സിരാകേന്ദ്രമായിരുന്ന കരോൾബാഗിലെ ഞങ്ങളുടെ അന്നത്തെ വീട്ടിലാണ് അധിക സമയവും ഞാൻ ചെലവഴിച്ചിരുന്നത്. അവിടെ ഒരു ചെറിയ മുറി കേന്ദ്രീകരിച്ചാണ് ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് ഞാൻ ആരംഭിച്ചത്.

ഡെൽഹിയിലെ റാഷണലിസ്റ്റ് അസോസിയേഷന്റെ പരിപാടികളിലൊന്നായി ആഴ്ചതോറും വിവിധ കേന്ദ്രങ്ങളിൽ പഠന ക്ലാസുകൾ അക്കാലത്ത് ആരംഭിച്ചു. താരതമ്യ മതപഠനം (comparative religion), റേക്കി, പ്രാണിക് ഹീലിംഗ്, വാസ്‌തു, ഹോമിയോ തുടങ്ങിയ കപട ശാസ്ത്രങ്ങൾ, വൈരുദ്ധ്യാത്മക ഭൗതികവാദം ഉൾപ്പടെയുള്ള ഡോഗ്മാറ്റിക് സ്വഭാവമുള്ള സിദ്ധാന്തങ്ങൾ ഇവയൊക്കെ ഡെൽഹി റാഷണലിസ്റ്റ് അസോസിയേഷന്റെ പഠന പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. അക്കൂട്ടത്തിൽപ്പെട്ട പ്രധാന വിഷയങ്ങളായി വന്നവയിൽ ഖുർആൻ, വേദങ്ങൾ, ഭഗവദ്‌ഗീത, ബൈബിൾ, സിഖുകാരുടെ മതഗ്രന്ഥം ആയ ഗുരുഗ്രന്ഥാ സാഹിബ് തുടങ്ങിയവയെക്കുറിച്ചുള്ള പഠനം തുടങ്ങിയവ ആയിരുന്നു. ഖുർ ആനെക്കുറിച്ചു പഠിക്കാനും പഠന ക്ലാസുകൾ എടുക്കാനുമുള്ള ചുമതല ഇടമറുകിനായിരുന്നു. വേദങ്ങൾ, വൈരുദ്ധ്യാത്മക ഭൗതികവാദം തുടങ്ങിയവ എന്റെ ചുമതലയിലും.

ഖുർ ആനെക്കുറിച്ചെടുത്ത ക്ലാസ്സുകളിൽ മുസ്ലിം സമുദായത്തിൽനിന്നു വന്ന പുരോഗമനവാദികൾ എന്നറിയപ്പെട്ടിരുന്ന ചില ആളുകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മറ്റു മതങ്ങളെയൊക്കെ വിമർശിക്കാം, എന്നാൽ ഇസ്ലാമിനെ വിമർശിക്കുന്പോൾ എത്രത്തോളം അസഹിഷ്ണുത ഉണ്ടാവുമെന്ന് ആ ക്ലാസ്സുകളിൽ നിന്ന് മനസിലായി.

പഴയ ഡെൽഹിയിലെ ചൗരി ബസാറിലുള്ള നിരവധി ഇസ്ലാമിക ബുക്ക് സ്റ്റാളുകളിൽ ഞാനും ഇടമറുകും സ്ഥിരം സന്ദർശകരായിരുന്നു. ഓരോ യാത്രയിലും ഇസ്ലാമിനെ വിവിധ വശത്തുനിന്നു വീക്ഷിക്കുന്ന പുസ്‌തകങ്ങൾ വാങ്ങിച്ചുകൊണ്ടുവന്നു. ഖുർ ആന്റെ ഒരുപക്ഷെ ഏറ്റവും ആധികാരികമായ ഇംഗ്ലീഷ് പരിഭാഷ പശ്ചാത്യ പണ്ഡിതൻ ആയ മുഹമ്മദ് പിക്താളിന്റെതാണ്. മലയാളത്തിൽ അക്കാലത്ത് സി.എൻ. അഹമ്മദ് മൗലവിയുടെ ഖുർആൻ പരിഭാഷ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു എൻ.ബി.എസ്. വിതരണം ചെയ്‌തിരുന്നു. എന്നാൽ നബിചര്യകളുടെ രേഖപ്പെടുത്തലായ ഹദീസുകൾ മലയാളത്തിൽ മുഖ്യധാരാ പ്രസിദ്ധീകരണ രംഗത്ത്‌ ലഭ്യമായിരുന്നില്ല.

ആയിടക്കാണ് കേരളത്തിലെ കൊയിലാണ്ടിയിലെ ഒരു യുക്തിവാദി സമ്മേളനത്തിൽ പ്രസംഗിക്കുവാൻ ഇടമറുകിനെ അവിടുത്തെ പ്രാദേശിക യുക്തിവാദിസംഘം ക്ഷണിക്കുന്നത്. കൊല്ലത്തെ ഒരു പ്രമുഖ യുക്തിവാദിയായിരുന്ന അൽഫോൻസാണ് അതിനു വഴിയൊരുക്കിയത്.

ഖുർ ആൻ ഉൾപ്പടെയുള്ള വിഷയങ്ങളെക്കുറിച്ചു ഡെൽഹിയിൽ നടക്കുന്ന പഠന പരിപാടികളെക്കുറിച്ചു വിശദീകരിക്കവെ, ഖുർ ആനെക്കുറിച്ച് ഒരു പുസ്തകം അധികം വൈകാതെ എഴുതുന്ന കാര്യം ഇടമറുക് പ്രഖ്യാപിക്കുകയുണ്ടായി. ആ മീറ്റിംഗിൽ സദസ്യനായി ഉണ്ടായിരുന്ന യുക്തിവാദി ആയ കെ.കെ. അബ്ദുൽ അലി എന്ന അറബി അധ്യാപകൻ മീറ്റിംഗിന് ശേഷം ഇടമറുകിനെ കണ്ട് സംസാരിച്ചു.

ഖുർ ആൻ ഒരു വിമർശന പഠനം എന്ന പുസ്‌തകം എഴുതുന്നതിനു പിന്നിൽ ഒന്നുരണ്ടു വർഷത്തെ പഠനം ഉണ്ട്. ഹദീസുകളിൽനിന്നുള്ള പരിഭാഷ മലയാളത്തിൽ ലഭ്യമല്ലാതിരുന്നതുകൊണ്ട് അതിനായി ആശ്രയിച്ചത് ഇംഗ്ളീഷ് വിവർത്തനങ്ങളെയാണ്. ഈ പരിഭാഷ അറബി മൂലവുമായി ഒത്തുനോക്കാൻ കൊയിലാണ്ടിയിൽ വച്ച് പരിചയപ്പെട്ട യുക്തിവാദിസംഘം പ്രവർത്തകനായ അബ്‌ദുൾ അലി സഹായിക്കുകയുണ്ടായി. ഇക്കാര്യം ഖുർ ആൻ വിമർശന പഠനത്തിന്റെ ആമുഖത്തിൽ ഇടമറുക് അനുസ്‌മരിക്കുന്നുമുണ്ട്.

മുസ്‌ലിം സമുദായത്തിൽനിന്നു വന്ന അനേകായിരം പേർക്ക് ഖുർ ആൻ വിമർശന പഠനം എന്ന പുസ്‌തകം അവരുടെ മനസ്സിൽ വിങ്ങിനിന്ന കാര്യങ്ങളുടെയും ആശയങ്ങളുടേയും ബഹിർസ്‌ഫുരണമായി അനുഭവപ്പെട്ടു എന്ന് പിൽക്കാല അനുഭവങ്ങൾ ബോധ്യപ്പെടുത്തി.

ഒരർത്ഥത്തിൽ, ആ പുസ്‍തകം അഴിച്ചുവിട്ട ചിന്തയുടെ മലവെള്ളപ്പാച്ചിൽ ആണ് ഇന്ന് കേരളത്തിൽ അനേക മടങ്ങു ശക്തിയോടെ ഇസ്ലാംമത വിമർശനം മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമായ ആശയ പരിസരം സൃഷ്‌ടിച്ചത്.

ഖുറാൻ ഒരു വിമർശന പഠനം പുറത്തിറങ്ങിയ നാൾ മുതൽതന്നെ മുസ്ലിം വർഗീയവാദികൾ അതിനെതിരെ സമരം തുടങ്ങി.

ഈ പുസ്‌തകത്തിന്റെ പരസ്യം നൽകാൻ മലയാള മനോരമയും ദേശാഭിമാനിയും വിസമ്മതിച്ചു. എന്നാൽ മാതൃഭൂമി ദിനപത്രം എല്ലാ എഡിഷനിലും ഖുറാൻ ഒരു വിമർശനപഠനത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ചു.

പുസ്‌തകം നിരോധിക്കണം എന്ന മുറവിളി പലയിടത്തും മുഴങ്ങി. അക്കാലത്തു ഡൽഹിയിലെ ഞങ്ങളുടെ ഓഫീസിൽ ദിവസവും അന്പതും അറുപതും ഭീഷണിക്കത്തുകളാണ് കിട്ടിക്കൊണ്ടിരുന്നത്. ചന്ദ്രിക, ലീഗ് ടൈംസ് തുടങ്ങിയ ദിന പത്രങ്ങൾ ഈ പുസ്‌തകത്തെക്കുറിച്ച് ഒട്ടനവധി വിമർശന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പലയിടത്തും പ്രതിഷേധ യോഗങ്ങൾ നടന്നു. ചില സ്ഥലത്ത് ഇടമറുകിന്റെ കോലം കത്തിച്ചു. സുരക്ഷാഭീഷണി കാരണം ഇടമറുകിന് കേരളത്തിലേക്കുള്ള പല യാത്രകളും അക്കാലത്തു മാറ്റി വെക്കേണ്ടി വന്നു. ഡൽഹിയിൽ അദ്ദേഹത്തിന് അതിശക്തമായ സുരക്ഷാവലയമാണ് ഞങ്ങൾ തീർത്തത്. പ്രസാധകൻ എന്ന നിലയിൽ എനിക്കും സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു.

മലയാള പത്രങ്ങളിൽ എന്നപോലെ ദേശീയ ഇംഗ്‌ളീഷ് ദിനപത്രങ്ങളും ലണ്ടനിലെ ഗാർഡിയൻ ദിനപത്രത്തിലും ടൈംസിലുമൊക്കെ ഇതുസംബന്ധിച്ച വാർത്തകൾ വന്നിരുന്നു. ഇടമറുകിനു നേരെ വധശ്രമം ഉണ്ടായേക്കും എന്ന ഭീഷണി ഉണ്ടായപ്പോൾ ബ്രിട്ടനിലെ റാഷണലിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറി നിക്കോളാസ് വാൾട്ടർ ഡെൽഹിയിൽ എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയുണ്ടായി.

ഈ എതിർപ്പും കോലാഹലങ്ങളും, ഒപ്പം ലേഖനങ്ങളും മീറ്റിംഗുകളും സജീവമായതോടെ അതുവരെ യുക്തിവാദത്തെക്കുറിച്ചു കേട്ടിട്ടില്ലാതിരുന്ന, യാഥാസ്ഥിതികതയുടെ മറയ്‌ക്കുള്ളിൽ കഴിഞ്ഞിരുന്ന മുസ്ളീം സമുദായത്തിൽപ്പെട്ട ആയിരക്കണക്കിനാളുകൾ യുക്തിചിന്തയുടെ നൂതന വഴികളെക്കുറിച്ചു അറിയാനിടയായി.

കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്ലിം വിഭാഗങ്ങളും നേതാക്കളും ഈ പുസ്തകത്തിനെതിരായി പരസ്യമായ ആക്ഷേപ-ശാപ വാക്കുകളുമായാണ് പ്രതികരിച്ചത്. പുസ്‌തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പല മുസ്ലിം നേതാക്കളും സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും സമീപിച്ചു. നിരോധനം ഉണ്ടായാൽ അത് നടപ്പിൽ വരുന്നതിനു മുന്പ് വിതരണം ചെയ്യാൻ സംസ്ഥാനങ്ങളിൽ പല ഭാഗങ്ങളിലായി കോപ്പികൾ യുക്തിവാദി പ്രവർത്തകരുടെ വീടുകളിൽ സ്റ്റോർ ചെയ്‌തു.

വലിയ സമ്മർദ്ദം ഉണ്ടായെങ്കിലും പുസ്‌തകനിരോധനം ഉണ്ടായില്ല.

ഖുർ ആൻ വിമർശന പഠനം നിരോധിക്കണം എന്ന് മത സംഘടനകൾ ആവശ്യപ്പെടുന്നത് അതിലെ വാദമുഖങ്ങൾക്ക് മറുപടി പറയാൻ കഴിയാത്തതുകൊണ്ടാണെന്നും, ഇത് മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമല്ലെന്നും, ആശയ സംവാദത്തിന് വഴി തുറക്കുകയാണെന്നും, ഈ വിഷയത്തിൽ സംവാദത്തിന് തയ്യാറാണെന്നും, വിമർശനങ്ങൾക്ക് മറുപടി പറയാൻ സന്നദ്ധനാണെന്നും ഇടമറുക് വ്യക്തമാക്കി.

ഇതേ തുടർന്ന് ഖുറാൻ ഒരു വിമര്ശനപഠനത്തിന് മറുപടിയായി ഇരുപതോ ഇരുപത്തഞ്ചോ പുസ്‌തകങ്ങൾ വിവിധ മുസ്ലിം സംഘടനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ പുസ്തകങ്ങളിലെ വാദമുഖങ്ങൾ വിശകലം ചെയ്‌ത്‌ അവയ്‌ക്ക്‌ മറുപടി നൽകുന്ന അനുബന്ധവും കൂടി ചേർത്താണ് പിന്നീട് ഖുറാൻ ഒരു വിമർശനപഠനത്തിന്റെ പുതിയ പതിപ്പുകൾ ഇറങ്ങിയത്. ഇപ്പോഴത്തെ പതിപ്പുകളൊക്കെ ഈ മറുപടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഈ പുസ്‌തകത്തിന്റെ പ്രതികൾ ഓരോന്നും ഒട്ടനവധി പേരാവണം വായിച്ചത്. ഒട്ടേറെ പേരെ ഇസ്ളാം മതത്തിനു വെളിയിലേക്കു കൊണ്ടുവരാൻ ഖുർ ആൻ വിമർശന പഠനം സഹായിച്ചു.

ആ പുസ്‌തകത്തോട് പ്രതികരിച്ചുകൊണ്ട് മുസ്ളീം മതപണ്ഡിതന്മാർ അവരുടെ നിലപാടുകളും വിശദീകരിച്ചു. പരസ്‌പര ശത്രുതയോ, വിശ്വാസങ്ങൾ വ്രണപ്പെട്ടു എന്ന ഒളിച്ചോട്ടമോ ഇല്ലാതെ, ആശയ സംവാദം സാധിക്കുന്ന ഒരു സ്ഥിതി, അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്ന സാഹചര്യം – അവയൊക്കെയാണ് Free Speech എന്ന അഭിപ്രായ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യൻ ഭരണ ഘടന മൗലികാവകാശം ആയി പൗരന്മാർക്ക് Freedom of Speech ഉറപ്പു നൽകുന്നുണ്ട്.

ഇസ്ളാം മതത്തെക്കുറിച്ചും ഖുർ ആന്റെ ഉള്ളടക്കത്തെക്കുറിച്ചും തുറന്നു സംസാരിക്കാൻ ആർക്കും സാധിക്കുന്ന ഒരു സാഹചര്യം ഇന്ന് കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

വിമർശനങ്ങൾ ഉണ്ടാവുക, അതിനോട് പ്രതികരിക്കാൻ പറ്റുക, മത വിശ്വാസം ഉൾപ്പടെയുള്ള ഏത് ആശയത്തെക്കുറിച്ചുമുള്ള വ്യത്യസ്‌ത വീക്ഷണങ്ങൾ പ്രകടിപ്പിക്കാനും സംവാദം നടത്താനും സാധ്യമാവുന്ന സാഹചര്യം ഉണ്ടാവുക, എന്നിവയൊക്കെ നാഗരികതയുടെ മുന്നോട്ടുള്ള വലിയ ചുവടുവയ്‌പുകൾ ആണ്.

[soundcloud url=”https://api.soundcloud.com/tracks/308816934″ params=”auto_play=false&hide_related=false&show_comments=true&show_user=true&show_reposts=false&visual=true” width=”100%” height=”450″ iframe=”true” /]