എന്ത് കൊണ്ട്  കേരളം അന്ധ വിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറുന്നു?

പറയാൻ പോകുന്ന പ്രധാന വിഷയത്തിലേക്കു കടക്കും മുന്നേ, സമീപ കാലത്തു കേരളത്തിലെ പത്രം ചാനൽ മാധ്യമങ്ങളിൽ വന്ന ചില വാർത്തകളിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

പുതിയ കെട്ടിടത്തിലേക്ക് കേരള ഹൈ കോടതി മാറിയത് 2006 റിലാണ്. ആ സമയത്തു കോടതി മുറികൾക്കെല്ലാം നംബറിട്ടു. ആദ്യത്തെ 12 മുറികൾക്കെല്ലാം ക്രമ നംബർ പ്രകാരം 1 മുതൽ 12 വരെയുള്ള നംബർ ആണ് നൽകിയത്. പക്ഷെ 13 ന്നാമത്തെ മുറിയുടെ കാര്യം വന്നപ്പോൾ, 13 എന്ന നംബറിനു പകരം പിന്നീടുള്ള മുറികൾക്ക് 12A, 12B, 12C എന്ന പേരാണ് ഇട്ടതു. സ്വാഭാവികമായും 13 എന്ന നംബറിനോടുള്ള ഭയമാണ് ഈ നടപടിക്ക് പിന്നിൽ. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഒരു പൊതു താല്പര്യ ഹർജി സുപ്രീം കോടതിയിൽ പരിഗണനക്ക് വന്നപ്പോൾ അവിടത്തെ ജഡ്‌ജി “13 എന്ന നംബറിനെ ഹൈ കോടതിക്കും ഭയമോ ? ” എന്ന് ഹാസ്യ രൂപേണ ചോദിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കാവുന്നതാണ് 

2011 ന്നിൽ കേരളത്തിൽ UDF മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ UDF മന്ത്രിമാരും ഇതേ പേടി ആവർത്തിച്ചു. പല മന്ത്രിമാരും അവരുടെ സ്റ്റേറ്റ് കാറിൽ 13 എന്ന നംബർ ഉപയോഗിക്കാൻ മടിച്ചു.

2010 ത്തിൽ ഒരു ടെലി മാർക്കറ്റിംഗ് കംബനി കുബേർ കുഞ്ചി എന്ന ഉല്പന്നം ഇറക്കി. 3000 രൂപ വില വരുന്ന ഈ ഉല്പന്നം ഓഫീസിലോ പൂജ മുറിയിലോ വെച്ച് നിത്യവും പൂജിച്ചാൽ ഇത് വാങ്ങിയ ആൾ 45 ദിവസത്തിനുള്ളിൽ കുബേരനായി മാറും എന്നായിരുന്നു വാഗ്ദാനം. ഏറെ വൈകാതെ ഈ പരസ്യത്തിൽ വീണു പലരും കുബേർ കുഞ്ചി വാങ്ങി. എറണാകുളം ജില്ലയിൽ മാത്രം 3000 കുബേർ കുഞ്ചിയാണ് ചൂടപ്പം പോലെ വിറ്റു പോയത് ! എന്നാൽ 45 ദിവസത്തെ കാലാവധി കഴിഞ്ഞപ്പോൾ സാധനം വാങ്ങിയവരിൽ പലർക്കും അവരുടെ ജീവിതത്തിൽ സാംബത്തികമായി യാതൊരു വിധ അഭിവൃദ്ധിയും ദർശിക്കാൻ സാധിച്ചില്ല. വാസ്തവത്തിൽ കുബേരനായത് തങ്ങളല്ല, പകരം സാധനം അവർക്കു വിറ്റ ടെലിമാർകെറ്റിംഗ് കംബനിയാണ് എന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും പക്ഷെ, ഏറെ വൈകി പോയിരുന്നു. വഞ്ചിക്കപ്പെട്ട ഹതഭാഗ്യർ പരാതി പറയാനായി കൂട്ടത്തോടെ ടെലിമാർകെറ്റിംഗ് സ്ഥാപനത്തിലേക്ക് പോയപ്പോൾ കണ്ടത്, ആ സ്ഥാപനം പൂട്ടി അതിന്റെ ആൾക്കാർ പണ്ടേ സ്ഥലം വിട്ടു കഴിഞ്ഞിരിക്കുന്നു ! പോലീസ് കേസ് എടുത്തു അന്വേഷിച്ചപ്പോൾ ഇൻഡോറിലുള്ള ഒരു ലോക്കൽ മാർക്കറ്റ് ആണ് ഈ ഉല്പന്നത്തിന്റെ ഉറവിടം എന്ന് മനസ്സിലായി. അവിടെ വെറും 100 രൂപക്കൂ പിള്ളേർക്ക് കളിക്കാൻ കൊടുക്കുന്ന കളിപ്പാട്ടമായാണ് കുബേർ കുഞ്ചി വിട്ടു പോയിരുന്നത് ! കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കാവുന്നതാണ് 

ഇത് പോലെ സമാനമായ തട്ടിപ്പു സാധനങ്ങൾ ഇന്നും വിപണിയിൽ സുലഭമാണ് ഉദാഹരണത്തിന് ഹനുമാൻ കവചം, ധനാകർഷണ യന്ത്രം, വലംപിരി ശംഖ്, അങ്ങനെയങ്ങനെ. ഇതൊക്കെ വാങ്ങാൻ ധാരാളം മണ്ടന്മാരുമുണ്ടാവും. ഒരു നിമിഷം ചിന്തിക്കൂ. ഇത്തരം ലൊട്ടു ലൊടുക്ക് സാധനങ്ങൾ വാങ്ങിയാൽ ധനവാൻ ആകുമെങ്കിൽ കാര്യങ്ങൾ എന്തെളുപ്പമാണ്‌ ; സർക്കാർ പിന്നെയെന്തിന് ജന ക്ഷേമ പദ്ധതികൾ നടപ്പിലാക്കണം ? രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറാൻ ഓരോ വീട്ടിൽ ഓരോ ധനാകർഷണ യന്ത്രം വീതം വാങ്ങി വെച്ചാൽ പോരെ ?
3) 2014 ലിൽ പത്തനംതിട്ട ജില്ലയിൽ, 18 വയസ്സുള്ള ഒരു പെൺകുട്ടിക്ക് കിഡ്നി സംബന്ധമായ തകരാറുകൾ കണ്ടപ്പോൾ അവളുടെ ബന്ധുക്കൾ, ഒരു ആൾദൈവത്തിന്റെ നിർദേശ പ്രകാരം അവളെ ചില ദുർമന്ത്രവാദ പൂജകൾക്ക് വിധേയയാക്കി. പൂജാ വിധി പ്രകാരം ദേഹം മുഴുവനും കർപ്പൂരം പൂശി കത്തിച്ചപ്പോൾ പെൺകുട്ടി ശരീരത്തിന്റെ പല ഭാഗത്തും സാരമായി പൊള്ളലേറ്റു ആസ്പത്രിയിൽ അഡ്മിറ്റ് ആയി, ഏതാനും ദിവസങ്ങൾക്കകം തന്നെ മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കാവുന്നതാണ്

ഒരു രോഗം വന്നാൽ ഡോക്ടറെ കാണിക്കേണ്ടതിനു പകരം ഒരു ആൾദൈവത്തെ കൺസൾട് ചെയ്യൂന്നതിന് പിന്നിലുള്ള യുക്തി എന്താണ് ? എന്ന് മുതലാണ് ആൾദൈവങ്ങൾ ഡോക്ടർമാരുടെ പണി ചെയ്യാൻ തുടങ്ങിയത് ?

അക്ഷയ ത്രിതീയ ദിനത്തിൽ ദാനധർമ്മം, വിവാഹം, കൃഷിയിറക്കൽ പോലെയുള്ള കർമങ്ങൾ ചെയ്‌താൽ ഐശ്വര്യവും ഭാഗ്യവും വന്നു ചേരുമെന്ന് ഹിന്ദു പുരാണങ്ങളിൽ പറയപ്പെടുന്നു. എന്നാൽ ഈയൊരു വിശ്വാസത്തെ വികലമാക്കി സ്വർണ കടക്കാർ, ആ ദിവസം സ്വർണം വാങ്ങിച്ചാൽ ഐശ്വര്യവും ഭാഗ്യമുണ്ടാവുമെന്നൊരു നുണ വെറുതെ പ്രചരിപ്പിച്ചു. ഈയൊരു മാർക്കറ്റിംഗ് തന്ത്രം ഏറെ വിജയിച്ചു എന്ന് വേണം കരുതാൻ. ഇന്ന് അക്ഷയ ത്രിതീയ ദിനത്തിൽ, മലയാളികളാണ് സ്വർണം വാങ്ങാൻ ഏറെ ഉത്സാഹം കാട്ടുന്നത്. അന്ന് സ്വർണം വാങ്ങിയാൽ എന്തോ വലിയ ആന മുട്ട ലഭിക്കും എന്ന വിശ്വാസത്തോടെ മലയാളികൾ ബീവറേജിനെക്കാൾ വലിയ തിരക്കാണ് സ്വർണ കടകളിൽ സൃഷ്ടിക്കുന്നത് ! മദ്യം കഴിഞ്ഞാൽ പിന്നെ മലയാളി ഇപ്പോൾ ഏറ്റവും കൂടുതൽ ആക്രാന്തം കാണിക്കുന്നത് സ്വർണം വാങ്ങാനാണെന്നു തോന്നുന്നു. ഈ ദിവസത്തെ തിരക്ക് മുതലെടുത്തു സ്വർണ കടക്കാർ കൃത്രിമമായി സ്വർണ വില ഉയർത്തുകയും, പരിശുദ്ധി കുറഞ്ഞ സ്വർണം വിൽക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട് എന്നത് മറ്റൊരു തട്ടിപ്പ്.

സ്വർണം വാങ്ങുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ അക്ഷയ ത്രിതീയ ദിനത്തിൽ തന്നെ ഇങ്ങനെ ഒരു അന്ധവിശ്വാസത്തിനു അടിമപ്പെട്ടു നമ്മൾ മലയാളികൾ സ്വർണ വ്യാപാരികളുടെ ഐശ്വര്യവും ഭാഗ്യവും ഉറപ്പു വരുത്താനായി ഇങ്ങനെ ഒരൂംബട്ടിറങ്ങേണ്ടതുണ്ടോ എന്നാണു എന്റെ ചോദ്യം. ഏതാനും മാസം മുന്നേ ഞാനൊരു വാട്ട് സാപ്പ് വീഡിയോ കാണുകയുണ്ടായി. അതിലൊരു പ്രമുഖ സ്വർണ വ്യാപാരി ഈ വിശ്വാസം അവരുടെ വെറും മാർക്കറ്റിംഗ് തന്ത്രമാണെന്ന് തുറന്നു പറയുകയും മലയാളിയുടെ അന്ധവിശ്വാസത്തെ ഏറെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ കണ്ടാലെങ്കിലും മലയാളി ഇങ്ങനെ സ്വയം അപഹാസ്യരായി മാറുന്നത് ഒന്ന് അവസാനിപ്പിച്ചെങ്കിൽ…

കർണാടകയിൽ ഒരു മാന്യദേഹം ഒരു വാസ്തു ഏജൻസിയുടെ ഉപദേശ പ്രകാരം 5-6 ലക്ഷം രൂപ മുടക്കി സ്വന്തം വീട് പുതുക്കി പണിതു. ഇങ്ങനെ വാസ്തു വിധി പ്രകാരമുള്ള മാറ്റം വരുത്തിയാൽ കടങ്ങൾ എല്ലാം അവസാനിക്കുമെന്നും ഐശ്വര്യവും ഭാഗ്യവും വന്നു ചേരുമെന്നും എന്ന വാഗ്ദാനത്തിൽ വീണാണ് ആ പാവം വഞ്ചിതനായത്. മാറ്റങ്ങൾ വരുത്തി ഉള്ള കടം കൂടിയതല്ലാതെ യാതൊരു മെച്ചവുമുണ്ടായില്ല എന്ന് കണ്ടപ്പോൾ ടിയാൻ കോടതിയിൽ വഞ്ചന കുറ്റത്തിന് കേസ് കൊടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കാവുന്നതാണ്

ഈ സംഭവം നടന്നത് കർണാടകയിലാണേലും ഇയ്യിടെയായി മലയാളികളും വാസ്തുവിന്റെ പേരിൽ എളുപ്പം വഞ്ചിക്കപ്പെടുന്നുണ്ട്. വാസ്തു വിദഗ്ദ്ധന്റെ നിർദേശ പ്രകാരം സ്വന്തം വീട് വാടകക്ക് കൊടുത്തിട്ടു സ്വയം വാടക വീട്ടിൽ താമസിക്കുന്ന ചില അന്ധ വിശ്വാസികളെ എനിക്കറിയാം ! അത് പോലെ സ്വന്തം വീട്ടിൽ സുലഭമായി വെള്ളം ലഭിച്ചോണ്ടിരുന്ന കിണർ വാസ്തു വിദഗ്ദ്ധന്റെ നിർദേശ പ്രകാരം മൂടി, വീടിന്റെ മറ്റൊരു മൂലയിൽ കിണർ സ്ഥാപിച്ചിട്ടു അവസാനം ആ കിണറ്റിൽ വെള്ളം ലഭിക്കാതെ വലഞ്ഞു പോയി അബദ്ധം പറ്റിയ ഒരു വിദ്വാനേയും എനിക്കറിയാം 🙂

കാസർകോട് ഒരു KSRTC ബസ് ഡിപ്പോയിൽ ബസ് അപകടങ്ങൾ വളരെയധികം വർധിച്ചപ്പോൾ അവിടുത്തെ ചില ജീവനക്കാർ ഒരു ജ്യോത്സ്യനെ കൺസൾട് ചെയ്തു. അപകടങ്ങൾ സംഭവിച്ചത് ബസ് ഡ്രൈവർമാരുടെ അശ്രദ്ധ മൂലമല്ല, മറിച്ചു ബസ് ഡിപ്പോയിൽ ചില പ്രേതങ്ങളുടെ സാന്നിധ്യമാണെന്നു ജോത്സ്യൻ വിധിയെഴുതി ! അപകടങ്ങളുടെ കാരണക്കാരായ ദുരാത്‌മാക്കളെ തുരത്താനായി ജോത്സ്യൻ 20,000 രൂപയുടെ ഒരു ഹോമവും നിർദേശിച്ചു. ഹോമം നടത്തിയത് ഗുണം ചെയ്തോ ആവോ ? 🙂 കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കാവുന്നതാണ്

എന്റെയൊരു സുഹൃത്തു ഇയ്യിടെ വിവാഹിതനായി. കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം കണ്ടപ്പോൾ ഞാൻ പുള്ളിയോട് എവിടെയാണ് ഹണിമൂൺ പോകാൻ പ്ലാൻ എന്ന് കാഷ്വൽ ആയി ചോദിച്ചു. അന്നേരം പുള്ളി പറഞ്ഞു, അയാളുടെ കുടുംബ ജോത്സ്യൻ അടുത്ത 6 മാസം ദൂരെ യാത്രകളൊന്നും പോകാൻ പാടില്ല എന്ന് വിലക്കിയ കാരണം പുള്ളിക്കാരൻ ഹണിമൂൺ പരിപാടി തൽക്കാലത്തേക്ക് മാറ്റി വെച്ചു പോലും ! ഇത് കേട്ട് എനിക്ക് ഉറക്കെ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഏതായാലും ദൈവാധീനം, ആ ജോത്സ്യൻ പുള്ളിയോട് ഭാര്യയെ ഉപേക്ഷിക്കാൻ പറഞ്ഞില്ലല്ലോ; അങ്ങനെ പറഞ്ഞിരുന്നേൽ പുള്ളി അതും രണ്ടാമതൊന്നു ആലോചിക്കാതെ ചെയ്തേനേം… 🙂

എന്താണ് നമ്മുടെ സമൂഹത്തിൽ സംഭവിച്ചോണ്ടിരിക്കുന്നത് ? നൂറു ശതമാനം സാക്ഷരതാ, വിദ്യാ സംബന്നർ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മലയാളികൾ എന്ന് മുതലാണ് ജോൽസ്യന്മാരുടെയും ആൾദൈവങ്ങളുടേയും പാദസേവ ചെയ്യാൻ തുടങ്ങിയത് ? ജോത്സ്യനോട് ചോദിക്കാതെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള ആത്‌മവിശ്വാസം എന്ന് മുതലാണ് മലയാളിക്ക് കൈമോശം വന്നത് ? എന്ത് കൊണ്ടാണ് കുബേർ കുഞ്ചി പോലെയുള്ള തട്ടിപ്പുകളിൽ അകപ്പെട്ടു മലയാളി വളരെ എളുപ്പം വഞ്ചിക്കപ്പെടുന്നത് ?

ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യൻ ഏറെ പുരോഗതി കൈവരിച്ചോണ്ടിരിക്കുന്ന ഈ 21- ന്നാം നൂറ്റാണ്ടിലാണ് മലയാളികൾ ഇങ്ങനെ പെരുമാറുന്നത് എന്നാണ് ഏറ്റവും വലിയ വിരോധാഭാസം ! മംഗൾയാൻ പേടകം ചൊവ്വയിലേക്ക് വിജയകരമായി വിക്ഷേപിച്ച ജനതയാണ് നമ്മുടേത്; പക്ഷെ മലയാളി ഇന്നും ചൊവ്വ ദോഷമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഭയപ്പെടുന്നു ! പോളിയോ, വസൂരി പോലെയുള്ള മാരക രോഗങ്ങൾ തുരത്തിയ രാജ്യമാണ് ഇന്ത്യ; പക്ഷെ മലപ്പുറം ജില്ലയിൽ മലയാളികൾ ഇന്നും സ്വന്തം മക്കൾക്ക്‌ രോഗ പ്രതിരോധ കുത്തിവെപ്പ് കൊടുക്കാൻ വിസമ്മതിക്കുന്നു ! ക്ളോണിങ് വഴി ഒരു മനുഷ്യനെ വരെ പുനഃ സൃഷ്ടിക്കാനുള്ള സാങ്കേതിക വിദ്യ മനുഷ്യൻ ഏറെ വൈകാതെ സ്വായത്തമാക്കും എന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ മനുഷ്യൻ പുരോഗതി നേടിയതിൽ സത്യത്തിൽ നാം അഭിമാനിക്കുകയല്ലേ വേണ്ടത് ?

ഞാൻ സമ്മതിക്കുന്നു, മനുഷ്യന്റെ കഴിവുകൾക്കും അപ്പുറത്തു ഈ പ്രപഞ്ചത്തിൽ എന്തോ ഒരു ശക്തിയുണ്ട്. നാം മനുഷ്യർക്ക് ഇതുവരെ മരണത്തെ തടയുവാനോ, സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കുവാനോ സാധിച്ചിട്ടില്ല. എന്ന് വെച്ച് നമ്മൾ സ്വയം മനുഷ്യനെ അത്ര മോശക്കാരായി കാണുകയും വേണ്ട. റിസർച്ച് നടന്നോണ്ടിരിക്കുകയാണല്ലോ. ഏതാനും നാൾക്കകം ജനനത്തിന്റെയും മരണത്തിന്റെയും പിന്നിലുള്ള രഹസ്യം മനുഷ്യൻ കണ്ടു പിടിച്ചു കൂടായ്‌കയില്ല.

സുഹൃത്തുക്കളേ, നിങ്ങൾ മത വിശ്വാസം വെടിയണമെന്നോ, നിരീശ്വരവാദിയാവണമെന്നോ അല്ല ഞാൻ പറഞ്ഞോണ്ട് വരുന്നത്. ഞാനുമൊരു ദൈവവിശ്വാസിയാ. ഏതേലും ഒരു മതത്തിൽ വിശ്വസിക്കുന്നതോ ഏതേലും ഒരു ദേവാലയത്തിൽ പോയി പ്രാർഥിക്കുന്നതിലോ ഇപ്പോൾ എന്താ തെറ്റ് ? ഒരു തെറ്റുമില്ല. പക്ഷെ വിശ്വാസം, അന്ധവിശ്വാസം ഇവ രണ്ടും പരസ്പരം വേർതിരിച്ചറിയാനുള്ള സാമാന്യ ബോധം നമുക്കുണ്ടാവണം ഇയ്യിടെയായി പല ഫ്രോഡ് മനുഷ്യരും മതത്തെ ഒരു മറയാക്കി, അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചു, തട്ടിപ്പു നടത്താൻ ശ്രമിക്കുന്നുണ്ട്. മതത്തെ ഒരു മറയാക്കിയാൽ പിന്നെ എല്ലാം എളുപ്പമാണ്, കാരണം മതത്തെ സാധാരണ ആരും ചോദ്യം ചെയ്യാൻ വരില്ല. അഥവാ അങ്ങനെ ആരേലും വന്നാൽ തന്നെ അവരെ “മത വിശ്വാസം വ്രണപ്പെടുത്തി” എന്ന് പറഞ്ഞു കണ്ണുരുട്ടി പേടിപ്പിച്ചു വിരട്ടി ഓടിക്കാവുന്നതേയുള്ളു.

ദിവസം ചെല്ലുംതോറും മലയാളിയുടെ അന്ധ വിശ്വാസം കൂടി കൂടി വരികയാ. ഇന്നത്തെ കാലത്തും രാഹു കാലം, ഗുളിക കാലം എന്നിവ നോക്കി വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്ന വിദ്യാ സമ്പന്നർ ഉണ്ട്. സ്ത്രീകൾ പ്രത്യേകിച്ചും പ്രായമായവർ, ചൊവ്വയും വെള്ളിയും യാത്രക്ക് അശുഭം എന്ന് കരുതി അന്നത്തെ ദൂരയാത്ര വേണ്ടെന്നു വെക്കുന്നു.

ആയിക്കോട്ടെ, മറ്റുള്ളവർക്ക് ഉപദ്രവം ആകാത്തിടത്തോളം കാലം ഒരാൾക്ക് എന്ത് ശുദ്ധ അസംബന്ധത്തിലും വിശ്വസിക്കാം. പക്ഷെ സ്വന്തം അന്ധ വിശ്വാസങ്ങൾ മറ്റുള്ളവരുടെ, പ്രത്യേകിച്ച് സ്വന്തം മക്കളുടെ തലയിൽ അടിച്ചേൽപ്പിക്കുംബോഴാണ് ഈ അന്ധ വിശ്വാസം ഒരു പീഡനമായി മാറുന്നത്. അറേഞ്ച് മാര്യേജിന്റെ ഭാഗമായി ജാതക പൊരുത്തം നോക്കുന്ന ഏർപ്പാട് തന്നെ ഒരു ഉദാഹരണം. വാസ്തവത്തിൽ അറേഞ്ച് മാര്യേജ് എന്ന ഏർപാടിൽ എന്താണ് തെറ്റ് ? ഒരു തെറ്റുമില്ല. മാതാ പിതാക്കളായിരുന്നു മക്കൾക്ക് വേണ്ടി കല്യാണം ആലോചിക്കുന്നത് എങ്കിൽ പോലും അതിൽ തെറ്റ് പറയാൻ പറ്റില്ല. എന്തൊക്കെ ആയാലും സ്വന്തം മക്കളുടെ നന്മ മാത്രമേ ഏതൊരു രക്ഷാകർത്താവും ആഗ്രഹിക്കൂ. പക്ഷെ പലപ്പോഴും കണ്ടു വരുന്നത് വിവാഹം നടത്തണോ വേണ്ടായോ എന്നതിൽ അന്തിമ തീരുമാനം ജോത്സ്യന്റെതാണ്. തന്റെ മകൾ കെട്ടാൻ പോകുന്ന പുരുഷൻ ശാരീരികമായും, വിദ്യാഭ്യാസപരമായും, കുടുംബപരമായും മകൾക്കു അനുയോജ്യനായ പങ്കാളി തന്നെയാണോ എന്ന് നേരെ ചൊവ്വേ അന്വേഷിക്കാതെ ജാതക പൊരുത്തത്തിന് മാത്രം അമിത പ്രാധാന്യം നൽകപ്പെടുന്നു. ഇത്തരം വിവാഹങ്ങൾ ഒരു വിവാഹ മോചനത്തിൽ കലാശിച്ചില്ലെങ്കിലേയുള്ളൂ അത്ഭുതം.

മറ്റൊരു വലിയ അന്ധ വിശ്വാസം ചൊവ്വ ദോഷമാണ്. ചൊവ്വ ദോഷമില്ലാത്ത പുരുഷൻ ചൊവ്വ ദോഷമുള്ള സ്ത്രീയെ കല്യാണം കഴിച്ചാൽ ആ സ്ത്രീക്ക് അകാല വൈധവ്യം സംഭവിക്കാം എന്നാണു വിശ്വാസം. പല സ്ത്രീകളും ഇത് മൂലം 30 വയസ്സിനു ശേഷവും വിവാഹിതരാവാൻ സാധിക്കാതെ നരക ജീവിതം തള്ളി നീക്കേണ്ടി വരുന്നു. അല്പമെങ്കിലും ശാസ്ത്ര ബോധമുള്ള ഒരാൾ ഈ വിഢിത്തം വിശ്വസിക്കുമോ ? ഒരു വ്യക്തിയുടെ ജനനവും മരണവും ഒരു ജോത്സ്യൻ ആണോ നിശ്ചയിക്കുന്നേ ? ചൊവ്വ ഗ്രഹത്തിന് കേരളത്തിലെ പെൺകുട്ടികളുടെ കല്യാണം മുടക്കലാണോ പ്രധാന ജോലി ? ചൊവ്വാക്കെന്താ വേറെ പണിയൊന്നുമില്ലേ ? നമ്മുടെ നാട് കാണാൻ വരുന്ന സായിപ്പോ മദാമ്മയോ ഇങ്ങനെ ഒരു അന്ധ വിശ്വാസം കേരളത്തിൽ നില നിൽക്കുന്നു എന്നെങ്ങാനും അറിഞ്ഞാൽ അവരെന്തു വിചാരിക്കും നമ്മെ കുറിച്ച് ?

ചില ആൾക്കാർ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനു മുൻപ് അഭിപ്രായം ചോദിക്കാൻ ജ്യോത്സ്യനെ സമീപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജ്യോൽസ്യൻ ഇതിൽ എന്ത് അഭിപ്രായം പറയാനാണ് ? ഇത് ശുദ്ധ മണ്ടത്തരമല്ലേ ? ഒരു ബിസിനസ് വിജയിക്കുമോ ഇല്ലയോ എന്ന് ഇതേ ബിസിനസ് നടത്തുന്ന മറ്റു മുതലാളിമാരോടോ, മറ്റു സുഹൃത്തുക്കളോടോ, മുതിർന്നവരോടോ ചോദിക്കുന്നതല്ലേ കൂടുതൽ ഉചിതം ? നമ്മൾ എങ്ങനെ ജീവിക്കണം, എന്ത് ബിസിനസ് ചെയ്യണം, ആരെ കല്യാണം കഴിക്കണം തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ സാമാന്യ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു ഏഭ്യൻ ജ്യോത്സ്യന് വിടുന്നതു പന്പര വിഢിത്തം അല്ലെ ? ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

എന്ത് കൊണ്ടാണ് വിദ്യാഭ്യാസമുള്ള മലയാളികൾ പോലും ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാനറിയാതെ ഒരു ജോൽസ്യന്റെയോ ആൾദൈവത്തിനെയോ സമീപിക്കുന്നത് ? ഇന്നത്തെ യുവ തലമുറക്ക് ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കാനുള്ള മടി, സ്വന്തം കഴിവിലുള്ള ആത്‌മ വിശ്വാസക്കുറവ്, സ്വന്തമായി എടുക്കുന്ന തീരുമാനം തോൽ‌വിയിൽ കലാശിക്കുമോ എന്നുള്ള ഭയം, ഇതൊക്കെയാവാം അതിനുള്ള കാരണം. മാത്രവുമല്ല ആഗോളവൽക്കരണത്തിന്റെ വരവ് മൂലം മിക്ക തൊഴിൽ മേഖലകളിലും ഇപ്പോൾ മത്സരം, അനിശ്ചിതത്വം, മാനസിക സമ്മർദം ഇവ വളരെ കൂടുതൽ ആണല്ലോ. അതും ഒരു കാരണം ആവാം.

പക്ഷെ നമ്മൾ ഒന്ന് മനസ്സിലാക്കണം. ഈ ജോത്സ്യനും ആൾദൈവവും നമ്മെ പോലെ സാധാരണ മനുഷ്യർ തന്നെയാണ്, അല്ലാതെ അവർ അമാനുഷർ ഒന്നുമല്ല. ഇവർക്കും നമ്മെ പോലെ തെറ്റ് പറ്റാം. അത് കൊണ്ടും കൂടിയാണല്ലോ പല ആൾദൈവങ്ങളും കുറെ വർഷങ്ങൾക്കു ശേഷം ഫ്രോഡ് നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ശരിയാണ്, നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ ചിലപ്പോൾ തെറ്റ് സംഭവിക്കാം. പക്ഷെ അതാണ് ജീവിതം, തെറ്റ് ആർക്കും പറ്റാം. തെറ്റ് പറ്റിയാൽ ആ തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമ്മൾ പതറാതെ സ്വയം തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് വേണ്ടത്. നമ്മുടെ ജീവിതത്തിലെ നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ ഒരു ജ്യോൽസ്യനെയോ ആൾദൈവത്തിനെയോ സമീപിക്കാതെ നമ്മൾ തന്നെ സ്വയം തീരുമാനിക്കുന്നതാ എന്തും കൊണ്ടും നല്ലത്‌. വേണമെങ്കിൽ നമുക്ക് നമ്മുടെ മാതാ പിതാക്കളോടോ, സുഹൃത്തുക്കളോടോ ഒരു അഭിപ്രായം ചോദിക്കാം, പക്ഷെ അന്തിമ തീരുമാനം എപ്പോഴും നമ്മുടെ തന്നെയാവണം. ആ തീരുമാനം കൊണ്ട് പിന്നീട് സംഭവിക്കാവുന്ന ശരി തെറ്റുകളുടെ ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കാൻ നാം മാനസികമായി തയ്യാർ ആവുകയും വേണം.

ഈ കുബേർ കുഞ്ചി പോലത്തെ തട്ടിപ്പുകളിൽ മലയാളികൾ എളുപ്പം പെട്ട് പോവാനുള്ള കാരണം എന്നെനിക്കു തോന്നുന്നത് അധികം അദ്ധ്വാനിക്കാതെ പെട്ടെന്ന് പണക്കാരൻ ആകാനുള്ള മലയാളിയുടെ അത്യാഗ്രഹം ആണെന്നാണ്. ഈയൊരു വികാരമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. പക്ഷെ ഇത്തരം തട്ടിപ്പുകളിൽ പണം മുടക്കിയാൽ അവസാനം കോടീശ്വരൻ ആവുകയുമില്ല, കൈയിലുള്ളതും കൂടി നഷ്ടപ്പെടും എന്ന് മലയാളി മനസ്സിലാക്കുന്നില്ല. വിജയത്തിലേക്കുള്ള ഏക കുറുക്കു വഴി കഠിനാദ്ധ്വാനം മാത്രം ആണെന്ന് നാം മനസ്സിലാക്കണം. എന്തേലും നേടാൻ തീവ്രമായ ആഗ്രഹം മാത്രം പോരാ, ആ ലക്ഷ്യത്തിന് വേണ്ടി സ്വയം അർപ്പിക്കുവാനുള്ള മനസ്സും നമുക്ക് കൂടിയേ തീരു. നിങ്ങൾക്ക് ഞാൻ പറഞ്ഞ സംഗതി പിടി കിട്ടി കാണുമെന്നു വിചാരിക്കുന്നു… നന്ദി