ഏകദേശം 10000 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷി തുടങ്ങിയതോടെയാണ് ഗുഹാമനുഷ്യന്‍ കൂട്ടമായി ഒരു സ്ഥലത്തുതന്നെ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങിയത്. ഇതോടെ അവര്‍ക്കിടയില്‍ സങ്കീര്‍ണ്ണമായ സംസ്കാരങ്ങള്‍  ഉണ്ടാകാന്‍ തുടങ്ങി. മനുഷ്യന്റെ സംസ്കാരീകമായ വളര്‍ച്ചക്ക് കാരണമായ ഏറ്റവും വലിയ കാര്യം ഭാഷ തന്നെയാവാം.  കൂട്ടമായി ജീവിചപ്പോള്‍ കൂടുതല്‍ സഹകരിച്ചു ജീവിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഭാഷകളും വികസിച്ചു. സംസാരിക്കാനും ആശയവിനിമയം ചെയ്യാനും സാധിച്ചത് ഭാവനകളും ആശയങ്ങളും കൈമാറാന്‍ സഹായിച്ചു. ഒരാളുടെ ഭാവന പലരുടെയും അടുത്തെത്തി. പലരുടെയും ആശയങ്ങള്‍ കൂടിക്കലര്‍ന്നു. ആശയങ്ങള്‍ വികസിക്കാന്‍ തുടങ്ങി.

സംസ്കാരങ്ങള്‍ സങ്കീര്‍ന്നമായപ്പോള്‍ ഭാഷ മറ്റു വിധത്തില്‍ പ്രകടിപ്പിക്കാനും കൈമാറാനും മനുഷ്യര്‍ ശ്രമിച്ചുകാണും. അതിന്‍റെ ഫലമാണ് എഴുത്ത് ഭാഷ. ഏകദേശം 3500 BC-യില്‍ മെസോപോട്ടോമിയയിലെ സുമേരിയന്‍ (Sumerian) സംസ്കാരമാണ് ആദ്യം എഴുത്ത് കണ്ടുപിടിച്ചത് എന്നാണ് കരുതുന്നത്. ആദ്യകാല എഴുത്തുകള്‍ ചിത്രരൂപത്തിലുള്ള അക്ഷരങ്ങള്‍ കൊണ്ടായിരുന്നു. ഏതാണ്ട് 3200 BC-യില്‍ ഈജിപ്തിലും 2200 BC-യില്‍ ഇന്‍ഡസ് വാലിയിലും 1200 BC-യില്‍ ചൈനയിലും എഴുത്ത് കണ്ടുപിടിച്ചിരുന്നു. പാറകളിലും, കളിമണ്‍ ഫലകങ്ങളിലും ആയിരുന്നു ഇത്തരം എഴുത്തുകള്‍.

ആദ്യത്തെ പല എഴുത്തുകളും കളിമണ്‍ഫലകങ്ങളിലാണ് എഴുതപ്പെട്ടത്. സുമേരിയയില്‍നിന്നും ഇത്തരം ധാരാളം കളിമണ്‍ഫലകങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ പല ഫലകങ്ങളും ഏകദേശം വിവര്‍ത്തനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സുമേരിയയില്‍നിന്നും ലഭിച്ച ഷുരുപ്പക്കിന്റെ (Shuruppak) ജ്ഞാനോപദേശങ്ങള്‍ (2600 BC), എപിക്ക് ഓഫ് ജില്‍ഗമേഷ് (Epic of Gilgamesh) എന്ന കവിതകള്‍ (2250 BC), പക്ഷിയും മത്സ്യവും തമ്മിലുള്ള വാദപ്രദിവാദം (Debate between bird and fish – 2100 BC) എന്നിവയെല്ലാം ഏതാനും ചില ഉദാഹരണങ്ങളാണ്. ഇതുപോലെ ആദ്യകാല ഈജിപ്ഷ്യന്‍ കൃതികളും ധാരാളമുണ്ട്.

ഇരുമ്പുയുഗത്തില്‍ (Iron age) അതായത് 1200-BC ക്ക് ശേഷമുള്ള കാലഘട്ടങ്ങളില്‍ ധാരാളം പ്രധാന കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട്. വേദങ്ങള്‍ (1200 – 800 BC), ചൈനീസ് ക്ലാസ്സിക് കവിതകള്‍ (1000 – 600 BC), ഗ്രീക്ക് പുരാണങ്ങള്‍ (800 BC), പഴയ നിയമത്തിലെ ബൈബിള്‍ കൃതികള്‍ (600 BC ക്ക് ശേഷം) എന്നിവയെല്ലാം ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്

ദൈവങ്ങള്‍ ജനിച്ചകാര്യം നാം അറിയുന്നത് അക്കാലത്തെ കൃതികളില്‍ക്കൂടിയാണ്. മുകളില്‍ സൂചിപ്പിച്ച കൃതികളില്‍ മിക്കതിലും യുദ്ധങ്ങള്‍, ദൈവീകത ഇവയൊക്കെതന്നെയായിരുന്നു പ്രധാന ഇതിവൃത്തം അല്ലെങ്കില്‍ കുറഞ്ഞപക്ഷം അടങ്ങിയിരുന്നത്. വെങ്കല യുഗത്തിന്‍റെ (3300 BC – 1200 BC) തുടക്കത്തില്‍ എഴുതപ്പെട്ട സുമേരിയന്‍ കൃതികളില്‍ പോലും ദൈവീകതയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ശിലായുഗകാലത്ത് സംസാരഭാഷ മാത്രം ഉണ്ടായിരുന്ന സമയത്തുതന്നെ ദൈവം ജനിച്ചിരിക്കണം.

കുറച്ചധികം പിറകിലേക്ക് പോയി നോക്കിയാല്‍, നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ മൃതശരീരങ്ങള്‍ മറവു ചെയ്തതായി കാണാന്‍ കഴിയും. അതുപോലെ സാപ്പിയന്സുകളും ഇങ്ങനെ ചെയ്തിരുന്നു. ഇത് എന്തെങ്കിലും വിശ്വാസത്തിന്‍റെ ഭാഗമായിരുന്നോ എന്നത് തീര്‍ച്ചയില്ല. ഒരുപക്ഷെ വന്യമൃഗങ്ങള്‍ ഭക്ഷിക്കുന്നത് തടയാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നിരിക്കാം. ഗുഹാമാനുഷ്യര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുമ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഒപ്പം വച്ചിരുന്നു എന്നത് ഒരു പക്ഷെ മരണശേഷവും ജീവിതം ഉണ്ടെന്ന് വിശ്വസിച്ചതിനാല്‍ ആയിരുന്നിരിക്കാം. അതല്ലെങ്കില്‍ വെറും വൈകാരീകമായ ഒരു കാര്യം മാത്രമായിരുന്നിരിക്കാം. എന്തായാലും ഇത് നമുക്ക് ഊഹിക്കാനേ സാധിക്കുകയുള്ളൂ.

ഗുഹാമനുഷ്യന്‍റെ കാലത്ത് തന്നെ ദൈവീകത എന്ന ആശയം ഉരുത്തിരുഞ്ഞു വന്നിട്ടുണ്ടാകണം. അതുകൊണ്ടുതന്നെയാണ് അവ അക്കാലത്തെ എഴുത്തുകളില്‍ കാണപ്പെട്ടത്. പക്ഷെ എന്തായിരിക്കണം ദൈവം എന്ന ചിന്തയിലേക്ക് അവരെ നയിച്ചത്?

ലോകത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നു അവര്‍. വേട്ടയാടുക, ഭക്ഷണം കണ്ടെത്തുക, ശത്രുക്കളെ വകവരുത്തുക ഇത്രയൊക്കെയേ അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് രാത്രിയും പകലും ഉണ്ടാകുന്നത്, രാത്രിയില്‍ ആകാശത്ത് മിന്നിത്തിളങ്ങുന്നത്‌ എന്താണ്, പകല്‍ ആകാശത്ത് വെട്ടിത്തിളങ്ങുന്ന പ്രകാശഗോളം എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ക്ക് അത്ഭുതം മാത്രമായിരുന്നു. കൊടുങ്കാറ്റ് അടിക്കുന്നതും പേമാരി പെയ്യുന്നതും മിന്നലുണ്ടാകുന്നതും ഇടിമുഴക്കങ്ങള്‍ ഉണ്ടാകുന്നതും അവര്‍ ഭീതിയോടെ ആയിരുന്നിരിക്കണം കണ്ടത്. കാരണം അവര്‍ ജീവിച്ചിരുന്ന സാഹചര്യത്തില്‍ ചുറ്റിലും വന്യമൃഗങ്ങളും ശത്രുക്കളും മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കാട്ടില്‍ പെട്ടന്നുണ്ടാകുന്ന ഏതു ചലനങ്ങളും അവര്‍ പേടിയോടെ ആയിരുന്നിരിക്കണം സമീപിച്ചത്. കാരണം കാട്ടിലെ ചലങ്ങള്‍ ശത്രുജീവികള്‍ ആണെന്നാണ്‌ അക്കാലത്ത് അവരുടെ അനുഭവം അവരെ പഠിപ്പിച്ചത്.

മിന്നലും മഴയും എല്ലാം അവര്‍ കാണാത്ത ഏതോ ശക്തിയുടെ പ്രവര്‍ത്തനമായി അവര്‍ കരുതി. ആരായിരിക്കും ഇതിന്‍റെ പിന്നിലെന്ന് അവര്‍ ചിന്തിച്ചു. കാരണം സ്വയം മനസിലാക്കുവാനും ചിന്തിക്കുവാനും ഭാവനകള്‍ ഉണ്ടാക്കുവാനും അവരുടെ മസ്തിഷ്ക ശക്തി അവരെ അനുവദിച്ചിരുന്നു. തങ്ങളെ പിന്തുടരുന്ന അദൃശ്യശക്തികള്‍ ആരാണെന്ന് പലരും ചിന്തിച്ചിരിക്കാം. പക്ഷെ അവയെല്ലാം അവരുടെ ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ മാത്രമായിരുന്നു. ഈ ഭാവനകള്‍ പരസ്പരം കൈമാറാന്‍ ഭാഷയും സഹായിച്ചു.

മഴയായും മിന്നലായും, മുഴക്കമായും വരുന്ന അദൃശ്യശക്തികളും, സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മുകളില്‍നിന്നുമായിരുന്നു ഗുഹാമനുഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. മുകളില്‍ എവിടെയോ ഒളിച്ചിരിക്കുന്ന ഈ അദൃശ്യശക്തികളെ അവര്‍ ഭയപ്പെട്ടു തുടങ്ങി. ദൈവങ്ങള്‍ മുകളില്‍ ആകാശത്തിലാണ് വസിക്കുന്നത് എന്ന ആധുനീക മതങ്ങളുടെ സങ്കല്‍പ്പങ്ങളും ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നതാകാം. ഇന്നത്തെ മതങ്ങള്‍ പിന്തുടരുന്ന ഗ്രന്ഥങ്ങളും ദൈവങ്ങളെ ആകാശത്തിലാണ് ഇരുത്തിയിരിക്കുന്നത്.

ഗുഹാമനുഷ്യന്‍ തന്‍റെ ശത്രുക്കളെ അല്ലങ്കില്‍ അപരിചിതരെ മിത്രങ്ങളാക്കാന്‍ ചെയ്തിരുന്നത് ഭക്ഷണം അതായത് വേട്ടമുതല്‍ പങ്കുവക്കല്‍ ആയിരുന്നിരിക്കണം. അല്ലാതെ മറ്റൊന്നും അക്കാലത്ത് അവരുടെ ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളായിരുന്നില്ല. ഭക്ഷണം തന്നെ ആയിരുന്നു അവരുടെ പ്രധാന പ്രശ്നം. പ്രത്യേകിച്ചും കഷ്ടപ്പെട്ട് വേട്ടയാടി ലഭിക്കുന്ന മാസം അവരെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. പ്രീതിപ്പെടുത്തേണ്ടി വരുന്ന ശത്രുമനുഷ്യര്‍ക്ക്  വിലപ്പെട്ട ആഹാരങ്ങള്‍ അവര്‍ക്ക് കൊടുത്തതുപോലെ ദൈവങ്ങളെ പ്രീതിപ്പെടുത്താനും അവര്‍ ഇങ്ങനെ ചെയ്തിരിക്കാം. രസകരമെന്നു പറയട്ടെ മിക്കവാറും എല്ലാ മതങ്ങളിലും ഇന്നും മാസവും മറ്റു ആഹാരവസ്തുക്കളും കൊടുത്തു ദൈവങ്ങളെ പ്രീതിപ്പെടുത്താറുണ്ട് എന്ന് കാണാന്‍ കഴിയും. ഇന്നത്തെ മതങ്ങള്‍ പിന്തുടര്‍ന്നു വരുന്ന പല വിധത്തിലുള്ള ബലികൊടുക്കല്‍ ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നതാകാം. പല മതങ്ങളിലും മൃഗങ്ങളെ ബലികൊടുക്കല്‍ നൂറ്റാണ്ടുകളായി നിലവില്‍ ഇരിക്കുന്ന കാര്യമാണല്ലോ. ഇന്നുള്ള മതങ്ങളിലെ പല ആശയങ്ങളും ആയിരമോ രണ്ടായിരമോ വര്‍ഷങ്ങള്‍ മുന്‍പ് നിലവിലിരുന്നതാണല്ലോ. അതുപോലെ അക്കാലത്തെ ആശയങ്ങള്‍ അതിനു മുന്‍പുള്ള കാലങ്ങളില്‍ നിന്നും കൈമാറ്റം ചെയ്തു വന്നതാണ്. അതുകൊണ്ടുതന്നെ കാട്ടുമനുഷ്യന്‍റെ ആചാരങ്ങളില്‍ നിന്നും ആധുനീക മനുഷ്യന്‍റെതിലേക്കു അത്രയധികം ദൂരമില്ല.

അദൃശ്യശക്തികളെ അവര്‍ സൂര്യനിലും, ചന്ദ്രനിനും മിന്നലിലും, കല്ലിലും എല്ലാം കണ്ടു. അങ്ങനെ അവക്കൊക്കെ ദൈവീക പദവി കൈവന്നു. തങ്ങളെ പേടിപ്പിച്ചിരുന്ന അദൃശ്യശക്തികളോട് അവര്‍ സഹായത്തിനായും ഉപദ്രവിക്കതിരിക്കാനായും അപേക്ഷിച്ചിരുന്നിരിക്കാം. തിരിച്ചു സംസാരഭാഷയില്‍ ഒരിക്കലും ഉത്തരം തരാത്ത ദൈവങ്ങളോട് അവര്‍ തങ്ങളുടെ അപേക്ഷകള്‍ പലത്തവണ ഉരുവിട്ടുകൊണ്ടിരുന്നു. ചില അപേക്ഷകള്‍ ഫലിച്ചതായി അവര്‍ക്ക് തോന്നി. അപേക്ഷകള്‍ ഒരിക്കല്‍ ഉരുവിട്ടപ്പോള്‍ ഫലപ്രദമായില്ലെങ്കിലും കുറെ തവണ, കുറെ നാളുകള്‍ ചെയ്തപ്പോള്‍ ഫലപ്രദമായി. ദൈവം അവരെ അനുഗ്രഹിച്ചു. കാരണം അത്രയും നാളുകള്‍ക്കുള്ളില്‍ അവര്‍ ആവശ്യപ്പെട്ട സംഗതി, ഉദാഹരണത്തിന് മഴ പെയ്യണമെ എന്ന അപേക്ഷ, പേമാരി നില്‍ക്കണമേ എന്ന അപേക്ഷ, നല്ല വേട്ടമുതല്‍ കിട്ടണമേ എന്ന അപേക്ഷ, ഇവയൊക്കെ എന്തായാലും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളായിരുന്നു. അതായത് മഴ ഒരിക്കല്‍ പെയ്യുമല്ലോ, പേമാരി ഒരിക്കല്‍ നില്‍ക്കുമല്ലോ, വേട്ടയാടിനടന്നിരുന്ന അവര്‍ക്ക് ഇടക്കിടെ നല്ല മൃഗങ്ങളെ കിട്ടിയിരുന്നല്ലോ. പക്ഷെ ക്രെഡിറ്റ് ദൈവങ്ങള്‍ സ്വന്തമാക്കി. അപേക്ഷകള്‍ പല തവണ, പലനാള്‍ ഉരുവിട്ടാല്‍ ഫലിക്കുമെന്ന് അവര്‍ കണ്ടെത്തി. ഇവിടെ ഗുഹാമാനുഷ്യര്‍ പ്രാര്‍ത്ഥന കണ്ടുപിടിക്കുകയായിരുന്നു. ഇന്നും ഈ ഉരുവിടല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

എന്തെങ്കിലും ഗുണമില്ലാതെ ഒരു ആചാരവും സമൂഹത്തിലൂടെ തലമുറകളായി കൈമാറ്റം ചെയ്തു നിലനില്‍ക്കില്ല. അദൃശ്യശക്തികളായ ദൈവങ്ങള്‍ എന്തുകൊണ്ടാണ്  മരിച്ചുപോകാതിരുന്നത്?

ഉത്തരം ലളിതമാണ്. ഒന്ന്, ഞാന്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ ദൈവങ്ങള്‍ അവരുടെ പ്രാര്‍ഥനകള്‍ കേട്ടിരുന്നു. പ്രാര്‍ഥനകള്‍ കേള്‍ക്കുന്ന ദൈവങ്ങളെ അവര്‍ വിശ്വസിച്ചു. ബലികള്‍ കൊടുത്തു പ്രീതിപ്പെടുത്തിക്കൊണ്ടിരുന്നു.

മറ്റൊരു പ്രധാന സംഗതി ദൈവം എന്ന ആശയം മനുഷ്യരെ ഒരുമിച്ചു നില്‍ക്കാന്‍ സഹായിച്ചു എന്നതാണ്. മനുഷ്യരുടെ അക്കാലത്തെ ജീവിതം അത്ര സമാധാനപൂര്‍വ്വം അല്ലായിരുന്നു. ചെറുതും വലുതുമായ സമൂഹങ്ങളിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. പരസ്പര വൈര്യങ്ങള്‍ സാധാരണമായിരുന്നു. ഇത് ഒരു ഗ്രൂപ്പില്‍ തന്നെയുള്ള ആളുകളുമായും ഉണ്ടാകാം. കാരണം അക്കാലത്ത് ഒരാളെ അടിച്ചുകൊന്നാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. നിയമങ്ങളും നീതിനിര്‍വ്വഹണവും ഒന്നും അന്നില്ല. കയ്യൂക്കുള്ളവന്റെ കാരുണ്യമായിരുന്നു അന്നത്തെ നീതി. ഗുഹാമാനുഷ്യന്റെ കാലത്ത് ഏകദേശം 17 ശതമാനം മനുഷ്യര്‍ പരസ്പരമുള്ള ആക്രമങ്ങളിലൂടെയാണ് മരിച്ചിരുന്നത് (Jered Diamond, Germs, Steel and Guns).

ഇവിടെയാണ് ദൈവങ്ങള്‍ കടന്നുവന്നത്. പ്രാര്‍ഥനകള്‍ ഉരുവിട്ടാല്‍ സഹായങ്ങള്‍ ചെയ്തുതന്നിരുന്ന പഴയ ദൈവങ്ങള്‍ ശത്രുക്കളെ ക്രൂരമായി ശിക്ഷിക്കുന്നവരും എന്നാല്‍ സ്വന്തം ഗ്രൂപ്പിലെ ആളുകളില്‍ സ്നേഹവും കാരുണ്യവും ഒഴുക്കുന്നവനുമായി പരിണമിച്ചു.  പേമാരി നിര്‍ത്തണമേ എന്ന പ്രാര്‍ത്ഥന, ‘ശത്രുക്കളുടെ തലക്കടിച്ചു തലപിളര്‍ക്കുന്ന കാരുണ്യവാനും സ്നേഹനിധിയുമായ ദൈവമേ’ എന്നുതുടങ്ങുന്ന പ്രാര്‍ത്ഥനകളായി മാറി. ചുരുക്കത്തില്‍ ദൈവങ്ങള്‍ ഒരു മനുഷ്യക്കൂട്ടത്തെ കൂടുതല്‍ അടുപ്പത്തില്‍ നിര്‍ത്താന്‍ സഹായിച്ചു. ശത്രുക്കള്‍ക്കെതിരെ ഒരുമിച്ചുനില്‍ക്കാന്‍ ദൈവങ്ങള്‍ കാരണമായി. ഈ സ്വഭാവം ഇന്നത്തെ എല്ലാ ദൈവവിശ്വാസത്തിലും കാണാം. എല്ലാ ഗ്രന്ഥങ്ങളിലും ശത്രുക്കളെ നിഷ്പ്രഭാരാക്കുന്ന ദൈവങ്ങളെ നിങ്ങള്ക്ക് കാണാം.

ദൈവത്തിനു പ്രധാനമായും മൂന്നു ഗുണങ്ങള്‍ ഉണ്ടായിരുന്നു. (1) സഹായം ചെയ്യുന്നവനും, (2) ഒരുമിച്ചു നിര്‍ത്തുന്നവനും (3) ശത്രുക്കളെ തുരത്തുന്നവനുമായിരുന്നു ദൈവങ്ങള്‍. അങ്ങനെ, ദൈവങ്ങള്‍ ഗുഹാമനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായി. ഇവിടെ മതങ്ങള്‍ ഉടലെടുത്തു. ദൈവത്തിന്റെ ഇതേ മൂന്നു പ്രത്യേകതകള്‍ എല്ലാ മതഗ്രന്ഥങ്ങളിലും വിശ്വാസങ്ങളിലും ഇന്നും നിങ്ങള്ക്ക് കാണാം. ദൈവങ്ങള്‍ സ്നേഹം വിതച്ചിരുന്നത് സ്വന്തം സമൂഹത്തില്‍ മാത്രമായിരുന്നു. ഓരോ ചെറിയ സമൂഹങ്ങളെയും ദൈവങ്ങള്‍ സ്വന്തമാക്കി.

അക്കാലത്ത് ആള്‍ബലം ആയിരുന്നു മനുഷ്യന്റെ ശക്തി. കാരണം അന്ന് മെഷീന്‍ ഗണ്ണുകള്‍ കണ്ടുപിടിച്ചിട്ടില്ലയിരുന്നല്ലോ. കൂടുതല്‍ ആളുകള്‍ ഉള്ള മനുഷ്യക്കൂട്ടങ്ങള്‍ക്ക് ചുറ്റിലും ആധിപത്യം കിട്ടി. അവര്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ കിട്ടി. ദൈവവിശ്വാസം ഒരു കൂട്ടത്തെ കൂടുതല്‍ ഒന്നിപ്പിക്കുമെന്നു വന്നപ്പോള്‍ ഏകദൈവം (monotheism) എന്ന ശക്തിയേറിയ ആശയം പിറവിയെടുത്തു. ആദ്യത്തെ ഏകദൈവം (Aten) ജനിച്ചത്‌ BC-1336 ല്‍ ഈജിപ്തില്‍ ആയിരുന്നു. എന്നാല്‍ AD-യോടടുത്തും, ശേഷവുമാണ് പലയിടത്തായി ശക്തന്മാരായ ഏകദൈവങ്ങള്‍ പിറക്കുന്നത്‌.

മറ്റുള്ള ദൈവങ്ങളൊന്നും ദൈവങ്ങളല്ല, തങ്ങളുടെത് മാത്രമാണ് യഥാര്‍ത്ഥ, ശക്തിമാനായ ദൈവം എന്ന പ്രചരണം ആ മനുഷ്യക്കൂട്ടത്തെ വലുതാക്കി. പ്രചരണത്തിനുവേണ്ടി വിശ്വാസികള്‍ കപ്പല്‍ കയറി. അതുവരെ വലിയ തര്‍ക്കങ്ങളില്ലാതെ ജീവിച്ചിരുന്ന ദൈവങ്ങള്‍ തമ്മില്‍ ശത്രുത തുടങ്ങി. ഏകദൈവത്തിനുവേണ്ടി വിശ്വാസികള്‍ ആയുധമെടുത്തു.   അന്യദൈവത്തില്‍ വിശ്വസിക്കുന്നവന്‍ കൊല്ലപ്പെട്ടു. ഇന്നത്തെ സമൂഹത്തിലേക്കു നോക്കിയാലും ഈ അടുത്തകാലത്തെ ചരിത്രങ്ങള്‍ നോക്കിയാലും ഏകദൈവത്തിനുവേണ്ടിയാണ് വിശ്വാസികള്‍ കൊലനടത്തുന്നതെന്ന് കാണുവാന്‍ കഴിയും. ബഹുദൈവവിശ്വാസികള്‍ ഉള്ളിടത്ത്  ദൈവത്തെ സംരക്ഷിക്കാനുള്ള ആയുധങ്ങളും കുറവായിരുന്നു (Sapiens, Yuval Harari).

ദൈവങ്ങളെ സംരക്ഷിക്കാന്‍ മനുഷ്യന്‍ ആയുധമെടുക്കുന്നത് ഇന്ന് നമുക്ക് എല്ലാ സമൂഹത്തിലും കാണുവാന്‍ കഴിയില്ല. അതിനു കാരണം ദൈവങ്ങളുടെ കാരുണ്യമല്ല മറിച്ച് രാജാക്കന്മാരും, സര്‍ക്കാരുകളും അവയുണ്ടാക്കിയ നിയമങ്ങളും നീതിനിര്‍വ്വഹണ സംവിധാനങ്ങളുമാണ്. ഇവ തകര്‍ന്ന ഇടങ്ങളില്‍ മതങ്ങള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നതും നമുക്ക് കാണാം: അതായത് ശത്രുക്കളുടെ തലപിളര്‍ക്കുന്ന കാരുണ്യവാനും സ്നേഹനിധിയുമായ ദൈവത്തിന്റെ സ്വഭാവം. സഹായം ചെയ്യുന്നവനും, ഒരുമിച്ചു നിര്‍ത്തുന്നവനും ശത്രുക്കളെ തുരത്തുന്നവനുമായ ദൈവങ്ങള്‍ അത്രപെട്ടന്നു മരിക്കില്ല. എങ്കിലും സഹായങ്ങള്‍ അത്രക്കും ആവശ്യമില്ലാത്ത സമൂഹങ്ങളില്‍ (ഉദാഹരണത്തിന് അത്ര ജീവിതപ്രശ്നങ്ങള്‍ ഇല്ലാത്ത സമ്പന്നരാഷ്ട്രങ്ങളില്‍) ദൈവങ്ങള്‍ മെല്ലെമെല്ലെ മരിച്ചുവരുന്നതായി കാണാം. അടിസ്ഥാനസ്വഭാവം നോക്കിയാല്‍ ദൈവങ്ങള്‍ മരിക്കാതിരിക്കാന്‍ കഷ്ടപ്പാടുകളും, വൈര്യങ്ങളും ആവശ്യമാണ്‌. ആധുനീക ലോകത്തും ദൈവങ്ങളെ നിലനിര്‍ത്താന്‍ മനുഷ്യന്‍ അടിസ്ഥാനപരമായി സൃഷ്ടിക്കുന്നവയും ഇവയൊക്കെ തന്നെയാണ്.