നാം പലപ്പോഴും കേൾക്കാറുള്ളതാണ് ഛത്തീസ്ഗഡ്, ഒറീസ മുതലായ സംസ്ഥാനങ്ങൾ കൽക്കരി,ഇരുമ്പ് അയിര്, ബോക്സൈറ്റ് മുതലായ പ്രകൃതി വിഭവങ്ങളിൽ സമ്പന്നമാണെന്നും, ധാരാളം സമ്പത്ത് ഉണ്ടാകേണ്ട ഈ സ്ഥലങ്ങൾ അഴിമതിയും ദുർഭരണവും കാരണം പിന്നോക്കാവസ്ഥയിൽ ആണെന്നും. അതേ സമയം, ധാരാളം പ്രകൃതിവിഭവ നിക്ഷേപമുള്ള സൗദി അറേബ്യ, കുവൈറ്റ്, ഓസ്ട്രേലിയ മുതലായവ ലോകത്തെ ഏറ്റവും ധനിക രാജ്യങ്ങളാണ്! ആധുനിക വ്യാവസായിക സമൂഹത്തിന് പ്രകൃതി വിഭവങ്ങൾ അത്യന്താപേക്ഷികം ആണന്നു നമുക്കറിയാം. പ്രകൃതി വിഭവങ്ങൾ കൈക്കലാക്കാൻ തന്നെയാണല്ലോ പണ്ട് പാശ്ചാത്യ ശക്തികൾ ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളെ കീഴടക്കിയതും.

പക്ഷെ ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ളത് കൊണ്ട് സമ്പത്ത് ഉണ്ടാകുമോ? സമ്പത്ത് ഉണ്ടാവാൻ ധാരാളം പ്രകൃതി വിഭവങ്ങൾ ആവശ്യമുണ്ടോ? ആശ്ചര്യമെന്ന് പറയട്ടെ, സാമ്പത്തിക ശാസ്ത്രത്തിന്‍റെ കണ്ടെത്തൽ നേരെ മറിച്ചാണ്. ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ള സ്ഥലങ്ങളിൽ സാമ്പത്തിക വളർച്ച താരതമ്യേന കുറവാണ്. മാത്രമല്ല ധാരാളം സമ്പത്തുള്ള സ്ഥലങ്ങളിൽ പ്രകൃതി വിഭവങ്ങൾ താരതമ്യേന കുറവുമാണ്. ഛത്തീസ്ഗഡ് – ഒറീസ എന്നീ സ്ഥലങ്ങളിൽ ദാരിദ്ര്യം ഇല്ലെങ്കിലേ അത്ഭുതമുള്ളൂ എന്നർത്ഥം! എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് നമുക്ക് പരിശോധിക്കാം.

പ്രകൃതി വിഭവം എന്ന ശാപം

ധാരാളം പ്രകൃതി വിഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ട് സാമ്പത്തിക വളർച്ച ഉണ്ടാകുന്നില്ല എന്നും,വാസ്തവത്തിൽ പ്രകൃതി വിഭവങ്ങൾ ഒരു ശാപം ആണെന്നും (resource curse) സാമ്പത്തിക ശാസ്ത്രജ്ഞർ കണ്ടെത്തി. ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ ജെഫ്റി സാക്സ് (Jeffrey Sachs) നടത്തിയ പഠനത്തിൽ 1970 – 1989 കാലയളവിൽ പ്രകൃതി വിഭവങ്ങളുടെ ഏറ്റവുമധികം കയറ്റുമതി ഉള്ള രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും കുറവായിരുന്നു.

ഉദാഹരണം കുവൈറ്റ്, സൗദി അറേബ്യ,സാംബിയ, ലൈബീരിയ. ഇതേ കാലയളവിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് ഉള്ള രാജ്യങ്ങളിൽ പ്രകൃതി വിഭവങ്ങളുടെ കയറ്റുമതി ഏറ്റവും കുറവായിരുന്നു. ഉദാഹരണം സിംഗപ്പൂർ, കൊറിയ, ബോട്സ്വാന, മാൾട്ട. അതായത്, ധാരാളം പ്രകൃതി വിഭവങ്ങൾ ഉണ്ടായാൽ സമ്പത്തു ഉണ്ടാവണമെന്നില്ല. സമ്പത്തു ഉണ്ടാവാൻ ധാരാളം പ്രകൃതി വിഭവങ്ങൾ ആവശ്യവുമില്ല. കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കുക

ദക്ഷിണ അമേരിക്കയിലെ 11 രാജ്യങ്ങളിൽ പ്രകൃതി വിഭവങ്ങളും സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗവേഷണം നടത്തിയ Jeffrey Sachs, Andrew Warner എന്നിവർ കണ്ടെത്തിയത് കൂടുതൽ പ്രകൃതി വിഭവങ്ങൾ ഉള്ള രാജ്യങ്ങളുടെ വളർച്ചാ നിരക്ക് താരതമ്യേന കുറവാണ് എന്നാണു.

“One of the surprising features of economic life is that resource-poor economies often vastly outperform resource-rich economies in economic growth. On average, countries which started the period with a high value of resource-based exports to GDP tended to experience slower growth during the following twenty years.  In the seventeenth century, resource-poor Netherlands eclipsed Spain, despite the overflow of gold and silver from the Spanish colonies in the New World. In the nineteenth and twentieth centuries, resource-poor countries such as Switzerland and Japan surged ahead of resource abundant economies such as Russia. In the past thirty years, the world’s star performers have been the resource-poor Newly Industrializing Economies of East Asia — Korea, Taiwan, Hong Kong, Singapore — while many resource-rich economies such as the oil-rich countries of Mexico, Nigeria, and Venezuela, have gone bankrupt. …  Japan and Korea have succeeded in become world-class steel producers despite their virtual complete dependence on imports of iron ore.”

Jeffrey D. Sachs and Andrew M. Warner, “Natural Resource Abundance And Economic Growth”, Center for International Development and Harvard Institute for International Development, Harvard University, November, 1997.

www.cid.harvard.edu/ciddata/warner_files/natresf5.pdf

ദക്ഷിണ അമേരിക്കയിലെ രാജ്യങ്ങളിൽ Jeffrey Sachs, Andrew Warner എന്നിവർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത് ഇപ്രകാരമാണ് –

“Sachs and Warner conclude that in only one of these seven countries (Ecuador) did a resource boom have a positive and lasting effect on GDP per capita. In two countries (Chile and Colombia) there appears to be no effect of a resource boom on economic development, and in the remaining four cases (Bolivia, Mexico, Peru and Venezuela), the resource boom actually produced a negative impact on GDP per capita.”

Edward B. Barbier, “The Role Of Natural Resources In Economic Development”, Australian Economic Papers, June 2003.

http://homepage.univie.ac.at/adusei.jumah/natural_resources.pdf

പ്രകൃതി വിഭവം എന്ന ശാപത്തെ കുറിച്ചു (Resource Curse) ഒരു റിപ്പോർട്ട് പറയുന്നത് നോക്കൂ –

“The resource curse (also known as the paradox of plenty) refers to the failure of many resource-rich countries to benefit fully from their natural resource wealth, and for governments in these countries to respond effectively to public welfare needs … resource-rich countries tend to have higher rates of conflict and authoritarianism, and lower rates of economic stability and economic growth, compared to their non-resource-rich neighbors.”

Resource curse-നെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കുക –www.resourcegovernance.org/sites/default/files/nrgi_Resource-Curse.pdf

പ്രകൃതി വിഭവങ്ങൾക്ക് മൂല്യം കുറവാണ്

ആധുനിക സമ്പദ് വ്യവസ്ഥയിൽ വരുമാനത്തിന്റെ ചെറിയ ഒരു ഭാഗമേ അസംസ്കൃത വസ്തുക്കൾക്ക് ലഭിക്കുന്നുള്ളൂ. ഭൂരിഭാഗവും ലഭിക്കുന്നത് സേവന (services) മേഖലക്കാണ്. ശക്തമായ സേവന മേഖലയുള്ള രാജ്യങ്ങൾക്കാണ് ധനികരാകാൻ സാധ്യത. ധാരാളം പ്രകൃതി വിഭവങ്ങൾ മാത്രം ഉള്ള സ്ഥലങ്ങൾ അല്ല.

നിത്യ ജീവിതത്തിൽ നിന്ന് ഒരു ഉദാഹരണം എടുക്കാം. നമ്മൾ പത്ത് ലക്ഷം രൂപക്ക് ഒരു കാർ വാങ്ങി എന്ന് കരുതുക. കാർ നിർമിക്കാൻ ഇരുമ്പും അലുമിനിയവും പ്ലാസ്ടിക്കും മറ്റ് പ്രകൃതി വിഭവങ്ങളും ആവശ്യമാണ്. കാറിന് ആയിരം കിലോ ഭാരം ഉണ്ടെന്ന് കരുതുക. കാറിൽ അടങ്ങിയിട്ടുള്ള പ്രകൃതി വിഭവങ്ങൾക്ക് കിലോക്ക് അൻപതു രൂപയാണ് വില എന്നും കരുതുക. കാറിലെ എല്ലാ പ്രകൃതി വിഭവങ്ങൾക്കും കൂടി അൻപതിനായിരം രൂപ (1,000 കിലൊ x 50 രൂപ) മാത്രമേ വിലയുള്ളൂ. പത്തു ലക്ഷം രൂപ വിലയുള്ള കാറിന്റെ വിലയുടെ വെറും 5%മാത്രമേയുള്ളൂ പ്രകൃതി വിഭവങ്ങളുടെ മൂല്യം. കാറിന്റെ മൂല്യത്തിന്റെ 95% പോകുന്നത് മറ്റു ഘടകങ്ങൾക്കാണ് – research, design, engineering, fabrication, assembly, testing, warehousing, distribution, marketing, advertising, interest, etc.

പ്രകൃതി വിഭവങ്ങൾ ഇല്ലാത്ത കൊറിയയിൽ നിർമിച്ച ഒരു കാർ ഒരു കസ്റ്റമർ വാങ്ങുമ്പോൾ കാറിന്റെ വിലയുടെ ഏകദേശം 95% കൊറിയയിലെ കമ്പനികൾക്കും വ്യക്തികൾക്കും സർക്കാരിനും ലഭിക്കുന്നു – ഫാക്ടറി തൊഴിലാളികൾ, കാർ ഡീലർ, ഫൈനാൻസ്  കമ്പനി, ഷെയർ ഉടമകൾ,എന്നിവർക്ക്. 5% മാത്രമാണ് കാർ നിർമിക്കാൻ വേണ്ട ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് എന്നിവ ഇറക്കുമതി ചെയ്ത ആസ്ട്രേലിയയിലേക്കോ ആഫ്രിക്കയിലേക്കോ ബ്രസീലിലേക്കോ പോകുന്നത്.

കൊറിയയിൽ പ്രകൃതി വിഭവങ്ങൾ ഇല്ലാത്തത് കൊണ്ട് കൊറിയൻ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാകുന്ന നഷ്ടം എത്രയാണ് ? ഏറി വന്നാൽ കാറിന്റെ വിലയുടെ 5% മാത്രം. അതൊരു വലിയ നഷ്ടമല്ല.

കമ്പോളത്തിൽ നിന്ന് വാങ്ങിക്കുന്ന എല്ലാ സാധനങ്ങളുടെയും സ്ഥിതി ഇത് തന്നെ. ഒരു ഷൂസിൽ അടങ്ങിയിട്ടുള്ള റബ്ബർ, പ്ളാസ്റ്റിക്, ലെതർ, എന്നിവയുടെ മൂല്യം ഷൂസിന്റെ മൂല്യത്തിന്റെ 5%പോലും വരില്ല. ഒരു ടൂത്പേസ്റ്റിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങളുടെ മൂല്യം ടൂത്പേസ്റ്റിന്റെ മൂല്യത്തിന്റെ 5% പോലും വരില്ല. തുണി, പുസ്തകം, മരുന്ന്, മിനറൽ വെള്ളം, എന്നിങ്ങനെ കടയിൽ നിന്ന് വാങ്ങുന്ന ഏത് സാധനത്തിലും അടങ്ങിയിട്ടുള്ള അസംസ്കൃത വസ്തുക്കളുടെ മൂല്യം ആ സാധനത്തിന്റെ മൂല്യത്തെ അപേക്ഷിച്ച് വളരെ കുറവാണ്.

അതായത് അസംസ്കൃത വസ്തുവിന് സമൂഹം അധികം വില കൽപിക്കുന്നില്ല. അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്ന പ്രദേശങ്ങൾക്ക് അധികം വരുമാനം ലഭിക്കുന്നില്ല. അസംസ്കൃത വസ്തുവിനെ സംസ്കരിച്ച് ഫാക്ടറിയിൽ യന്ത്രങ്ങൾ ഉപയോഗിച്ച് നമുക്ക് ആവശ്യമായ സാധനങ്ങൾ (consumer products) ആയി മാറ്റി നമുക്ക് വാങ്ങിക്കാൻ സൗകര്യമുള്ള കടകളിൽ എത്തിച്ചാൽ മാത്രമേ നാം ആ സാധനങ്ങൾക്ക് വില കൽപിക്കുള്ളൂ.

ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ള ഒരു രാജ്യത്തു കാർ നിർമ്മാണം തുടങ്ങുകയാണെങ്കിൽ എത്ര ലാഭം ഉണ്ടാകും ? ഏറി വന്നാൽ കാറിന്റെ വിലയുടെ 5% മാത്രം. അതൊരു വലിയ ലാഭമല്ല. അതുകൊണ്ടു തന്നെ  പ്രകൃതി വിഭവങ്ങൾ ധാരാളം ഉളള ആസ്ട്രേലിയക്കോ ബ്രസീലിനോ ഒരു കാർ ഉണ്ടാക്കാൻ സാധിച്ചെന്നു വരില്ല. ടയർ കമ്പനികൾക്ക് റബ്ബർ വാങ്ങാൻ എളുപ്പമാണ്, പക്ഷെ റബ്ബർ കർഷകർക്ക് ടയർ നിർമിക്കാൻ പറ്റില്ല. അതേ പോലെ സോപ്പ് ഫാക്ടറിക്ക് വെളിച്ചെണ്ണ വാങ്ങാൻ എളുപ്പമാണ്, പക്ഷെ വെളിച്ചെണ്ണ ആട്ടുന്ന മില്ലിന് സോപ്പ് നിർമിക്കാൻ പറ്റില്ല.

നിർമാതാക്കൾ തമ്മിൽ മത്സരം

അസംസ്കൃത വസ്തുക്കളുടെ (raw materials) വിലയും ഉപഭോഗ സാധനങ്ങളുടെ (consumer products)വിലയും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. അസംസ്കൃത വസ്തുക്കൾ വാങ്ങിക്കുന്ന ഫാക്ടറികൾ ഇന്ത്യയിലും വിദേശത്തും അന്വേഷിച്ച് ഏറ്റവും ചുരുങ്ങിയ വിലക്ക് നൽകുന്ന നിർമാതാക്കളുമായാണ് (least cost supplier) കരാർ ഉറപ്പിക്കുക. വില കുറവായതു കൊണ്ടു ഇവയുടെ നിർമാതാക്കൾക്ക് അധികം ലാഭം ലഭിക്കില്ല. അതേ സമയം ഉപഭോഗ സാധനങ്ങൾ നിർമിക്കുന്ന കമ്പനികൾ തമ്മിൽ അത്ര മത്സരം ഇല്ല. നല്ല വില ലഭിക്കുന്നത് കൊണ്ട് അവർക്കു കൂടുതൽ ലാഭം ലഭിക്കുന്നു.

ഉദാഹരണത്തിന് ഇന്ത്യയിലുള്ള ഒരു ടയർ കമ്പനി അവരുടെ നിർമാണത്തിന് ആവശ്യമായ റബ്ബർ വാങ്ങാൻ ശ്രമിക്കുന്നു എന്ന് കരുതുക. ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന റബ്ബറിനേക്കാൾ 20%വിലക്കുറവ്  മലേഷ്യയിൽ നിന്നുള്ള റബ്ബറിനാണ് എങ്കിൽ മലേഷ്യൻ റബ്ബർ ഇറക്കുമതി ചെയ്യാൻ ആണ് ടയർ കമ്പനി ശ്രമിക്കുക. അസംസ്കൃത വസ്തുക്കളുടെ വിലയിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും അവയുടെ നിർമാതാക്കൾ തമ്മിൽ നിരന്തരം മത്സരിച്ചു വില കുറക്കാൻ നിർബന്ധിതരാകുകയാണ്. വില കുറവായതു കൊണ്ടാണ് അവർക്കു അധികം ലാഭം ലഭിക്കാത്തതു.

പക്ഷെ ഉപഭോഗ സാധനങ്ങളുടെ കാര്യം അങ്ങനെയല്ല. ഇന്ത്യയിലെ ഒരു കമ്പനിയുടെ ടയറും മലേഷ്യയിലെ ഒരു കമ്പനിയുടെ ടയറും തമ്മിൽ വിലയിൽ 20% വ്യത്യാസം ഉണ്ടെങ്കിലും നമ്മളെപോലുള്ള സാധാരണ ഉപഭോക്താക്കളോ ടയർ ഡീലർമാരോ വിലകുറഞ്ഞ ടയർ ഇറക്കുമതി ചെയ്യാൻ ശ്രമിക്കില്ല. പരിചയമുള്ള കമ്പനികളുടെ ടയറിനെയാണ് നമുക്ക് വിശ്വാസം. അവരുടെ ടയറിനു കൂടുതൽ മികവ് ഉണ്ട് എന്ന് നമ്മൾ കരുതുന്നു. പരസ്യം കാരണമായിരിക്കാം നമുക്ക് തോന്നുന്നത്. എന്തായാലും ടയർ നിർമാതാക്കൾ തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് ഉപഭോക്താക്കൾക്ക് തോന്നുന്നത് കൊണ്ട് ടയർ നിർമാതാക്കളുടെ വിലയിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും നിർമാതാക്കൾ തമ്മിൽ നിരന്തരം മത്സരിച്ചു വില കുറക്കാൻ ശ്രമിക്കില്ല.അതേ പോലെ ഷൂസ്,ടൂത്പേസ്റ്റ്, കാർ, മുതലായവയുടെ നിർമാതാക്കൾ തമ്മിൽ അത്ര മത്സരം ഇല്ല. വിദേശത്തു ഇവ കുറഞ്ഞ വിലക്ക് ലഭിക്കുകയാണെങ്കിലും നാം ഇറക്കുമതി ചെയ്യാൻ ശ്രമിക്കില്ല. നല്ല വില ലഭിക്കുന്നത് കൊണ്ട് ടയർ നിർമാതാക്കൾക്ക് കൂടുതൽ ലാഭം ലഭിക്കുന്നു.

അസംസ്കൃത വസ്തുക്കളും ഉപഭോഗ സാധനങ്ങളും തമ്മിൽ വിലയിൽ ഈ അന്തരം കാരണം അസംസ്കൃത വസ്തുക്കളുടെ നിർമാതാക്കൾക്കും അസംസ്കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾക്കും പരിമിതമായ ലാഭം മാത്രമേ ലഭിക്കുകയുള്ളൂ. പക്ഷെ ഉപഭോഗ സാധനങ്ങളുടെ നിർമാതാക്കൾക്കും ഉപഭോഗ സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾക്കും ധാരാളം ലാഭം കൊയ്യാം.

പക്ഷെ സമ്പന്ന രാജ്യമായ അമേരിക്കയിൽ ധാരാളം കൽക്കരിയും ഇരുമ്പും ഉത്പാദിപ്പിക്കുന്നുണ്ടല്ലോ? ഇത്തരം പ്രകൃതി വിഭവങ്ങൾ കാരണം അമേരിക്കയുടെ സമ്പത്തു വർദ്ധിക്കുകയല്ലേ ചെയ്യുന്നത് ?ന്യായമായും ഉയരാവുന്ന ചോദ്യമാണ് ഇത്. വാസ്തവത്തിൽ അമേരിക്കയിൽ കൽക്കരി ഉത്പാദിപ്പിക്കുന്ന വെസ്റ്റ് വിർജീനിയ സംസ്ഥാനവും ഇരുമ്പ് ഉത്പാദിപ്പിക്കുന്ന മിന്നെസോട്ട സംസ്ഥാനവും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ ആണ്. ഇന്ത്യയിൽ ഛത്തീസ്ഗഡ് – ഒറീസ എന്നിവ പോലെ തന്നെ. അമേരിക്കയിൽ വ്യവസായങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനങ്ങളും (ടെക്സസ് – ഇല്ലിനോയി), സേവന രംഗം (services sector) കൂടുതൽ ഉള്ള സംസ്ഥാനങ്ങളും (ന്യൂ യോർക്ക് – കാലിഫോർണിയ) ആണ് അവയേക്കാൾ ബഹുദൂരം മുന്നിട്ടു നിൽക്കുന്നത്.

വിലക്കയറ്റവും ഇറക്കവും

പ്രകൃതി വിഭവങ്ങളുടെ മറ്റൊരു പ്രത്യേകത ആണ് വിലയിൽ ഉണ്ടാകുന്ന വൻ കയറ്റവും ഇറക്കവും. ഉദാഹരണത്തിന് 1998 മുതൽ 2008 കാലത്തു ക്രൂഡ് ഓയിലിന്റെ വില 10 ഡോളറിൽ നിന്ന് 150 ഡോളർ വരെയായി, അതിനു ശേഷം വില ഇടിഞ്ഞു 25 ഡോളർ ആയി. 1970-കളിൽ എണ്ണവില നാലിരട്ടി കൂടി, 1980-കളിൽ എണ്ണവില മൂന്നിലൊന്ന് ആയി ഇടിഞ്ഞു.

സപ്ലൈ – ഡിമാൻഡ് അന്തരം മൂലം ആണ് വിലയിൽ ഇത്തരം വ്യതിയാനം ഉണ്ടാകുന്നത്. ചരക്കിന്റെ വില കൂടുമ്പോൾ പുതിയ നിർമാതാക്കൾ രംഗത്ത് എത്തുന്നു, പുതിയ എണ്ണ റിഫൈനറികളും കൽക്കരി ഖനികളും തുടങ്ങുന്നു, അതോടെ സപ്ലൈ ഗണ്യമായി വര്‍ദ്ധിക്കുന്നു. പക്ഷെ ഡിമാൻഡ് അത്ര വർധിക്കുന്നില്ല, അതുകൊണ്ടു വില തുടർച്ചയായി ഇടിയുന്നു, നിർമാതാക്കൾക്ക് നഷ്ടം ഉണ്ടാകുന്നു. അവസാനം ചില നിർമാതാക്കൾ പാപ്പരായി അടച്ചു പൂട്ടുന്നത് വരെ വിലയിടിവ് തുടരും. അതിനു ശേഷം ഓരോ വർഷവും ഡിമാൻഡ് വർധിക്കുന്നു, പക്ഷെ സപ്ലൈ അത്ര വർധിക്കുന്നില്ല. അതുകൊണ്ടു വില തുടർച്ചയായി ഉയരുന്നു, നിർമാതാക്കൾക്ക് ലാഭം ഉണ്ടാകുന്നു. പിന്നെയും പിന്നെയും നടക്കുന്ന ഈ വിലക്കയറ്റത്തിനും വിലയിറക്കത്തിനും ഉള്ള പേരാണ് “ചരക്കു ചക്രം” (commodity cycle).

വിലക്കയറ്റം ഉണ്ടാകുമ്പോൾ പ്രകൃതി വിഭവങ്ങൾ ഉള്ള രാജ്യങ്ങൾക്കു ധാരാളം പണം ലഭിക്കുന്നു എന്നതു നേരാണ്. പക്ഷെ വിലക്കുറവ് ഉണ്ടാകുമ്പോൾ അവയ്ക്കു വൻ നഷ്ടവും ഉണ്ടാകുന്നു. ദീർഘകാല അടിസ്ഥാനത്തിൽ നോക്കിയാൽ പ്രകൃതി വിഭവങ്ങൾ ഉള്ള രാജ്യങ്ങളിൽ ദുർബലമായ സാമ്പത്തിക വളർച്ച മാത്രമേ ഉണ്ടാകുന്നുള്ളൂ. വളരെയധികം വിഭവ സമ്പത്തു ഉണ്ടായിട്ടും ആ രാജ്യങ്ങൾക്കു പ്രത്യേകിച്ച് ഗുണം ലഭിക്കുന്നില്ല.

ഉപഭോഗ വസ്തുക്കൾ ഉണ്ടാക്കുന്ന സംസ്ഥാനങ്ങൾ ഇത്തരം വിലക്കയറ്റവും വിലയിറക്കവും നേരിടുന്നില്ല. ഉദാഹരണത്തിന് ഇരുമ്പിന്റെ വില കൂടുകയോ കുറയുകയോ ചെയ്താലും കാറിന്റെ വില കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ഇരുമ്പു ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾ വളർച്ചയും തകർച്ചയും അനുഭവിച്ചു കാര്യമായ സാമ്പത്തിക വളർച്ച ഇല്ലാതെ മുരടിക്കുന്നു. അതേ സമയം കാർ നിർമാണം നടക്കുന്ന പ്രദേശങ്ങൾ താരതമ്യേന കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുന്നു. അതേ പോലെ വെളിച്ചെണ്ണയുടെ വില കൂടുകയോ കുറയുകയോ ചെയ്താലും സോപ്പിന്റെ വില കാര്യമായി കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. തെങ്ങുകൃഷി വ്യാപകമായുള്ള കേരളത്തിൽ കാര്യമായ വളർച്ച ഇല്ലെങ്കിലും താരതമ്യേന കൂടുതൽ വളർച്ച ഉള്ളത് സോപ്പ് നിർമാണം ഉള്ള പ്രദേശങ്ങൾ ആണ്.

നാണയ കയറ്റം അഥവാ “ഡച്ച് അസുഖം”

പ്രകൃതി വിഭവങ്ങൾ ധാരാളം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ കറൻസിയുടെ കുതിച്ചു കയറ്റം കാരണം ഉണ്ടാകുന്ന സാമ്പത്തിക മുരടിപ്പിനെയാണ് “ഡച്ച് അസുഖം” (Dutch Disease) എന്ന് പറയുന്നത്. ഒരു രാജ്യത്തു എണ്ണയോ മറ്റു പ്രകൃതി വിഭവങ്ങളോ കണ്ടെത്തിയാൽ മറ്റു മേഖലകളിൽ വികസനമല്ല, മുരടിപ്പാണ് ഉണ്ടാകുന്നത്. ഇറാൻ, റഷ്യ, വെനിസുവേല, ട്രിനിഡാഡ് എന്നിവിടങ്ങളിൽ എണ്ണ കയറ്റുമതി വർധിച്ചതിന് ഒപ്പം മറ്റു വ്യവസായങ്ങൾ മുരടിച്ചു എന്നാണു കാണുന്നത്.

“A large increase in natural resource revenues can hurt other sectors of the economy, particularly export-based manufacturing, by causing inflation or exchange rate appreciation and shifting labor and capital from the non-resource sector to the resource sector (see revenue management reader). This is known as “Dutch disease.”

www.resourcegovernance.org/sites/default/files/nrgi_Resource-Curse.pdf

ഒരു സാങ്കല്പിക ഉദാഹരണം എടുക്കാം. വർഷങ്ങളായി കമ്പ്യൂട്ടർ സോഫ്റ്റ്വെയർ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിൽ വമ്പിച്ച എണ്ണ നിക്ഷേപം കണ്ടെത്തുകയും വൻ തോതിൽ എണ്ണ കയറ്റുമതി ഉണ്ടാകുകയും ചെയ്തു എന്ന് കരുതുക. വൻ കയറ്റുമതി കാരണം രൂപയുടെ വിനിമയ നിരക്ക് (currency rate) 1 ഡോളറിനു 65 രൂപ എന്ന പഴയ നിരക്കിൽ നിന്ന് ഉയർന്നു 1 ഡോളറിനു 45 രൂപ എന്ന പുതിയ നിരക്ക് ആയി എന്ന് കരുതുക. അതോടെ എണ്ണ കമ്പനികളുടെ ലാഭം കുറയുമെങ്കിലും അവയ്ക്കു നഷ്ടം ഉണ്ടാവില്ല. പക്ഷെ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ രംഗത്ത് പ്രതിസന്ധി ഉണ്ടാകും,കയറ്റുമതി നഷ്ടത്തിലാകും, കമ്പനികൾ അടച്ചു പൂട്ടേണ്ടി വരും.

അഭാവത്തിൽ നിന്ന് വികസനം (innovation) ഉണ്ടാകുന്നു

എന്ത് കൊണ്ട് ചില രാജ്യങ്ങൾ ചില വസ്തുക്കളുടെ നിർമാണത്തിൽ മുന്നിട്ടു നിൽക്കുന്നു എന്നതിനെ കുറിച്ച് ഹാർവാർഡ് സർവകലാശാല പ്രൊഫസർ മൈക്കൾ പോർട്ടർ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് “Competitive Advantage of Nations” എന്ന പുസ്തകം. ഉദാഹരണത്തിന് പ്രിന്റിംഗ് പ്രസ്സിലെ യന്ത്രങ്ങൾ നിർമിക്കുന്നതിൽ ജർമ്മനി മുന്നിട്ടു നിൽക്കുന്നു, മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ അമേരിക്കയും, സിറാമിക് ടൈൽ നിർമാണത്തിൽ ഇറ്റലിയും, റോബോട്ടിക്‌സ് രംഗത്ത് ജപ്പാനും, മുന്നിട്ടു നിൽക്കുന്നു.

എന്തുകൊണ്ടാണ് ചില പ്രദേശങ്ങൾ മുന്നിട്ടു നിൽക്കുന്നത് എന്ന് പരിശോധിച്ച പ്രൊഫസർ മൈക്കൾ പോർട്ടർ കണ്ടെത്തിയത് അന്താരാഷ്‌ട്ര രംഗത്ത് ഒരു രാജ്യത്തിന് മുൻ‌തൂക്കം ലഭിക്കാൻ നാല് പ്രധാന കാരണങ്ങൾ ആണ് –

  1. നിർമാതാക്കളുടെ മേൽ ഉപഭോക്താക്കൾ ചെലുത്തുന്ന സമ്മർദം (demand conditions).
  2. അനുബന്ധ വ്യവസായങ്ങൾ (related and supporting industries).
  3. തൊഴിലാളികളുടെ പ്രത്യേക വൈദഗ്ധ്യം (factor conditions).
  4. നിർമാതാക്കൾ തമ്മിൽ മത്സരം (firm strategy, structure and rivalry).

കൗതുകകരം എന്ന് പറയട്ടെ, ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ള പ്രദേശത്തു അന്താരാഷ്‌ട്ര മികവ് ഉണ്ടാകില്ല എന്നാണ് പ്രൊഫസർ മൈക്കൾ പോർട്ടർ. നേരെ മറിച്ചു, പ്രകൃതി വിഭവങ്ങൾ കുറവായ സ്ഥലങ്ങളിൽ ആണ് കൂടുതൽ ഗവേഷണവും കണ്ടുപിടിത്തവും നൂതനാവിഷ്കാരവും സാമ്പത്തിക വളർച്ചയും കാണുന്നത്. ചില ഉദാഹരണങ്ങൾ പരിശോധിക്കാം.

ഇറ്റലിയിലെ ബ്രെസ്സിയ എന്ന പ്രദേശത്തെ സ്റ്റീൽ നിർമാതാക്കൾക്ക് വേണ്ടത്ര പ്രകൃതി വിഭവങ്ങൾ ലഭ്യമല്ലായിരുന്നു. അതിനാൽ അവർ മിനി സ്റ്റീൽ മിൽ എന്ന പുത്തൻ ടെക്നോളജി വികസിപ്പിച്ചു,അതുവഴി സാമ്പത്തിക വളർച്ച കൈവരിച്ചു.

“… they pioneered technologically advanced minimills that require only modest capital investment, use less energy, employ scrap metal as the feedstock, are efficient at small scale, and permit producers to locate close to sources of scrap and end-use customers.”

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതു കാരണം സ്വിറ്റ്സർലൻഡിൽ ഫാക്ടറികൾ വൻ തോതിൽ യന്ത്രവൽക്കരണം പിന്തുടർന്നു, അതുവഴി സാമ്പത്തിക വളർച്ച കൈവരിച്ചു.

“Switzerland, the nation that experienced the first labor shortages after World War II, is a case in point. Swiss companies responded to the disadvantage by upgrading labor productivity and seeking higher value, more sustainable market segments. Companies in most other parts of the world, where there were still ample workers, focused their attention on other issues, which resulted in slower upgrading.”

തൊഴിലാളികൾക്കു ഉയർന്ന ശമ്പളം നൽകേണ്ടതിനാൽ അമേരിക്കൻ ഇലക്ട്രോണിക്സ് കമ്പനികൾ ചിലവ് ചുരുക്കാൻ നിർമാണം കിഴക്കൻ ഏഷ്യയിലെ കമ്പനികൾക്ക് കൈമാറി (outsourcing). ക്രമേണ അമേരിക്കൻ കമ്പനികൾ മുരടിച്ചു പോകുകയും നിർമാണം നിർത്തുകയും ചെയ്തു. അതേ സമയം ഉയർന്ന ശമ്പളം നൽകേണ്ടതിനാൽ ജപ്പാനിലെ കമ്പനികൾ യന്ത്രവൽക്കരണം പിന്തുടർന്നു. ജപ്പാനിലെ കമ്പനികൾ വൻ വിജയം കണ്ടെത്തി, പിന്നീട് അവർ അമേരിക്കയിൽ നിർമാണം തുടങ്ങി.

“U.S. consumer-electronics companies, faced with high relative labor costs, chose to leave the product and production process largely unchanged and move labor-intensive activities to Taiwan and other Asian countries. Instead of upgrading their sources of advantage, they settled for labor-cost parity. On the other hand, Japanese rivals, confronted with intense domestic competition and a mature home market, chose to eliminate labor through automation. This led to lower assembly costs, to products with fewer components and to improved quality and reliability. Soon Japanese companies were building assembly plants in the United States—the place U.S. companies had fled.”

https://hbr.org/1990/03/the-competitive-advantage-of-nations