എട്ട് വയസ് പൂർത്തിയായ ഒറ്റക്കുട്ടിയും എഴുത്തും വായനയും അറിയാത്തതായി തിരുവിതാംകൂറിൽ ഉണ്ടാകരുത് എന്ന് രാജാവ് സ്വാതി തിരുനാളിന്റെ (1813-1846) കൽപ്പനയെ പ്രകീർത്തിച്ച് 1841ൽ ഇംഗ്ലണ്ടിലെ ഗാർഡനർ മാസിക എഴുതിയിരുന്നു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഇടപെടലുകൾ, കമ്മ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവകൊണ്ട് വിദ്യാഭ്യാസ കാര്യത്തിൽ വളരെ മുന്നേറിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇക്കാര്യത്തിൽ കേരളത്തിന്റെ നാലയലത്ത് എത്തിയിരുന്നുമില്ല.

പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നോർവ്വെ, സ്വീഡൻ പോലുള്ള ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾക്ക് സമാനമായ സൂചികകൾ കേരളം കൈവരിച്ചിരുന്നു. ജനിച്ച് വീഴുന്ന എല്ലാകുഞ്ഞുങ്ങളും ഒന്നാം ക്ളാസിൽ ചേരുകയും ( എൻറോൾമെന്റ്) ഒന്നുമുതൽ നാലുവരെ ഒറ്റക്കുട്ടിയും കൊഴിഞ്ഞുപോകാതിരിക്കുകയും(ഡ്രോപ്പ് ഔട്ട്) ചെയ്യുക എന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളം കൈവരിച്ചിരുന്നു. ആഗോള വികസന ചർച്ചകളിൽ കേരളാമോഡൽ വികസനം എന്ന വിശേഷണത്തിന്റെ അടിസ്ഥാനം പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലായിട്ടും പ്രാഥമിക ആരോഗ്യത്തിന്റെയും പ്രൈമറിവിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം കൈവരിച്ച മുന്നേറ്റമായിരുന്നു.

മികച്ച പാഠപുസ്തകങ്ങളും നല്ല അധ്യാപകരും ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ കുട്ടികൾക്ക് കിട്ടിയിരുന്നു. പത്താം ക്ളാസിൽ ഉയർന്ന മാർക്കുവാങ്ങി ജയിക്കുന്നവർ ടി ടി സി പൂർത്തിയാക്കി പ്രാഥമിക വിദ്യാലയങ്ങളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കുന്ന പ്രവണത നിലനിന്നതിനാൽ അടിസ്ഥാനപാഠങ്ങൾ തന്റേടത്തോടെ പഠിപ്പിക്കാൻ കഴിവുള്ളവരായിരുന്നു അധ്യാപകർ. എന്നിട്ടും എസ്എസ് എൽ സി പരീക്ഷയിൽ 50 ശതമാനത്തോളമായിരുന്നുവിജയം. നന്നായി പഠിച്ചാൽ മാത്രമെ പത്താം ക്ളാസിൽനിന്ന് ജയിക്കാൻ കഴിയു എന്നതായിരുന്നു അവസ്ഥ. എസ് എസ് എൽ സി തോൽക്കുന്നവർക്ക് വേണ്ടി നാട്ടിലെമ്പാടും ട്യൂട്ടോറിയൽ കോളജുകൾ ഉണ്ടായി. രണ്ടും മൂന്നും തവണ എഴുതിയിട്ടാണെങ്കിലും എസ് എസ് എൽ സി പരീക്ഷ ജയിച്ചവർ എന്തെങ്കിലും ജോലികളിൽ പ്രവേശിച്ച് ജീവിതം ഭദ്രമാക്കി.

ഡി പി ഇ പി വരുന്നു

ഈ സാഹചര്യത്തിലാണ് 1994ൽ ജില്ലാപ്രൈമറി വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നത്.1991ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നരസിംഹറാവു സർക്കാർ ലോകബാങ്കിനെ സമീപിച്ചത്. ഘടനാക്രമീകരണപദ്ധതി( Structural Adjustment Programme- SAP) പ്രകാരം വായ്പ നൽകാൻ ലോകബാങ്കും ഐ എം എഫും തയ്യാറായി. പക്ഷെ കർശന വ്യവസ്ഥകളാണ് എസ് എ പി വായ്പയുടെ പ്രത്യേകത. അതനുസരിച്ച് വിദ്യാഭ്യാസം.ആരോഗ്യം തുടങ്ങിവ മേഖലകളിൽ പണം ചെലവഴിക്കുന്നതിൽ സർക്കാരിന് നിയന്ത്രണം വന്നു. ഇന്ത്യയിലെ പ്രൈമറി വിദ്യാഭ്യാസരംഗം പരിഷ്ക്കരിക്കാൻ ദീർഘകാല വായ്പതരാൻ ലോകബാങ്ക് തയ്യാറായി.1991 മാർച്ച് എട്ട്.ഒൻപത് തിയ്യതികളിൽ ദൽഹിയിലെ ജാമിയ ഹാംദാർദ് സർവ്വകലാശായയിൽ ചേർന്ന കേബ് യോഗത്തിൽ ( Central Advisory Board of Education) വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് ലോകബാങ്ക് വായ്പ സ്വീകരിക്കുന്ന കാര്യം ചർച്ചയ്ക്കുവന്നു. വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് വിദേശ വായ്പ്പ സ്വീകരിക്കുന്നതിന്റെ അപകടത്തെപ്പറ്റി ദീർഘകാലം യുനസ്കോയിൽ പ്രവർത്തിച്ചിരുന്ന പ്രഖ്യാത വിദ്യാഭ്യാസ വിദഗ്ധൻ മാൽക്കം ആദിശേഷയ്യ യോഗത്തിൽ മുന്നറിയിപ്പുനൽകി. അന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിലും വായ്പ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയി.

1994 ഡിസംബർ 24ന് കേന്ദ്രസർക്കാരും എട്ട് സംസ്ഥാനങ്ങളും ലോകബാങ്കുമായി ഡി പി ഇ പി കരാറുകളിൽ ഒപ്പിട്ടു. എല്ലാതീരുമാനങ്ങളും കൈക്കൊള്ളുക ലോകബാങ്കിന്റെ സോഫ്റ്റ്ലോൺ ശാഖയായ ഐ ഡി എ ( International Development Association) ആയിരിക്കും എന്നാണ് കരാറിൽ പറയുന്നത്. സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ല.ഡി പി ഇ പി പ്രകാരം പഠിപ്പിക്കേണ്ട കരിക്കുലത്തിന്റെ മൂല രൂപം ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവി ജോൺമിഡിൽട്ടനാണ് തയ്യാറാക്കിയത്. ഇന്ത്യയും ബ്രസീലുമുൾപ്പെടെ 20ഓളം രാജ്യങ്ങളിൽ ലോകബാങ്കിന്റെ വിദ്യാഭ്യാസ പ്രവരത്തനങ്ങൾക്ക് അടിസ്ഥാനമാക്കിയത് മിഡിൽട്ടന്റെ സിദ്ധാന്തങ്ങളാണ്.

അറിവിനു പകരം വൈദഗ്ധ്യമാണ് വളരത്തിയെടുക്കേണ്ടത് എന്നതാണ് മിഡിൽട്ടന്റെ സിദ്ധാന്തത്തിന്റെ കാതൽ. എട്ട് സംസ്ഥാനങ്ങളിൽ തുടങ്ങാൻ തീരുമാനിച്ച ഡി പി ഇ പിയുടെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചത് കേരളത്തിലാണ്. കരിക്കുലത്തിൽ ഇടപെടാൻ ‘എഡ്സിൽ’ (Educational Consultants India Ltd) എന്ന സ്ഥാപനത്തെയാണ് ലോകബാങ്ക് നിശ്ചയിച്ചത്. വിവിധ രാജ്യങ്ങളിൽ ലോകബാങ്കിന്റെ കൺസൽട്ടൻസായി എഡ്സിൽ പ്രവർത്തിക്കുന്നുണ്ട്. എഡ്സിലിന്റെ മേധാവി സുബീർ ശുക്ളയുടെ നേതൃത്വത്തിൽ ഒരുസംഘം അക്കാദമിക പ്രവർത്തനങ്ങളിൽ ഇടപെടാൻ കേരളത്തിൽ എത്തി. തിരുവനന്തപുരത്തും ആക്കുളത്തും കോവളത്തുമെല്ലാം സുബീർശുക്ള പുതിയ വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു.

കുട്ടികൾ അക്ഷരമല്ല ആദ്യം പഠിക്കേണ്ടത്. ആശയമാണ് എന്ന് ശുക്ള പറഞ്ഞു. ആശയത്തിൽനിന്ന് പതുക്കെ അക്ഷരങ്ങളിൽ എത്തിയാൽ മതി. തറ,പറ എന്നിങ്ങനെ ചെറിയ വാക്കുകളും ലളിത അക്ഷരങ്ങളും പഠിച്ച് വന്നവർ നെറ്റിചുളിച്ചു. കുട്ടികൾ അക്ഷരമെഴുതുമ്പോൾ തെറ്റിയാൽ തിരുത്തേണ്ടതില്ല എന്നായിരുന്നു മറ്റൊരു നിർദ്ദേശം. ഗുണനപ്പട്ടിക കാണാപ്പാഠമാക്കേണ്ടതില്ല എന്നും ക്ളാസ് മുറികളിൽ കുട്ടികൾ നിലവാരപ്പെട്ട ഭാഷയക്കുപകരം ഗ്രാമ്യഭാഷയാണ് സംസാരിക്കേണ്ടത് എന്നും സ്ഥാപിച്ചു. എഴുത്തു പരീക്ഷയക്കു പകരം നിരന്തരമൂല്യനിർണയം (Continuous Evaluation) കൊണ്ടുവരണം എന്നും പറഞ്ഞു. അധ്യാപകർ പഠിപ്പിക്കേണ്ടതില്ല. കുട്ടികൾ സ്വയം അറിവുനിർമ്മിക്കും. അധ്യാപകൻ ഒരു സഹായി (ഫെസിലിറ്റേറ്റർ) ആയാൽ മതി.

വർഷങ്ങളായി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചുക്കാൻ പടിച്ചിരുന്ന ഡോ. കെ സോമനെപ്പോലുള്ള വർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഈ യാത്ര ഇരുട്ടിലേക്കാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഡി പി ഇ പിയുടെ ഗവേണിങ് ബോഡിയിൽ നിന്ന് രാജിവെച്ചു. അടുത്തൂൺ പറ്റിയ ഫോസിലുകളുടെ ജൽപ്പനങ്ങളാണ് എന്ന് ഡി പി ഇ പി വക്താക്കൾ ഡോ.സോമനേയും മറ്റും അധിക്ഷേപിച്ചു.

1994ൽ കേരളം ഭരിച്ചിരുന്നത് കെ കരുണാകരന്റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാരായിരുന്നു. ഇ ടി മുഹമ്മദ് ബഷീറായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഡി പി ഇ പിയുടെ അപകടം കേരള സമൂഹത്തോട് ആദ്യം വിളിച്ചുപറഞ്ഞത് കേരളാ ശാസ്ത്ര സാഹിത്യപരിഷത്താണ്. 1994ൽ പ്രസിദ്ധീകരിച്ച ‘ പുത്തൻ സാമ്പത്തിക നയവും വിദ്യാഭ്യാസവും’ എന്ന ലഘുലേഖയിൽ ഡി പി ഇ പി നടപ്പാക്കിയാൽ വിദ്യാഭ്യാസ കാര്യത്തിൽ നാം നേടിയതൊക്കെ നഷ്ടപ്പെടും എന്ന് പരിഷത്ത് മുന്നറിയിപ്പു നൽകി.

1996ൽ ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽവന്നു. പി ജെ ജോസഫ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി . ഡി പി ഇ പിയുടെ നടത്തിപ്പ് ചുമതല പരിഷത്ത് തന്നെ ഏറ്റെടുക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. പാഠ പുസ്തകം മാറ്റിയത് അതിനുശേഷമാണ്. പ്രതിഷേധങ്ങൾ പലയിടത്തുനിന്നും വന്നെങ്കിലും പരിഷത്തും കെ എസ് ടി എ എന്ന അധ്യാപക പ്രസ്ഥാനവും കൂടി അതിനെ നേരിട്ടു.

ഡി പി ഇ പി ഏഴുവർഷത്തെ പ്രോജക്ടായിരുന്നു. അതുകഴിഞ്ഞപ്പോൾ എസ് എസ് എയും ( സർവ്വ ശിക്ഷാ അഭിയാൻ) ആർ എം എസ് എയും വന്നു ( രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ) വന്നു.ഇപ്പോൾ കോളേജുകളിൽ റൂസ (രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ ) എന്ന പരിഷ്ക്കാരം നടക്കുകുയാണ്. ഇതിന്റെ എല്ലാം ഫണ്ട് നൽകുന്നത് ലോകബാങ്കാണ്.

ബാക്കി പത്രം.

ഡി പി ഇ പി നടപ്പാക്കി 20വർഷം പൂർത്തിയാകുമ്പോൾ അതിന്റെ ലാഭനഷ്ടങ്ങൾ പരിശോധിക്കാം. പരിഷത്ത് മുന്നറിയിപ്പ് നൽകിയതുപോലെ സംഭവിച്ചിരിക്കുന്നു. വിദ്യാഭ്യാസ കാര്യത്തിൽ നാം നേടിയതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. പത്താം ക്ളാസിൽ 99 ശതമാനം കുട്ടികളും ജയിക്കുന്നുണ്ട്. പക്ഷെ എപ്ളസ് നേടി ജയിക്കുന്ന പലർക്കും മാതൃഭാഷയിൽ തെറ്റുകൂടാതെ ഒരു വാക്യം എഴുതാൻ കഴിയുന്നില്ല. പരീക്ഷ എഴുതുന്ന കുട്ടികൾ മുഴുവൻ ജയിക്കുന്നത് നല്ലകാര്യമാണ്. പക്ഷെ അത് പഠിച്ചിട്ടായിരിക്കണം. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിജയമാണ് എസ് എസ് എൽ സിയിൽ ഇപ്പോൾ നടക്കുന്നത്.

നിരന്തരമൂല്യനിർണ്ണയം

വലിയ തട്ടിപ്പാണിത്. ഒരടിസ്ഥാനവുമില്ലാതെ 130 മാർക്കുവരെ വെറുതെ കൊടുക്കുന്നു. ജയിക്കാൻവേണ്ടത് 180മാർക്ക്.50മാർക്കിന്റെ ഒരു പേപ്പറിന് 10മാർക്ക് നിരന്തരമൂല്യനിർണ്ണയംവഴി ലഭിക്കും.15മാരക്കാണ് ജയിക്കാൻവേണ്ടത്.ഒരു ചോദ്യത്തിന്റെ നമ്പർ എഴുതിയാൽ അരമാർക്കെങ്കിലും കൊടുക്കണം എന്ന നിർദ്ദേശമുണ്ട്. കാരണം കുട്ടി ഉത്തരമെഴുതാൻ ശ്രമിച്ചിട്ടുണ്ട്.
പത്ത് ചോദ്യനമ്പറെഴുതിയാൽ അഞ്ച് മാർക്കുകിട്ടും. കുട്ടി ഒരു പ്രയാസവുമില്ലാതെ ഡി പ്ലസ് ഗ്രേഡ്നേടി ജയിക്കും.കഴിഞ്ഞവർഷം ജയിച്ചവർക്കു മാത്രമല്ല തോറ്റവർക്കുംകിട്ടി 130മാർക്ക്.
2006വരെ ജയിക്കാൻ 35ശതമാനം മാർക്ക് വേണമായിരുന്നു. അതിനുശേഷമാണത് 30ആക്കിയത്.അതിനുപുറമെ പലവിധ ഗ്രേസ്മാരക്കുകൾ, ശാരീരിക വൈകല്യമുള്ള ഐ.ഇ.ഡി വിഭാഗത്തിന് വേറെ ആളെ വെച്ച പരീക്ഷ എഴുതിക്കാം .അവരുടെ എണ്ണം കൂടിവരികയാണ്.അങ്ങനെപരീക്ഷ എഴുതി എ പ്ലസ്നേടിയവരുണ്ട്.

നിലവാരത്തകർച്ച

ഡി പി ഇ പി നടപ്പിലാക്കിയതിന്റെ ഫലമായി വിദ്യാർഥികളുടെ അക്കാദമിക നിലവാരം തകർന്ന് നെല്ലിപ്പടിയിലെത്തി എന്നാണ് എല്ലാ സർവ്വെഫലങ്ങളും സൂചിപ്പിക്കുന്നത്.
നാഷണൽ അച്ചീവമെന്റസർവ്വെ എസ് എസ് എയും( സർവ്വ ശിക്ഷാ അഭിയാൻ) എൻ സി ഇ ആർ ടി( National Council of Educational Research and Training)യും ചേർന്ാണ് ഈ സർവ്വെ നടത്തുന്നത്. 2014ൽ കേരളം മൂന്നാം ക്ളാസിലെ ഗുണനത്തിന്റെ കാര്യത്തിൽ 25-ാം സ്ഥാനത്താണ്. ‘ഗുണനപ്പട്ടിക പഠിക്കേണ്ടതില്ല, ‘അത് ജീവിത സന്ദർഭങ്ങളിൽ നിന്ന് കുട്ടി പഠിയും” എന്ന് സിദ്ധാന്തിച്ചതിന്റെ ഫലം. ഹരണത്തിൽ കേരളത്തിന് 21-ാം സ്ഥാനം.

വ്യവകലനത്തിൽ( സബ്ട്രാക്ഷൻ) ഒന്നാംസ്ഥാനത്ത് കർണ്ണാടകം. കേരളം 17-ാം സ്ഥാനത്ത്.
നാഷണൽ അച്ചീവ്മെന്റ് സർവ്വെ 2012 ൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ കുട്ടികളുടെ സർവ്വെ ഫലവും വ്യത്യസ്തമല്ല .ഗണിതം,ഭാഷ, എൻവയൺമെന്റൽ സയൻസ് എന്നിവയിലാണ് സർവ്വെ നടത്തിയത്.

ഭാഷയുടെ കാര്യത്തിൽ വായനയിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്.500ൽ 282 സേ്കാർ ആണ് യു പി നേടിയത്. കേരളം തമിഴ്നാടിനും പുറകിലായി. ഗണിതത്തിൽ 298 സേ്കാറുമായി യു പി തന്നെ മുന്നിൽ. തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്- 279.കേരളത്തിന് കിട്ടിയത് 244.

ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്

”’പ്രഥം” എന്ന എൻ. ജി. ഒ. നടത്തുന്നതാണ് ‘അസർ’ 2005 മുതൽ 2015വരെയുള്ള അസർ പരിശോധിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അനുക്രമമായി കുറയുന്നതിന്റെ യഥാർഥചിത്രം ലഭിക്കും. കേന്ദ്ര ആസൂത്രണകമ്മീഷൻ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അപ്രോച്ച് പേപ്പറിന് ഉപയോഗിച്ച സുപ്രധാന രേഖകളിലൊന്ന് അസർ ആയിരുന്നു. 2011-12 ലെ ഇക്കണോമിക് സർവ്വെയ്ക്കും 2011ലെ ലോക ബാങ്കിന്റെ ഫാസ്റ്റ് ട്രാക്ക് ഇനീഷ്യേറ്റീവിനും ഇത് അടിസ്ഥാനമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏഴു ലക്ഷം പ്രൈമറി കുട്ടികളിലാണ് ‘പ്രഥം’ സർവ്വെ നടത്തിയത്. 25000 വളണ്ടിയർമാർ 570ഗ്രാമീണജില്ലകളിൽ മൂന്നുലക്ഷം വീടുകളിൽ സർവ്വെനടത്തി. കേരളത്തിൽ 14 ജില്ലകളിൽ 347 സ്ക്കൂളുകൾ സന്ദർശിച്ചിരുന്നു.
2014ലെ അസർ റിപ്പോർട്ടിൽ നിലവാരത്തകർച്ച കേരളത്തിൽ രൂക്ഷമാകുകയാണ് എന്നാണ് പറയുന്നത്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന മൂന്നിലൊന്ന് വിദ്യാർഥികൾക്കും രണ്ടാം ക്ലാസിലെ പാഠങ്ങൾ വായിക്കാൻ അറിയില്ല .അഞ്ച്വർഷം മുമ്പ് ഇത് നാലിൽ ഒന്നായിരുന്നു. നാലാം ക്ലാസിലെ 25 ശതമാനത്തിനും ഒന്നാം ക്ലാസിലെ പാഠങ്ങൾ വായിക്കാൻ അറിയില്ല.അഞ്ചാം ക്ലാസിലെ 60.7ശതമാനത്തിനും മൂന്നക്കസംഖ്യയെ ഒറ്റയക്കം കൊണ്ട് ഹരിക്കാൻ കഴിയില്ല.സർക്കാർ സ്ക്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 25 ശതമാനത്തിനു മാത്രമേ ഹരിക്കാൻ അറിയുകയുള്ളു.

2012ലെ റിപ്പോർട്ടനുസരിച്ച്കേരളത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 21.4ശതമാനം കുട്ടികൾക്ക് രണ്ടാം ക്ലാസിലെ പാഠങ്ങൾ വായിക്കാനറിയില്ല.65.2 ശതമാനത്തിന് മുന്നാം ക്ലാസിലെ പാഠങൾ വായിക്കാൻ അറിയില്ല. ഈ പഠനത്തിന് ലളിതരീതിയാണ് അവലംബിച്ചത്.സാധാരണ ഉപയോഗിക്കുന്ന അക്ഷരങ്ങളും വാക്കുകളും,ഒന്നാം ക്ലാസ് ടെക്സറ്റിലെ നാലോ അഞ്ചോ വാക്കുകളുള്ള ചെറിയ വാക്യങ്ങൾ, രണ്ടാം ക്ലാസിലെ ഏഴുമുതൽ 10വരെ വാക്യങ്ങളുള്ള ചെറിയ കഥകൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു അസർ നിലവാര പരിശോധന.

പഞ്ചാബിലേയും ഹിമാചൽ പ്രദേശിലേയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന71മുതൽ 80ശതമാനം വരെകുട്ടികൾക്ക് രണ്ടാം ക്ലാസിലെ പാഠങ്ങൾ തെറ്റുകൂടാതെ വായിക്കാൻ കഴിയും. എന്നാൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ 61ശതമാനത്തിനും 70ശതമാനത്തിനും ഇടയിലെ കുട്ടികൾക്കേ ഇതിനു കഴിയൂ എന്നാണ് അസർ പറയുന്നത്. അഞ്ചാം ക്ലാസിലെ 50 ശതമാനത്തിൽ തഴെ കുട്ടികൾക്ക് മാത്രമാണ് കേരളത്തിൽ ഹരണക്രിയ ചെയ്യാൻ കഴിയുന്നത് .എന്നാൽ പഞ്ചാബിൽ 50ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ കുട്ടികൾക്ക് കഴിയും. കേരളത്തിൽ ഏഴാംക്ലാസിൽപഠിക്കുന്ന 5.5ശതമാനത്തിന് മലയാളവാക്കുകൾ കൂട്ടിവായിക്കാൻ കഴിയില്ല.15.8ശതമാനത്തിന് രണ്ടാംക്ലാസിലെ പാഠങ്ങൾ വായിക്കാൻ കഴിയില്ല.എട്ടാം ക്ലാസിൽ പഠിക്കുന്ന ഏഴുശതമാനം കുട്ടികൾക്ക് 52ൽനിന്ന്15 കുറയ്ക്കാൻ അറിയില്ല എന്നിങ്ങനെ പോകുന്ന 2012ലെ അസർ.

വാർഷിക വിദ്യാഭ്യാസ വികസന സൂചിക

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം 2013 അവസാനം പുറത്തിറക്കിയ വാർഷിക വിദ്യാഭ്യാസ വികസന സൂചികയിൽ കേരളം ഏഴാം സ്ഥാനത്തുനിന്ന് പതിനാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂപ്പയാണ്(National University of Educational Planning and Administration) റിപ്പോർട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസ വികസന സൂചിക തയ്യാറാക്കുന്നത് ന്യൂപ്പയും മനുഷ്യവിഭവശേഷിവികസനമന്ത്രാലയവും കൂടിയാണ്്.പ്രൈമറിയിൽ കഴിഞ്ഞവർഷമുണ്ടായിരുന്ന ആറാം സ്ഥാനത്തു നിന്ന് 20-ാം സ്ഥാനത്തേക്കാണ് കേരളം പിന്തള്ളപ്പെട്ടത്. അപ്പർപ്രൈമറിയിൽ 13-ാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. സൂചികയിൽ ഒന്നാം സ്ഥാനത്ത് ലക്ഷദ്വീപാണ്. പുതുച്ചേരി, തമിഴ്നാട്, സിക്കിം, കർണ്ണാടക എന്നിവ പുറകെയുണ്ട്. കേരളസർക്കാറിന്റെ കണക്കനുസരിച്ച്പ ത്താംതരത്തിൽ നാലരലക്ഷം പേർ പഠിക്കുമ്പോൾ ഒന്നാം ക്ലാസിൽ 2.6 ലക്ഷം പേരെയുള്ളു.1259 അംഗീകാരമില്ലാത്ത സ്ക്കൂളുകൾ ഡി ഐ എസ് ഇ യുടെ കണക്കിലുണ്ട്.(ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫ് സക്കൂൾ എഡ്യൂക്കേഷൻ).( മാതൃഭൂമി,2013 ഡിസംബർ 8)

കുട്ടികളെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കാൻ വേണ്ടി കണ്ണൂർ ജില്ലാ സർവ്വശിക്ഷാ അഭിയാൻ ‘അക്ഷരത്തെളിച്ചം’ എന്നൊരു പദ്ധതി 2013ൽതുടങ്ങി. ഹൈസ്ക്കൂൾ കുട്ടികൾക്ക് പലവിഷയങ്ങളിലും അടിത്തറയില്ലെന്ന് മനസ്സിലാക്കി ‘എന്റെ കുട്ടികൾ ‘ എന്ന പദ്ധതി യും തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ സഹ കരണത്തോടെ വിദ്യാഭ്യാസ വകുപ്പാണ് പദ്ധതിതുടങ്ങുന്നത്.വിവിധജില്ലകളിൽ ഇപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.കുട്ടികളെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് 2015ൽ ഡി പി ഐ ഉത്തരവിറക്കി. ഡി പിഇ പി സിദ്ധാന്തം തെറ്റാണെന്ന് ബോധ്യമായതുകൊണ്ടാണെല്ലോ അത്തരമൊരു ഉത്തരവിറങ്ങിയത്.

ഐ.ഐ. ടി

കേരളാസിലബസ് പഠിച്ച് ജയിച്ചുവരുന്ന കുട്ടികൾ പ്രധാനപ്പെട്ട അഖിലേന്ത്യാപരീക്ഷകളിലെല്ലാം ദയനീയമാംവിധം പുറകിലാണ്.ലോകനിലവാരത്തോട് അൽപ്പമെങ്കിലും അടുത്തുനിൽക്കുന്നതായി ഇന്ത്യയ്ക്ക് എടുത്തുകാണിക്കാനുള്ള സ്ഥാപനങ്ങളാണ് ഐ ഐ ടികൾ.അവിടെ പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഹയർസെക്കണ്ടറി ബോർഡ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണംകേട്ടാൽ സാക്ഷര കേരളം ലജ്ജിക്കണം. 2014ൽ 0.42ശതമാനം. 2013ൽ 1.5ഉം 2012ൽ1.7ഉം ആയിരുന്നു.പ്രവേശനം ലഭിച്ചവരിൽ 55.08ശതമാനവും സി ബി എസ് ഇ സിലബസ്പഠിച്ചവരാണ്.ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബോർഡ് പരീക്ഷഎഴുതിയവരിൽനിന്ന്17.48ശതമാനം പേർക്ക് പ്രവേശനം ലഭിച്ചു.

മത്സരം ഒഴിവാക്കിയതോടെ മികവ് ഇല്ലാതായി. എല്ലാവരേയും ജയിപ്പിക്കാൻ തീരുമാനിച്ചതിന്റെ ദുരന്തം.കേരളത്തിൽ മികച്ച അധ്യാപകർ ഉള്ളത് സർക്കാർ സ്ക്കൂളുകളിലാണ്. അവിടെ മത്സരമില്ല. നല്ല നിലവാരമുള്ള പാഠപുസ്തകങ്ങളില്ല. അധ്യാപകൻ വെറും സഹായിയായി നിന്നാൽമതി,പഠിപ്പിക്കേണ്ടതില്ല.പിന്നെ എങ്ങനെ മികവുണ്ടാകും?.

സി എ ജി റിപ്പോർട്ട്

കുട്ടികളുടെ പഠന നിലവാരം പരിശോധിക്കാൻ സി എ ജിയുടെ നിർദ്ദേശപ്രകാരം എസ.് സി. ഇ. ആർ.ടി നടത്തിയ പഠനത്തിൽ മനസ്സിലായത് നാലാംക്ലാസിൽ പഠിക്കുന്ന 66 ശതമാനം കുട്ടികൾക്ക് അക്ഷത്തെറ്റില്ലാതെ മലയാളം എഴുതാൻ കഴിയില്ല എന്നാണ്.2015 മാർച്ച 23ന് റിപ്പോർട്ട ്നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്.

ശ്രീദേവി കെ നായരുടെ പഠനം

തിരുവനന്തപുരം നീറമൺകര എൻ എസ് എസ് വനിതാ കേളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീദേവി കെ നായർ നടത്തിയ സർവ്വേഫലം നിലവാരത്തകർച്ച യുടെ ചിത്രം തരുന്നു.കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരമാണ് സർവ്വേയിൽ പരിശോധിച്ചത്.2001ലെ എസ് എസ് എൽ സി പരീക്ഷാഫലം വന്നപ്പോൾ ഏറ്റവും കുറവ് ശരാശരി വിജയം ഇംഗ്ലീഷിലായിരുന്നു.

ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം, കാസർകോട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത്. മൊത്തം 16 സ്ക്കൂളുകളിലെ 742 കുട്ടികളെ സർവ്വെക്ക് വിധേയരാക്കി.ഇവരിൽ എഴുത്തിൽ എ ഗ്രേഡ് കിട്ടിയത് എട്ടുപേർക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട ്എ ജെ ബി സ്ക്കൂളിലെ കുട്ടികളായിരുന്നു.അവിടെ ചെന്നപ്പോൾ കണ്ടത് ഡി പി ഇ പി ചാർട്ടുകളൊക്കെ ഒരു മൂലയിൽ കൂട്ടിയിട്ട് പഴയ രീതിയിൽ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായർ തന്നെ പറയുന്നു. വാക്യത്തിന്റെ അവസാനം പൂർണ്ണവിരാമം വേണമെന്ന് ഒരുശതമാനം കുട്ടികൾക്ക് പോലും അറിയില്ലെന്നത് ഹൃദയത്തെ ഉലച്ചു എന്നും അവരുടെ റിപ്പോർട്ടിലുണ്ട്.

ക്യു ഐ പി സർവ്വെ

2006 എസ് എസ് എൽ സി ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എസ് സി ഇ ആർ ടി ക്വാളിറ്റി ഇം്പറൂവ് മെന്റ് പ്രോഗ്രാമിന്റെ(,ക്യൂ ഐ പി)ഭാഗമായി സർവ്വെ നടത്തിയത്.104 സ്ക്കൂളുകളിലെ നടത്തിയിട്ടുള്ളു എന്നതുകൊണ്ട് സർവ്വെ തള്ളിക്കളയേണ്ടതില്ല. അതനുസരിച്ച് ഗണിതത്തിൽ 85 ശതമാനം കുട്ടികളും പുറകിലാണ്. ഇംഗ്ലീഷിൽ 78,ഹിന്ദിയിൽ 60, സാമൂഹിക ശാസ്ത്രത്തിൽ 28,ഭൗതിക ശാസ്ത്രത്തിൽ 30, രസതന്ത്രത്തിൽ 50,ജിവശാസ്ത്രത്തിൽ 38 ഐടിയിൽ 45, മലയാളത്തിൽ 20 എന്നിങ്ങനെയാണ് പിന്നാക്കമുള്ളവരുടെ ശതമാനം.
2003ൽ മലപ്പുറം ജില്ലയിലെ സ്ക്കൂളുകളിൽ എട്ടാം ക്ലാസിൽ ജില്ലാപഞ്ചായത്തിന്റെ ‘വിജയഭേരി’യുടെ ആഭിമുഖ്യത്തിൽ 160 സർക്കാർ സ്കൂളുകളിലെ കുട്ടികളിൽ പഠനം നടത്തിയിരുന്നു. ചോദ്യങ്ങൾ ലളിതമായിരുന്നു. ആഴ്ചയിലെ ദിവസങ്ങളുടെ പേര് എഴുതുക, മലയാളത്തിലെ നാലു ദിനപ്പത്രങ്ങളുടെ പേരെഴുതുക, മഴക്കാലത്തെക്കുറിച്ച് അഞ്ചുവാക്യത്തിൽ വിവരിക്കുക തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. 45000 പേർക്ക് അക്ഷരവും ഭാഷയും ഗണിതവും ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉറച്ചിട്ടില്ലെന്നുതെളിഞ്ഞു എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.(ആഗസ്ത് 23,2003)
ഈ രീതിയിൽ പഠിച്ച് കോളേജുകളിൽ എത്തിയ തലമുറയും നിലവാരത്തകർച്ചയുടെ പ്രകട ദൃഷ്ടാന്തങ്ങളാണ്.ഏതാനും വർഷം മുമ്പ് കണ്ണൂർ സർവ്വകലാശാല ബിഎ പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം ഇങ്ങനെയാണ്.

‘ ഉരുൾ പൊട്ടിയ മാമലപോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറീകാട്ടാളൻ”

എന്നീ വരികൾ കൊടുത്തിട്ട് ചോദ്യമിതായിരുന്നു അലറിയതാര്?, അലർച്ച ഏതുപോലെ? ഉദ്ധരിച്ച വരികളിൽ തന്നെ ഉത്തരം കൊടുത്തിട്ട് ഇത്തരം ചോദ്യം ചോദിക്കുന്നത് ബിഎ ക്കാരോടാണ്. ബിഎ ക്കാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ ചോദിച്ചാലെ ഉത്തരം കിട്ടു എന്നുവന്നാൽ ചോദ്യം തയ്യാറാക്കിയ അധ്യാപകൻ എന്തുചെയ്യും.

എൻട്രൻസിലെ പ്രകടനം

2010മുതൽ 2016 വരെയുള്ള കേരള മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയെഴുതിയ കേരളാസിലബസുകാരുടെ പ്രകടനം പരിശോധിച്ചാൽ ഗുണനിലവാരത്തിന്റെ അവകാശവാദങ്ങൾ പൊളിയും. 450 മാർക്കിന്റെ പേപ്പറിന് 10മാർക്കുപോലും വാങ്ങാൻ കഴിയാത്തവരാണ് അയോഗ്യരാകുന്നത്.

കേരള സിലബസ് പഠിച്ച 57901 പേർ 2012ൽ മെഡിക്കൽ എൻട്രൻസ് പരിക്ഷഎഴുതി. 5806 പേർക്ക് യോഗ്യത നേടാനായില്ല.(10.02) ആ പരീക്ഷയിൽ ആദ്യ ആയിരത്തിൽവന്നത്439പേർമാത്രം.(0.84) സിബി എസ് ഇ പഠിച്ച16718പേർ എഴുതിയതിൽ396പേർ യോഗ്യത നേടിയില്ല(2.36)ആദ്യ ആയിരത്തിൽവന്നത്527പേർ.(3.15). ഐ സി എസ് ഇ 894പേരാണ് പരീക്ഷഎഴുതിയത്.29പേർ യോഗ്യത നേടിയില്ല.(3.24) ആദ്യആയിരത്തിൽ വന്നത് 30പേർ.( 3.55)

2013ൽ കേരളസിലബസ് പഠിച്ചവരിൽ എഞ്ചിനിയറിഗ് ,മെഡിക്കൽ എൻട്രൻസ് പരിക്ഷ എഴുതിയവരിൽ യഥാക്രമം 25000വും 8000വുംഅയോഗ്യരായി.

2014ൽഎഞ്ചിനീയറിങ്ങിന് 29091പേരും മെഡിക്കലിന്10437പേരും 10മാർക്കുവാങ്ങാൻ കഴിയാതെ അയോഗ്യരായി.സംസ്ഥാനസിലബസ് പഠിച്ചവരാണ് കൂടുതൽ അയോഗ്യരായത്. സിബി എസ് ഇ പഠിച്ച 20464പേർ പരീക്ഷ എഴുതിയതിൽ19793പേർ യോഗ്യത നേടി. ഐ സി എസ് ഇ പഠിച്ച്1027പേർ പരീക്ഷ എഴുതിയതിൽ1001പേർ യോഗ്യത നേടി.

വിദ്യാലയങ്ങൾ ശൂന്യമാകുന്നു

ഡി പി ഇ പി നടപ്പാക്കിയതിന്റെ മറ്റൊരു ഫലം പൊതുവിദ്യലയങ്ങളിൽ നിന്ന് കുട്ടികളുടെ കൊഴിച്ചിലാണ്. 1994ൽ ഡി പി ഇ പി തുടങ്ങുമ്പോൾ കേരളത്തിൽ 58 0 8105 കുട്ടികൾ ഉണ്ടായിരുന്നു. 2016 ൽ അത് 30 ലക്ഷത്തിനടുത്തെത്തയിയിരിക്കുന്നു. നൂറുകണക്കിന് സ്കൂളുകൾ കുട്ടികളില്ലാത്ത്തിന്റെ പേരിൽ അടച്ചുപൂട്ടി. എത്ര കുട്ടികളുണ്ട് എന്ന കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലുമില്ല. 6000ത്തോളം സ്കൂളുകൾ അൺ ഇക്കണോമിക് ആണ്.ഇല്ലാത്ത കുട്ടികളുടെ വ്യാജ കണക്കുണ്ടാക്കി എത്രയോ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ഇങ്ങനെ പ്രവർത്തിച്ച സ്കൂളിലെ 25 അധ്യാപകരെ 2014ൽ സ്പെൻഡ് ചെയതു. കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ പതിനായിരത്തിൽ പ്പരം അധ്യാപകർക്ക് പണിയില്ലാതായി. സ്വകാര്യമാനേജർമാർ ലക്ഷങ്ങൾ കോഴവാങ്ങി നിയമനം നൽകിയ അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിക്കാനാണ് പുതിയ തീരുമാനം.

ലോകബാങ്കും ഐ എം എഫും അമേരിക്ക നേതൃത്വം നൽകുന്ന ജി 7 രാജ്യങ്ങളുടെ താത്പര്യത്തിനുവേണ്ടി പ്രവർത്തിക്കന്ന സ്ഥാപനങ്ങളാണെന്ന് ലോകബാങ്കിന്റെ പ്രസിഡണ്ടും 2001ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായിരുന്ന ജോസഫ് ഇ സ്റ്റിഗ്ളിസ് തുറന്നു പറഞ്ഞിട്ടുണ്ട്.അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനുമായിരുന്നു സ്റ്റിഗ്ളീസ്. ലോകക്രമം തങ്ങളുടെ താത്പര്യത്തിനുവേണ്ടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോർപ്പററ്റോക്രസി ആവിഷ്ക്കരിച്ചതായിരുന്നു ഡി പി ഇ പി. ഏറ്റവും സമ്പന്നരായ ജി 7 രാജ്യങ്ങളുടെ തലവൻമാരും 147 മൾട്ടിനാഷണൽ കോർപ്പറേഷനുകളുടെ തലപ്പത്തുള്ളവരും ലോകബാങ്ക്.ഐ എം എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ അധികാരികളും ഉൾപ്പെടുത്ത സിസ്റ്റത്തെയാണ് കോർപ്പററ്റോക്രസി എന്നു വിളിക്കുന്നത്.

ചിന്ത വളർത്തിയെടുക്കുന്നതിനു പകരം വൈദഗ്ധ്യം ശീലിപ്പിച്ച് തൊഴിൽസേനയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഓർമ്മ ശക്തിയെ തള്ളിപ്പറഞ്ഞ് എഴുത്തു പരിക്ഷ ഒഴിവാക്കാൻ ശ്രമിച്ചത് അതിനുവേണ്ടിയാണ്. മിണ്ടാതെ പണിയെടുക്കുന്നവർമതി. ഡി പി ഇ പി ഇന്ത്യയിൽ നടപ്പിലാക്കാൻ അടിസ്ഥാനമാക്കിയത് യശ്പാൽ കമ്മിറ്റി റിപ്പോർട്ടാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയാ വിദ്യാലയങ്ങളിലും മാത്രം സിബിഎസ് ഇയും മറ്റെല്ലായിടത്തും ഡി പി ഇ പിയും നടപ്പിലാക്കാനാണ് യശ്പാൽ ശുപാർശ ചെയ്തത്. ആലോചനാസേഷിയുള്ള വർക്ക് ഡി പി ഇ പിയുടെ അപകടം അതിൽനിന്നുതന്നെ വ്യക്തമാകും. ഇതെത്രയും വേഗം തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിച്ചാൽ വരും തലമുറകൾ രക്ഷപ്പെടും.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വളക്കൂറുള്ള കേരളമണ്ണിൽ തങ്ങളുടെ നയം നടപ്പിലാക്കാൻ ലോകബാങ്ക് കൂട്ടുപിടിച്ചത് ഇടതുപക്ഷത്തെത്തന്നെയാണ് എന്നതാണ് തമാശ. അതിന് അവർ ഉപയോഗിച്ചത് അമേരിക്കൻ ഡോളറും.

.