ഈയിടെയായി എനിക്ക് ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ളത് ഈ ചോദ്യമാണ്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും.
- പച്ചമഞ്ഞളിന് മുന്നിൽ നാസ മുട്ടുമടക്കിയത്,
- നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ബാങ്കുവിളി കേട്ടത്,
- പഞ്ചാരമുട്ടായി തിന്നപ്പോൾ പ്ലേറ്റ്ലറ്റ് കൗണ്ട് കൂടിയത്,
എന്നിങ്ങനെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി അത്ഭുതങ്ങളുടെ കലവറ തന്നെ ഇപ്പോൾ എന്റെ ഇൻബോക്സിലുണ്ട്. മെസ്സേജുകൾ എണ്ണത്തിൽ കൂടുതലായതിനാലും കിട്ടുന്ന വാർത്തകളിൽ നെല്ലും പതിരും വേർതിരിക്കുന്നത് വലിയ അധ്വാനമായതുകൊണ്ടും പലപ്പോഴും മറുപടി കൊടുക്കാൻ സമയം കിട്ടുന്നില്ല എന്ന വിഷമവുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടാമെന്ന് കരുതിയത്.
ഒരു കാര്യം സത്യമാണോ അല്ലയോ എന്നറിയാൻ അതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ടോ, ശാസ്ത്രീയമായ രീതിശാസ്ത്രം വഴിയാണോ അതിലെത്തിച്ചേർന്നത് എന്നൊക്കെ പരിശോധിക്കണം എന്ന് ഞാൻ തന്നെ ഇടക്കിടെ പറയാറുണ്ട്. പക്ഷേ എല്ലാവർക്കും എല്ലാ വിഷയത്തിലും അത് സാധിക്കില്ല എന്നതും ഒരു ദുഃഖകരമായ യാഥാർത്ഥ്യമാണ്. കള്ളപ്രചാരകർ അത്രയധികം വൈവിധ്യമാർന്ന വിഷയങ്ങളിലാണ് പൂണ്ടുവിളയാടുന്നത്.
കള്ളന് ഏത് വഴിയേ വേണമെങ്കിലും ഓടാം, പോലീസിന് കള്ളന്റെ പിറകേ തന്നെ ഓടേണ്ടിവരും എന്ന് പറഞ്ഞതുപോലെയാണ് ഇത് പൊളിച്ചടുക്കാനിറങ്ങുന്ന പണി. വിവരക്കേടായതുകൊണ്ട് അവർക്ക് എന്തും എവിടേയും ഏത് രൂപത്തിലും കൊണ്ടുതിരുകാനുള്ള ലൈസൻസുണ്ട്. വേണമെങ്കിൽ ക്വാണ്ടം എന്റാങ്കിൾമെന്റും കുത്തരിയുടെ തവിടും പതഞ്ജലിയുടെ യോഗസൂത്രവും മിക്സ് ചെയ്ത് പുതിയ മെഡിക്കൽ വിജ്ഞാനം നിന്ന സ്പോട്ടിൽ ഉൽപ്പാദിപ്പിക്കാം. പക്ഷേ അതിലെ നെല്ലും പതിരും വേർതിരിക്കാനിറങ്ങുന്നവർ ക്വാണ്ടം മെക്കാനിക്സും യോഗസൂത്രവും നെല്ലിന്റെ ബയോളജിയും ഒക്കെക്കൂടി പഠിച്ചിട്ട് വരേണ്ടിവരും.
വിവരത്തിനേ ലിമിറ്റുള്ളൂ, വിവരക്കേടിനില്ല. അതുകൊണ്ട് ഇവിടെ പറയാൻ പോകുന്നത് സയൻസ് എന്ന ശാസ്ത്രമല്ല, ഇത്തിരി ‘ലക്ഷണശാസ്ത്രം’ ആണ്. ശാസ്ത്രം എന്ന ലേബലും ഒട്ടിച്ച് കുളിച്ചുമിനുങ്ങിവരുന്ന കപടസന്ദേശങ്ങളുടെ ചില പൊതുവായ ലക്ഷണങ്ങൾ. ഇതൊരു കുറുക്കുവഴി മാത്രമാണെന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ. ഇതുവെച്ചല്ല ഒരു കാര്യം തെറ്റാണെന്ന് പറയേണ്ടത്. പക്ഷേ ഇതിലേതെങ്കിലും ഒന്നെങ്കിലും കണ്ടാൽ, അത് ഇന്നത്തെ ഒരു ട്രെൻഡ് അനുസരിച്ച് തട്ടിപ്പാകാനാണ് സാധ്യത.
ലക്ഷണം 1 : പുരാതന ആചാര്യൻമാരുടെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ!
ഇന്നത്തെ ഒരു സൂപ്പർഹിറ്റ് തുറുപ്പുചീട്ടാണ് പുരാതന ആചാര്യൻമാരുടെ തോളിൽ ചാരിനിന്നുള്ള ഗീർവാണം. എന്ത് മണ്ടത്തരം എഴുന്നള്ളിച്ചാലും, ഒപ്പം ‘ഇത് ഞാൻ പറഞ്ഞതല്ല, ആയിരക്കണക്കിന് വർഷം മുൻപ് ആചാര്യൻമാർ പറഞ്ഞുവെച്ചതാണ്’ എന്നങ്ങ് കീറും. അതോടെ അത് തെളിയിക്കാനുള്ള ബാധ്യത തലേന്ന് ഇറക്കിവെക്കാമല്ലോ. അത്ചി ലപ്പോൾ ആർഷഭാരത മുനിവര്യനാവാം, പുരാതന ചൈനീസ് പണ്ഡിതനാവാം, മണ്ണടിഞ്ഞ ആരുമാകാം.
മൂത്തവർ ചൊല്ലുന്നതെല്ലാം മുതുനെല്ലിക്കയാണെന്ന് പണ്ടേ പറഞ്ഞുപഠിച്ചിരിക്കുന്നത് കൊണ്ട് ആയിരം കൊല്ലം മൂപ്പുള്ള ആചാര്യന് ആയിരം മടങ്ങ് ബുദ്ധിയായിരിക്കും എന്നൊരു തോന്നലുണ്ടാകാം. അതിൽ വീഴാതിരിക്കുക. പറയുന്നതിന് വ്യക്തമായ സാധൂകരണം ഇല്ലാത്തതുകൊണ്ടാണ് മിക്ക തട്ടിപ്പുകാരും പുരാതന ആചാര്യൻമാരെ കൂട്ടുപിടിക്കുന്നത്.
ലക്ഷണം 2 : ഫുൾ ഓർഗാനിക്!
ഒരു സാധനം ഉത്കൃഷ്ടമാണ് എന്നതിന് കാരണമായി അത് പ്രകൃതിദത്തമാണ് എന്ന ന്യായം നിരത്തുന്ന സന്ദേശങ്ങൾ ഒട്ടുമിക്കതും തട്ടിപ്പാണ്. കപടചികിത്സകരും മറ്റ് നിക്ഷിപ്തതാത്പര്യക്കാരുമാണ് ഇതിന്റെ പ്രധാന വക്താക്കൾ. മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്നതിൽ അപകടമുണ്ടാകുമെന്നും, പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്നത് സുരക്ഷിതമാകുമെന്നും ഒരു തോന്നൽ പലർക്കും ഉണ്ട്. അല്പമൊന്ന് ആലോചിച്ചാൽ തന്നെ അത് തെറ്റാണെന്ന് ബോധ്യപ്പെടും. പ്രകൃതിയിൽ നിരവധി വിഷവസ്തുക്കൾ ഉണ്ട്. വിഷക്കൂണുകളും ഒതളങ്ങ പോലുള്ള കായകളും ഒക്കെ ഗൗരവകരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവയാണ്. പ്രകൃതിയിൽ കാണുന്ന ചെടികളും വസ്തുക്കളുമൊക്കെ അവയുടേതായ രീതിയിൽ ഉണ്ടായിവന്നതാണ്. അവയൊന്നും മനുഷ്യന് വേണ്ടിയോ മനുഷ്യനെതിരായോ ആരും ഉണ്ടാക്കിവിട്ടതല്ല. മനുഷ്യൻ എന്ത് കോപ്പായാലും അത് മനുഷ്യന്റെ മാത്രം പ്രശ്നമാണ്, പ്രകൃതിയ്ക്ക് മനുഷ്യനെക്കുറിച്ച് പ്രത്യേകിച്ച് ബേജാറൊന്നുമില്ല. അതുകൊണ്ട് പ്രകൃതിയിൽ മനുഷ്യന് നല്ലതും ചീത്തയും നിർഗുണവുമായ പലതും കാണും. അത് വേർതിരിച്ചറിയാനാണ് നമ്മൾ ശാസ്ത്രസഹായം തേടുന്നത്. കാണാൻ ലുക്കില്ലാത്ത പച്ചക്കറി ‘ഓർഗാനിക്’ എന്ന് ലോബലൊട്ടിച്ച് അഞ്ചിരട്ടി വിലയുമിട്ട് വിൽക്കാൻ വെച്ചാൽ ക്യൂ നിന്ന് വാങ്ങുന്നവരെ അവരുടെ വിശ്വാസം രക്ഷിക്കട്ടെ!
ലക്ഷണം 3 : ശാസ്ത്രം മുട്ടുമടക്കിയ കണ്ടുപിടിത്തം!
മിക്ക തട്ടിപ്പുകാരെ സംബന്ധിച്ചും സ്വന്തം കണ്ടുപിടിത്തത്തിന് ബലം കിട്ടണമെങ്കിൽ, തിരക്കഥയിൽ അതറിഞ്ഞ് ശാസ്ത്രലോകം ഞെട്ടുന്ന സീൻ മസ്റ്റാണ്. പറ്റുമെങ്കിൽ നാസയുടെ തന്നെ മുട്ട് കൂടി ഒന്ന് മടക്കിക്കിട്ടണം. ബഹിരാകാശ, വ്യോമയാന വിഷയങ്ങൾ പഠിക്കാൻ രൂപീകരിച്ചിരിക്കുന്ന അമേരിക്കൻ ഏജൻസിയായ നാസയെ ഇവർ അരകല്ലിൽ മഞ്ഞളരയ്ക്കുന്ന കാര്യത്തിലും, പ്ലാസ്റ്റിക് കയറിട്ട് വെള്ളം കോരുന്ന കാര്യത്തിലും എന്നുവേണ്ട ഹസ്തരേഖ നോക്കി മൂലക്കുരു കണ്ടുപിടിക്കുന്ന കാര്യത്തിൽ വരെ വലിച്ചിഴച്ചോണ്ടുവന്ന് മുട്ടുകുത്തിക്കും.
ലക്ഷണം 4 : “എനിക്ക് അനുഭവണ്ട്!”
ഈ ലക്ഷണപ്രകാരം പറയുന്ന കാര്യത്തിനുള്ള ഏക തെളിവ്, ആരുടെയെങ്കിലും അനുഭവം ആയിരിക്കും. അത് എങ്ങനെ, എന്ത് കാരണം കൊണ്ട് സംഭവിക്കുന്നു എന്നൊക്കെയുള്ള സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരവും ‘എനിക്ക് (/ഇന്നയാൾക്ക്) അനുഭവമുണ്ട്’ എന്നത് മാത്രമായിരിക്കും. രണ്ട് തവണ ഒരുരൂപാ നാണയം ടോസ് ചെയ്ത് നോക്കിയപ്പോഴും ഹെഡ് വീണ അനുഭവം വെച്ച്, ഒരുരൂപാ നാണയം ടോസ് ചെയ്താൽ ഹെഡ്ഡേ വീഴൂ എന്ന സിദ്ധാന്തമുണ്ടാക്കുന്ന പരിപാടിയായിരിക്കും മിക്കതും.
ശാസ്ത്രീയമായ വിവരത്തിന് എന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നൊക്കെയുള്ള വ്യക്തത ഉണ്ടായിരിക്കണം. ചുരുങ്ങിയത്, ഇനിയും മനസിലാക്കിയിട്ടില്ല എന്ന തുറന്നുപറച്ചിലെങ്കിലും വേണം. അല്ലാതെ അവിടന്നും ഇവിടന്നുമായി കേൾക്കുന്ന അനുഭവങ്ങളുടെ ബലത്തിൽ നിൽക്കുന്ന സിദ്ധാന്തം കുറഞ്ഞപക്ഷം ഒരു വിവരക്കേടോ, കൂടിയപക്ഷം ഒരു വൻ ഫ്രോഡോ ആയിരിക്കും.
ലക്ഷണം 5 : “Please Share!”
താനിപ്പോ പറഞ്ഞ മണ്ടത്തരം നിങ്ങൾ മാത്രം കേട്ടാൽ പോരാ, ഫോർവേഡ് ചെയ്ത് നിങ്ങടെ കൊച്ചച്ചനേം അമ്മായിയമ്മയുടെ അങ്ങളേടളിയനേം ഒക്കെക്കൂടി അറിയിക്കണം എന്ന അപേക്ഷ തട്ടിപ്പുസന്ദേശക്കാരുടെ ട്രേഡുമാർക്കാണ്. പറഞ്ഞതിന് ബലം പോരാന്ന് സ്വയമുള്ള തോന്നലാകണം പരമാവധി ഷെയർ ചെയ്യണേ എന്ന് നേരിട്ട് പറയാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ഇത് കണ്ടയുടൻ സംഗതി സീരിയസ്സാണെന്നുറപ്പിച്ച് സ്കൂൾമേറ്റ്സ് ഗ്രൂപ്പ് തുടങ്ങി കസിൻ ഗ്രൂപ്പ്, ഫാമിലി ഗ്രൂപ്പ്, ഓഫീസ് ഗ്രൂപ്പ് തുടങ്ങി ഗ്രൂപ്പായ ഗ്രൂപ്പില് മൊത്തം ഇത് ഫോർവേഡടിച്ച് വൈറലാക്കാൻ മലയാളികൾ പരസ്പരം കനത്ത മത്സരത്തിലുമാണ്. വിവരം ശരിക്കും പ്രാധാന്യമുള്ളതാണെങ്കിൽ, സാധാരണഗതിയിൽ അത് താനേ കൈമാറ്റം ചെയ്യപ്പെടും.
നിങ്ങൾക്ക് കണ്ണിച്ചോരയുണ്ടെങ്കിൽ എന്റെയീ പോസ്റ്റ് പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് മറ്റ് ഷെയറുകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഗ്രൂപ്പുകളെ രക്ഷിക്കണേ എന്ന് നാസയുടെ പേരിൽ ഞാൻ അപേക്ഷിച്ചുകൊള്ളുന്നു.