അന്ധവിശ്വാസവും യുക്തിവാദി പ്രസ്ഥാനവും

sahodaran-ayyappan2

Sahodaran Ayyappan

കേരളപ്പിറപ്പിക്ക് ശേഷമുള്ള മലയാളിയുടെ അന്ധവിശ്വാസങ്ങളെ കുറിച്ച് പറയുമ്പോള്‍ നാം അവയെ എത്രമാത്രം പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്ന കാര്യംകൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അന്ധവിശ്വാസം എന്ന വാക്കിന്റെ വിപരീതമായി കേരളസമൂഹം പരിഗണിക്കുന്നവയാണ് കേരളത്തിലെ യുക്തിവാദ-നാസ്തികപ്രസ്ഥാനങ്ങള്‍. പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അന്ധവിശ്വാസ വിരുദ്ധതയെ 1960-80 കാലഘട്ടത്തില്‍ കുറച്ചൊക്കെ പിന്തുണച്ചിരുന്നു. പില്‍ക്കാലത്ത് അത്തരം ഇടപെടലുകള്‍ നേര്‍പ്പിക്കപ്പെട്ടു. 1989 ലെ സോവിയറ്റ് യൂണിയന്റെ പതനവും ആഗോള കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും കേരളത്തില്‍ മതപുനരുദ്ധാന പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇസ്‌ളാമിക തീവ്രവാദവും ഹൈന്ദവ തീവ്രവാദവും രാജ്യത്ത് ശക്തിപ്പെടുന്നത് ഈ ഘട്ടത്തിന് ശേഷമാണ്.

അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയല്ല എന്നൊരു ധാരണ സമൂഹത്തില്‍ ജനിപ്പിക്കാന്‍ പണ്ട് കമ്മ്യൂണിസ്റ്റ് പാട്ടികള്‍ക്ക് സാധിച്ചിരുന്നു. അന്ധവിശ്വാസവിരുദ്ധ പ്രചരണത്തില്‍ പാര്‍ട്ടി നേതാക്കളും അവരുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളും പങ്കാളികളായി. കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തിലുള്ള ജനയുഗം വാരികയിലാണ് കേരളത്തില്‍ ഒരുകാലത്ത് നിരവധി യുക്തിവാദി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

തൊണ്ണൂറുകളുടെ ആരംഭത്തോടെ ഇടതു പ്രസ്ഥാനങ്ങളില്‍ മതം ഇരച്ചുകയറി. പ്രസ്തുത പാര്‍ട്ടികളുടെ സഹജ മതാത്മകതയും ശാസ്ത്രവിരുദ്ധതയും കൂടുതല്‍ പ്രകടമായി. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനുംകൊല്ലപ്പെടാനും സജ്ജരായ ഗോത്രബോധമുള്ള അണികളെ സൃഷ്ടിക്കുന്നതില്‍ സംഘടിതമതങ്ങളെയും വെല്ലുന്ന പ്രാഗത്ഭ്യം ഈ പാര്‍ട്ടികള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനും മതസംഘര്‍ഷങ്ങളില്‍ പക്ഷംപിടിച്ച് വോട്ടുസാധ്യത മെച്ചപ്പെടുത്താനും ഇടതുകക്ഷികള്‍ തുനിഞ്ഞിറങ്ങിയതോടെ കേരളസമൂഹത്തെ സംബന്ധിച്ചിടത്തോളം അത് ദോഷകരമായി ഭവിച്ചു. വലതുപക്ഷ രാഷ്ട്രീയം വളരെ മുമ്പ് തന്നെ മതത്തിന് കീഴടങ്ങിയിരുന്നു. നാട്ടില്‍ അന്ധവിശ്വാസങ്ങള്‍ പടരുന്നതിലോ മതാത്മകത ആളിക്കത്തുന്നതിലോ സയന്‍സ് അധിക്ഷേപിക്കപ്പെടുന്നതിലോ കുണ്ഠിതപ്പെടുന്ന ഏറെപ്പേരൊന്നും അത്തരം പ്രസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. അപ്പോഴും, ഒറ്റപ്പെട്ട തുരുത്തുകള്‍ എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.

അന്ധതയ്ക്കും അശാസ്ത്രീയതയ്ക്കും എതിരെ പോരടിച്ച ചെറിയ ഗ്രൂപ്പുകള്‍ എക്കാലത്തും കേരളത്തിലുണ്ടായിരുന്നു. യുക്തിവാദികളും പരിഷത്തുമൊക്കെ വിജയസാധ്യത തീരെക്കുറഞ്ഞ ആ മേഖലയില്‍ പതറാതെ പ്രവര്‍ത്തിച്ചവരാണ്. പക്ഷെ രാഷ്ട്രീയവിധേയത്വം അത്തരം പ്രസ്ഥാനങ്ങളുടെ പ്രഹരശേഷി വല്ലാതെ നേര്‍പ്പിച്ചു കളഞ്ഞു. മലയാളി മനസ്സിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ വഹിച്ച പങ്ക് ചെറുതല്ല. പക്ഷെ ആ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നുംതന്നെ ഉണ്ടായിട്ടില്ല.

images

Brahamanda Shivayogi

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനം രൂപംകൊണ്ടത്. വൈകുണ്ഠ സ്വാമികള്‍(1809-1851), തൈക്കാട്ട് അയ്യാവ്(1814-1909) ബ്രഹ്മാനന്ദസ്വാമി ശിവയോഗി* (1852-1929), ശ്രീനാരായണ ഗുരു(1856-1928), അയ്യന്‍കാളി(1863-1941), പൊയ്കയില്‍ അപ്പച്ചന്‍(1879-1939), വാഗ്ഭടാനന്ദന്‍(1885-1939), ചട്ടമ്പി സ്വാമികള്‍(1853-1924) തുടങ്ങി നിരവധി മഹദ് വ്യക്തികളുടെ പ്രവര്‍ത്തനം കേരളസമൂഹത്തിന് നല്‍കിയ ഉണര്‍വാണ് യുക്തിവാദ പ്രസ്ഥാനത്തിന്റെ ബീജാവാപം നടത്തിയതെന്ന് പറയാം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളിയുടെ ചിന്താ മണ്ഡലത്തെ ആഴത്തില്‍ ബാധിച്ചിരുന്ന ജാതി, അയിത്തം തുടങ്ങിയ ‘രോഗ’ങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഉദ്ദേശിച്ചാണ് നാരായണഗുരുവിന്റെ ശിഷ്യനായ കെ.അയ്യപ്പന്‍(1889-1968) സഹപ്രവര്‍ത്തകരോടൊത്ത് മിശ്രഭോജന പരിപാടി സംഘടിപ്പിച്ചത്. കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു അത്.

”നരനു നരനശുദ്ധ വസ്തുവാണു പോലും
ധരയില്‍ നടപ്പത് തീണ്ടലാണു പോലും
നരകമിവിടമാണുഹന്ത, കഷ്ടം
ഹരഹര ഇങ്ങനെ വല്ല നാടുമുണ്ടോ?”

എന്ന ആശാന്റെ വരികള്‍ മിശ്രഭോജനം നടന്ന കാലത്തെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വ്യക്തമാക്കുന്നുണ്ട്.

ജാതികൊണ്ടുള്ള അവശത അനുഭവിക്കുന്ന ഈഴവര്‍ തങ്ങളെക്കാള്‍ താഴ്ന്നവര്‍ക്ക് തുല്യ പരിഗണന കൊടുക്കണം എന്ന ചിന്തയാണ് അയ്യപ്പനെ മിശ്രഭോജനം നടത്താന്‍ പ്രേരിപ്പിച്ചത്. 1917 മെയ് 29 ന് വടക്കന്‍ പറവൂരിലെ ചെറായിയില്‍ കുറച്ച് ഈഴവര്‍ പുലയരോടൊത്ത് ഭക്ഷണം കഴിച്ചുകൊണ്ട് നടത്തിയ ‘മിശ്രഭോജന’മാണ് കേരളത്തിലെ യുക്തിവാദികളുടെ ആദ്യത്തെ പ്രത്യക്ഷ സമരം. ആദ്യത്തെ യുക്തിവാദി സംഘടനയായ സഹോദരസംഘവും അതേ ദിവസം രൂപീകൃതമായി. അയ്യപ്പനെ സ്വജാതിയിലെ വരേണ്യര്‍ ‘പുലയന്‍ അയ്യപ്പന്‍’എന്നു വിളിച്ചു. അയ്യപ്പന്‍ സന്തോഷപൂര്‍വ്വം അതൊരു ബഹുമതിയായി സ്വീകരിച്ചു. അയ്യപ്പനും സഹപ്രവര്‍ത്തകര്‍ക്കും നിരവധി പീഡനങ്ങളും കഷ്ടപ്പാടുകളും ഉണ്ടായി. പക്ഷെ പിന്തിരിയാന്‍ അവര്‍ തയ്യാറായിരുന്നില്ല. ശ്രീ നാരായണഗുരു മിശ്രഭോജനത്തെ അനുകൂലിച്ചതോടെ എതിര്‍പ്പും അധിക്ഷേപവും ക്രമേണ തണുത്തു.

”ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന ഗുരുവിന്റെ വരികള്‍ക്ക് അയ്യപ്പന്‍ കൊടുത്ത പുനര്‍വ്യാഖ്യാനം ”ജാതി വേണ്ട, മതംവേണ്ട, ദൈവംവേണ്ട”എന്നായിരുന്നു. സഹോദരസംഘത്തിന്റെ മുദ്രാവാക്യവും അയ്യപ്പന്റെ ഈ വരികളായിരുന്നു. ആശയപ്രചരണത്തിനായി 1917 ല്‍ തന്നെ ‘സഹോദരന്‍’ എന്ന പേരില്‍ അദ്ദേഹം ഒരു പത്രം ആരംഭിക്കുകയും ചെയ്തു. അങ്ങനെ ‘പുലയന്‍ അയ്യപ്പന്‍’ ‘സഹോദരന്‍ അയ്യപ്പന്‍’ ആയി! കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ പ്രത്യേകിച്ച് ഈഴവ സമുദായത്തിലെ യുവാക്കളെ സഹോദരസംഘത്തിന്റെ പ്രവര്‍ത്തനം സ്വാധീനിച്ചു. ജാതി നശീകരണത്തിന് മിശ്രവിവാഹങ്ങള്‍ സഹായകരമാകുമെന്ന ചിന്ത അയ്യപ്പനുണ്ടായിരുന്നു. സ്വാഭാവികമായും ആ നിലയ്ക്കും അദ്ദേഹം ശക്തമായ പ്രചരണംനടത്തി.

ജാതിനശീകരണത്തിനുവേണ്ടി നിരവധി പ്രസംഗപരിപാടികള്‍, പ്രതീകാത്മകമായി ‘ജാതിരാക്ഷസനെ’ കത്തിക്കല്‍, ലഘുലേഖകള്‍ അച്ചടിച്ച് വിതരണംചെയ്യല്‍ തുടങ്ങിയവയും ഏറ്റെടുത്തു. പഴനിതീര്‍ത്ഥാടനം, കൊടുങ്ങല്ലൂരിലെ കാവുതീണ്ടല്‍, കോഴിവെട്ടല്‍, തെറിപ്പാട്ട് എന്നിങ്ങനെ കേരള സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ക്കെതിരെ സഹോദരസംഘം സമരംചെയ്തു. കേരളത്തില്‍ സമരോത്സുക നാസ്തികത(militant atheism) ആദ്യമായി മുന്നോട്ടുവെച്ചത് സഹോദരന്‍ അയ്യപ്പനാണെന്ന് പറയാം.

കേരളത്തിലെ ആദ്യത്തെ യുക്തിവാദ പ്രസിദ്ധീകരണമായ ‘യുക്തിവാദി’ മാസിക ആരംഭിച്ചത് അദ്ദേഹമായിരുന്നു. അയ്യപ്പനെ കൂടാതെ നാലു പത്രാധിപര്‍കൂടി ഉണ്ടായിരുന്നുവെങ്കിലും രണ്ടര വര്‍ഷം ഒറ്റയ്ക്ക് അദ്ദേഹം ‘യുക്തിവാദി’ നടത്തി. സാമ്പത്തിക ബുദ്ധിമുട്ടും മറ്റു തിരക്കുകളുംമൂലം സഹോദരന് മാസിക നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമായി. അദ്ദേഹത്തിന്റെ സുഹൃത്തും സഹപത്രാധിപരുമായ എം.സി.ജോസഫ് മാസികയുടെ ചുമതല ഏറ്റെടുത്തു. ഏതാണ്ട് നാലു പതിറ്റാണ്ട് ഒരു ലക്കംപോലും മുടങ്ങാതെ ‘യുക്തിവാദി’പുറത്തിറങ്ങി. കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക നായകരുടെയും ചിന്താധാരയെ പരുവപ്പെടുത്തിയ മാസിക ആയിരുന്നു ‘യുക്തിവാദി’.

ഈഴവ സമുദായത്തിലെ പുരോഗമനവാദികളായ ഒരു വിഭാഗം ചെറുപ്പക്കാര്‍ ജാതി-മതാന്ധതകള്‍ ഉപേക്ഷിക്കുന്നതിന്സഹോദരസംഘം കാരണമായി. 1930 ന്റെ ആരംഭത്തില്‍ സഹോദരസംഘം ഏതാണ്ട് നിര്‍ജ്ജീവമായി. അയ്യപ്പന്റെ രാഷ്ട്രീയപ്രവേശനവും വിവാഹവുമായിരുന്നു മുഖ്യകാരണങ്ങള്‍. രാജാവുംദിവാനും ചേര്‍ന്ന് രാജ്യംഭരിച്ചിരുന്ന ആ കാലയളവില്‍ വിദേശസംസര്‍ഗ്ഗവും പാശ്ചാത്യ വിദ്യാഭ്യാസവുംമൂലം ജനാധിപത്യം എന്ന ആശയത്തിലേക്ക് ജനങ്ങള്‍ ആകൃഷ്ടരായി തുടങ്ങിയിരുന്നു. ജനാധിപത്യത്തിന്റെ വെളിച്ചം നാട്ടു രാജ്യങ്ങളിലേക്കും കടന്നുവന്നു. കൊച്ചി രാജ്യത്തും അതിന്റെ അലയൊലികളുണ്ടായി. രാഷ്ട്രീയാധികാരം സമൂഹപരിഷ്‌കരണത്തിന് ഗുണകരമാവും എന്നു മനസ്സിലാക്കിയ സഹോദരന്‍ രാഷ്ട്രീയരംഗത്തേക്ക് തിരിഞ്ഞു.

1925 ല്‍ കൊച്ചിരാജ്യത്ത് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ നിലവില്‍ വന്നു. ആദ്യ തെരെഞ്ഞെടുപ്പില്‍(1925) സഹോദരന്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1928 ലെ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം നിയമസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച സമാജികനായി പേരെടുത്ത അയ്യപ്പന്‍ പ്രസംഗിച്ചിരുന്നത് മലയാളത്തിലായിരുന്നു. അയ്യപ്പന്റെ രാഷ്ട്രീയ പ്രവര്‍ത്തനം യുക്തിവാദി പ്രവര്‍ത്തനത്തെ തളര്‍ത്തി. 1930 ല്‍ അദ്ദേഹം വിവാഹിതനായി. പുരോഗമനവാദിയായിരുന്ന അയ്യാക്കുട്ടി ജഡ്ജിയുടെ മകള്‍ പാര്‍വതിയായിരുന്നു വധു. ഒരര്‍ത്ഥത്തില്‍ അതൊരു പ്രണയവിവാഹം കൂടിയായിരുന്നു. ജാതി ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയായി മിശ്രവിവാഹം പ്രചരിപ്പിച്ച അയ്യപ്പന്‍ ഈഴവസമുദായത്തില്‍നിന്നുതന്നെ വിവാഹംകഴിച്ചത് അനുയായികളില്‍ അസംതൃപ്തിയുളവാക്കി. അയ്യപ്പന്റെ തീരുമാനം വിമര്‍ശിക്കപ്പെട്ടു. പലരും സംഘം പ്രവര്‍ത്തനത്തില്‍നിന്നും പിന്നോട്ടു പോയി. കാലക്രമത്തില്‍ സഹോദരസംഘം നിര്‍ജ്ജീവമായി.

സഹോദരസംഘത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞെങ്കിലും രാഷ്ട്രീയത്തില്‍ അയ്യപ്പന്‍ സജീവമായിരുന്നു. 1928 മുതല്‍ 1951 വരെ നിയമസഭാംഗമായിരുന്ന അദ്ദേഹം കൊച്ചിയിലും പിന്നീട് തിരുക്കൊച്ചിയിലും മന്ത്രിയായി. എന്നാല്‍ വൈകാതെ, 1935 ല്‍ കൊച്ചി കേന്ദ്രീകരിച്ച് സഹോദരനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മറ്റൊരു യുക്തിവാദി സംഘം രൂപീകരിച്ചു. സഹോദരന്റെ ഗുരുനാഥനായ എം.രാമവര്‍മ തമ്പാനായിരുന്നു പ്രസിഡന്റ്. സഹോദരന്‍ സെക്രട്ടറിയും പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയായ പനമ്പള്ളി ഗോവിന്ദമേനോന്‍ ട്രഷററും. എന്നാല്‍ ആ സംഘടനയും ഏറെക്കാലം നിലനിന്നില്ല. നിയതമായ പ്രവര്‍ത്തനപദ്ധതി പ്രസ്തുത സംഘടനക്കുണ്ടായിരുന്നില്ല. വ്യക്തിജീവിതത്തില്‍ മതത്തെ പിന്‍പറ്റുന്നവരായിരുന്നു ആ സംഘടനയിലെ പല അംഗങ്ങളും. 1940 കളുടെ ആരംഭത്തോടെ ആ സംഘടനയും ഇല്ലാതായി.

സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന നാല്‍പ്പതുകളില്‍ തിരുവിതാംകൂറും കൊച്ചിയും മലബാറുമടങ്ങുന്ന കേരളത്തില്‍ രാഷ്ട്രീയമാറ്റങ്ങള്‍ അനുസ്യൂതം സംഭവിച്ചുകൊണ്ടിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് അനുഭാവികള്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപികരിച്ചു. അതാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിവെച്ചത്. സഹോദര സംഘത്തിലൂടെയും യുക്തിവാദി സംഘത്തിലൂടെയുമെല്ലാം രംഗത്തുവന്നവരില്‍ ഭൂരിപക്ഷവും പില്‍ക്കാലത്ത് സോഷ്യലിസ്റ്റ്പാര്‍ട്ടിയിലേക്കും അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചേക്കേറി. കേരളത്തിലെ കമ്മ്യൂണീസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല നേതൃത്വത്തില്‍ നല്ലൊരു ശതമാനം യുക്തിവാദികളായിരുന്നു.

main-qimg-e3f17d2a2062d2f09568f19732e2b069-c

C Kesavan

തുടര്‍ന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലരും യുക്തിവാദ പ്രചരണത്തിനായി സമ്മേളനങ്ങളും പ്രാദേശികതലത്തില്‍ സംഘടനകളും ഉണ്ടായി. 1949 ല്‍ തിരുവനന്തപുരത്ത് ഒരു യുക്തിവാദ സംഘടന രൂപീകൃതമായി. ചൊവ്വര പരമേശ്വരന്‍, സി.കേശവന്‍*, എം.പ്രഭ, കെ.ദാമോദരന്‍ തുടങ്ങി പ്രഗല്‍ഭരുടെ ഒരു നിര ഉണ്ടായിരുന്നെങ്കിലും ആ സംഘടനയ്ക്ക് ജനകീയമാവാന്‍ കഴിഞ്ഞില്ല. 1950 കളുടെ തുടക്കത്തില്‍ ഇടുക്കി ജില്ലയില്‍ യുക്തിവാദ പ്രചരണരംഗത്ത് വന്ന ജോസഫ് ഇടമറുക് (1934-2006)നിരവധി യുക്തിവാദ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധേയനായി. സംഘടനാ രൂപീകരണത്തിനായും അദ്ദേഹം പരിശ്രമിച്ചു.

ആദ്യകാല സംഘടനകള്‍ പരാജയപ്പെട്ടതുകൊണ്ടാവാം മുതിര്‍ന്ന പല നേതാക്കന്മാര്‍ക്കും അക്കാലത്ത് സംഘടന വേണ്ട എന്ന അഭിപ്രായക്കാരായിരുന്നു. മാത്രമല്ല, ആദ്യകാല യുക്തിവാദികളില്‍ പലരും വ്യക്തിജീവിതത്തില്‍ മതത്തോട് സന്ധി ചെയ്യുന്നതില്‍ അപാകത കണ്ടിരുന്നില്ല. സമൂഹത്തെയും ബന്ധുമിത്രാദികളേയും വെറുപ്പിക്കാതിരിക്കുക എന്നതായിരുന്നു അത്തരക്കാരുടെ പൊതുനിലപാട്. അതുകൊണ്ട് തതന്നെ സ്വജീവിതത്തിലും മക്കളുടെ കാര്യത്തിലുമെല്ലാം മതത്തിന് കീഴ്‌പ്പെടുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നില്ല. ആദ്യകാല യുക്തിവാദ സമ്മേളനങ്ങളില്‍ ഈ വൈരുദ്ധ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യക്തിജീവിതത്തില്‍ മതത്തിന് വഴങ്ങരുത് എന്ന് വാദിച്ചിരുന്ന ആളായിരുന്നു ജോസഫ് ഇടമറുക്. സംഘടന ഉണ്ടായാല്‍ അത് മതംപോലെ ആകും എന്നതായിരുന്നു എം.സി.ജോസഫിനെ (18871981) പോലുള്ളവരുടെ അഭിപ്രായം. എങ്കിലും സമരോത്സുക യുക്തിവാദം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച ചെറുപ്പക്കാര്‍ക്ക് സംഘടന വേണം എന്നതായിരുന്നു താല്‍പ്പര്യം. ഇതു സംബന്ധിയായി നിരവധി ആശയ സംവാദങ്ങള്‍ അക്കാലത്ത് നടന്നിട്ടുണ്ട്.

y

MC Joseph

1956 സെപ്റ്റംബറില്‍ കോട്ടയം കേന്ദ്രമാക്കി ഇടമറുക് മുന്‍കൈ എടുത്ത് യുക്തിവാദി സംഘം രൂപികരിച്ചു. എം.സി.ജോസഫ് *പങ്കെടുത്ത സമ്മേളനത്തില്‍വച്ച് എസ്.എന്‍.ഡി.പി യോഗത്തിന്റെ മുന്‍ പ്രസിഡന്റായിരുന്ന ഡോ.പി.എന്‍.നാരായണന്‍ പ്രസിഡന്റും കെ.ആര്‍.രാമകൃഷ്ണന്‍ കണ്‍വീനറുമായി താല്‍ക്കാലിക നേതൃത്വം നിലവില്‍വന്നു. പിന്നീട് 1956 ഡിസംബറില്‍ കൂടിയ യോഗത്തില്‍വച്ച് ഡോ.പി.എന്‍.നാരായണന്‍ പ്രസിഡന്റും ജോസഫ് ഇടമറുക് സെക്രട്ടറിയുമായി തെരെഞ്ഞെടുക്കപ്പെട്ടു. കുറെയൊക്കെ പ്രവര്‍ത്തിച്ചെങ്കിലും കേരളമാകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. പിന്നീട് ഇടമറുകിന്റെ നേതൃത്വത്തില്‍ 1961 ല്‍ ‘ഫോറം ഓഫ് ഫ്രീതിങ്കേഴ്‌സ്’ എന്നൊരു സംഘടനയും കോട്ടയം കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ടു. എം.സി.ജോസഫ് ആയിരുന്നു രക്ഷാധികാരി,  ഇടമറുക് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും.

kovoor

AT Kovoor

മതവിശ്വാസികളായി ജീവിക്കുന്ന പലരും യഥാര്‍ത്ഥ വിശ്വാസികളല്ലെന്നും പക്ഷെ ‘യുക്തിവാദി സംഘം’ എന്ന പേര്അത്തരക്കാരെ സംഘടനാ രംഗത്തുനിന്നും അകറ്റിനിര്‍ത്തുന്നുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഫോറം ഓഫ് ഫ്രീതിങ്കേഴ്‌സ്’ നിലവില്‍ വന്നത്. വിശാലമായ ഒരു കൂട്ടായ്മ ആയിരുന്നു അത്. കുറ്റിപ്പുഴ കൃഷ്ണപിള്ള, പാലാ നാരായണന്‍നായര്‍, സി.ആര്‍.കേശവന്‍വൈദ്യര്‍, ഇളംകുളം കുഞ്ഞന്‍പിള്ള, എം.പ്രഭ, വി.കെ.പവിത്രന്‍, എ.വി.ജോസ് തുടങ്ങിയവര്‍ ഈ സംഘടനയിലുണ്ടായിരുന്നു. എ.റ്റി.കോവൂരും*(1898-1978) ഈ സംഘടനയില്‍ അംഗമായിരുന്നു. ശ്രീലങ്കയില്‍ സ്ഥിര താമസക്കാരനായിരുന്ന അദ്ദേഹം ആദ്യമായി കേരളത്തിലെ യുക്തിവാദികളുമായി ബന്ധപ്പെടുന്നത് ഈ സംഘടനയിലൂടെയാണ്. ‘വിളംബരം’എന്നൊരു പ്രസിദ്ധീകരണവും സംഘടനയുടെ പേരില്‍ പുറത്തിറങ്ങി. കുറെക്കാലത്തിന് ശേഷം, പതിവുപോലെ, ഈ സംഘടനയും പ്രവര്‍ത്തനരഹിതമായി.

200px-vt-bhattathiri

VT Bhattathirippad

സംഘടനാ രൂപികരണശ്രമങ്ങള്‍ നടക്കുമ്പോഴും അല്ലാത്തപ്പോഴും വിവിധ വ്യക്തികള്‍ മുന്‍കൈ എടുത്ത് യുക്തിവാദപ്രചരണവും സമ്മേളനങ്ങളും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. 1965 ല്‍ കോഴിക്കോടും 1966 ല്‍ തിരുവനന്തപുരത്തും യുക്തിവാദി സംഘടനകള്‍ രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്ത് പ്രമുഖ പത്രപ്രവര്‍ത്തകനായ ചൊവ്വര പരമേശ്വരന്‍ മുന്‍കൈ എടുത്തത്. പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന പവനന്‍ പ്രസിഡന്റും പി.എസ് രാമന്‍കുട്ടി സെക്രട്ടറിയുമായിരുന്നു. പെരുമ്പടവം ശ്രീധരന്‍, തോമസ് വര്‍ഗീസ്, പി.എം.പിള്ള, എ.കെ.ഹമീദ് തുടങ്ങി പ്രമുഖര്‍ പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഈ സംഘടനയും ഏറെ അതിജീവിച്ചില്ല. കോഴിക്കോട് ആരംഭിച്ച സംഘടനയുടെ അമരക്കാര്‍ ബി.കെ.വെങ്ങാലില്‍. പി.കെ.പണിക്കര്‍, യു.കലാനാഥന്‍, ‘പ്രദീപം’ പത്രാധിപരായിരുന്ന തെരുവത്ത് രാമന്‍ തുടങ്ങിയവരായിരുന്നു. സാമാന്യം നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും കാലക്രമത്തില്‍ ഈ സംഘടനയും പ്രവര്‍ത്തനരഹിതമായി.

1962 മുതല്‍ തൃശ്ശൂര്‍ കേന്ദ്രമാക്കി എ.വി.ജോസ് യുക്തിവാദ സുഹൃദ് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിരുന്നു. കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍നിന്നും പ്രമുഖരായ യുക്തിവാദികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തിരുന്ന ഇത്തരമൊരു യോഗത്തില്‍ വച്ചാണ് കേരളാടിസ്ഥാനത്തില്‍ ഒരു യുക്തിവാദിസംഘം എന്ന ആശയം വീണ്ടും ഉയര്‍ന്നുവന്നത്. 1967 ല്‍ നടത്തപ്പെട്ട യോഗത്തില്‍ പുതിയ യുക്തിവാദി സംഘം രൂപീകൃതമായി. ആദ്യകാലത്ത് സംഘടന എന്ന ആശയത്തെ എതിര്‍ത്തിരുന്ന എം.സി.ജോസഫായിരുന്നു പ്രസിഡന്റ്;സെക്രട്ടറിയായി കെ.എ.സുബ്രഹ്മണ്യവും. കുറ്റിപ്പുഴ കൃഷ്ണപിള, വി.ടി.ഭട്ടതിരിപ്പാട്* എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പി.എസ്.രാമന്‍കുട്ടി. എ.വി.ജോസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു. ജോസഫ് കുന്നത്തായിരുന്നു ട്രഷറര്‍. ഈ കമ്മിറ്റിക്കും കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല.

joseph_edamaruku

Joseph Idamaruku

1969 ല്‍ നടന്ന വാര്‍ഷികയോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എം.പ്രഭ, പി.എസ്.രാമന്‍കുട്ടി എന്നിവരായിരുന്നു യഥാക്രമം പ്രസിഡന്റും സെക്രട്ടറിയും. ഇടമറുക് *വൈസ് പ്രസിഡന്റായിരുന്നു. ആദ്യമൊക്കെ ഉത്സാഹപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും പ്രാദേശികകമ്മറ്റികള്‍ ഉണ്ടാക്കുകയും ചെയ്തുവെങ്കിലും പിന്നീട് പ്രവര്‍ത്തനം മന്ദീഭവിച്ചു. 1976 മുതലാണ് സംഘടന മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മലയാളിയും ശ്രീലങ്കന്‍ പൗരനുമായ എ.റ്റി.കോവൂരിന്റെ ലേഖനങ്ങളുടെ മലയാള പരിഭാഷ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തെ ശക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചു. ഇടമറുക് പരിഭാഷപ്പെടുത്തിയ കോവൂരിന്റെ ലേഖനങ്ങള്‍ അക്കാലത്ത് നല്ല പ്രചാരമുണ്ടായിരുന്ന ജനയുഗം വാരിക ഉള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചത് അന്ധവിശ്വാസങ്ങളില്‍ നിന്നും പുറത്തുവരാന്‍ നിരവധി മലയാളികളെ പ്രേരിപ്പിച്ചു.

ഇടമറുക്, ജോണ്‍സണ്‍ ഐരൂര്‍ എന്നിവര്‍ കോവൂരിന്റെ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തു. മാത്രമല്ല 1969 ല്‍ കേരളത്തിലും 1977 ല്‍ കേരളത്തിലും അഖിലേന്ത്യാതലത്തിലുമായി കോവൂര്‍ നടത്തിയ ദിവ്യാത്ഭുത അനാവരണ പരിപാടികളും പ്രഭാഷണങ്ങളും നിരവധിപ്പേരെ ശാസ്ത്രിയ ചിന്തയിലേക്ക് അടുപ്പിച്ചു. ഇതിനിടയില്‍ കോട്ടയം കേന്ദ്രമാക്കി സനല്‍ ഇടമറുകിന്റെ നേതൃത്വത്തില്‍ റാഷണലിസ്റ്റ് സ്റ്റുഡന്‍സ് ഫോറം എന്ന സംഘടനയും തൃശ്ശൂര്‍ കേന്ദ്രമാക്കി ജോണ്‍സണ്‍ ഐരൂര്‍, നാസ്തികന്‍ സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ റാഷണലിസ്റ്റ് യൂത്ത് ഫോറം എന്ന സംഘടനയും രംഗത്ത് വന്നു. യുവാക്കള്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഈ സംഘടനകളും വൈകാതെ നിര്‍ജ്ജീവമായി.

സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംഘടനയ്ക്കുള്ളില്‍ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നു. മാര്‍ക്‌സിസത്തോടുള്ള സമീപനമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാര്‍ക്‌സിസത്തെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തേയും അംഗീകരിക്കുന്നവരും അല്ലാത്തവരുമായി രണ്ടുചേരികള്‍ സംഘടനയില്‍ ഉണ്ടായിരുന്നു. കേരളാ യുക്തിവാദിസംഘത്തിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും മാര്‍ക്‌സിസത്തേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും അംഗീകരിച്ചപ്പോള്‍ ഇടമറുകിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. ഇതിനെച്ചൊല്ലി പ്രസിദ്ധീകരണങ്ങളിലൂടെയും ലഘുലേഖകളിലൂടെയുമെല്ലാം പരസ്പര വിമര്‍ശനം പതിവായി.

വിമര്‍ശനങ്ങള്‍ പലപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് പോയി. മദ്രാസ് കേന്ദ്രമാക്കി 1949 ല്‍ രൂപികരിച്ച അഖിലേന്ത്യാ സംഘടനയാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍. അവിടെ മന്ത്രിയായിരുന്ന എസ്.രാമനാഥനായിരുന്നു സംഘടനയുടെ സ്ഥാപകന്‍. കേരള യുക്തിവാദി സംഘം ഈ സംഘടനയില്‍ അംഗമായിരുന്നു. കെ.വൈ.എസ്സിനുള്ളില്‍ ആശയപരമായ ആരോപണ പ്രത്യാരോപണങ്ങളും, വ്യക്തിപരമായി സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉണ്ടായതോടെ അവര്‍ കേന്ദ്ര സംഘടനയായ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനില്‍(IRA) നിന്നും അഫിലിയേഷന്‍ പിന്‍വലിക്കുകയും സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഐ.ആര്‍.എ യുടെ സംസ്ഥാന ഘടകമായിരുന്നില്ല കേരളാ യുക്തിവാദിസംഘം. എങ്കിലും ദേശീയ നേതൃത്വത്തില്‍നിന്നും പല കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ കേരളാ യുക്തിവാദി സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി ഏതാണ്ട് ഒന്നടങ്കം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1984 ല്‍ ഐ.ആര്‍.എ യില്‍ നിന്നും കേരളയുക്തിവാദി സംഘം (കെ.വൈ.എസ്) പിന്‍മാറി.

sreeni_pattathanam

Sreeni Pattathanam

1985 ല്‍ ഇടമറുകിന്റെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് കേരളാ യുക്തിവാദി സംഘത്തിനു ബദലായി മാര്‍ക്‌സിസം, മാര്‍ക്‌സിയന്‍ ഭൗതികവാദം എന്നിവ അംഗീകരിക്കാത്ത ഐ.ആര്‍.ഐ സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനി പട്ടത്താന*മായിരുന്നു ജനറല്‍ സെക്രട്ടറി, അബ്ദുള്ള മേപ്പയൂര്‍ പ്രസിഡന്റും. പില്‍ക്കാലത്ത് അഖിലേന്ത്യാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ശ്രീനി പട്ടത്താനവും കൂട്ടരും ഐ ആര്‍ എ വിടുകയും 1997 ല്‍ ഭാരതീയ യുക്തിവാദി സംഘം രൂപീകരിക്കുകയും ചെയ്തു. സി.ഐ.ഉമ്മനായിരുന്നു സംസ്ഥാന പ്രസിഡന്റ്. ശ്രീനി പട്ടത്താനം ജനറല്‍ സെക്രട്ടറിയും. ഐ.ആര്‍.എ യില്‍ ഉണ്ടായിരുന്ന ബഹുഭൂരിപക്ഷംപേരും ശ്രീനിക്കൊപ്പം നിന്നതോടെ ഐ.ആര്‍.എ യുടെ കേരളത്തിലെ പ്രവര്‍ത്തനം ഏതാണ്ട് ഇല്ലാതായി. ഇടമറുകിന്റെ നിര്യാണവും മകന്‍ സനല്‍ ഇടമറുകിന്റെ പ്രവാസ ജീവിതവും ഐ ആര്‍ എ യ്ക്ക് തിരിച്ചടിയായി. കെ.വൈ.എസ് അടക്കം ഒരു ഡസനില്‍ കൂടുതല്‍ യുക്തിവാദി ഗ്രൂപ്പുകള്‍ ഇന്ന് കേരളത്തില്‍ യുക്തിവാദ ആശയ പ്രചരണ രംഗത്തുണ്ട്.

800px-basava_premanand

Basava Premanand

കര്‍ണ്ണാടക സ്വദേശിയായിരുന്ന ബസവ പ്രേമാനന്ദ് * (1930-2009) ദേശീയ തലത്തില്‍ ശ്രദ്ധേയനായ യുക്തിവാദിയാണ്. ബി.ബി.സി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഡോക്കുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്. ആള്‍ദൈവങ്ങളുടെയും ദിവ്യന്‍മാരുടെയും തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടു വരുന്നതിലായിരുന്നു അദ്ദേഹം കൂടുതലും ശ്രദ്ധിച്ചത്. ആത്മീയ-മത തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും ബോധവത്ക്കരണ യാത്രകള്‍ നടത്തുകയും ചെയ്ത ചരിത്രം പ്രേമാനന്ദിനുണ്ട്. കേരളത്തിലെ യുക്തിവാദികള്‍ വ്യാപകമായി മാജിക്കും മായാജാലവും പഠിക്കാന്‍ പ്രേരണയായത് പ്രേമാനന്ദിന്റെ ദിവ്യാത്ഭുത അനാവരണങ്ങളാണെന്ന് പറയാം. ഡോ.നരേന്ദ്രനായിക്കിനെപ്പോലെ നിരവധി മികവുറ്റ ശിഷ്യരെ യുക്തിവാദ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്താണ് പ്രേമാനന്ദ് അരങ്ങൊഴിഞ്ഞത്.

എ.വി.ജോസ് മുന്‍കൈ എടുത്ത് നടത്തിയിരുന്ന സുഹൃദ് സമ്മേളനങ്ങള്‍ കേരളാ യുക്തിവാദി സംഘത്തിന് തുടക്കമിട്ടെങ്കിലും പ്രശസ്ത യുക്തിവാദിയായ ഇടമറുക് ഇതിനെ നിഷേധിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. 1956 ല്‍ അദ്ദേഹം മുന്‍കൈ എടുത്ത് കോട്ടയത്ത് സ്ഥാപിച്ച യുക്തിവാദി സംഘമാണ് പിന്നീട് കേരളാ യുക്തിവാദി സംഘമായത് എന്നാണ്ഇടമറുകിന്റെ അവകാശവാദം. കേരളാ യുക്തിവാദിസംഘത്തിന്റെ ഔദ്യോഗിക നിലപാട് എ.വി ജോസിന് അനുകൂലവുമായിരുന്നു. 1967 മുതലുള്ള കേരളത്തിലെ യുക്തിവാദപ്രസ്ഥാനത്തിന്റെ ചരിത്രം കേരളാ യുക്തിവാദി സംഘത്തിന്റെ ചരിത്രംകൂടിയാണ്.1985 ല്‍ ഐ ആര്‍ എ സംസ്ഥാനാടിസ്ഥാനത്തില്‍ രൂപികരിക്കപ്പെടുകയും വിവിധ ജില്ലകളില്‍ കമ്മിറ്റികള്‍ ഉണ്ടാവുകയും ചെയ്‌തെങ്കിലും അതിന് വ്യാപകമായി അടിവേരുകള്‍ ഉണ്ടാക്കാനായില്ല.

kk

EA Jabbar

2011 ല്‍ കേരളയുക്തിവാദത്തില്‍ പിളര്‍പ്പുണ്ടായി. മലപ്പുറം ജില്ലാക്കമ്മറ്റി ഒന്നടങ്കം വിട്ടുപോയി ഇ.എ. ജബ്ബാര്‍*, മുഹമ്മദ് പാറയ്ക്കല്‍, പ്രൊഫ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘യുക്തിവാദി സംഘം’എന്ന സംഘടന രൂപീകരിച്ചു.ഇന്ന് കേരളത്തില്‍ യുക്തിവാദി പ്രവര്‍ത്തനം ഏറ്റവും കാര്യക്ഷമമായി നടക്കുന്ന  ജില്ലയാണ് മലപ്പുറം. സംഘടനയില്‍ അടിക്കടിയുണ്ടായ പിളര്‍പ്പുകള്‍ കേരളത്തിലെ യുക്തിവാദി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നതാണ് വാസ്തവം. കൂടുതല്‍ പരിപാടികളും പ്രചരണ സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 2010 ന് യുക്തിവാദി പ്രചരണത്തില്‍ കേരളമെമ്പാടും ഉണര്‍വ് ഉണ്ടാകാന്‍ ഇത് കാരണമായി.ഇസ്ലാമിക മതവിമര്‍ശനരംഗത്ത് ഇ.എ. ജബ്ബാറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയാണ് കോഴിക്കോട് സ്വദേശിയും മുന്‍ പുരോഹിതനുമായ പി.എം.അയൂബ്*.

unnamed

PM Ayoob

hqdefault

Mohammed Paraykkal

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തി നൊപ്പം നടന്ന ഒരു സംഘടനയാണ് കേരളത്തിലെ മിശ്രവിവാഹ സംഘം. ജാതി നശീകരണത്തിനുള്ള മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് യുക്തിവാദികള്‍ മിശ്രവിവാഹ സംഘം ഉണ്ടാക്കുകയും അതുമായി സഹകരിക്കുകയും ചെയ്തത്. 1917 ല്‍ തുടങ്ങിയ സഹോദര സംഘമാണ് ആദ്യമായി മിശ്രവിവാഹങ്ങള്‍ക്ക് വേണ്ടി സംഘടിത ശബ്ദമുയര്‍ത്തിയത്. 1946 ല്‍ എറണാകുളത്തുവച്ച് അഖില കൊച്ചി മിശ്രവിവാഹസംഘം എന്ന സംഘടന രൂപീകരിക്കപ്പെട്ടു. ചൊവ്വര പരമേശ്വരനായിരുന്നു പ്രസിഡന്റ്, വി.കെ.പവിത്രന്‍ സെക്രട്ടറിയും. കലക്രമത്തില്‍ പ്രവര്‍ത്തനം നിലച്ച ഈ സംഘടനയുടെ തുടര്‍ച്ചയായിട്ടാണ് 1958 ല്‍ കേരളാ മിശ്രവിവാഹസംഘം ആരംഭിക്കുന്നത്. മിശ്രവിവാഹസംഘവും യുക്തിവാദിസംഘവും സമൂഹ പരിഷ്‌കരണരംഗത്ത് സഹകരിച്ചു പ്രവര്‍ത്തിച്ച സംഘടനകളായിരുന്നു. നിരവധി മഹദ് വ്യക്തികള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സംഘടനയുടെ വളര്‍ച്ചക്കും മിശ്രവിവാഹിതരുടെ അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച വി.കെ.പവിത്രന്റെ പേര് എടുത്തുപറയേണ്ടതാണ്.

പില്‍ക്കാലത്ത് അന്തഛിദ്രങ്ങള്‍ ഉണ്ടായെങ്കിലും കേരളീയ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിശ്രവിവാഹ സംഘം ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. 1968 ല്‍ മിശ്രവിവാഹസംഘം മുന്‍കൈ എടുത്തു നടത്തിയ സാമൂഹ്യ സാംസ്‌കാരിക വിപ്ലവ പ്രചരണ ജാഥ അവരുടെ പരിപാടികളില്‍ എടുത്തുപറയേണ്ട ഒന്നാണ്. 1968 ഡിസംബര്‍ 20 ന്കാഞ്ഞങ്ങാട്ടുനിന്ന് ആരംഭിച്ച ജാഥ 1969 ജനുവരി 2 ന് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലാണ്അവസാനിച്ചത്. യുക്തിവാദി സംഘവും അതില്‍ സഹകരിച്ചിരുന്നു. എം.സി.ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, വി.കെ.പവിത്രന്‍, ഇടമറുക്, ആര്‍.കൃഷ്ണന്‍കുട്ടി നായര്‍, എ.വി.ജോസ്, കെ.വേണു, പവനന്‍, പി.എസ്.രാമന്‍കുട്ടി തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഈ ജാഥയില്‍ പങ്കെടുത്തിരുന്നു. വി.ടി.ഭട്ടതിരിപ്പാടായിരുന്നു ജാഥാ ക്യാപ്റ്റന്‍.

ഏതൊരു സംഘടനയ്ക്കും ആശയപ്രചരണത്തിന് ഒരു പത്രം ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നും സഹോദരന്‍ അയ്യപ്പനാണ് മലയാളത്തിലെ ആദ്യത്തെ യുക്തിവാദ പ്രസിദ്ധീകരണമായ ‘യുക്തിവാദി’ക്ക് തുടക്കമിട്ടത്. 1929 ലാണ്ആദ്യ ലക്കം പുറത്തിറങ്ങിയത്. സഹോദരനെക്കൂടാതെ മിതവാദി സി.കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍, എം.സി.ജോസഫ്, എം.രാമവര്‍മ തമ്പാന്‍ എന്നിവരായിരുന്നു പത്രാധിപന്മാര്‍. ആദ്യം എറണാകുളത്തു നിന്നും എം.സി. ജോസഫ് ചുമതല ഏറ്റെടുത്തതിനുശേഷം തൃശ്ശൂരില്‍ നിന്നുമായിരുന്നു ‘യുക്തിവാദി’ പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീടുണ്ടായ ശ്രദ്ധേയമായ പ്രസിദ്ധീകരണം 1954 ല്‍ തൊടുപുഴയില്‍ നിന്നും ഇടമറുകിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച ‘ഇസ്‌ക്ര’ആണ്.

വി.കെ.പവിത്രന്റെ പത്രാധിപത്യത്തില്‍ എറണാകുളത്തു നിന്നും 1960 മുതല്‍ പ്രസിദ്ധീകരിച്ചിരുന്ന മിശ്രവിവാഹ സംഘം ബുള്ളറ്റിന്‍, 1962 ല്‍ കോട്ടയത്തുനിന്നും ഇടമറുകിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘വിളംബരം‘ , 1967 ല്‍ തൃശ്ശൂരില്‍നിന്നും കെ.എ.സണ്ണിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘നാസ്തികന്‍‘, 1969 ല്‍ കോട്ടയത്തുനിന്നും പി.കെ.മാധവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘യുക്തി’, 1969 ല്‍ കോട്ടയത്തുനിന്നും ഇടമറുകിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘തേരാളി‘ (പിന്നീട് ഡല്‍ഹിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്നു), 1977 മുതല്‍ തൃശ്ശൂരില്‍ നിന്നും എ.വി.ജോസിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘യുക്തിവിചാരം‘, 1978 മുതല്‍ കൊല്ലത്തുനിന്ന് ശ്രീനി പട്ടത്താനത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘രണരേഖ’, 1978 മുതല്‍ തൃശ്ശൂരില്‍ നിന്നും വര്‍ഗ്ഗീസ് കൊരട്ടിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘യുക്തിപ്രഭ‘, 1978 മുതല്‍ എറണാകുളത്തുനിന്നും വി.കെ.പവിത്രന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘പ്രഖ്യാപനം’, 1983 മുതല്‍ കോഴിക്കോടുനിന്നും പ്രസിദ്ധീകരിച്ചുവരുന്ന ‘യുക്തിരേഖ’ (ആദ്യ പത്രാധിപര്‍ പവനന്‍) എന്നിവ ആദ്യകാല പ്രസിദ്ധീകരണങ്ങളായിരുന്നു.

z

Rajagopal Vakathanam

1994 മുതല്‍ കൊല്ലത്തുനിന്ന് ശ്രീനി പട്ടത്താനത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ‘യുക്തിരാജ്യം‘, 2007 മുതല്‍ കോട്ടയത്തുനിന്നും ത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘നവോത്ഥാനം‘, 2009 മുതല്‍ ഏറണാകുളത്തുനിന്നും പി.ആര്‍.ഷാജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘നവോത്ഥാന നാസ്തിക്യം‘ , 2012 മുതല്‍ ഏറണാകുളത്തുനിന്നും ജി.എസ്.ബാബുവിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ‘യുക്തി‘, 2013 മുതല്‍ കോഴിക്കോടുനിന്നും ഡോ.സി.വിശ്വനാഥന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ‘യുക്തിയുഗം‘ എന്നിവയാണ് ആശയ പ്രചരണ രംഗത്ത് ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ പ്രധാന പ്രസിദ്ധീകരണങ്ങള്‍. ഇവയെക്കൂടാതെ കേരളകൗമുദി, മിതവാദി, സഹോദരന്‍ തുടങ്ങിയ പസിദ്ധീകരണങ്ങളും യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന പത്രങ്ങളാണ്.

യുക്തിവാദ പ്രസിദ്ധീകരണരംഗത്ത് ഇടമറുകായിരുന്നു താരം. നൂറ് കണക്കിന് പുസ്തകങ്ങളാണ് അദ്ദേഹം യുക്തിവാദപ്രചരണത്തിനായി രചിച്ചത്. ആഴമേറിയ പഠനങ്ങളും അന്വേഷണങ്ങളും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടു നിര്‍ത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഇടമറുകിന്റെ രചനകള്‍ കേരളത്തിലെ യുക്തിവാദികള്‍ ഇന്നും റഫറന്‍സിനായി ആശ്രയിക്കാറുണ്ട്. ദല്‍ഹി കേന്ദ്രമായി സ്വന്തമായി പ്രസിദ്ധീകരണം നടത്തിയ ഇടമറുകിന്റെ ദൗത്യം മകന്‍ സനല്‍ ഇടമറുക് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഡോ.എ.റ്റി.കോവൂരിന്റെ അനുഭവക്കുറിപ്പുകളും രചനകളും ആയിരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കപടചികിത്സ, ബദല്‍വൈദ്യം എന്നിവയ്‌ക്കെതിരെ ദശകങ്ങളോളം ഒറ്റയാള്‍പോരാട്ടം നടത്തിയ യുക്തിവാദിയാണ് എറണാകുളം സ്വദേശിയായി ജോസഫ് വടക്കന്‍. യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചവരില്‍ പ്രധാനികള്‍ ഡോ.മനോജ് കോമത്ത്, ഡോ. എന്‍.എം.മുഹമ്മദ്, ശ്രീനി പട്ടത്താനം, രാജഗോപാല്‍ വാകത്താനം, സേവിയര്‍ വില്യംസ്, യു. കലാനാഥന്‍, ഋഷികുമാര്‍, മാത്യു തൂവയില്‍ എന്നിവരാണ്.

കേരള യുക്തിവാദി സംഘം രൂപികരിക്കപ്പെട്ടതിനുശേഷം നിരവധി സമരങ്ങളും ജനകീയപ്രശ്‌നങ്ങളിലുള്ള ഇടപെടലുകളും സംഘം നടത്തിയിട്ടുണ്ട്. യുക്തിവാദികള്‍ക്കും മിശ്രവിവാഹിതര്‍ക്കും അവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി, മത കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണമായിരുന്നു. 1974 ല്‍ കെ.വൈ.എസ് അന്നത്തെ മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തെത്തുടര്‍ന്ന് താല്‍പ്പര്യമില്ലാത്തവരെ ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു (29/4/1974). 2004 ല്‍ എസ് എസ് എല്‍ സി ബുക്കുകള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചപ്പോള്‍ അതിനുവേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌വെയറില്‍ ജാതി മത കോളങ്ങളല്ലാതെ മതരഹിതര്‍ക്ക് കോളം ഉണ്ടായിരുന്നില്ല.

ഇതിനെതിരെ ഭാരതീയ യുക്തിവാദിസംഘം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മതരഹിതര്‍ക്കുവേണ്ടി ‘നോണ്‍ റിലിജിയസ്’, ‘സെക്കുലര്‍’, ‘നോട്ട് ആപ്‌ളിക്കബിള്‍’എന്നിങ്ങനെയുള്ള കോളങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. (21/11/2005) മറ്റൊരു ശ്രദ്ധേയമായ സമരം 1977 ല്‍ നടന്ന ഗുരുവായൂര്‍ സമരമാണ്. കേരളാ യുക്തിവാദി സംഘം പ്രസിഡന്റ് പവനന്റെ നേതൃത്വത്തില്‍ ദേവസ്വം ബോഡ് ഓഫീസിനുമുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തെ ആക്രമണത്തിലൂടെ നേരിടുകയാണ് മതമൗലികവാദികള്‍ ചെയ്തത്. ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്ന നടപടിക്കെതിരെയായിരുന്നു പ്രധാനമായും സമരം. വര്‍ഗ്ഗീയവാദികളുടെ ആക്രമണത്തില്‍ പവനനടക്കം പലര്‍ക്കും പരിക്കുപറ്റിയെങ്കിലും ദേശീയതലത്തില്‍പ്പോലും ഈ സമരം ശ്രദ്ധിക്കപ്പെട്ടു.

ഏറെ കൊട്ടിഘോഷിച്ചിരുന്ന ശബരിമലയിലെ മകരവിളക്കിന് ദിവ്യത്വമില്ലെന്നും അത് മനുഷ്യസൃഷ്ടിയാണെന്നും തെളിയിച്ചത് കേരളാ യുക്തിവാദി സംഘമാണ്. 1973 ല്‍ കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥനും കെ.വൈ എസുകാരനുമായ എം.ആര്‍.എസ്.നാഥനാണ് പൊന്നമ്പലമേട്ടില്‍ ചെന്ന് ദിവ്യജോതി എന്ന തട്ടിപ്പ് ജനമധ്യത്തില്‍ പൊളിച്ചുകാട്ടിയത്. ഇതിനെക്കുറിച്ച് ‘ശബരിമലയും മകരവിളക്കും ചൂഷണോപാധികള്‍’എന്നൊരു ലഘുലേഖ കോട്ടയത്തുനിന്നും ഇടമറുക് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനുശേഷം നിരവധി തവണ യുക്തിവാദികള്‍ പൊന്നമ്പലമേട്ടിലെത്തിയിട്ടുണ്ട്. 1983 ല്‍ പൊന്നമ്പലമേട്ടിലെത്തിയ യുക്തിവാദികളെ പോലീസ് മര്‍ദ്ദിച്ച സംഭവവുമുണ്ടായി. ധനുവച്ചപുരം സുകുമാരന്‍, കല്ലിയൂര്‍ പ്രസന്നരാജ് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.

1991 ല്‍ സനല്‍ ഇടമറുകിന്റെ നേതൃത്വത്തില്‍ ഒരു പൊന്നമ്പലമേട് മാര്‍ച്ച് തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കപ്പെട്ടില്ല. അന്ന് മുഖ്യമന്ത്രി ആയിരുന്ന നായനാര്‍ മകരവിളക്ക് മനുഷ്യര്‍ കത്തിക്കുന്നതാണ് എന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ലക്ഷ്യം നേടി എന്നുപറഞ്ഞുകൊണ്ട് ഇടയ്ക്കുവച്ച് മാര്‍ച്ച് പിന്‍വലിക്കുകയായിരുന്നു. മകരവിളക്ക് എന്ന തട്ടിപ്പിനെതിരായി നടന്നിരുന്ന സമരങ്ങളെ അവഗണിച്ചിരുന്ന സര്‍ക്കാരുകളും ദേവസ്വംബോര്‍ഡും നൂറില്‍ കൂടുതല്‍ ആളുകള്‍ മരിച്ച 2011 ലെ പുല്ലുമേട് ദുരന്തത്തെതുടര്‍ന്നുണ്ടായ കേസുകളില്‍ മകരജ്യോതി ദിവ്യാത്ഭുതമല്ലെന്നും മനുഷ്യര്‍ കത്തിക്കുന്നതാണെന്നും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് യുക്തിവാദികളുടെ നിലപാടിനുള്ള അംഗീകാരമായി. ഭാരതീയ യുക്തിവാദിസംഘം, കേരളാ യുക്തിവാദി സംഘം തുടങ്ങി നിരവധി സംഘടനകള്‍ ഈ കേസില്‍ കക്ഷിചേര്‍ന്നിരുന്നു.

2006062312790401_984161e

Pavanan

1977 ഡിസംബര്‍ 27 ന് യുക്തിവാദികള്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നടത്തിയ സത്യാഗ്രഹവും അക്രമത്തിലും മര്‍ദ്ദനത്തിലും കലാശിച്ചു. ക്ഷേത്രവരുമാനം ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ചെലവാക്കുക, ധൂര്‍ത്ത് തടയുക, ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര പരിപാടി. അന്നത്തെ കേരള സര്‍ക്കാര്‍ പദ്ധതിയായ ലക്ഷംവീട് പദ്ധതിക്ക് ദേവസ്വം പണം കൊടുക്കാമെന്ന് ഏറ്റിരുന്നെങ്കിലും ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയതും സമരകാരണമായി. നിരവധി ആളുകള്‍ പങ്കെടുത്ത പ്രസ്തുത സമരത്തില്‍ പോലീസുകാര്‍ സമരക്കാരെ മര്‍ദ്ദിച്ചില്ലെങ്കിലും ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹം നടത്തിയ സന്നദ്ധഭടന്മാരെ വിശ്വാസികള്‍ മര്‍ദ്ദിച്ചു. പവനന്‍ *അടക്കം പലര്‍ക്കും മര്‍ദ്ദനമേറ്റു. ആനയെ അടിക്കുന്ന വടികൊണ്ടാണ്പലരേയും അടിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്ന പവനനേയും മറ്റു വോളണ്ടിയര്‍മാരെയും പോലീസ് തീരെ ഗൗനിച്ചില്ല. മര്‍ദ്ദനം ഉണ്ടായപ്പോള്‍ പിന്‍വാങ്ങിയ പ്രവര്‍ത്തകരെ പിന്നിലൂടെ ചെന്ന് അടിക്കുകയും ആ കൂട്ടത്തിലുണ്ടായിരുന്ന പ്രൊഫ.ജോണ്‍ ഇടമറുക് എന്ന വോളണ്ടിയറെ പിടികൂടി ഭീകരമായി മര്‍ദ്ദിക്കുകയും ക്ഷേത്രത്തിനു മുന്നില്‍ കൊണ്ടുവന്ന് ഏത്തമിടുവിപ്പിച്ച് മാപ്പു പറയിക്കുകയും ചെയ്തു. കൃത്യവിലോപം കാട്ടിയ പോലീസുകാര്‍ക്കെതിരെയോ വിശ്വാസി ഗുണ്ടകള്‍ക്കെതിരെയോ എന്തെങ്കിലും നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതമില്ല.

ജാതിനശീകരണത്തിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ച് 1979 ല്‍ യുക്തിവാദിസംഘം ജനറല്‍ സെക്രട്ടറി യു.കലാനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ വാഹനപ്രചരണ ജാഥയാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി. ഇതുകൂടാതെ മതമുക്തരാഷ്ട്രിയത്തിനായി നടത്തിയ ജാഥ, സര്‍ക്കാര്‍ സ്ഥാപനമായ ആകാശവാണിയുടെ അന്ധവിശ്വാസ പ്രചരണത്തിനെതിരെ നടത്തിയ ധര്‍ണ്ണ, ഇടുക്കിയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ നരനായാട്ടിനെതിരെ നടത്തിയ പ്രതിഷേധ പരിപാടി, എറണാകുളത്ത് നടത്തപ്പെട്ട പുത്രകാമേഷ്ടിക്കെതിരെ നടത്തിയ റാലിയും പൊതുസമ്മേളനവും, ഏക സിവില്‍കോഡിനുവേണ്ടി നടത്തിയിട്ടുള്ള നിരവധിയായ പ്രക്ഷോഭങ്ങള്‍, മതമുക്ത രാഷ്ട്രിയത്തിനായി ‘ഫിറ’യുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്, നവോത്ഥാന ജാഥ തുടങ്ങി നിരവധി നിരവധി സമരങ്ങള്‍ കേരള യുക്തിവാദി സംഘം നടത്തിയിട്ടുണ്ട്. ‘യുക്തിദര്‍ശനം‘ എന്നൊരു ബൃഹദ് ഗ്രന്ഥവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1995 മുതല്‍ ഒരു മതേതര കലണ്ടറും സംഘം പ്രസിദ്ധീകരിക്കുന്നു.

എടുത്തുപറയേണ്ട മറ്റൊരു സമരം ആവിഷ്‌കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. പി.എം.ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ശ്രീനി പട്ടത്താനത്തിന്റെ ‘മാതാ അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ത്ഥ്യവും‘ എന്നീ പുസ്തകങ്ങള്‍ക്കെതിരെ മതമൗലികവാദികള്‍ രംഗത്തുവന്നപ്പോള്‍ കേരളത്തിലെ മുഴുവന്‍ യുക്തിവാദികളും സംഘടനാഭേദമെന്യേ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി അണിചേര്‍ന്നു. ഇടതു കക്ഷികള്‍ ആന്റണിക്ക് അനുകൂലമായി രംഗത്തുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്തിയപ്പോള്‍ അവര്‍ നാടകം നിരോധിക്കുകയാണുണ്ടായത്.

ശ്രീനി പട്ടത്താനത്തിനെതിരെ മതനിന്ദാ നിയമത്തിന് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് അമൃതാനന്ദമയിയുടെ മഠത്തിലെ അന്തേവാസി കേസ് കൊടുത്തപ്പോള്‍ യുക്തിവാദി സംഘങ്ങള്‍ക്കൊപ്പം കുറെയേറെ പുരോഗമന സംഘടനകളും ശ്രീനിക്കൊപ്പം നിന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു അത്. മതേതരവാദിയായി അറിയപ്പെടുന്ന എ.കെ.ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. അദ്ദേഹം കേസിന് അനുമതി കൊടുക്കുകയാണുണ്ടായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു എഴുത്തുകാരനെതിരെ മതനിന്ദാകുറ്റം ചുമത്തപ്പെട്ടത്. കേസിനെ കോടതിയില്‍ നേരിടാന്‍ യുക്തിവാദികള്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയിട്ടും കേസ് കൊടുത്തവര്‍ പിറകോട്ട് പോവുകയാണുണ്ടായത്.

അമൃതാനന്ദമയിയുടെ ആശ്രമനിവാസിയും ശിഷ്യയുമായിരുന്ന ഗെയ്ല്‍ ട്രെഡ് വെല്‍ എന്ന വനിതയുടെ ‘വിശുദ്ധനഗരം'(Holy Hell: A Memoir of Faith, Devotion, and Pure Madness by Gail Tredwell, 2013) എന്ന പുസ്തകത്തിന്റെ വിശദാംശങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ 2013 ല്‍ കോട്ടയത്ത് ഡി.സി ബുക്‌സിന്റെ ഓഫീസിന് നേരെ നടന്ന കല്ലേറും അക്രമണവും രേഖപ്പെടുത്തപ്പെടേണ്ട സംഭവമാണ്. ഡി.സി ബുക്‌സിനെതിരെ നിരവധി കേസുകള്‍ അമൃതാനന്ദമയിയുടെ അനുയായികള്‍ വിവിധ കോടതികളിലായി നിരവധി കേസുകള്‍ ഫയല്‍ചെയ്താണ് പ്രതിരോധം സംഘടിപ്പിച്ചത്. പുസ്തകത്തിനെതിരെ സ്റ്റേ വാങ്ങി അമൃതാനന്ദമയി മഠം ആശ്രമവിശേഷം സമൂഹമധ്യത്തിലെത്തുന്നത് തടഞ്ഞു.

1883-1996 വരെ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ താമസിച്ച് നിഴല്‍സാന്നിധ്യമായി അവരെ സേവിച്ച ഗെയില്‍ ട്രെഡ്‌വെല്‍ എന്ന ഓസ്‌ട്രേലിയന്‍ ഭക്തയുടെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നതൊക്കെ ശുദ്ധ നുണയാണെന്ന നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ ഗെയിലുമായുള്ള അഭിമുഖം സംപ്രേക്ഷപണം ചെയ്ത് മറിച്ചൊരു നിലപാട് സ്വീകരിച്ചെങ്കിലും സി.പി.എമ്മിന്റെ പോലും പൊതു അംഗീകാരം പ്രസ്തുത ദൗത്യത്തിന് ഉണ്ടായിരുന്നില്ലെന്ന വസ്തുത പിന്നീട് പുറത്തുവന്നു.

മുഖ്യധാരാ പത്രങ്ങളും രാഷ്ട്രീയശക്തികളും വേട്ടപ്പെട്ടികളെപ്പോലെ ഈ ആള്‍ദൈവത്തിന് കാവല്‍ നിന്നതോടെ ബലാല്‍സംഘവും സാമ്പത്തികചൂഷണവും ഉള്‍പ്പെടെ ഗെയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൊതുജനശ്രദ്ധയില്‍ നിന്നും വഴുതിമാറി. അമൃതാനന്ദമയിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് മതമൗലികവാദികളും അമൃതാനന്ദമയി ഭക്തരും ഗീതാപ്രഭാഷകനായ സ്വാമി സന്ദീപാനന്ദഗിരിയെ മലപ്പുറത്ത് തുഞ്ചന്‍പറമ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതും ഈ സംഭവത്തിന്റെ തുടര്‍ച്ചയായായിരുന്നു. ആള്‍ദൈവസംരക്ഷണത്തിനായി ഗീതാപ്രഭാഷകനെ തല്ലിച്ചതയ്ക്കുന്ന അവസ്ഥ കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ട് കേള്‍വി ഇല്ലാത്ത ഒന്നായിരുന്നു.

മഹാരാഷ്ട്രയില്‍ 2013 ഓഗസ്റ്റ് മാസം വെടിയേറ്റ് മരിച്ച ഡോ. നരേന്ദ്ര ധബോല്‍ക്കറിന്റെ മരണത്തിന് ശേഷം മഹാരാഷ്ട്രാ സര്‍ക്കാര്‍ ജീവിതകാലത്ത് അദ്ദേഹം തയ്യാറാക്കിയ അന്ധവിശ്വാസ വിരുദ്ധ ബില്‍ (The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013) ഓര്‍ഡിനന്‍സ് വഴി നടപ്പിലാക്കിയിരുന്നു. കേരള യുക്തിവാദി സംഘം ഈ ബില്‍ കേരളത്തിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ ഒരു പ്രചരണയാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് ഒടുവില്‍ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് അവര്‍ ഒരു ഭീമഹര്‍ജി സര്‍ക്കാരിന് കൈമാറുകയുണ്ടായി.

1917 ല്‍ മിശ്രഭോജനത്തോടെ ആരംഭിച്ച കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം 2017 ല്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇന്ന് കേരളത്തിലെ യുക്തിവാദി പ്രവര്‍ത്തനത്തിന്റെ രൂപവും ഭാവവും വ്യത്യസ്തമാണ്. പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ ശമനതാളത്തിലാണ്. ജ്ഞാനോദയാനന്തര യുക്തിവാദമാണ് ഇന്ന് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. യുക്തിവാദി സംഘത്തിന്റെ നേതാക്കളായ ഇ.എ ജബ്ബാര്‍, മുഹമ്മദ് പാറക്കല്‍,യുക്തിയുഗം മാസികയുടെ എഡിറ്റര്‍ കൂടിയായ ഡോ.സി.വിശ്വനാഥനും അദ്ദേഹത്തിന്റെ സംഘടനയായ കേരള ഫ്രീതിങ്കേഴ്‌സ് ഫോറം, നിര്‍മുക്ത, കോഴിക്കോട് സയന്‍സ് ട്രസ്റ്റ്, വി.ടി. സ്മാരകസമിതി, ഫേസ് ബുക്ക് കൂട്ടായ്മകളായ ഫ്രീതിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ്, നിരവധി യുക്തിവാദ ബ്ലോഗുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയൊക്കെ യുക്തിവാദപ്രചരണത്തില്‍ സജീവമാണ്.

cz67icnc

Sajeevan Anthikkad

2013 ല്‍ പുറത്തിറങ്ങിയ, സജീവന്‍ അന്തിക്കാട്*സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കള്‍’ ആണ് യുക്തിവദ-നാസ്തിക ആശങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കേരളത്തിലെ ആദ്യത്തെ സിനിമ. വിശ്രുത യുക്തിവാദി പ്രേമാനന്ദിന്റെ ജീവിതകഥയെ ആധാരമാക്കി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കലാഭവന്‍ മണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മിതാവിന് കനത്ത നഷ്ടം സമ്മാനിച്ച ‘പ്രഭുവിന്റെ മക്കള്‍’ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരഭമാണെന്ന് പറയാം.

2012 ന് ശേഷം എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുക്തിവാദ പഠനകേന്ദ്രം കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന് മെച്ചപ്പെട്ട പ്രവര്‍ത്തനമാതൃക സംഭാവന ചെയ്ത സംഘടനയാണ്. ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്താന്‍ സഹായകരമായ സംവാദങ്ങള്‍, സെമിനാറുകള്‍ ചര്‍ച്ചകള്‍ എന്നിവ  സംഘടിപ്പിക്കുന്നതിലും പഠനകേന്ദ്രം മുന്നിലാണ്. വേദാന്തത്തിന്റെ ശാസ്ത്രീയതയെ ആസ്പദമാക്കി 2016 ഏപ്രിലില്‍ അവര്‍ എറണാകുളത്ത് സംഘടിപ്പിച്ച സംവാദം നേരിട്ടും ഇന്റര്‍നെറ്റ് മുഖേനെയും പതിനായിരങ്ങളെ ആകര്‍ഷിക്കുകയുണ്ടായി. ‘ചാര്‍വാകം’ എന്ന പേരിലുള്ള വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് യുക്തിവാദരംഗത്തെ മികച്ച സംഭാവനകളെ ആദരിച്ചുകൊണ്ട് ‘ഫ്രീതോട്ട് അവാര്‍ഡ്’ പഠനകേന്ദ്രം സമ്മാനിക്കുന്നുണ്ട്. ബാബു ജി.എസ്, പി.ആര്‍ ഷാജി പുതുമന, എ.സി ജോര്‍ജ്ജ് എന്നിവരാണ് മുന്‍നിര നേതാക്കള്‍. ‘യുക്തി’ എന്ന പേരില്‍ ഒരു മാസികയും അവര്‍ പ്രസിദ്ധീകരിക്കുന്നു.

സാമൂഹിക മാധ്യമങ്ങള്‍, യു-ട്യൂബ് എന്നിവയിലൂടെയുള്ള പ്രചരണമാണ് മറ്റൊന്ന്. ലക്ഷക്കണക്കിന് മലയാളികളിലേക്ക് യുക്തിവാദ പരിപാടികള്‍ ഇപ്പോള്‍ കടന്നു ചെല്ലുന്നുണ്ട്. സ്വതന്ത്രലോകം വാര്‍ഷിക സമ്മേളനം, യൂട്യൂബ് ചാനലില്‍ അപേലോഡ് ചെയ്യുന്ന വീഡിയോകള്‍ എന്നിവയൊക്കെ പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന സംരംഭങ്ങളാണ്. മതത്തെയും അനുബന്ധ അന്ധവിശ്വാസങ്ങളെയും വിമര്‍ശിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിലൂടെ സോഷ്യല്‍ മീഡിയ കേരളത്തിലെ യുക്തിവാദപ്രവര്‍ത്തനങ്ങളുടെ അലകുംപിടിയും തന്നെ മാറ്റിയിട്ടുണ്ട്. സംഘടനബന്ധമില്ലാതെ ശാസ്ത്രചിന്ത പ്രചരിപ്പിക്കാന്‍ സ്വതന്ത്രവ്യക്തികള്‍ മുന്നോട്ടുവരുന്നതാണ് കഴിഞ്ഞ ദശകത്തില്‍ കണ്ട ശ്രദ്ധേയമായ മറ്റൊരു മാറ്റം. ചുംബനസമരം(2014), മിഡ്‌ബ്രെയിന്‍ തട്ടിപ്പ് പൊളിച്ചടുക്കല്‍(2015) എന്നിവ സോഷ്യല്‍ മീഡിയ മുഖേനയുള്ള ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു. അമൃതാനന്ദമയി-ഗെയില്‍ ട്രെഡ് വെല്‍ വിവാദം ഉള്‍പ്പെടെയുള്ള മതവിചാരണകള്‍, മിഡ്‌ബ്രെയിന്‍ തട്ടിപ്പ്, വാക്‌സിന്‍വിരുദ്ധത എന്നിവയുടെ പൊളിച്ചുകാട്ടല്‍, ബദല്‍ചികിത്സക, യോഗ എന്നിവയ്‌ക്കെതിരെയുള്ള പ്രചരണം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഫേസ്ബുക്കുപോലുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ഇന്ന് യുക്തിവാദികള്‍ ഏറെ സജീവമായിട്ടുള്ളത്.

ഇരുത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കേരള യുക്തിവാദി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ താത്വികമായ ചില വ്യതിയാനങ്ങള്‍ ദൃശ്യമായി. ജ്ഞാനോദയാന്തര യുക്തിവാദം (Post Enlightenment Rationalism) കേരളം വ്യവസ്ഥാപിതമായ രീതിയില്‍ പരിചയപ്പെടുന്നത് ശരിക്കും 2010 ന് ശേഷമാണ്. മതവിമര്‍ശനത്തിനൊപ്പം മതപരവും മതേതരവുമായ മറ്റ് അന്ധവിശ്വാസങ്ങളും മാത്രമല്ല യുക്തിവാദികള്‍ അഭിസംബോധന ചെയ്യേണ്ടത് എന്ന നിലപാടാണ് ജ്ഞാനോദയയുക്തി വാദം മുന്നോട്ടുവെക്കുന്നത്.”പ്രതിഭാസത്തില്‍ നിന്നും പ്രമാണത്തിലേക്ക്”എന്ന സയന്‍സിന്റെ രീതിശാസ്ത്രം യുക്തിവാദികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന വാദം അവര്‍ മുന്നോട്ടുവെക്കുന്നു. മറിച്ചുള്ളവയെല്ലാം കപടശാസ്ത്രങ്ങളോ അന്ധവിശ്വാസങ്ങളോ മാത്രമാണ്. മുമ്പെങ്ങുമില്ലാത്തവിധം സയന്‍സിനെ മുന്‍നിറുത്തി യുക്തിവാദവും നാസ്തികതയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു നവതലമുറയെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വാര്‍ത്തെടുക്കാന്‍ കേരളത്തില്‍ ജ്ഞാനോദയാനന്തര യുക്തിവാദത്തിന് സാധിച്ചിട്ടുണ്ട്.

ചില വിശ്വാസങ്ങളെ നാം’അന്ധം’ എന്നു വിശേഷിപ്പിക്കുന്നുവെങ്കില്‍ അതിനുകാരണം അവ രൂപപ്പെടുത്തിയത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല എന്നതുകൊണ്ടാണ്.’നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയ യുക്ത്യധിഷ്ടിതമായ ചിന്തയും’ എന്ന ജ്ഞാനമാര്‍ഗംവഴി ലഭിച്ച വിജ്ഞാനത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയതല്ലാത്ത വിശ്വാസങ്ങള്‍ ഒക്കെ അന്ധവിശ്വാസങ്ങള്‍ തന്നെ(ഇതാണ് സയന്‍സിന്റെ ജ്ഞാനമാര്‍ഗം. എന്നാല്‍, പ്രകൃതിശാസ്ത്രങ്ങളില്‍ മാത്രമല്ല, മനുഷ്യവിജ്ഞാനത്തിന്റെ ഇതര മണ്ഡലങ്ങളിലും ഈ ജ്ഞാനമാര്‍ഗം അതേയളവില്‍ പ്രസക്തം തന്നെ).

ജ്ഞാനോദയ കാലത്തിന് (പതിനെട്ടാം നൂറ്റാണ്ട്) മുന്‍പ് നിലനിന്ന ‘കേവല യുക്തിവാദ’ത്തിന്റെ നിലപാട്, യുക്തിസഹമായതെന്തോ അത് സത്യമായിരിക്കണം (That which is reasonable must be real) എന്നതായിരുന്നു. ജ്ഞാനോദയ യുക്തിവാദം ഈ നിലപാടിനെ തള്ളുന്നു. ‘യുക്തിസഹം’ ആണെന്ന് തോന്നിയതു കൊണ്ട് ഒരു ധാരണ സാധുവോ സത്യമോ ആകുന്നില്ല. നിരീക്ഷണത്തിന്റെ /പരീക്ഷണത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിയ ‘എമ്പിരിസിസ’ത്തെ (Empiricism) കൂടി ഉള്‍ച്ചേര്‍ത്താണ് ജ്ഞാനോദയ കാലത്ത്, ‘നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയ യുക്ത്യധിഷ്ടിതമായ ചിന്തയും’ എന്ന നവീനമായ യുക്തിചിന്താ മാര്‍ഗം രൂപപ്പെട്ടത്. അന്ധവിശ്വാസങ്ങളോടുള്ള കലാപം (revolt against superstition) എന്നതാണ് ജ്ഞാനോദയത്തിന്റെ കാതല്‍.

”അറിവാണ് ഏറ്റവും വലിയ അഭിവൃദ്ധിമാര്‍ഗം. നാനാ ദേശക്കാരുടെയും നോക്കെത്താത്ത കാലം മുതല്‍ക്കുള്ള വിവിധ അന്വേഷണങ്ങളുടെ ഫലമായി അറിവിന്റെ ഒരു പ്രവാഹം ലോകത്തില്‍ മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യധിഷ്ഠിതമായ ചിന്തനവും മാത്രമാണ് ഈ പ്രവാഹത്തെ ത്വരിപ്പിക്കുന്നത്. അതിനു വേറെ ഒരു ഉത്ഭവ മാര്‍ഗമോ പോഷണ മാര്‍ഗമോ ഉള്ളതായി ഇതേവരെ തെളിഞ്ഞിട്ടില്ല.’‘-‘യുക്തിവാദി’മാസികയുടെ ആദ്യലക്കത്തില്‍ (1929) സഹോദരന്‍ അയ്യപ്പന്‍ എഴുതിയ മുഖപ്രസംഗമാണിത്. യുക്തിചിന്ത എന്നതിന്റെ പ്രാഥമിക പരിഗണന ജ്ഞാനശാസ്ത്രപരമാണെന്ന് ഈ പ്രസാതവം സാക്ഷ്യപ്പെടുത്തുന്നു.

img_5412

Dr Viswanathan C

പ്രകൃതിയെ കുറിച്ചായാലും, സമൂഹത്തെ കുറിച്ചായാലും, ധാരണകളും നിലപാടുകളും വികസിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ ചിന്താരീതിയാല്‍ ലഭ്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ ആകണം എന്നും, മതപരമായ അന്ധവിശ്വാസങ്ങളെപ്പോലെ തന്നെ തന്നെ മതേതരമായ അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുകയും തിരുത്തുകയും ചെയ്യണം എന്നുമുള്ള തിരിച്ചറിവ് സമൂഹത്തില്‍ സൃഷ്ടിക്കാനാണ് ജ്ഞാനോദയാനന്തര യുക്തിവാദികള്‍ ഉദ്യമിക്കുന്നത്. സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്നതാണ് ജ്ഞാനോദയാനന്തര യുക്തിചിന്തയുടെ കര്‍മ്മസാരം. വ്യക്തി ഗോത്ര തീരുമാനങ്ങള്‍ ചോദ്യങ്ങളില്ലാതെ നടപ്പിലാക്കാന്‍ വിധിക്കപ്പെട്ട ‘തൊമ്മി’യല്ല. മതാധിഷ്ഠിത അന്ധവിശ്വാസങ്ങള്‍ എന്ന വലതുകാല്‍ മന്തിനൊപ്പം മതേതര അന്ധവിശ്വാസങ്ങള്‍ എന്ന ഇടതുകാല്‍ മന്തു കൂടി പേറുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്ന് ജ്ഞാനോദയാനന്തര യുക്തിവാദികള്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഇ.എ ജബ്ബാര്‍, ഡോ.സി വിശ്വനാഥന്‍* തുടങ്ങിയവരാണ് കേരളത്തിലെ ജ്ഞാനോദയാനന്തര യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കള്‍. കേരളഫ്രീതിങ്കേഴ്‌സ് ഫോറം, യുക്തിവാദിസംഘം, യുക്തിവാദ പഠനകേന്ദ്രം, സയന്‍സ് ട്രസ്റ്റ്, വി.ടി.ട്രസ്റ്റ്, കെ.എഫ്.റ്റി.എഫ് യു-ട്യൂബ് ചാനല്‍ എന്നിവയിലൂടെയാണ് ഈ ചിന്താധാര കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ജോസഫ് ഇടമറുകും മറ്റും തുടങ്ങി വെച്ച മാര്‍ക്‌സിസ്റ്റ് വിമര്‍ശനവും ജോസഫ് വടക്കനെപോലുളളവര്‍ ബദല്‍-കപട ചികിത്സകള്‍ക്കെതിരെ നടത്തിക്കൊണ്ടിരുന്ന പ്രചരണങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്ന പ്രവര്‍ത്തനശൈലിയാണ് ജ്ഞാനോദയാനന്തര യുക്തിവാദികള്‍ അവലംബിക്കുന്നത്. യുക്തിവാദികളുടെ ഇടയില്‍നിന്നുതന്നെ വിമര്‍ശനം നേരിടേണ്ടിവന്ന ഇവര്‍ ‘വൈദ്യകൂട്ടായ്മ’, ‘അയ്യപ്പനിസ്റ്റ് വ്യക്തിപൂജക്കാര്‍’, ‘സയന്‍സ് മാത്രവാദികള്‍’ തുടങ്ങിയ വിളിപ്പേരുകളും സമ്പാദിച്ചിട്ടുണ്ട്. 2010 മുതല്‍ കേരളത്തിലെ യുക്തിവാദ പ്രചരണരംഗത്ത് ഉണ്ടായ ആരോഗ്യകരമായ വഴിത്തിരിവായി ജ്ഞാനോദയാനന്തര യുക്തിവാദത്തെ അടയാളപ്പെടുത്താം.

Courtesy– Ravi Muvattupuzha, Dr Viswanathan C