“ഏതൊരു ലഹരിയും അതിന്‍റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്‍റെ ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും.” ഇതില്‍ ഭൗതികമെന്നോ അഭൌതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ ‘ധര്‍മ്മം’ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്.

വാസ്തു ഒരു ലഹരി ആകുന്നത് എങ്ങിനെ? അതിന്‍റെ ചൂഷണ തലങ്ങള്‍ എന്തൊക്കെ ? ഈ വിഷയത്തിലെ വസ്തുതകളും കെട്ടുകഥകളും വേര്‍തിരിച്ച് അറിയാന്‍ പാകത്തില്‍ ഉള്ള ഒരു വിമര്‍ശനാത്മകമായ പഠനമാണ് സ്വതന്ത്ര ചിന്തകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും കൂടിയായ പ്രൊഫസര്‍ Ravi Chandran C എഴുതിയ “വാസ്തുലഹരി” എന്ന ഗ്രന്ഥം.

bk_8689

“വാസ്തു വിദ്യ” എന്നത് ഭാരതീയമായ കെട്ടിട നിര്‍മ്മാണ രീതിക്ക് പൊതുവില്‍ അറിയപ്പെടുന്ന പേരാണ്. വായു,വെളിച്ചം,വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യതയും ക്രമീകരണവും തിട്ടപ്പെടുത്തി ഭൂമിയും പരിസരവും മനസ്സിലാക്കി ഈടുറ്റ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ പ്രാചീനമായ സാങ്കേതികവിദ്യ. ആ സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രൌഡഗംഭീരമായ പല കെട്ടിടങ്ങളും നമുക്ക് എന്നും അഭിമാനിക്കാന്‍ വക നല്‍കുന്നവയുമാണ്. ഉള്‍കൊള്ളേണ്ടവയെ ഉള്‍ക്കൊണ്ടും, തള്ളികളയേണ്ടവ തള്ളി കളഞ്ഞും ആ നിര്‍മ്മാണ വിദ്യയിലെ സാങ്കേതികതകളെ കാലാനുസരണമായി പരിഷ്കരിച്ചുകൊണ്ട് നമ്മള്‍ എല്ലാ കാലത്തും പ്രയോജനപ്പെടുത്തുന്നുമുണ്ട്. അത്തരം നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും അതാത് ദേശത്തെ മനുഷ്യന്‍റെ ആര്‍ജ്ജിത ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഏതു സാങ്കേതികവിദ്യയ്ക്കും കാലദേശത്തിന്റെതായ പരിമിതികള്‍ ഉണ്ടായിരിക്കും, നിരന്തരമായ പരിഷ്കരണത്തില്‍ കൂടിയാണ് അവയൊക്കെ വികാസം പ്രാപിക്കുന്നതും. ഈ ഗ്രന്ഥം “വാസ്തുവിദ്യ” അടക്കം പ്രാചീനവും നവീനവുമായ ഒരു നിര്‍മ്മാണ വിദ്യയേയും വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തതായി വായനയില്‍ എവിടേയും അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ കെട്ടിട നിര്‍മ്മാണവിദ്യയുടേയും ആധുനിക ശാസ്ത്രത്തിന്‍റെയും സാങ്കേതിക പദങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് കൊതി,പേടി എന്നീ മനുഷ്യസഹജമായ വൈകാരികതകളെ ചൂഷണം ചെയ്തു പണം പിടുങ്ങുന്ന “വാസ്തുശാസ്ത്രം” എന്ന കപടശാസ്ത്രത്തെയും (വാസ്തുശാസ്ത്രജ്ഞന്‍മാരേയും) വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാട്ടുകയും അതിലെ പൊള്ളത്തരങ്ങളെ ലളിതമായി മനസ്സിലാക്കി തരുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്.

മൂന്ന് പ്രധാന ഭാഗങ്ങളായി രചിച്ചിട്ടുള്ള വാസ്തുലഹരിയുടെ ആദ്യഭാഗത്തിന് “കൊ.പേ.യുടെ ജനിതകം” എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ‘കൊ.പേ.’ എന്നാല്‍ “കൊതിപ്പിക്കല്‍ പേടിപ്പിക്കല്‍”. പരിണാമ ഘട്ടത്തില്‍ മനുഷ്യന്‍റെ അതിജീവനത്തിന് സഹായകരമായ രണ്ടു മസ്തിഷ്ക നിലപാടുകളാണ് കൊതിയും പേടിയും. ജീവിത സാഹചര്യങ്ങള്‍ കൊണ്ടും സാമൂഹിക അന്തരീക്ഷം കൊണ്ടും സാങ്കേതിക പുരോഗതികൊണ്ടും മനുഷ്യന്‍ “ആധുനികനായി” എന്ന് പറയാമെങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരയും ഇരപിടിയനും മാത്രമായി ഗുഹകളില്‍ ജീവിച്ച മനുഷ്യില്‍ നിന്നും മസ്തിഷ്ക നിലപാടുകള്‍ക്ക് കാര്യമായ മാറ്റമൊന്നും മനുഷ്യരില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊതിപ്പിക്കലുകള്‍ക്കും പേടിപ്പിക്കലുകള്‍ക്കും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭേതമില്ലാതെ മനുഷ്യന്‍ വേഗത്തില്‍ വഴങ്ങിപ്പോകും. വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക അഭിവൃദ്ധിയും ഒന്നും ഈ വിഷയത്തില്‍ യാതൊരുവിധ മാറ്റങ്ങളും സൃഷ്ടിക്കുന്നില്ല എന്ന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ഥിക്കുന്നു. “വാസ്തുദോഷം” ഉണ്ടെന്ന് ആരോ പറഞ്ഞതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിച്ച സ്വപ്നഭവനം വാടകയ്ക്ക് കൊടുത്തിട്ട് മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യൂ.ജി.സി. അദ്ധ്യാപകര്‍ തന്‍റെ സഹപ്രവര്‍ത്തകരാണ് എന്ന് സാക്ഷ്യപ്പെടുത്തല്‍ കൊ.പേ.യുടെ ഭീകരതയെ കൂടുതല്‍ വ്യക്തമാക്കുകയാണ്. നിരവധി അന്ധവിശ്വാസജഡിലമായ അനാചാരങ്ങളും ചൂഷണങ്ങളും വസ്തുതകളെ നിരത്തി പൊളിച്ചടുക്കുന്നതിനോടൊപ്പം മനുഷ്യന്‍ എന്ന സാമൂഹിക ജീവിയില്‍ കൊ.പേ.കള്‍ ഉണ്ടാക്കുന്ന സ്വാധീനവും, അത് പരിഷ്കരണ ബോധത്തെയും ശാസ്ത്രീയ അവബോധത്തെയും സമൂഹത്തിന്‍റെ പുരോഗതിയെയും എത്രകണ്ട് പിന്നോട്ടടിക്കുന്നു എന്നും ഉള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി നടത്തുകയാണ് ഈ ഭാഗം ചര്‍ച്ചചെയ്യുന്നത്.

രണ്ടാം ഭാഗത്തിന് “പുരുഷ പീഡനം” എന്നാണ് പേര്. “വാസ്തുപുരുഷന്‍” എന്ന മിത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് വാസ്തു ശാസ്ത്രത്തിലെ കോ.പേ.കള്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ‘സാങ്കല്പിക പുരുഷന്‍’ യാതാര്‍ത്ഥ ലോകത്തെ മനുഷ്യരെ എത്രത്തോളം പീഡനത്തിന് വിധേയമാക്കുന്നു എന്നാണ് പ്രധാനമായും ഈ ഭാഗം ചര്‍ച്ചചെയ്യുന്നത്. ദിക്കും, കോണും , വക്കും, മൂലയും ഒക്കെ വച്ചുള്ള പീഡന മുറകളുടെ പൊള്ളത്തരങ്ങള്‍ വിശദമാക്കുന്നു. ഒപ്പം കന്നിമൂല, മരണചുറ്റ് തുടങ്ങി ആധുനിക വാസ്തു ശാസ്ത്രജ്ഞാന്മാരുടെ ചൂഷണ ബ്രഹ്മാസ്ത്രങ്ങളെയും, അന്ധവിശ്വാസത്തിന് മാറ്റ് കൂട്ടാന്‍ വേണ്ടി പുരാണകഥകള്‍ക്ക് ആധുനിക ശാസ്ത്രത്തിന്‍റെ നിക്കറിടീക്കുന്ന എല്ലാത്തരം വ്യാഖ്യാനഫലിതങ്ങളെയും പരിഹാസത്തിനും വിമര്‍ശനത്തിനും വിധേയമാക്കുന്നതിനോടൊപ്പം തന്നെ “ശാസ്ത്രീയ അവകാശവാദങ്ങളെ“ വസ്തുതാപരമായി ഇഴകീറി പരിശോധിച്ച് അവയൊക്കെ ശുദ്ധ അസംബന്ധവും അടിസ്ഥാന രഹിതവുമാണ് എന്ന് സമര്‍ഥിക്കുക കൂടി ചെയ്യുന്നുണ്ട്. കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ വേണ്ടി വായനക്കാരന് ചില ചിന്താപരീക്ഷണങ്ങള്‍ കൂടി നല്‍കുന്നുണ്ട്.

കൊ.പേ.കള്‍ വാസ്തുവിലോ ജ്യോതിഷത്തിലോ മാത്രമല്ല ജീവിതത്തിന്‍റെ ഏതു മേഖലയിലും ഇത് പ്രാവര്‍ത്തികമാക്കി ചൂഷണം ചെയ്യാന്‍ കഴിയും എന്ന് ഈ പുസ്തകം സമര്‍ഥിക്കുന്നുണ്ട്. അതിന് ഉദാഹരണമായി രണ്ടു പുതിയ കൊ.പേ.കള്‍ ഇതില്‍ അവതരിപ്പിക്കുന്നു. ഒന്ന് “വാര്‍ക്ക വാസ്തു”, മറ്റൊന്ന് “കന്ന് വാസ്തു”. സംഗതി നമ്മള്‍ സാധാരണ ചെയ്യുന്ന കോണ്ക്രീറ്റ് വാര്‍പ്പ് / വാര്‍ക്കലും , കന്നുകാലി വളര്‍ത്തലും തന്നെയാണ്. പക്ഷേ അതിലേക്ക് കൊതിപ്പിക്കലും പേടിപ്പിക്കലും നിറച്ചുകൊണ്ട് സംസ്കൃത ചുവയുള്ള വാക്കുകള്‍ കൊണ്ട് ചില പ്രസ്താവനകള്‍ അവതരിപ്പിക്കുന്നതോടെ “വാര്‍ക്ക വാസ്തുവും” “കന്ന് വാസ്തു”വും തയ്യാറായി കഴിഞ്ഞു. ഒന്ന് രണ്ടു അനുഭവ സാക്ഷ്യങ്ങലോടെ ഇത് ആരെങ്കിലും ഒരു പൊതു സദസ്സില്‍ എത്തിച്ചു കഴിഞ്ഞാല്‍ സംഗതി സക്സ്സസ്സാവും എന്നതാണ് വസ്തുത. അനുഭവം ‘ഉണ്ടാക്കുക’ എന്നത് വളരെ അനായാസം നടക്കുന്ന കാര്യവുമാണ്. അതുപോലെ പ്രചുരപ്രചാരത്തിലെക്ക് കടന്നു വരാന്‍ കാത്തു നില്‍ക്കുന്ന “വാഹന വാസ്തു” പോലുള്ള പുതിയതരം വാസ്തുക്കളും, “മരബിസ്മി” പോലുള്ള വാസ്തു/ജ്യോത്സ്യ ‘പണ്ഡിത’രുടെ തൊഴിലുറപ്പ് പദ്ധതിയില്‍ പെട്ട് സാധാരണക്കാരന്‍റെ വീടുപണിയും ജീവിതവും തന്നെ കട്ടപ്പുറത്ത് ആകുന്നതിന്റെ സാദ്ധ്യതകളും, ചീട്ടുശാസ്ത്രിയുടെ കൊ.പേ. സാഹചര്യങ്ങളും, നാലുകെട്ടുകളുടെ ശ്വാസം മുട്ടലും ഒക്കെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിച്ചത് ദൈര്‍ഘ്യമേറിയ ഈ ഭാഗത്തിന്‍റെ വായനയില്‍ സംഭവിക്കാവുന്ന മടുപ്പിനെ പമ്പകടത്തുന്നതില്‍ നല്ലൊരു പങ്ക് വഹിച്ചു.

vaasthu2

“പുതിയ വിദ്യകള്‍” എന്ന മൂന്നാം ഭാഗത്തില്‍ ഭാരതീയര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ച ‘ഫെങ്ങ്‌ഷൂയി’, ‘പെന്‍ഡുലം’,’ഡൌസിംഗ്’,’ഓജോ’,’ബാഉ ബയോളജി’ തുടങ്ങിയ വിദേശ കൊ.പേ.കളെ കുറിച്ചുള്ള പരാമര്‍ശമാണ്. പല രാജ്യത്തിന്‍റെ ലേബലുകള്‍ ഒട്ടിച്ച വിവിധ രൂപത്തില്‍ ഉള്ള എല്ലാ കുപ്പികളിലും ഒരേ ‘കൊ.പേ.’ തന്നെയാണ് ഉള്ളതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു.

കേവലം കൊ.പേ.കള്‍ക്ക് അപ്പുറം ഇന്ത്യയുടെ സാംസ്കാരിക ഉന്നതിക്ക് വിലങ്ങുതടിയായി ഇന്നും തുടരുന്ന ജാതി വ്യവസ്ഥ എന്ന സാമൂഹിക അധപതനത്തിനെ അരക്കിട്ടുറപ്പിക്കുന്ന ധര്‍മ്മം കൂടി “വാസ്തുശാസ്ത്രം” നിര്‍വ്വഹിച്ചിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ സാമൂഹിക ചൂഷണത്തില്‍ വാസ്തുശാസ്ത്രം വഹിച്ച പങ്കിന്റെ അളവിന്‍റെ ബാഹുല്യത്തെ ചൂണ്ടിക്കാണിക്കുന്നു. ബ്രാഹ്മണമേധാവികള്‍ക്ക് മുന്നില്‍ സ്വയം നിന്ദിച്ചുകൊണ്ട് തന്‍റെ വീടിനെ “ചാണകക്കുണ്ട്” എന്ന് അധകൃതഭാവത്തില്‍ പറയേണ്ടി വന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന് വെളിയിലുള്ള അടിയാള വര്‍ഗ്ഗത്തിന്‍റെ ഗതികേടിനെ വില്യം ലോഗന്‍റെ “മലബാര്‍ മാന്വല്‍” എന്ന പുസ്തകത്തെ ഉദ്ദരിച്ച്‌കൊണ്ട് സൂചിപ്പിക്കുന്നു.

വാസ്തു അടക്കമുള്ള കപടശാസ്ത്രങ്ങള്‍ കേവലം വ്യക്തിപരമായ അധമത്വം മാത്രമല്ല മറിച്ച് ഒരു സമൂഹത്തെ മുഴുവന്‍ ഇരുട്ടിലേക്ക് നയിക്കുന്ന സാംസ്കാരിക അന്ധതയാണ് പ്രദാനം ചെയ്യുക.

അതുകൊണ്ട് തന്നെ ശാസ്ത്രീയ മനോവൃത്തിയും , മാനവികതയും, പരിഷ്കരണ ബോധവും, അന്വേഷണ ത്വരയും നിലനിര്‍ത്തേണ്ടത് ഏതൊരു പൌരന്റെയും അടിസ്ഥാന കടമകളില്‍ ഒന്നാണ് എന്ന് ലിഖിതമായ വ്യവസ്ഥയുള്ള ഭരണഘടനയുടെ അനുശാസകര്‍ എന്ന നിലയില്‍, ഇന്ത്യയിലെ ഓരോ പൗരനും ഇത്തരം സാംസ്കാരിക അന്ധതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കേണ്ട കടമയുണ്ട്. ആ കടമ നിര്‍വ്വഹിക്കാന്‍ ഉള്ള അറിവിനെ സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന പാതയില്‍ “വാസ്തുലഹരി” പോലുള്ള പുസ്തകങ്ങളുടെ വായന തീര്‍ച്ചയായും ഒരു മുതല്‍കൂട്ട് ആയിരിക്കും. !!!