അമേരിക്കയിൽ ഒരു യുക്തിവാദ സമ്മേളനം

അമേരിക്കയിലെ ലാസ് വേഗാസ് നഗരത്തിൽ, ഒക്ടോബർ 27 മുതൽ 30 വരെ നടന്ന സൈക്കോൺ (CSIcon – www.facebook.com/CSIConference) എന്ന പ്രമുഖ യുക്തിവാദ സമ്മേളനത്തില്‍ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ചില അനുഭവങ്ങൾ കുറിക്കട്ടെ.

ലാസ് വേഗാസ് നഗരത്തിൽ “Excalibur” എന്ന പ്രമുഖ ഹോട്ടലിലെ കോൺഫറൻസ് റൂമിൽ ആയിരുന്നു പരിപാടി. റജിസ്ട്രേഷൻ ഫീസും ഒന്നാം ദിവസത്തെ പ്രത്യേക പരിപാടികളുടെ സ്പെഷ്യൽ ഫീസും ഉച്ച ഭക്ഷണവും മറ്റു ചില്ലറ ചിലവുകളും അടക്കം ഏകദേശം $600 ആണ് ചെലവ്. ഏകദേശം 36,000 ഇന്ത്യന്‍ രൂപ. ഇതിനു പുറമെ ഹോട്ടൽ മുറിവാടക വേറെയും. പരിപാടിക്ക് രണ്ടു മാസം മുമ്പേ അവരുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്തിരുന്നു.

Committee for Skeptical Inquiry” (CSI) എന്ന സംഘടനയാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി വിവിധ നഗരങ്ങളിൽ സൈക്കോൺ കോൺഫറൻസ് നടത്തുന്നത്. CSI എല്ലാ രണ്ടു മാസം കൂടുമ്പോഴും “Skeptical Inquirer” എന്ന മാഗസിന്‍ പ്രസിദ്ധീകരിച്ചുപോരുന്നു. James Randi, Richard Dawkins എന്നീ പ്രമുഖരുടെ സംഘടനകളും CSI കോൺഫറൻസുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. റാണ്ടിയും ഡോക്കിൻസും തന്നെ ആയിരുന്നു ലാസ് വേഗാസ് പരിപാടിയിലെ സൂപ്പർ സ്റ്റാർ അതിഥികൾ!

ചൂതാട്ടം, മദ്യം, വേശ്യാവൃത്തി, മയക്കുമരുന്ന്, എന്നിങ്ങനെ പലതിനും പ്രസിദ്ധമായ സ്ഥലമായാണ് (Sin City) ലാസ് വേഗസ് അറിയപ്പെടുന്നത്. ചൂതാട്ടത്തിന് വരാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ പല പരിപാടികളും ചെപ്പിടിവിദ്യകളും ഹോട്ടലുകാർ ചെയ്യുന്നത് കൊണ്ട് ടൂറിസ്റ്റുകൾക്ക് വരാൻ പറ്റിയ സ്ഥലം കൂടി ആണ് ഇത്. ഉദാ: സർക്കസ്, മാജിക്, പാട്ട്, ഡാൻസ്, കുട്ടികൾക്ക് കളിക്കാനുള്ള ആർക്കേഡ്, എക്സിബിഷൻ, അക്വേറിയം, പൂന്തോട്ടം, ഫൗണ്ടൻ, എന്നിങ്ങനെ. ആയിരക്കണക്കിന് മുറികളും വൻ കോൺഫറൻസ് ഹാളുകളും ഉള്ള പടുകൂറ്റൻ ഹോട്ടലുകൾ ഇവിടെ ഉണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹോട്ടലുകൾ പലതും ലാസ് വേഗാസിലാണ് ഉള്ളത്. പല കമ്പനികളും സംഘടനകളും അവരുടെ കോൺഫെറെൻസുകൾ നടത്തുന്നത് ലാസ് വെഗാസിൽ ആണ്.

ഏകദേശം 500 പേരുണ്ടായിരുന്നു സദസ്സിൽ. പലരും 10-20 വർഷമായി ഇതേ Csicon പരിപാടിക്ക് വന്നുകൊണ്ടിരിക്കുന്നവരാണ്. ഭൂരിഭാഗവും പ്രായം ചെന്ന പുരുഷന്മാർ – എന്നെപ്പോലെ നരച്ച മുടി അല്ലെങ്കിൽ കഷണ്ടി ഉള്ളവർ. ചെറുപ്പക്കാരും സ്ത്രീകളും അപൂർവം. (കുറിപ്പ് – അമേരിക്കയിൽ പൊതുപ്രവർത്തനത്തിന് മിക്കപ്പോളും വയസ്സന്മാർ തന്നെയാണ് മുന്നിൽ. ഉദാ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും, പള്ളിയിൽ പോകാനും, ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കാനും എല്ലാം. ചെറുപ്പക്കാർ ഉശിരോടെ ഓൺലൈൻ കമൻറു ചെയ്യുമെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങി വന്ന് പ്രവർത്തിക്കാറില്ല എന്ന് കുറ്റപ്പെടുത്താറുണ്ട്.)

പരിപാടിയുടെ അവതാരകൻ (compere) ആയി ഒരു Master of Ceremonies (MC) ഉണ്ടായിരുന്നു. പ്രാസംഗികരെ പരിചയപ്പെടുത്തുക, പ്രസംഗം കഴിഞ്ഞാൽ പ്രാസംഗികനെ അഭിനന്ദിക്കുക, കയ്യടിക്കാൻ സദസ്സിനെ പ്രേരിപ്പിക്കുക, തമാശകൾ പറയുക, ലാപ്ടോപ് – പ്രൊജക്ടർ എന്നിവ കണക്ട് ചെയ്യുന്ന നേരം സദസ്സിനു ബോറടിക്കാതിരിക്കാൻ രസകരമായ എന്തെങ്കിലും പറയുക, എന്നൊക്കെയാണ് MC-യുടെ പണി.  George Hrab എന്ന യുക്തിവാദി സംഗീതജ്ഞൻ ആയിരുന്നു ഞങ്ങളുടെ MC. (പുള്ളിയുടെ ഫേസ്ബുക് പ്രൊഫൈൽ ഇതാ) ഏത് വിഷയത്തെ കുറിച്ചും രസകരമായി തമാശയോടെ സംസാരിക്കാൻ അപാര കഴിവ് ഉള്ളയാളാണ് ജോർജ്. പരിപാടി വിജയകരമാക്കുന്നതിൽ ജോർജ് വലിയൊരു പങ്കു വഹിച്ചു എന്ന് പറയാതെ വയ്യ!

പ്രാസംഗികർ പൊതുവെ അവരവരുടെ രംഗത്ത് പ്രശസ്തർ ആയിരുന്നു. മിക്കവരും പല പുസ്തകങ്ങളും എഴുതിയവർ. TV – പത്രങ്ങളിൽ പലപ്പോഴും വന്നിട്ടുള്ളവർ. പലരും Ph.D. ഡിഗ്രി ഉള്ളവർ. വർഷങ്ങളായി വേദികളിൽ സംസാരിച്ച് ശീലമുള്ളവരാണ് എന്ന് അവരുടെ സംസാരം കേട്ടാൽ മനസ്സിലാകും. പ്രാസംഗികർ കൂടുതലും സ്ത്രീകൾ ആയിരുന്നു. പ്രഗത്ഭരാണെങ്കിലും പ്രാസംഗികരിൽ പലരും മികച്ച വാഗ്മികൾ ആണ് എന്ന് ഞാൻ പറയില്ല. പറയത്തക്ക വാക്‌ചാതുരിയോ സ്റ്റേജ് പ്രെസെൻസോ ഇല്ലെങ്കിലും അവർ ഭംഗിയായി സംസാരിക്കും, അളന്ന് മുറിച്ച് കൃത്യമായി വാക്കുകൾ പ്രയോഗിക്കും.

പ്രാസംഗികരിൽ ചിലരെക്കുറിച്ചു പറയാം –

Jill Tarter – അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരായ ശാസ്ത്രജ്ഞരിൽ പെടുന്ന ജിൽ അന്യഗ്രഹജീവികളെ കണ്ടെത്താൻ ഗവേഷണം നടത്തുന്ന SETI Institute-ന്റെ പ്രൊഫെസ്സറും ബോർഡ് അംഗവും ആണ്.

Bertha Vazquez – മികച്ച സ്‌കൂൾ ടീച്ചർമാർക്കുള്ള പല അവാർഡുകളും കരസ്ഥമാക്കിയ ബെർത ഇപ്പോൾ ക്രിസ്ത്യൻ യാഥാസ്ഥികരുടെ എതിർപ്പിനെ വകവെച്ചു സ്‌കൂൾ കുട്ടികൾക്ക് പരിണാമ സിദ്ധാന്തം പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയുടെ സ്ഥാപക ഡയറക്ടർ ആണ്. റിച്ചാർഡ് ഡോക്കിൻസ്‌ ആണ് ഈ സംഘടന സ്ഥാപിക്കാൻ ബെർത്തയെ പ്രേരിപ്പിച്ചതും സഹായിച്ചതും.

David Helfand – പ്രശസ്തമായ കോളുമ്പിയ സർവകലാശാല പ്രൊഫെസ്സറും astronomy വകുപ്പ് മേധാവിയും ആണ്

Kavin Senapathy – ഭക്ഷണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്ക് എതിരെ പോരാടുന്ന അമേരിക്കക്കാരിയായ ഈ ഇന്ത്യൻ വംശജ “The Fear Babe: Shattering Vani Hari’s Glass House” എന്ന പുസ്തകത്തിന്റെ ലേഖിക ആണ്. “Food Babe” എന്ന പേരിൽ അന്ധവിശ്വാസങ്ങൾ പടച്ചുവിടുന്ന വാണി ഹരി എന്ന മറ്റൊരു ഇന്ത്യൻ വംശജയെയാണ് ഈ പുസ്തകത്തിൽ കാവിൻ വിമർശിക്കുന്നത്.

Eugenie Scott – മുൻ കോളേജ് പ്രൊഫെസ്സറും National Center for Science Education-ന്റെ മുൻ എക്സിക്ക്യൂട്ടീവ് ഡയറക്ടറും “Evolution vs Creationism: An Introduction” എന്ന പുസ്തകത്തിന്റെ ലേഖികയും ആണ്.

Lawrence Krauss – പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനും ശാസ്ത്ര മെഡൽ ജേതാവുമായ ആയ ലോറൻസ് Arizona State University-യിൽ ഫിസിക്സ് പ്രൊഫസർ ആണ്. ഒന്നോ രണ്ടോ കൊല്ലം മുമ്പ് Freethinkers ഫേസ്ബുക് ഗ്രൂപ്പ് പൂട്ടിപോയപ്പോൾ പ്രതിഷേധിച്ചതു വഴിയാണ് കേരളത്തിലെ യുക്തിവാദികൾക്ക് ലോറൻസ് സുപരിചിതനായത്.

പ്രാസംഗികർ തങ്ങൾ പറയുന്നത് ആധികാരികമാണ് എന്ന് സ്ഥാപിക്കാൻ presentation-ൽ പലയിടത്തും തങ്ങളുടെ source വ്യക്തമാക്കുന്നുണ്ടായിരുന്നു. പൊടിപ്പും തൊങ്ങലും അതിശയോക്തിയും ഇല്ലാതെ, വസ്തുനിഷ്ഠയോടെയാണ് അവർ സംസാരിച്ചത്. മതവാദികളും അന്ധവിശ്വാസികളും യാതൊരു അടിസ്ഥാനവുമില്ലാത്ത “NASA മുട്ട് മടക്കി” എന്ന മട്ടിലെ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ഈ യുക്തിവാദ സമ്മേളനത്തിലെ പ്രാസംഗികർ അങ്ങനെ ചെയ്യുന്നില്ല. എന്ന് മാത്രമല്ല, ഇവിടത്തെ പ്രാസംഗികർ അവർക്കു ആധികാരികമായി അറിവുള്ളത് മാത്രം സംസാരിക്കുന്നു എന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആധികാരികമല്ലാതെ സംസാരിച്ചതു കാരണം തങ്ങളുടെ ആശയങ്ങളെ എതിരാളികൾ ഖണ്ഡിച്ചാൽ അത് തങ്ങൾക്കും യുക്തിവാദ പ്രസ്ഥാനത്തിനും വലിയ പരാജയമാകും എന്ന് പ്രാസംഗികർക്കു അറിയാമായിരുന്നു എന്ന് എനിക്ക് തോന്നി.

എല്ലാ പ്രസംഗങ്ങളും 30 മിനിറ്റ് മാത്രമായിരുന്നു. എല്ലാ പ്രാസംഗികരും കൃത്യ സമയത്ത് തുടങ്ങി, കൃത്യ സമയത്ത് അവസാനിച്ചു. ചിലർ അനുവദിച്ച സമയത്തിനു മുമ്പ് തന്നെ സംസാരിച്ചു തീർന്നു. വലിച്ചു നീട്ടിയ ചർച്ച ഇല്ല, വളഞ്ഞുപുളഞ്ഞു പോകുന്ന വിശദീകരണം ഇല്ല. സമയക്കുറവ് കാരണം അപൂർവമായേ ചോദ്യോത്തരവേള ഉണ്ടായിരുന്നുള്ളൂ. (കറിപ്പ് – നമ്മുടെ നാട്ടിൽ യുക്തിവാദ പരിപാടികളിൽ പങ്കെടുക്കുന്നവർ പലപ്പോഴും ചെറുപ്പക്കാരും യുക്തിവാദ ചിന്തകൾ വേണ്ടത്ര അറിവില്ലാത്തവരും ആണ്, അത് കൊണ്ട് അവർക്കു മനസ്സിലാകുവാൻ പല വിഷയങ്ങളും വിശദീകരിക്കുക തന്നെ വേണം. അത് കൊണ്ടാണ് നമ്മുടെ നാട്ടിൽ പ്രാസംഗികർക്ക് കൂടുതൽ സമയം വേണ്ടി വരുന്നത് എന്ന് തോന്നുന്നു. ശരിയാണോ എന്നറിയില്ല. എന്റെ തോന്നൽ ആയിരിക്കാം.)

പ്രോഗ്രാം അജണ്ട മുതലായ വിവരങ്ങൾ അടങ്ങിയ നോട്ടീസ് സംഘാടകർ സദസ്സിനു നൽകിയിരുന്നു. ഈ വിവരങ്ങൾ MC-യും പരിപാടിക്കിടയിൽ പലപ്പോഴും സദസ്സിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭക്ഷണം ഏത് മുറിയിൽ ആണ്, വിൽപ്പനക്കുള്ള പുസ്തകം ഏത് മുറിയിൽ ആണ്, കോഫി ബ്രേക്ക് കഴിഞ്ഞ് അടുത്ത സെഷൻ എപ്പോൾ തുടങ്ങും, എന്നിങ്ങനെ എല്ലാ വിശദാംശങ്ങളും സദസ്സിനു വ്യക്തമായിരുന്നു. ആരോടും ചോദിക്കേണ്ടി വന്നില്ല. കൺഷ്യൂഷൻ ഉണ്ടായതുമില്ല!

പരിപാടിയിൽ സദസ്സ് പൊതുവെ അച്ചടക്കം പാലിച്ചു എന്നത് എടുത്ത് പറയാതെ വയ്യ. എല്ലാവരും സമയത്തിനു മുമ്പ് ഹാളിൽ എത്തി. വളരെ ചുരുക്കം പേര് മാത്രം വൈകി വന്നു. സദസ്സിൽ അനാവശ്യമായ സംസാരമോ മൊബൈൽ ഫോൺ ഉപയോഗമോ ഉണ്ടായില്ല. മിക്കവരും മൊബൈൽ ഫോണ് സൈലന്റ് ആയി വച്ചിരുന്നു, അതുകൊണ്ടു പ്രസംഗത്തിനിടയിൽ ഫോണടിക്കുകയുണ്ടായില്ല.

ഉയർന്ന ഫീസ് ചിലവാക്കി പരിപാടിക്ക് വന്ന സദസ്സിനെ സംഘാടകർ അല്പം ബഹുമാനത്തോടെയാണ് അഭിമുഖീകരിച്ചത്. പരിപാടിക്ക് വന്നവർക്ക് തൃപ്തിയായില്ലെങ്കിൽ അടുത്ത വർഷം അവർ ഈ പരിപാടിക്ക് വരില്ല എന്ന് സംഘാടകർക്ക് അറിയാമായിരുന്നു. ഒരു നല്ല പ്രൈവറ്റ് കമ്പനി അതിന്റെ കസ്റ്റമർമാരെ നേരിടുന്നത് പോലെ. (കുറിപ്പ് – ഇന്ത്യയിൽ രാഷ്ട്രീയ സാമുദായിക പരിപാടികളുടെ സംഘാടകർ പലപ്പോഴും വലിയ ബാഡ്ജ് ധരിച്ച് VIP-കളെപ്പോലെ അഹങ്കാരത്തോടെ പെരുമാറാറുണ്ട്. കേരളത്തിൽ യുക്തിവാദികളുടെ പരിപാടിയിൽ അങ്ങനെ ഉണ്ടാകാറില്ല, എങ്കിലും ഞാൻ പൊതുവായി പറഞ്ഞതാണ്.)

നമ്മുടെ നാട്ടിലെ പോലെ, സംഘാടകർ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെങ്കിലും അവർ എല്ലാവരും വളണ്ടിയർമാർ ആയിരുന്നു. ആരും ശമ്പളക്കാരല്ല. 2015-ൽ തിരുവനന്തപുരത്ത് “സ്വതന്ത്രലോകം” പരിപാടി നടത്താൻ നമ്മുടെ കൂടെയുള്ള പല ചെറുപ്പക്കാരും കഠിനാദ്ധ്വാനം ചെയ്തത് ഞാൻ ഓർക്കുന്നു.

ലഞ്ച് ബ്രേക്, കോഫി ബ്രേക്, എന്നിങ്ങനെ ഒഴിവു നേരങ്ങളിൽ സദസ്സിലെ അംഗങ്ങൾ പൊതുവെ പരസ്പരം സംസാരിക്കാതെ സ്വന്തം കാര്യം നോക്കി ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇവർ പലരും 10-20 കൊല്ലം ഈ പരിപാടിക്ക് വന്നിട്ടും മിക്കവർക്കും തമ്മിൽ പരിചയപ്പെട്ടിട്ടില്ല എന്നതിൽ ഞാൻ വളരെയധികം അത്ഭുതപ്പെട്ടു. നമ്മുടെ നാട്ടിൽ Freethinkers – മുതലായ ഫേസ്ബുക് ഗ്രൂപ്പുകൾ വഴി യുക്തിവാദികൾ തമ്മിൽ ഓൺലൈൻ ആയി നല്ല പരിചയമുണ്ടല്ലോ! കേരളത്തിലെ യുക്തിവാദികൾ തമ്മിൽ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നമ്മൾ “സ്വതന്ത്രലോകം” പോലൊരു പരിപാടിക്ക് വന്നാൽ കുറെ കാലത്തിന് ശേഷം കാണുന്ന പഴയ കൂട്ടുകാരെ പോലെ പരിചയപ്പെടും, സന്തോഷത്തോടെ സംസാരിക്കും, എന്നാണ് എനിക്ക് തോന്നുന്നത്. അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാർ കൂടുതൽ അടുത്തു ഇടപഴകുന്നവരും വായാടികളും ആണ് എന്ന് തോന്നുന്നു. (കുറിപ്പ് – അമേരിക്കയിലും ഇന്ത്യയിലും യുക്തിവാദികൾ പൊതുവായി introverted ആയിട്ടാണ് തോന്നിയത്. വിശ്വാസികളെ അപേക്ഷിച്ച് നമുക്ക് സുഹൃത്തുക്കൾ കുറവാണ്. യുക്തിവാദികൾ എല്ലാവരും അങ്ങനെയാണെന്നല്ല ഉദ്ദേശിച്ചത്! എന്നാല്‍ കേരളത്തിൽ, യുക്തിവാദികൾ തമ്മിൽ പൊതുവെ ശക്തമായ സുഹൃദ്ബന്ധങ്ങൾ ഉണ്ട് എന്നതാണ് എന്റെ അനുഭവം, അമേരിക്കയിൽ അത് താരതമ്യേന കുറവാണ് എന്ന് തോന്നുന്നു.)

പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ ആയിരുന്നു റിച്ചാർഡ് ഡോക്കിൻസും ജെയിംസ് റാണ്ടിയും. ഡോക്കിൻസും റാണ്ടിയും പ്രസംഗിച്ചില്ല. പകരം അവരുമായി ഒന്നര മണിക്കൂർ നേരം അഭിമുഖ സംഭാഷണമായിരുന്നു. വെള്ളിയാഴ്ച ഡോക്കിൻസുമായി അഭിമുഖം. ശനിയാഴ്ച റാണ്ടിയുമായി അഭിമുഖം. ചോദ്യങ്ങൾ ചോദിക്കുന്നത് സംഘാടകരിൽ തന്നെ മുതിർന്ന യുക്തിവാദികൾ. വളരെ വർഷങ്ങളായി ഡോക്കിൻസ് – റാണ്ടി എന്നിവരുമായി ഒരുമിച്ചു പ്രവർത്തിച്ചവരായിരുന്നു അവർ. പഴയ സുഹൃത്തുക്കളുമായുള്ള സംഭാഷണം പോലെയായിരുന്നു.

രണ്ട് അഭിമുഖങ്ങളിൽ നിന്ന് മനസ്സിലായത് ഡോക്കിൻസും റാണ്ടിയും പ്രായം ഏറിവരികയും ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നു എന്നാണ്. ഡോക്കിൻസ് ഒരു സ്ട്രോക്ക് നേരിട്ടു, കുറച്ച് കാലം ഒരു കൈ അനക്കാൻ പറ്റിയില്ല. തെറാപി വഴി കൈ ഭേദമായിട്ടുണ്ട്. പക്ഷെ പഴയ പോലെ കമ്പ്യൂട്ടറിൽ ടൈപ് ചെയ്യാൻ പറ്റുന്നില്ല, അക്ഷര തെറ്റ് വരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. സംസാരവും അൽപം പ്രശ്നമുണ്ട്. എപ്പോഴും സ്ഫുടമായി സംസാരിക്കുന്ന ഡോക്കിൻസ് ഇപ്പോൾ സംസാരിക്കുമ്പോൾ പഴയത് പോലെ വ്യക്തമല്ല എന്നാണു എനിക്ക് തോന്നിയത്. യുക്തിവാദ പ്രസ്ഥാനത്തിൽ ലോകത്തെ തന്നെ ഏറ്റവും ശക്തനായ വക്താവായ ഡോക്കിൻസ് ഇനി എത്ര കൊല്ലം Csicon പരിപാടിക്ക് വരുമെന്ന് പറയാൻ സാധിക്കില്ലെന്ന് എനിക്ക് തോന്നി. അദ്ദേഹവുമായുള്ള അഭിമുഖം കഴിഞ്ഞപ്പോൾ ആദരസൂചകമായി സദസ്സിലെ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

ശനിയാഴ്ചത്തെ അവസാനത്തെ സെഷൻ ആയിരുന്നു ജെയിംസ് റാണ്ടിയുമായുള്ള അഭിമുഖം. ചോദ്യങ്ങൾ ചോദിക്കുന്നത് CSl-യുടെ പ്രസിദ്ധീകരണമായ Skeptical Inquirer-ന്റെ എഡിറ്ററും, പല ശാസ്ത്ര സംഘടനകളുടെ നേതൃ സ്ഥാനവും വഹിച്ച Kendrick Frazier ആയിരുന്നു. 40 വർഷമായി അദ്ദേഹം റാണ്ടിയുടെ സുഹൃത്ത് ആണ്. ഉയരം കുറഞ്ഞ് വെള്ളത്താടിയും കഷണ്ടിയുമുള്ള റാണ്ടിയെ കണ്ടാൽ സാന്റാ ക്ളോസിനെ പോലുണ്ട്. തനിക്കു ഇപ്പോൾ 88 വയസ്സായി, എങ്കിലും 86 വയസ്സിന്റെ ചെറുപ്പമാണ് തോന്നുന്നത് എന്ന് റാണ്ടിയുടെ വക തമാശ. വാക്കിങ്ങ് സ്റ്റിക്ക് ഉപയോഗിച്ചാണ് നടക്കുന്നത്. തമാശയും കൗതുകവും വികൃതിയും നിറഞ്ഞ പ്രകൃതം. അര നൂറ്റാണ്ടിലേറെയായി അന്ധവിശ്വാസ (paranormal) പ്രവർത്തകരേയും ആൾദൈവങ്ങളേയും മന്ത്രവാദികളേയും മറ്റ് തട്ടിപ്പുകാരേയും വെല്ലുവിളിച്ച് പരസ്യമായി തറപറ്റിച്ച ചരിത്രമുണ്ട് റാണ്ടിക്ക്. 40 വർഷത്തിലേറെയായി Csicon പരിപാടിയിൽ നിറഞ്ഞു നിന്ന സാന്നിദ്ധ്യമാണ് റാണ്ടി. പരിപാടിക്ക് വന്ന സദസ്സിന് റാണ്ടിയോട് പ്രത്യേക സ്നേഹവും ബഹുമാനവും ഉള്ളത് പോലെ എനിക്ക് തോന്നി. അദ്ദേഹവും അഭിമുഖത്തിൽ തന്റെ ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു, സ്ട്രോക്ക് കഴിഞ്ഞു. മറ്റ് പല ശസ്ത്രക്രിയകളും കഴിഞ്ഞു. അടുത്ത വർഷത്തെ Csicon പരിപാടിക്ക് റാണ്ടിക്ക് വരാൻ സാധിക്കുമോ എന്ന് ഉറപ്പില്ല എന്ന് അദ്ദേഹം പറയാതെ തന്നെ സദസ്സിന് അറിയാമായിരുന്നു. അഭിമുഖത്തിന്റെ അവസാനം ഫ്രേസിയർ റാണ്ടിയോടു ചോദിച്ചു – അര നൂറ്റാണ്ടോളം അങ്ങയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സദസ്സിനോട് അവസാനമായി (last words) എന്തെങ്കിലും പറയാനുണ്ടോ ? ഇനിയും കുറെ പ്രാവശ്യം ഈ പരിപാടിക്ക് വരുമെന്നും അറം പറ്റുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്നും പറഞ്ഞു റാണ്ടി തമാശയുടെ മറുപടി പറഞ്ഞു. പക്ഷെ ഒരു കാരണവരെ പോലെ അമേരിക്കയിലെ യുക്തിവാദ കുടുംബത്തിൽ അര നൂറ്റാണ്ടിലേറെ നിറഞ്ഞ സാന്നിധ്യമായ റാണ്ടി ഇനി അധിക കാലം ഉണ്ടാകില്ല എന്ന ചിന്തയിൽ സദസ്സിൽ പലരും വികാരാധീനരായി.

പരിപാടിയിലെ ഒരു പ്രത്യേകതയായിരുന്നു വെള്ളിയാഴ്ച Excalibur ഹോട്ടലിലെ “Tournament of Kings” എന്ന രാത്രി ഭക്ഷണ പരിപാടി. ഇംഗ്ളണ്ടിലെ പ്രാചീന കാലത്തെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരു നൃത്ത – നാടകം കാണികൾക്ക് വേണ്ടി അവതരിപ്പിക്കുന്നു. രാജാവ്, രാജകുമാരൻ, യോദ്ധാക്കൾ (knights), തോഴിമാർ, ശത്രുക്കൾ, വ്യാളി (dragon) എന്നിവർ പാട്ടു പാടുന്നു, മദ്യം കുടിക്കുന്നു,യുദ്ധം ചെയ്യുന്നു, മരിക്കുന്നു, എന്നിങ്ങനെ തികച്ചും ഹിന്ദി സിനിമ പോലെ തന്നെ. ഇംഗ്ളണ്ടിൽ പണ്ട് കാലത്തു ഉണ്ടായിരുന്ന പോലെയാണ് ഭക്ഷണം. സൂപ്പും സ്ലൈസ് ചെയ്യാത്ത ബ്രെഡും വേവിച്ച ചിക്കനും പച്ചക്കറികളും “ആപ്പിൾ പൈ” – യും. കത്തിയും ഫോർക്കും സ്പൂണും തരില്ല. പഴയ രീതി പോലെ എല്ലാം കൈ കൊണ്ട് എടുത്ത് കഴിക്കണം. പക്ഷെ കുടിക്കാൻ Diet Coke ഉണ്ടായിരുന്നു!

ശനിയാഴ്ച വൈകുന്നേരം റിച്ചാർഡ് ഡോക്കിൻസിന്റെ “book signing” ചടങ്ങു ഉണ്ടായിരുന്നു. പുസ്തകങ്ങൾ കൂടുതൽ വിറ്റഴിയാനായി പുസ്തകങ്ങൾ വാങ്ങിയവർക്ക് എഴുത്തുകാരൻ പുസ്തകത്തിൽ ഒപ്പിടുന്ന ഈ ചടങ്ങു അമേരിക്കയിൽ സാധാരണമാണ്. ഡോക്കിൻസ് ഒരു മേശയുടെ അരികിൽ ഇരിക്കുന്നു, മുന്നിൽ പുസ്തകങ്ങൾ വാങ്ങിയവർ നീണ്ട വരിയായി നിന്ന് ഡോക്കിൻസിന്റെ അടുത്ത് വരുന്നു. അദ്ദേഹം ധൃതിയായി പുസ്തകം ഒപ്പിടുന്നു. കുശലം പറയാൻ നേരമില്ല അദ്ദേഹത്തിന്. സദസ്സിൽ പലരും ഒന്നോ രണ്ടോ പുസ്തകങ്ങൾ വാങ്ങിയപ്പോൾ ഞാൻ ഡോക്കിൻസിന്റെ പുസ്തകങ്ങളുടെ കുറെ കോപ്പികൾ വാങ്ങി. എനിക്കും കേരളത്തിലെ ചില യുക്തിവാദി സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഇവ വാങ്ങിയത്. ഇത്രയധികം ബുക്കുകൾ ഒപ്പിടാൻ പറ്റില്ല, ഒന്നോ രണ്ടോ ബുക്ക് മാത്രമേ പറ്റുള്ളൂ എന്ന് ഒരു വളണ്ടിയർ എന്നെ അറിയിച്ചു. ഡോക്കിൻസിന്റെ പുസ്തകം ഇന്ത്യയിൽ തർജുമ ചെയ്ത പ്രഫ. രവി ചന്ദ്രന്റെ സുഹൃത്താണ് ഞാൻ എന്നും, ഇന്ത്യയിൽ ഞങ്ങളുടെ കൂട്ടുകാർക്ക് കൊടുക്കാൻ ആണ് ഇത്രയും ബുക്ക്, എന്നും ഞാൻ ആ സ്ത്രീയോട് പറഞ്ഞു. എങ്കിൽ വിരോധമില്ല, ഡോക്കിൻസിനോട് പ്രത്യേകം പറയാം എന്ന് ആ സ്ത്രീ പറഞ്ഞു. വരിയിൽ നിൽക്കണ്ട ആവശ്യമില്ല, വരിയിലുള്ളവർ എല്ലാവരും പോയതിന് ശേഷം പ്രത്യേകം എന്നെ വിളിക്കാം എന്ന് എന്നോട് പറഞ്ഞു. വലിയൊരു കെട്ട് പുസ്തകങ്ങളുമായി ഞാൻ അവസാനം ഡോക്കിൻസിന്റെ അരികിൽ എത്തി. ഞാൻ രവി ചന്ദ്രന്റെ സുഹൃത്താണ് എന്ന് പരിചയപ്പെടുത്തി. ഡോക്കിൻസിന് സന്തോഷമായി. ഞാൻ എന്റെ മൊബൈൽ ഉപയോഗിച്ച് ഒരു സെൽഫിയുമെടുത്തു.

പരിപാടിയുടെ അവസാന ഭാഗം ഞായറാഴ്ച ഉച്ച വരെയായിരുന്നു. ഞാൻ അതിനു വേണ്ടി നിന്നില്ല. രാവിലെ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു പാർക് ചെയ്ത കാറെടുത്തു ലോസ് ആഞ്ചലസിലെ എന്റെ വീട്ടിലേക്കു പുറപ്പെട്ടു – അടുത്ത സമ്മേളനത്തില്‍ പങ്കെടുക്കും എന്ന ദൃഢനിശ്ചയത്തോടെ !