മരണം എത്തുന്ന നാൾ തീരുമാനിക്കാനുള്ള അധികാരം !
– സനൽ ഇടമറുക്

പീറ്റർ അഡ്‌മിറാൾ (Dr. Pieter Vuijk Admiraal 1929 – 2013) എന്ന ഡച്ചുകാരനെ മറക്കാനാവില്ല. ലോകപ്രശസ്‌തനായിരുന്നു അദ്ദേഹം. ദയാവധ പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളും റാഷണലിസ്‌റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റുമായിരുന്ന ഡോ. പീറ്റർ അഡ്‌മിറാൾ ഞാൻ പങ്കെടുത്ത ഒരു സാർവദേശീയ സമ്മേളനത്തിൽ പ്രസംഗകൻ ആയിരുന്നു. ദയാവധത്തിനു നിയമപരമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആദരിച്ച് ആംസ്റ്റർഡാമിൽ വച്ച് നടന്ന ആ സമ്മേളനത്തിൽ അദ്ദേഹത്തിന് ഒരു അവാർഡും നൽകിയിരുന്നു.

പീറ്റർ അഡ്‌മിറാൾ

പീറ്റർ അഡ്‌മിറാൾ ഒരു കഥ പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഒരു ദയാവധത്തിന് കഥ. കാൻസർ ബാധിതനായി വേദനയുടെ പാരമ്യത്തിൽ എത്തിച്ചേർന്ന്, വേദന സംഹാരികൾക്ക് അര മണിക്കൂർ പോലും ആശ്വാസം നൽകാനാവാത്ത അവസ്ഥയിൽ എത്തിച്ചേർന്ന ഒരു പിതാവിന്റേയും അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്ന മകന്റേയും കഥ.

മരുന്നുകൾ കൊണ്ട് വേദന ഒതുങ്ങുകയില്ലാത്ത അവസ്ഥയിൽ ആ മനുഷ്യൻ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചേരും. ആ സ്ഥിതിയിൽ എത്തുന്നതിനുമുന്പ് സന്തോഷത്തോടെ മരിക്കണം എന്ന ആഗ്രഹം ആ അച്ഛൻ മകനെ അറിയിച്ചു. ആ പിതാവിനെ അത്യധികം സ്‌നേഹിക്കുന്ന മകൻ അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പിലാക്കാൻ .സമ്മതിച്ചു. ഇരുവരും ചേർന്ന് അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. എന്താണ് യാഥാർഥത്തിൽ സംഭവിക്കാൻ പോകുന്നത് എന്നത് ആ പിതാവും പുത്രനും രഹസ്യമായി സൂക്ഷിച്ചു.

ആ അച്ഛന്റെ പിറന്നാൾ ദിവസം ഒരു പാർട്ടി നടത്താനായിരുന്നു തീരുമാനം. എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളേയും ക്ഷണിച്ചു. രുചിയുള്ള ഭക്ഷണവും, മികച്ച വീഞ്ഞും, അച്ഛന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളും ഉൾപെടുത്തിക്കൊണ്ടായിരുന്നു അവർ ആ സായാഹ്നം ഒരുക്കിയത്. ആ രാത്രിയിൽ മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം എന്താണ് സംഭവിക്കുക എന്ന് ആ അച്ഛനും മകനും മാത്രമേ അറിയാമായിരുന്നുള്ളൂ.

പിതാവിന് ഏറ്റവും പ്രിയപ്പെട്ട ഗാനത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാവരും ആഹ്ലാദചിത്തരായി വീഞ്ഞുകുടിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നതിനിടയിൽ, ക്യാൻസർ ബാധിതനായ ആ അച്ഛന് വേദന ശമനത്തിനുള്ള ഇൻജെക്ഷൻ നൽകേണ്ടിയിരുന്നു. ആ വേദനസംഹാരിയോടൊപ്പം മാരകവും മയക്കത്തിൽത്തന്നെ മരണത്തിലേക്ക് നയിക്കുമെന്ന് ഉറപ്പുമുള്ള വിഷമരുന്നും ഉൾപ്പെടുത്തി മകൻ തന്നെ അച്ഛന് നൽകി. മരണം എപ്പോൾ നടക്കുമെന്ന് അറിയാവുന്ന ആ മകൻ അടക്കാനാവാത്ത ദുഃഖത്തോടെ, നിറയുന്ന കണ്ണുകൾ മറ്റാരും കാണാതെ ഒപ്പിക്കൊണ്ട്, കാത്തുനിന്നു. ആ നിമിഷം കടന്നു.

മകനെ അന്പരപ്പിച്ചുകൊണ്ട് അച്ഛൻ അപ്പോൾ പതുക്കെ കണ്ണ് തുറന്നു. ഒരു കണ്ണിറുക്കി പുഞ്ചിരിച്ചുകൊണ്ട് വലതുകൈയിലെ തള്ളവിരൽ ഉയർത്തി മകനോട് രഹസ്യമായി സ്‌നേഹവും നന്ദിയും അറിയിച്ചു. സംഗീതത്തിന്റെ താളം. പൊട്ടിച്ചിരികൾ. അതിനിടയിൽ ആ അച്ഛൻ കണ്ണുകൾ അടച്ചു. അതിമനോഹരമായ ഒരു മരണം!

നിറഞ്ഞുകവിഞ്ഞ ഒരു സദസ്സിനോട് പീറ്റർ അഡ്മിറാൾ സംസാരിക്കുകയായിരുന്നു. അദ്ദേഹം ഒരുനിമിഷം പ്രസംഗം നിർത്തി. അടുത്ത നിമിഷം അദ്ദേഹം ഏങ്ങലടിച്ചു പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ കണ്ണുനീർ ഒഴുകി. വിതുന്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “അച്ഛനെ അതിരറ്റു സ്നേഹിച്ചിരുന്ന ആ മകൻ ഞാൻ ആയിരുന്നു.” സദസ്സ് മുഴുവൻ ആദരസൂചകമായി എഴുന്നേറ്റു നിന്നത് ഞാൻ ഓർക്കുന്നു. അക്ഷരാർഥത്തിൽ ആ സദസ്സ് മുഴുവൻ കരയുകയായിരുന്നു.

ദയാവധം നെതർലാന്റ്സിൽ കുറ്റകൃത്യം ആയി കരുതിയിരുന്ന കാലത്ത് അതിന് ചിലരെ സഹായിച്ചതിന്  ആ രാജ്യത്തെ ഏറെ ബഹുമാനിക്കപ്പെടുന്ന മെഡിക്കൽ പ്രൊഫസർമാറിൽ ഒരാളായിരുന്ന  പീറ്റർ അഡ്‌മിറാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആ ശിക്ഷ കഴിഞ്ഞു പുറത്തു വന്നതിനു ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരസ്യ പ്രഖ്യാപനം.

മറ്റുപല യൂറോപ്യൻ രാജ്യങ്ങളിലുമെന്നതുപോലെ നെതർലാന്റ്സിലും ദയാവധം ഇപ്പോൾ നിയമം വഴി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കർശനമായ നിബന്ധനകൾക്കു വിധേയമായി മാത്രമേ ദയാവധം അനുവദിക്കുകയുള്ളൂ. രോഗിയുടെ മുൻകൂട്ടിയുള്ള അഭ്യർഥന, അനുഭവിക്കുന്ന വേദന, രോഗത്തിനു പരിഹാരം ഉണ്ടാവാൻ സാധ്യത ഉണ്ടോ തുടങ്ങിയവയൊക്കെ വിലയിരുത്തി, മറ്റു വിദഗ്ദ്ധ ഡോക്‌ടർമാരുമായി ചർച്ച ചെയ്‌ത്‌, അതിനായി നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ അനുവാദത്തോടെ, വേദനയില്ലാതെ ജീവിതത്തിൽനിന്നു വിട വാങ്ങാൻ ആഗ്രഹിക്കുന്ന രോഗികളെ അതിനായി സഹായിക്കുന്നത് നെതർലാന്റ്സിൽ ഇപ്പോൾ കുറ്റകൃത്യമല്ല.

നെതർലാൻഡ്‌സ്, ബെൽജിയം, കൊളംബിയ, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ മാനവിക ദയാവധം ഇപ്പോൾ നിയമപരമാണ്. സ്വയം മരണപ്പെടാൻ വൈദ്യസഹായം സ്വീകരിക്കുന്നത് സ്വിറ്റ്സർലാൻഡ്, ജർമ്മനി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ (യു എസ്) വാഷിംഗ്‌ടൺ, ഓറിഗോൺ, വെർമോണ്ട്, മൊണ്ടാന, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിലും ഇപ്പോൾ അനുവദനീയമാണ്.

ദയാവധം അംഗീകരിച്ചുകൊണ്ടുള്ള ബിൽ നെതർലാന്റ്സ് പാർലമെന്റ് പാസാക്കുകയും അത് നിയമം ആവുകയും ചെയ്‌തപ്പോൾ പഴയ പ്രസംഗം ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ എഴുതിയ കത്തിന് പീറ്റർ അഡ്മിറാൾ എഴുതിയ ഹൃദയസ്പർശിയായ മറുപടി ഞാൻ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു.

ലോകം ഒട്ടാകെത്തന്നെ ബഹുഭൂരിപക്ഷം യുക്തിവാദികളും സ്വതന്ത്രചിന്തകരും ദയാവധം എന്ന ആശയത്തെ പിന്തുണക്കുന്നവരാണ്. ജീവിതം ആനന്ദകരമാക്കാൻ മറ്റുള്ളവർക്കും സമൂഹത്തിനും വിന ആവാത്ത കാര്യങ്ങൾ ചെയ്യാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ടാവണം എന്ന സമീപനത്തിന്റെ ഭാഗം ആണത്. ജീവിതം വേദനയോടെ നരകിക്കാൻ തയ്യാറില്ല എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഈ ചിന്തയുടെ ഭാഗം തന്നെയാണ്.

ദയാവധം അല്ലെങ്കിൽ വേദനയില്ലാക്കൊല

മൂല്യസങ്കല്പത്തിൽ ഉണ്ടായിവരുന്ന ഇത്തരം മാറ്റങ്ങളോട് സംഘടിത മതങ്ങൾ കടുത്ത വിയോജിപ്പാണ് കാണിച്ചു വരുന്നത്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് ഉന്നയിച്ചിട്ടുള്ള മതം കത്തോലിക്കാ സഭ ആണ്. മനുഷ്യനെ ദൈവം സ്വന്തം രൂപത്തിൽ സൃഷ്‌ടിക്കുകയായിരുന്നു എന്നും ദൈവം നൽകിയ ജീവൻ എടുക്കാൻ ദൈവത്തിനു മാത്രമേ അധികാരം ഉള്ളൂ എന്നുമാണ് ഇക്കാര്യത്തിൽ സഭ പുലർത്തുന്ന നിലപാട്. മാറുന്ന മൂല്യങ്ങളോടുള്ള പുറംതിരിഞ്ഞു നിൽപ്പ് എക്കാലത്തും കത്തോലിക്കാ സഭയുടെ ശീലം ആയിരുന്നു. വേദനസംഹാരികൾ പ്രചാരത്തിൽ വന്നുതുടങ്ങിയ കാലത്ത് അതിനെതിരായി വലിയ പ്രചാരണ കോലാഹലം ആണ് സഭ ഉന്നയിച്ചത്. സ്‌ത്രീകൾ വേദനയോടെ പ്രസവിക്കും എന്ന ദൈവശാപം ലംഘിക്കുന്നത് പാപം ആണെന്നുവരെ വിശദീകരിച്ച കത്തോലിക്കാ മതപണ്ഡിതന്മാർ ഉണ്ട്.

ഇതര ക്രൈസ്‌തവ സഭകൾക്കും ഇക്കാര്യത്തിൽ സമാന വീക്ഷണം ആണ് ഉള്ളതെങ്കിലും അവ കത്തോലിക്കാ സഭയെപ്പോലെ ദയാവധത്തോട് തീവ്ര നിലപാട് എടുക്കുന്നതായി കണ്ടിട്ടില്ല.

മൂല്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾക്കൊന്നും യാതൊരു ഇടവും നൽകാത്ത ഇസ്‌ലാം മതം ഇക്കാര്യത്തിൽ അധികം ചർച്ചകൾക്കൊന്നും തയ്യാറായിട്ടില്ല.

ഡൽഹിയിലെ ഒരു ടെലിവിഷൻ ചർച്ചയിൽ മഹാഭാരതത്തിലെ ഭീഷ്മപിതാമഹന് ഇഛാ മരണ സിദ്ധി ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിച്ച് ദയാവധം എന്ന ആശയത്തെ അനുകൂലിച്ചു സംസാരിച്ച ഒരു ഹിന്ദു മത പണ്ഡിതനെ ഓർക്കുന്നു.

ജൈനമതക്കാർക്കിടയിൽ സ്വയം പൂർണ ബോധത്തോടെ മരണത്തെ സ്വീകരിക്കുന്നത് സല്ലേഖന എന്ന ആചാരം ആണ്.

മാനവീയ മൂല്യങ്ങളെ ആധാരമാക്കി ദയാവധത്തെ, അത് മറ്റുള്ളവർ ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള മുൻകരുതലോടെ, അനുകൂലിക്കുന്ന നിലപാടാണ് യുക്തിവാദികൾ (സ്വതന്ത്ര ചിന്തകർ, ഹ്യൂമനിസ്റ്റുകൾ, നാസ്തികർ ഉൾപ്പടെ) പൊതുവെ സ്വീകരിച്ചിട്ടുള്ളത്.

പഴയ ലോകത്തിന്റെ മൂല്യങ്ങൾ പലതും ആടിയുലഞ്ഞു നിലംപതിക്കുകയും കൂടുതൽ മാനവീയമായ മൂല്യസങ്കല്പങ്ങൾക്കു വേരോട്ടം കിട്ടിവരികയും ചെയ്യുന്നത് പഴമയുടെ മാറാലകൾ മനസ്സിൽ പേറുന്ന ചിലർക്കെങ്കിലും സഹിക്കാനാവാതെ വരുന്നത് സ്വാഭാവികമാണ്. നവലോകത്തിന്റെ ആശയങ്ങൾ ഒട്ടൊക്കെ സ്വാഭാവികമായിക്കഴിഞ്ഞ യൂറോപ്പിൽപ്പോലും ചിലരൊക്കെ അവയോടു പൊരുത്തപ്പെടാനാവാതെ ധർമ്മസങ്കടത്തിൽ പെടുന്നുണ്ട്. എന്നാൽ അവരുടെ എണ്ണം ഗണ്യമായി കുറയുകയാണ് എന്നത് ആശാവഹമാണ്.

എപ്പോൾ മരിക്കണം എന്നു തീരുമാനിക്കാനുള്ള വ്യക്തിയുടെ അധികാരം ബഹുമാനിക്കപ്പെടേണ്ട ഒരു മനുഷ്യാവകാശം ആണ്.