കുറച്ചു കാലം ഫേസ്ബുക്കിൽ ഇല്ലാതിരുന്ന ഞാൻ തിരിച്ചു വരുന്നത് 2014 ൽ ആയിരുന്നു. ഇന്റർനെറ്റും പുസ്തകങ്ങളും കാരണം ദൈവത്തെ ഉപേക്ഷിച്ച എനിക്ക് എന്റെ ചുറ്റും അത്തരക്കാർ ആയ അധികം ആരെയും കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല എല്ലാ വശത്തു നിന്നും എതിർപ്പുകൾ മാത്രമാണ് കാണാൻ സാധിച്ചത്. നേരിട്ടുള്ള പല തർക്കങ്ങളും പല വ്യക്തിബന്ധങ്ങൾക്കും വിള്ളലും വരുത്തിയിരുന്നു. അവിടെ നിന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സംഭവിച്ച മാറ്റത്തിന്റെ ആവേഗം വളരെ വലുതാണ്.ദൈവത്തെയും മതത്തെയും എല്ലാം ഉപേക്ഷിച്ചു ശാസ്ത്രത്തെ കൈ പിടിച്ചു മുൻപോട്ടു പോകുന്ന അനേകം ആളുകളെ ഇപ്പോൾ കാണാൻ സാധ്‌ച്ചതിനു സോഷ്യൽ മീഡിയയോട് നന്ദി പറഞ്ഞെ പറ്റൂ.
എണ്ണൂറോളം വ്യക്തികൾ പങ്കെടുത്ത എസ്സെൻഷ്യ 17 പോലെ ഉള്ള ഒരു പരിപാടി നൽകുന്ന വിജയം നമുക്ക് തന്നെ ഒരു ബാധ്യത ആണ്. കാരണം നമുക്ക് മറികടക്കുവാനുള്ളത് നമ്മെ തന്നെ ആണ്. ആശയവിനിമയത്തിന്റെ അനന്ത സാധ്യതകൾ കാരണം തീരെ ചെറുതായിപ്പോയ ഈ ലോകത്തിന്റെ പല കോണുകളിലുള്ള സമാന ചിന്താഗതിക്കാർ കൊച്ചി എന്ന കൊച്ചു നഗരത്തിൽ ഒത്തുകൂടിയപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ല. ശാസ്ത്ര ചിന്തയുടെയും മാനവികതയുടെയും വഴി വെട്ടിത്തെളിക്കാൻ കൂടെ ചേരുന്നവരുടെ എണ്ണം അനുദിനം വര്ധിക്കുന്നുണ്ട്. മൊത്തം ജനസംഖ്യ എടുത്താൽ ഇത്തരക്കാരുടെ എണ്ണം വളരെ കുറവായിരിക്കും, എന്നാൽ ഇത്തരക്കാരുടെ ചരിത്രത്തിലെ(അധികം പഴയതു ഒന്നും വേണ്ട, ഒരു അഞ്ച് കൊല്ലം മുൻപേ ഉള്ളത് തന്നെ മതിയാകും ) എണ്ണവും ഇപ്പോൾ ഉള്ള എണ്ണവും എടുത്താൽ ആ ഒരു വളർച്ചയുടെ നിരക്കിന്റെ വലിപ്പം മനസ്സിലാവും. അതിൽ തന്നെ ഏറ്റവും വലിയ രാസത്വരകം എസ്സെൻസ് ക്ലബ് തന്നെ ആണ്. കഴിഞ്ഞ ഒരു വര്ഷം കൊണ്ട് ജനങ്ങളിലേക്കെത്തിയ ശാസ്ത്രബോധത്തിന്റെ അളവ് വളരെ കൂടുതൽ ആയിരിക്കണം.
അതിനുള്ള തെളിവാണ് എറണാകുളം ടൌൺ ഹാളിൽ കണ്ട, സംഘാടകരുടെ പോലും കണ്ണ് തള്ളിച്ച പ്രാതിനിധ്യം !! സാധാരണ കണ്ടു വരാറുള്ള യുക്തിവാദ കൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമായി ഒരു അന്താരാഷ്ട്ര സെമിനാര് പോലെയോ അവാർഡ് നൈറ്റ് ഷോ പോലെയോ ഒക്കെ തോന്നിപ്പിച്ച വേദിയും സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങളും നിലവാരമാർന്ന സദസ്സും കുറ്റമറ്റ സംഘാടനമികവും(അതിനു അവരെ എത്ര അഭിനന്ദിച്ചാലും കൂടുതൽ ആവില്ല) മറ്റും എസ്സെൻഷ്യ 17നെ വേറെ ലെവൽ ആക്കി തീർത്തു എന്നതാണ് സത്യം .അതുകൊണ്ടു തന്നെ ഇതൊരു വിജയവും, നമുക്ക് തന്നെ ഉള്ള ഒരു വെല്ലുവിളിയും ആണ്. അനുസ്യൂതം തുടരുന്ന പ്രവർത്തനങ്ങൾക്കു ആ വെല്ലുവിളി ഒരു വിഷയമാവാൻ വഴി ഇല്ല, പക്ഷെ നമുക്ക് മത്സരിക്കാനുള്ളത് നമ്മോടു തന്നെ ആണല്ലോ!!
— Priyadarsan Edavangadmana
എസെന്ഷ്യ 17 സംഘാടക മികവുകൊണ്ടും അവതരണ രീതികൊണ്ടും വൻ വിജയമാണെന്ന് പങ്കെടുത്ത സുഹൃത്തുക്കളുടെ കമന്റുകളിൽ നിന്നും അറിയാൻ കഴിഞ്ഞു ,നമ്മുടെ പ്രവർത്തനം നാൾക്കുനാൾ മുന്നേറുന്നു എന്നത് സന്തോഷം തരുന്ന കാര്യം തന്നെ . വിജയം തുടങ്ങുകയാണ് പങ്കെടുത്തവരെക്കാൾ എത്രയോ അധികം ആൾക്കാർ ഇതിന്റെ വിഡിയോ കാണാൻ കാത്തിരിക്കുന്നു ,അങ്ങനെ നോക്കിയാൽ പരിപാടി ഉടനെയെങ്ങും അവസാനിക്കുന്നില്ല …..പരിപാടി വിജയമാക്കി തീർത്ത സംഘാടകർക്ക് അഭിനന്ദനങ്ങൾ ……………
— Ajith Kumar Vp
വീല്‍ച്ചെയറില്‍ വന്ന ഒരാള്‍
കൊച്ചിയില്‍ ഇന്നലെ സമാപിച്ച ‘എസെന്‍ഷ്യ’17(essentia’17) ‘ചരിത്രസംഭവം’ ആണെന്ന വിലയിരുത്തലുകള്‍ വിവിധ കോണുകളില്‍ നിന്നും വരുന്നത് ആഹ്ലാദകരമാണ്. esSENSE, Ernakulam യൂണിറ്റ് നേരിട്ട് ഏറ്റെടുത്ത് നടത്തിയ ആദ്യത്തെ പരിപാടി എന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്‌ചവെക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു യുവനിര ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വളര്‍ത്തിയെടുത്താന്‍ എസെന്‍സിന് സാധിച്ചിരിക്കുന്നു. 729 പേര്‍ പേരുംഫോണ്‍നമ്പരും തന്ന് രജിസ്റ്റര്‍ ചെയ്‌ത ഒരു സമ്മേളനത്തിന്റെ അവസാന മണിക്കൂറില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ തടസ്സപ്പെട്ടത് അവസാനം പങ്കെടുത്ത പലരുടെയും വിശദാംശങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായി. ചുരുങ്ങിയത് 800 ല്‍ അധികംപേര്‍ പങ്കെടുത്തിട്ടുണ്ട് എന്നുറപ്പിക്കാവുന്ന ഈ സമ്മേളനത്തിന്റെ പ്രധാനനേട്ടം പങ്കാളിത്തം തന്നെയാണ്. സമ്മേളനത്തിന് മുമ്പ് തന്നെ ഇരുനൂറോളം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടന്നപ്പോഴേ ഇങ്ങനെയൊരു സാധ്യത മുന്നില്‍ തെളിഞ്ഞിരുന്നു.
‘പുറത്തേക്ക് ഒഴുകുക’ എന്ന എസെന്‍സിന്റെ പ്രഖ്യാപിതനയത്തിന് കിട്ടിയ പിന്തുണയാണ് ഈ പങ്കാളിത്തം. 400 പേര്‍ പങ്കെടുത്താല്‍ വിജയകരമായ മീറ്റ് ആയിരിക്കും,500 കടന്നാല്‍ വമ്പന്‍ വിജയമാകും- ഇതായിരുന്നു സംഘാടകരുടെ വിലയിരുത്തല്‍. 500 ല്‍ അധികം ഇരിപ്പിടങ്ങളുള്ള കൊച്ചി ടൗണ്‍ഹോള്‍ ഏറെ സൗകര്യങ്ങളുള്ള, നല്ല നിലവാരമുള്ള വേദിയാണ്. എങ്കിലും നല്ലൊരു ശതമാനം ഉഷ്‌ണംകാരണം സദാ പുറത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. ഉഷ്‌ണം പരിഹരിക്കാന്‍ വേണ്ടത്ര സൗകര്യം ഹോളില്‍ ഇല്ല എന്നത് ഒരു പോരായ്‌മയാണ്. ഈ ന്യൂനത പരിഹരിച്ചേ മതിയാകൂ. വിയര്‍ത്തൊലിച്ച് സമ്മേളനവേദിയില്‍ ഇരിക്കുക അത്ര സുഖകരമല്ല.
സ്വതന്ത്രചിന്തകരുടെ എല്ലാ സമ്മേളനങ്ങളിലും സ്ഥിരം പങ്കെടുക്കുന്ന പലര്‍ക്കും വ്യക്തിഗതമായ അസൗകര്യങ്ങളും അസുഖാവസ്ഥ മൂലവും എസെന്‍ഷ്യ 17 ല്‍ പങ്കെടുക്കാനായില്ല. സംഘാടകരെ പാഠംപഠിപ്പിക്കാനായി മീറ്റ് ബഹിഷ്‌ക്കരിച്ച മറ്റൊരു ചെറുവിഭാഗവും ഉണ്ടായിരുന്നു. ഈ ബ്രഹ്മാണ്ടത്തില്‍ നടക്കുന്ന എല്ലാ സമ്മേളനങ്ങളിലും ഈ രണ്ടു വിഭാഗങ്ങള്‍ അനിവാര്യമായും ഉണ്ടാകും എന്നതിനാല്‍ തികച്ചും സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമാണവ 🙂 അസാന്നിധ്യങ്ങളെ അപ്രസക്തമാക്കിയ മീറ്റായിരുന്നു എസെന്‍ഷ്യ 17 എന്ന് പറയാം. പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ പ്രഭാഷകനായ വൈശാഖന്‍ തമ്പിക്ക് ഉണ്ടായ മനോവിഷമം പങ്കിടുന്നു. പിന്‍മാറിയ മറ്റൊരാള്‍ എസെന്‍സ് പ്രസിഡന്റ് സജീവന്‍ അന്തിക്കാടാണ്. എന്തുകൊണ്ടാണ് പുള്ളിക്കാരന്‍ പിന്‍മാറിയത് എന്നത് സംബന്ധിച്ച് വസ്‌തുനിഷ്‌ഠമായ ഒരു അന്വേഷണം നടത്തി സത്യംപുറത്തുകൊണ്ടുവരണം. രാഷ്‌ട്രം അതറിയാന്‍ താല്‌പര്യപ്പെടുന്നു.esSENSE കഴിഞ്ഞ 9 മാസത്തിനുള്ളില്‍ നടത്തുന്ന രണ്ടാമത്തെ വലിയ പരിപാടിയാണ് കൊച്ചിയില്‍ നടന്നത്. 9 മാസം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ചരിത്രവിജയം എന്ന് പലരും വിശേഷിപ്പിക്കുന്ന എസെന്‍ഷ്യ-17 ന്റെ വിജയത്തിന് പിന്നില്‍. പങ്കാളിത്തപെരുമഴ മാത്രമല്ല എസെന്‍ഷ്യ 17 ന്റെ നേട്ടം. ശബ്‌ദ-വെളിച്ച ക്രമീകരണത്തിലും സാങ്കേതികമേന്മയിലും ഏതൊരു അന്തര്‍ദേശീയ മീറ്റിനോടും കിട പിടിക്കുന്ന ഒന്നായിരുന്നു അതെന്ന് പലരും എഴുതി കണ്ടു. തികച്ചും വസ്‌തുനിഷ്‌ഠമായ വിലയിരുത്തല്‍-വേറൊന്നും പറയാനില്ല. ഒരു സിനിമാ ഹോളില്‍ ഇരിക്കുന്ന പ്രതീതിയാണ് സദസ്സിനുണ്ടായിരുന്നത്. പ്രതിഫലംപറ്റാതെ എസെന്‍സിന്റെ സന്നദ്ധസേവകര്‍ ദിവസങ്ങളോളം നടത്തിയ കഠിനപ്രയത്‌നവും ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ ഉജ്‌ജ്വല നേട്ടത്തിന് പിന്നില്‍.
മൂപ്പനും മുതലാളിയുമില്ലാതെ സമത്വബോധത്തോടെ അവര്‍ നിസ്വാര്‍ത്ഥമായി ഒന്നിച്ചു പ്രവര്‍ത്തിച്ചു. ജനാധിപത്യബോധം കടലാസ് ആശയമല്ലെന്ന് തെളിയിച്ചു. ആഹാരം, ഗതാഗതം, താമസസൗകര്യം. ഇത്യാദി കാര്യങ്ങളില്‍ യാതൊരു പരാതിക്കും ഇട നല്‍കാത്ത തകര്‍പ്പന്‍ പ്രകടനമാണ് സംഘാടകര്‍ കാഴ്‌ചവെച്ചത്. ഈ വര്‍ഷത്തെ എസെന്‍സ് പ്രൈസ് (ട്രോഫി, പതിനായിരം രൂപ, സൈറ്റേഷന്‍) സ്വന്തമാക്കിയ സജേഷ് എസ് കുമാറും അജേഷും നടത്തിയ മറുപടി പ്രസംഗങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനായി വിദേശത്ത് നിന്ന് ലീവ് എടുത്ത് എത്തിയവര്‍, സത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം എന്നിവയും ആവേശകരമായി. ഇത്രയധികം ചെറുപ്പക്കാരെ ഒരു മീറ്റില്‍ ഒരുമിച്ച് കാണുന്നത് ആദ്യമായാണ്. പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ തന്നെ മുഴുവന്‍ ഔപചാരികതയും അലിഞ്ഞില്ലാതാകുന്ന ഇത്തരം സൗഹൃദങ്ങള്‍ അതിമനോഹരമാണ്.
പങ്കാളിത്തത്തെ കുറിച്ച് എടുത്ത് പറയാന്‍ പ്രത്യേക കാരണമുണ്ട്. യൂ-ട്യൂബും സമൂഹമാധ്യമങ്ങളും സ്വതന്ത്രചിന്താ പ്രചരണത്തിന്റെ സാധ്യതകള്‍ വലിയതോതില്‍ മെച്ചപ്പെടുത്തിയെങ്കിലും നേരിട്ട് പരിപാടികള്‍ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ സമാനമായ കുതിച്ചുകയറ്റത്തെ അത് തടസ്സപ്പെടുത്തുന്നില്ലേ എന്ന സംശയമുയരുന്നുണ്ട്. എന്തിന് കഷ്‌ടപെട്ട്, യാത്ര ചെയ്‌ത്, പണംചെലവാക്കി പരിപാടിയില്‍ നേരിട്ട് പങ്കെടുക്കണം, എല്ലാം യൂ-ട്യൂബില്‍ കാണാമല്ലോ എന്നൊരു ധാരണ ശക്തിപ്പെടുന്നുണ്ട്. രാഷ്‌ട്രീയ-മത-ജാതി സംഘടനകള്‍ ചെയ്യുന്നത് പോലെ ആളെ അടിച്ചിറക്കി ഹോള്‍ നിറയ്‌ക്കാന്‍ സ്വതന്ത്രചിന്തകര്‍ക്ക് സാധിക്കില്ല. സ്വന്തം പണവും സമയവും ഊര്‍ജ്ജവും നിസ്വാര്‍ത്ഥമായി ചെലവിട്ട് സ്വന്തം ചെലവില്‍ പ്രതിഫലേച്ഛയില്ലാതെ കടന്നുവരുന്നവര്‍ മാത്രമാണ് സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിലെ സദസ്സ് നിര്‍മ്മിക്കുന്നത്.
സ്വതന്ത്രചിന്താ പ്രവര്‍ത്തനം മുണ്ട് മുറിക്കിയുടത്ത്, സദാ സ്വന്തം കയ്യില്‍ നിന്ന് പണംമുടക്കി ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനമായിരിക്കണമെന്ന ദുശാഠ്യം പലരും കയ്യൊഴിയാത്തത് ഖേദകരമാണ്. ഈയിടെ എസെന്‍സില്‍ അംഗമായി ചേരാന്‍ ആയിരംരൂപയും (വാര്‍ഷിക ഫീസാണ് ഇത്. അതായത് മാസം 83 രൂപ) വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും(മാസം 42 രൂപ) ഫീസ് വെച്ചതിനെ ചില സൈബര്‍ പുലയാട്ട് വീരന്‍മാര്‍ അധിക്ഷേപിക്കുന്നത് കണ്ടു. അംഗം ആകണമെങ്കില്‍ മാത്രമേ ഈ ഫീസ് കൊടുക്കേണ്ടതുള്ളൂ എന്നോര്‍ക്കുക. സമ്മേളനഹോള്‍ വാടക, പ്രചരണം, ഭക്ഷണം, ദൃശ്യ-ശബ്‌ദ ക്രമീകരണം, വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ് & അപ്ലോഡിംഗ് എന്നിവയൊക്കെ തൃപ്‌തികരമായി നിറവേറ്റാനും പണച്ചെലവ് ഉണ്ട്. സാമ്പത്തികസഹായം സ്വീകരിക്കാതെ ഇവയൊന്നും എക്കാലത്തും മുന്നോട്ടുകൊണ്ടുപോകാനാവില്ല. അവിടെയാണ് മാസം 83 രൂപ അംഗത്വഫീസ് ഈടാക്കുന്നത് അധിക്ഷേപിക്കപ്പെടുന്നത്!
കഴിഞ്ഞ 7 വര്‍ഷം സഹകരിച്ച് പ്രവര്‍ത്തിച്ച സംഘടനകളില്‍ ഏറ്റവുമധികം പ്രഹരശേഷിയും കര്‍മ്മശേഷിയും പ്രകടമാക്കുന്ന കൂട്ടായ്‌മയാണ് എസെന്‍സ് എന്ന് നിസംശയംപറയാം. പങ്കെടുക്കുന്നവരുടെ എണ്ണം നാലക്ക സംഖ്യയാകുന്ന ഒന്നാകട്ടെ എസെന്‍ഷ്യ-18 എന്നാശംസിക്കുന്നു. സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായിട്ടും കണ്ണൂരിലെ കാനം കുഞ്ഞിരാമന്‍ ചേട്ടന്‍ ഇക്കുറിയും സദസ്സിന്റെ ഭാഗമായി. രണ്ടാംദിവസം അവസാനത്തെ സെഷനില്‍ ഹോളിന്റെ മധ്യത്തുള്ള നടപ്പാതയില്‍ ഒരു വീല്‍ച്ചെയര്‍ വന്നു നില്‍ക്കുന്നത് ശ്രദ്ധിച്ചു. എസെന്‍ഷ്യ 17 സംബന്ധിച്ച ഏറ്റവും പ്രതീകാത്മകമായ ദൃശ്യമായിരുന്നു അത്. ആരായാരുന്നു അത് എന്ന് അറിയില്ല. പക്ഷെ ആ വീല്‍ച്ചെയര്‍ പകരുന്ന ആവേശം അടുത്ത ഒരു വര്‍ഷത്തെ എസെന്‍സിന്റെ പ്രവര്‍ത്തനത്തിന്റെ മുഖ്യപോഷകമാകട്ടെ. വീല്‍ച്ചെയറില്‍ കഴിയുന്ന ഒരാള്‍ നിരീശ്വരവാദികളുടെ സമ്മേളനം കാണാന്‍ എത്തുന്നുവെങ്കില്‍ അത് ഈ സമൂഹത്തെ കുറിച്ച് നല്ല ചില സൂചനകളാണ് കൊണ്ടുവരുന്നത്. ആരൊക്കെയോ നമ്മെ ശ്രദ്ധിക്കുന്നു.
— Ravichandran C
ജനപങ്കാളിത്തം കൊണ്ടും, സംഘാടനാ മികവ് കൊണ്ടും essentia-17 ഒരു വേറിട്ട അനുഭവം ആയിരുന്നു. ഒട്ടേറെ അറിവുകളും , കണ്ടെത്തലുകളും കേൾക്കാൻ കഴിഞ്ഞു. ചിന്തിയ്ക്കാൻ ആളുകൾ ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. essentia- 17 ന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും അധികമാവില്ല. സത്യത്തിൽ ഇന്ന് അവിടെ നിന്നും പിരിഞ്ഞു പോരുന്നത് തികച്ചും വേദനാ ജനകമായിരുന്നു….. മതമില്ലാത്ത സ്നേഹമുള്ള പച്ച മനുഷ്യരുടെ അടുത്ത കൂടി ചേരലിനായി കാത്തിരിയ്ക്കുന്നു.
— Asafali Srampiakal
രണ്ടും മൂന്നും അഞ്ച് പേര് വല്ല ചായ പീടികയുടെ തട്ടിൻ പുറത്തിരുന്ന് യുക്തിവാദം ചർച്ചിച്ച് ഇവിടെ എന്ത് മാറ്റം ഉണ്ടാകാൻ …? പല ചർച്ചകളിലും യുക്തിവാദികളെ ഒന്നിരുത്താൻ ഉപയോഗിച്ചുരുന്ന വാദം ആയിരുന്നു ഇത് .. സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ,ഉണ്ടാക്കി കൊണ്ടിരിക്കുന്ന മാറ്റം അത് ചരിത്രപരമായി ഒന്ന് തിരിഞ്ഞ് നോക്കിയാൽ കാണാവുന്ന കാര്യമേ ഉള്ളൂ. …. എണ്ണത്തിൽ വല്യ കാര്യം ഇല്ല എങ്കിലും രണ്ടും മൂന്നും അഞ്ച് , ചായപ്പീടികയുടെ തട്ടിൻ പുറം എന്ന വാദവും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറണാകുളം ടൗൺ ഹാളിൽ തവിടുപൊടിയാകുന്ന കഴ്ചയാണ് കണ്ടത് …. തുടർച്ചയായ ഭൗതിക ചർച്ചകൾ ശ്രവിച്ചുകൊണ്ട് അഞ്ഞൂറിൽ പരം ആളുകൾ , അത്യാധുനിക ദൃശ്യ ,ശ്രാവ്യ സംവിധാനങ്ങൾ ഇതിനെല്ലാo പുറമെ Youtube വിഡിയോകൾക്കായി കാത്തിരിക്കുന്ന ലോകത്തിന്റെ പല ഭാഗങ്ങളായുള്ള ആയിരങ്ങൾ
അഭിനന്ദനങ്ങൾ , അഭിനന്ദനങ്ങൾ
— Bala Gopalan
തൃശ്ശൂരിൽ നിന്ന് എസെൻഷ്യാ യ്ക്ക് വണ്ടി കയറുമ്പോൾ കുറച്ച് ലേറ്റ് ആയിരുന്നു .. ബാംഗ്ലൂർ ട്രെയിൻ തൃശ്ശൂർ എത്തിയപ്പോൾ അര മണിക്കൂർ ലേറ്റ് .വീട്ടിൽ ഓടിക്കയറി കെട്ടിറക്കി .. ഒന്ന് കുളിച്ച് എന്ന് വരുത്തി .. അമ്മേ .. ഞാനൊന്ന് എറണാകുളം പോയി പെട്ടെന്ന് വരാം ..
ബാക്കി വിശേഷങ്ങൾ ഒക്കെ വന്നിട്ട് പറയാം എന്ന് പറഞ്ഞ് ഇറങ്ങി. പുതുക്കാട് നിന്ന് പെട്ടെന്ന് കൊച്ചിക്ക് എത്താനുള്ള ആവേശത്തിൽ ആലപ്പുഴ ബസിൽ ആണ് കയറി പെട്ടെത് .. വൈറ്റില ഇറങ്ങണോ ..എടപ്പള്ളി ഇറങ്ങണോ എന്ന ആശയ സംഘട്ടനത്തിൽ എടപള്ളി വിജയത്തിലെത്തി .. അടുത്ത ബസ് കാത്ത് നിൽക്കാൻ ക്ഷമയില്ല .. ഓട്ടോക്കാരൻ ആയി കശപിശ വേണ്ട .. മൊമ്പെൽ എടുത്ത് യൂബർ ന് വേണ്ടി ഒരു ചാമ്പ് അങ്ങ് കൊടുത്തു .. രണ്ട് മിനിറ്റു വേണ്ടി വന്നില്ല .വണ്ടി എത്തി ..
ഹനീഫ എന്നാണ് പുള്ളിയുടെ പേര് .. കേരളത്തിൽ ആദ്യമായാണ് യൂബറിൽ ഉള്ള യാത്ര .. മെട്രോ വന്നതിന് ശേഷം എറണാകുളത്ത് മെട്രോ പോകുന്ന വഴി ഒരു യാത്ര നടത്തിയിട്ടില്ല .. സ്ഥലങ്ങൾ ഒന്നും പെട്ടെന്ന് മനസിലാകുന്നില്ല .. പണ്ട് ഒരു പാട് നിരങ്ങിയിട്ടുള്ള സ്ഥലങ്ങൾ പോലും ..ഹനീഫയുമായി ചെറിയ സംഭാഷണം ആരംഭിച്ചു .. ആദ്യമായാണ് ആൾട്ടോ ടാക്സി ആയി കിട്ടുന്നത് .. മാന്യത യോടെയുള്ള പെരുമാറ്റം ..അതാണ് ഇത്തരം ഓൺലൈൻ ടാക്സിയോട് ഉള്ള ബഹുമാനം എന്നൊക്കെ ഞാൻ തട്ടി വിട്ടു ..
ഞാൻ പറഞ്ഞ് ഇവിടെ ടൗൺ ഹാളിൽ പ്രോഗ്രാമിന് വന്നതാണ് .എസെൻഷ്യാ ..
ഹനീഫാ .. എസൻഷ്യാ അല്ല .എസെൻസ് .. അവരുടെ പരിപാടി അല്ലേ ..
ഞാൻ ഞെട്ടി പോയി ..പുള്ളിക്കാരൻ തുടർന്നു .. അവരുടെ സ്റ്റാർ ബാറ്റ്സ്മാൻ രവിചന്ദ്രൻ .. പുളിക്ക് പെരുത്ത് ബഹുമാനം ആന്നു പോലും .. എല്ലാം വിഡിയോയും കാണാറുണ്ട് .. പുള്ളി കട്ട യുക്തി വാദി ഒന്നും അല്ല എന്നാണ് എനിക്ക് തോന്നിയത് .. പക്ഷെ അറിവിന്റെ വഴികൾ കാണുമ്പോൾ കണ്ണടച്ച് ഗുഹയിൽ കയറുന്ന ടൈപ്പ് അല്ല എന്ന് മനസിലായി ..അപ്പോഴേക്കും വണ്ടി ടൗൺ ഹാളിൽ എത്തി ..പുള്ളിയുടെ സമ്മതത്തോട് കൂടി ഫോട്ടോ എടുത്തു .. ഇത്തരം പരിപാടികൾ വിജയമാകട്ടെ എന്ന് ആശംസിച്ചു .. വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന വിവിധ തുറകളിൽ ജോലി ചെയ്യുന്ന ഒരു പേട് പേർ കളത്തിന് പുറത്തുണ്ട് എന്നുള്ളത് ആവേശം പകരുന്നു.. മെബൈൽ ഇൻറർനെറ്റ് തുണ്ട് പടം കാണാൻ മാത്രം അല്ല ..
പുതുതലമുറ മാറി ചിന്തിച്ചാൽ .. മാറ്റം ഇവിടേയും ഉണ്ടാകും .. ആ രാധാന ആലയങ്ങൾ പൊളിച്ച് കളിസ്ഥലങ്ങൾ വരും .ആരോഗ്യം ഉള്ള ജനത ഉണ്ടാകും .. ശ്വാസംമുട്ട് മാറി കിട്ടും 😉
—Sujith Deva
Essentia 2017 ഒരു ചരിത്ര സംഭവം തന്നെയായിരുന്നു . കേരളത്തിൽ ഇത്രയും യുക്തിചിന്തകരുണ്ടോ എന്ന് അതിശയപ്പെട്ടു .800 ഓളം പേരുടെ പങ്കാളിത്തവും അന്തരാഷ്ട്ര നിലവാരത്തിലുള്ള വേദിയും അവതാരകരും സംഘാടകരുമെല്ലാം പരിപാടിയുടെ വിജയത്തിന് കാരണമായി . Registration ൽ ഇരുന്നത് കൊണ്ടും പല സുഹൃത്തുക്കളേ ആദ്യമായി നേരിൽ കണ്ടതുകൊണ്ടു സംസാരത്തിലായതിനാലും അവതരണങ്ങൾ അധികവും കാണാൻ കഴിഞ്ഞില്ല ,ഇനി യൂടൂബിൽ വരുമ്പോൾ കാണാമെന്ന് ആശ്വസിക്കുന്നു . എനിക്ക് പൊതുവെയുള്ള മടിയും പിന്നെ ബി എഡ് പഠനവുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ എഴുതാൻ ഉള്ളതിനാലും രണ്ടാമത്തെ ദിവസം മുങ്ങാം എന്ന ഉദ്ദേശവുമായാണ് ഞാൻ Essentia ക്ക് പോയത് , പക്ഷേ അവിടെയെത്തിയപ്പോൾ ഉള്ള അന്തരീക്ഷം രണ്ടാമത്തെ ദിവസവും അവിടെ പിടിച്ചിരുത്തി 😊 . സംഘാടകരോട് Muhammed Ashraf, Manoj Raveendran etc …. പ്രത്യേകം നന്ദി
— Shahana KV