ഹോമിയോപ്പതിയുടെ ജനനം പതിനെട്ടാം നൂറ്റാണ്ടിലാണ്. എന്നുവച്ചാല്‍ വൈദ്യശാസ്ത്രം കാര്യമായൊന്നും വികസിച്ചിട്ടില്ലായിരുന്നു. രോഗങ്ങള്‍ മാറ്റുവാന്‍ ബാധ ഒഴിപ്പിക്കലും, അട്ടയെകൊണ്ട് രക്തം കുടിപ്പിക്കലും, പച്ചമരുന്നുകളും ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്.

അക്കാലത്ത് ധാരാളമായി ഉണ്ടായിരുന്ന മലേറിയക്കെതിരെ ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു സിങ്കോണ (Cinchona) മരത്തിന്റെ തൊലി. ഈ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളാണ് മലേറിയക്കെതിരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പ്രധാനമാണ് ക്വിനിന്‍ (Quinin). തെക്കേ അമേരിക്കയിലെ പെറുവില്‍ ധാരാളമായി ഉണ്ടായിരുന്ന സിങ്കോണ മരത്തിന്റെ തൊലിയും വിത്തുകളും അവിടെ നിന്നും യൂറോപ്പിലേക്ക് പാതിരിമാര്‍ കൊണ്ടുവന്നിരുന്നു.

ഏതാണ്ടിവിടെയാണ് ഹോമിയോപ്പതിയുടെ ചരിത്രം തുടങ്ങുന്നത്. സാമുവല്‍ ഹാനിമാന്‍ (Samuel Hahnemann) എന്ന ജര്‍മ്മന്‍ ഡോക്ടറാണ് ഹോമിയോപ്പതിക്ക് 1796-1807 കാലയളവില്‍ രൂപം കൊടുത്തത്. രസകരമായ ഒരു സംഭവമാണ് അദ്ദേഹത്തിന് തന്റെ ആശയം ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. സിങ്കോണ മരത്തിന്റെ തൊലി മലേറിയക്ക് മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. മലേറിയ ഇല്ലാതെ തന്നെ അദ്ദേഹം സിങ്കോണ മരത്തിന്റെ തൊലി ഭക്ഷിച്ചു. ഇത് അദ്ദേഹത്തിനു മലേറിയക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കി. ആരോഗ്യമുള്ള ഒരാളില്‍ മലേറിയയുടെ മരുന്നായ സിങ്കോണ മരത്തിന്റെ തൊലി രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും എന്നദ്ദേഹം ചിന്തിച്ചു.

തന്റെ അനുഭവത്തില്‍ നിന്നും അദ്ദേഹം ഹോമിയോപ്പതിയുടെ രണ്ടു സുപ്രധാന നിയമങ്ങള്‍ ഉണ്ടാക്കി:

1) സമാനമായത് സമാനമായവയെ സുഖപ്പെടുത്തും (The law of Similars): അതായത് രോഗമില്ലാത്ത ഒരാളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തു രോഗമുള്ള ഒരാളില്‍ ആ രോഗത്തെ സുഖപ്പെടുത്തും. എന്നാല്‍ ഹാനിമാന് അനുഭവപ്പെട്ടത് സിങ്കോണ മരത്തിന്റെ തൊലി ഉണ്ടാക്കിയ വെറുമൊരു അലര്‍ജി ആയിരുന്നുവെന്നാണ് അനുമാനം.

2) മരുന്ന് നേര്‍പ്പിക്കുന്നതിനനുസരിച്ചു അതിന്റെ ഫലം കൂടും (Law of Infenitesimals): ഈ നേര്‍പ്പിക്കലിനെ ‘ആവര്‍ത്തിക്കുക’ എന്നാണ് ഹോമിയോപ്പതിയില്‍ പറയുന്നത്.

തന്റെ ചികിത്സാരീതിക്ക് പാര്‍ശ്വഫലങ്ങള്‍ വരുന്നതായിക്കണ്ടതിനാലാണ് അദ്ദേഹം തന്റെ രണ്ടാമത്തെ നിയമം ഉണ്ടാക്കിയാതെന്ന് കരുതുന്നു. ആവര്‍ത്തിക്കലില്‍ മരുന്ന് നേര്‍പ്പിച്ചശേഷം അതിനെ പ്രത്യേകരീതിയില്‍ പത്തുപ്രാവശ്യം ഇടിച്ചു കുലുക്കിയിരുന്നു.

ഇനി ആദ്യത്തെ നിയമം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നുനോക്കാം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ ഹോമിയോപ്പതിയില്‍ ഒരു രോഗത്തിനു മരുന്നുകള്‍ കണ്ടുപിടിക്കുന്നത്. രോഗ ലക്ഷണങ്ങളാണ് ഇവിടെ പ്രധാനം എന്ന് മനസിലായല്ലോ. കാരണം യഥാര്‍ത്ഥ മരുന്ന് രോഗമില്ലാത്തവരില്‍ ആ രോഗത്തിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും എന്നാണല്ലോ ഹോമിയോപ്പതിയുടെ നിയമം. രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ പുതുതായി ഉണ്ടാക്കിയ മരുന്ന് കുറച്ചു ആരോഗ്യമുള്ള ആളുകളില്‍ പരീക്ഷിക്കും. ഒന്ന് രണ്ടു ദിവസം അത് കഴിക്കുമ്പോള്‍ അവര്‍ക്കുണ്ടായ എല്ലാ രോഗലക്ഷണങ്ങളും രേഖപ്പെടുത്തും; അവര്‍ക്കുണ്ടായ സ്വപ്‌നങ്ങള്‍ അടക്കം. ഇങ്ങനെ ഒരോ മരുന്നിനും അതിന്റേതായ രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കും.

ഇനി നിങ്ങള്‍ ഒരു ഹോമിയോ ഡോക്ടറെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം എന്താണ് നിങ്ങളോട് ചോദിക്കുന്നത് എന്നാലോചിച്ചു നോക്കൂ. ഡോക്ടര്‍ നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വിശദമായി ചോദിക്കുന്നു. നിങ്ങളുടെ ക്ഷീണം, ഉറക്കം, സ്വപ്നം, പനി, എന്നുതുടങ്ങി കുറെ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍ ചോദിക്കും. നിങ്ങളുടെ രോഗലക്ഷണങ്ങളും ഒരു മരുന്നിനു മുകളില്‍ സൂചിപ്പിച്ച വിധം കണ്ടുപിടിച്ച രോഗലക്ഷണങ്ങളുമായി താരതമ്യം ചെയ്യുകയാണിവിടെ ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ തമ്മില്‍ ഏറ്റവും യോജിച്ചുവരുന്ന മരുന്ന് നിങ്ങള്‍ക്ക് കിട്ടുന്നു.

ഹോമിയോപ്പതിയിലെ ഒരു മരുന്ന് കഴിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ കണ്ടുപിടിക്കല്‍ ശാസ്ത്രീയമായി ചെയ്യപ്പെടുന്നവയല്ല. കാരണം മരുന്ന് കഴിച്ച പലര്‍ക്കും പല തോന്നലുകള്‍ ഉണ്ടാകാം. പ്രത്യേകിച്ചും അവര്‍ എന്തോ ഒരു മരുന്ന് കഴിച്ചു എന്ന തോന്നലുള്ളതിനാല്‍ പല രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഇവയൊക്കെയാണ് രേഖപ്പെടുത്തുന്നത്.

ആധുനീക വൈദ്യശാസ്ത്രത്തില്‍ മരുന്ന് കഴിച്ചാലുള്ള ഫലം പരീക്ഷിക്കുന്ന ശാസ്ത്രീയമായ വിധം ഡബിള്‍ ബ്ലൈണ്ട് ടെസ്റ്റ്‌ (double blind test) ആണ്. ഇവിടെ മരുന്ന് കൊടുക്കുന്ന ഡോക്റ്റര്‍ക്കും അത് കഴിക്കുന്ന ആള്‍ക്കും അത് യഥാര്‍ത്ഥ മരുന്നാണോ അതോ മരുന്നടങ്ങാത്ത ഗുളികയാണോ എന്നറിയില്ല. അങ്ങനെ ഇവിടെ എല്ലാ മുന്‍വിധികളും ഇല്ലാതാകുന്നു. മരുന്ന് പരീക്ഷണത്തിനായി കഴിക്കുന്ന രോഗികള്‍ മറ്റു മരുന്നുകള്‍ കഴിക്കുന്നുണ്ടോ, അവരുടെ രോഗനില പ്രായം തുടങ്ങിയ എല്ലാ കാര്യങ്ങളും പഠനത്തില്‍ കണക്കിലെടുത്തിരിക്കും. അവസാനം ഫലം വന്ന ശേഷം മാത്രമേ ആരൊക്കെ യഥാര്‍ത്ഥ മരുന്ന് കഴിച്ചു ആരൊക്കെ വ്യാജന്‍ കഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തൂ. ഈ രണ്ടുകൂട്ടര്‍ക്കും ഒരുപോലെയാണ് ‘രോഗശമനം’ എങ്കില്‍ യഥാര്‍ത്ഥ മരുന്നിനു ഫലമില്ല എന്ന് തെളിഞ്ഞു. ഇങ്ങനെ ചെയ്യാന്‍ കാരണം, മരുന്നില്ലാത്ത വ്യാജ ഗുളികകള്‍ കഴിച്ചാലും ചിലര്‍ക്ക് രോഗങ്ങള്‍ കുറഞ്ഞതായി തോന്നും. ഇതിന് പ്ലസീബോ എഫ്ഫെക്റ്റ്‌ (Placebo effect) എന്നാണ് വിളിക്കുന്നത്‌.

നമുക്ക് ഹോമിയോപ്പതിയുടെ രണ്ടാമത്തെ നിയമത്തിലേക്ക് പോകാം. ആവര്‍ത്തി അനുസരിച്ച് അതായത് നേര്പ്പിക്കുന്നതിനനുസരിച്ചു രോഗശമനശേഷി കൂടും. നേര്‍ക്കുന്നതിനു ഹാനിമാന്‍ ഉണ്ടാക്കിയ ഏകകമാണ് സെന്റെസിമല്‍ (Centesimal) അല്ലെങ്കില്‍ സി-സ്കെയില്‍ (C-scale). 1C ആവര്‍ത്തിച്ചത് എന്നുവച്ചാല്‍ നൂറുമടങ്ങ്‌ നേര്‍പ്പിച്ചത്. അതായത് മരുന്നിന്റെ ഒരു തുള്ളി എടുത്ത് നൂറുതുള്ളി വെള്ളവുമായോ മറ്റെന്തെങ്കിലും ദ്രാവകവുമായോ (ഉദാഹരണത്തിന് ആല്‍കഹോള്‍) കൂട്ടിക്കലര്‍ത്തിയത്. ഈ പുതിയ സംയുക്തത്തില്‍ നൂറുമടങ്ങു കുറവുമാത്രമേ ആ മരുന്ന് കാണൂ. 2C ആവര്‍ത്തിച്ചത് എന്നുവച്ചാല്‍ ഇപ്പോള്‍ ഉണ്ടാക്കിയ സംയുക്തത്തെ വീണ്ടും നൂറുമടങ്ങു നേര്‍പ്പിച്ചത് എന്നര്‍ത്ഥം. ഇതില്‍ ഏറ്റവും ആദ്യത്തെ മരുന്നിന്റെ അളവ് പതിനായിരത്തില്‍ ഒന്നുമാത്രമേ മരുന്നുണ്ടാകൂ.

സാധാരണ ഒരു ഹോമിയോപ്പതി മരുന്ന് 30C ആവര്‍ത്തിച്ചതായിരിക്കും. എന്നുവച്ചാല്‍ ഒരു തുള്ളി മരുന്ന് 100^30 മടങ്ങ് നേര്‍പ്പിച്ചത് എന്നാണര്‍ത്ഥം. അതായത് ഒരു തുള്ളി മരുന്നെടുത്ത് 1000’000’000’000’000’000’000’000’000’000’000’000’000’000’000’000’000’000’000’000 തുള്ളി മറ്റെന്തെങ്കിലും ദ്രാവകത്തില്‍ നേര്‍പ്പിച്ചത് എന്നര്‍ത്ഥം. ഞാന്‍ എഴുതിയ ഈ നമ്പര്‍ ഒന്നിനുശേഷം അറുപതു പൂജ്യങ്ങള്‍ ഇട്ടതാണ്. നിങ്ങളില്‍ ചിലര്‍ക്ക് ഇതെത്ര വലിയ നേര്‍പ്പിക്കലാണെന്ന് പിടികിട്ടിക്കാനിടയില്ല. അല്ലെങ്കിലും ഇത്ര വലിയ നമ്പര്‍ മനസ്സില്‍ തട്ടില്ല. ഒരു ഉദാഹരണത്തിലൂടെ ഇതെത്ര വലിയ നേര്‍പ്പിക്കലാണെന്ന് പറയാം. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം വ്യാസമുള്ള വെള്ളം നിറച്ച ഗോളാകൃതിയിലുള്ള ഒരു പാത്രം സങ്കല്‍പ്പിക്കുക. ഇത്രയും വെള്ളത്തിലേക്ക് മരുന്നിന്റെ ഒരു തന്മാത്ര (ഒരു തുള്ളിപോലുമല്ല) ഇടുക. അതായിരിക്കും 30C ആവര്‍ത്തിച്ച ഹോമിയോപ്പതി മരുന്നിലെ മരുന്നിന്റെ അളവ്.

ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് കിട്ടുന്ന മരുന്നില്‍ യഥാര്‍ത്ഥ മരുന്നിന്റെ ഒരു തന്മാത്ര പോലും ഉണ്ടാകാന്‍ സാധ്യതയില്ല. ഇവിടെ മരുന്ന് 30C നേര്‍പ്പിക്കുന്നത് ഇത്രയും ഭീമന്‍ പാത്രത്തില്‍ വെള്ളമെടുത്തല്ല മറിച്ചു നൂറിലൊന്നായി മുപ്പതു തവണ തുടര്‍ച്ചയായി നേര്‍പ്പിച്ചാണ് എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. അതായത് നൂറിലോന്നായി നേര്‍പ്പിച്ചതില്‍നിന്നും ഒരു തുള്ളിയെടുത്ത് വീണ്ടും അതിനെ നൂറിലോന്നായി നേര്‍പ്പിക്കുന്നു. ഇതിങ്ങനെ മുപ്പതു തവണ ചെയ്യുന്നു.

ഏതാണ്ട് 55C ആവര്‍ത്തിച്ച മരുന്ന് എന്നുവച്ചാല്‍ നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ അത്രയും വലിപ്പമുള്ള പാത്രത്തിലെ വെള്ളത്തില്‍ മരുന്നിന്റെ ഒരു തന്മാത്ര ഇട്ടാല്‍ ലഭിക്കുന്ന സംയുക്തമാണ്. ഇതില്‍ വെറും വെള്ളമല്ലാതെ മരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹോമിയോപ്പതിയിലെ ആവര്‍ത്തിക്കല്‍ ചില മരുന്നില്‍ ഇവിടെയൊന്നും നില്‍ക്കുന്നതല്ല. 200C ആവര്‍ത്തിച്ച മരുന്നുകളുമുണ്ട്. ഇത്രയും വലിയ ഒരു സംഖ്യ ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. ഉദാഹരണത്തിന് പനിപോലെയുള്ള രോഗലക്ഷണത്തിനു കൊടുക്കുന്ന ഒസിലോകൊക്സീനം (Oscillococcinum) എന്ന മരുന്ന് 200C ആവര്‍ത്തിച്ചതാണ്.

ഇത്ര വലിയ നേര്‍പ്പിക്കല്‍ കാരണമാണ് ഹോമിയോപ്പതിയില്‍ മരുന്നുകളില്ല എന്ന് പറയുന്നത്. പക്ഷെ ഈ നേര്‍പ്പിക്കല്‍ പ്രശ്നം ഹോമിയോ തരണം ചെയ്യുന്നു? ‘ജലത്തിനു ഓര്‍മ്മശക്തിയുണ്ട്’ എന്ന വാദമാണ് ചിലപ്പോഴെങ്കിലും ഹോമിയോപ്പതി ഉപയോഗിക്കുന്നത്. കാര്യം. ആവര്‍ത്തിക്കല്‍ നടത്തുമ്പോള്‍ മരുന്ന് തന്മാത്രകളെ ജലത്തിന് ‘ഓര്‍മ്മിക്കാനുള്ള’ ശക്തി ലഭിക്കുന്നുണ്ടത്രേ.

ഹോമിയോപ്പതിയുടെ രസകരമായ ഈ കണ്ടുപിടിത്തത്തിനോന്നും ശാസ്ത്രീയമായ അടിത്തറയില്ല. എങ്കിലും ശാസ്ത്രലോകത്തില്‍ വിവാദമായ ഒരു പ്രബന്ധം അതും അതിപ്രശാസ്തമായ നേച്ചര്‍ (Nature) ജേര്‍ണലില്‍ 1998-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (1). ഷോ ബെന്‍വെനിസ്റ്റ് (Jacques Benveniste) എന്ന ഫ്രഞ്ച് ശാസ്ത്രഞ്ഞനായിരുന്നു ഇതിന്റെ മുഖ്യഗവേഷകന്‍. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ ഒരുതരമായ ബാസോഫില്‍ (basophil) കോശങ്ങളെ ഉപയോഗിച്ച് നടത്തിയ അവരുടെ ഗവേഷണഫലം ഇതായിരുന്നു: ഈ കോശങ്ങളെ ആക്ടിവേറ്റ് ചെയ്യിക്കുന്ന പ്രതിദ്രവ്യങ്ങള്‍ (antibody) അവയുടെ ഒരു തന്മാത്ര പോലും ഇല്ലാത്ത അത്രയും ഭീമമായ രീതിയില്‍ നേര്‍പ്പിച്ചപ്പോഴും ആ ജലത്തിലെ ബാസോഫില്‍ കോശങ്ങള്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ടു. ഈ പ്രബന്ധം ശാസ്ത്രലോകത്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കി. എന്നുമാത്രമല്ല പിന്നീടാര്‍ക്കും ഈ ഗവേഷണഫലം പുനര്‍ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് ആധുനീക ശാസ്ത്രം ഈ ഗവേഷണഫലം തള്ളിക്കളഞ്ഞു.

ഇനി ഒരു രസത്തിനു ജലത്തിന് ഓര്‍മ്മശക്തി ഉണ്ടെന്നുതന്നെ വയ്ക്കുക. ജലത്തില്‍ കലരുന്ന എല്ലാ തന്മാത്രകളേയും അതിനു ‘ഓര്‍മ്മിച്ച്’ വക്കെണ്ടിവരും. ഹോമിയോപ്പതിയിയെ മരുന്നു തന്മാത്രകളെ മാത്രമേ ഓര്‍മ്മിക്കാവൂ എന്നില്ലല്ലോ. എന്നിവച്ചാല്‍ നാം കഴിക്കുന്ന ജലം ലക്ഷക്കണക്കിന്‌ വിവിധങ്ങളായ തന്മാതകളെ ഓര്‍മ്മിച്ചുവക്കുന്ന ദ്രാവകമായിരിക്കും. എന്തെല്ലാം അപകടം പിടിച്ച തന്മാത്രകളാണ് ചെറിയ അളവില്‍ നമ്മുടെ ജലത്തില്‍ കലരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. എന്നുമാത്രമല്ല, ഹോമിയോപ്പതിയുടെ തത്വമനുസരിച്ച് തന്മാത്രകളുടെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ അപകടവും കൂടും!

മജീഷ്യനും കപടശാസ്ത്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ ജെയിംസ് റാണ്ടി (James Randi) ഒരു മില്യണ്‍ ഡോളറാണ് ഹോമിയോപ്പതിയുടെ അവകാശവാദങ്ങള്‍ തെളിയിക്കുന്നയാള്‍ക്ക് വാഗ്ദാനം ചെയ്തത് (2). ഹോമിയോപ്പതി അനുസരിച്ചുണ്ടാക്കിയ മരുന്നും അല്ലാത്തെ നേര്‍പ്പിച്ചുണ്ടാക്കിയ മരുന്നും തമ്മില്‍ വേര്‍ത്തിരിച്ചറിഞ്ഞാലും ഈ തുക അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതുവരെ ആരും ഇത് സ്വന്തമാക്കിയിട്ടില്ല.

ഒരിക്കല്‍ ജെയിംസ് റാണ്ടി ഹോമിയോപ്പതി ഉറക്കഗുളികകള്‍ ഒരു മുഴുവന്‍ കുപ്പിയും ഒറ്റയടിക്ക് അകത്താക്കി. ഒന്നും സംഭവിച്ചില്ല. അലോപ്പതിയിലെ ഉറക്കഗുളികയുടെ ഒരു കുപ്പിയാണ് ഒറ്റയടിക്ക് കഴിച്ചതെങ്കിലോ? അങ്ങനെയെങ്കില്‍ റാണ്ടി അധികം താമസിയാതെതന്നെ ഈ ലോകം വിട്ടുപോയേനെ.

ഇതൊക്കെ പറഞ്ഞാലും ആളുകള്‍ ഹോമിയോ മരുന്നുകള്‍ കഴിച്ചു രോഗങ്ങള്‍ സുഖമായി എന്ന് അവകാശപ്പെടാറുണ്ട്. ഇത്തരം അസുഖം ഭേദമാകല്‍ നിങ്ങളുടെ മാനസീകമായ തോന്നലുമായി ബന്ധപ്പെടുകിടക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പ്ലസീബോ എഫ്ഫെക്റ്റ്‌ ആണ് (3, 4).

ഒരു മരുന്ന് ഫലപ്രദമാണോ എന്നറിയുവാന്‍ ഡബിള്‍ ബ്ലൈണ്ട് പരിശോധനകള്‍ നടത്താറുണ്ട്‌ എന്ന് ഞാന്‍ പറഞ്ഞല്ലോ. ഹോമിയോയുടെ കാര്യത്തിലും ശാസ്ത്രഞ്ജര്‍ ഇത്തരം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രശസ്ത്ര ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം ഏറ്റവും നല്ല ഉദാഹരണമാണ് (5). ഈ പഠനത്തില്‍ ഹോമിയോപ്പതിയുടെയും അലോപ്പതിയുടെയും 110 ട്രയലുകലാണ് വിശകലനം ചെയ്തത്. ഇവയെല്ലാം പറയുന്നത് ഹോമിയോപ്പതി കഴിച്ചുണ്ടാകുന്ന ആശ്വാസം വെറും പ്ലസീബോ എഫ്ഫക്റ്റ്‌ മാത്രമാണെന്നാണ്.

മറ്റൊരു പ്രധാന കാര്യവുമുണ്ട്. പലപ്പോഴും രോഗങ്ങള്‍ അതിന്റെ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയാല്‍ പിന്നെ രോഗം മെല്ലെ കുറഞ്ഞുവരാനാണ് സാധ്യതയുണ്ട്. ഇതുകൊണ്ടായിരിക്കാം ഹോമിയോ മരുന്ന് കഴിച്ചാലും രോഗം കൂടിയശേഷം കുറയുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ഹോമിയോപ്പതിക്ക് ശാത്രീയമായ അടിത്തറയില്ല. എന്നുമാത്രമല്ല, ഇത് ശാസ്ത്രത്തിന്റെ അടിസ്ഥാനവസ്തുതകള്‍ക്ക് കടകവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഇതിനെ ഒരു കപടശാസ്ത്രം എന്നുവിളിക്കാം.

  1. Davenas E. et al., Human basophil degranulation triggered by very dilute antiserum antigen IgE, Nature, 338, 816-818, (1998)
  2. web.randi.org
  3. Benedetti F. et al., How placebos change the patient’s brain, Neuropsychopharmacology, 36, 339-354, (2011).
  4. Benedetti F. et al., Neurobiological mechanisms of the placebo effect, J. Neuroscience, 25, 10390-10402, (2005).
  5. Shang A. et al., Are the clinical effects of homeopathy placebo effect? Comparative study of placebo-controlled trials of homeopathy and allopathy, Lancet, 366, 726-732, (2005).