പീഢനങ്ങള്‍ വാര്‍ത്തകളാകുന്ന കാലമാണല്ലോ ഇത് . ഏറ്റവും കൂടുതല്‍ പീഢനം നടക്കുന്നത് കേരളത്തിലാണെന്ന ഒരു ധാരണ പോലും ഉളവാക്കുന്ന രീതിയില്‍ സമൂഹത്തില്‍ സ്ത്രീപീഢന വാര്‍ത്തകള്‍ പെരുകുന്നു. സ്ത്രീകള്‍ എന്നതില്‍ കുട്ടികള്‍ ആണ് കൂടുതലും ഈ സംഭവങ്ങളില്‍ വാദി സ്ഥാനത്തു വരുന്നതും . എന്തുകൊണ്ടാണിത് സംഭവിക്കുന്നത്‌ എന്നൊന്നു പരിശോധിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും എന്ന് തോന്നുന്നു . റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ എല്ലാം തന്നെ സംഭവിച്ചിരിക്കുന്നത് താഴ്ന്ന ജീവിത പരിസരങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളിലാണ് എന്ന വസ്തുത നാം കാണാതെ പോകരുത് . എന്നാല്‍ ഉയര്‍ന്ന കുടുംബങ്ങളില്‍ ഇത് നടക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം . പക്ഷെ അവിടെ ഈ വിഷയങ്ങള്‍ സംഭവിച്ചാല്‍ അതു മാതാപിതാക്കളുടെ ശ്രദ്ധയിലേക്ക് പെട്ടെന്നു തന്നെ വരികയും അവര്‍ അതിനെ പ്രതിരോധിക്കുകയും പുറം ലോകമറിയാതെ അതിനെ പരിഹരിക്കുകയും ചെയ്യുന്നുണ്ട് എന്നതും ഒരു വസ്തുതയാണ് . അതിനവര്‍ക്ക് മാനസികാരോഗ്യ വിദഗ്ദ്ധന്മാര്‍ തുടങ്ങിയ സങ്കേതങ്ങള്‍ , പിന്നെ അവരുടെ തന്നെ അറിവും ബുദ്ധിയുമൊക്കെ ഉപയോഗിക്കുന്നു . ഇവിടെ ചിന്തിക്കേണ്ട ഒരു വിഷയം ഈ സംഗതി എന്തുകൊണ്ട് താഴേക്കിടയില്‍ സംഭവിക്കുന്നില്ലെന്നതാണ് . വിദ്യാഭ്യാസത്തിന്റെ കുറവും അറിവില്ലായ്മയും നിസ്സഹായതയും ആണ് അവിടെ അതെരു വിപത്തായി ഇതിനെ മാറ്റാന്‍ സഹായിക്കുന്നത് . അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹമായിരുന്നു ഒരുകാലത്ത് അവര്‍ . ഇന്നതില്‍ നിന്നും തലയുയര്‍ത്തി വരുന്നതേയുള്ളൂ എങ്കിലും ഉള്ളിന്‍റെയുള്ളിലെ സ്വയം അനുഭവിക്കുന്ന അധമജന്മചിന്ത ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്നുണ്ട് . അറിവ് നേടാന്‍ , പ്രതികരിക്കാന്‍ , മുന്നോട്ടു വരാന്‍ അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന ഘടകം ഇതു തന്നെയാണ് . അതിനാല്‍ത്തന്നെ ഇവരെ ഉപയോഗിക്കാന്‍ അല്പം ബുദ്ധിയും അറിവും തന്ത്രവും ഉള്ളവര്‍ക്ക് വളരെയെളുപ്പം കഴിയുന്നു . അടുത്തിടെ ഒരു വനിതാസുഹൃത്തു തന്റെ വിവാഹബന്ധം വേര്‍പെടുത്തിയ വിഷയം പറയുകയുണ്ടായി . കാരണമായി അവര്‍ പറഞ്ഞതില്‍ ഒരു സംഗതി ഒരു പക്ഷെ പുതുമ ഉള്ളതല്ലയെങ്കിലും ഇന്നുമിത്തരം സംഭവങ്ങള്‍ നമുക്കിടയില്‍ ആരും അറിയാതെ നടക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമായി പറയാം . ആ വ്യക്തിയുടെ ഭര്‍ത്താവ് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി വീട്ടില്‍ നിന്നും അകന്നു കഴിയുകയും അവിടെ ചുറ്റുപാടുകളിലുള്ള സമൂഹത്തിലെ താഴെക്കിടയില്‍ ജീവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ രക്ഷിതാക്കളുടെ അറിവോടു കൂടിത്തന്നെ പണവും മറ്റു സമ്മാനങ്ങളും നല്‍കി രതിവൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി അവര്‍ അറിയുകയുണ്ടായി . പലപ്പോഴും വീട്ടില്‍ വേലയ്ക്കു വരുന്ന സ്ത്രീകളെയും മറ്റും ലൈംഗിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് നേരില്‍ കാണുകയും സ്വന്തം പെണ്‍കുട്ടികളുടെ നേര്‍ക്ക്‌ കൂടി അയാളുടെ കണ്ണുകള്‍ തിരിഞ്ഞപ്പോള്‍ രക്ഷ നേടാന്‍ ആയി വിവാഹബന്ധം വേര്‍പെടുത്തി എന്നുമാണ് . ഇവിടെ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംഗതി ആണ് കുട്ടികളെ പണവും മറ്റു സമ്മാനങ്ങളും നല്‍കി ഉപയോഗിക്കുക എന്ന വസ്തുത ഒരു യാഥാര്‍ത്ഥ്യം ആണെന്നത് . കൊച്ചു കുട്ടികളെ ആകര്‍ഷിക്കാനും വശത്താക്കാനും വളരെ എളുപ്പമാണ് എന്ന അറിവാണ് ഇവിടെ ദുരുപയോഗം ചെയ്യുന്നത് . മഞ്ച് കൊടുത്തു കുട്ടിയെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്ന യുവാവിന്റെ തുറന്നു പറച്ചില്‍ അടുത്തിടെ വിവാദമായത് ഇത്തരുണത്തില്‍ ഓര്‍ക്കുക . കുട്ടിക്കാലത്ത് കുട്ടികളില്‍ സംഭവിക്കുന്ന മാനസികമായ എന്ത് വിഷമതകളും അവരുടെ ഭാവിയെ വളരെ സാരമായി ബാധിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ് .

മുതിര്‍ന്ന ബന്ധുക്കളോ പരിചയക്കാരോ കൂട്ടുകാരോ ഒക്കെ നല്‍കുന്ന അപക്വമായ അറിവുകളും പരിശീലനങ്ങളും ആണ് ഈയൊരു വസ്തുതയിലേക്ക് കുട്ടികളെ നയിക്കുന്നതും പിന്നീട് അവര്‍ അതു പ്രാവര്‍ത്തികമാക്കുന്നതും . ചെറിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും പ്രലോഭനം കൊടുത്തും നിര്‍ബന്ധിച്ചും മുതിര്‍ന്നവര്‍ തങ്ങളുടെ ലൈംഗികദാഹം ശമിപ്പിക്കുന്നു. താത്കാലികമായി ഉള്ള ഈ ശമനത്തിന് വേണ്ടി അവര്‍ കുട്ടികളെ കൊണ്ട് ലൈംഗിക അവയവങ്ങളെ ഉത്തേജിപ്പിക്കുക , സ്ഖലിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്നു . ഇതിനായവര്‍ കുട്ടികളെ കൊണ്ട് പല രീതിയിലും ഉള്ള ലൈംഗിക വൈകൃത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു . ഇത് കുട്ടികളില്‍ ഭയവും , വേദനയും , അറപ്പും ഉളവാക്കുകയും ലൈംഗികതയെന്നാല്‍ ഇത്തരം ഭീകരമായ ഇടപെടലുകള്‍ ആണെന്ന ധാരണ ഉളവാക്കിക്കുകയും ചെയ്യുന്നു . ഒപ്പം തന്നെ അടുത്ത ബന്ധുക്കള്‍ ആണിത് ചെയ്യിക്കുന്നതെങ്കില്‍ ബന്ധങ്ങളിലെ ദൃഢതയും വിശ്വാസ്യതയും നഷ്ടപ്പെടുകയും അവരില്‍ സ്വമേധയാ ഒരു നിഷേധസ്വഭാവം , ഉള്‍വലിയല്‍ , മാനസിക വൈകൃതം , അരക്ഷിതാവസ്ഥ , ആത്മഹത്യ പ്രവണത , ക്രൂരത തുടങ്ങിയ സ്വഭാവങ്ങള്‍ വളരുകയും ചെയ്യുന്നു . ഇത്തരക്കാരാണ് വലുതാകുമ്പോള്‍ മറ്റുള്ളവരില്‍ ക്രൂരമനോഭാവത്തോടെ ലൈംഗിക ഇടപെടലുകള്‍ നടത്തുകയോ , ലൈംഗിക ബന്ധങ്ങളില്‍ പരാജയമാകുകയും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ദുരന്തങ്ങളില്‍ ചെന്ന് പെടുകയും ഒക്കെ ചെയ്യുന്നത് എന്ന് ഇത്തരം സംഭവങ്ങളിലെ പ്രതികളുടെ പൂര്‍വ്വകാല പശ്ചാത്തലം പഠിക്കുന്നവര്‍ക്ക് മനസ്സിലാകും .

മറ്റൊന്ന് രക്ഷകര്‍ത്താക്കളുടെ ഇടയിലെ കരുതലില്ലായ്മയും സൌകര്യങ്ങള്‍ ഇല്ലാത്ത പരിമിതികളുടെ ഉള്ളില്‍ വളരേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥയും ഏകദേശം ഇങ്ങനെ ഒക്കെ തന്നെ ആകുന്നുവെന്നത്. . ഇരുട്ടില്‍ ഒരേ മുറിയില്‍ അപ്പുറത്തെ നിഴല്‍ ചലനങ്ങളില്‍ , വര്‍ത്തമാനങ്ങളില്‍ , ശബ്ദങ്ങളില്‍ കുട്ടികളില്‍ ആദ്യം ഉടലെടുക്കുന്ന ഭയം പിന്നെ കൌതുകവും പിന്നെ അതൊരു ആവശ്യകതയും ആയി മാറുന്നുണ്ട് . തൊട്ടപ്പുറത്ത് നടക്കുന്ന ലൈംഗികവേഴ്ച കാണാന്‍ മാത്രം ഉറക്കം ഉപേക്ഷിച്ചു കിടക്കുന്ന കുട്ടികള്‍ പിന്നീട് ഇത് കൂട്ടുകാരിലും മറ്റും പരീക്ഷിക്കുകയോ , വളര്‍ന്നു മറ്റു ആള്‍ക്കാരിലേക്ക് ഈ പരീക്ഷണം തുടരുകയും അതു ലൈംഗിക അതിക്രമങ്ങളിലേക്കും മറ്റും ചെന്നെത്തുകയും ചെയ്യുന്നു . ഇന്നത്തെ സമൂഹത്തില്‍ പഴയകാലത്തെ കൊച്ചു പുസ്തകങ്ങള്‍ നല്‍കിയ പരിമിതവും അപക്വവും ആയ അറിവുകളും ഇരുണ്ട ചിത്രങ്ങളിലും നിന്ന് എച്ച് ഡി ക്വാളിറ്റി ചിത്രങ്ങളിലും വീഡിയോകളിലും കൂടി ശരീരവും ലൈംഗികതയും കൂടുതല്‍ സുതാര്യമാകുന്നു കൌമാരങ്ങളില്‍ . പണ്ട് കുളിക്കടവിലും കിടക്കറയിലും ഒളിച്ചു നോക്കി അടക്കാന്‍ ആകാതെ പോയ ജിജ്ഞാസ ഉയര്‍ത്തിയ ആക്രമണങ്ങളും ആവേശങ്ങളും ഇന്ന് മാറിയിരിക്കുന്നു . നഗരവത്കരണത്തിന്റെ ഈ പുതിയ കാലത്ത് അവയൊക്കെ അപ്രത്യക്ഷമാകുകയും ഇന്ന് അവ സ്വന്തം കിടക്കറയില്‍ സുവ്യക്തമായി കാണാന്‍ കഴിയുകയും അതില്‍ നിന്നും ഊര്‍ജ്ജം കൊണ്ട് അവയെ നേരില്‍ കാണാനും പരീക്ഷിക്കാനും ഉള്ള തത്രപ്പാടില്‍ നിന്നും പീഡനങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നിടത്ത് കാര്യങ്ങള്‍ വന്നു നില്‍ക്കുന്നു . ഒരു കാലത്ത് ഇത്തരം സംഭവങ്ങള്‍ ആരും അറിയാതെ പോകുകയും താളപ്പിഴകള്‍ ഉള്ള കുടുംബ ബന്ധങ്ങള്‍ , ആത്മഹത്യകള്‍ , മാനസിക അസ്വസ്ഥതകള്‍ എന്നിവയിലൂടെ അവ നമുക്കിടയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത്‌ പുറത്തു പറയാനും പ്രതികരിക്കാനും ഉള്ള ഒരു മാനസിക പക്വത പുതിയ തലമുറ നേടുന്നുണ്ട് .

ഇത് വിദ്യാഭ്യാസം , ബോധവത്കരണം തുടങ്ങിയ പരിഷ്കര്‍ത്ത സമൂഹ കാഴ്ചപ്പാടിന്റെ ഉത്പന്നം ആകുന്നു . ഒരുദാഹരണം പറയുകയാണെങ്കില്‍ ഒന്‍പതു വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ അവളുടെ അമ്മ അപരിചിതരുടെ ഇടപെടലുകള്‍ എങ്ങനെ ആണ് നാം കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ ആ കുട്ടിയുടെ അടുത്ത ബന്ധത്തിൽപ്പെട്ട പത്തു പതിമൂന്നു വയസ്സുള്ള ഒരു ചേട്ടന്‍ അവളെ ചുണ്ടില്‍ ഉമ്മ വയ്ക്കുകയും ആരോടും പറയരുത് നിന്നെ എനിക്കിഷ്ടമാണ് . എനിക്കൊരു ലൈന്‍ ഉണ്ട് എന്നും പറഞ്ഞു എന്ന് അമ്മയോട് പറയുക ഉണ്ടായി . അച്ഛനോട് പറയരുത് എന്ന ഉറപ്പോടെ അവള്‍ അതു അമ്മയോട് പങ്കു വയ്ക്കുമ്പോള്‍ സ്വാഭാവികമായി കുട്ടികളില്‍ അവബോധം എത്ര കണ്ടു ഉപയുക്തമാകുന്നു എന്നത് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു . ഇരുണ്ട കാലത്തിന്റെ മത സാമൂഹിക കാഴ്ചപ്പാടില്‍ ഇലയും മുള്ളും ഉപമകളിലൂടെ അടുക്കളയിലേക്ക് അടിച്ചമര്‍ത്തിയ സ്ത്രീ ജീവിതങ്ങള്‍ പുറംലോകത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയതിന്റെ മാറ്റമായി അതു വിലയിരുത്താന്‍ കഴിയും . പക്ഷെ അപ്പോഴും പഴമയില്‍ നിന്നും വിട്ടുപോകാന്‍ കഴിയാത്ത മനസ്സിന്റെ വിഷമതകള്‍ പേറുന്ന ഭൂരിഭാഗ സമൂഹം ഇന്നും ഇത്തരം ദുരന്തങ്ങളുടെ വാഹകരോ , പ്രസരകരോ ആയി നമുക്കിടയിലുണ്ട് . അവര്‍ ഒരിക്കലും അതിനെ സമ്മതിച്ചു തരികയില്ലയെങ്കിലും ഇല മുള്ള് ചിന്തയുടെ ആഴത്തിലുള്ള വേരുകള്‍ അവരില്‍ അടിയുറച്ചു കിടക്കുന്നുണ്ട് .

യാഥാസ്ഥിക മനസ്സില്‍ വിരിയുന്ന ഇത്തരം ചിന്തകള്‍ മൂലം പെണ്ണു പീഢിപ്പിക്കപ്പെടുന്നത് അവളുടെ തന്നെ തെറ്റുകൊണ്ടാണ് എന്ന ചിന്ത അവര്‍ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട് . വസ്ത്ര ധാരണത്തില്‍ , സമൂഹത്തിലെ ഇടപെടലില്‍ , സംസാരത്തില്‍ , കൂട്ടുകെട്ടില്‍ ചിന്താഗതിയില്‍ ഒക്കെ അവര്‍ ഒരു നിയന്ത്രണ രേഖ അതിനാല്‍ തന്നെ പെണ്ണിന് മാത്രമായി വരച്ചു വയ്ക്കപ്പെടുന്നു ഇന്നും . ഇത്തരം രേഖകള്‍ മുറിച്ചു കടക്കുന്നവരൊക്കെ പീഢിപ്പിക്കപ്പെടും എന്നൊരു ചിന്ത സമൂഹത്തില്‍ പുരുഷമനസ്സിലേക്ക് അവര്‍ കോറിയിടുന്നു . ഇതിന്റെ ഫലം ആണ് പലപ്പോഴും കവലകളിലും , തിരക്കിലും , പൊതു ഇടങ്ങളില്‍ ഒക്കെ തന്നെ പുരുഷന്‍ അത്തരക്കാരെ തിരഞ്ഞു പിടിച്ചു തങ്ങളുടെ കണ്ണുകള്‍ , വാക്കുകള്‍ , ശക്തി എന്നിവ തരാതരം ഉപയോഗിച്ച് പീഢനം എന്ന കല പ്രാവര്‍ത്തികമാക്കുന്നത് . പൊതുവേ നമ്മുടെ കുടുംബങ്ങള്‍ എല്ലാം തന്നെ ആണ്‍കുട്ടികളെ സര്‍വ്വസ്വാതന്ത്ര്യം നല്‍കിയും അതിനു അവന്‍ ആണ്‍ കുട്ടിയല്ലേ എന്നൊരു ലേബല്‍ നല്‍കി കണ്ണടച്ച് കൊണ്ടോ പെണ്‍ കുട്ടികളെ തരംതാഴ്ത്തി വളര്‍ത്തുന്നു . നിനക്കൊന്നു ശ്രദ്ധിച്ചു കൂടെ , ആണ്‍കുട്ടികളുടെ കൂടെ കളിക്കാന്‍ പോകുന്നത് തെറ്റാണു , എന്നൊക്കെയുള്ള പ്രസ്താവനകള്‍ കേട്ട് വളരുന്ന പെണ്‍കുട്ടി സ്വമേധയാ തീരുമാനിക്കുന്നു എന്റെ ശരീരത്തിന്റെ ഉടമയും എന്റെ നിയന്ത്രണച്ചരടും പുരുഷന്‍ എന്ന സങ്കേതത്തില്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അവനു എന്ത് തരവഴിയും കാണിക്കാം എന്നോട് പക്ഷെ ഞാന്‍ വേണം അതു കണ്ടു പ്രതികരിക്കാതെ അതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി രക്ഷ കണ്ടെത്തേണ്ടത് . അതിനു കഴിഞ്ഞില്ല എങ്കില്‍ കന്യകാത്വം എന്ന ദിവ്യത്വം നഷ്ടപ്പെട്ട വെറും ജീവിയായി മരിക്കുകയോ എല്ലാവരുടെയും അവഹേളനങ്ങളും അപമാനങ്ങളും സഹിച്ചു ജീവിച്ചു തീര്‍ക്കുകയോ ചെയ്യാം എന്ന തീരുമാനത്തില്‍ അവളെ എത്തിക്കുക .

തീര്‍ച്ചയായും നമ്മുടെ സമൂഹം വിദ്യാഭ്യാസപരമായി വളരെ മുന്നേറണം. മതപരമായ വിദ്യാഭ്യാസം അല്ല ശാസ്ത്രീയവും പ്രായോഗികവും ആയ മികച്ച വിദ്യാഭ്യാസവും കാഴ്ചപ്പാടും ഉണ്ടാകുവാന്‍ ആകണം ഓരോ പുതിയ മുന്നേറ്റവും ശ്രമിക്കേണ്ടത് . സ്ത്രീരക്ഷ എന്ന വിഷയത്തിലേക്ക് നീങ്ങുകയും സോഷ്യല്‍ മീഡിയയിലും, പുറത്തും സംഘടനകള്‍ രൂപീകൃതമാകുകയും ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ആകട്ടെ മുന്ഗണന നല്‍കേണ്ടത് . സിനിമ , സീരിയല്‍ തുടങ്ങിയ ജനങ്ങളും ആയി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ആകട്ടെ പരമ്പരകള്‍ ആയി വരേണ്ടത് എന്ന് തീരുമാനിക്കുക . കാഴ്ചപ്പാടുകള്‍ മാറുകയും സമത്വം എന്നത് പ്രാവർത്തികമാകുകയും ചെയ്യുന്ന രീതിയിലേക്ക് അവ പരിവര്‍ത്തനം ചെയ്യപ്പെടണം . നീതിനിര്‍വ്വഹണസഭകളുടെ വിക്ടോറിയന്‍ കാല ചിന്താഗതികളില്‍ നിലനിര്‍ത്തുന്ന നിയമങ്ങള്‍ മാറുകയും പരിഷ്കരിച്ച നിയമങ്ങള്‍ നിലവില്‍ വരികയും ചെയ്യണം . സ്കൂള്‍ തലങ്ങള്‍ തൊട്ടു വിദ്യാഭ്യാസത്തില്‍ ലൈംഗിക വിദ്യാഭ്യാസം കൂടി ഊന്നല്‍ നല്‍കണം. സ്കൂള്‍ തലങ്ങളില്‍ കുട്ടികള്‍ ഒരുമിച്ചു തന്നെ ഇരുന്നു പഠിക്കണം. സമൂഹത്തിലെ ഏതൊരു വിഷയത്തിലും സ്ത്രീ പങ്കാളിത്തങ്ങള്‍ ഉറപ്പു വരുത്തണം. അബലത , ശാരീരിക പ്രത്യേകതകള്‍ എന്നിവ അവളെ ഒഴിവാക്കി നിര്‍ത്താനുള്ള ചിന്തയായി പുരുഷ മനസ്സുകള്‍ ഫീഡ് ചെയ്തു വച്ചിരിക്കുന്നുണ്ട് . ഒരു പരിധി വരെ ഇത് സ്ത്രീകളും ഉള്ളിൽ പേറുകയും കൈമാറുകയും ചെയ്യുന്നുമുണ്ട് . ഇവ മാറി വരണം . ഗ്രാമങ്ങള്‍ തൊട്ടുള്ള കൂട്ടായ്മകള്‍ സംഭവിക്കണം. ഇവിടങ്ങളില്‍ സ്ത്രീകളും കുട്ടികളും ഒന്നിച്ചു കൂടുകയും അവരുടെ കാഴ്ചപ്പാടുകളും വിഷമതകളും പരസ്പരം പങ്കു വയ്ക്കുകയും ഒന്നിച്ചു നിന്ന് അവയ്ക്ക് വേണ്ട മാനസിക , നിയമ , സാമൂഹിക പങ്കാളിത്തവും സംരക്ഷണവും ഉറപ്പു വരുത്തണം . രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് പ്രായത്തിനു അനുസരിച്ചുള്ള അറിവും ഉപദേശങ്ങളും നല്‍കണം . ഇതിനു രക്ഷകര്‍ത്താക്കൾ പ്രാപ്തര്‍ അല്ലെങ്കില്‍ അവര്‍ക്ക് അവബോധം നല്‍കാന്‍ സീരിയല്‍ , സിനിമ , ഡോക്യുമെന്റ്രികള്‍ ,ശില്പശാലകള്‍ , നാടകങ്ങള്‍ തുടങ്ങി പല മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരും കലാസാഹിത്യ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മുന്‍കൈ എടുത്തു സംഘടിപ്പിക്കണം . പടിപടി ആയി സമൂഹത്തെ ഉയര്‍ത്തി കൊണ്ട് വരണം .

സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ളിടങ്ങളില്‍ പീഢനക്കാരെ എന്ത് ചെയ്യണം എന്ന ചര്‍ച്ചകള്‍ ആണ് നടക്കുന്നത് . ലിംഗം മുറിക്കല്‍ , ലൈംഗിക ശേഷി മരവിപ്പിക്കല്‍ , കഴുത്തുവെട്ടല്‍ തുടങ്ങി അവരവരുടെ ഭാവനകള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ചുള്ള ശിക്ഷകള്‍ വിധിച്ചു അവര്‍ ആത്മസംതൃപ്തി അടയുന്നതിനപ്പുറം ഒരു തരത്തിലുള്ള ചലനങ്ങളോ പ്രവര്‍ത്തികളോ സ്വന്തം കുടുംബത്തില്‍ പോലും അവര്‍ വരുത്തുന്നില്ല . സ്വന്തം കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ ഒന്നു ഉപദേശിക്കാനോ അവര്‍ക്ക് അവബോധം നല്‍കാനോ പോലും ഇത്തരക്കാരില്‍ പലരും തയ്യാറാകുക കൂടിയില്ല . എന്റെ കുട്ടി അത്തരക്കാരനല്ല എന്ന ഒരു ചിന്ത ഓരോരുത്തരിലും വേരോടിയിരിക്കുന്നു . അന്യകുട്ടികളെ ഓര്‍ത്തു അവര്‍ വല്ലാതെ വ്യാകുലരാകുകയും എന്റെ പെണ്‍കുട്ടികള്‍ എങ്ങനെ പുറത്തിറങ്ങി നടക്കും എന്ന് ചിന്തിച്ചു ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു . സമൂഹത്തിലെ മൊത്തം നോട്ടങ്ങളെയും സമീപനങ്ങളെയും അവര്‍ സംശയക്കണ്ണുകള്‍ കൊണ്ട് നോക്കിക്കാണുകയും മാധ്യമങ്ങള്‍ നല്‍കുന്ന നിറം പിടിപ്പിച്ച കഥകളില്‍ കൂടി കുട്ടികള്‍ പോലും തങ്ങളുടെ ബന്ധങ്ങളെ സംശയത്തോടെ സമീപിക്കുകയും ചെയ്യുന്നു . ഉള്ളില്‍ ആശങ്കകള്‍ വച്ചുകൊണ്ട് അച്ഛന്റെ , സഹോദരന്റെ , ഉറ്റ ബന്ധുവിന്റെ ആശ്ലേഷത്തെ ,ചുംബനങ്ങളെ സമീപിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ നമ്മുടെ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് നാം ലോകത്തോട്‌ പ്രതികരിക്കുകയും പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് എത്രകണ്ട് നല്ലതാണ് എന്ന് നാം ഓരോരുത്തരും ചിന്തിക്കണം . മറ്റൊരാള്‍ തുടങ്ങി വയ്ക്കട്ടെ എന്നല്ല നമ്മള്‍ തുടങ്ങി വയ്ക്കണം എന്ന് ചിന്തിച്ചു തുടങ്ങട്ടെ ഓരോ വ്യക്തിയും . സമൂഹം നല്ലൊരു ചാലകമാണ് അതില്‍ക്കൂടി പ്രസരിക്കുന്നതെന്തു തന്നെയായാലും അതു സ്വീകരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുമെന്ന സത്യം ഓരോരുത്തരും മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നിടത്ത് ആരോഗ്യവും പരിഷ്കൃതവുമായ ഒരുസംസ്കാരം വളര്‍ന്നു വരും .