ഇന്ന് സമൂഹം വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് തിരുവനന്തപുരത്ത് സംഭവിച്ച സാമിയും യുവതിയും വിഷയം. ആത്മീയത കച്ചവടമാക്കിയ ഒരു സാമി അതിന്റെ മറവില്‍ തുടര്‍ന്നു വന്ന ലൈംഗിക പീഡനം അതിര് കടന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ച ഒരു യുവതി സാമിയുടെ ലിംഗം മുറിച്ചു കൊണ്ട് പ്രതിഷേധിച്ചു . എന്നാല്‍ സാമി താന്‍ സ്വയം ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ട് അതിനെ ലഘൂകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു . ഇവിടെ പെണ്‍കുട്ടിയുടെ ഭാഷ്യം ആറു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരുന്ന സാമി അടുത്ത കുറച്ചു നാളുകളായി പ്രശ്നം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ വീണ്ടും വീട്ടില്‍ വരികയും രാത്രി തന്നെ കിടക്കമുറിയില് വിളിച്ചു വരുത്തുകയും അപ്പോള്‍ താന്‍ ഫലങ്ങള്‍ മുറിക്കാന്‍ വച്ചിരുന്ന കത്തി കൈവശപ്പെടുത്തി സാമിയുടെ ലിംഗം മുറിച്ചു രക്ഷപ്പെട്ടു വീടിനു പുറത്തു വരികയും പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വന്നു അയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു എന്നാണു . സാമി പറയുന്നത് താന്‍ മാനസികമായ അസ്വസ്ഥതകള്‍ മൂലം സ്വയം മുറിച്ചത് ആണെന്നും . ഒരുപാട് രക്തം വാര്‍ന്നു പോയിട്ടും സാമി സമചിത്തതയോടെ അതിനെ നേരിടുന്നത് ആശുപത്രി കാഴ്ചയായി ഡോക്ടര്‍മാരും പറയുന്നു .
സാമിക്കെതിരെ കേസ് എടുത്തുകൊണ്ടു പോലീസ് നിയമപരമായ കടമയും നിര്‍വ്വഹിച്ചു . ഇവിടെ ചോദ്യങ്ങളും സംശയങ്ങളും ഒരുപാട് ഉയരുന്നുണ്ട് എങ്കിലും അവയിലേക്ക് തത്കാലം സഞ്ചരിക്കുന്നില്ല . നിയമപരമായ ഒരു പരിരക്ഷ ആ കുട്ടിക്ക് ലഭിക്കുമോ എന്ന ചര്‍ച്ചയിലേക്ക് പോകും മുന്നേ സംസ്ഥാന മുഖ്യമന്ത്രി തന്നെ ആ കുട്ടിയെ അഭിനന്ദിച്ചു സംസാരിച്ചതില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ലിംഗത്തെ മുറിച്ചു കൊണ്ട് പീഡനത്തെ ചെറുക്കാം എന്നൊരു പുതിയ സന്ദേശം പ്രചരിപ്പിക്കുവാന്‍ മുഖ്യമന്ത്രി തന്നെ തുടക്കമിട്ടു എന്ന് കരുതേണ്ടിയിരിക്കുന്നു . സോഷ്യല്‍ മീഡിയകള്‍ വളരെ മുന്നേ തന്നെ ലിംഗഭംഗം വരുത്തുന്ന വിഷയത്തെ ചര്‍ച്ച ചെയ്യുകയും കവിതകളും കഥകളുമായി അതിനെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നുണ്ട് ഈ അവസരത്തില്‍ ആണ് സംസ്ഥാന മുഖ്യമന്ത്രി തന്നെ അതിനു പച്ചക്കൊടി കാണിച്ചിരിക്കുന്നതും . ഇത് ദൂരവ്യാപകമായ വലിയൊരു വിഷയമായി മാറുവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുമോ? സംസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങള്‍ പലതും പിന്നീട് വെറും ഇരവാദം ആയി മാറുന്നതോ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിഎടുക്കുന്നതോ ആയ കേസുകള്‍ ആയി അവസാനിക്കുന്നത് ആണ് കാണാന്‍ കഴിയുന്നത് . തന്നെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരുഷനെ മാത്രമേ ലിംഗം മുറിച്ചു പ്രതിരോധിക്കാന്‍ ഉള്ള അവസരം സ്ത്രീക്ക് നല്‍കുന്നുള്ളൂ . അവിടെയും പീഡനം നടന്ന ശേഷം മാത്രമാണ് ഈ ഒരു അവസരം ഉണ്ടാകുന്നുമുള്ളൂ എന്ന് സ്വാഭാവികമായി മനസ്സിലാക്കാം . കാരണം ഒന്നാമത് ആയുധം കൈവശം ഉണ്ടാകണം. അതുണ്ട് എങ്കില്‍ പീഡന ശ്രമം തുടങ്ങുമ്പോള്‍ തന്നെ അതു ആത്മരക്ഷാര്‍ത്ഥം പ്രയോഗിച്ചു രക്ഷ നേടാന്‍ ശ്രമിക്കുകയാകും ആരും ചെയ്യുക . അല്ലാതെ കത്തി ഒളിച്ചു വച്ചിരുന്നു അവസരം കിട്ടുമ്പോള്‍ മുറിച്ചു മാറ്റി പ്രതിരോധിക്കുക സാധ്യമാകില്ല . ഇവിടെ എന്തുകൊണ്ട് ആ അവസരം വന്നു എന്ന് ചോദിച്ചാല്‍ വളരെ നാളത്തെ പ്രക്രിയ പുനര്‍ സൃഷ്ടിക്കുമ്പോള്‍ അതിനോട് ഇപ്പോള്‍ വിയോജിപ്പ് തോന്നുകയോ അല്ലെങ്കില്‍ ഇനിയെങ്കിലും ഇതില്‍ നിന്നും മോചനം വേണം എന്ന് തോന്നുകയോ ചെയ്തപ്പോള്‍ കൌശലപൂര്‍വ്വം കത്തി കൈക്കലാക്കി ആ പെണ്‍കുട്ടി അത്തരം ഒരു പ്രവര്‍ത്തി ചെയ്തതാണ് എന്ന് കാണാം . ഈ ഒരു അവസരം എല്ലാ പീഡനവിധേയം ആകുന്ന കുട്ടികളിലും സാധിക്കുക സംഭവ്യമല്ല . അങ്ങനെ വരുമ്പോള്‍ ഇത് ഒരു പ്രതിരോധമാര്‍ഗ്ഗം ആയി അവലംബിക്കാനും കൈയ്യില്‍ ഒരു കത്തി കരുതാനും പെണ്‍കുട്ടികളെ ബോധവത്കരിക്കുന്നത് പ്രായോഗികമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ആയുധധാരിയായ ഒരു സ്ത്രീ / പുരുഷന് അപകടകാരിയാണ് എന്നത് സാമാന്യ തത്വം ആണ് .ഏതു നിമിഷവും ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്ന അശാന്തവും ഭയാനകവും ആയ ഒരു അവസ്ഥ ആണ് ആ മനസ്സുകള്‍ ചുമക്കുക അതു വഴി . പലപ്പൊഴും പ്രത്യേകിച്ചും ഇവിടെയും സംഭവിച്ചത് പോലുള്ള പീഡനങ്ങള്‍ ഒരിക്കലും അവിചാരിതമായ സംഭവങ്ങള്‍ അല്ല എന്നും അവ ക്രമേണ സംഭവിക്കുന്നതോ ബന്ധുക്കളോ രക്ഷകര്‍ത്താക്കളോ അറിഞ്ഞോ അവരുടെ സാമീപ്യത്തിലോ നടക്കുന്നതും ആയ ഗാര്‍ഹിക പീഡനങ്ങള്‍ ആണ് . ഇവിടെ പ്രതിരോധം എന്നത് പിന്നീട് ശരിതെറ്റുകള്‍ ചിന്തിച്ചു കാലാന്തരത്തില്‍ സംഭവിക്കുന്നത് ആണ് . ഒരു കൊല പ്ലാന്‍ ചെയ്യുമ്പോലെ വളരെ കാലത്തെ ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും ശേഷം സംഭവിക്കുന്നത് . പീഡനങ്ങള്‍ നടന്നതിനു ശേഷം മാത്രം അതിനെ ചെറുക്കാന്‍ പഠിപ്പിക്കുന്ന നമുക്ക് ആവശ്യം വേണ്ടത് ആയുധ ധാരികളായ ജനതയെ അല്ല പകരം അവബോധം ലഭിച്ച ഒരു തലമുറയെ ആണ് . ഓരോ മക്കളെയും ആയുധം ധരിക്കാന്‍ പഠിപ്പിക്കുന്ന അത്ര ബുദ്ധിമുട്ട് ഉള്ളതല്ല ഓരോ രക്ഷകര്‍ത്താക്കളും തങ്ങളുടെ ജാള്യത ഉപേക്ഷിച്ചുകൊണ്ട് കുട്ടികളെ ലൈംഗിക വിദ്യാഭ്യാസവും ഒപ്പം അരുതുകളുടെ അവബോധം നല്‍കലും . ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രം കൊടുക്കേണ്ട ഒന്നല്ല മറിച്ചു ആണ്‍കുട്ടികള്‍ക്കും ആവശ്യം നല്‍കേണ്ട ഒരു സംഗതി ആണ് . വീടാണ് പഠനകളരി . അവിടെ ‘അവന്’ ‘അവള്’ വേര്‍തിരിവുകള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിലേക്കു അവര്‍ ഇറങ്ങുന്നതും അതെ വേര്‍തിരിവുകള്‍ മനസ്സില്‍ വച്ചുകൊണ്ടാകും .
എന്തുകൊണ്ടാണ് ഒരാള്‍ സ്വന്തം വീട്ടിലെ സ്ത്രീകളെ മാന്യതയോടെ നോക്കുകയും അതെ കണ്ണുകള്‍ കൊണ്ട് വീടിനു പുറത്തുള്ള അല്ലെങ്കില്‍ അടുത്ത ബന്ധത്തില്‍ ഒഴിച്ചുള്ള എല്ലാരെയും അമാന്യമായ ഒരു നോട്ടമോ ചിന്തയോ കൊണ്ട് അളക്കുന്നത് എന്നത് ചിന്തിച്ചാല്‍ മനസ്സിലാകും കാഴ്ചപ്പാട് വളരുന്ന തലവും അതു പരിചരിക്കുന്ന പരിസരങ്ങളും . സ്ത്രീ ശാക്തീകരണവും സമത്വവാദവുംമാത്രം കൊണ്ട് ഇതിനു ഫലം ഉണ്ടാകില്ല . പകരം സ്ത്രീപുരുഷ ശരീരം എന്ത്, കടമകള്‍ കര്‍ത്തവ്യങ്ങള്‍ എന്ത് എന്നൊക്കെ കുട്ടികളില്‍ത്തന്നെ അവബോധം സൃഷ്ടിക്കപ്പെടണം. ശാരീരിക പ്രത്യേകതകള്‍ ലൈംഗികത തുടങ്ങി എല്ലാ വിഷയങ്ങളും പക്വതയോടെ മനസ്സിലാക്കിക്കൊടുക്കാനും സാമൂഹ്യ ഇടപെടലുകളിലെ മാന്യത എങ്ങനെ ആകണം എന്ന് വ്യെക്തമാക്കിക്കൊടുക്കുകയും ചെയ്യുക എന്നത് ഓരോ രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും സാമൂഹ്യ / ആരോഗ്യ പ്രവര്‍ത്തകരുടെയും കടമയാണ് . സര്‍ക്കാരിന്റെയും . അവയെ മാറ്റിനിര്‍ത്തി ആയുധമെടുക്കാന്‍ ഒരു തലമുറയെ ആഹ്വാനം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യല്‍ അല്ല നേതൃത്വബോധം നല്‍കേണ്ടത്.