esSENSE  Annual Report 2016-17

രൂപീകരണവും ഉത്‌ഘാടനവും

esSENSE Freethinkers Diary, 2016 ഒക്ടോബര്‍ മാസം രണ്ടാം തീയതി മൂവാറ്റുപുഴ നാസ് ഓഡിറ്റൊറിയത്തില്‍ വെച്ച് വി ടി സ്മാരക സമിതി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ അറയ്ക്കൽ നന്ദകുമാര്‍ ഉത്‌ഘാടനം ചെയ്ത യോഗത്തില്‍ esSENSE പ്രസിഡന്റ്‌ സജീവന്‍ അന്തിക്കാട്, സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌ , ജോയിന്റ് സെക്രട്ടറി മനോജ്‌ രവീന്ദ്രന്‍, ട്രഷറർ പ്രശാന്ത് രണ്ടാടത്ത് എന്നിവര്‍ esSENSEനെ പ്രതിനിധീകരിച്ചു സംസാരിക്കുകയും ചെയ്തു.

Executive Committee

1995-ലെ 12-ാമത് തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധര്‍മ്മസംഘങ്ങള്‍ രജിസ്റ്റരാക്കല്‍ ആക്ട് അനുസരിച്ച് 19/10/2016ന് രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് esSENSE Club. Registration Number: TCR/TC/541/2006

18/09/2016 ന് തൃശൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരങ്ങുന്ന ഒരു Executive Committee ആണ് ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. തുടര്‍ന്ന് 01/11/016ന് കുസാറ്റില്‍ (Cochin University of Science and Technology) വച്ച് ക്ലബ്ബിന്റെ First General Body Meeting സംഘടിപ്പിക്കപ്പെടുകയും പ്രസ്തുത യോഗത്തില്‍ വച്ച് ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

 1. സജീവന്‍ അന്തിക്കാട്‌ പ്രസിഡണ്ട്‌
 2. ഡോ. ബേബി പി.കെ പറമ്പത്ത് വൈസ് പ്രസിഡണ്ട്‌
 3. പ്രശാന്ത് രണ്ടേടത്ത് ഖജാന്‍ജി
 4. മുഹമ്മദ് അഷ്‌റഫ് സെക്രട്ടറി
 5. മനോജ് രവീന്ദ്രന്‍ ജോയിന്റ്‌ സെക്രട്ടറി
 6. സുശീല്‍ കുമാര്‍ എക്‌സി.മെമ്പര്‍
 7. രാജേഷ് ജി.എസ്‌ എക്‌സി.മെമ്പര്‍
 8. ഷിബു ഈരിക്കല്‍ എക്‌സി.മെമ്പര്‍
 9. മൃദുല്‍ ശിവദാസ്‌ എക്‌സി.മെമ്പര്‍

ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും

 • സമൂഹത്തില്‍ ശാസ്ത്രബോധവും, മാനവികതയും, അന്വേഷണത്വരയും, സാമൂഹ്യപരിഷ്കരണവും, എല്ലാ പൗരന്മാരുരേയും കടമയാണെന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 51A(h) പ്രകാരം പ്രവര്‍ത്തിക്കുക.
 • സമൂഹത്തില്‍ ശാസ്ത്രചിന്ത, മാനവികത, പുരോഗമനം, ലിംഗസമത്വം, യുക്തിചിന്ത, നിരീശ്വരവാദം എന്നിവ പ്രോത്സാഹിപ്പിക്കുക.
 • മതമുക്തമായ ചിന്താരീതി വ്യക്തികളില്‍ വളര്‍ത്തിയെടുക്കുക വഴി സമൂഹത്തെ യഥാര്‍ത്ഥ സെക്കുലര്‍ സംസ്കാരത്തിലേക്ക് നയിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക.
 • മത തീവ്രവാദം , അന്ധവിശ്വാസങ്ങള്‍, കപട ശാസ്ത്രങ്ങള്‍, വ്യാജ ചികിത്സാ രീതികള്‍, സെക്സിസം, ജാതീയത, വംശീയമായ യാഥാസ്ഥിതികത്വം, വിജ്ഞാനവിരോധവാദം, വിദ്യാഹീനത, അജ്ഞത എന്നിവക്കെതിരെ പൊരുതുക.
 • സമൂഹത്തില്‍ ചിന്തകരേയും, ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും, എഴുത്തുകാരേയും, പ്രാസംഗികരേയും, മറ്റു കര്‍മ്മോന്മുഖരായ വ്യക്തികളേയും, സമാന ചിന്താഗതിക്കാരേയും സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കായി ഒരുമിപ്പിക്കുക.
 • സംഘടനയുടെ ലക്ഷ്യങ്ങള്‍ക്കായി സമ്മേളനങ്ങള്‍, സംവാദങ്ങള്‍, പരിശീലനക്കളരികള്‍, പ്രദര്‍ശനങ്ങള്‍, യോഗങ്ങള്‍, പ്രസംഗങ്ങള്‍, വാദപ്രതിവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
 • സംഘടനയുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, ലഘു ലേഖകള്‍, തുടങ്ങിയവയും, നവ മാധ്യമങ്ങള്‍ വീഡിയോ, ഓഡിയോ, ബ്ലോഗ്‌, ഇ-മാഗസിന്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, റേഡിയോ, മറ്റു മാധ്യമങ്ങള്‍, എന്നിവ വഴിയുമുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക.

യൂണിറ്റ് രൂപീകരണം

നമ്മുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഇതുവരെ 20 esSENSE യൂണിറ്റുകൾ സ്ഥാപിച്ചു. അതിൽ തന്നെ മെൽബൺ, ഓസ്‌ട്രേലിയ യൂണിറ്റ് നടത്തിയ ഒരാഴ്ച നീണ്ടുനിന്ന പ്രോഗ്രാമുകൾ ശ്രദ്ധേയമായിരുന്നു. കൂടുതല്‍ യൂണിറ്റുകള്‍ ഉടനടി നിലവില്‍ വരും. 2017 ഓക്‌ടോബര്‍ 1,2 തീയതികളില്‍ എറണാകുളം ടൗണ്‍ ഹോളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള esSENSE വാര്‍ഷികസമ്മേളനമായ esentia 2017 ക്ക് മുമ്പ് തന്നെ കോട്ടയത്തും(ഓഗസ്റ്റ് 13) ആലപ്പുഴയിലും ഏകദിന സെമിനാറുകള്‍ നടക്കുന്നുണ്ട്.

esSENSE പ്രോഗ്രാമുകള്‍

ഉത്‌ഘാടന ദിവസം തന്നെ ആദ്യ പരിപാടിയായി കേരളത്തിലെ പ്രശസ്ത സ്വതന്ത്രചിന്തകനായ സി രവിചന്ദ്രന്റെ “വെളിച്ചപ്പാടിന്റെ ഭാര്യ” എന്ന പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.

അതിനു ശേഷം ഡിസംബര്‍ മാസത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന “സ്വതന്ത്രലോകം 2016” ന്റെ സംഘാടനത്തില്‍ esSENSE പങ്കുകൊണ്ടു. രണ്ട് ദിവസമായി(2016 Dec 25, 26) പയ്യന്നൂരില്‍ നടന്ന പരിപാടിയിൽ 16 പേർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. കൂടാതെ മുസ്ലീം പശ്ചാത്തലം വിഷയമാക്കിയ ‘കദീശ തെയ്യം’ എന്ന നാടകവും അരങ്ങേറി .350 പേരിലധികം സമ്മേളനത്തില്‍ പങ്കുകൊണ്ടു. പ്രസ്തുത സമ്മേളനത്തിന്റെ നടത്തിപ്പിലും ഫണ്ടിംഗിലും എസെന്‍സ് മുഖ്യ പങ്ക് വഹിച്ചു. സ്ഥിരം സംഘാടകരില്‍ ഒരു വിഭാഗം സ്വതന്ത്രലോകം സമ്മേളനത്തിന് എതിരെ തിരിയുകയും വ്യാപകമായ എതിര്‍പ്രചരണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് esSENSEന് സംഘാടനം ഏറ്റെടുക്കേണ്ടി വന്നത്. അടിയന്തര ഘട്ടത്തിലുള്ള ഒരു ഇടപെടല്‍ മാത്രമായിരുന്നു അത്.

പിന്നീടു പുതുവര്‍ഷാരംഭത്തില്‍ esSENSE കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച ലിബറോ-2017 ആയിരുന്നു esSENSEന്റെ ആദ്യ ഏകദിന പരിപാടി. esSENSE രൂപീകൃതമായതിനു ശേഷമുള്ള ആദ്യ സംവാദം നടക്കുന്നത് അന്നാണ്. 250 പേരിലധികം പങ്കെടുത്ത സ്വതന്ത്രചിന്തകരുടെ ഈ ഏകദിന സെമിനാര്‍ കൊല്ലം നഗരത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായി. ഇതിനു ശേഷം ഓരോ ജില്ലയിലെയും യൂണിറ്റ് രൂപികരണത്തോടനുബന്ധിച്ചു ഓരോ ഏകദിന പരിപാടികള്‍ നടത്താന്‍ esSENSEനു സാധിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന “പ്രോവ’17“, പത്തനംതിട്ട വെച്ച് നടന്ന “റീസണ്‍ 2017“ (Reason 2017) കണ്ണൂരില്‍ നടന്ന “എന്‍ലൈറ്റ് 2017” (enLIGHT 2017) എന്നിവയെല്ലാം മികച്ച പങ്കാളിത്തത്തോടു കൂടി നടത്താന്‍ സാധിച്ചു..കൂടാതെ മെയ് മാസത്തിൽ യു എ ഇയിൽ വെച്ച് സംഘടിപ്പിച്ച ഡോക്ടർ അഗസ്റ്റസ് മോറിസിന്റെ “ആതുരപ്പൂക്കൾ” എന്ന പരിപാടിയും വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു.യു എ ഇ യൂണിറ്റ് സംഘടിപ്പിച്ച ആ പരിപാടിയിൽ മികച്ച ജനപങ്കാളിത്തം ഉണ്ടാവുകയും ആരോഗ്യ രംഗത്തെ സ്ഥിരം സംശയങ്ങൾക്ക് മറുപടി എന്നനിലയിൽ അവതരിപ്പിക്കപ്പെട്ട ആ വിഡിയോകൾക്കെല്ലാം മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു..

2017 ഏപ്രില്‍ മാസത്തില്‍ esSENSEഉം -TIMES OF INDIAയും ചേര്‍ന്ന് നടത്തിയ Debate Series(April 5,6,7) വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ഭഗവത്ഗീത ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നുവോ ? (Does Bhagavat Gita endorses Casteism ?) എന്ന വിഷയത്തില്‍ സി രവിചന്ദ്രനും ചിദാനന്ദപുരിയുമായിരുന്നു സംവാദകര്‍. സംവാദ വീഡിയോ എസെന്‍സ് ചാനലില്‍ മാത്രം കേവലം രണ്ടര മാസത്തിനുള്ളില്‍ ഒരുലക്ഷത്തിലധികം പേര്‍ വീക്ഷിക്കുകയുണ്ടായി. ഇതോട് അനുബന്ധിച്ച് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച പാനല്‍ ഡിബേറ്റും നടന്നു. ഈ സിരീസിലെ മൂന്നാമത്തെ സംവാദം (കമ്മ്യൂണിസം നവോത്ഥാനശക്തിയോ? കെ.ഇ.എന്‍ കുഞ്ഞഹമ്മദ് X KG മോഹന്‍ദാസ്) അപ്രതീക്ഷിതമായ ഹര്‍ത്താല്‍ മൂലം നടന്നില്ല. തുടര്‍ച്ചയെന്നോണം കേരളത്തിലും വിദേശത്തുമായി ഒരു പിടി നല്ല ഏകദിന പരിപാടികള്‍ സംഘടിപ്പിക്കാന്‍ esSENSEനു കഴിഞ്ഞിട്ടുണ്ട്. ഏകീകൃത സിവില്‍കോഡിന്റെ ആവശ്യകത സംബന്ധിച്ച് കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികളും പ്രചരണവും സംഘടിപ്പിക്കാന്‍ esSENSE ന് സാധിച്ചു.

Link to the programs conducted

വരവ് ചിലവ് കണക്കുകള്‍

esSENSEഇൻറെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വരവ് ചെലവ് കണക്കുകള്‍ താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.
esSENSE വരവ്, ചിലവ്, സ്വത്ത് , അംഗത്വ പുസ്തകം 

esSENSE – Monetary Aid

കോയമ്പത്തൂരില്‍ വെച്ച് മത തീവ്രവാദികളാല്‍ കൊലപ്പെട്ട ഫാറൂഖിനും കുടുംബത്തിനും esSENSE ധനസഹായം നല്കുകയുണ്ടായി. esSENSEനെ പ്രതിനിധീകരിച്ചു സജീവന്‍ അന്തിക്കാട് , പി കെ ബേബി, മുഹമ്മദ്‌ അഷ്‌റഫ്‌ , പ്രശാന്ത്‌ രണ്ടാടത്ത്, സാബു ഫിലിപ്പ് , നിഥിന്‍ നെടുങ്ങാടന്‍, മുഹമ്മദ്‌ ബാദ്ഷ തുടങ്ങിയവർ കോയമ്പത്തൂര്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് നാല് ലക്ഷത്തി നാലായിരം രൂപ (Rs. 4,04000/) ഫാറൂഖിന്റെ കുടുംബത്തിനു കൈമാറുകയുണ്ടായി.

esSENSE പോഡ്കാസ്റ്റ് , ചാനല്‍ , വെബ്‌ പേജ് മുതലായവയുടെ വിശദാംശങ്ങള്‍

esSENSEഇൻറെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി നമ്മള്‍

 1. ഒരു യൂട്യുബ് ചാനല്‍,
 2. ഒരു വെബ്‌ സൈറ്റ് ,
 3. പോഡ്കാസ്റ്റ് ,
 4. ട്വിറ്റെര്‍ ഹാന്‍ഡില്‍ ,
 5. ഫേസ്ബുക്ക്‌ പേജ് ,
 6. ഫേസ്ബുക്ക് ഗ്രൂപ്പ്
 7. ഇൻസ്റ്റാഗ്രാം പ്രൊഫയിൽ  എന്നിവ കൂടി ആരംഭിച്ചിട്ടുണ്ട് .

esSENSE you-tube channel ന് നല്ല സ്വീകരണമാണ് ലഭിച്ചത്. ഇതിനകം എണ്ണായിരത്തോളം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 3200 പേര്‍ പുതിയതായി സബ്‌സക്രൈബ് ചെയ്തു എന്നത് സന്തോഷകരമാണ്. വലതുംചെറുതുമായ 152 വീഡിയോകള്‍ ഇതിനകം അപ്ലോഡ് ചെയ്തു. അവയില്‍ പകുതിയും ചെറിയ വീഡിയോ ക്ലിപ്പുകളോ വീഡിയോ ശകലങ്ങളോ ആണ്. മൊത്തം വീഡിയോകളില്‍ 33 എണ്ണത്തിന് പതിനായിരത്തില്‍ അധികം പ്രേക്ഷകരെ ലഭിച്ചു. ഇരുപതിനായിരത്തിലധികം പേര്‍ കണ്ട 22 വീഡിയോകളുണ്ട്. കുറഞ്ഞത് 35000 പ്രേക്ഷകര്‍ കണ്ട 8 വീഡിയോകള്‍ ഉള്ളതില്‍ ഒരെണ്ണം ഒരു ലക്ഷവും മറ്റൊന്ന് അറുപതിനായിരവും പ്രേക്ഷകരെ സമ്പാദിച്ചു. കേവലം 10 മാസം കൊണ്ട് esSENSE you-tube channel ന് ഉണ്ടായ വളര്‍ച്ച ശ്രദ്ധേയമാണ്. 2017 മേയ് മാസാദ്യം ഏതാണ്ട് മൂന്ന് ദിവസത്തോളം ഗൂഗിളിന് സംഭവിച്ച സാങ്കേതികമായ തെറ്റിദ്ധാരണ മൂലം ചാനല്‍ പിന്‍വലിക്കപ്പെട്ടത് മാത്രമാണ് ഏക ദുരനുഭവം. യു-ട്യൂബ് വീഡിയോ ചാനല്‍ മാത്രമല്ല ഓഡിയോ ചാനലും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. esSENSE podcast ചാനലില്‍ നിന്ന് ആയിരക്കണക്കിന് esSENE ഓഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

കാലികപ്രധാനവും, സമഗ്രപഠനത്തിനു വിധേയമാവേണ്ടതുമായ പല വിഷയങ്ങളെയും അധികരിച്ച് നമ്മുടെ ഓണ്‍ലൈന്‍ മാഗസിന്‍ ലേഖനങ്ങളും പഠനങ്ങളും ചര്‍ച്ചകളും പ്രസിദ്ധീകരിച്ചു വരുന്നു. പ്രധാനമായും, ശാസ്ത്രം, മതം, അന്ധവിശ്വാസങ്ങള്‍, മതേതര അന്ധവിശ്വാസങ്ങള്‍, ജൈവ കൃഷി, പരിണാമം എന്നിങ്ങനെ ഒരു പുരോഗമനസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട എല്ലാവിധ വിഷയങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങള്‍ നമ്മള്‍ പ്രസിദ്ധീകരിക്കുന്നു. കൂടാതെ, പോഡ്‌കാസ്റ്റുകൾ, കാര്‍ട്ടൂണുകള്‍ എന്നിവ വഴി ജനങ്ങളിലേക്ക് നമ്മുടെ സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു.പത്തുമാസംകൊണ്ട് ഈ രംഗത്ത് ഉണ്ടാക്കിയ നേട്ടം ഭാവി സംബന്ധിച്ച് നല്ല സൂചനകള്‍ കൊണ്ടുവരുന്നു.

 

Report prepared by Mr. Manoj Ravindran, Joint Secretary, esSENSE Club