ദൈവം ഇല്ല എന്ന് ഇതുവരെ ശാസ്ത്രീയമായ് തെളിയ്ച്ചിട്ടില്ലല്ലോ?
ചോദ്യം :
ദൈവം ഉണ്ട് എന്ന് തെളിയ്ക്കാന്‍ വെല്ലുവിളിക്കുന്ന നിങ്ങൾ മതങ്ങളുടെ യുക്തിയില്ലായ്മയും അശാസ്ത്രീയതയും കുറെ പറയും എന്നല്ലാതെ, ദൈവം ഇല്ല എന്ന് ഇതുവരെ ശാസ്ത്രീയമായ് തെളിയ്ച്ചിട്ടില്ലല്ലോ?
ഉത്തരം :
ഉണ്ട് എന്ന് തെളിയ്ക്കപ്പെടാത്ത ഒരു വസ്തു ഇല്ല എന്ന്‍ തെളിയ്ക്കേണ്ട ആവശ്യമില്ല. ശാസ്ത്രീയമായ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല ദൈവം ഉണ്ട് എന്നു പറയുന്നത്, അതൊരു വിശ്വാസം മാത്രം. ദൈവമുണ്ട് എന്ന വിശ്വാസിയുടെ വിശ്വാസം അനുഭവത്തിന്റെ വെളിച്ചത്തിലാണെങ്കിൽ, ദൈവമില്ല എന്ന അവിശ്വാസിയുടെ വാദം ശാസ്ത്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്, അതൊരു അനുഭവമല്ല. ഇനി ഇല്ല എന്ന് തെളിയ്ക്കപ്പെടാതവ ഉണ്ടെന്ന് അങ്ങീകരിക്കണം എന്നാണ് ഈ വാദം കൊണ്ട് വിശ്വാസികള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്ന് ചോതിച്ചോട്ടെ, ഡിങ്കന്‍ എന്നൊരു ദൈവമുണ്ടെന്നും ഡിങ്കനാണ് യഥാര്‍ത്ഥ ദൈവമെന്നും, നിങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളെല്ലാം ഡിങ്കന്‍റെ സൃഷ്ടികളാണ് എന്നുമൊക്കെ പറഞ്ഞുകൊണ്ട് ഡിങ്കമത വിശ്വാസികള്‍ ഒരു പുസ്തകമിറക്കിയാല്‍ ഡിങ്കനില്ല എന്ന് തെളിയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. പക്ഷെ അത് ഡിങ്കന്‍ ഉണ്ട് ഏന്നതിനുള്ള തെളിവായ് എടുത്ത്, ഡിങ്കനാണ് യഥാര്‍ത്ഥ ദൈവം എന്ന് അങ്ങീകരിച്ച് ഡിങ്കമതം സ്വീകരിക്കാന്‍ നിലവിലുള്ള മറ്റു മതവിശ്വാസികള്‍ തയ്യാറാകുമോ??
എല്ലാം ഒരു വിശ്വാസം അല്ലെ?
ചോദ്യം :
എല്ലാം ഒരു വിശ്വാസം അല്ലെ? യുക്തിവാദികളടക്കം സകലരും വിശ്വാസികളാണ്. ആശുപത്രിയിൽ പോയാൽ അസുഖം മാറുമെന്നതും ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്ന റോക്കറ്റ് അവിടെ എത്തും എന്നതും കേവലം വിശ്വാസം തന്നെ അല്ലെ? അങ്ങനെ നോക്കുമ്പോള്‍ നാസ്ഥികതയും ഒരു മതം തന്നെയാണ് നാസ്തികര്‍ ദൈവം ഇല്ലാ എന്ന് വിശ്വസിക്കുന്ന ഒരു മതവിഭാഗം ആണ്.
ഉത്തരം :
ആശുപത്രിയിൽ പോയാൽ അസുഖം മാറുമെന്നതും ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്ന റോക്കറ്റ് അവിടെ എത്തും എന്നതും കേവലം വിശ്വാസം അല്ല. കാര്യകാരണ ബന്ധം വിശദീകരിക്കാൻ പറ്റുന്ന ഊഹമാണവ രണ്ടും. ലളിതമായ ഒരു ഉദാഹരണസഹിതം പറഞ്ഞാല്‍ കയ്യിലുള്ള കല്ല് കൊണ്ടെറിഞ്ഞാൽ മാങ്ങ വീഴും എന്നത് പ്രാർത്ഥിച്ചാൽ കാര്യം സാധിക്കും എന്നതു പോലുള്ള ഒരു വിശ്വാസം അല്ല. കൈയിലുള്ള കല്ല് മുതൽ മാങ്ങവരെ ഉള്ള ബന്ധം ഭൗതികമായി വിശദീകരിക്കാൻ പറ്റും. അതുകൊണ്ട് തന്നെ, എറിഞ്ഞാൽ മാങ്ങ വീഴും എന്നത് ഒരു പ്രവചനമാണ്. പക്ഷെ താങ്കള്‍ക്ക് നാളെ എന്ത് സംഭവിക്കും എന്നത് പ്രവചിക്കാനാവില്ല. കാരണം, കാര്യകാരണ ബന്ധം വിശദീകരിക്കാൻ പറ്റുന്ന ഊഹവും, നാളെ എന്ത് സംഭവിക്കും എന്ന തരത്തില്‍ ഉള്ള കാര്യകാരണ ബന്ധം വിശദീകരിക്കാൻ പറ്റാത്ത വിശ്വാസവും ഒരുപോലെയല്ല. അതായത് മതങ്ങളുടെ പ്രവചനവും ശാസ്ത്രത്തിന്‍റെ പ്രവചനവും ‘പ്രവചനം’ എന്ന വാക്കിന്‍റെ കാര്യത്തിൽ മാത്രമേ പൊരുത്തമുള്ളൂ. ബാക്കിയെല്ലാംകൊണ്ടും അവ വിഭിന്നമാണ്. ഇങ്ങനെ കാര്യകാരണ ബന്ധം വിശദീകരിക്കാനാവാത്ത എല്ലാം അന്ധവിശ്വാസമാണ്.
പിന്നെ, നാസ്ഥികതയും ഒരു മതം തന്നെയാണ് നാസ്തികരും ദൈവം ഇല്ലാ എന്ന് വിശ്വസിക്കുന്ന ഒരു മതവിഭാഗം ആണ് എന്ന് പറയുന്നത് ഫുട്ബോള്‍ കളിക്കാതിരിക്കുന്നത് ഒരു കളിയാണ്, ഫുട്ബോള്‍ കളിക്കാത്തവരും കളിക്കാരാണ് എന്ന് പറയുന്ന പോലെ ആണ്.
ദൈവം ഇല്ലെങ്കില്‍ തേങ്ങയില്‍ വെള്ളം എങ്ങനെ നിറയുന്നു,
ചോദ്യം :
ദൈവം ഇല്ലെങ്കില്‍ തേങ്ങയില്‍ വെള്ളം എങ്ങനെ നിറയുന്നു, എങ്ങനെ വ്യത്യസ്തരായ കോടാനുകോടി മനുഷ്യരും മൃഗങ്ങളും ഒക്കെ ഉണ്ടാവുന്നു. ഒന്നും തനിയെ സംഭവിക്കില്ലല്ലോ. അത്കൊണ്ട് ദൈവം ഉണ്ട്.
ഉത്തരം :
നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കെല്ലാം കാരണം ദൈവം ആണ് എന്ന് പറഞ്ഞ് ഒറ്റവാക്കില്‍ ‘ഉത്തരം’ കണ്ടെത്താന്‍ (ഉത്തരം കണ്ടെത്തിയ പോലെ തോന്നിപ്പിച്ച് തന്നെത്തന്നെ വഞ്ചിക്കാന്‍) വളരെ എളുപ്പമാണ്. പക്ഷെ ആ ഉത്തരത്തില്‍ എങ്ങനെ എത്തി എന്ന് തെളിയ്ക്കേണ്ട ചുമതല കൂടി നിങ്ങള്‍ക്കുണ്ട്. നിഗൂഢതകള്‍ ദൈവം ഉണ്ട് എന്നതിന് തെളിവല്ല, അത് നിഗൂഡമായ പല കാര്യങ്ങളും ഉണ്ട് എന്നതിനുള്ള തെളിവ് മാത്രമാണ്. നിഗൂഢമായ എന്തിന്‍റെയും കാരണക്കാരന്‍ ദൈവം ആണ് എന്ന്‍ നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവും ഒപ്പം നല്‍കണം. മാത്രമല്ല, തനിയെ ഒന്നും സംഭവിക്കില്ല എന്നതാണ് നിങ്ങള്‍ ദൈവം ഉണ്ട് എന്ന് പറയാന്‍ കാരണം എങ്കില്‍ ദൈവവും തനിയെ സംഭവിച്ചതാവില്ലല്ലോ. ദൈവത്തിന് ഒരു സൃഷ്ടാവുണ്ടാവും, ആ സൃഷ്ടാവിന് ഒരു സൃഷ്ടാവുണ്ടാവും. അതങ്ങനങ്ങനെ പോവും. ഇനി ദൈവം തനിയെ ഉണ്ടായതാണ് എന്നാണു അതിനുള്ള എതിര്‍വാദം എങ്കില്‍ എന്തുകൊണ്ട് തെങ്ങയിലെ വെള്ളവും, വ്യത്യസ്തരായ കോടാനുകോടി മനുഷ്യരും, പ്രപഞ്ചവും ഒക്കെ തനിയെ ഉണ്ടായ്ക്കൂട??
ദൈവം ഇല്ല എന്ന് നിങ്ങള്‍ എന്തടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു?
ചോദ്യം :
സയന്‍സ് ഭാവിയില്‍ പലതും കണ്ടെത്തും, പുതിയ തെളിവുകള്‍ വരും. അന്ന് ഇന്ന് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ഇന്നത്തെ നിലയില്‍ അപഹാസ്യവും യുക്തിഹീനവുമെന്ന് തോന്നുന്ന വിശ്വാസങ്ങള്‍ തെളിയിക്കപ്പെടില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ ഉറപ്പ് പറയാനാവും? മൈക്രോവേവ് രശ്മികളും, ഗുരുത്വ തരംഗങ്ങളും മറ്റും കണ്ട് പിടിക്കുന്നതിന് മുപേ നിങ്ങള്‍ അവ ഉണ്ടാവാമെന്ന സാധ്യതകള്‍ അങ്ങീകരിച്ചിരുന്നല്ലോ, അത് കൊണ്ട് ദൈവം ഇല്ല എന്ന് നിങ്ങള്‍ എന്തടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു?
ഉത്തരം :
ഒന്നിലധികം ന്യായവൈകല്യങ്ങള്‍ ഈ വാദത്തിലുണ്ട്. ഒന്നാമാതായ് ഒരു വസ്തു ഉണ്ടാവാമെന്ന സാധ്യത പറയണമെങ്കിലും വേണ്ടേ ഒരൽപം തെളിവ്. ഉദാഹരണത്തിന്, ഫ്രഞ്ച് മാത്തമാറ്റിഷ്യൻ ആയിരുന്ന Le Verrier, (1811-1877) യൂറന്സ് എന്ന ഗ്രഹത്തിന്റെ ഓർബിറ്റിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം മറ്റേതോ ഒരു ആകാശഗോളത്തിന്റെ സ്വാധീനം കൊണ്ടാകാമെന്നു ഒരുസാധ്യത മുന്നോട്ടുവച്ചു, അത് പിന്നീട് നെപ്ട്യൂൺ എന്ന ഗ്രഹം കണ്ടെത്താനിടയാക്കി. അദ്ദേഹം ഉണ്ടാക്കിയ മാത്തമാറ്റിക്കൽ മോഡൽ കൊണ്ടുമാത്രമായിരുന്നു ഈ പ്രവചനം. അദ്ദേഹത്തിന് ലഭിച്ച ആ “അൽപ്പം” തെളിവ് യൂറന്സിന്റെ ഓർബിറ്റിൽ ഉണ്ടായ വ്യത്യാസമായിരുന്നു. സയൻസ് ഒരുകാര്യം പ്രവചിക്കുന്നത് ഇത്തരത്തിലാണ്. ഇതുപോലെ ന്യായമായ ഒരു “അൽപ്പം” തെളിവ് ദൈവത്തിൻറെ കാര്യത്തിൽ ഇല്ല. ഇനി ന്യായമായ തെളിവില്ലാതെ പരിഗണിക്കാൻ പോയാൽ ഏതിനെയൊക്കെ പരിഗണിക്കേണ്ടി വരും? അതൊരു വലീയ ലിസ്റ്റാണ് അവിടെ ആദ്യത്തെ ഉത്തരത്തില്‍ പറഞ്ഞ സകല ദൈവങ്ങളുടെയും സൃഷ്ടാവായ ഡിങ്കൻ മുതൽ ഹാരിപോട്ടർ വരെയുണ്ടാകും.
പിന്നെ സയന്‍സ് നാളെ കൊണ്ടുവരുന്ന പുതിയ തെളിവുകള്‍ നിങ്ങളുടെ ചക്കരവിശ്വാസങ്ങളെ(ദൈവം, മാടന്‍, ജ്യോതിഷം, ഡിങ്കന്‍) സംരക്ഷിക്കുമെന്നും സാധൂകരിക്കുമെന്നുമാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ വാദത്തിന് വേണ്ടി സമ്മതിക്കാം. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ സയന്‍സ് അനുകൂല തെളിവ് നല്‍കുന്നില്ല, ഉള്ളത് വിരുദ്ധവുമാണ്. അക്കാര്യത്തില്‍ നിങ്ങള്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ ഭാവിയില്‍ സയന്‍സ് കൂടുതല്‍ അനുകൂല തെളിവ് കൊണ്ടുവരുമെന്ന് കരുതുക. അവ നിങ്ങളുടെ വിശ്വാസങ്ങളെ സാധൂകരിക്കുമെന്നും പ്രത്യാശിക്കുക.
അങ്ങനെയെങ്കില്‍ ചോദ്യമിതാണ്: അത്തരം തെളിവുകള്‍ നിങ്ങളുടെ വിശ്വാസങ്ങളെ സാധൂകരിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാവും? അവ കൂടി എതിരാകാനുള്ള സാധ്യതയല്ലേ കൂടുതല്‍? ഭാവിതെളിവുകള്‍ അനുകൂലമാകാനും എതിരാകാനും അമ്പത് ശതമാനം സാധ്യതയല്ലേ ഇപ്പോള്‍ കല്‍പ്പിക്കാനാവൂ? അതായത് പരമാവധി ഫിഫ്റ്റി-ഫിഫ്റ്റി! വാസ്തവത്തില്‍ ഭാവിതെളിവുകള്‍ നിലവിലുള്ള തെളിവുകള്‍ക്ക് അനുകൂലവും അനുസൃതവുമാകാനുള്ള സാധ്യതയല്ലേ കൂടുതല്‍? സിനിമ കണ്ടാല്‍ തലവേദന മാറുമെന്ന് വിശ്വസിച്ച് തിയേറ്ററില്‍പോകാം. പക്ഷെ സിനിമ കണ്ടാല്‍ തലവേദന കൂടാനുള്ള സാധ്യത കൂടി തള്ളിക്കളയാനാവില്ല.
സമാനമായി, ജീവിതത്തില്‍ മറ്റേതെങ്കിലും കാര്യങ്ങളില്‍ ഭാവി അനുകൂല തെളിവുകള്‍ ഉണ്ടായിക്കൊള്ളും എന്ന് സങ്കല്‍പ്പിച്ച് വര്‍ത്തമാനത്തില്‍ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാറുണ്ടോ? ഉദാ:- തീരെ കാഴ്ചയില്ലാത്ത ഒരാളെ നിങ്ങളുടെ ഡ്രൈവറായി നിയമിക്കുമോ, അതോ മാറ്റിനിര്‍ത്തുമോ? നാളെ അയാളുടെ മസ്തിഷ്‌ക്കത്തില്‍ എന്തെങ്കിലും അത്ഭുതപ്രവര്‍ത്തനങ്ങള്‍ അരങ്ങേറി പൂര്‍ണ്ണമായ കാഴ്ച വീണ്ടുകിട്ടിയാലോ? സംഭവിക്കില്ലെന്ന് ആര്‍ക്ക് തീര്‍ത്തു പറയാനാവും? അങ്ങനെയൊക്കെ സംഭവിച്ചതായി കഥകളില്ലേ?
വിമ്മിഷ്ട്ടം കാരണമാണ് നാസ്തികര്‍ ഇങ്ങനൊക്കെ പറയുന്നത്.
ചോദ്യം :
തങ്ങളുടെ പ്രാര്‍ത്ഥനകള്‍ നടക്കാതെ വന്നതിലുള്ള നിരാശയും, ദൈവത്തോടുള്ള കോപവും ഒക്കെ കൂടിയുള്ള ഒരു വിമ്മിഷ്ട്ടം കാരണമാണ് നാസ്തികര്‍ ഇങ്ങനൊക്കെ പറയുന്നത്.
ഉത്തരം :
നേരിട്ടും അല്ലാതെയും മതം അടിച്ചേൽപ്പിക്കുന്ന പ്രവണതയുള്ള മനുഷ്യരുള്ള കുടുംബത്തിലും സമൂഹത്തിലും ജനിച്ചുവീണവർ ആയതിനാൽ, ഭൂരിഭാഗം നാസ്ഥികരും വിശ്വാസികളായി തന്നെ ആയിരിക്കും ഒരു പ്രായം വരെയെങ്കിലും വളർന്നിരിക്കുക. “എന്തുകൊണ്ട് എന്റെ പ്രാർത്ഥനകൾ ഫലിക്കുന്നില്ല” എന്നതായിരിക്കും അവരിൽ പലരിലും യുക്തിയുടെയും സംശയത്തിന്റെയും ആദ്യ വിത്തുകൾ പാകിയിട്ടുണ്ടാവുക എന്നതും ശെരിയാകാം. പക്ഷെ മതം, ദൈവ വിശ്വാസം തുടങ്ങിയവ പൂർണ്ണമായ് ഉപേക്ഷിച്ചതിനു ശേഷം, പ്രാർത്ഥിക്കാൻ മെനക്കെടാത്ത കാരണം നിരാശയുമില്ല, ഇല്ല എന്ന് ബോധ്യപ്പെട്ട ഒരു വസ്തുവിനോട് കോപവും ഇല്ല.
ഉദാഹരണത്തിന് കൊച്ചുകുട്ടികൾ ആയിരിക്കുമ്പോൾ കയ്യോ കാലോ മറ്റൊ കസേരയിലോ, മേശയിലോ തട്ടി വേദനിച്ചു കരഞ്ഞാൽ ചിലപ്പോൾ നിങ്ങളുടെ അമ്മ മേശയേയും, കസേരയെയും, ഒക്കെ തല്ലുന്ന പോലെ കാണിച്ച് നിങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിക്കും. മേശയ്ക്കു രണ്ടു തല്ല് കൊടുത്തപ്പോൾ നിങ്ങൾ കരച്ചിൽ നിർത്തിയും കാണും. കുറച്ചൂടെ വളർന്നു വലുതായപ്പോൾ മേശയും കസേരയും ഒക്കെ മനഃപൂർവ്വം നിങ്ങളെ വേദനിപ്പിക്കാനോ വേദനിപ്പിക്കാതിരിക്കാനോ ശേഷിയുള്ള ജീവികൾ ഒന്നുമല്ല എന്ന് നിങ്ങൾ യുക്തി ഉപയോഗിച്ച് തനിയെ മനസ്സിലാക്കി. അല്ലാതെ ഇപ്പൊ വളർന്ന് വലുതായത്തിന് ശേഷവും കാല് മേശയിലോ കസേരയിലോ തട്ടിയാൽ, ഇത്രേം കാലമായിട്ടും നിങ്ങളോടു സ്നേഹത്തോടെ പെരുമാറാത്ത കസേരയെ ഓർത്ത് നിരാശപ്പെടുകയോ മേശയോടുള്ള കോപം തീർക്കാൻ തിരിച്ചടിക്കുകയോ ചെയ്യാറില്ലല്ലോ?? ഇല്ല എന്നാണ് ഉത്തരമെങ്കിൽ എന്തുകൊണ്ട് നാസ്ഥികര്‍ക്ക് പ്രാർത്ഥന നടക്കാത്തതിൽ നിരാശയോ, ദൈവത്തോട് കോപമോ ഇല്ലാ എന്ന് മനസ്സിലാക്കാനും നിങ്ങള്‍ക്ക് സാധിക്കും.
ദൈവം ഉണ്ട് / ഇല്ല എന്നുള്ളത് അവിടെ നിക്കട്ടെ പക്ഷെ വിശ്വാസം ഒരു ആശ്വാസം നല്കുന്നില്ലേ
ചോദ്യം :
ദൈവം ഉണ്ട്/ഇല്ല എന്നുള്ളത് അവിടെ നിക്കട്ടെ പക്ഷെ വിശ്വാസം ഒരു ആശ്വാസം നല്കുന്നില്ലേ, പിന്നെ നിങ്ങളെന്തിനാണ് അത് നിരുത്സാഹപ്പെടുത്തുന്നത്.
ഉത്തരം :
ജീവിതത്തിലെ ആഘാതങ്ങള്‍ നേരിടാന്‍ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമായ ഒരു പ്രതിരോധരീതി സ്വീകരിക്കുകയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും കാലവും യാഥാര്‍ത്ഥ്യബോധവും ക്രമേണ ആശ്വാസമരുളും. മതകഥ നല്‍കുന്ന ആശ്വാസം മിഥ്യയാണ്. മതം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ മാത്രമേ മതവിശ്വാസത്തിന് കഴിയൂ. പലവിശ്വാസങ്ങളില്‍ ആശ്വാസം കണ്ടെത്തി ശീലിക്കുന്നവര്‍ക്ക് അവ ആശ്വാസം നല്‍കിയെന്ന് വരാം. പക്ഷെ മദ്യപിച്ച് ധൈര്യം സംഭരിച്ച് സ്റ്റേജില്‍ കയറി ശീലിച്ചിട്ടുള്ള ഒരുവന്‍ “പരിപാടിക്ക് മുമ്പ് ഒരല്‍പ്പം സേവിച്ചാല്‍ അടിപൊളി പെര്‍ഫോമന്‍സായിരിക്കും” എന്നു പറയുന്നതു പോലെയാണ് പ്രാര്‍ത്ഥന, മതവിശ്വാസം തുടങ്ങിയവ ആശ്വാസം നല്‍കുന്നു എന്ന് പറയുന്നത്.
മതാധിഷ്ഠിത സമൂഹത്തിലേക്കു പിറന്നു വീഴുന്ന ഒരു വ്യക്തിയെ വളരെ ചെറിയ പ്രായത്തില്‍തന്നെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ ദൈവത്തെയും നരകത്തെയും ഒക്കെ കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തി അവന്‍റെ ആത്മവിശ്വാസവും, സ്വാശ്രയബോധവും, മതം എന്ന പൊട്ടക്കിണറ്റില്‍ എറിഞ്ഞുകളയാന്‍ പ്രേരിപ്പിക്കുന്നു. പിന്നീട് മതാചാരങ്ങളിലൂടെ അവ തിരിച്ചുപിടിക്കാന്‍ ശീലിപ്പിക്കുന്നു. മൊത്തത്തില്‍ ലാഭമൊന്നുമില്ല, എന്നാല്‍ നഷ്ടം ഉണ്ടുതാനും. ഉദാഹരണത്തിന് ഒരു നാസ്തികന്‍ പരീക്ഷ ജയിക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം വിശ്വാസിയും ചെയ്യണം. വിശ്വാസിക്ക് സമാന ആശ്വാസം ലഭിക്കാന്‍ അതിനൊപ്പം ഇരട്ടിപ്പണി കൂടിയുണ്ട്. അതായത് മതം അനുഷ്ഠിക്കണം (പ്രാര്‍ത്ഥന, നേര്‍ച്ച, വഴിപാടുകള്‍). ചുരുക്കിപ്പറഞ്ഞാല്‍ ഊര്‍ജ്ജം, സമയം, ധനം, ആത്മവിശ്വാസം….നഷ്ടം!!
പിന്നെ നിങ്ങള്‍ ചോദ്യത്തില്‍ പറഞ്ഞ ആ ‘ആശ്വാസം’ എന്ന മിഥ്യയുടെ ഒപ്പം മതം ചിലര്‍ക്ക് ആവേശവും നല്‍കുന്നുണ്ട്. ആ ആവേശം കൂടി ചിലര്‍ മതബ്രാന്തന്മാര്‍ ആവാറുണ്ട്. മതബ്രാന്ത് കൂടി ചിലര്‍ തീവ്രവാദത്തിലേക്ക് തിരിയാറുമുണ്ട്. തീവ്രവാദികൾ മറ്റുള്ളവർക്ക് കൊടുക്കുന്ന ‘ആശ്വാസത്തെ’ കുറിച്ച് അറിയാമല്ലോ. അപ്പോൾ ഇവക്കെല്ലാം മൂലകാരണമായ മതത്തെ എന്തുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നു എന്ന് കൂടുതൽ പറയേണ്ടല്ലോ ??
ഈ മതപുസ്തകം വായിക്കു, ദൈവമുണ്ട് എന്നതിന് അനേകം തെളിവ് അതില്‍ ഉണ്ട്.
ചോദ്യം :
നിങ്ങള്‍ ആദ്യം ഈ മതപുസ്തകം വായിക്കു (തര്‍ക്കിക്കുന്ന ആളുടെ മത പുസ്തകം ആയിരിക്കും മിക്കപ്പോഴും എടുത്തു പറയുന്നത്) ദൈവമുണ്ട് എന്നതിന് അനേകം തെളിവ് അതില്‍ ഉണ്ട്.
ഉത്തരം :
പൊട്ടാസിയം സയനൈഡ് വിഷയമല്ല, അത് ക്യാൻസറിനെതിരെ ഉള്ള ഒന്നാന്തരം വാക്‌സിൻ ആണെന്നും, സയനൈഡ് വിഷമാണെന്ന് പറയുന്നത് മരുന്ന് ലോബി ആണെന്നും ദൈവവിളി ലഭിച്ച ഒരു ശാസ്ത്രജ്ഞൻ ഒരു പുസ്തകത്തിൽ എഴുതി വച്ചിട്ട്, ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ളതെല്ലാം ദൈവവചനങ്ങളും പരമമായ സത്യങ്ങളും ആണെന്ന് കൂടി എഴുതിയാൽ അതൊരു തെളിവായി എടുത്ത് സയനൈഡ് കഴിച്ചു നോക്കി കാൻസർ ചികിൽസിക്കാൻ നിങ്ങൾ തയ്യാറാകുമോ, ഇല്ലല്ലോ?
നിങ്ങളുടെ മത പുസ്തകത്തിൽ ഉണ്ടെന്നുള്ളത് ഒരു തെളിവല്ല. കാരണം മതപുസ്തകങ്ങൾ കഥകൾ ആണ്. അല്ലാതെ പരീക്ഷണ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ എഴുതിയ ശാസ്ത്ര ഗ്രന്ഥം ഒന്നുമല്ല. അതുകൊണ്ട് പുസ്തകത്തിൽ എന്തെഴുതി എന്നല്ല, പുസ്തകത്തിൽ എഴുതി എന്ന് പറയുന്നവ ശാസ്ത്രീയമായി തെളിയ്ക്കപ്പെട്ടിട്ടുണ്ടോ എന്നതിലാണ് കാര്യം.
ലോകത്തു ഏറ്റവും കൂടുതൽ കൊല്ലും കൊലയും നടന്നിരിക്കുന്നത് മതത്തിന്റെ പേരിൽ അല്ല.
ചോദ്യം :
ലോകത്തു ഏറ്റവും കൂടുതൽ കൊല്ലും കൊലയും നടന്നിരിക്കുന്നത് മതത്തിന്റെ പേരിൽ അല്ല. അത് നടത്തിയിരിക്കുന്നത് നിരീശ്വരവാദികളായ ചില നേതാക്കന്മാർ ആണ്. അതുകൊണ്ട് നിങ്ങള്‍ മതത്തെ മാത്രം കുറ്റം പറയണ്ട നിരീശ്വരവാദവും ഒരു അപകടകരമായ ഫിലോസഫി ആണ്.
ഉത്തരം :
ഈ വാദത്തില്‍ പറഞ്ഞ ഒരു കാര്യത്തില്‍ അല്പം അതിശയോക്തി ഉണ്ട്. നിങ്ങള്‍ തര്‍ക്കിക്കാന്‍ പറഞ്ഞ നേതാക്കന്മാരൊന്നും മനുഷ്യകുരുതിയുടെ കാര്യത്തില്‍ കുരിശു യുദ്ധത്തിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മറികടന്നു കാണില്ല എന്ന് ഒരു കണക്കെടുപ്പ് നടത്തിയാല്‍ ബോദ്ധ്യപ്പെടും. പക്ഷെ അതവിടെ നിക്കട്ടെ നമുക്ക് യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കാം.
ഒരു വ്യക്തി വിശ്വാസിയോ അവിശ്വാസിയോ ആയിക്കൊള്ളട്ടെ നല്ലയാളുകൾ നല്ല കാര്യങ്ങൾ ചെയ്യും, അല്ലാത്തവർ മറിച്ചും, പക്ഷെ ഒരു നല്ല വ്യക്തിയെ കൊണ്ട് ചീത്തകാര്യങ്ങൾ ചെയ്യ്‌ക്കാൻ മതത്തിനെ കൊണ്ടേ കഴിയൂ. ഒരു സംഗതി ഒരു ആശയത്തിന്റെ അക്കൗണ്ടിൽ ചേർക്കുന്നത് ആ സംഗതി എത്രമാത്രം ആശയവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് നോക്കിയാണ്. ഒരു യുക്തിവാദി/വിശ്വാസി അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസിയെ കൊന്നാൽ അത് അയാളുടെ ആശയത്തിന്റെ കണക്കിൽ വരില്ല. അപ്പോൾ ഒരാൾ ചെയ്യുന്ന പ്രവർത്തി അയാളുടെ ആശയത്തിന് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട് എന്ന് നോക്കണം. ലോകത്തിൽ ഒരു യുക്തിവാദിയും നിരീശ്വരവാദിയും ആ ആശയങ്ങളുടെ പ്രചാരണത്തിനോ അതിനു ഗുണകരമാകുന്നതിനോ ഒരു കൊല പോലും ചെയ്തതായി തെളിയിക്കാനാകില്ല. മറ്റു പല ആശയങ്ങളുടെയും, ഉദാഹരണത്തിന് കമ്മ്യുണിസത്തിന്റെ, പ്രചാരണത്തിനായി കൊലകൾ നടത്തിയിട്ടുണ്ടാകാം. അവരും നിരീശ്വരവാദികളായിരുന്നു എന്നേയുള്ളൂ. ഇതാണ് ഈ കൊലയാളികളും യുക്തിവാദ/നിരീശ്വരവാദികളും തമ്മിലുള്ള ഏക ബന്ധം.
എന്നാൽ ഭീകരവാദികളുടെ കൊലകൾ എന്നത് ദൈവപ്രീതിക്കായി നടത്തപ്പെടുന്ന ദിവ്യ നരബലികളാണ്. അതൊരു ആശയത്തിന്റെ പ്രചാരണത്തിനായി അതിന്റെ പിൻബലത്തിൽ നടത്തപ്പെടുന്നവയാണ്. അതുകൊണ്ട് തന്റെ വിശ്വാസത്തിനും ആശയത്തിനും നേട്ടമുണ്ടാകുന്നുണ്ട്. ആനേട്ടം ആ ആശയം അംഗീകരിക്കുന്ന എല്ലാവരിലും വീതിക്കപ്പെടുന്നുമുണ്ട് എന്നതിനാലാണ് അതിലെ എല്ലാ അംഗങ്ങളുടെയും നിശ്ശബ്ദ സമ്മതവും ന്യായീകരണങ്ങളും പ്രാർത്ഥനയും ഒക്കെ ഇവർക്ക് ലഭിക്കുന്നത് അതാണവരുടെ കരുത്ത്.
ദൈവത്തിന്‍റെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ ദൈവം ഇല്ലന്ന് പറയുന്നത്.?
ചോദ്യം :
എല്ലാ കാര്യത്തിനും നിങ്ങള്‍ പറയുന്ന അതേ രീതിയില്‍ തെളിവുകള്‍ നല്‍കാന്‍ സാധിക്കണം എന്നുണ്ടോ. ശാസ്ത്രീയമായ തെളിവുകള്‍ക്കപ്പുറത്ത് അനുഭവം എന്നൊന്നുണ്ട് ലോകത്തിലെ ഭൂരിഭാഗം ആളുകളും ദൈവമുണ്ട് എന്ന് ദൈവത്തിന്‍റെ സാന്നിദ്ധ്യം നേരിട്ടനുഭവിച്ചറിഞ്ഞു വിശ്വസിക്കുന്നവര്‍ ആണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ ദൈവം ഇല്ലന്ന് പറയുന്നത്.
ഉത്തരം :
ഒരുകഥ നൂറുപേർ വയ്ക്കുമ്പോൾ അതിലെ കഥാപാത്രങ്ങളും കഥയിലെ സ്ഥലങ്ങളും ഈ വായിക്കുന്ന നൂറുപേർക്കും നൂറുരീതിയിലായിരിക്കും അനുഭവപ്പെടുക, ഇങ്ങനെ അനുഭവങ്ങൾ പലയാളുകളിലും പലരീതിയിൽ ആകുമ്പോൾ അനുഭവങ്ങളെ വച്ച് ഒരുകാര്യം കൃത്യമായി പറയുക അസാധ്യമാണ്, ഇനി ശാസ്ത്രം ( science) ഒരുകാര്യം സ്ഥിതീകരിക്കുന്നത് അനുഭവസാഹിത്യങ്ങളെ വാച്ചല്ല ഇവിടെ അത് അനുഭവങ്ങൾക്കും ഉപരിയായി തെളിയിക്കപ്പെടണം, അസത്യവൽക്കരണം സാധ്യമാവണം, അത് എവിടെവച്ചു പരീക്ഷിച്ചാലും ഫലം ഒരുപോലായിരിക്കണം, അത് ഒരുതവണ സംഭവിച്ചാൽ പോര പിന്നീടവ ആവര്‍ത്തിക്കാവുന്നതുകൂടി ആയിരിക്കണം,
1917ൽ ഫാത്തിമ നഗരത്തിൽ വച്ച് ആയിരക്കണക്കിന് വരുന്ന കത്തോലിക്കർക്ക് സൂര്യൻ ഭൂമിയിലേക്ക് പൊട്ടി വീണതായ് ഒരനുഭവം ഉണ്ടായ്. കത്തോലിക്കാ സഭ അതൊരു അത്ഭുത പ്രവർത്തി ആയ് ഏറ്റെടുക്കുകയും ചെയ്തു. ഭൂരിഭാഗം പേർക്കും ഉണ്ടായ അനുഭവം ആയാകാരണം സൂര്യൻ ഭൂമിയിലേക്ക് പൊട്ടി വീണു എന്നത് സത്യമാവുന്നുണ്ടോ?
നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വിശ്വസിക്കണ്ട. പക്ഷെ എന്തിനിങ്ങനെ ആളുകളുടെ വിശ്വാസങ്ങളെ താറടിച്ചു സംസാരിക്കുന്നു ?
ചോദ്യം:
നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വിശ്വസിക്കണ്ട. പക്ഷെ എന്തിനിങ്ങനെ ആളുകളുടെ വിശ്വാസങ്ങളെ താറടിച്ചു സംസാരിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കണം.
ഉത്തരം:
മനുഷ്യന്‍റെ യുക്തിക്ക് നിരക്കാത്ത 2000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ബാലിശമായ വിശ്വാസങ്ങള്‍ പൊക്കിപ്പിടിച്ചിട്ട്, എന്‍റെ വിശ്വാസങ്ങളെ ബഹുമാനിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. വിശ്വാസങ്ങളെ ആണ് എതിര്‍ക്കുന്നത്; വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശത്തെയല്ല.
ഉദാഹരണത്തിന്, ഭൂമി ഗോളാകൃതി ആണെന്നതിന് ഉപഗ്രഹങ്ങള്‍ ലൈവ് വീഡിയോ വരെ അയച്ച് തെളിവുകൾ ലഭ്യമാക്കുന്ന ഇന്നത്തെ കാലത്തും ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കണമെങ്കില്‍ ആയിക്കോളൂ, ആരും തടയുന്നില്ല. പക്ഷെ മറ്റുള്ളവരും അത് അങ്ങീകരിക്കണം, ഭൂമി പരന്നതാണ് എന്ന വിശ്വാസത്തെ ബഹുമാനിക്കണം എന്നൊക്കെ പറഞ്ഞാല്‍ വല്യ ബുദ്ധിമുട്ടാണ്.
കാരണം വിശ്വാസത്താൽ നയിക്കപ്പെടുന്നവൻ ഹൈവേയിലെ കാളവണ്ടിക്കാരനാണ്. 150 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുന്ന വാഹനങ്ങൾക്കിടയിൽ 20 കിമീയിൽ പോകുന്നയാൾ ഒരാളാണെങ്കിൽ പോലും അയാൾ ഉണ്ടാക്കുന്ന പ്രശനം അതിന്റെ മൊത്തം ഉദ്ദേശത്തിനു വിരുദ്ധമായിരിക്കും. വിശ്വാസം സർക്കാരിന്റെ പല പദ്ധതികളും നടപ്പിൽ വരുത്തുന്നതിന് വിഘാതമാണ്. ഒരു സമൂഹം എന്നത് എല്ലാവരും അടങ്ങിയതാണ്. അപ്പോൾ ചിലരുടെ പ്രവർത്തികളുടെ ദോഷം എല്ലാവരെയും ബാധിക്കും എന്നതിനാൽ അത് യുക്തികൊണ്ട് തിരിച്ചറിഞ്ഞ യുക്തിവാദി അതിനെതിരെ പോരാടിയെ പറ്റൂ. നിങ്ങളുടെ അന്ധവിശ്വാസങ്ങളെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ പണിയല്ല
ഞാനും പണ്ട് കുറേ കാലം യുക്തിവാദം ഒക്കെ പറഞ്ഞ് നടന്നതാ
ചോദ്യം:
ഉന്നയിക്കുന്ന വാദങ്ങളുടെ വിശ്വാസ്യത കൂട്ടാന്‍ “ഞാനും പണ്ട് കുറേ കാലം യുക്തിവാദം ഒക്കെ പറഞ്ഞ് നടന്നതാ” എന്ന് ചേര്‍ക്കുന്ന രീതി.
ഉത്തരം:
ഞാനും പണ്ട് യുക്തിവാദിയായിരുന്നു. അതായത് എക്സ് യുക്തൻ. എന്നുപറഞ്ഞാൽ ഈ കളരിയിലൊക്കെ ഞാൻ കൊറേ പയറ്റിയതാണു എന്ന് ചുരുക്കം. യുക്തന്മാരെ നേരിടുമ്പോൾ തന്‍റെ എക്സ്പീരിയൻസ് സര്ട്ടിഫിക്കറ്റ് കാണിക്കുന്നത് ഒരു ആത്മവിശ്വാസത്തിനാണു. എന്നാല്‍ അയാള്‍ ഒരിക്കലും യുക്തിവാദിയായിട്ടില്ല എന്നതാണ് സത്യം. പക്ഷെ ഒരു യുക്തിവാദവിശ്വാസി ആയിരുന്നിരിക്കാം. അതായത് മതങ്ങളുടെ വെറുപ്പിക്കൽ സഹിക്കാതാവുമ്പോൾ, അല്ലെങ്കിൽ ഒരു ഫേഷൻ ആയിട്ടോ, ഒരു ചെയിഞ്ചിന് വേണ്ടിയോ ഒക്കെ യുക്തിവാദം സ്വീകരിച്ചവരാണവർ. യുക്തിവാദം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു സ്വീകരിച്ചതെങ്കിൽ അങ്ങനെ ഉപേക്ഷിക്കാനാവില്ല. ഞാനും പണ്ട് 5+3=8 എന്ന വിശ്വാസിയായിരുന്നു എന്നൊരാൾ പറഞ്ഞാൽ അർത്ഥം അതിന്റെ പൊള്ളത്തരം മനസ്സിലാക്കി ഇപ്പോൾ 5+3=9 എന്ന വിശ്വാസക്കാരനായി എന്നാണു.
പിന്നെ നിങ്ങൾ പണ്ട് വിശ്വാസിയോ, യുക്തിവാദിയോ, ശുദ്ധ വെജിറ്റേറിയനോ, മാംസാഹാരിയോ, കമ്മ്യൂണിസ്‌റ്റോ, ഫെമിനിസ്റ്റോ, കൊലയാളിയോ എന്തും ആയിക്കൊള്ളട്ടെ, പക്ഷെ നാസ്തികത എന്ന വിഷയത്തിൽ തെളിവ് മാത്രമാണ് പ്രധാനം. അതുകൊണ്ട് നിങ്ങൾ പണ്ട് യുക്തിവാദി ആയിരുന്നു എന്ന് പറയുന്നത് പിന്നീട് ശാസ്ത്രീയമായ, യുക്തിക്കു നിരക്കുന്ന തക്കതായ തെളിവുകൾ ലഭിച്ചപ്പോൾ ദൈവവിശ്വാസി ആയി എന്ന ധ്വനിയിൽ ആണെങ്കിൽ ആ തെളിവുകൾ നിരത്തി വാദിക്കു. അല്ലാതെ ഈ വിഷയത്തിൽ പണ്ട് യുക്തിതിവാദി ആയിരുന്നു, ശാസ്ത്രജ്ഞൻ ആയിരുന്നു എന്നുള്ള പിൻബലം ഒന്നും ആവശ്യമില്ലന്ന് മാത്രമല്ല, അത്തരം പിന്ബലങ്ങൾ നിങ്ങളുടെ വാദങ്ങളുടെ വിശ്വാസ്യത കൂട്ടുന്നുമില്ല. അത് നിങ്ങൾ ആയാലും ശെരി ഐൻസ്റ്റീൻ ആയാലും ശെരി, സ്റ്റീഫൻ ഹോക്കിങ് ആയാലും ശെരി.
എല്ലാ യുക്തിവാദികളും അവസാന നാളിൽ ദൈവത്തെ വിളിക്കുന്നത് ആണല്ലൊ കണ്ടുവരുന്നത്.
ചോദ്യം:
ദൈവമില്ലാന്നൊക്കെ ഇപോ പറയും, പക്ഷെ എല്ലാ യുക്തിവാദികളും അവസാന നാളിൽ ദൈവത്തെ വിളിക്കുന്നത് ആണല്ലൊ കണ്ടുവരുന്നത്.
ഉത്തരം:
ഇന്നുവരെ മദ്യപിക്കാത്ത ഒരാൾ രണ്ടെണ്ണം അടിച്ചാൽ മദ്യപാനം ശരിയാകുമോ? പുകവലിക്കാത്ത ഒരാൾ പുകവലിച്ചാൽ പുകവലി ശരിയാണെന്ന് പറയാൻ ആകുമോ? അതുപോലെ യുക്തിവാദിയെന്നല്ല ഏതു വാദി വിശ്വാസത്തിലേക്കുപോയാലും അത് ഒരിക്കലും ദൈവവിശ്വാസത്തെ ശരിവയ്ക്കുന്നതല്ല, മറിച്ച് മദ്യപാനത്ത്തിനോ പുകവലിക്കോ ഒരാൾ അടിമപ്പെടുന്നതുപോലെ വിശ്വാസത്തിൽ അടിമപ്പെട്ടു എന്നെ പറയാനാകൂ.
ദൈവമില്ലാന്ന് വിശ്വസിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ മതപരമായ പേരുകൾ മാറ്റുന്നില്ല?
ചോദ്യം :
ദൈവമില്ലാന്ന് വിശ്വസിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ മതപരമായ പേരുകൾ മാറ്റുന്നില്ല, എന്തിനു സംസാരിക്കുമ്പോള്‍ “ഓ മൈ ഗോഡ്” , “ദൈവത്തെ ഓർത്ത്” തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തുന്നു.
ഉത്തരം:
ചെറുപ്പം മുതലേ പറഞ്ഞു ശീലിച്ച ശൈലീപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് വിശ്വാസം കൊണ്ട് ആവണമെന്നില്ല. അതുപോലെ പേർ എന്നത് ഒരു ആശയത്തിന്റെ ഭാഷാന്തരീകരണം ആണ്. പേരുകൾ ഭാഷയിൽ നിന്നാണ്, അല്ലാതെ മതത്തിൽ നിന്നല്ല. അതാത് മതങ്ങൾ അതുണ്ടായ ചുറ്റുപാടിൽ ഉള്ള നല്ലകാര്യങ്ങൾ ഉപജീവിച്ചാണ് വളർന്നത്. വളർന്ന ശേഷം അത് അവരുടേതാക്കുകയും മറ്റുള്ളവർക്ക് അത് ‘ഹറാമാക്കുകയും’ ചെയ്തു. ഒരു പേരും ഒരു മതത്തിന്‍റെയും കുത്തകയല്ല. ഉദാഹരണമായി, അബ്ദുല്ല എന്ന പേർ അര്‍ത്ഥമാക്കുന്ന ആശയം തന്നെയാണ് ദേവദാസ്, യേശുദാസ് എന്ന പേരുകള്‍ അര്‍ത്ഥമാക്കുന്ന ആശയം. അതുപോലെ ഷംസു, സൂരജ്, സാംസണ്‍ എന്നീ മൂന്നു വ്യത്യസ്ത ഭാഷകളിലെ പേരുകള്‍ എല്ലാം അര്‍ത്ഥമാക്കുന്ന ആശയം സൂര്യൻ എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ മതങ്ങള്‍ക്ക് മുന്‍പേ മനുഷ്യര്‍ക്ക് പേരുകള്‍ ഉണ്ടായിരുന്നു. ആ പേരുകള്‍ ഉപയോഗിച്ചാണ് അന്ന് രൂപപെട്ട മതങ്ങള്‍ തങ്ങളുടെ കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ ഇട്ടത്. അല്ലാതെ അന്നില്ലാതിരുന്ന, അല്ലെങ്കില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു കൂട്ടം പുതിയ പേരുകള്‍ ഉപയോഗിച്ച്, ആ പേരുകള്‍ക്ക് മതപരമായ ഐടെന്‍ട്ടിറ്റി ഒന്നും കൊടുത്തുകൊണ്ടല്ല മത പുസ്തകങ്ങള്‍ എഴുതിയത്.
[TheChamp-Sharing]
ദൈവമില്ലന്നു വിശ്വസിക്കുന്ന നിങ്ങള്‍ എന്തിന് മതപരമായ കാരണങ്ങള്‍ക്ക് അനുവദിക്കുന്ന പൊതു അവധികള്‍ക്ക് അവധി എടുക്കുന്നു.
ചോദ്യം :
ദൈവമില്ലന്നു വിശ്വസിക്കുന്ന നിങ്ങള്‍ എന്തിന് മതപരമായ കാരണങ്ങള്‍ക്ക് അനുവദിക്കുന്ന പൊതു അവധികള്‍ക്ക്(ക്രിസ്മസ്, റംസാൻ തുടങ്ങിയവക്ക്) അവധി എടുക്കുന്നു.
ഉത്തരം :
ILOയുടെ ( ഇന്‍റെര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) മാനദണ്ഡങ്ങൾ പ്രകാരം ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾക്ക് 2 അവധി ദിനങ്ങൾ ആവശ്യമാണ്. ആ രീതിയിലുള്ള വിശ്രമം ലഭിച്ചെങ്കിൽ മാത്രമെ , പ്രവൃത്തി ദിനങ്ങളിലെ ജോലികൾ കാര്യക്ഷമമായി തീരുകയുള്ളൂ. അത് കൊണ്ടാണ് വിദേശരാജ്യങ്ങളിൽ ശനിയും ഞായറും അവധി ദിവസങ്ങളായിട്ടുള്ളത്..അവിടെ ഒരു വർഷത്തിൽ 104 അവധി ദിനങ്ങൾ ലഭിക്കും. എന്നാൽ ഇന്ത്യയിൽ ഏതാണ്ട് 30 ഓളം മറ്റു അവധിദിനങ്ങൾ വരുന്നത് കൊണ്ടാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയിട്ടുള്ളത്…മൊത്തം അവധി ഏകദേശം 100 തികയ്ക്കുന്നതിന് വേണ്ടിയാണ് രണ്ടാം ശനി അവധി ആക്കിയിട്ടുള്ളത്..അതുകൊണ്ട് വിശേഷ അവധി ദിനങ്ങൾ ആരെങ്കിലും നമുക്ക് നൽകിയ ഔദാര്യമല്ല. മറിച് നമ്മുടെ അവകാശമാണ്.
[TheChamp-Sharing]
നിങ്ങളും അവരും തമ്മില്‍ എന്ത് വ്യത്യാസം?
ചോദ്യം :
മതങ്ങളെയും മതപ്രചരണത്തെയും കുറ്റം പറയുന്ന നിങ്ങള്‍ നിരീശ്വരവാദം പ്രച്ചരിപ്പിക്കുന്നുണ്ടല്ലോ. പിന്നെ നിങ്ങളും അവരും തമ്മില്‍ എന്ത് വ്യത്യാസം?
ഉത്തരം :
മനുഷ്യൻറെ ചിന്തയെ മരവിപ്പിക്കുന്ന ഒരുപാടു കാരണങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മതവിശ്വാസം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആശയങ്ങളുമായി മതം തെരുവിലിറങ്ങി ഘോരഘോരം വാദിക്കുന്നത് ഗുഹാമനുഷ്യന്‍റെ കാലത്തേക്ക് തിരികെപോകാനാണ്, ഇതിനെതിരെയാണ് യുക്തിവാദികളുടെ പ്രചാരണം. മതം പോലെ പ്രചരിപ്പിക്കേണ്ടതോ, നിർബന്ധിച്ചു അടിച്ചേൽപ്പിക്കുന്നതോ ആയ ഒന്നല്ല യുക്തിവാദം. നിരീശ്വരവാദം അതിൽ ഒരു ബ്രാഞ്ച് മാത്രമാണ്. അന്ധമായ എല്ലാ വിശ്വാസങ്ങളെയും തള്ളിക്കളഞ്ഞ കൂട്ടത്തില്‍ തള്ളിക്കളയപ്പെട്ടതാണ് ദൈവമെന്ന ധാരണയും. ഒരാൾ, ഒരു നിരീശ്വരവാദിയാണെന്നു ഊന്നിപ്പറയണം എങ്കിൽ തന്‍റെ ഭാഗം വ്യക്തമാക്കേണ്ടി വരും. നിരീശ്വരവാദികൾ അത്രെയേ ചെയ്യുന്നുള്ളൂ. ഞങ്ങൾ ആരെയും നിരീശ്വരവാദത്തിലേക്കു മാമോദീസ മുക്കുന്നില്ല, ബ്രെയിൻ വാഷ് ചെയ്യുന്നില്ല. മസ്തിഷ്‌കം ആർക്കും പണയപ്പെടുത്താതിരിക്കൂ എന്ന് മാത്രമേ ഞങ്ങൾ അപേക്ഷിക്കുന്നുള്ളൂ. അതുകൊണ്ട് അവതമ്മിലുള്ള വ്യത്യാസമെന്നു പറയുന്നത് ബെൻസുകാറും കാളവണ്ടിയും തമ്മിലുള്ള വ്യത്യാസത്തെക്കാളേറെയാണ്. തെറ്റായ കാര്യം പ്രചരിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ശരിയായ കാര്യം പ്രചരിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. പ്രചാരണം എന്ന പ്രവൃത്തിയെ അല്ല എതിർക്കുന്നത്…എന്ത് കാര്യം പ്രചരിപ്പിക്കുന്നു എന്നതാണ് വിഷയം.
[TheChamp-Sharing]
ഒരു പക്ഷെ നിങ്ങളുടെ വാദങ്ങള്‍ തെറ്റാണെങ്കിലോ ?
ഒരു പക്ഷെ നിങ്ങളുടെ വാദങ്ങള്‍ തെറ്റാണെങ്കിലോ ? യഥാര്‍ത്ഥത്തില്‍ സ്വര്‍ഗവും നരകവും ദൈവങ്ങളുമൊക്കെ ഉണ്ടെങ്കില്‍ നിങ്ങളുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ??
നിങ്ങളുടെ മതം നിര്‍വചിക്കുന്ന ദൈവം തെറ്റാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഈ മറുചോദ്യം ആണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരം. അതായത് നിങ്ങള്‍ ഹൈന്ദവ ദൈവങ്ങളെ ആരാധിക്കുന്ന ഒരു ഹിന്ദു ആണെങ്കില്‍, മരണ ശേഷം ബൈബിള്‍ അല്ലെങ്കില്‍ ഖുറാന്‍ നിര്‍വചിക്കുന്ന ദൈവമാണ് യഥാര്‍ത്ഥ ദൈവം എങ്കില്‍ നിങ്ങളും ഈ പറഞ്ഞ നരകത്തില്‍ തന്നെ അല്ലെ എത്തിപ്പെടുക? യുക്തിപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ മതങ്ങള്‍ നിര്‍വചിക്കുന്ന ദൈവങ്ങളോ സ്വര്‍ഗ്ഗമോ നരകമോ ഒന്നും നിലനില്‍ക്കുന്നില്ല എന്നതിനാല്‍ അവ ഉണ്ടെങ്കിലോ എന്ന വാദത്തിന് പ്രസക്തിയില്ല. എന്നിരുന്നാലും ഒരു ഉദാഹരണ സഹിതം എന്തുകൊണ്ട്അങ്ങനൊരു പേടി ഇല്ലന്ന് വ്യക്തമാക്കി തരാം: ശെരിക്കും ഡ്രാക്കുള ഉണ്ടെങ്കിലോ എന്ന് കരുതി നിങ്ങള്‍ വീടിന് ചുറ്റും ഡ്രാക്കുളയെ തുരത്താന്‍ വെളുത്തുള്ളി ചതച്ചിടാറുണ്ടോ??
ദൈവം എന്നൊരു സൃഷ്ടാവില്ലെങ്കില്‍ എങ്ങനെ ഇത്ര കൃത്യമായ് കാലാകാലങ്ങലായ് മനുഷ്യനില്‍ ദൈവവിശ്വാസം ഉണ്ടായ് വരുന്നു?
ചോദ്യം:
മനുഷ്യര്‍ ഉണ്ടായ കാലം തൊട്ടേ എല്ലാ സമൂഹങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ദൈവവിശ്വാസവും മതവിശ്വാസവും ഒക്കെ ഉണ്ട്. ദൈവം എന്നൊരു സൃഷ്ടാവില്ലെങ്കില്‍ എങ്ങനെ ഇത്ര കൃത്യമായ് കാലാകാലങ്ങലായ് മനുഷ്യനില്‍ ദൈവവിശ്വാസം ഉണ്ടായ് വരുന്നു? അത് തന്റെ സൃഷ്ടിയിലുള്ള സൃഷ്ടാവിന്റെ കയ്യൊപ്പിന്റെ ഉദാഹരണം ആണ്.
ഉത്തരം :
സ്വയം ചിന്തിക്കുവാൻ തയ്യാറായാൽ ഇവിടെ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. എല്ലാ സമൂഹങ്ങളും ഒറ്റ ദൈവത്തെ അല്ല ആരാധിക്കുന്നത്. ആധുനിക ദൈവങ്ങളുടെ പുലബന്ധം പോലും പ്രാചീന ദൈവങ്ങൾക്കുണ്ടായിരുന്നില്ല. പുരാതനകാലങ്ങളിലെ ആരാധനാപാത്രങ്ങൾ മിക്കവയും മനുഷ്യനെ പേടിപ്പിക്കുന്ന പ്രകൃതിയിലെ പ്രതിഭാസങ്ങളാണ്. അവ ഒന്നുകിൽ കാറ്റോ, മഴയോ, മിന്നലോ, മുതലതലയോട്ടിയോ മറ്റോ ആയിരുന്നു. പിൽക്കാലത്താണ് കൂടുതൽ വിപുലീകരിച്ച കഥകളും നിയമങ്ങളും ചേര്‍ത്ത് ചില കോസ്മിക് ദൈവങ്ങൾ രംഗപ്രവേശം ചെയ്യുന്നത്. ഭയമായിരുന്നു ഇതിന്‍റെ പിന്നിലെ പ്രധാന കാരണം. ഭയത്തിന്‍റെ കാരണം അജ്ഞതയും. ഓരോന്നിനെ കുറിച്ചും അറിയുന്തോറും ഭയം കുറയുകയും ദൈവം അടുത്ത അറിവില്ലായ്മയിലേക്കു നീങ്ങുകയും ചെയ്യുന്നു. അറിവില്ലാത്തവയെ ഭയക്കുന്നതു നിലനില്‍പ്പിന് സഹായകരമായിരുന്നു എന്നുള്ളത് ഒരു പരിണാമപരമായ സത്യം കൂടിയാണ്. പക്ഷെ ഭയവും അജ്ഞതയും ദൈവം ഉണ്ടെന്നുള്ളതിന് തെളിവുകളല്ല.
മനുഷ്യന്‍റെ എല്ലാ നേട്ടങ്ങളും, കണ്ടുപിടുത്തങ്ങളും ദൈവത്തിന്‍റെ അനുഗ്രഹം ആണ്.
ചോദ്യം :
മനുഷ്യന്‍റെ എല്ലാ നേട്ടങ്ങളും, കണ്ടുപിടുത്തങ്ങളും ദൈവത്തിന്‍റെ അനുഗ്രഹം ആണ്.
ഉത്തരം :
ഇതുവരെ ദൈവം ഉണ്ടെന്ന് തെളിയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, വിശ്വാസികള്‍ ഒരു ലജ്ജയും കൂടാതെ ഉപയോഗിച്ച് വരുന്ന ഒരു വാചകമാണിത്. ഡോക്ടര്‍ രോഗിയെ രക്ഷിച്ചാലും, ചന്ദ്രനിലേക്ക് റോക്കറ്റ് വിക്ഷേപിചാലും ഒക്കെ മിക്ക വിശ്വാസികളും മത നേതാക്കന്മാരും അത് ദൈവത്തിന്‍റെ അനുഗ്രഹം ആണെന്ന് ചാര്‍ത്തി കൊടുക്കുന്നത് പതിവാണ്. മറ്റു ചിലരാകട്ടെ, റോക്കറ്റ് വിടുന്നതിന് മുമ്പ് അത് വിജയിപ്പിക്കാന്‍ എന്ന പേരില്‍ പൂജയും പ്രത്യേക പ്രാര്‍ഥനയും ഒക്കെ നടത്തിയിട്ട് പരിപാടി വിജയ്ച്ചാല്‍ മാത്രം ക്രെഡിറ്റ് തട്ടുന്നു. മനുഷ്യര്‍ അവിശ്വസനീയമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മനുഷ്യരേക്കാള്‍ വളരെ മുകളില്‍ പ്രതിഷ്ടിച്ചിരിക്കുന്ന തങ്ങളുടെ ചക്കര സൂപ്പര്‍ ഹ്യൂമന്‍ ദൈവങ്ങളുടെ മാറ്റ് കുറഞ്ഞുപോകുമോ എന്ന അപകര്‍ഷതാബോധം ആണ് ഇത്തരം ചാര്‍ത്തി കൊടുക്കല്‍ നടത്തി ക്രെഡിറ്റ് തട്ടിയെടുക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. പക്ഷെ ദൈവം എന്നൊന്ന് ഉണ്ടെന്നതിന് തെളിവില്ലാത്തിടത്തോളം കാലം ഇത്തരം അവകാശവാദങ്ങളും ദൈവത്തെ പോലെ വെറുമൊരു അന്ധവിശ്വാസം മാത്രമാണ് എന്നാണ് ഇത്തരക്കാര്‍ക്കുള്ള ഏക മറുപടി. ബുദ്ധി ഉപയോഗിക്കാനറിയുന്നവർ ഓരോന്ന് കഷ്ടപ്പെട്ട് കണ്ടുപിടിച്ചു കൊണ്ടുവരുമ്പോൾ അത് നിസ്സാരമായി ” ഞങ്ങടെ പുസ്തകത്തില്‍ ഒണ്ടാർന്നു” എന്നോ “ദൈവാനുഗ്രഹം” എന്നോ പറഞ്ഞ് മതങ്ങളുടെ കെട്ടുകഥകള്‍ക്ക് അത്രേം നാള്‍ ഇല്ലാഞ്ഞ പുതിയ വ്യഖ്യാനം ഉണ്ടാക്കിയാൽ ഒരു പക്ഷെ നിങ്ങളുടെ അപകര്‍ഷതാബോധത്തിന് അത് ആശ്വാസം നല്‍കുമായിരിക്കും പക്ഷെ അത് ദൈവത്തിനോ ദൈവാനുഗ്രഹത്തിനോ തെളിവാകുന്നില്ല.
മാത്രമല്ലാ, മനുഷ്യന്‍റെ ചിന്തകളും, കഴിവുകളും, പ്രവര്‍ത്തികളും ഒക്കെ ദൈവാനുഗ്രഹം ആണെങ്കില്‍ പിന്നെ എന്തിനീ ജയിലുകളും, നീതി ന്യായ വ്യവസ്ഥകളും?? ലോക മഹാ യുദ്ധം, വംശഹത്യ, ബാലപീഢനം, ബലാല്‍സംഗം തുടങ്ങിയ ക്രൂരതകളെല്ലാം എല്ലാം ചെയ്യാന്‍ വേണ്ട അനുഗ്രഹം കൊടുത്തുകൊണ്ടിരിക്കുന്ന ദൈവത്തെ തൂക്കികൊല്ലുകയോ ചങ്ങലക്കിടുകയോ ചെയ്‌താല്‍ പോരേ?? അങ്ങനെ ഒരു വാദം ഉന്നയിക്കുന്നവര്‍ പ്രാര്‍ഥിക്കുമ്പോള്‍ “അങ്ങയുടെ അടിവേര് തന്നെ മാന്തുന്ന പരിണാമസിദ്ധാന്തവും, ബിഗ്ബാങ് തിയറിയും, ഒക്കെ വിശദീകരിക്കുവാൻ തക്ക അനുഗ്രഹം മനുഷ്യന് നൽകിയത് അൽപ്പം കടന്ന കൈ ആയി പോയില്ലേ” എന്ന് ദൈവത്തോട് ചോദിക്കുന്നതും നന്നായിരിക്കും.
മനുഷ്യശരീരം എത്ര കീറിമുറിച്ചു നോക്കിയാലും മനസ്സ് എന്നൊരു അവയവമോ വസ്തുവോ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോ?
ചോദ്യം :
മനുഷ്യമനസ്സ് എന്നൊന്നില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടാവുമല്ലോ. പക്ഷെ മനുഷ്യശരീരം എത്ര കീറിമുറിച്ചു നോക്കിയാലും മനസ്സ് എന്നൊരു അവയവമോ വസ്തുവോ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോ? ഇല്ലല്ലോ?? അപ്പൊ പിന്നെ ദൈവത്തില്‍ വിശ്വസിക്കാന്‍ മാത്രം നിങ്ങള്‍ എന്തിന് തെളിവ് ചോദിക്കുന്നു.
ഉത്തരം :
ഒരു വാഹനത്തിന്‍റെ ഹോര്‍സ്പവര്‍ എവിടെയെന്ന് വണ്ടിയഴിച്ചു നോക്കിയിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് ശരീരം കീറിമുറിച്ചു നോക്കിട്ടും മനസ്സ് കണ്ടിട്ടുണ്ടോ എന്ന് ചോതിക്കുന്നത്. മനസ്സ് എന്നൊരു പ്രത്യേക സാധനമില്ല. തലച്ചോറിനെ ആണ് മനസ്സ് എന്ന് പേരിട്ടു വിളിക്കുന്നത്. മനസ്സിലാക്കി എന്ന് പറഞ്ഞാൽ തലച്ചോര്‍ അത് ഗ്രഹിഛെടുത്തു എന്നാണു അർത്ഥമാക്കുന്നത്. നിങ്ങള്‍ താരതമ്യം ചെയ്യാന്‍ ഉപയോഗിച്ച ഉദാഹരണം തന്നെ തെറ്റാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് കൂടുതല്‍ വിവരണം ആവശ്യമില്ലന്ന് കരുതുന്നു.
“ഐൻസ്റ്റീൻ ദൈവ വിശ്വാസി ആയിരുന്നു”.
“ഐൻസ്റ്റീൻ ദൈവ വിശ്വാസി ആയിരുന്നു”.
ഉത്തരം:
അതായത് നിങ്ങള്‍ ശാസ്ത്ര പ്രചാരകരും ശാസ്ത്രീയ തെളിവുകള്‍ നല്‍കാനും പറഞ്ഞ് നടക്കുന്ന യുക്തന്മാരും ഒക്കെ പൊക്കി പിടിക്കുന്ന ഒരു പ്രമുഖ ശാസ്ത്രജ്ഞൻ വരെ ദൈവത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നിങ്ങളും ദൈവമുണ്ട് എന്ന് സമ്മതിക്കൂ എന്ന ലൈനിലുള്ള വാദം. സാധാരണ വിശ്വാസികള്‍ ഇറക്കാറൂള്ള ബാലിശമായ വാദങ്ങളും ചോദ്യങ്ങളും ഇറക്കി ഉത്തരം മുട്ടുമ്പോള്‍ തുരുപ്പുഗുലാന്‍ ആയ് ഇറക്കുന്നതാണ് ഐന്‍സ്റ്റീന്‍റെ ദൈവവിശ്വാസം.
തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ മതവിശ്വാസികള്‍ക്ക് ഐന്‍സ്റ്റീനെ വിശ്വാസിയാക്കേണ്ടത് പോലെ യുക്തിവാധികള്‍ക്ക് ദൈവമില്ലന്നു പറയാന്‍ ഐന്‍സ്റ്റീനെ അവിശ്വാസിയാക്കെണ്ടതില്ല എന്നതുകൊണ്ട് തന്നെ ഉള്ള കാര്യം പറയാമല്ലോ: ദൈവവിശ്വാസത്തിന്‍റെ കാര്യത്തിൽ ചാഞ്ചാടുന്ന ഒരു വ്യക്തി തന്നെയായിരുന്നു ഐൻസ്റ്റീൻ. ലോകത്തിലെ 99.99% വരുന്ന വിശ്വാസികളും വിശ്വസിക്കുന്നത് തങ്ങളുടെ പ്രാർത്ഥന കേൾക്കുന്നതും കുറ്റം ചെയ്താൽ ശിക്ഷിക്കുന്നത്തും, നരകത്തിൽ എണ്ണയിലിട്ടു വറുക്കുന്നതും, സ്വർഗ്ഗം കാണിച്ചു പ്രലോഭിപ്പിക്കുന്നതും, ദേഷ്യം വരുന്നതും, മനുഷ്യനേപ്പോലെ തങ്ങളോട് സംസാരിക്കുന്നതുമായ ഒരുതരം ദൈവത്തെയാണ് ഇതിനു മനുഷ്യന്റെ എല്ലാഗുണങ്ങളുമുണ്ട് (an anthropomorphic god). പക്ഷെ ഇതിന് ഐൻസ്റ്റീനിയൻ ദൈവ സങ്കല്‍പ്പവുമായ് പുലബന്ധം പോലുമില്ല എന്നത് ആദ്യം മനസ്സിലാക്കുക. നിലവിലുള്ള മതങ്ങള്‍ നിര്‍വചിക്കുന്ന ദൈവങ്ങളിലല്ല അദ്ദേഹം വിശ്വസിച്ചിരുന്നത്. തന്‍റെ ദൈവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി. താൻ, ആരാധന ആവശ്യപ്പെടുന്ന, ശിക്ഷിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നും തന്നെ ഒരു നിരീശ്വര വാദി എന്നോ ദൈവവിശ്വാസി എന്നോ വിളിക്കരുത് എന്നുമാണ്. ഫിലോസഫറായ സ്പിനോസയുടെ പാൻതീസം ആണ് തന്നെ ഏറ്റവും അധികം ആകര്‍ഷിച്ചതെന്നും, വേണമെങ്കിൽ തന്നെ ഒരു അജ്ഞേയതാ വാദി എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഐൻസ്റ്റീൻ ദൈവ ‘വിശ്വാസി’യാണെങ്കില്‍ തന്നെ എന്ത്? “ഒരു ഭൗതിക ശാസ്ത്രജ്ഞൻ ഭൗതികമായി പരീക്ഷണ നിരീക്ഷണങ്ങളാൽ മനസ്സിലാക്കാൻ കഴിയാത്ത ഒന്നിലും വിശ്വസിക്കേണ്ടതില്ല” എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതിനാള്‍ തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ദൈവവും കേവലം ഒരു അന്ധവിശ്വാസം മാത്രമായ് ഒതുങ്ങുന്നു. അതിനി ഐന്‍സ്റ്റീനേക്കാള്‍ പ്രകല്‍പരായ ശാസ്‌ത്രജ്ഞന്‍മാര്‍ ആണെങ്കിലും തെളിവുകളുടെ അഭാവത്തിലും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഒരു മതാതിഷ്ടിത സമൂഹത്തില്‍ വളര്‍ന്നതിന്‍റെ ഹാങ്ങോവര്‍ മാത്രമാണ്. അല്ലാതെ ദൈവം ഉണ്ടെന്നുള്ളതിന്‍റെ തെളിവല്ലന്ന്‍ മാത്രമല്ല, അത് കണ്ട് ഒരു യുക്തിവാദിയും അനുകരിക്കേണ്ട കാര്യവുമില്ല.