“നിന്നെക്കൊണ്ടു ഇത്രയേ സാധിക്കു കാരണം നീയൊരു പെണ്ണാണ്. വെറും പെണ്ണ്.” “നീയുൾപ്പെടയുള്ള സ്ത്രീവർഗം ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും.” സ്ത്രീയെ അപലയായും, ചപലയായും ചിത്രീകരിക്കുന്ന ഇത്തരം പഞ്ച് ഡയലോഗുകള്‍ കാച്ചുന്ന നായക നടന്ന്‍  നിറഞ്ഞ സദസ്സിന്റെ ഹർഷാരവം ആവോളം കിട്ടിയുണ്ട് എക്കാലവും.
സ്ത്രീവിരുദ്ധത  ആഘോഷിക്കുന്ന മലയാള ചലച്ചിത്രങ്ങൾ 
കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും അങ്ങേയറ്റം നില നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത്, മുഖ്യധാരാ  ചലച്ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരു സന്ദേശമുണ്ട്. തന്നെ ലൈംഗികമായി കീഴടക്കുവാൻ വരുന്ന പുരുഷനെ സ്ത്രീ ആദ്യം എതിർത്താലും ക്രമേണ ആ എതിർപ്പു കുറഞ്ഞു, അവൾ പുരുഷന്റെ  ആഗ്രഹത്തിന് വഴങ്ങി കൊടുക്കും എന്ന സന്ദേശം. പരിചാരകനെ പോലെ അനുവാദം കാത്തു നിൽക്കുന്നവനെ അല്ല, പകരം ഒരു കാട്ടാളനെ പോലെ അക്രമിച്ചു കീഴ്പ്പെടുത്തുന്നവനെയാണ് സ്ത്രീ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്നും പ്രമുഖ സംവിധായകർ തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ട് വെള്ളിത്തിരയിൽ പറയിച്ചപ്പോൾ, സ്ത്രീയെക്കുറിച്ചുള്ള അപഥ ചിന്തകൾ നമ്മുടെ സമൂഹത്തിൽ കൂടുതൽ കൂടുതൽ ദൃഡപ്പെട്ടു കൊണ്ടിരുന്നു.
അവിഹിത ബന്ധങ്ങൾ, അസഭ്യ പദപ്രയോഗങ്ങൾ, മദ്യം, മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങൾ എന്നിവയുടെ എല്ലാം മഹത്വവൽക്കരണമായിരുന്നു അടുത്ത ഇറങ്ങിയ പല ചിത്രങ്ങളുടെയും പ്രതിപാദ്യം. കുടുംബം എന്ന സങ്കൽപ്പത്തെ തന്നെ നിസ്സാരവൽക്കരിക്കുന്ന  ഈ ചിത്രങ്ങളിൽ പലപ്പോഴും അച്ഛൻ, അമ്മ, മകൻ, സഹോദരൻ, സഹോദരി തുടങ്ങിയ കഥാ പാത്രങ്ങൾ  ഒന്നും തന്നെ രംഗത്ത്‌ ഉണ്ടാവില്ല. വഞ്ചനയുടെയും, കാമത്തിന്റെയും, ചാപാല്യങ്ങളുടെയും പ്രതീകമാണ് പല ചിത്രങ്ങളിലെയും സ്ത്രീ കഥാപാത്രങ്ങൾ. പ്രഖ്യാപിതമൊ, അപ്രഖ്യാപിതമൊ ആയ ഒട്ടുമിക്ക മൂല്യ സങ്കൽപ്പങ്ങളെയും തൃണവല്‍ഗണിക്കുന്ന കഥാപാത്രങ്ങളാണ് പ്രധാന വേഷങ്ങളിൽ. ചില ചിത്രങ്ങളിൽ  ആകട്ടെ ദ്വയാർത്ഥ പ്രയോഗങ്ങളും, മദ്യപാനവും ചിത്രത്തിന്റെ തുടക്കം, മുതൽ അവസാനം  വരെ നീണ്ടു നിൽക്കും.
സമൂഹത്തിന്റെ പരിഛെദം തന്നെയാണ് ഈ ബലാൽസംഘങ്ങളും, സ്ത്രീവിരുദ്ധ ചിന്തകളും എന്നും, അത് കൊണ്ട് അത് സിനിമയുടെ ഇതി വൃത്തമാകുന്നതിൽ തെറ്റില്ല  എന്നുമൊരു വാദം ഇതിനു ഉപൊൽബലകമായി കേട്ടിരുന്നു. വ്യഭിചാരവും, കൊലപാതകങ്ങളും, വഞ്ചനകളും, ആഭിചാര ക്രിയകളും, വർഗീയതയും, ബാലപീഡനങ്ങളും എല്ലാം നമ്മുടെ സമൂഹത്തിൽ  നില നിൽക്കുന്നത് തന്നെയാണ്. എന്നാൽ അവ സിനിമ പോലുള്ള ഒരു ജനപ്രീയ ആസ്വാദന കലയിലെ സ്ഥിരം പ്രമേയം ആവുകയും, അവയുടെ ഗുരുത്വത്തെ നിസ്സാരവൽക്കരിക്കുകയൊ, ഈ ജീർണ്ണതകളെ മഹത്വ വൽക്കരിക്കുകയൊ  ചെയ്യുമ്പോൾ, സമൂഹത്തിൻറെ പൊതു ബോധത്തിൽ ഈ തെറ്റുകൾ ഒന്നും തന്നെ വല്ല്യ തെറ്റുകൾ അല്ലാതാകുന്നു. ഇത് അത്യന്തം അപകടം തന്നെയാണ്, (Desensitization of Crimes ).

 കപട സദാചാരത്തിന്റെ ദുർഭൂതം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിചു വിദ്യാഭ്യാസപരമായും, സാമുഹികമായും ഉന്നതിയിൽ നിന്നിട്ടും, സോഷ്യലിസ്റ്റു, പുരോഗമന ആശയങ്ങൾ വളരെയേറെ വേരോടിയിട്ടും, കേരള സമൂഹം സ്ത്രീവിരുദ്ധ മനോഭാവത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. സ്ത്രീ അപലായണെന്നും, ചപലയാണെന്നും, പുരുഷന്റെ വെറും നിഴലുമാത്രമാണ് അവളെന്നുമുള്ള മനോഭാവം ഇവിടെ ശക്തമായി തന്നെ നില നിന്നിരുന്നു. സ്ത്രീ വീടിനു മുൻപിൽ വന്നു ഇരിക്കുന്നതും, ഉറക്കെ സംസാരിക്കുന്നതും, രജസ്വലയായിരിക്കുമ്പോൾ കറിവേപ്പില നുള്ളുന്നത്ലും വീടിനു തിന്മ വരുത്തും എന്ന് സ്ത്രീയെ പുരുഷ  കേന്ദ്രീകൃത സമൂഹം പറഞ്ഞു വിശ്വസിപ്പിച്ചു. സ്ത്രീ പുരുഷനെ അപേക്ഷിച്ചു ഒരു പടി പുറകിലാണെന്നും, പുരുഷന് സമമായി ഒരു മേഖലയിലും സ്ത്രീക്ക് എത്തിപെടുവാൻ സാധിക്കില്ല എന്നും എല്ലാം ഊട്ടി  ഉറപ്പിച്ചു പെൺകുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്ത് മറ്റു സ്ത്രീകൾ തന്നെയാണ്.

സ്ത്രീയുടെ നിശബ്ദ സഹനം നൽകിയ ഭദ്രമായ കുടുംബങ്ങൾ

അടിച്ചമർത്തപെട്ട ഈ സ്ത്രീ സമൂഹത്തിന്റെ നിശബ്ദ സഹനം മാത്രമായിരുന്നു നമ്മൾ അഭിമാനിക്കുന്ന കേരളത്തിലെ ഭദ്രമായ കുടുംബബന്ധങ്ങൾ. ഈ അടുത്ത കാലം വരെ  വിവാഹ മോചനം ചെയ്ത സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനം വളരെ ദയനീയം തന്നെ ആയിരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതും, വിവാഹമോചനം കഴിഞ്ഞു സ്വന്തം കുടുംബത്തിൽ തികച്ചും തിരസ്ക്കൃതമകുന്നതും, ഒരു പുനർവിവാഹത്തിന് സാധ്യത ഇല്ലാതാത്തതും ഒക്കെ സ്ത്രീയെ എല്ലാം സഹിച്ചു അകത്തളങ്ങളിൽ ഒതുങ്ങി കൂടുവാൻ പ്രേരിപ്പിച്ചു. സ്ത്രീ സാമ്പത്തികമായി സ്വാതന്ത്ര്യം പ്രാപിച്ചതോട് കൂടി അവർ ശക്തമായി തന്നെ അസ്വസ്ഥമായ ബന്ധങ്ങളിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ ആരഭിച്ചു. അടിച്ചമർത്തലിന് സാധ്യത കുറഞ്ഞത്‌ തന്നെ വിവാഹ മോചനങ്ങളുടെ എണ്ണം കൂട്ടി. പുരുഷന് മാത്രം പ്രാപ്യമായിരുന്ന പല മേഘലകളും സ്ത്രീകളും കയ്യടക്കി.

സ്ത്രീയെ ചവുട്ടി താഴ്ത്തിയ മതചിന്തകൾ 

സൃഷ്ട്ടിയിൽ സ്ത്രീക്ക് രണ്ടാം സ്ഥാനം മാത്രമേ ഉള്ളുവെന്നും, പുരുഷന്റെ നിഴലും, ആശ്രിതയും മാത്രമാണ് സ്ത്രിയെന്നുമാണ് എല്ലാ പ്രധാന  മതങ്ങളും തന്നെ പഠിപ്പിക്കുന്നത്. സ്ത്രീയുടെ ചാപല്യങ്ങളെ പറ്റി സുദീർഘമായി പറയുന്ന ചില മതങ്ങളിൽ ആകട്ടെ ആരാധനലയങ്ങളിൽ പൂർണ സമയ വിലക്കുണ്ട്. മറ്റു ചില മതങ്ങളിൽ അവൾക്ക് ദൈവത്തിന് മുൻപിൽ ചെല്ലുവാൻ സമയവും കാലവും നിഷ്ക്കർഷിക്കപ്പെട്ടിട്ടുണ്ട്. രജസ്വലയായ സ്ത്രീയുടെ സാമീപ്യം ഭയക്കുന്ന ദൈവങ്ങളും കുറവല്ല. ചില മതങ്ങളിൽ സ്ത്രികൾക്ക് സ്വർഗ്ഗരാജ്യം അപ്പാടെ നിഷേധിക്കപ്പെടുമ്പോൾ, ഇനി ചില അതിപുരോഗമന മതങ്ങൾ അവൾക്കു ആരാധനലയങ്ങളിൽ ശിരസ്സ് മൂടണം എന്ന് നിയമം വയ്ക്കുന്നു.
തന്റെ ആശ്രിതയും, ഉപഭോഗവസ്തുവും, സഹനത്തിന്റെ പ്രതീകവും എല്ലാമായി ചിത്രികരിച്ചു പുരുഷൻ സ്ത്രീയെ ബൗദ്ധിക ചൂഷണത്തിന്റെ അകത്തളങ്ങളിൽ തളച്ചിട്ടു. ചാരിത്ര്യം, കളങ്കം, പേര് ദോഷം, പാതിവൃത്യ ശക്തി തുടങ്ങിയ ഊതി പെരുപ്പിച്ചു സാധാചാര സങ്കൽപ്പങ്ങളിൽ പെടുത്തി സ്ത്രീയെ അവൻ അനുസരണ ഉള്ളവളാക്കി. സ്ത്രീയുടെ പരിശുദ്ധി എന്ന് പറയുന്നത്, മറ്റൊരു പുരുഷൻ അവളെ സ്പര്ശിക്കുന്നതോടുകൂടി തീരുമെന്നും, അപ്രകാരം പരിശുദ്ധി നശിക്കുന്ന സ്ത്രീകളുടെ സാമിപ്യം നാടിനും, വീടിനും തിന്മ വരുത്തുമെന്നും വിശ്വസിക്കുന്ന വിദ്യാഭ്യാസമ്പന്നർ അനേകമുണ്ട് നമ്മുടെ ഇടയിൽ  എന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക  ഡോ. സുനിത കൃഷണൻ  പറയുന്നു. എന്നാൽ ഇതേ സ്ത്രീയെ നശിപ്പിച്ച പുരുഷൻ ചെറിയ ഒരു കുസൃതി കാണിച്ചു എന്നു പറയുവാൻ ആണ് ആളുകൾക്ക് താൽപ്പര്യം.

 സ്ത്രീയുടെ മനശാസ്ത്രം സംബന്ധിച്ച തെറ്റിധാരണകൾ

കേരളത്തിലും ഇപ്രകാരമുള്ള ചിന്തകൾ ഉണ്ടോ എന്ന് ഇപ്പോൾ സംശയിക്കുണ്ടാവാം. ഒരു മനശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു. സ്ത്രീ-പുരുഷ സൌഹൃദങ്ങൾക്ക് ഒരുപാട് അതിർവരമ്പുകൾ കൽപ്പിക്കുന്ന, കപട സാദാചാരത്തിന്റെ ദുർഭൂതം പേറുന്ന, സ്ത്രീവിരുദ്ധ കാഴ്ച്ചപാടുകളെ അങ്ങേയറ്റം താലോലിക്കുന്ന കേരളീയ സമൂഹത്തിൽ സ്ത്രീയുടെ സ്വതബോധത്തെയും, ശാരീരിക, മാനസിക വ്യത്യാസങ്ങളെയും സംബന്ധിച്ച ഒരുപാട് തെറ്റിധാരണകൾ യുവമനസുകളിൽ പോലും ധാരാളം ഉണ്ട്. ഇപ്പൊൾ കലാലയങ്ങളിൽ പഠിക്കുന്ന നല്ല ഒരു പങ്ക് പെൺകുട്ടികളും വിശ്വസിക്കുന്നത്, പുരുഷനെ അപേക്ഷിച്ചു സ്ത്രീ മാനസികമായും, ആത്‌മീയമായും, ശാരീരികമായും, ബൗദ്ധികമായും ഒരു പടി  പുറകിലാണ് എന്ന്  തന്നെയാണ്.

 ആധുനിക മനശാസ്ത്രം അടിവരയിട്ടു പറയുന്നത്

മാനസികാരോഗ്യനിലയിലും മനശ്ശക്തിയിലും, ശാരീരിക സഹനത്തിന്റെയും, ക്ഷമയുടെയും തോതിലായാലും പുരുഷനെ അപേക്ഷിച്ചു സ്ത്രീ വളരെ മുൻപിലാണ് എന്നാണ് ആധുനിക മനശാസ്ത്രം അടിവരയിട്ടു പറയുന്നത്മനശാസ്ത്രപരമായി പുരുഷൻ ആണ് യഥാർത്ഥത്തിൽ അപലൻ. ശാരീരികമായി മാത്രമാണ് പുരുഷൻ ശക്തൻ. പ്രകൃതിയുടെ അതിജീവന പ്രക്രിയയിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീ വളരെ മുൻപിലാണ്. അതുകൊണ്ട് തന്നെ പല ദുരന്തങ്ങളിൽ നിന്നും മാനസിക ആഘാതങ്ങളിൽ നിന്നും സ്ത്രീ പുരുഷനെ അപേക്ഷിച്ചു വേഗം മുക്തി നേടാറുണ്ട്‌. സാഹചര്യങ്ങളുമായി വേഗം ഇണങ്ങുവാനും, ക്ഷമയോടെ കാര്യങ്ങൾ കണിശമായി ചെയ്തുതീർക്കുവാനും, വികാരങ്ങൾക്കടിപ്പെട്ടു തളരാതെ മുൻപോട്ട് പോകുവാനും, പല കാര്യങ്ങൾ ഒരേ സമയത്തു ചെയ്തു തീർക്കുവാനും ഉള്ള കഴിവ് സ്ത്രീകള്‍ക്ക് വളരെ കൂടുതൽ ആയതു കൊണ്ട് തന്നെ പല കമ്പനികളും സ്ത്രീകള്‍ക്ക് ജോലിയിൽ മുൻഗണന കൊടുക്കാറുണ്ട്.
ഗർഭം ധരിക്കുന്നത് സ്ത്രീക്ക് പകരം പുരുഷൻ ആയിരുന്നു എങ്കിൽ ഇപ്പോൾ നടക്കുന്നതിന്റെ  10 ശതമാനം പോലും ബലാത്സംഘങ്ങൾ നടക്കിലായിരുന്നു എന്ന് കരുതുന്ന സാമൂഹിക മനശാസ്തജ്ഞർ ഉണ്ട്.
ഇപ്പോൾ കേരളത്തിൽ സമസ്ത മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെയും, സാംസ്ക്കാരിക അധഃപതനത്തിന്റെയും നേർരേഖയാണ് സ്ത്രീകളോടുള്ള സമീപനത്തിലും പ്രകടമാകുന്നത്. മനുഷ്യത്വത്തിന് അതീതമായി, മതം ഉൾപ്പെടെ ഏതു തത്വശാസ്ത്രം മനുഷ്യ മനസുകളിൽ  കടന്നു കയറ്റം നടത്തിയാലും സമൂഹത്തിന് നാശം തന്നെയായിരിക്കും ഫലം.