രാഷ്ടിയ അജ്ഞത

രാഷ്ടിയത്തെകുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വല്യ അജ്ഞത. തങ്ങളുടെ ജീവിത്തിന്റെ സമസ്ത മേഖലകളെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് എന്ന് മനസിലാക്കാത്ത, തങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നായതിനാൽ തങ്ങൾക്ക് ഒരു താൽപ്പര്യവുമില്ലാത്തതാണ് രാഷ്ട്രീയം എന്ന് കരുതുന്ന, രാഷ്ട്രനിർമാണ പ്രക്രിയയിൽ ഒരു പങ്കാളിത്തവും ഇല്ലാത്ത അമൂൽ ബേബികളെ അടവച്ച് വിരിയിക്കുന്ന കലാലയങ്ങൾ കൂണ് പോലെ കേരളത്തിൽ ഇപ്പോഴും   മുളച്ചു കൊണ്ടിരിക്കുന്നു.

ടിവി ചാനലുകളിലെ നാലാംകിട പരിപാടികളിൽ ഒരു കപ്പ് ചായയും പിടിച്ച്, ഇറുകിയ ടീ ഷർട്ടും ധരിച്ച്, മസിലും പെരുപ്പിച്ച്, ഇംഗ്ലീഷും, മലയാളവും ഒരു പോലെ വികൃതമാക്കി സമാസമം ചേർത്ത് അബദ്ധങ്ങളുടെ അതിസാരം കൊണ്ട് കർണ്ണാഭിഷേകം നടത്തുന്ന ഫ്രീക്കന്മാരാണോ ഇന്നത്തെ കേരളത്തിലെ കലാലയങ്ങളുടെ യുവത്വത്തിന്റെ പരിഛേദം? അങ്ങനെ വിശ്വസിക്കേണ്ട നിരാശജനകമായ അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. സെൽഫോണിന്റെ മുമ്പിൽ തലകുമ്പിട്ട്, തങ്ങൾക്ക് ചുറ്റും നടക്കുന്ന ഒന്നിനെയും പറ്റി ബോധവാന്മാരാകാതെ, വിരലുകൾ കൊണ്ട് നിഴൽയുദ്ധം നടത്തുന്ന മറ്റൊരു വർഗ്ഗം. വാട്‌സ്ആപ്പിലെയും, ഫേസ്‌ബുക്കിലെയും എന്ത് അബദ്ധപ്രചാരണങ്ങളും സംശയലേശമേതുമില്ലാതെ വിശ്വസിക്കുന്ന വിദ്യാ അതിസമ്പന്നരാണ് നമ്മുടെ യുവ സമൂഹം.

ഒരു ചാനൽ ചർച്ച നയിച്ച ന്യൂസ് റിപ്പോർട്ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭൂരിപക്ഷം അഭ്യസ്ഥവിദ്യർക്കും തങ്ങൾ ആരെയാണ് വിളിക്കുന്നതെന്നോ, എന്തിനാണ് അസഭ്യം പറുന്നതെന്നോ അറിയില്ലായിരുന്നു. വാട്‌സ് ആപ്പിൽ ഒരു സന്ദേശം കണ്ട് നിങ്ങളെ വിളിച്ച് തെറി പറയുവാൻ.  അത്‌കൊണ്ട് ഞാൻ ഇത് ചെയ്യുന്നു എന്ന് വരെ പലരും വെളിപ്പെടുത്തി.

രാഷ്ട്രീയ പ്രബുദ്ധമായിരുന്ന നമ്മുടെ സമൂഹം

ബാർബർ ഷോപ്പുകളിലും, ചായക്കടകളിലും, കലുങ്കുകളിലുമൊക്കെയിരുന്ന് ചൂടൻ ചർച്ചകൾ നടത്തിയിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഏതാണ്ട് ഇരുപതുകൊല്ലം മുമ്പ് വരെ നമ്മുടെ നാട്ടിൻപുറങ്ങളിലെ ഗ്രാമീണ വായനശാലകളിലും, ബസ് സ്റ്റോപ്പുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്ന വിഷയങ്ങളിൽ കേരള രാഷ്ട്രീയം മുതൽ കിഴക്കൻ യൂറോപ്പിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വരെ ഉൾപ്പെട്ടിരുന്നു. ബ്രഷ്‌നേവും, പോൾപോട്ടും, ബൊലീവിയൻ വിപ്ലവവും, കാർത്തേജും, നക്‌സൽബാരിയും, സുവർണ്ണക്ഷേത്രവും, നെൽസൻ മണ്ഡേലയുമെല്ലാം ഈ ചൂടൻ ചർച്ചകളിൽ സ്ഥാനം പിടിച്ചിരുന്നു. മുഴുവൻ സമയ വാർത്താ ചാനലുകളോ, ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ എന്തിന് ടിവി പോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണു നമ്മുടെ നാട്ടിൽ ഈ അനിതരസാധാരണമായ രാഷ്ട്രീയ ബോധം നിലനിന്നിരുന്നത്.

ഇന്ത്യക്ക് മുൻപേ നടന്ന കേരളം

തങ്ങൾക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അത് ഏത് ദേശത്തായാലും അത് തങ്ങളെ കൂടി ബാധിക്കുന്ന എന്ന വിശ്വപൗരബോധം, രാഷ്ട്രീയ സാമൂഹിക കെട്ടുറപ്പിലും സമത്വത്തിലുമുള്ള വിശ്വാസം; ഇവ നമ്മുടെ നാട്ടിൽ ആഴത്തിൽ തന്നെ വേരോടിയിരുന്നു. നമ്മുടെ കലാലയങ്ങൾ സമൂഹസ്പന്ദനങ്ങളുടെ, ചിന്താധാരകളുടെ, വിശ്വപൗരബോധത്തിന്റെ ശ്രേഷ്ഠ പരിച്ഛേദങ്ങളായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അജ്ഞതയുടെ അന്ധകാരത്തിൽ ചൂഷണം ചെയ്യപ്പെടുമ്പോൾ ലോകത്ത് ആദ്യമായി സമത്വം ആശയ പ്രസ്ഥാനമായ സോഷ്യലിസം കേരളത്തിലെ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ നെഞ്ചിലേറ്റി.

രാഷ്ടിയം പിൻ  വാങ്ങിയപ്പോൾ

രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി, കലാലയങ്ങൾ രണഭൂമി ആയതോടു കൂടിയാണ് ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയപ്രസ്ഥാങ്ങൾക്ക് പിൻവാങ്ങേണ്ടി വന്നത്. കേരളത്തിലെ കലാലയങ്ങളിൽ നിന്ന് രാഷ്ട്രീയം പിൻവാങ്ങിയതും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച അപചയങ്ങളും, കോർപ്പറേറ്റ് സംസ്‌കാരം സൃഷ്ടിച്ച മൂല്യതകർച്ചയും ശരിക്ക് മുതലെടുത്ത് മത വർഗ്ഗീയ പ്രസ്ഥാനങ്ങളും, മദ്യ മയക്കു മരുന്ന്, പെൺവാണിഭ മാഫിയകളും, ഗുണ്ടാസംഘങ്ങളും ,ഫാൻസ്‌ അസോസിയേഷനുകളും, മറ്റു വിധങ്ങളിലുള്ള  അരാഷ്ട്രീയ ചിന്താഗതികളുമായിരുന്നു.

മൂല്യ ബോധം നഷ്ട്ടപ്പെട്ട ആത്മാവില്ലാത്ത പാഠ്യപദ്ധതി

കോർപ്പറേറ്റ് ദാസ്യവൃത്തിക്കുതകുന്ന തൊഴിൽ പരിചയങ്ങളുടെ സംസ്ക്കാരം മാത്രം എന്റെ മക്കൾ പഠിച്ചാൽ മതി എന്ന് പറയുന്ന മാതാപിതാക്കന്മാരെ നിങ്ങൾ ഈ നാടിന്റെ ശാപമാണ്. രാഷ്ട്രബോധം നശിച്ച അരാഷ്ട്രീയ വാദികളായ ഒരു കൂട്ടം യുവത്വത്തെ അടവച്ച് വിരിയിക്കുന്ന ന്യൂ ജനറേഷൻ കലാലയങ്ങൾ കോർപ്പറേറ്റുകൾക്കുള്ള ഫാച്ചിങ് ഫാക്റ്ററികൾ മാത്രമായി അധപതിച്ചിരുന്നു.

സാമ്പത്തിക ലാഭം മാത്രം ജീവിതലക്ഷ്യമായി ഏതു വിധേനയെയും മക്കളെ ഡോക്ടറോ എഞ്ചിനിയറോ ആക്കുവാന്‍ വേണ്ടി, റാങ്കിങ് – ഗ്രേഡിംഗ് സംവിധാനത്തിലൂടെ കുട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ചെടുക്കേണ്ട പല അടിസ്ഥാന ഗുണങ്ങളും നന്മകളും കുട്ടികളില്‍ അന്ന്യമായി പോകുന്നു.

കുട്ടി പള്ളികൂടങ്ങളാകുന്ന ക്യാമ്പസുകൾ

കോളജ്ജ് കാമ്പസുകളിൽ സ്‌കൂൾകുട്ടികളെ പോലെ യൂണിഫോറം ഉടുപ്പുകൾ അണിയിച്ചു, ജയിൽ സമാനമായി അച്ചടക്കം അടിച്ചേൽപ്പിക്കുമ്പോൾ, അരാഷ്ട്രീയവാദത്തിന്റെയും, അന്ധ വിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും വിദ്യാഭ്യാസം ഉരുട്ടികൊടുക്കുമ്പോൾ ഓർക്കുക, ഈ തലമുറയെ നിങ്ങൾ നശിപ്പിക്കുകയാണ്. തീവ്രപ്രണയങ്ങളും, നന്മയുള്ള സൗഹൃദങ്ങളുടെയും, രാഷ്ട്രീയ പ്രതിപാദങ്ങളുടെയും എല്ലാം സ്ഥാനത്തു മയക്കു മരുന്നും, അന്ധ വിശ്വാസങ്ങളും, വർഗീയതയും എല്ലാം പിടിമുറുക്കി. ആത്മീയ ആലസ്യത്തിന്റെയും, ശാസ്ത്രവിരുദ്ധതയുടെയും സംസ്ക്കാരം വിദ്യാർത്ഥികളിൽ ആഴത്തിൽ തന്നെ വേരിറങ്ങി കഴിഞ്ഞു.

അന്ധവിശ്വാസം ഫാഷൻ ട്രെൻഡ് ആയി മാറിയപ്പോൾ

ന്യുട്ടന്റെയും, ഐൻസ്റ്റെന്റെയും, മാക്സ് പ്ലാങ്കിന്റെയും ശാസ്ത്രസിദ്ധാന്തങ്ങള്‍ പഠിച്ചിറങ്ങി, ബിരുദാന്തര ബിരുദവും, ഗവേഷണ ബിരുദവും എടുത്തു കഴിഞ്ഞിട്ടും തൊട്ടാവാടികളായ ചില ഭാവനാ സൃഷ്ടികളെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ യന്ത്രങ്ങൾ ചലിക്കില്ല എന്നും, ഗർഭം അലസും എന്നുമെല്ലാം അഭ്യസ്തവിദ്യർ  ഉറക്കെ പ്രഖ്യാപിക്കുമ്പോൾ ഓർക്കുക നമ്മുടെ വിദ്യാഭ്യാസ മേഖല തകർന്നു എന്ന്. സയന്റിഫിക് ടെമ്പറും, ശാസ്ത്രാവബോധവും ക്യാമ്പസുകളിൽ നിന്ന് പിൻവാങ്ങി. അന്ധവിശ്വാസങ്ങൾ എന്നത് പടിക്ക് പുറത്തു നിറുത്തേണ്ട ഒന്നാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച കലാലയങ്ങളായിരുന്നു ഒരു കാലത്തെ അഭ്യസ്ത കേരത്തിന്റെ മുഖമുദ്രയെങ്കിൽ, തനിക്കു ചില അന്ധവിശ്വാസങ്ങൾ ഒക്കെയുണ്ടെന്ന് ഉറച്ചു പറയുകയും, അത് വിവിധ ചേഷ്ടകളും, ചിഹ്നങ്ങളുമായി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇന്നത്തെ കലാലയങ്ങളുടെ പരിച്ഛേദം.

വിദ്യാഭ്യാസം വെറും തൊഴില്‍ പരിചയമാകുമ്പോള്‍

ഇപ്പോള്‍ ദിവസവും പത്രവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ ബഹുഭൂരിപക്ഷവും നല്ല വിദ്യാഭ്യാസം ഉള്ളവര്‍ തന്നെയാണ്. കൊടും കുറ്റവാളികളില്‍ സ്ത്രീ ശാക്തീകരണം എടുത്തു കാണുവാനും ഉണ്ട്. സമൂഹത്തില്‍ കടുത്ത സ്പര്‍ദ്ധ, മതവൈര്യം, വിദ്വേഷം, അസൂയ, അന്ധവിശ്വാസ ജടിലത, അനാചാര പ്രോത്സാഹനം തുടങ്ങിയവയുടെ മൊത്ത വിതരണക്കാര്‍ നല്ല വിദ്യാഭ്യാസം ഉള്ളവര്‍ തന്നെയാണ്. വിദ്യയുടെ ആഭാസം മാത്രമാണ് നമ്മുടെ കുട്ടികൾ കലാലയങ്ങളിൽ നടക്കുന്നത്.

ജെഎൻയു വിന്റെ (JNU) പ്രസക്തി

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെയേറെ പ്രാധാന്യമുള്ള ഒരു ഐതിഹാസ സമരമാണ് ജെഎൻയു -വിൽ (JNU) നടന്ന വിദ്യാർത്ഥി പ്രക്ഷോഭം. തീവ്രവിഭാഗീയ ചിന്തകൾക്കും, മത പുരോഹിത അനിശ്ചിതത്വത്തിനും എതിരെ നടന്ന ഈ യുവജന ചെറുത്തുനിൽപ്പിനെ ലോകരാജ്യങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് കണ്ടത്. ആചാരങ്ങളുടെയും, കപടദേശീയതയുടെയും മത ഫാസിസ്റ്റ് ബിംബങ്ങൾക്കും എതിരെയായിരുന്നു ഈ സമരം. രാജ്യത്ത് എങ്ങനെ ജീവിക്കണം എന്നും, ആര് ജീവിക്കണം എന്നും, എന്ത് കഴിക്കണം എന്നും, എന്ത് വസ്ത്രം ധരിക്കണമെന്നും ആര് ഭരിക്കണമെന്നും ഒരു ചിന്താധാരയുടെ പ്രയോക്താക്കൾ നിഷ്‌കർക്കപ്പെടുമ്പോഴാണ് ഭാരതം മരിക്കുന്നത് എന്ന ചിന്താധാരയാണ് വിദ്യാർത്ഥികൾ ഉയർത്തിപിടിച്ചത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ഈ സമരത്തിന് മുൻപിൽ ഉള്ളത് എങ്കിലും ഇത് ഒരു ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമരമായിരുന്നില്ല. വലതുപക്ഷ ഭീകരതയെ എതിർക്കുന്ന മനസ്സിൽ അന്ധകാരം നിറഞ്ഞിട്ടില്ലാത്തവരുടെ ചെറുത്തുനിൽപ്പായിരുന്നു.

ലോകത്തിലെ 400 ഓളം സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും, ഹാർവാർഡ്, കൊളമ്പിയ പോലെയുള്ള അതിപ്രശസ്തമായ സർവ്വകലാശാലകളിലെ പ്രഫസർമാരും ഈ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയവൈര്യം മറന്ന് ദേശീയനേതാക്കൾ ഈ ചെറുത്തുനിൽപിനെ അനുകൂലിച്ചു .

ജെഎൻയുവും, ഹൈദ്രാബാദ് സർവ്വകലാശാലയും, തിളച്ചു മറിഞ്ഞപ്പോൾ കേരളത്തിൽ അത് യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല.

യൂണിഫോറം ധരിച്ച അമൂൽ ബേബികളുടെ ഹാച്ചിങ്  സെന്ററുകൾ

കേരത്തിലെ പുതതലമുറ കലാലയങ്ങൾ എന്നും  തണുത്തുറഞ്ഞു തന്നെയായിരുന്നു. എന്താണ് രാജ്യത്ത് നടക്കുന്നത് എന്നോ, ജെഎൻയുവിൽ എന്തിനാണ് കുട്ടികൾ രാവും പകലുമില്ലാതെ ഉറച്ചുനിന്ന് ഒറ്റക്കെട്ടായി പൊരുതുന്നത് എന്നോ അറിയാൻ വയ്യാത്ത അദ്ധ്യാപകരും, ബുദ്ധിജീവികളും, കോർപ്പറേറ്റ് അമൂൽ ബേബികളും, പിസ്സാ കാപ്പചിനോ ഫ്രീക്കുകളുമാണ് നമ്മുടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എന്നത് നിരാശജനകം തന്നെ.

രാഷ്ട്രീയത്തിൽ എന്ത് നടന്നാലും നമുക്ക് എന്ത് എന്ന് ചിന്തിക്കുന്നവർ ഓർക്കുക. ഗതാനുഗതികത്വ പ്രവണത അനുവർത്തിക്കുന്ന ബഹുഭൂരിപക്ഷ ജനതതിയല്ല ലോകത്ത് മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. മാറി ചിന്തിക്കുകയും വിഭാഗിയതയുടെ മതിൽകെട്ടുകൾ പൊളിക്കുവാൻ കൈയുയർത്തുകയും ചെയ്തവരാണ്.

നമ്മൾക്ക് വേണ്ടത് വിശ്വപൗര ബോധം

വിഭാഗീയതയുടെ മതിൽക്കെട്ടുകൾ പൊളിക്കുവാൻ, ചിന്തകളിൽ സമത്വവും, സാഹോദര്യവും, വിശ്വപൗര ചിന്തകളും, ശാസ്ത്രബോധവും പുലർത്താൻ വിദ്യാർത്ഥികൾ തയ്യാറാവണം. പക്ഷെ മത – വർഗ സർവ്വാധിപത്യം നടത്തുന്ന ക്യാമ്പസുകളിൽ നവ ഫ്യുഡൽ മനസ്ഥിതിക്കാർ ലാഭേച്ഛ മാത്രമാണ് മുൻപിൽ കാണുന്നത്. ശിക്ഷിക്കപ്പെടും എന്നുള്ളത് കൊണ്ടല്ല നിയമങ്ങൾ അനുസരിക്കേണ്ടത് എന്നും, അത് തന്റെ കർത്തവ്യം ആണ് എന്ന് മനസിലാക്കുന്ന പൗര ബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ നിങ്ങൾ നടത്തുന്നത് ഒരു ദേശദ്രോഹം തന്നെയാണ് കലാലയ മുതലാളിമാരെ.

വല്ലാതെ പെരുകുന്ന സമൂഹ അസഹിഷ്ണുത

അസഹിഷ്ണുത എന്ന വാക്ക് ഇന്ത്യയില്‍ ഇപ്പോള്‍ പരക്കെ കേട്ട് വരുന്ന ഒന്നാണ്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഉള്ള ഒന്നായി നമ്മള്‍ അസഹിഷ്ണുതയെ നിര്‍വചിരിക്കുകയാണിപ്പോള്‍. പക്ഷെ നാം അറിഞ്ഞോ അറിയാതെയോ ഈ അസഹിഷ്ണുത നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലയിലും സമസ്ത വിഭാഗം ആളുകളിലും വല്ലാതെ വേരിറങ്ങി കഴിഞ്ഞു.

നമ്മള്‍ക്കുള്ള അതെ അവകാശം തന്നെയാണ് നമ്മുടെ സഹജീവിക്കും ഈ ഭൂമിയില്‍ ഉള്ളത്. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. നമ്മുടെ വടി ചുഴറ്റുവാനുള്ള സ്വാതന്ത്രം അന്ന്യന്റെ മൂക്കിന്റെ തുമ്പ് തുടങ്ങുന്ന സ്ഥലത്ത് തീരുന്നു എന്ന് മനസിലാക്കുക. പൗരബോധത്തിന്റെ അഭാവവും, ശാസ്ത്രബോധത്തില്‍ ഊന്നിയ യുക്തിഭദ്രമായ ചിന്താരീതികളെ അപ്പാടെ തൃണവല്‍ക്കരിക്കുന്നതും സമൂഹത്തില്‍ അസഹിഷ്ണുത വളരാന്‍ കാരണമാകുന്നു.

ഒരു വശത്ത് അരാഷ്ട്രീയവാദവും, കോർപ്പറേറ്റ് ദാസ്യത്വവും, ബ്രാൻഡ് പ്രേമം, മറുവശത്ത് മത, വർഗ്ഗീയ ഫാസിസ്റ് ചിന്തകളാൽ ചിന്താപ്രക്ഷാളനം ചെയ്യപ്പെട്ടവർ. കേരളത്തിന്റെ അടുത്ത ഒരു തലമുറ മുഴുവനായി തന്നെ അധസ്ഥിത ചിന്താധാരകളിലേയ്ക്ക് വലിക്കപ്പെടുകയാണ്.