അച്ചൻമാരുടെ ബാലപീഢന കഥകൾ ലോകത്തിലെ ഏറ്റവും വലിയ മതത്തിന് വൻ തലവേദനയാകുകയാണ്. കുട്ടികളെ പീഡിപ്പിച്ചു പീഡിപ്പിച്ചു യൂറോപ്പിൽ പള്ളികൾ വിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് സഭയുടെ ആശയും ആവേശവുമായ കേരളത്തിൽ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പീഢന കേസ്സുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടു മാസങ്ങൾക്ക് മുമ്പ് പുത്തൻ വേലിക്കരയിലെ പുരോഹിതനായിരുന്ന ഫാദർ എഡ് വിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. 14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദുഷ്ട കൃത്യത്തിനായിരുന്നു ഈ ശിക്ഷ.
2016 ഒക്ടോബറിൽ 21 വയസ്സുള്ള ശിഷ്യനെ ലൈംഗീകമായി പീഡിപ്പിച്ചതിന് കണ്ണൂർ സെമിനാരിയിലെ പുരോഹിതനായ ഫാദർ ജെയിംസ് തെക്കേ മുറിയിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തു വയസ്സു മാത്രം പ്രായമായ ഒരു പെൺകുട്ടിയെ അരമനയിൽ കൊണ്ടു വന്ന് പീഡിപ്പിച്ചതിനാണ് തൈക്കാട്ടുശ്ശേരി പളളിയിലെ അഛനായിരുന്ന ഫാദർ രാജു കോക്കാനെ അറസ്റ്റു ചെയ്തത്. കൊച്ചിയിലെ ഒരച്ചൻ കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നു എന്നുള്ള പരാതികൾ ഉയർന്നപ്പോൾ പുള്ളിയെ പെൻഷൻ പറ്റിയ അച്ചൻമാരുടെ ആശ്രമത്തിലേക്ക് മാറ്റുകയും കേസ്സ് തണുത്തപ്പോൾ വീണ്ടും മറ്റൊരു പള്ളിയിലെ പുരോഹിതനായി നിയമിക്കുകയും ചെയ്ത സംഭവവമുണ്ടായി .ഒരു ഫുൾ സ്റ്റോപ്പുമില്ലാതെ ഇങ്ങിനെ തുടർന്നു കൊണ്ടിരിക്കുന്ന പീഢന കേസ്സുകളിൽ ഏറ്റവും ഒടുവിലത്തെ വില്ലനാണീ ഫാദർ റോബിൻ വടക്കുഞ്ചേരി.
പൾസർ സുനിയേക്കാൾ എന്തു മികവാണ് ഈ പള്ളീലച്ചനുള്ളത്
പണത്തിനു വേണ്ടി ചെയ്ത ഒരു ക്രൈമായി മാത്രം ഭാവിയിൽ ചിത്രീകരിക്കപ്പെടാവുന്ന ക്രൂരകൃത്യമാണ് സുനിൽ ചെയ്തതെങ്കിൽ പളളിലച്ചൻ ചെയ്തത് നിഷ്ഠൂരമായ സ്ത്രീ പീഢനമാണ്.
എന്നീട്ടും വാർത്തകളിലെ ശ്രേഷ്ഠപദവിയിലേക്ക് ഈ സംഭവം എത്തുന്നില്ല. fb ഒഴിച്ചുള്ള ചർച്ചകൾക്കൊന്നും ഉഷാർ തീരെ പോരെന്നും മനസ്സിലാക്കാവുന്നതെ ഉള്ളൂ.
നടിക്കെതിരെയുള്ള ആക്രമണത്തിന്റെ കാരണങ്ങൾ ചികഞ്ഞു ചികഞ്ഞു അന്യഗ്രഹം വരെ പോയവരുണ്ട്. ലോകം ചുറ്റാനുള്ള എളുപ്പവഴി അമ്മയെയും അഛനെയും വലം വെക്കുന്നതാണെന്ന ദൈവ ബുദ്ധി പ്രവൃത്തിച്ച മസ്തിഷ്ക്കങ്ങളും കുറവല്ല. ഇര സിനിമാ നടിയാണെങ്കിൽ സിനിമയെ തന്നെ ചുറ്റി വന്ന് കാര്യം സാധിക്കുന്നതാണീ സൂപ്പർ ബുദ്ധി. സ്ത്രീവിരുദ്ധ സിനിമകളും സ്ത്രീവിരുദ്ധ ഡയലോഗുകളും കൂടി അങ്ങിനെ പ്രതിസ്ഥാനത്തു വന്നു.
പാപം കണ്ടെത്തിയ മുറക്ക് പരിഹാര കർമ്മങ്ങളും ശപഥങ്ങളും വരെ നടന്നു. അതൊക്കെ നാം വേണ്ടുവോളം കണ്ടു കഴിഞ്ഞു.
എന്നാൽ മതം പ്രതിസ്ഥാനത്തു വരുന്നിടത്ത് ഇങ്ങിനെ ഡക്കറേഷനോ അന്വേഷണമോ ഒന്നുമില്ല. പൊതുവെ വീരശൂര പരാക്രമികളും ഇരട്ടച്ചങ്കൻമാരുമായ മനുഷ്യർ സ്വയം ഒരു കരിമ്പടമെടുത്ത് മൂടി ചുരുണ്ട് കൂടാൻ ഇഷ്ടപ്പെടുന്നു. എല്ലാവരും കൂടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നു.
25 വർഷം മുമ്പാണ് അഭയ എന്ന പെൺകുട്ടിയെ കിണറ്റിൽ തളളിയിട്ട് കൊന്ന സംഭവമുണ്ടായത്.
നിയമം അതിന്റെ വഴി സ്വീകരിച്ചപ്പോൾ മതം അതേറ്റെടുത്തു. ക്രിമിനൽ നടപടികളെ മതത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിച്ചു. തൃശൂരിലെ ശക്തൻ നഗറിൽ വിശ്വാസികളായ ആണും പെണ്ണും കുട്ടികളും വന്ന് കുറ്റവാളികളായ അച്ചൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്തൊരു ഘോഷയാത്രയും പ്രാർത്ഥനയുമായിരുന്നു അത്. നേരിട്ടു കണ്ടത് മറക്കാനാവുന്നില്ല. അന്നവിടെ കൂട്ടം കൂടിയ വിശ്വാസികൾക്കും അവരുടെ വോട്ട് ബാങ്ക് കച്ചവടക്കാരായ ളോഹക്കാർക്കും പൊതുസമൂഹവും അവരുടെ പ്രതിനിധികളായ രാഷ്ട്രീയക്കാരും നൽകിയ പിന്തുണയാണ് “ളോഹയിട്ടാൽ എന്തുമാവാമെന്ന ” മത ധാർഷ്ട്യത്തിന്റെ യഥാർത്ഥ കാരണം.
മതം മയക്കിയ മനുഷ്യൻ
“മതം മയക്കിയ മനുഷ്യൻ” എന്തൊക്കെ കാട്ടി കൂട്ടുമെന്ന് ഒരു നിശ്ചയവും വേണ്ട. മത വിശ്വാസം അന്ധമായ അടിമത്തത്തിലേക്ക് നമ്മെ നയിക്കും. പള്ളീലച്ചനെയും മതത്തെയും സംരക്ഷിക്കാൻ ഗർഭത്തിന്റെ ഉത്തരവാദിത്വം ഇരയായ പെൺകുട്ടിയുടെ അപ്പൻ ഏറ്റെടുക്കും. ജിഹാദിനു പോയി മരിച്ചവനെ നോക്കി ” നീ എത്ര വേഗം സ്വർഗ്ഗത്തിലെത്തി; എനിക്കാ ഭാഗ്യം കിട്ടിയില്ലല്ലോ ” എന്നു വിലപിക്കും.” ബീഫ് കഴിച്ചവനെ തല്ലി കൊല്ലേണ്ടിയിരുന്നില്ല, പക്ഷെ ഞങ്ങൾ ചെയ്താൽ മാത്രമല്ലേ ഫാസിസ്റ്റ് വിരുദ്ധ സമരമൊക്കെയുള്ളൂ ” എന്ന് കുണ്ഠിതം രേഖപ്പെടുത്തും. “കൈ വെട്ടേണ്ടിയിരുന്നില്ല ; എന്നാലും ലോകം ആരാധിക്കുന്ന പ്രവാചകനെ ആക്ഷേപിച്ചാൽ അങ്ങിനെയൊക്കെ അനുഭവിക്കേണ്ടി വരും” എന്ന് ഓർമ്മിപ്പിക്കും. പളളി മുറ്റത്തു വെച്ച് തന്റെ കൈവെട്ടി മാറ്റുമ്പോൾ നിസ്സംഗനായി നോക്കി നിന്ന ദൈവത്തിനു നന്ദി പറയാനായി ഡോക്ടർമാർ തുന്നിപിടിപ്പിച്ച കൈയ്യുമായി വെട്ടു കൊണ്ടവൻ ഇഴഞ്ഞു ചെല്ലും.
ചുരുക്കത്തിൽ പറഞ്ഞാൽ മതങ്ങൾ ഉണ്ടാകുന്നതിന് മുൻപേ മനുഷ്യകുലത്തിന് അതിജീവനത്തിന് അത്യന്താപേക്ഷിതമാണെന്ന് മനുഷ്യൻ മനസ്സിലാക്കി പിന്തുടർന്ന് വരുന്ന സ്നേഹം, സഹാനുഭൂതി, സത്യസന്ധത, സാഹോദര്യം , കൂട്ടായ്മ എന്നീ മൂല്യങ്ങളെയെല്ലാം മതവിശ്വാസം പതിയെ പതിയെ ഇല്ലാതെയാക്കും. ഇപ്പറഞ്ഞവയെല്ലാം സ്വന്തം മത ഗോത്രത്തിനുള്ളിൽ മാത്രമായി പരിമിതപ്പെടുത്തും.
ഇതു വായിക്കുമ്പോൾ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാവും. മേൽ സൂചിപ്പിച്ച മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന നിരവധി മത വിശ്വാസികൾ ഉണ്ടല്ലോ എന്ന സ്വാഭാവികമായ ചോദ്യം. നിശ്ചയമായും ഉണ്ട് . അവർക്ക് സമൂഹത്തിൽ നിർണ്ണായകത്വവുമുണ്ട്. ലോകത്തെ ഒറ്റയടിക്കു നന്നാക്കാനായി വന്ന അവതാരങ്ങൾക്കും പ്രവാചകൻമാർക്കും പ്രത്യയശാസ്ത്രകാരൻമാർക്കും അവർക്കു വേണ്ടിയെന്ന വ്യാജേന സൂത്രശാലികളായ കുറുക്കൻമാരുണ്ടാക്കിയ മതങ്ങൾക്കും സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങൾക്കും ഒരു ചെറിയ വിഭാഗം മനുഷ്യരെ മാത്രമെ തമ്മിലടിപ്പിക്കാനും കൊന്നു തള്ളാനും കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവരെയും മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ആവേശിച്ചെങ്കിലും ആ മനുഷ്യരിൽ രൂഢമൂലമായ മാനുഷിക മൂല്യങ്ങളെ തകർത്ത് അവരെ നിഷ്ഠൂരരാക്കി മാറ്റാൻ തക്കവണ്ണം അവ വിജയിച്ചില്ല.
മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മാനുഷിക മൂല്യങ്ങൾക്കു മുന്നിൽ കീഴടങ്ങിയതിന്റെ ചരിത്രം കൂടിയാണ് ജനാധിപത്യത്തിനും മതേതരത്വത്തിനും പറയാനുള്ളത് എന്നർത്ഥം.