ഇസ്ലാമിസം 

ഇന്ന് രാഷ്ട്രിയ ഇസ്ലാമിന്‍റെ രൂപത്തിൽ തിരിച്ചുവരുന്ന ശുദ്ധ ഇസ്ലാം എന്ന സച്ചരിതരായ മുൻഗാമികളുടെ (മൻഹജുസ്സലഫ്) ഇസ്ലാം, മുസ്ലിം സമൂഹങ്ങളിൽ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിലെ ഇസ്ലാമിസ്റ്റ് ആശയങ്ങൾ ആഗോളതലത്തിൽ നമ്മൾ അറിയുന്ന ആധുനിക മൂല്യങ്ങളെ തന്നെ ഇല്ലാതാക്കും വിധം നാം ജീവിക്കുന്ന ലോകത്തെ, നമ്മുടെ ചുറ്റുപാടുകളെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. മതമെന്ന നിലയിലോ രാഷ്ട്രിയ പ്രത്യയശാസ്ത്രമെന്ന നിലയിലോ ഇസ്ലാമിന്‍റെ വിശ്വാസ പ്രമാണങ്ങളും നിയമങ്ങളും ലിബറൽ മൂല്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തതാണ്. അക്കാര്യത്തിൽ മറ്റു മതങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇസ്ലാം. എന്നാൽ ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത് ഇസ്ലാമിക നിയമങ്ങൾ ആധുനികലോകത്തും നടപ്പാക്കപ്പെടേണ്ടതാണ് എന്ന അതിന്‍റെ അവകാശവാദമാണ്. അതിനു സ്വാധീനമുള്ള രാജ്യങ്ങളിലും സമൂഹങ്ങളിലും ആ നിയമങ്ങളിൽ പലതും അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

2013-ലെ പ്യൂ റിസേർച്ച് ഫോറം സർവെ റിപ്പോർട്ട് പ്രകാരം 72% ഇന്തോനേഷ്യൻ മുസ്ലിംങ്ങളും, 84% പാക്കിസ്ഥാൻ മുസ്ലിംങ്ങളും, 82% ബംഗ്ലാദേശി മുസ്ലിംങ്ങളും, 74% ഈജിപ്തുകാരായ മുസ്ലിംങ്ങളും, 71% ജോർദാനിയൻ മുസ്ലിംങ്ങളും ശരിയത്ത് നിയമം നടപ്പാക്കണം എന്ന് കരുതുന്നവരാണ്. ഇസ്ലാമിക നിയമപ്രാകാരമുള്ള കടുത്ത ശിക്ഷകൾ നടപ്പാക്കണമെന്നും ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ കൊല്ലണമെന്നും കരുതുന്ന മുസ്ലിംങ്ങള്‍  ഈ സർവെ പ്രകാരം ലോകത്തിന്‍റെ പല പ്രദേശങ്ങളിലും ഭൂരിപക്ഷമാണ്. ഇവയ്ക്കെല്ലാം പ്രമാണങ്ങളുടെ പിന്തുണയുണ്ടെന്നത് ഒരു വസ്തുതയാണ്. അതോടൊപ്പം ഈ പ്രമാണങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നടപ്പാക്കണമെന്ന് കരുതുകയും പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രിയ ഇസ്ലാം എന്ന ഇസ്ലാമിസത്തിന്‍റെ സ്വാധീനം മുസ്ലിം സമൂഹങ്ങളിൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്ലാമിസം പൂർണ്ണമായും ഇസ്ലാം വിമുക്തമല്ല എന്നതൂകൊണ്ടു തന്നെ ഇസ്ലാമിസ പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളിൽ ഇസ്ലാം മത പ്രമാണങ്ങളെ ഒഴിച്ചു നിർത്താനാവില്ല.

ഇസ്ലാമിന്‍റെ അടിസ്ഥാന പ്രശ്നം എന്താണ്? എന്ന ചോദ്യത്തിന് മുസ്ലീംങ്ങൾക്കിടയിൽ തന്നെ അഭിപ്രായൈക്യം ഇല്ല എന്നതാണ്. എല്ലാ വിശ്വാസികളും ഒരേ പോലെ വിശ്വസിക്കുന്ന ഒരു കാര്യം ഖുറാൻ യാതൊരു അവ്യക്തതയുമില്ലാത്ത പുണ്യഗ്രന്ഥമാണ് എന്നതാണ്. എന്നാൽ എന്താണ് ഖുറാൻ പറയുന്നത് എന്ന കാര്യത്തെ കുറിച്ച് അവർക്കിടയിൽ തർക്കം നിലനിൽക്കുകയും ചെയ്യുന്നു. ഒരേ സമയം തന്നെ ഇസ്ലാമിനെ മതമായും, സാമൂഹ്യ-സാമ്പത്തിക, രാഷ്ട്രിയ, സൈനിക വ്യവസ്ഥയായും ആ മതത്തിന്‍റെ തന്നെ പ്രമാണങ്ങൾ വെച്ച് സ്ഥാപിക്കാൻ കഴിയും. ഇന്ന് ഇസ്ലാമിന്‍റെ ഏറ്റവും പ്രകടമായ മുഖം രാഷ്ട്രിയ ഇസ്ലാമിന്‍റെതാണ്. രാഷ്ട്രിയ ഇസ്ലാം യഥാർത്ഥ ഇസ്ലാമല്ല എന്ന് വാദിക്കാം. പക്ഷെ രാഷ്ട്രിയ ഇസ്ലാം അതിന്‍റെ പ്രത്യയശാസ്ത്ര അടിത്തറയായി ഉപയോഗിക്കുന്നത് ഖുറാനിലും, സുന്നത്തിലും, ഹദീസിലുമുള്ള ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ തന്നെയാണ്.

ലളിതമായ അർത്ഥത്തിൽ ഇസ്ലാം ഒരു മതമാണ്. സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ.  അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും,     അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.” (ഖുറാൻ 4:136)

ലോകത്ത് മഹാഭൂരിപക്ഷം മുസ്ലീംങ്ങളും അവരുടെ മതവിശ്വാസത്തെ ഈ ലളിതമായ ശാസനയുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കുന്നവരാണ്. എന്നാൽ സമൂഹത്തിന് മേലെ ഇസ്ലാമിനെയും അതിന്‍റെ നിയമങ്ങളെയും അടിച്ചേൽപ്പിക്കണം എന്ന് കരുതുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാമിസം. ഇസ്ലാമിസത്തെ  ശക്തിയുപയോഗിച്ച് വ്യാപിപ്പിക്കുക എന്നതാണ് ജിഹാദിസം. സച്ചരിതരായ പൂര്‍വികര്‍  (മന്‍ഹജുസ്സലഫ്) ഉള്‍ക്കൊണ്ടതു പോലെ ഇസ്‌ലാമിക വിശ്വാസം ഉള്‍ക്കൊള്ളുക, മതത്തിന്‍റെ ആദിമ വിശുദ്ധി കാത്തുസൂക്ഷിക്കുക, പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ (ബിദായത്ത്) നിരാകരിക്കുക എന്നിവയാണ് യഥാർത്ഥ ഇസ്ലാമിക ജീവിതത്തിൽ ചെയ്യേണ്ടത് എന്നൊക്കെയുള്ള സലഫിസ്റ്റ് ആശയങ്ങൾക്ക് മുസ്ലിംങ്ങൾക്കിടയിൽ നല്ല സ്വാധിനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇസ്ലാമിക് സ്റേറ്റ് 

സലഫിസ്റ്റ് ആശയങ്ങളുടെ ഒരുൽപ്പന്നമല്ല ഇസ്ലാമിസം. രാഷ്ട്രിയ ഇസ്ലാം എന്നത് ഇസ്ലാമിന്‍റെ സ്ഥാപനത്തോടൊപ്പം തന്നെയുണ്ടായിരുന്നു. ശരിയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രവർതത്തിക്കുന്ന ഇസ്ലാം അടിസ്ഥാനപരമായി ഒരു രാഷ്ട്രിയ വ്യവസ്ഥയാണ്. ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡും ഇന്ത്യൻ ഉപഭൂകണ്ഡത്തിലെ ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമിസ്റ്റ് സംഘടനകളാണ്. ഇന്ന് ഇസ്ലാമിസം പ്രയോഗത്തിൽ നടപ്പാക്കുന്ന സംഘടനയാണ് ദൌലത്തുൽ ഇസ്ലാം എന്ന ഇസ്ലാമിക്ക് സ്റ്റേറ്റ്. മുൻ ഇസ്ലാമിസ്റ്റും എഴുത്തുകാരനുമായ മാജിദ് നവാസ് നിരീക്ഷിക്കുന്നത് പോലെ ഇസ്ലാമിനെ മൊത്തം ഇസ്ലാമിക്ക് സ്റ്റേറ്റ് പ്രതിനിധീകരിക്കുന്നു എന്ന് വാദിക്കാൻ കഴിയാത്തത് പോലെ തന്നെ അതിന് ഇസ്ലാമുമായി യൊതൊരു ബന്ധവുമില്ല എന്ന് വാദിക്കാനും കഴിയില്ല [1]. സമാനമായ നിരീക്ഷണമാണ് ഇന്തോനേഷ്യയിലെ സമുന്നതനായ മുസ്ലിം മതപണ്ഡിതനായ യഹ്യ ചോലിൽ സ്തഖൂഫും (Yahya Cholil Staquf) നടത്തുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനും ഇസ്ലാമിക യാഥാസ്ഥിതികതയുടെ അടിസ്ഥാന ധാരണകളുമായി വ്യക്തമായ ബന്ധമുണ്ട് എന്ന് തന്നെയാണ് അദ്ദേഹവും പറയുന്നത് [2]

ജിഹാദിന് ഇസ്ലാമിൽ വളരെ വലിയ പങ്കാണുള്ളത് എന്നത് വസ്തുതയാണ്. പുണ്യയുദ്ധം എന്ന സങ്കൽപ്പത്തോടൊപ്പം ഇസ്ലാം മതമാണ് വെളിപ്പെടുത്തപ്പെട്ട മതങ്ങളിൽ അവസാനത്തേതും ഏറ്റവും മുന്തിയതുമെന്നുമുള്ള വിശ്വാസത്തിന് മുസ്ലിം മതപ്രബോധകർക്കും പ്രചാരകർക്കും ഇസ്ലാം മതവിശ്വാസികളുടെയിടയിൽ ഒരു പ്രാമാണ്യതാ ബോധം സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ഈ പ്രാമാണ്യതാ ബോധവും ചരിത്രത്തിൽ ഇസ്ലാം മതം നേരിടേണ്ടി വന്ന തിരിച്ചടികളുണ്ടാക്കിയ വൈകാരികതയുമാണ് ആക്രമണോൽസുകതക്കുള്ള ഒരു പരിസരം സൃഷ്ടിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട് [3]. ഇസ്ലാമിക തീവ്രവാദത്തേയും ഭീകരവാദത്തേയും ഒരു വൈകാരിക പ്രതികരണമായി കാണുന്നത് തെറാപ്പി സംസ്കാരത്തിന്‍റെ ഫലമാണ്. അത്തരം നിരീക്ഷണങ്ങൾ ഇസ്ലാമിസത്തിന്‍റെ വൈചാരിക പ്രാധാന്യത്തെ കുറച്ചുകാണുന്നു. യഥാർത്ഥത്തിൽ ആശയങ്ങളാണ് വികാരങ്ങളെ ഉത്തേജിപ്പിക്കുന്നത്. ആശയങ്ങളേയും അവയെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരണമെന്ന് പറയുന്നവരേയും ഗൌരവത്തോടെ കാണേണ്ടതുണ്ട്. അൽ-ഖയിദയുടെ സ്ഥാപകനായ അബ്ദുള്ള യൂസഫ് അസ്സാമും (Abdulla Yusuf Azzam) ഇസ്ലാമിക്ക് സ്റ്റേറ്റിന്‍റെ  ഖലീഫയായ അബൂബക്കർ അൽ ബഗ്ദാദിയും ഇസ്ലാമിക നിയമ സംഹിതയെ കുറിച്ച് ഗഹനമായി പഠച്ചവരാണ്. രണ്ടു പേരും വിഷയത്തിൽ പിഎച്ഡി ബിരുദമുള്ളവരാണെന്ന് ഓർക്കുക.

ഒന്നാം ലോകമഹാ യുദ്ധത്തിന്‍റെ അവസാനത്തോടുകൂടി ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ പതനവും തുടർന്നു ഇസ്ലാമിക ഖിലാഫത്തിന്‍റെ ഉന്മൂലനവും പിന്നീട് പാശ്ചാത്യ ലോകത്തിന്‍റെ മേധാവിത്വവും  ലോകം സാക്ഷ്യം വഹിച്ചു. ഇസ്ലാമിന്‍റെ തിരിച്ചടികൾക്ക് കാരണം മുസ്ലിംങ്ങൾ ശരിയായതും പ്രാമാണ്യവുമായ (true and authentic) ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് എന്ന് പ്രബോധനം നടത്താൻ പണ്ഡിതന്മാർക്ക് കഴിഞ്ഞു. ഈ യഥാർത്ഥ ഇസ്ലാം എന്ന ആശയമാണ് ഇസ്ലാമിസത്തിന് വളരാനുള്ള രംഗമൊരുക്കിയത്. ഹസ്സൻ അൽ ബന്നയുടെയും മൌദൂദിയുടെയും സയ്യിദ് ഖുത്ബിന്‍റെയും ആശയങ്ങളാണ് രാഷ്ട്രിയ ഇസ്ലാമിന് ജന്മം കൊടുത്തത് എന്ന് കരുതുന്നത് അബദ്ധമാണ്. ഇസ്ലാംമതത്തിന്‍റെ തുടക്കത്തിൽ തന്നെ ഇസ്ലാമിസമുണ്ടായിരുന്നു. യുദ്ധത്തിലൂടെയും വ്യാപനത്തിലൂടെയും ഇസ്ലാമിന്‍റെ തൌഹിദ് (ദൈവത്തിന്‍റെ ഏകത്വം) മറ്റു സമൂഹങ്ങളുടെ മേലെയും നടപ്പാക്കുക എന്നത് തുടക്കം തൊട്ടുതന്നെ ഇസ്ലാമിന്‍റെ ദൌത്യമായിരുന്നു. ഇസ്ലാം മതം ആവിർഭവിച്ച് ഏതാനും വർഷങ്ങൾക്കകം തന്നെ അതൊരു രാഷ്ട്രിയ-ഭരണ സംവിധാനമായിരുന്നു. കൃസ്തുമതത്തിന്‍റെ ചരിത്രം വ്യത്യസ്തമായിരുന്നു. കൃസ്തുമതത്തിന്‍റെ ആദ്യത്തെ മുന്നൂറു വർഷം കൃസ്ത്യാനികൾ കടുത്ത പീഡനത്തിന്‍റെ ഇരകളായിരുന്നു. കൊൺസ്റ്റൻറൈൻ ഒന്നാമൻ ചക്രവർത്തി തന്നെ കൃസ്തുമതം സ്വീകരിച്ചതോടുകൂടിയാണ് ഭരണകൂട പീഢനം അവസാനിച്ചത്. മാത്രവുമല്ല, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന യേശുവിന്‍റെ സന്ദേശം (മാർക്കോസ് 12:13-17) രാഷ്ട്രിയ കൃസ്തുമതം എന്ന ആശയത്തിനെതിരായിരുന്നു.

632 ൽ മുഹമ്മദ് മരണമടയുന്ന കാലത്ത് തന്നെ അറേബ്യയുടെ നല്ല ഭാഗവും  ഇസ്സാമിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ഖലീഫയായ അബൂബക്കറിന്‍റെ കാലത്ത് മദീനയുടെ അധികാരം അംഗീകരിക്കാതിരുന്ന മുസ്സിം വിമത ഗ്രൂപ്പുകൾക്കെതിരെയുള്ള റിദ്ദാ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന സൈനിക നീക്കങ്ങളായിരുന്നു നടന്നത്.  രണ്ടാം ഖലീഫയായിരുന്ന ഉമ്മറിന്‍റെ കാലത്ത് ബൈസൻറൈൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന കൃസ്ത്യൻ സിറിയയിലേയും പേർഷ്യൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഇറാഖിലേയും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഇസ്ലാമിന്‍റെ അധീനതയിലായി. മുഹമ്മദിന്‍റെ മരണത്തിനു ശേഷം ഏതാനും വർഷങ്ങൾക്കകം തന്നെ അറേബ്യൻ ഉപഭൂകണ്ഡം കൂടാതെ, ഈജിപ്തിന്‍റെ ഹൃദയഭാഗവും, സിറിയയും ഇറാഖും ഇസ്ലാമിന്‍റെ നിയന്ത്രണത്തിലായി. ഉമ്മറിന്‍റെയും മൂന്നാം ഖലീഫയായ ഉസ്മാന്‍റെയും കാലത്ത് ഇസ്ലാമിന്‍റെ അധിനിവേശ പടയൊട്ടം തുടർന്നു. അഞ്ചാം ഖലീഫയായ മുആവിയ ഇസ്ലാമിന്‍റെ തലസ്ഥാനം ഡമാസ്കസിലേക്ക് മാറ്റി. മുആവിയ തുടങ്ങിവെച്ച ഉമയ്യാദ് ഭരണവംശം (dynasty) 661 മുതൽ 750 വരെ നിലനിന്നു. ഉമയ്യാദ് ഭരണകാലത്ത് വ്യാപനം തുടർന്നു. വിദൂര ദേശമായ സിന്ധിലേക്കും (711 ൽ) സൈന്യത്തെ അയച്ചു. വടക്കൻ ആഫ്രിക്കയിലെ ഇന്നത്തെ ടുണീഷ്യയും മാഗ്രെബിന്‍റെ മറ്റു ഭാഗങ്ങളും അക്കാലത്ത് തന്നെ ഇസ്ലാമിന്‍റെ അധീനതയിലായി. 711 ൽ ഒരു മുസ്ലിം സൈനിക സംഘം ജിബ്രാൾട്ടർ കടലിടുക്ക് കടന്ന് ഐബീരിയൻ പെനിൻസുല (ഇന്നത്തെ സ്പെയിനിന്‍റെ ഭാഗം) കീഴടക്കി. അവിടെ നിന്നും ഇന്നത്തെ ഫ്രാൻസിന്‍റെ ഭാഗമായ ലോയിർ താഴ്വര വരെ മുസ്സിം സൈന്യമെത്തുകയും (Battle of Tours or Poitiers, 732 CE) ചെയ്തു. ബൈസൻറൈൻ ഹൃദയഭാഗത്തിനെതിരെയുള്ള മുസ്സിം സൈനികാക്രമണങ്ങൾ നിരന്തരം തുടർന്നുവെങ്കിലും പതിനഞ്ചാം നൂറ്റാണ്ടുവരെ കീഴടക്കാൻ പറ്റിയില്ല[4]. 

ലിബറല്‍ മൂല്യങ്ങള്‍

ആധുനിക രാഷ്ട്രിയ ഇസ്ലാമിന്‍റെ പ്രത്യയശാസ്ത്രകാരന്മാർ ആഗ്രഹിച്ചതു പോലെ ഇസ്ലാമിസം വിജയിച്ചില്ലായിരിക്കാം. എന്നാൽ അവരുടെ ആശയങ്ങൾ അപ്രത്യക്ഷമായതുമില്ല. മുസ്ലിംങ്ങളുടെ ആത്മിയവും, സാമൂഹ്യവും രാഷ്ട്രിയവുമായ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്ന ഒരു സമഗ്ര പദ്ധതിയാണ് ഇസ്ലാമിസ്റ്റുകളുടെ ഇസ്ലാം. ഏഴാം നൂറ്റാണ്ടിലെ പ്രമാണങ്ങൾ (ഖുർആൻ, ഹദീസ്, സുന്ന)  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നടപ്പാക്കപ്പെടണം എന്ന വാദം ഉയരുന്നിടത്താണ് അവ ലിബറൽ മൂല്യങ്ങളുടെ തിരസ്കാരമാണ് എന്ന് പറയേണ്ടി വരുന്നത്. അല്ലാഹുവിന്‍റെ പരമാധികാരം (sovereignty) അറേബ്യക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്കും സൈനിക ജിഹാദിലുടെ  നടപ്പാക്കുക എന്ന ദൌത്യവുമായി സാമ്രാജ്യ വികസനം നടത്തുക എന്നത് ഇസ്ലാമിന്‍റെ ആദ്യകാല ചരിത്രത്തിലെ പ്രധാന ഘടകമായിരുന്നു. ഇസ്ലാമിന്‍റെ വ്യാപനത്തിലൂടെ നടപ്പാക്കപ്പെടുന്ന അല്ലാഹുവിന്‍റെ പരമാധികാരം (sovereignty) ആണ് ഇസ്ലാമിക കാഴ്ച്ചപ്പാടിൽ ഒരു ഭരണസംവിധാനത്തിന്‍റെ നിയമസാധുത. അല്ലാഹുവിന്‍റെ പരമാധികാരം (sovereignty) കവർന്നെടുത്തവരിൽ നിന്നും അത് ജിഹാദിലൂടെ തിരിച്ചു പിടിക്കാനാണ് ആധുനിക ഇസ്ലാമിസത്തിന്‍റെ പ്രധാന പ്രത്യയശാസ്ത്രകാരന്മാരിൽ ഒരാളായ അബുൽ അലാ മൌദൂദി ആഹ്വാനം ചെയ്തത്. അദ്ദേഹത്തിന്‍റെ Jihad in Islam എന്ന കൃതിയിൽ ഇസ്ലാമിസത്തിന്‍റെ ആധുനിക പദ്ധതി വ്യക്തമാക്കുന്നുണ്ട് [5].  ലോകം മൊത്തം ഇസ്ലാം കീഴടക്കുക, ഇസ്ലാമിക പ്രത്യയശാസ്ത്രത്തെയും പദ്ധതിയെയും എതിർക്കുന്ന രാജ്യങ്ങളെയും ഭരണകൂടങ്ങളെയും ഈ ഭൂമുഖത്ത് നിന്ന് തന്നെ നശിപ്പിക്കുക എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണം എന്ന് മൌദൂദി സ്വപ്നം കാണുന്ന ഭരണങ്ങളും രാജ്യങ്ങളും ഏതായിരിക്കണമെന്ന് ഇസ്ലാമിന്‍റെ മറ്റൊരു ദാർശനികനായ സയ്യിദ് ഖുത്ബ് വ്യക്തമാക്കുന്നുണ്ട്. ഇസ്ലാം എന്നാൽ ദൈവത്തിന്‍റെ പരമാധികാര പ്രഖ്യാപനമാണെന്നും അത് മനുഷ്യന്‍റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്ന എല്ലാ വ്യവസ്ഥകൾക്കും വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട് [6]. 

ഇസ്ലാം ലോകത്തെ, ദാറുല്‍ ഇസ്‌ലാം, ദാറുല്‍ കുഫ്ര്‍ (ദാറുല്‍ ഹര്‍ബെന്നും പറയും), എന്നും വിഭജിക്കുന്നു. ഇസ്‌ലാമിക നിയമത്തിന് മേധാവിത്തമുള്ള പ്രദേശമാണ് ഒന്നാം വിഭാഗമായ ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്‍റെ ഗേഹം). അനിസ്‌ലാമിക നിയമങ്ങള്‍ക്ക് മേധാവിത്തമുള്ള നാടാണ് ദാറുല്‍ കുഫ്ര്‍ (അവിശ്വാസത്തിന്‍റെ ഗേഹം). ഇസ്ലാമിന്‍റെ അധീനതയിലായിരുന്ന പ്രദേശങ്ങളെയെല്ലാം അത് പുനർരൂപകൽപ്പനചെയ്തു. ഒരുകാലത്ത് കൃസ്ത്യൻ പ്രദേശങ്ങളായിരുന്ന സിറിയ, ഈജിപ്ത്, ജോർദാൻ എന്നി രാജ്യങ്ങളെ അത് ദാറുൽ ഇസ്ലാമാക്കി. ഹിന്ദു-ബുദ്ധിസ്റ്റ് പ്രദേശമായിരുന്ന ഇന്തോനേഷ്യയിൽ ഇസ്ലാമിന്‍റെ വരവുണ്ടാക്കിയ, ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന, മാറ്റം നല്ല ഉദാഹരണമാണ് [7]. ലോകത്തെ ദാറുൽ ഇസ്ലാമെന്നും ദാറുൽ കുഫ്രെന്നും കാണുന്ന ഒരു പ്രത്യയശാസ്ത്രം ലിബറലിസത്തിന്‍റെ ലോകവീക്ഷണവുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ല. ജ്ഞാനോദയകാലം തൊട്ടുതന്നെ പാശ്ചാത്യലോകം സത്യവിശ്വാസം എന്ന ആശയത്തെ ഉപേക്ഷിക്കുകയും പകരം എല്ലാതരം വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന ലിബറലിസം എന്ന തത്വത്തെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുസ്ലിം ലോകം സത്യമതം എന്ന ആശയം ഇപ്പോഴും മുറുകെ പിടിക്കുന്നു.

ഇസ്ലാമിന്‍റെ ലോകവീക്ഷണം രൂപപ്പെടുത്തപ്പെട്ടത് രാഷ്ട്രിയവും മതവും തമ്മിൽ യാതൊരു വിഭജനവും ഇല്ലാത്ത ഒരു സാമൂഹ്യക്രമം എന്ന സങ്കൽപ്പത്തിലാണ്.  ഇസ്ലാമിന്‍റെ ആദ്യകാലം മതവും രാഷ്ട്രീയവും ഒരുമിച്ചതിന്‍റെ ഉത്തമോദാഹരണമാണെന്ന് ഇസ്ലാമിസ്റ്റുകൾ കരുതുന്നു. ആ കാലത്തെ മാതൃക ആധുനികകാലത്തും നടപ്പാക്കുക എന്നതാണ് ഇസ്ലാമിസ്റ്റ് സ്വപ്നം. അത്തരം ഒരു സ്വപ്നമാണ് സലഫിസത്തിനുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഈജിപ്തിൽ ഇഖ് വാനുൽ മുസ്ലിമീൻ (മുസ്ലീം ബ്രദർഹൂഡ്) നടപ്പിലാക്കാൻ ആഗ്രഹിച്ചത് അതായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇസ്ലാമിക് സ്റ്റേറ്റ് അതിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ നടപ്പാക്കിയതും ഈ സ്വപ്നത്തെയാണ്.

ജനാധിപത്യ മൂല്യങ്ങള്‍

മനുഷ്യരുടെ ഇന്നത്തെയും ഭാവിയിലെയും ജീവിതം ആയാസകരമാക്കുന്നതിന് യുക്തിയധിഷ്ഠിതമായ നയങ്ങൾ ജനാധിപത്യപരമായി നടപ്പാക്കുക എന്ന ആധുനിക ജനാധിപത്യ സമീപനത്തിന് വിരുദ്ധമായി ഭൂതകാല മാതൃകകളെ പുനരാവിഷ്കരിക്കുക എന്ന ഇസ്ലാമിന്‍റെ പ്രാമാണിക ലക്ഷ്യം വ്യക്തികളെയും സമൂഹങ്ങളെയും കൊണ്ടെത്തിക്കുന്നത് നിഷ്ഠൂരവാഴ്ചയിലേക്കും യുദ്ധത്തിലേക്കുമാണ്. വ്യക്തിയുടെ സ്വകാര്യവും അല്ലാത്തതുമായ ജീവിതത്തെയാകമാനം സംബന്ധിക്കുന്ന ഒരു സമഗ്ര നൈതികതയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.  വ്യക്തിജീവിത്തെയും സാമൂഹ്യ ജീവിതത്തെയും സംബന്ധിക്കുന്ന ഒരു കർമ്മശാസ്ത്രമാണ് ഇസ്ലാം എന്നാണ് വിശ്വാസികൾ കരുതുന്നത്.  ഇസ്ലാമിൽ ജീവിതം സ്വർഗ്ഗ പ്രാപ്തിക്കായുള്ള തൽക്കാലവാസമാണ്. അതിലേക്കുള്ള യാത്രക്കാവശ്യമായ ശരിയായ വഴി (right path, shari’a) ഏതാണെന്ന് യാത്രികന് കാണിച്ചുകൊടുക്കാൻ സഹായിക്കുന്ന കർത്തവ്യങ്ങളുടെ ഒരു വ്യവസ്ഥയാണ്  (system of obligations, fara’id) ഇസ്ലാമിലെ നിയമം [8]. സമഗ്ര നൈതികതയിലൂടെ ഇസ്ലാം വ്യക്തിയെ മതശാസനയുടെ സമഗ്രാധിപത്യത്തിന് വിധേയമാക്കുന്നു.

 ഇസ്ലാമും ഇതരമതങ്ങളും

ലിബറൽ വ്യവസ്ഥയിലെ നിയമവാഴ്ചയിൽ ചെയ്യാൻ പാടില്ലാത്തത് എന്താണ് എന്നതിന്‍റെ പരിധി നിശ്ചയിക്കുക എന്നതാണ് നിയമങ്ങൾ ചെയ്യുന്നത്. ഇസ്ലാമിലെ നൈതികത എന്നാൽ പ്രമാണങ്ങൾ നിഷ്കർഷിക്കുന്ന ആജ്ഞകൾ അക്ഷരംപ്രതി അനുസരിക്കലാണ്. ധാർമ്മിക ഉത്തരവാദിത്വത്തോടെ യുക്തിസഹമായ തീരുമാനങ്ങൾ സ്വയേച്ഛ പ്രകാരം എടുക്കുന്ന വ്യക്തി എന്ന സങ്കൽപ്പം ഇസ്ലാമിന് അന്യമാണ്. മതവിശ്വാസം അനുശാസിക്കുന്ന കടമകൾ മുടക്കമില്ലാതെ ചെയ്യേണ്ടുന്നവരാണ് ഇസ്ലാമിലെ വ്യക്തികൾ. ഇസ്ലാമിന് (ഏറെക്കുറെ മറ്റു മതങ്ങൾക്കും) ധാർമ്മികത എന്നാൽ എന്തൊക്കെയാണ് ചെയ്യാൻ അനുവദിക്കപ്പെട്ടത് എന്തൊക്കെയാണ് അനുവദിക്കപ്പെടാത്തത് എന്ന ലളിതമായ തീർപ്പുകളുടെ മേഖലയാണ്. ഈ തീർപ്പുകൾ വിശ്വാസികൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കേണ്ടതു മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും നടപ്പാക്കേണ്ടതാണ്. സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുക എന്നത് മുസ്ലീം സമൂഹത്തിന്‍റെയും ഇസ്ലാംമത വിശ്വാസിയുടെയും കർത്തവ്യമാണ്. ചുരുക്കത്തിൽ ഒരു വിശ്വാസിയുടെ വ്യക്തിപരമായ ആത്മീയാഭിലാഷമല്ല ഇസ്ലാം മതത്തിൽ വിശ്വാസം. അത് അടിച്ചേൽപ്പിക്കപ്പെടേണ്ട മതശാസനകളുടെ ഒരു വാഴ്ചയാണ്. മതസ്വാതന്ത്ര്യം എന്ന ആശയം ഇസ്ലാമിന് അന്യമാണ്. ഇസ്ലാം മറ്റു മതങ്ങൾക്ക് തുല്യ പദവി നൽകുന്നേയില്ല. മറ്റു മതവിശ്വാസങ്ങളോടും അവിശ്വാസത്തോടും ഒരു തരത്തിലുള്ള സഹിഷ്ണുതയും ഇസ്ലാം മുന്നോട്ടു വെക്കുന്നില്ല. ജൂതന്മാർക്കും കൃസ്ത്യാനകൾക്കും ഇസ്ലാംമതം നൽകുന്നു എന്ന് പറയുന്ന പരിരക്ഷ രണ്ടാംകിട പൌരന്മാർക്കുള്ള പരിരക്ഷ മാത്രമാണ്. ഖുറാൻ നിഷ്ക്കർഷിക്കുന്നത് സത്യമതത്തെ (ഇസ്ലാം) സ്വീകരിക്കാത്തവർക്കെതിരെ യുദ്ധം ചെയ്യാനാണ്: “വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധംചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.”  (ഖുറാൻ 9:29)

ഈ പ്രാമാണ്യതാ വീക്ഷണമാണ്  സൌദി അറേബ്യയിലെ സ്കൂൾ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത്. ആ രാജ്യത്തെ അഞ്ചാം ഗ്രേഡിൽ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിൽ ജൂതന്മാരോടും കൃസ്ത്യാനികളോടും ബിംബാരാധകരോടും മുസ്ലിങ്ങൾ ഭ്രഷ്ട് കൽപ്പിക്കണം എന്ന് പഠിപ്പിക്കുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന 13-09-2017 നു പുറത്തുവിട്ട റിപ്പോർട്ടിലാണ് അസഹിഷ്ണുത വളർത്തുന്ന സൌദിയിലെ പാഠപുസ്തകങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത് [9]. സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച“ (ഖുറാൻ 5:51) എന്ന ആജ്ഞ ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്. ആശയങ്ങൾ പ്രധാനമാണ്. ഈ വാക്കുകളിൽ കാണുന്ന അസഹിഷ്ണുത ഒരു വൈകാരിക പ്രകടനമല്ല. ദൈവത്തിന്‍റെ എക്കാലത്തേക്കുമുള്ള കൽപ്പനയാണ്.  അസഹിഷ്ണുതയുടെയും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്‍റെയും കാര്യത്തിൽ ഇസ്ലാം ഒറ്റയ്ക്കല്ല [10]. എന്നാൽ വിമർശനങ്ങളോടും ആക്ഷേപഹാസ്യങ്ങളോടും ഇസ്ലാമിക സമൂഹങ്ങളുടെ പ്രതികരണം തീക്ഷ്ണവും അക്രമണോൽസുകവുമാണ്.  സൽമാൻ റഷ്ദി മുതൽ ചാർലി എബ്ദോ വരെ ആധുനികലോകം അത് സാക്ഷ്യം വഹിച്ചതുമാണ്. ഇസ്ലാമിക അസഹിഷ്ണുതയക്ക് പ്രമാണങ്ങളുടെ പിൻബലം ഉണ്ട്. ദൈവ കൽപ്പന ഇതാണ്: “അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചു കളയപ്പെടുകയോ, നാടു കടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും.” (ഖുറാൻ 5:33)

ദൈവത്തിന്‍റെ അന്തിമ വചനമാണ് ഖുറാനെന്നും അതുകൊണ്ടു തന്നെ ജീവിതത്തെ സംബന്ധിക്കുന്ന പരമമായ പെരുമാറ്റച്ചട്ടമാണതെന്നുമുള്ള വിശ്വാസം ഇത്തരം അസഹിഷ്ണുതക്ക് ഒരു ധാർമ്മിക സാധൂകരണം നൽകുന്നു. ഏത് വിമർശനത്തെയും മതനിന്ദയായി കാണാൻ ഇത് കാരണമാകുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇസ്ലാം അനുവദിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറ്റവും ശക്തമായതും തത്വചിന്താപരവുമായ ന്യായീകരണമാണ് ജോൺ സ്റ്റ്യുവർട്ട് മിൽ നൽകുന്നത്. ‘On the Liberty of Thought and Discussion’ ൽ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വതന്ത്രമായ വിനിമയം മാത്രമാണ് വസ്തുതയിലേക്കെത്താനുള്ള ഏക രീതി എന്ന് മിൽ വാദിക്കുന്നു. ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാതിരുന്ന ഒരുപാട് പ്രമാണങ്ങൾ ഇന്ന് ഉപേക്ഷിക്കപ്പെട്ടവയാണ് എന്നത് തന്നെ ഇതിന്‍റെ തെളിവാണ് എന്ന് അദ്ദേഹം കരുതി. ഇസ്ലാമിന്‍റെ വിശ്വാസ-രാഷ്ട്രീയ വ്യവസ്ഥയിൽ വിശ്വാസവും അഭിപ്രായവും ഭരണവ്യവസ്ഥയുടെ ശാസനകൾക്ക് ഇടപെടാനുള്ള മേഖലകളാണ്.

ശരിയത്ത് നിയമം ഒരു സങ്കൽപ്പമല്ല. ഇസ്ലാമിക ലോകവീക്ഷണത്തിന്‍റെ അടിസ്ഥാന ശിലയാണ് അത്. ഇന്ന് ചരിത്ര പ്രാധാന്യം മാത്രമുള്ള ഭൂതകാലത്തെ ഒരു നിയമസംഹിതയല്ല ശരിയത്ത്. മറിച്ച്, പല ഇസ്ലാമിക സമൂഹങ്ങളിലും പ്രാബല്യത്തിലുള്ള നിയമമാണത്. എല്ലാ മതങ്ങളിലും സ്ത്രീവിരുദ്ധമായ ആചാരങ്ങൾ ഉണ്ട്. പക്ഷെ മറ്റു മതങ്ങൾ ഏറെക്കുറെ മതനിരപേക്ഷമായ സിവിൽ നിയമങ്ങൾ സ്വീകരിക്കാൻ നിർബന്ധിതമായപ്പോൾ ഇസ്ലാം മതം മാത്രമാണ് സിവിൽ നിയമങ്ങളുടെ മതനിരപേക്ഷവൽക്കരണത്തെ ശക്തമായി എതിർക്കുന്നത്. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെയുള്ള കടുത്ത എതിർപ്പ്. സ്വത്തവകാശത്തിൽ മുസ്ലിം സ്ത്രീക്ക് പുരുഷന് കിട്ടുന്നതിന്‍റെ പകുതി മാത്രമെ കിട്ടുകയുള്ളു. ശരിയത്ത് നിയമപ്രകാരം പുരുഷന് ഏകപക്ഷീയമായി വിവാഹമോചനം നടത്താൻ കഴിയുമെങ്കിൽ, സ്ത്രീക്ക് അത് സാധ്യമല്ല. 1948 ലെ സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഒന്നാം അനുച്ഛേദം വിഭാവനം ചെയ്യുന്നത് ഇങ്ങനെ:മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ്. അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ് മനുഷ്യന് വിവേകബുദ്ധിയും മനസ്സാക്ഷിയും സിദ്ധമായിരിക്കുന്നത്. ശരിയത്ത് നിയമപ്രകാരം സ്ത്രീയുടെ പദവി പുരുഷന്‍റെതിന് താഴെയാണ്.

ഇസ്ലാം മതം വിശ്വാസം സംബന്ധിച്ച പ്രമാണങ്ങളുടെ ഒരു വ്യവസ്ഥ മാത്രമല്ല. അത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യവസ്ഥ കൂടിയാണ്. അതിന് ആശയസംഹിതകളുടെ ഒരു ചട്ടക്കൂടുണ്ട്. ബലപ്രയോഗത്തിലൂടെ നടപ്പാക്കേണ്ട ഒരു പെരുമറ്റച്ചട്ടവും നിയമസംഹിതയുമാണത്. ആധുനികകാലം സാക്ഷ്യം വഹിച്ച സമഗ്രാധിപത്യങ്ങളെക്കാൾ നിഷ്ഠൂരമായിരിക്കും ഇസ്ലാംമത വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന് ദൌലത്തുൽ ഇസ്ലാം തെളിയിച്ചു കഴിഞ്ഞു. പ്രശാന്തമായ മനസ്സാക്ഷിയോടെ ആളുകളെ കൊല്ലാൻ കഴിയുന്ന ഒരു വ്യവസ്ഥയാകാൻ അതിന് കഴിഞ്ഞത് ആശയങ്ങളും മതനിയമങ്ങളും നൽകുന്ന സാധുതയുടെ സ്വാധീനത്തിലാണ്. വ്യക്തി സ്വാതന്ത്ര്യവും, വ്യക്തികളുടെ അവകാശവും സഹിഷ്ണുതും ലിംഗനീതിയും ഉറപ്പുവരുത്തുന്ന ലിബറലിസം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്ലാംമതമുക്തമല്ലാത്ത ഇസ്ലാമിസമാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിന്‍റെ തെറ്റായ വ്യാഖ്യാനമാണെന്ന് പറയുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം മതതത്തെ സംബന്ധിച്ച പുരോഗമനപരമായതും അല്ലാത്തതുമായ വ്യാഖ്യാനങ്ങളൊന്നും തന്നെ തർക്കവിമുക്തമല്ല. ഇസ്ലമിനകത്ത് ഏതെങ്കിലും ഒരു വ്യാഖ്യാനത്തിന് അഭിപ്രായയൈക്യത്തിന്‍റെ പിൻബലമോ ഔദ്യോഗികാംഗീകാരമോ ഇല്ല. പ്രമാണങ്ങളുടെ വ്യാഖ്യാനമല്ല, പ്രമാണങ്ങൾ തന്നെയാണ് പ്രശ്നം.

റെഫറന്‍സുകള്‍:

  1. Sam Harris and Maajid Nawas, Islam and the Future of Tolerance: A Dialogue, Cambridge, Massachusetts: Harvard University Press, 2015,
  2. http://time.com/4930742/islam-terrorism-islamophobia-violence/
  3. Philosopher Charles Taylor and Sociologies Olivier Roy. See Kenan Malik, From Fatwa to Jihad, pp 116-117
  4. Fred M. Donner (ed), The Expansion of the Early Islamic State, New York: Routledge, 2016 (eBook, ‘Introduction’)
  5. Harris Zafar, Demystifying Islam: Tackling the Tough Questions, London: Rowman & Littlefiled, 2014, p. 79
  6. James Toth, Sayyid Qutb: The Life and Legacy of a Radical Islamic Intellectual, New York: Oxford University Press (eBook, Chapter 8)
  7. Read V.S. Naipaul, Beyond Belief: Islamic Excursions Among the Converted Peoples, London: Penguin,1998
  8. Majid Khadduri, War and Peace in the Law of Islam, New Jersey: The Lawbook Exchange, 2006, p. 25
  9. https://www.hrw.org/news/2017/09/13/saudi-arabia-religion-textbooks-promote-intolerance
  10. http://www.thedailybeast.com/a-modern-history-of-free-speech-martyrs