മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് ചോൻമാരുടെ കഠിന ഭക്തിയുടെ തുടക്കം. ഗുരു പറഞ്ഞതെന്താണോ അതിനെതിരെ പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഒരു മനസുഖമില്ലാത്ത പോലാണ് സകല പ്രവൃത്തികളും. നായരുടെയും നമ്പൂരിയുടെയും കൺവെട്ടത്ത് കാണാൻ പാടില്ലായിരുന്ന നീച പദവിയിൽ നിന്നും ഗുരു കൈ പിടിച്ചുയർത്തി കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങിനെ എല്ലിന്നിടയിൽ വറ്റുകയറിയ എരിപിരി വെപ്രാള സ്ഥിതി സംജാതമായത്.തറവാട്ടു ക്ഷേത്രങ്ങൾ പുനരുദ്ധികരിച്ചാണ് ഇവർ ഗുരുവിനോടുള്ള പക വീട്ടൽ തുടങ്ങിയത്.
അൽപ്പം ചരിത്രം
ഗുരു പ്രവൃത്തി മണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോൾ കാശുള്ള ഈഴവ ഭവനങ്ങളിലും പാവപ്പെട്ട ഈഴവ കുടിലുകളിലും
- കുട്ടിചാത്തൻ
- വിഷ്ണുമായ
- മുത്തപ്പൻ
- രക്ഷസ്സ്
- ഒറ്റമുലച്ചി
- പൊട്ടിച്ചൂട്ട്
- പൂതം
- ഗന്ധർവ്വൻ
- നടപ്പുര ചെകുത്താൻ
- തേർവാഴ്ച
തുടങ്ങിയ പണ്ടാറക്കെട്ടുകളെ മുഴുവൻ വെച്ചും കിടത്തിയും ആരാധിച്ചു വരികയായിരുന്നു ചോന്മാർ. ഗുരു ഈ പിശാചു ദൈവങ്ങളെ മുഴുവൻ കൊണ്ടു ദൂരെ കളയാൻ ചോന്മാരോടു കൽപ്പിച്ചു. അതിനുള്ള ആജ്ഞാശക്തി അദ്ദേഹത്തിനന്നുണ്ടായിരുന്നു. ചോമ്മാര് ഒന്നു പേടിച്ചു. ഗുരു ഒരു വടിയെടുത്ത് വിഗ്രഹ രൂപങ്ങളെ തല്ലിയുടച്ചു കാണിച്ചു കൊടുത്തു.
പക്ഷെ അത് കൊണ്ട് ആവില്ലല്ലോ.
മനുഷ്യന് ആരാധിക്കാൻ എന്തെങ്കിലും വേണ്ടേ? അക്കാലത്ത് സവർണ്ണരുടെ അമ്പലങ്ങളിൽ ചോമ്മാരെ കയറ്റിയിരുന്നില്ലല്ലോ. എന്നാലും തൃപ്രയാർ , ഗുരുവായൂർ പോലുള്ള അമ്പലങ്ങളിലുള്ള ദൈവങ്ങൾക്കാണ് കൂടുതൽ ശക്തിയെന്ന് അവർക്കറിയാമായിരുന്നു. കാരണം ആ ദൈവങ്ങളെ ആരാധിക്കാൻ കഴിഞ്ഞിരുന്നവർ മൂന്നു നേരം ശാപ്പാട് കഴിച്ചിരുന്നു. രാഷ്ട്രീയാധികാരവും അവർക്കായിരുന്നു. അതിനാൽ സവർണ്ണരുടെ അമ്പലത്തിന്റെ ഉള്ളിൽ കയറാൻ പറ്റിയില്ലെങ്കിലും ദൂരെ നിന്ന് നോക്കി ചോന്മാർ സവർണ്ണന്റെ ദൈവത്തെ പ്രാർത്ഥിക്കുമായിരുന്നു. ഉദാഹരണത്തിന് തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്ക് പുഴയാണല്ലോ. അപ്പോൾ ഈഴവർ പുഴക്കിക്കരെ നിന്ന് തൃപ്രയാർ തേവരെ തൊഴും. ഗുരു ഇത് മനസ്സിലാക്കിയാണ് ഓരോ പ്രദേശത്തും ഒരു ക്ഷേത്രം സ്ഥാപിച്ചു കൊടുത്തത്. നാട്ടിൽ സ്ഥാനമില്ലെങ്കിലും ദ്രവ്യം ഉള്ള ചോൻമാർ പണ്ടും ഉണ്ടായിരുന്നു. സത്യത്തിൽ കേരളത്തിലെ നവോത്ഥാനമൊക്കെ ഉണ്ടായത് അവർ ചിലവാക്കിയ കാശു കൊണ്ടാണ്. ചന്ദ്രിക സോപ്പു മൊതലാളിയായിരുന്ന കേശവൻ വൈദ്യരെ പ്രത്യേകമായി പരാമർശിക്കാം. അപ്രകാരം കാശുള്ള ചോമ്മാരുടെ ഉത്സാഹത്തിലായിരുന്നു ഗുരുവിനെ കൊണ്ടുവരലും ക്ഷേത്രപ്രതിഷ്ഠാനവുമൊക്കെ നടന്നത്. ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചതോടു കൂടി ഗ്രേഡ് കൂടിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കാൻ ചോൻമാർക്കായി.
തറവാട്ടു ക്ഷേത്രങ്ങൾ/ കൊട്ടിലുകൾ ഉപേക്ഷിക്കപ്പെട്ടു.ക്ഷേത്രമുണ്ടായിരുന്ന തറവാട്ടു വീട്ടുകാരൻ അവിടെ ഒരു വിളക്ക് വെച്ചാലായി. തുള്ളലും ചാടലും , ചുട്ട കോഴിയെ പറപ്പിക്കലും നിന്നുപോയി. പുതിയ ക്ഷേത്രമുണ്ടായി എങ്കിലും സവർണ്ണ ക്ഷേത്രങ്ങൾ കാണുമ്പോൾ ചോന്മാരുടെ ഇടനെഞ്ചൊന്ന് വിങ്ങുമായിരുന്നു. തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിൽ ഗുരു അമ്പലം സ്ഥാപിച്ച് ആരാധന തുടങ്ങിയെങ്കിലും ചോന്മാർ തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കെ നടക്കലേക്കു പിന്നെയും പോകുമായിരുന്നത്രെ. പുഴക്കിക്കരെ നിന്ന് അവർ സവർണ്ണരുടെ തേവരെ തൊഴുതു വന്ദിക്കും. കയ്യിലെ കാശു കൊടുത്ത് അമ്പലം പണിത SNDP യോഗ നേതാക്കൾക്ക് ഇത് കണ്ട് പ്രാന്തായി. തൃപ്രയാർ തേവരെ കണ്ട് തൊഴാൻ വരുന്ന ചോമ്മാരെ ചൂരലെടുത്ത് അടിച്ചോടിക്കാൻ ഒരു സംഘം നിയോഗിക്കപ്പെട്ടു. അതോടെ ആ സംഗതിക്കൊരു തീരുമാനമായി.
1936 ൽ ക്ഷേത്രപ്രവേശന വിളംബരമുണ്ടായെങ്കിലും ഭക്തിയൊക്കെ ഒരു ഊള ഏർപ്പാടായി സമൂഹം കരുതാൻ തുടങ്ങിയ ഒരു കാലത്താണ് സവർണ്ണ ക്ഷേത്രങ്ങൾ നല്ല മനസ്സോടെ ചോമ്മാർക്കു മുന്നിൽ തുറന്നു കിട്ടിയത്. ക്ഷേത്രപ്രവേശനം സിദ്ധിച്ച ഈഴവർക്ക് കൃഷ്ണൻ, രാമൻ, ആന, കുരങ്ങൻ , ദേവീ തുടങ്ങിയ വെജിറ്റേറിയൻ ദൈവങ്ങളെ കിട്ടി. എന്തത്ഭുതം. ! ദൈവങ്ങളുടെ നല്ല കാലമെന്നേ പറയേണ്ടൂ. കാരണം അന്തക്കാലത്തു തന്നെയാണ് ചോമ്മാരുടെ ഗൾഫ് അധിനിവേശവും തുടങ്ങുന്നത്.
പത്തു കാശ് സമ്പാദിക്കാൻ തുടങ്ങിയതോടെ അത് മുഴുവൻ ദൈവാനുഗ്രഹ അക്കൗണ്ടിൽ വരവ് വെക്കാൻ തുടങ്ങി. ഉള്ളത് നഷ്ടപ്പെടാതിരിക്കാനോ കൂടുതൽ കിട്ടാനുള്ള അധിമോഹത്താലോ ഭക്തിക്ക് മാർക്കറ്റ് കൂടി തുടങ്ങി.ഗുരുവായൂരിലേക്കും തൃപ്രയാറിലേക്കും ശബരിമലയിലേക്കും ഇടക്കിടക്ക് പോകുന്നതു പോരാതെ സ്വന്തമായി ഒരു ഗുരുവായൂർ സെറ്റപ്പൊക്കെ വേണമെന്ന് ചോന്മാർക്ക് തോന്നുന്നത് അപ്പോഴാണ്.
അവർ പണിക്കൻമാരെ കൊണ്ടുവന്നു. പ്രശ്നം വെച്ചു. തറവാട്ടിൽ നിന്നും കൂട്ടം പിരിഞ്ഞു പോയ സകല വീട്ടുകാരെയും കണ്ടെത്തി . അവരിൽ നിന്നും പിരിവെടുത്തു. ഗുരുദേവൻ അടപ്പിച്ച അമ്പലങ്ങൾ വീണ്ടും പുതുക്കി പണിതു. തറവാട്ടു ക്ഷേത്രങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തിയതോടെ ഗുരുദേവൻ ശശിയായി. ഗുരുദേവനെ മുഴുവൻ മറന്നുവെന്ന് പറഞ്ഞു കൂടാ. ചാത്തൻ , വിഷ്ണുമായ , മുത്തപ്പൻ എന്ന പഴയ ദൈവങ്ങളെ ഒന്ന് ഡക്കറേറ്റ് ചെയ്ത് കുട്ടപ്പനാക്കി എടുത്തു. കോഴിeച്ചാര സ്പെഷലിസ്റ്റുകളായ ആ ദൈവങ്ങളെ പരിപൂർണ്ണ വെജിറ്റേറിയൻമാരാക്കി മാറ്റി.
ചോര കിട്ടിയെ തീരൂ എന്ന് വാശി പിടിച്ച ദൈവങ്ങളെ അമ്പലത്തിനു പുറത്ത് കൊട്ടിൽ കെട്ടിയിരുത്തി നാടൻ കോഴി കറി വെച്ച് വീത് കൊടുത്തു. തത്സമയം വെജിറ്റേറിയൻ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഷർട്ടിടാത്ത നമ്പൂരിമാരെ കൊണ്ട് പൂജ ചെയ്യിച്ചു.
തൻമൂലം നമ്പൂരിക്കുലം വീണ്ടും ആഭിജാത്യം വീണ്ടെടുത്തു. (യാതൊരു ഗതിയുമില്ലാതെ 1990ൽ ലോണെടുത്ത് ഓട്ടോ ഓടിച്ചു ഞങ്ങളോടൊപ്പം കുടിച്ചു നടന്നിരുന്ന സുഹൃത്ത് ഇപ്പോൾ ഷർട്ടിടാതെ കാർ ഡ്രൈവ് ചെയ്താണ് പൂജക്ക് പോകുന്നത്. പണ്ടു വലിച്ചെറിഞ്ഞ പൂണൂല് പ്രദർശിപ്പിക്കാനാണ് ഷർട്ടിടാത്തത് )
അതാവത് eചാമ്മാർ മാത്രമല്ല ഹിറ്റ്; ചോമ്മാർ വിചാരിച്ചാൽ ആരും ഹിറ്റാകും. ചോന്മാർഡാ.ഇന്ന് കർക്കിടകം ഒന്ന്. ചോൻമാർക്കും രാമായണ മാസാചാരണമാണ് . എന്നേയും സിനിമേലെടുത്തു എന്ന് പറഞ്ഞ പോലെ. സവർണ്ണനെ കോപ്പി പേസ്റ്റ് ചെയ്തു കളിക്കുകയാണ് ചോൻ.കർക്കിടകം വന്നാൽ രാമായണം വായനയൊക്കെ ഉസാറാക്കാണ്. എല്ലാരും പരിപൂർണ്ണ വെജിറ്റേറിയൻമാരാകാൻ പോകുന്നു ഒരു മാസം . പത്തിരുപത് വർഷമായി രാമായണം വായിക്കുന്ന അടുത്ത ബന്ധു കർക്കിടകത്തിൽ നോൺ വെജ് ഭക്ഷണം നിഷേധിച്ചപ്പോൾ ഞാൻ പറഞ്ഞു
“ശ്രീരാമൻ മാംസ ബുക്കാണ് ” പോടാ ദൈവദോഷം പറയാതെ” ഞാൻ പറയണതല്ല , ആദ്ധ്യാത്മിക രാമായണത്തിലുണ്ട്.ഞാൻ കാണിച്ചു തരാം. “
“വൈദേഹി തന്നോടു കൂടവെ രാഘവൻ സോദരനോടുമൊരു മൃഗത്തെ കൊന്നു സാദരം ഭുക്ത്വാ സുഖേന വസിച്ചിതു പാദമൂലേ ദളാഢ്യതൽപ്പ സ്ഥലേ “
ഞാൻ ആ ഭാഗം കാണിച്ചു കൊടുത്തു.ആ ബന്ധു എത്രയോ വർഷമായി രാമായണം വായിക്കുന്നു. പക്ഷെ ഭക്തി മനുഷ്യന്റെ കണ്ണു കെട്ടുന്നു.ആ വരികൾ വായിച്ച് വെറുതെ വിടുന്നു.ആ വരികൾക്കു നന്ദി. മീൻ കറി മുടങ്ങിയില്ല .(ബോറടിച്ച് വെറുതെ ഇരിക്കുമ്പോൾ സലിം കുമാറിന്റെയോ സുരജിന്റെയും യു ട്യൂബ് വീഡിയോസ് കണ്ടു ചിരിക്കാനാണ് താൽപ്പര്യം. നെറ്റ് സ്പീഡില്ലെങ്കിൽ വല്ല രാമായണമോ ഗീതയോ ഖുറാനോ വായിക്കും..ചിരിക്കണം അത്രയേ വേണ്ടൂ. NB മതഗ്രന്ഥങ്ങൾ വായിച്ചു ചിരി വരുമ്പോഴാണ് ഒരാൾയുക്തിവാദിയാവുക)
തൃശൂരാണെങ്കിൽ കർക്കിടകത്തിൽ നാലമ്പല ദർശനമെന്ന ഭൂലോക തട്ടിപ്പുമുണ്ട്. ഈയടുത്ത കാലത്താണ് ഈ പുണ്യ മാർഗ്ഗം കണ്ടെത്തിയത്. ശ്രീരാമൻ, ലഷ് മണൻ , ഭരതൻ , ശത്രുഘ്നൻ എന്നീ നാല് സംഘി ക്ഷേത്രങ്ങളിലേക്കും ഒരു ദിവസം കൊണ്ട് ദർശനം നടത്തുന്ന ജോലി.കള്ള കർക്കിടകത്തിൽ പേട്ടയിൽ ഓട്ടമില്ലാതെ പടവെട്ട് കളിച്ച് സമയം കളഞ്ഞിരുന്ന കാർ ഡ്രൈവർമാരുടെ തലയിലാണ് ശ്രീരാമസ്വാമി ഈ ജ്ഞാനമാർഗ്ഗം തെളിയിച്ചത് . ഒരു മാസം സംഗതി മൊത്തം ഉസാറാക്കി കൊടുത്തിരിക്കണ് തൃപ്രയാറ് തേവര്.
ഹര ഹരോ ഹര ഹര
ഹരേ രാമ ഹരേ കൃഷ്ണ.
( ഇതു വായിച്ച് സാമുദായിക സ്പർദ്ധ കേസ്സെടുപ്പിക്കരുതേ. ഒന്നു പേടിപ്പിച്ചാ മതി, ഞാൻ നന്നായിക്കോളാം )