സോദോം – ഗോമോറായുടെ നിഴല്‍chinelo_okparanta_obi_somto_photography-3-340x227
യുവ നൈജീരിയന്‍ – അമേരിക്കന്‍ നോവലിസ്റ്റ് ചിനേലു ഒക് പരാന്റയുടെ 2016- ലെ ലെസ്ബിയന്‍ സാഹിത്യത്തിനുള്ള ലാംഡാ പുരസ്കാരം നേടിയ അണ്ടര്‍ ദി ഉദാലാ ട്രീസ്‌ എന്ന നോവലിനെ കുറിച്ച്

 

“ഉവ്വ്, അത് ആദാമും ഹവ്വയും ആയിരുന്നു. പക്ഷേ ബൈബിളില്‍ നമുക്ക് ലഭിച്ചത് ആദാമിന്റെയും ഹവ്വയുടെയും കഥ മാത്രമായിരുന്നെങ്കിലോ? എന്ത് കൊണ്ട് അതൊരു ആദാമും ആദാമും എന്നോ ഹവ്വയും ഹവ്വയും എന്നോ ഉള്ള സാധ്യത തള്ളിക്കളയണം? ഒരു പ്രത്യേക ആദമിലും ഹവ്വയിലും കഥ കേന്ദ്രീകരിച്ചു എന്നത് കൊണ്ട് മറ്റെല്ലാ സാധ്യതകളും തള്ളിക്കളയപ്പെട്ടു എന്നില്ല. … സ്ത്രീ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍ ആണ്, ഉവ്വ്. പക്ഷെ എന്നുവെച്ചു എന്തുകൊണ്ട് സ്ത്രീ മറ്റൊരു സ്ത്രീക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവള്‍ ആയിക്കൂടാ ? അല്ലെങ്കില്‍ പുരുഷന്‍ മറ്റൊരു പുരുഷന് വേണ്ടി? അനന്ത സാധ്യതകള്‍ – ഓരോന്നും മറ്റൊന്നുപോലെ തീര്‍ത്തും സംഭവ്യം.”

(അണ്ടര്‍ ദി ഉദാലാ ട്രീസ്‌ – അദ്ധ്യായം 18)

സൃഷ്ടിയുടെ നാളുകളില്‍ പുരുഷനെ എകാന്തനായിക്കണ്ട് അത് നന്നല്ലെന്ന ചിന്തയില്‍ അവനു കൂട്ടായി ദൈവം സ്ത്രീയെ സൃഷ്ടിച്ചുവെന്നു ഉത്പത്തി പുസ്തകം. അത് ആദമും ഹവ്വയും ആയിരുന്നു. എന്നാല്‍ കഥാഗതിയുടെ ഒരു ധാര പിന്തുടര്‍ന്നു എന്നതുകൊണ്ട്‌ മറ്റു സാധ്യതകള്‍ നിരാകരിക്കപ്പെടുന്നു എന്നോ നിരാകരിക്കപ്പെടണം എന്നോ ഇല്ലെന്നു ചിന്തിച്ചു തുടങ്ങുമ്പോള്‍ ഭിന്നരതിയുടെ തലങ്ങള്‍ ഒരു ബിബ്ലിക്കല്‍ അംഗീകാരത്തിനു മുതിരുക കൂടിയാണ്.

45966644-cachedതന്റെ പ്രഥമ കഥാ സമാഹാരം ‘ഹാപ്പിനസ്സ് ലൈക് വാട്ടര്‍ ‘ എന്ന കൃതിയിലൂടെ 2014 -ല്‍ ലെസ്ബിയന്‍ സാഹിത്യത്തിനുള്ള ലാംഡാ പുരസ്കാരം നേടിയ യുവ നൈജീരിയന്‍ – അമേരിക്കന്‍ എഴുത്തുകാരി ചിനേലു ഒക് പരാന്റ 2016-ലും പുരസ്കാരനേട്ടം ആവര്‍ത്തിച്ച നോവലാണ്‌ ‘അണ്ടര്‍ ദി ഉദാലാ ട്രീസ്‌’. ഒപ്പം ജെസ്സി റെഡ്മണ്ട് ഫോസ്സെറ്റ് ബുക്ക് പുരസ്ക്കാരവും ഈ വര്‍ഷം ഇതേ നോവലിനെ തേടിയെത്തി. നോവലില്‍ മൂന്നു തലമുറകളിലൂടെ ഭിന്നരതിതാല്പര്യത്തിന്റെ (sexual orientation) നിതാന്ത യുദ്ധം നടത്തേണ്ടി വരുന്ന ഇയോമയുടെ ജീവിതം പകര്‍ത്തുന്നു. 1967-ല്‍ ബിയാഫ്രന്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ട് മുമ്പ് മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന കഥാഗതിയിലൂടെ , യാഥാസ്ഥിതിക മത മൂല്യങ്ങളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ ‘വന്‍ നാണക്കേട് ‘(abomination) എന്നു വിലക്കപ്പെട്ട ഭിന്ന ലൈംഗിക ചോദനയുടെ സംഘര്‍ഷങ്ങള്‍ ആത്മനിന്ദയായും കിടിലം കൊള്ളിക്കുന്ന പാപചിന്തയായും ഏറ്റുവാങ്ങുമ്പോഴും അദമ്യമായ ഒരാകര്‍ഷണത്തില്‍ പുരുഷ കേന്ദ്രിതമായ സാമ്പ്രദായിക വൈവാഹിക ജീവിതത്തിന്‍റെ ചതുര വടിവുകളിലേക്ക് കീഴ്പ്പെടാനാവാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന , വിശുദ്ധ ഗ്രന്ഥത്തിന്‍റെ തന്നെ ദൃഷ്ടാന്ത കഥാ പരിസരങ്ങളില്‍ തന്നെയും തന്നെപ്പോലുള്ളവര്‍ക്കും ഒരു ശ്വസനസ്ഥലി (breathing space) ഉണ്ടാവാതെ വയ്യെന്ന കണ്ടെത്തലിലേക്ക്‌ ഉണരുന്ന സ്ത്രീത്വത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. പ്രണയത്തെ പ്രണയമായി തിരിച്ചറിയുന്ന, അംഗീകരിക്കുന്ന ഒരു നഗരത്തെ, നൈജീരിയയെ, അഥവാ ലോകത്തെ കുറിച്ചുള്ള സ്വപ്നത്തില്‍ അവസാനിക്കുന്ന നോവല്‍ പക്ഷെ പുറത്തു വന്നത് കഥാപാത്രത്തിന്റെ ജന്മനാട്ടില്‍ ഭിന്ന ലൈംഗികത പതിനാലു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതോ മുസ്ലിം പാരമ്പര്യമുള്ള ‘ഹോസ’ വംശജര്‍ക്കു സ്വാധീനമേറിയ വടക്കന്‍ മേഖലകളില്‍ വധശിക്ഷ തന്നെ ലഭിക്കാവുന്നതോ ആയ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന ‘ജയില്‍ ദി ഗേ’ ബില്ലില്‍ (2014) അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാതന്‍ ഒപ്പുവെച്ച് രണ്ടു കൊല്ലം കഴിഞ്ഞാണ് .
“ഞങ്ങള്‍ ഒരുമിച്ചു കിടക്കുമ്പോള്‍ എന്നെ പുണര്‍ന്നു കിടന്നു എന്‍ദീദി എന്റെ ചെവിയില്‍ മന്ത്രിക്കുന്നു: ഒരു നഗരത്തെ കുറിച്ച്. അവിടെ പ്രണയം പ്രണയമായിരിക്കും. പുരുഷനും സ്ത്രീക്കുമിടയില്‍ , പുരുഷനും പുരുഷനുമിടയില്‍ , സ്ത്രീക്കും സ്ത്രീക്കുമിടയില്‍ , യൊറൂബക്കും ഹോസക്കുമിടയില്‍ , ഹോസക്കും ഫുലാനിക്കുമിടയില്‍ എന്ന പോലെ. എന്‍ദീദി നഗരത്തെ വിവരിക്കുന്നു, അതിന്റെ തെരുവുകള്‍ , മണ്ണിന്റെ നിറം.

അവള്‍ പറയുന്നു, “അവയെല്ലാം ഇവിടെ നൈജീരിയയില്‍ ആണ്. ഈ സ്ഥലം നൈജീരിയ മുഴുവനുമാകും.”

കലാപം ജീവിതങ്ങളെ കീറിമുറിക്കും വിധം

ഇയോമയുടെ ആഖ്യാനമായാണ് നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. യുദ്ധം മനുഷ്യ ജീവിതങ്ങളെ അതിനു മുമ്പ് പിമ്പ് എന്ന രീതിയില്‍ പകുത്തു കളയുകയും ഇനിയൊരിക്കലും പഴയത് പോലാകാന്‍ കഴിയാത്ത വിധം മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന സുവിദിതമായ വസ്തുതയുമായാണ് അതാരംഭിക്കുന്നത്. “ശലഭങ്ങളെപ്പോലെ കാറ്റ് സുന്ദരവും ഞങ്ങളുടെ മേല്‍ പതിച്ച സൂര്യപ്രകാശം ആലിംഗനവും ആണെന്ന പോലെ തിരക്കില്ലാതെ ചലിച്ചു” കൊണ്ടിരുന്ന ഒരവസ്ഥയിലേക്കാണ് യുദ്ധം കടന്നു വരുന്നത്.

“1967 -ലാണ് യുദ്ധം ഇടിച്ചു കയറിയതും എല്ലായിടങ്ങളിലും സ്വയം സ്ഥാപിച്ചതും. 1968 ആവുമ്പോഴേക്കും ഒയോട്ടോ മുഴുവനും കവചിത വാഹനങ്ങളുടെയും ഷെല്ലിംഗ് യന്ത്രങ്ങളുടെയും ബോംബര്‍ വിമാനങ്ങളുടെയും അവയുടെ ശബ്ദായമാനമായ എഞ്ചിനുകളുടെയും കലമ്പലില്‍ പ്രകമ്പനം കൊണ്ട് തുടങ്ങി, അവ ഞങ്ങളുടെ ചെവികളില്‍ ഞെട്ടലിന്റെ അലകള്‍ തീര്‍ത്തു.

1968 ആവുമ്പോഴേക്കും ഞങ്ങളുടെ ആണുങ്ങള്‍ തോക്കുകള്‍ ചുമലിനു കുറുകെ തൂക്കിയിടാനും കോടാലികളും കൊടുവാളുകളും ചുമക്കാനും തുടങ്ങിയിരുന്നു ; അവയുടെ വായ്ത്തല വെയിലില്‍ മിന്നി; തെരുവുകളില്‍ ഉച്ചതിരിഞ്ഞ് സായന്തനങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂറുകളിലായി അവരുടെ വായ്ത്താരി കേള്‍ക്കായി, അവരുടെ വായില്‍ നിന്ന് കീര്‍ത്തനം പോലെ വലിയ ശബ്ദത്തില്‍ പുറത്തുവന്നു: “ബിയാഫ്ര, യുദ്ധം ജയിക്കട്ടെ!”

Biafra, 1970

Biafra, 1970

ആദ്യം വടക്കന്‍ മേഖലകളില്‍ തുടങ്ങിയ സംഘര്‍ഷം അതിവേഗം തെക്കോട്ട്‌ വ്യാപിക്കുന്നു. ‘ഹോസാ വംശജര്‍ ഞങ്ങളെ, ഞങ്ങളുടെ ഭൂമിയെ, ഞങ്ങളുടെ സ്വന്തമായിരുന്ന എല്ലാത്തിനെയും നശിപ്പിക്കാനുള്ള കഠിന ശ്രമത്തില്‍ ഞങ്ങളുടെ മേല്‍ തീവെച്ചു’. ബോംബു വര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബങ്കറിലേക്ക് പോകാന്‍ വിസമ്മതിച്ച് മരണം ഏറ്റുവാങ്ങുന്ന പപ്പ, മമ്മയുടെ കഠിന രോഷത്തിനും നിസ്സഹായ വേദനക്കും കാരണമാകും. “സ്വയം കൊല്ലപ്പെടാന്‍ നിന്ന് കൊടുത്ത് സ്വന്തം നാടിനെയും വീടിനെയും മലിനമാക്കുന്നയാള്‍ എന്തുതരം മനുഷ്യനാണ് ? ഒരു യുദ്ധം നടന്നു കൊണ്ടിരുന്നത് അയാളുടെ ഭാഗ്യം, അതുകൊണ്ട് സ്വന്തം ജീവന്‍ എടുത്തതിനു മുഴുവനായും അയാളെ കുറ്റപ്പെടുത്താന്‍ വയ്യ. മരണം മറ്റൊരു യുദ്ധ മരണമായി വിശദീകരിക്കാം എന്നത് അയാളുടെ ഭാഗ്യം. എന്നാലും അതൊരു അതിക്രമം തന്നെ “

വേട്ടയാടുന്ന ഓര്‍മ്മകളില്‍ നിന്ന് ഒന്നൊന്നായി രക്ഷപ്പെടാന്‍ മമ്മ വഴി തേടുന്നു. “അവലക്ഷണം പിടിച്ച, യുദ്ധപ്രേരിതമായ ഒരു രീതിയില്‍ ” യുദ്ധസ്മരണ ഉയര്‍ത്തുന്ന “സൈനികരെ , എന്നെ, വീടിനെ” എല്ലാത്തിനെയും പൊഴിച്ചു കളയാന്‍ അവര്‍ ശ്രമിച്ചു, “കഴിയുമായിരുന്നെങ്കില്‍ യുദ്ധത്തിന്റെ എല്ലാ ഓര്‍മ്മകളെയും. വീണ്ടും വീണ്ടും പൊഴിച്ചു കളയാന്‍ . ഒരു മൃഗം പഴയ രോമങ്ങളോ തൊലിയോ പൊഴിക്കും പോലെ . ഒരു പല്ലി. ഒരു സര്‍പ്പം. ഒരു പൂച്ച അല്ലെങ്കില്‍ നായ. ഒരു കോഴി തൂവല്‍ പൊഴിക്കുന്നത് പോലെ . ഞങ്ങളെയെല്ലാം ഒരു ചീത്ത ശീലം പോലെ പൊഴിച്ചു കളയാന്‍. അതുമല്ലെങ്കില്‍ , ലളിതമായി, മുഷിഞ്ഞതും മുള്ളുകള്‍ നിറഞ്ഞതുമായ വസ്ത്രം ഒരാള്‍ ഊരിയെറിയും പോലെ.” അബായില്‍ , ഗ്രാമര്‍ സ്കൂള്‍ അധ്യാപക ദമ്പതികളുടെ അടുത്തേക്ക്‌ അവര്‍ ഇയോമയെ യാത്രയാക്കുന്നു. പരിചാരിക, ഒപ്പം പഠിക്കാനുള്ള അവസരം. ബിയാഫ്രന്‍ കലാപത്തെ ആത്യന്തികമായി അവസാനിപ്പിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ സൃഷ്ടിക്കാനിരുന്ന ആ കുപ്രസിദ്ധമായ ‘നൈജീരിയന്‍ പട്ടിണി’ പിടിമുറുക്കാനിരുന്ന തെക്കന്‍ ദേശത്ത്‌ നിന്ന് മോചനം. മമ്മയോടൊപ്പം കഴിയുന്നതാണ് തനിക്കു ഏക ആശ്വാസമെന്ന പതിനൊന്നുകാരിയുടെ പ്രതിഷേധത്തെ അവര്‍ നേരിടുക അതേ കുറിച്ച് പറഞ്ഞു തന്നെയാണ്,: “പിന്നെ നീയെന്തു തിന്നും? പട്ടിണി കിടക്കാന്‍ നീയൊരുക്കമാണോ ഇപ്പോള്‍ പട്ടിണി കിടക്കുന്നതിലും കൂടുതല്‍ ? ഇക്കാലത്ത് അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. ആകാശത്തു നിന്ന് മന്നാ വര്‍ഷിക്കില്ല. ബോംബുകള്‍ , അതുണ്ടാവും. നമ്മുടെ ഹൃദയങ്ങള്‍ തുളഞ്ഞിറങ്ങാനും മാത്രം. പക്ഷെ, മന്നാ : അതില്ല.” ജീവിതകാലം മുഴുവന്‍ ഭക്ഷണത്തെ മാനിക്കണമെന്ന് മമ്മ മകളെ ഓര്‍മ്മിപ്പിക്കും. ഭക്ഷണം കളയരുത്, “ബിയാഫ്രയെ ഓര്‍ക്കുക.”

therewasacountry1നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയും (There Was a Country) യുവ തലമുറയിലെ ചിമമാന്‍ഡാ അദീചിയും (Half of a Yellow Sun) അവിസ്മരണീയമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള ബിയാഫ്രന്‍ സംഘര്‍ഷത്തിന്റെ തുടക്കവും ചരിത്രപശ്ചാത്തലവുമെല്ലാം , മറ്റു ഭാഗങ്ങളില്‍ എന്ന പോലെ, പറയപ്പെടുകയാണ് (telling), ചിത്രീകരിക്കപ്പെടുകയല്ല (showing) നോവലില്‍ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.. ബിയാഫ്രന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മൂന്നാം തലമുറക്കാരിയാണ് നോവലിസ്റ്റ് എന്നിരിക്കെ അതേറ്റവും ന്യായവും ആയിരിക്കാം. എന്നാല്‍ , അവരത് ഭംഗിയായിപ്പറയുന്നു എന്ന് സമ്മതിക്കാതെ വയ്യ. ഓരോ ‘പറയപ്പെടല്‍ ‘ ഖണ്ഡവും അതീവ സാന്ദ്രമായ ഭാഷയില്‍ ആഖ്യാനത്തിലേക്ക് ലയിപ്പിക്കുന്നത്‌ ആ രീതിയിലാണ്. 1970 ജനുവരി ഏഴു മുതല്‍ പന്ത്രണ്ടു വരെ ദിവസങ്ങളില്‍ നടന്ന കിരാതമായ അവസാനത്തെ ഒതുക്കല്‍ (Operation Tail-Wind), ബിയാഫ്രന്‍ സൈനിക മേധാവി ഒജുക് വു (Chukwuemeka Odumegwu Ojukwu (4 November 1933 – 26 November 2011) ഐവറി കോസ്റ്റിലേക്കു വിമാനമാര്‍ഗ്ഗം രക്ഷപ്പെട്ട കാര്യം തുടങ്ങിയതൊക്കെ റേഡിയോയില്‍ കേള്‍ക്കുന്ന ഭാഗം ഇതിനു നല്ല ഉദാഹരണമാണ് . “അത് കഴിഞ്ഞു,. പക്ഷെ ആ വസ്തുത പപ്പയെ തിരികെ കൊണ്ടുവരില്ല. അത് കഴിഞ്ഞു, പക്ഷെ ആമിനയുടെ കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഒന്നിനുമാവില്ല . മരിച്ചവര്‍ പൊടുന്നനെ കുഴിമാടങ്ങളില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കില്ല. സാധ്യതയുണ്ടായിരുന്നത്, അതിലൊരാള്‍ പോലും കൃസ്തു മരണത്തില്‍ നിന്ന് ഉയിര്‍ത്തപോലെ ഉയിര്‍ക്കില്ല എന്നതിനായിരുന്നു. അവര്‍ക്ക് ഉയിര്‍പ്പില്ല.”

achebe

ചിനുവ അച്ചബെ

ജൈവ ചോദനകള്‍ ഉണരുന്നു

ഗ്രാമര്‍ സ്കൂള്‍ ദമ്പദികളുടെ കൂടെ താമസിക്കുമ്പോഴാണ് കലാപത്തിന്റെ മറ്റൊരു ഇരയായ ആമിനയെ ഇയോമ കണ്ടുമുട്ടുന്നത്. ദുരൂഹമായ ആകര്‍ഷണത്തില്‍ അവര്‍ക്കിടയില്‍ പ്രണയം തിടം വെക്കുന്നു

“അവള്‍ താഴോട്ടു പോയി, എന്റെ അടിവയറിലേക്ക് ചുംബനങ്ങളുടെ ഒരു വഴിയൊരുക്കി, അവള്‍ പിന്നെയും യാത്ര തുടര്‍ന്നു, അടിവയറിനുമപ്പുറം, ഞങ്ങള്‍ അതുവരെ പോയിട്ടുണ്ടായിരുന്നതിനും അപ്പുറം. ആ നിമിഷം വരെയും ഞാനറിഞ്ഞിരുന്നില്ല, ഒരു വായ ഉടലില്‍ അതെത്തേണ്ടിയിരുന്നതായി ഞാന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത ആ ഭാഗത്തെത്തുന്നത് എനിക്ക് ഇങ്ങനെ ഒരനുഭൂതി പകരുമെന്ന് .”

ബൈബിള്‍ അവളുടെ ജീവിതത്തെ അധിനിവേശിക്കുന്നത് അപ്പോഴാണ്‌ തുടങ്ങുക. മമ്മ ഉദ്ധരിക്കുന്നു: “നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പാലിക്കുക. നിങ്ങള്‍ നിങ്ങളുടെ കാലികളെ വ്യത്യസ്ത വര്‍ഗ്ഗങ്ങളുമായി ഇണ ചേര്‍ക്കരുത്: നിങ്ങളുടെ വയലില്‍ മിശ്ര വിത്തുകള്‍ വിതക്കരുത് : ലിനനും രോമവും കലര്‍ത്തിയ വസ്ത്രം ധരിക്കരുത്.” (ലേവിയര്‍ 19 :19). അവരുടെ ബന്ധത്തില്‍ മതം മാത്രമല്ല രാഷ്ട്രീയ കാരണങ്ങളും വിലക്ക് തീര്‍ക്കുന്നുവെന്നു മമ്മ നിരീക്ഷിക്കുന്നു: “നീ ഇബോയാണ്; ആ പെണ്‍കുട്ടി ഹോസയും. അവള്‍ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കിലും ഇബോയും ഹോസയും ചേരുന്നത് മിശ്ര വിത്തുക്കള്‍ ആവുമെന്ന് കണ്ടുകൂടെ? .. അത് ദൈവനീതിക്ക് എതിരാവും. .. കൂടാതെ, അവര്‍ യുദ്ധത്തില്‍ നമ്മോടു എന്ത് ചെയ്തു എന്ന കാര്യം നീ മറക്കുന്നോ? ബിയാഫ്രയോടു അവരെന്തു എന്നത് മറന്നോ? നിന്റെ പപ്പയെ കൊന്നത് അവളുടെ ആളുകള്‍ ആണെന്ന കാര്യം നീ മറന്നോ ?” പിന്നെയാണ് മമ്മയുടെ വാക്കുകളില്‍ സോദോം – ഗോമോറാ ദൃഷ്ടാന്ത കഥ അതിന്റെ ഭീഷണ പാഠം ആവര്‍ത്തിക്കുക. എന്നാല്‍ , ദൈവ നീതിയിലെ സ്ത്രീവിരുദ്ധതയാണ് ഇയോമയെ സ്പര്‍ശിക്കുക. “സത്യത്തില്‍ എനിക്ക് മനസ്സിലാവുന്നുണ്ട് , മമ്മ. ആണുങ്ങള്‍ സ്ത്രീകളെ കൊടുക്കാന്‍ തയ്യാറായതിനു കാരണം അവര്‍ ഭീരുക്കളും ഏറ്റവും നിന്ദ്യരായ മനുഷ്യരും ആയിരുന്നു എന്നതാണ് . തങ്ങള്‍ക്ക് പകരം തങ്ങളുടെ ഭാര്യമാരെയും പെണ്മക്കളെയും വിട്ടുകൊടുക്കുക ഏതു തരം ആണുങ്ങളാണ്?” മമ്മ എന്നെ കണ്ണു തുറിച്ചു നോക്കി, എന്നിട്ട് ശാന്തയായി പറഞ്ഞു, “ഇയോമ, നിനക്ക് പ്രസക്തമായ കാര്യം മനസ്സിലായില്ല .” “എന്ത് കാര്യം?” “ കണ്ടുകൂടെ , പുരുഷന്മാര്‍ സ്വയം വിട്ടുകൊടുത്തിരുന്നെങ്കില്‍ അത് വന്‍ പാപമായേനെ. അവര്‍ പെണ്‍കുട്ടികളെ വിട്ടുകൊടുത്തു, എന്തെന്നാല്‍ എല്ലാം ദൈവം നിശ്ചയിച്ച പോലെയാവാന്‍ : ആണും പെണ്ണും, അല്ലാതെ, ആണും ആണും എന്നല്ല.” മമ്മയുടെ അതേ ഭാഷയിലാണ് ഗ്രാമര്‍ സ്കൂള്‍ അധ്യാപകനും ഇയോമയെയും ആമിനയും നേരിടുക. “വന്‍ നാണക്കേട്‌ !”… അതാണ്‌ ബൈബിള്‍ അതിനെ വിളിക്കുക. .. ഖൊറാനും അതിനെ അപലപിക്കുന്നുണ്ട്. എനിക്ക് ഇസ്ലാമിനെ കുറിച്ച് അധികം ഒന്നുമറിയില്ല, എന്നാലും ഇക്കാര്യത്തില്‍ ഖൊറാനും ബൈബിളും കണ്ണില്‍ കണ്ണില്‍ നോക്കുന്നുവെന്നു എനിക്കറിയാം. അയാളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കെ ഇത്തിരി പരിഹാസത്തോടെ ഇയോമ നിരീക്ഷിക്കുന്നു: “ദൈവം ഹവ്വയോടു പ്രഭാഷണം നടത്തിയിരിക്കാവുന്ന പോലെ അയാള്‍ പ്രഭാഷണം തുടര്‍ന്നുകൊണ്ടേയിരുന്നു “. ഈ ക്രിസ്ത്യന്‍ ശിക്ഷണം അത് ശീലമില്ലാതിരുന്ന ആമിനയില്‍ പേടിസ്വപ്നമായി നിറയുന്നു. “തീക്കല്ലു മഴ,” അവള്‍ അലറി, “അഗ്നിയും, താഴോട്ടു പതിക്കുന്നു, വീഴുന്നയിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു.” സംസാരിക്കുമ്പോള്‍ അവളുടെ ഉടല്‍ വിറച്ചു , ജ്വരം കൊണ്ട് വിറക്കുമ്പോലെ.” ഈ ‘മണ്ടന്‍ സ്വപ്ന’ത്തെ മറികടക്കാന്‍ പിന്നീടൊരിക്കലും അവള്‍ക്കാവുന്നുമില്ല.. അവള്‍ ഇയോമയില്‍ നിന്ന് പിന്‍ വാങ്ങുന്നു. “മൂന്നാം കൊല്ലം ആവുമ്പോഴേക്കും അവളേതാണ്ട് സെക്കണ്ടറി സ്കൂള്‍ പ്രായക്കാരിയായ ഒരു നൈജീരിയന്‍ മാര്‍ഗരറ്റ് താച്ചര്‍ പതിപ്പ് , അടിമുടി ഉരുക്കുവനിത ആയിക്കഴിഞ്ഞിരുന്നു.” ഒരു ഹോസാ പയ്യന്‍ തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാവുന്നതില്‍ അവള്‍ അഭയം കണ്ടെത്തുന്നു. ഇയോമ ഒരു കഥാര്‍സിസ് എന്നോണം ആമിനക്കുള്ള കത്തുകള്‍ എഴുതിത്തുടങ്ങുന്നത് അപ്പോഴാണ്‌.

എന്‍ദീദിയുമായുള്ള ബന്ധം തുടങ്ങുമ്പോള്‍ ദുരൂഹമായ ഒരു കുറ്റബോധം, താന്‍ ആമിനയെ ഒറ്റുകൊടുക്കുകയാണ് എന്ന തോന്നല്‍ ഒരു വശത്ത്‌ അവളെ മഥിക്കുന്നുണ്ട്. മറുവശത്ത്‌ മമ്മയുടെ തൊട്ടടുത്ത മുറിയില്‍ കിടന്നു എന്‍ദീദിയെ കുറിച്ച് ചിന്തിക്കുന്നതും അവളെ പശ്ചാത്താപ വിവശയാക്കുന്നു. അകലെ ആബായില്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു വികാരം. “അകലം ഒരാളുടെ കടമ ബോധത്തെ അടിച്ചമര്‍ത്തുമെന്നപോലെ അടുത്തുണ്ടാവുമ്പോള്‍ അത് ഒരാളുടെ ഉത്തരവാദിത്ത ബോധത്തെ തീവ്രമാക്കുകയും ചെയ്യും”. ഇതൊക്കെയാണെങ്കിലും അതേ ദുരൂഹ ആകര്‍ഷണം അവളെ കീഴ്പ്പെടുത്തുന്നു.

“എന്റെ കിടപ്പുമുറിയിലെത്തിയപ്പോള്‍ ഞാന്‍ എന്‍ദീദിയെ കുറിച്ച് തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. ഞാനെന്റെ നൈറ്റ്‌ ഗൌണിലേക്ക് മാറി കിടക്കയിലേക്ക് കടന്നപ്പോള്‍ അവള്‍ എന്റെ മുന്നില്‍ . എന്റെ മനസ്സിന്റെ വിടവുകളിലും വിള്ളലുകളിലും. മമ്മ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല. എന്റെ ചിന്തകളില്‍ അവളോട്‌ ഒരു ശാരീരിക പ്രതികരണം ഉണ്ടാവുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അത്രക്കങ്ങു മുഴുകിപ്പോയി, ആഗ്രഹം കൊണ്ട് നിറഞ്ഞു, എനിക്കെന്നില്‍ തന്നെ ആനന്ദം കണ്ടെത്തല്‍ മാത്രമായിരുന്നു ഏക പോംവഴി, അത് മുമ്പ് ഞാന്‍ അധികമൊന്നും ചെയ്തിട്ടേയില്ലായിരുന്നു – ഒറായ്ഫയ്റ്റിലെ സെക്കണ്ടറി സ്കൂളില്‍ ഒന്നോ രണ്ടോ തവണയൊഴിച്ചാല്‍ . ഓനാനെ കുറിച്ചും അയാള്‍ തന്റെ വിത്തുകള്‍ തൂവിക്കളഞ്ഞതിനെ കുറിച്ചും മമ്മ പറഞ്ഞതെന്തുമാവട്ടെ, കഥയുടെ പാഠം ഏതു തരത്തില്‍ സ്വയം ആനന്ദം കണ്ടെത്തുന്നതും ദൈവത്തിന്റെ കണ്ണില്‍ ഒരു പാപം തന്നെയാണ് എന്നതാണ്.”
എന്‍ദീദിയോടൊപ്പം ‘ഇരട്ട ദൌത്യമുള്ള ‘ ചര്‍ച്ചില്‍ പോകുന്നതും അവിടെ വെച്ചുണ്ടാവുന്ന അനുഭവങ്ങളും ഇയോമയേ പാപചിന്തയുടെ ആഴങ്ങളിലേക്ക് കൂടുതല്‍ തള്ളിയിടും. പകല്‍ ഒരു ചര്‍ച്ച്, രാത്രി ഭിന്ന ലൈംഗികതയുടെ ഒത്തുചേരല്‍ വേദി എന്നതായിരുന്നു അവിടം. തങ്ങളുടെ കണ്മുന്നിലാണ് സാമൂഹിക സദാചാരത്തിന്റെ വക്താക്കള്‍ അവിടം കയ്യേറുന്നതും സംഘര്‍ഷത്തില്‍ സുഹൃത്ത് അദാന ചുട്ടെരിക്കപ്പെടുന്നതും.

“എന്റെ മനസ്സില്‍ , ദാഗോണിലെ ആലയത്തിന്‍റെ ഗോപുരങ്ങള്‍ പോലെ ഭൂമിയുടെ ചുവരുകള്‍ തകര്‍ന്നടിയുന്നത് ഞാന്‍ കണ്ടു , ഞങ്ങളുടെ കിടങ്ങിന്റെ ചുവരുകള്‍ ഞങ്ങള്‍ക്ക് ചുറ്റും തകര്‍ന്നടിയുന്നു, ഞങ്ങള്‍ …ചുവരിനോടൊപ്പം തകര്‍ന്നു വീഴുന്നു. അപ്പോള്‍ ഇങ്ങനെയാണോ ഞങ്ങള്‍ അന്ത്യം കാണുക? മമ്മയുടെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞു, എന്റെ മൃദ ദേഹത്തിനരികില്‍ മമ്മ കരയുന്നു, എന്റെ കുഴിമാടത്തിനടുത്ത് മമ്മ എനിക്ക് വേണ്ടി വിലപിക്കുന്നു . അല്ലെങ്കില്‍ ഒരു പക്ഷെ അവര്‍ വിലപിക്കില്ലായിരിക്കാം. ഒരു പക്ഷെ വിലപിക്കാനാവുന്നതിലേറെ അവര്‍ കുപിതയായിരുന്നിരിക്കാം. ഒരു പക്ഷെ എന്നെ മറമാടാന്‍ പോലും അവര്‍ മിനക്കെട്ടില്ലെന്നു വരാം.

അത് ഒരാവശ്യമായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നതായിത്തോന്നി , കണ്ടെത്തല്‍ ദൈവത്തിന്റെ സഹായത്തോടെ ആയിരുന്നെന്ന്, അബായെ പാപത്തിന്റെ വഴികളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ ഒരു മാതൃക ആവശ്യമായിരുന്നു എന്ന്.


സംഭവത്തിനു ശേഷം മിക്കവാറും ഓരോ ഈരണ്ടു മണിക്കൂറിനിടയിലും അദാനയുടെ രൂപം മനസ്സിലൂടെ മിന്നിമറഞ്ഞു. ഞങ്ങളിലൊരുത്തിക്ക് ആ ഭീകര രീതിയില്‍ ജീവന്‍ പൊലിഞ്ഞെന്ന തികട്ടിവരുന്ന ഓര്‍മ്മപ്പെടുത്തല്‍ . ഞങ്ങള്‍ ബാക്കിയുള്ളവരെല്ലാം ജീവിതം തുടരാന്‍ അനുവദിക്കപ്പെട്ടപ്പോള്‍ അദാന ജീവനോടെ എരിക്കപ്പെട്ടു എന്ന ഓര്‍മ്മപ്പെടുത്തല്‍ .”

മമ്മയുടെ ആശ്വാസവും അത് പോലെയാണ്: “അത് നീയായേനെ, ഇയോമാ. ഓര്‍ത്തുനോക്ക്, ഞാന്‍ ഒരു വിധവ മാത്രമല്ല, എന്റെ ഒരേയൊരു കുഞ്ഞിനേയും എനിക്ക് നഷ്ടമായേനെ.”

ചര്‍ച്ചിലെ അനുഭവത്തിനു ശേഷം ആത്മ നിന്ദ തന്നില്‍ പിടിമുറുക്കുന്നത് ഇയോമ അറിയുന്നു. “എന്‍ദീദിയോടൊപ്പമുള്ള ചര്‍ച്ച് സന്ദര്‍ശനത്തിനു ശേഷമുള്ള കാലം ഞാന്‍ എന്‍റെ നേരെത്തന്നെ നടത്തിയ ദുര്‍മന്ത്രവാദിനീ വേട്ട (witch-hunt)യുടെ തുടക്കമായിരുന്നു. . പിന്തുണയുടെയും സുരക്ഷിതത്വത്തിന്റെയും പ്രഭവമായ ഒരു സമൂഹത്തെ ഞാന്‍ കണ്ടെത്തിയ നിമിഷം തന്നെ, അപ്രതീക്ഷിതമായ ഒരു ആത്മ നിന്ദ തികട്ടിവന്നു . ആ നിമിഷം ഞാന്‍ സ്വയം സാത്താന്റെ സ്വാധീനത്തിനകപ്പെട്ട ദുര്‍മന്ത്രവാദിനിയാണെന്ന് വിശ്വസിച്ചു പോയി. മമ്മയുടെ ബാധയൊഴിപ്പിക്കല്‍ ഫലിച്ചില്ലെങ്കില്‍ ഫലിക്കുന്ന ഒരു മാര്‍ഗ്ഗം ഞാന്‍ തന്നെ കണ്ടെത്തണമെന്ന് തോന്നി. സ്വയം ശുദ്ധീകരണമായിരുന്നു ലക്‌ഷ്യം.”

ഇതോടൊപ്പം തന്നെ തികച്ചും എതിരറ്റത്തുള്ള മറ്റൊരു ചിന്തയും: “എന്നാല്‍ സത്യത്തില്‍ ഞാന്‍ തെറ്റ് ചെയ്യുകയല്ലായിരുന്നെങ്കിലോ ? ഒരു കാര്യവുമില്ലാതെ ഈ പാപചിന്തക്കൊക്കെയും ഞാനെന്നെ സ്വയം ഇരയാക്കുകയായിരുന്നെങ്കിലോ ?”

ബൈബിള്‍ – ഇരുപുറം തേടാനുള്ള ചോദന

സന്ദേഹങ്ങളുടെ പിടിമുറുക്കത്തിലാണ് തന്റെ ജൈവ ചോദനയെ മാറ്റിവെച്ച് മമ്മയുടെ തെരഞ്ഞെടുപ്പിലേക്ക് , ചിബുണ്ടുവിന്റെ ഭാര്യാ പദവിയിലേക്ക് അവള്‍ കായപ്രവേശം ചെയ്യുന്നത്. “ഒരു പുരുഷനോടോപ്പമുള്ള ജീവിതം പ്രയാസകരമാണ്. എന്നാല്‍ ഒരു പുരുഷന്‍ ഇല്ലാത്ത ജീവിതം അതിലും പ്രയാസമാണ്” എന്ന് മമ്മ ഓര്‍മ്മിപ്പിക്കുന്നു . തുടക്കം മുതലേ അതൊരു പാഴ്വേലയാണെന്ന് അവളുടെ ഉള്ളില്‍ അവളറിയുന്നുണ്ട്. . അവളുടെ വൈമുഖ്യം മനസ്സിലാക്കി “നീ തയ്യാറാവുമ്പോള്‍ എന്നെ അറിയിക്കൂ,” എന്ന് വിട്ടുകൊടുക്കുന്ന മാന്യനോട് വിധേയപ്പെടെണ്ടതിന്റെ അനിവാര്യത അവള്‍ക്കറിയാം. വിവാഹം കഴിഞ്ഞു ഒരു കൊല്ലമായിട്ടും, ഒരു കുഞ്ഞു ജനിക്കാന്‍ പോകുമ്പോഴും തനിക്കയാളോടുള്ള സ്നേഹം ഒരു റൊമാന്റിക് ഭാവം കൈവരിക്കുന്നതിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും അവള്‍ തുറന്നു പറയുന്നു .

“ഞങ്ങള്‍ നടത്തിയ യാത്രയെ കുറിച്ച് ഞാനോര്‍ത്തു : ഒരു പയ്യനും പെണ്‍കിടാവും ഒരു ഓറഞ്ചു മരത്തിനു മുകളില്‍ . ഒരു അപക്വ ചുംബനം. കടന്നു പോകുന്ന കാലം . ഒരു കുഴഞ്ഞ വിവാഹാഭ്യര്‍ഥന. ഒരു തെളിച്ചമില്ലാത്ത സ്വീകരിക്കല്‍ , ഒരു വിവാഹച്ചടങ്ങ്‌ , ഒരു വിവാഹ പ്രാര്‍ത്ഥന , ഒരു വിവാഹ ചുംബനം.”

വിവാഹനാളുകളില്‍ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടില്‍ ചിബുണ്ടുവുമായി ഒരന്യയായി കഴിയുമ്പോള്‍ അവള്‍ അമ്മയെ വിളിച്ചു പറയുന്നുണ്ട്: “മമ്മാ, ഈ ദിവസങ്ങളില്‍ ഞാന്‍ എന്റെ ഉടലില്‍ തടവിലാണെന്നു എനിക്ക് തോന്നുന്നു”. അയാളുടെ ആലിംഗനത്തില്‍ ഒതുങ്ങുമ്പോഴും അവള്‍ക്കാകെ ചിന്തിക്കാനാവുന്നത് അത് എന്‍ദീദിയുടെ ആലിംഗനത്തിന്റെ അനുഭൂതിയൊന്നും പകരുന്നില്ലെന്നാണ്.

“എന്തുകൊണ്ടാണ് ഞാന്‍ ആമിനയെയൊ എന്‍ദീദിയെയോ സ്നേഹിച്ച പോലെ എനിക്ക് ചിബുണ്ടുവിനെ സ്നേഹിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ടാണ് എനിക്ക് ഒരു പുരുഷനെ സ്നേഹിക്കാന്‍ കഴിയാതിരുന്നത് ? ഇക്കാലത്ത്, ഞാന്‍ കേള്‍ക്കുന്നുണ്ട് നിങ്ങളുടെ ആദ്യപ്രണയത്തിന്റെ ലിംഗം ഭാവിപ്രണയങ്ങളുടെ യെല്ലാം ലിംഗ നിര്‍ണ്ണയം നടത്തുമെന്ന്. ഒരു പക്ഷെ ഇതെന്റെ കാര്യത്തില്‍ ശരിയായിരുന്നു. പക്ഷെ അക്കാലത്ത്, അതൊന്നും കേട്ട കാര്യമേ അല്ലായിരുന്നു. ആ നിമിഷം എനിക്കറിയാമായിരുന്ന ഏക കാര്യം എന്റെ പ്രണയത്തിന്റെ പ്രകൃതം കാരണം ദൈവം എന്നെ ശിക്ഷിക്കാനുള്ള സാധ്യത ശരിക്കും ഉണ്ടായിരുന്നു എന്ന് മാത്രമായിരുന്നു. എന്റെ മനസ്സ് ബൈബിളിലേക്ക് തിരിച്ചു പോയി. കാരണം മമ്മയും ഗ്രാമര്‍ സ്കൂള്‍ ടീച്ചറെ പോലുള്ളവരും ശരിയായിരുന്നെങ്കില്‍ , ബൈബിള്‍ മാത്രം മതിയായിരുന്നു ദൈവം തീര്‍ച്ചയായും എന്നെ ശിക്ഷിക്കും എന്നറിയാനുള്ള തെളിവായി.”

എന്നാല്‍ അപ്പോഴും, പതിവുപോലെ ബൈബിള്‍ അവളെ ചില മറുവശങ്ങളിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു:

“എന്നാല്‍ ഞാന്‍ ബൈബിളിലേക്ക് പോവുകയായിരുന്നെങ്കില്‍ – വിശേഷിച്ചും പുതിയ നിയമത്തിലേക്ക് – നാം അവന്റെ ഇഷ്ടം നടത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ശരിക്കും എന്തൊക്കെയാണ് പ്രത്യാഘാതങ്ങള്‍ ? ദൈവം ശരിക്കും ശിക്ഷാമുറകളിലൂടെ തന്റെ ഇഷ്ടം നടപ്പിലാക്കുമോ? നമ്മുടെ ശിക്ഷകളെല്ലാം കുരിശേറിയ യേശു നോക്കിക്കൊള്ളുമായിരുന്നില്ലേ ? ദൈവത്തിന്റെ കാരുണ്യം അവന്റെ ശിക്ഷയുമായി എങ്ങനെയാണ് ചേരുക?”

എന്‍ദീദിയുമായുള്ള ബന്ധത്തിലെ വേറെയും പാപചിന്തകള്‍ ബൈബിള്‍ പ്രോക്തമാണ്:

“എന്‍ദീദിയെ കുറിച്ചുള്ള സ്വാഗതാര്‍ഹമായ ചിന്തകള്‍ക്കപ്പുറം വ്യഭിചാരത്തിന്റെ പ്രശ്നവും ഉണ്ടായിരുന്നു. ഞാന്‍ സ്വയം സമ്മതിച്ചു, ഉദ്ദേശവും ലക്ഷ്യവും എന്തായിരുന്നാലും, ഞാനൊരു വ്യഭിചാരിണിയായിരുന്നു. ഇപ്പോള്‍ എന്‍ദീദിയുമായി ഒരു ശാരീരിക ബന്ധത്തിലും ഏര്‍പ്പെടുന്നില്ലെങ്കിലും എനിക്ക് നന്നായി അറിയാമായിരുന്നു, മത്തായിയുടെ സുവിശേഷ പ്രകാരം, ആരെങ്കിലും ഒരു സ്ത്രീയെ കാമത്തോടെ നോക്കിയാല്‍ അയാള്‍ ഹൃദയം കൊണ്ട് അവളോടൊപ്പം പാപം ചെയ്തു. മത്തായിയുടെ വിധിയില്‍ ഞാന്‍ വ്യഭിചാരിണിയായിരുന്നു.”

അതേ സമയം ചര്‍ച്ച് എന്ന സ്ഥാപനത്തെ കുറിച്ചുതന്നെ വിഗ്രഹഭജ്ഞക നിരീക്ഷണം അവളില്‍ കടന്നു വരുന്നു:

“ചര്‍ച്ച് എന്നത് മനുഷ്യന് അറിയാവുന്ന ഏറ്റവും പഴക്കമേറിയതും വിജയകരവുമായ ഏര്‍പ്പാടാണ്. കാരണം അതിനു ഉപഭോക്താക്കളെ കണ്ടെത്താന്‍ മാത്രമല്ല, ‘വന്‍ പാപം’ തുടങ്ങിയ വാക്കുകളും തത്വങ്ങളും കൊണ്ട് അവരെ എങ്ങനെ നിയന്ത്രിക്കാം എന്നും അറിയാം. ആകത്തുക എന്തെന്നാല്‍ നിങ്ങളുടെ ‘വന്‍ പാപ’മൊക്കെ ഇത്തിരി ഉപ്പു കൂട്ടി വിഴുങ്ങുക. അതേ കുറിച്ച് എന്റെ തോന്നല്‍ എന്തെന്നാല്‍ , ചിലകാര്യങ്ങളെ അവ അങ്ങനെയല്ലെങ്കിലും വന്‍ പാപങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു.”
മമ്മ ഒയോട്ടോയിലേക്ക് തിരിച്ചു പോയ നാളുകളിലാണ്‌ അവള്‍ ശക്തമായ ഒരു സ്വപ്ന പ്രത്യക്ഷത്തെ തുടര്‍ന്ന് എന്‍ദീദിക്കുള്ള കത്തുകള്‍ എഴുതിത്തുടങ്ങുന്നത് .
“അവളുമായുള്ള ഏതു തരം ആശയ വിനിമയ അഭാവവും ഒരു അഭാവമായിരുന്നില്ല . പകരം അതൊരു സാന്നിധ്യമായിരുന്നു: : ഒരു മനോവേദന, കട്ടിയുള്ള തുരുമ്പെടുത്ത ഒരു അസ്ത്രം നേരെ എന്റെ തല തുളച്ച് , എന്റെ ഹൃദയത്തെ ടെറ്റനസ് പോലെയെന്തോ കൊണ്ട് വിഷമയമാക്കി, എന്റെ ചിന്തകളാകെ കുത്തഴിയാന്‍ ഇടവരുത്തി, ഇവിടെ ഒരു പിടുത്തം, അവിടെ ഒന്ന് എന്നപോലെ..”

മൂന്നാം തലമുറ – ദൈവത്തിന്റെ നന്മ

തന്റെ പാപം ചിദിന്മയെ ചൂഴുമെന്നും അവള്‍ മുച്ചിറിയുടെ വൈകല്യത്തോടെ പിറക്കുമെന്നും ഭയന്ന് കഴിഞ്ഞ നാളുകള്‍ക്ക് ശേഷം ആഹ്ലാദകരമായ വരപ്രസാദമായാണ് അവള്‍ പിറക്കുന്നത്‌. “ചിദിന്മ എന്നതായിരുന്നു ഞാന്‍ തീരുമാനിച്ച പേര്, കാരണം “ദൈവം നല്ലവനാണ്,” കാരണം അവളൊരു ശാപം കിട്ടിയ കുട്ടിയല്ല., മുച്ചിറിയുമല്ല. എന്റെയും ചിബുണ്ടുവിന്റെയും പരിപൂര്‍ണ്ണ പ്രതിനിധാനമായ ഇവളിലൂടെ ദൈവം ശരിക്കും നല്ലത് ചെയ്തു.” നോവലിന്റെ തലക്കെട്ടിന്റെ ഉറവിടം തന്നെ കുഞ്ഞുങ്ങള്‍ എന്ന അനുഗ്രഹത്തെ കുറിച്ചുള്ള ഗോത്ര മിത്തുകളിലാണ് :

“പുരാണങ്ങളുണ്ട്‌ ആത്മാക്കളായ കുഞ്ഞുങ്ങള്‍ , ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങള്‍ക്കിടയില്‍ അലഞ്ഞു മടുത്തിട്ട് , ഉദാല മരങ്ങള്‍ക്ക് മേല്‍ കൂട്ടം ചേരുമെന്ന്. ചേക്കയിടത്തിന് പകരമായി അവര്‍ ആ മരങ്ങള്‍ക്ക് ചുവടെ ഏറ്റം കുറഞ്ഞൊരു സമയം പോലും തങ്ങുന്ന സ്ത്രീകളെ അസാധാരണമാം വിധം ഉര്‍വ്വരമാക്കും. അവര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഗര്‍ഭം ധരിക്കാന്‍ ഇടയാക്കും, അവര്‍ ആഗ്രഹിക്കുവോളം.”
(അണ്ടര്‍ ദി ഉദാലാ ട്രീസ്‌ – അധ്യായം : 77)

ഒരാണ്‍ കുട്ടിയെ എത്രയും വേഗം വേണമെന്ന ചിബുണ്ടുവിന്റെ ഭ്രമം പുരുഷമേധാവിത്വത്തിന്റെ വന്യതയിലേക്ക് ചുവടുമാറ്റുന്നുണ്ട് പലപ്പോഴും . ചിദിന്മക്ക് നിഷേധിക്കുന്ന കളിപ്പാട്ടങ്ങള്‍ അയാള്‍ അവനു വേണ്ടി കരുതിവെക്കുന്നു. “ഇത് നിന്റെ സഹോദരന് , നിനക്കല്ല… ജനിച്ചിട്ടില്ലാത്തവരുടെ ലോകത്ത് നിന്ന് പോലും , അവന്‍ വരാന്‍ നമ്മളെത്ര ആഗ്രഹിക്കുന്നുണ്ടെന്നു അവനു കാണാം, അവനു വേണ്ടി ഞാനെത്ര തയ്യാറെടുക്കുന്നുണ്ടെന്നു അവനു കാണാം, അങ്ങനെ അവന്‍ വരികത്തന്നെ ചെയ്യും.” എന്‍ദീദിക്കുള്ള കത്തുകളും അയാളുടെ ഊറ്റം പ്രകടമാക്കുന്നുണ്ട്,: “ആ കത്തുകള്‍ കൊണ്ട് നിനക്കെന്തും ചെയ്യാം. വേണമെങ്കില്‍ അവള്‍ക്കു വീണ്ടും എഴുതുകയും ആവാം. എന്നാല്‍ ഒരൊറ്റ നിമിഷം മറക്കരുത് – ഒരൊറ്റ ഞൊടിയിട പോലും – നീയെന്റെ ഭാര്യയാണെന്നു. ദൈവത്തെയോര്‍ത്ത്‌, നീയെന്റെ ഭാര്യയാണ്. എനിക്ക് നിന്റെ ജീവിതം ദുരിതമാക്കാനാവും. അത് കേട്ടോ? നീയെന്റെ ഭാര്യയാണ്. നീയെന്തു തന്നെ ചെയ്താലും ശരി, എന്നെ പ്രകോപിപ്പിക്കരുത് , ഇല്ലെങ്കില്‍ നീ ശരിക്കും വില നല്‍കേണ്ടി വരുമെന്നു ഞാന്‍ ഉറപ്പുവരുത്തും.” ഇത്തരം പൊട്ടിത്തെറികളുടെ നിമിഷങ്ങള്‍ ഉണ്ടെങ്കിലും ചിബുണ്ടുവും ഒരു കുരിശേറ്റത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്.

“ഞാന്‍ കാലടിയൊച്ച കേട്ടില്ല, പക്ഷെ തിരിഞ്ഞു നോക്കിയപ്പോള്‍ ബാത്ത് റൂമിന്റെ വാതില്‍പ്പടിയില്‍ ചാരി അങ്ങേയറ്റം ദുഃഖഭരിതമായ കണ്ണുകളോടെ ഞങ്ങളെ നോക്കിചിബുണ്ടു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഇപ്പോള്‍ എനിക്ക് ചിന്തിക്കാതിരിക്കാന്‍ വയ്യ, യേശു കുരിശില്‍ കിടന്നു ലോകത്തെ നോക്കിയത് ഇങ്ങനെയായിരുന്നു എന്ന്. … എന്റെ ദൈവമേ, എന്റെ ദൈവമേ, നീയെന്തിനു എന്നെ കൈ വെടിഞ്ഞു? അല്ലെങ്കില്‍ , യോഹന്നാന്റെ സുവിശേഷത്തിലെ പോലെ, ലളിതമായി : എനിക്ക് ദാഹിക്കുന്നു.”

അടഞ്ഞുപോയ ഒരു ദാമ്പത്യത്തിന്റെ പാഴ്വേലയില്‍ മനം മടുത്താണ് ഒരു രാത്രി ഇയോമ ചിദിന്മയെയും എടുത്ത് മമ്മയെ അഭയം പ്രാപിക്കുന്നത്. ഇനിയൊന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞാവണം മമ്മ അഭയം നല്‍കുന്നതും. പുതിയ തലമുറയുടെ തുറന്ന മനസ്സിലേക്ക് ചിദിന്മയെ വളര്‍ത്തിയെടുക്കുന്നതില്‍ മമ്മയുടെയും അവള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന പപ്പയുടെയും ജീവിതം നല്‍കിയ പാഠങ്ങളും പങ്ക് വഹിക്കുന്നുണ്ട്.

“ഭയത്തെക്കാളേറെ പ്രണയത്തെ പ്രധാനമായിക്കാണുന്ന ഒരു നൈജീരിയന്‍ പുതു തലമുറയില്‍ പെട്ടവളാണ് അവള്‍ . അവള്‍ക്കു എന്റെ താല്‍പര്യങ്ങളല്ല എന്ന വസ്തുത സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീ പുരുഷന്മാരെ , വെറുപ്പിലേക്ക് നയിക്കുന്ന ഭയത്തോടെ കാണാന്‍ അവളെ പ്രേരിപ്പിക്കുന്നില്ല. അതിനു പുറമേ അവരുടെ പ്രശ്നത്തെ അവഗണിക്കാന്‍ കഴിയാത്ത വിധം അവള്‍ക്കെന്റെ കഥ നല്ലപോലെ അറിയാം.”
അവള്‍ പഠിപ്പിക്കുന്ന കോളേജില്‍ പുതിയ കാലത്തും സംഭവിക്കുന്ന , പഴയ ചര്‍ച്ച് സംഭവത്തെയും അദാനയുടെ ദുരന്തത്തെയും ഓര്‍മ്മിപ്പിക്കുന്ന, ഒരു ‘സ്വവര്‍ഗ്ഗരതി വേട്ട’യുടെ വാര്‍ത്ത നോവലന്ത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്നതും , പ്രശ്നത്തില്‍ ചിദിന്മ സ്വീകരിക്കുന്ന തുറന്ന സമീപനവും അവളുടെ വ്യക്തിത്വത്തെ മാത്രമല്ല , പുതിയ കാലത്തും ചില ജീവിതങ്ങള്‍ നിലനില്‍പ്പിനായുള്ള യുദ്ധത്തില്‍ തന്നെയാണ് എന്ന് കൂടി സൂചിപ്പിക്കുന്നു. പുതിയ സംഭവത്തിലും ഇരകള്‍ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. എന്നിരിക്കിലും, എല്ലാ എതിര്‍പ്പുകളും അവസാനിക്കുകയും സ്നേഹം അതായിത്തന്നെ മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം അസാധ്യമല്ല എന്ന് തന്നെ നോവല്‍ ഉറ്റുനോക്കുന്നു. ഇത്തവണയും ആഖ്യാതാവ് ബൈബിളിനെ കൂട്ടുപിടിക്കുന്നു,:

“ഹീബ്രു 8: ദൈവം ഇസ്രെയെല്യരുമായും ജുദേയയുമായും പുതിയ ഉടമ്പടിയില്‍ എത്തി, അവന്‍ അവരുടെ പിതാക്കളുമായി ഉണ്ടാക്കിയ ഉടമ്പടിക്ക് അനുസരിച്ചല്ല. ആ ആദ്യ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിനു ഇടമുണ്ടാകുമായിരുന്നില്ല. . ആ പുതിയ ഉടമ്പടിയോടെ, ആദ്യത്തേതിനെ അവന്‍ പഴയതാക്കി. ആ ആദ്യത്തേത് അപ്രത്യക്ഷമാകാന്‍ അനുവദിച്ചു. ഈ വാക്യമാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത്.”