സ്വന്തമായി കംപ്യൂട്ടർ ‘നിർമ്മിച്ച’ ബാലനെ കുറിച്ചുള്ള ഒരു പത്രവാർത്ത കണ്ടിരുന്നു. ചിലർ ആ പയ്യനെ അഭിനന്ദിച്ചും ചിലർ അതിന്റെ റിപ്പോർട്ടറെ കളിയാക്കിയും ഒക്കെ ഷെയർ ചെയ്തതുവഴി ഫെയ്സ്ബുക്കിലാണ് കണ്ടത്. അതുമായി ബന്ധപ്പെട്ട് ചില ചിന്തകൾ പങ്ക് വെക്കാമെന്ന് കരുതി. ചെറിയ സ്കൂൾ കുട്ടികൾക്ക് വരെ ഒരു യൂട്യൂബ് വീഡിയോ നോക്കി എളുപ്പത്തിൽ ചെയ്യാവുന്ന, കംപ്യൂട്ടർ കംപോണന്റ്സ് വാങ്ങി അസംബിൾ ചെയ്ത് ഒരു വർക്കിങ് കംപ്യൂട്ടറാക്കി മാറ്റുക എന്ന പരിപാടിയെയാണ് വാർത്തയിൽ ‘കംപ്യൂട്ടർ നിർമ്മിച്ചു’ എന്ന രീതിയിൽ പൊലിപ്പിച്ചിരിക്കുന്നത്. അതിന് പിന്നിൽ റിപ്പോർട്ടറുടെ വിവരക്കേട് എന്നതിനപ്പുറം സംശയിക്കാവുന്നത് മിക്കവാറും ഒരു രക്ഷകർത്താവിന്റെ അത്യാവേശത്തെയാണ്. ആ കുട്ടി സത്യത്തിൽ ഒരു ‘ഇര’യാണ്. ഇത് പറയാൻ ചില കാരണങ്ങളുണ്ട്.
മാതാപിതാക്കൾക്ക് എപ്പോഴും തങ്ങളുടെ മക്കൾ ഏതെങ്കിലുമൊക്കെ കാര്യത്തിൽ അതുല്യപ്രതിഭയുള്ള ആളാണെന്ന് കാണാൻ വലിയ താത്പര്യമാണ്. മൂന്നാം വയസ്സിൽ മുന്നൂറ് രാജ്യങ്ങളുടെ തലസ്ഥാനം പറയുക, നാലാം വയസ്സിൽ നാല്പത് ഭാഷ സംസാരിക്കുക എന്നീ ലൈനിലുള്ള കഴിവുകളുടെ പ്രകടനം ടീവിയിലും പത്രങ്ങളിലുമൊക്കെ പണ്ടുമുതലേ വാർത്തകളായി വരാറുണ്ട്. അവയെല്ലാം നമ്മളെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാകാമെങ്കിലും അത്തരം കുട്ടികൾ പിന്നീട് വലുതായശേഷം എന്തായിത്തീർന്നു എന്നൊരു ഫോളോ-അപ് നടത്തിയാൽ പലപ്പോഴും കുട്ടിക്കാലത്തെ പ്രകടനം വെച്ച് നമ്മൾ പ്രതീക്ഷിച്ച ഒരിടത്തും അവരെ കണ്ടെത്താനായില്ല എന്ന് വരും. അതുകൊണ്ട് കുട്ടിക്കാലത്തെ പ്രകടനവും അത് അപ്പോൾ നൽകുന്ന ഗ്ലാമറും വേണ്ടാന്ന് വെക്കണമെന്നോ അതിലെന്തെങ്കിലും കുഴപ്പമുണ്ടെന്നോ അല്ല പറഞ്ഞുവരുന്നത്. വിഷയം മറ്റൊന്നാണ്.
ഇത് തീർത്തും വ്യക്തിപരമായ അനുഭവങ്ങളുടെ പുറത്തുള്ള ഒരു അഭിപ്രായപ്രകടനമാണെന്ന് ആദ്യമേ പറയട്ടെ. സ്വന്തം മക്കൾ child prodigy-യാണെന്ന് സ്വയം ബോധ്യപ്പെടാനും, മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കിണഞ്ഞുശ്രമിക്കുന്ന, അതുവഴി പരോക്ഷമായെങ്കിലും ആ കുട്ടിയോട് ദ്രോഹം ചെയ്യുന്ന കുറേയേറെ മാതാപിതാക്കളെ നേരിട്ട് കണ്ടിട്ടുണ്ട്. പലപ്പോഴും മാതാപിതാക്കളും കുട്ടിയും ജീവിക്കുന്ന കാലഘട്ടങ്ങളുടെ വ്യത്യാസം പരിഗണിക്കാതെ നടത്തുന്ന വിലയിരുത്തലുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. മുപ്പതാം വയസ്സിൽ ആദ്യമായി ഒരു സ്മാർട് ഫോൺ ഉപയോഗിച്ച അമ്മ, രണ്ട് വയസ്സുള്ള കുട്ടി സ്ക്രീൻലോക്ക് തുറക്കുന്നത് കണ്ട് ഞെട്ടുന്നത് സ്ഥിരം സംഭവമാണ്. എന്തും വളരെവേഗം പഠിച്ചെടുക്കുന്ന പ്രായത്തിലുള്ള, ചുറ്റും സ്മാർട് ഡിവൈസുകളുടെ ഒരു പ്രളയത്തിലേയ്ക്ക് ജനിച്ചുവീണ കുഞ്ഞിനെ, പെൻസിൽ വെച്ച് ചുറ്റുന്ന ഓഡിയോ ടേപ്പിനെ അത്ഭുതവസ്തുവിനെപ്പോലെ നോക്കിയിരിക്കാൻ സാധ്യതയുള്ള അമ്മയുടേയോ അച്ഛന്റെയോ സ്കിൽ സെറ്റ് വെച്ച് ജഡ്ജ് ചെയ്യുന്നതാണ് പ്രശ്നം. വീട്ടിൽ ആദ്യമായി ടേപ്പ് റോക്കോർഡർ വാങ്ങിയപ്പോൾ അച്ഛനെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അത് റീവൈൻഡ് ചെയ്യാനും മറ്റുമുള്ള കഴിവ് ഞാനും പ്രകടിപ്പിച്ചിരുന്നതായി ഓർമയുണ്ട്. അതേ ഞാൻ പിന്നീട്, അഞ്ച് വയസ്സുള്ള അനന്തിരവൻ ഫോൺ ചീത്തയാക്കുമോ എന്ന സംശയത്തിൽ, ‘ഫോണിൽ ഗെയിമൊന്നും ഇല്ല മോനേ’ എന്ന് പറഞ്ഞിട്ട് ‘അത് സാരമില്ല, ഞാൻ ഡൗൺലോഡ് ചെയ്തോളാം’ എന്ന മറുപടി കേട്ട് ഞെട്ടിയിട്ടുണ്ട്. രണ്ടാമതൊന്ന് ചിന്തിച്ചപ്പോൾ അവൻ ജനിച്ചുവീണ കാലഘട്ടത്തിൽ, ഞാൻ അത്ഭുതമെന്ന് കരുതുന്ന പലതും സാധാരണ കാര്യങ്ങളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് കാറോടിക്കുന്നതിനല്ല, കാളവണ്ടി ഓടിക്കുന്നതിനാണ് ബുദ്ധിമുട്ടി പഠിച്ചെടുക്കേണ്ട സ്കില്ല് ആവശ്യമായി വരുന്നത്.
ഇതൊന്നും കൊണ്ട് ചെറിയ പ്രായത്തിൽ കുട്ടികൾക്ക് നൽകേണ്ട പ്രോത്സാഹനങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. പ്രശ്നം അവരെ അസാമാന്യപ്രതിഭയാക്കി ചിത്രീകരിച്ച് അവരെക്കൂടി അത് വിശ്വസിപ്പിക്കുമ്പോഴാണ്. അതവരുടെ മുന്നോട്ടുള്ള വളർച്ചയേയും വിദ്യാഭ്യാസത്തേയും മോശമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. എന്റെ ഐച്ഛികവിഷയമായ ഫിസിക്സിൽ ഈ പ്രശ്നം പലതവണ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ആസ്ട്രോണമി, കോസ്മോളജി എന്നീ മേഖലകളിൽ. തനിക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം വലിയ ചോദ്യങ്ങൾ കുട്ടി ചോദിക്കുന്നു, അവൻ/അവൾ തീർച്ചയായും ഒരു അത്ഭുതപ്രതിഭയാണ് എന്ന വിശദീകരണവുമായി ഒരുപാട് മാതാപിതാക്കൾ എന്നെ സമീപിച്ചിട്ടുണ്ട്. അവരുടെ ഈഗോ മുറിപ്പെടുത്താതെ മറുപടി പറയുക എന്ന ബുദ്ധിമുട്ട് പലതവണ നേരിട്ടിട്ടും ഉണ്ട്.
സത്യത്തിൽ അസ്ട്രോണമിയിലോ കോസ്മോളജിയിലോ ജിജ്ഞാസയില്ലാത്ത ഒരു കുട്ടിയെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ് എന്നാണ് എന്റെ അനുഭവം. എത്ര കേട്ടാലും തൃപ്തിവരാത്തവിധം പിന്നേയും പിന്നേയും അവരുടെ മനസ്സിൽ ആ വിഷയത്തിലുള്ള ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കും. അത് എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷേ മുൻപെങ്ങും ഇല്ലാതിരുന്ന ഒരു സവിശേഷസാഹചര്യം ഈയടുത്ത കാലത്ത് നിലവിൽ വന്നിട്ടുണ്ട്; വിവരവിപ്ലവം. എന്ത് വിവരവും ഞൊടിയിടയിൽ കൈത്തുമ്പിലെത്തിക്കാനുള്ള സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ മുൻപൊരിയ്ക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് ജിജ്ഞാസയുള്ള കുട്ടികൾ ഗൂഗിളിലും യൂട്യൂബിലുമൊക്കെ നിരന്തരം തിരഞ്ഞ് ഇതുമായി ബന്ധപ്പെട്ട കണ്ടെന്റ് ഉൾക്കൊള്ളുന്നുണ്ട്. ഇതിന്റെ സ്വാഭാവികഫലമെന്നോണം മറ്റ് രീതികളിൽ പരിചയപ്പെടാൻ തീരെ സാധ്യതയില്ലാത്ത ഒരുപാട് ആശയങ്ങൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഞാനൊക്കെ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ മാത്രം ആദ്യമായി കേട്ട പല ടെക്നിക്കൽ വാക്കുകളും ഇന്ന് കുട്ടികൾ നന്നേ ചെറിയ പ്രായത്തിലേ പരിചയപ്പെടുന്നുണ്ട്. ഉദാഹരണത്തിന് വേംഹോൾ എന്ന വാക്ക് ഞാനൊക്കെ കോളേജിലെത്തിയിട്ടാണ് ആദ്യമായി കേട്ടത്. ഇന്ന് പലയിടത്തും ക്ലാസെടുക്കാൻ ചെല്ലുമ്പോൾ പ്രൈമറി സ്കൂൾ കുട്ടികൾ നല്ല കോൺഫിഡൻസോടെ അതേപ്പറ്റി സംസാരിക്കുന്നത് കേൾക്കാം (എനിക്കതേപ്പറ്റി ഇന്നും കാര്യമായി ഒന്നും അറിയുകേമില്ല).
ഇവിടെ ഒരു പ്രശ്നം ഉള്ളതായി കണ്ടിട്ടുണ്ട്. ഫിസിക്സിൽ അതിയായ താത്പര്യമുണ്ട് എന്ന് ആമുഖമായി പറയുന്ന പല കുട്ടികളുടെയും താത്പര്യം ബ്ലാക് ഹോളിലും വാർപ് ഡ്രൈവിലും സിംഗുലാരിറ്റിയിലുമൊക്കെയായി കുരുങ്ങിപ്പോകുന്നുണ്ട്. ഇതേപ്പറ്റി പറഞ്ഞുഫലിപ്പിക്കാൻ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട് എങ്കിലും ഇവിടേയും അതേ കാര്യമാണ് പറയാൻ ശ്രമിക്കുന്നത്. ബ്ലാക് ഹോളിനെപ്പറ്റി വാതോരാതെ സംസാരിക്കാനുള്ള വിവരങ്ങൾ ഉണ്ടാകും, പക്ഷേ പ്ലസ് ടൂ കഴിഞ്ഞിട്ടും ന്യൂട്ടൻ നിയമം കൃത്യമായി മനസിലായിട്ടില്ല എന്നത് ഒരു ദുസ്സൂചനയാണ് എന്നേ ഞാൻ പറയൂ. അത്തരം ആളുകളെ ഒരുപാട് കാണുന്നതുകൊണ്ടാണ് ഇത് പറയുന്നത്.
അറിവിന് ഒരു പടിപടിയായ പുരോഗതിയുണ്ട്. പ്രത്യേകിച്ച് ഫിസിക്സ് പോലുള്ള നാച്ചുറൽ സയൻസുകളിൽ. അതിൽ മുകളിലത്തെ പടിയിൽ വരുന്ന ക്വാണ്ടം ഫിസിക്സോ ജനറൽ റിലേറ്റിവിറ്റിയോ ഒക്കെ ഏറ്റവും താഴത്തെ പടിയിലെ ന്യൂട്ടൻ നിയമത്തിലും ബോയിൽ നിയമത്തിലുമൊക്കെ തുടങ്ങി, പടിപടിയായി കാൽക്കുലസിലും ഇലക്ട്രോമാഗ്നെറ്റിസത്തിലുമൊക്കെയായി അനേകം അടരുകളുടെ ബലത്തിലാണ് നിൽക്കുന്നത്. ഇതിൽ നേരിട്ടൊരു എയർലിഫ്റ്റ് സാധ്യമല്ല. ബ്ലാക് ഹോളിനെ കുറിച്ച് പഠിക്കണമെന്ന അതിയായ താത്പര്യവുമായി പ്ലസ് ടൂ സയൻസും ബി.എസ്.സി. ഫിസിക്സുമൊക്കെ ലക്ഷ്യം വെക്കുന്ന ഒരു വിദ്യാർത്ഥിയുടെ മുൻപിൽ ഒരു ‘long waiting’ ആണ് ഉള്ളത്. മെട്രിക്സും ഇലക്ട്രോമാഗ്നെറ്റിസവുമൊക്കെ ബോറാണ് എന്ന അഭിപ്രായത്തോടെ, ബ്ലാക് ഹോളിനെ പറ്റി പഠിക്കാനുള്ള താത്പര്യം കൊണ്ട് മാത്രം എന്തുംസഹിച്ച് ആ long waiting നടത്തി എന്ന് തന്നെയിരിക്കട്ടെ, അവസാനം പോസ്റ്റ് ഗ്രാജ്വേറ്റ് ലെവലിലോ മറ്റോ ബ്ലാക് ഹോളിനെ സിലബസ്സിൽ കിട്ടിയെന്നുമിരിക്കട്ടെ, നിരാശയായിരിക്കും ഫലമെന്ന് ഏതാണ്ട് ഉറപ്പിച്ചുതന്നെ പറയാം. കാരണം പോപ്പുലർ സയൻസിൽ എഴുതി പൊലിപ്പിക്കുന്ന ത്രില്ലർ ഐറ്റംസൊന്നും അവിടെ കണ്ടുകിട്ടില്ല. നേരേമറിച്ച്, താഴത്തെ പടിയിലെ ‘less exciting’ ആയ കാര്യങ്ങളും നന്നായി പഠിച്ചുവരുന്ന ആളിന്, പോപ്പുലർ സയൻസിന്റെ മേമ്പൊടിയൊന്നും ഇല്ലാതെ തന്നെ അതൊക്കെ ആസ്വദിച്ച് പഠിക്കാനും കഴിയും.
പറഞ്ഞുവന്നത് ചുരുക്കാം. കുട്ടികളുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കണം. പക്ഷേ അതത് പ്രായത്തിൽ പഠിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ അപ്രസക്തമെന്ന് തോന്നിക്കുന്ന വിധം അവരുടെ ശ്രദ്ധ എക്സോട്ടിക് ആയ വിഷയങ്ങളിൽ കുടുങ്ങിപ്പോകുന്നത് അക്കാദമികമായി ദോഷമേ ചെയ്യൂ. കുട്ടികൾ ബ്ലാക് ഹോളിനേയും വാർപ് ഡ്രൈവിനേയും പോലെ അക്ഷരാർത്ഥത്തിൽ എടുത്താൽ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവരുടെ ജിജ്ഞാസ മാത്രമാകാം അവിടെ പ്രവർത്തിക്കുന്നത്. അതിനെ അവരുടെ അസാമാന്യപ്രതിഭ ആയി തെറ്റിദ്ധരിച്ച് അത് അവരെത്തന്നെ വിശ്വസിപ്പിക്കുന്നത് കാര്യങ്ങളെ ശരിയ്ക്ക് മനസിലാക്കുന്നതിൽ നിന്ന് അവരെ തടയുകയേ ചെയ്യൂ. അത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. ഇക്കാര്യം കുട്ടികളോട് പറയാനാകില്ല. അവരെ നിരുത്സാഹപ്പെടുത്താതെ, അവരുടെ ബാല്യം നശിപ്പിക്കാതെ കാര്യങ്ങളെ പടിപടിയായി മനസിലാക്കാൻ സഹായിക്കുക എന്നത് ശ്രദ്ധാപൂർവം മുതിർന്നവർ ചെയ്യേണ്ട ജോലിയാണ്.