ഹിന്ദു എം.എൽ.എ എന്നറിയപ്പെടാൻ താൽപ്പര്യമില്ല. വി ടി ബലറാം ദേവസ്വം ബോർഡ് ഇലക്ഷനിൽ നിന്നും വിട്ടു നിന്നു.

തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പായിരുന്നു ഇന്ന്. നിയമസഭയിലെ “ഹിന്ദു എംഎൽഎ”മാർക്കായിരുന്നു വോട്ടവകാശം. ഇതു സംബന്ധിച്ച് ബലറാം പറയുന്നത് കേൾക്കുക. “ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡവും യുക്തിയും എനിക്കിതുവരെ മനസ്സിലായിട്ടില്ല. കഴിഞ്ഞ സഭയുടെ കാലത്തും സമാനമായ ഒരു സാഹചര്യം ഉയർന്നുവന്നപ്പ്പോൾ ഈ വോട്ടെടുപ്പ്‌ രീതിയുടെ സാംഗത്യത്തെക്കുറിച്ച്‌ സംശയമുന്നയിച്ചിരുന്നു. എംഎൽഎമാരുടെ മതം ഏതെന്ന് തീരുമാനിക്കാനുള്ള യാതൊരു വിവരങ്ങളും സർക്കാരിനും നിയമസഭക്കും ഔദ്യോഗികമായി ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ നാമനിർദ്ദേശപത്രികയിലോ മറ്റേതെങ്കിലും രേഖയിലോ സ്ഥാനാർത്ഥിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ്‌ ജയിച്ചുകഴിഞ്ഞതിനു ശേഷം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ഘട്ടത്തിലും പിന്നീടും മതവിശ്വാസം എവിടെയും പറയുന്നില്ല. പിന്നെങ്ങനെയാണ്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഹിന്ദു എംഎൽഎമാരായും അല്ലാത്തവരായും വേർതിരിക്കുന്നത്‌ എന്നറിയുന്നില്ല. കഴിഞ്ഞ തവണത്തെ അനുഭവം മുന്നിലുണ്ടായിരുന്നതുകൊണ്ട്‌ ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദിവസങ്ങളിൽത്തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ നിയമസഭാ സെക്രട്ടറിക്ക്‌ ഔദ്യോഗിക ലെറ്റർപാഡിൽ കത്ത്‌ നൽകിയിരുന്നു.

vtbalram-dewasom-board-hindu1

ജാതി, മത ഭേദമന്യേ ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിലും വ്യക്തിപരമായി ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിശ്വാസിയായി ജീവിക്കുന്ന ആളല്ലാത്തതിനാലും അങ്ങനെ ഏതെങ്കിലും ഒരു മതത്തിൽപ്പെട്ടവർക്ക്‌ മാത്രം വോട്ടവകാശമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിൽ നിന്നും എന്നെ ഒഴിവാക്കണമെന്നായിരുന്നു രേഖാമൂലം ആവശ്യപ്പെട്ടിരുന്നത്‌. എന്നാൽ നിയമസഭാ സെക്രട്ടറി ഇതിലൊരു തീരുമാനമെടുക്കാതെ റവന്യൂ, ദേവസ്വം വകുപ്പിന്‌ കൈമാറി എന്നാണറിയുന്നത്‌. എന്നാൽ അവിടെ നിന്നും ശരിയായ തീരുമാനമല്ല ഉണ്ടായത്‌. ഒഴിവാക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടും എന്റെ പേര്‌ കൂടി ഉൾപ്പെടുത്തിയാണ്‌ വോട്ടർപ്പട്ടിക തയ്യാറാക്കപ്പെട്ടത്‌. ഈ സാഹചര്യത്തിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ വ്യക്തിപരമായി തീരുമാനിക്കുകയായിരുന്നു. ഒരു സെക്യുലർ രാഷ്ട്രത്തിൽ ജനങ്ങൾ പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികളെ മതത്തിന്റെ അടിസ്ഥാനത്തിൽ, അവരാ ഐഡന്റിറ്റി ആഗ്രഹിക്കുന്നില്ലെങ്കിൽപ്പോലും, ഔദ്യോഗികമായിത്തന്നെ വേർതിരിക്കുന്ന സംവിധാനങ്ങൾ നിലനിൽക്കുന്നത്‌ എത്രമാത്രം ആശാസ്യമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെ മാത്രം പ്രതിനിധീകരിക്കുന്നവരല്ല, മറിച്ച്‌ എല്ലാവരേയും പ്രതിനിധീകരിക്കുന്നവരാകണം. ആ നിലക്ക്‌ എല്ലാ ജനപതിനിധികൾക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്നതായിരിക്കണം ഇത്തരം തെരഞ്ഞെടുപ്പുകൾ എന്നാണെന്റെ ഉറച്ച ബോധ്യം.

vtbalram-dewasom-board-hindu2

(ബലറാം എസ്സൻസിനയച്ച വിശദീകരണം. )