ഈയൊരു വാക്ക് പലരും കേട്ടു കാണും. ഇന്ത്യൻ നിയമസംഹിതയിലെ ടോർട്ട് (Tort) എന്നൊരു ഭാഗമുണ്ട്. അതിൽ കുറച്ചു General Defences (Excuses) പറയുന്നുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു ഡിഫെൻസ് ആണ് Act Of God. 


സംഭവം വളരെ ലളിതമാണ്. ഒരു പ്രവൃത്തി നടക്കുകയും അതിന്റെ ഭാഗമായി ഒരാൾക്കോ, ഒരു സമൂഹത്തിനോ നാശനഷ്ട്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ നമുക്ക് ഇത്തരം നാശനഷ്ട്ടങ്ങൾക്ക് നഷ്ട്ടപരിഹാരം ലഭിക്കുകയോ, ഇതിനു കാരണക്കാരായവരെ ശിക്ഷിക്കാനോ കഴിയും. എന്നാൽ.. എല്ലാ സന്ദർഭത്തിലും, ഇത്തരത്തിൽ നമ്മുക്കുണ്ടാവുന്ന എല്ലാ നാശനഷ്ട്ടങ്ങൾക്കും നഷ്ട്ടപരിഹാരം ലഭിക്കണമെന്നോ, ഇതിനു കാരണകാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നോ നമുക്ക് പറയാൻ കഴിയില്ല. 


ഉദാഹരണത്തിന്, കനത്ത കാറ്റും മഴയും മൂലം ഒരു വ്യക്തിയുടെ വീടും കൃഷിയിടവും നശിക്കുന്നു. ഇങ്ങനെ വരുമ്പോൾ ഇദ്ദേഹം ആർക്കെതിരെ കേസ് കൊടുക്കും? ആരെ ഇക്കാര്യത്തിൽ ശിക്ഷിക്കും? ആര് നഷ്ട്ട പരിഹാരം കൊടുക്കും? ഇക്കാര്യത്തിൽ ഇദ്ദേഹത്തിന് ആർക്കെതിരെയും കേസ് കൊടുക്കാൻ കഴിയില്ല. അങ്ങനെ കൊടുത്താൽ തന്നെ അതിൽ നിന്നും രക്ഷപെടാൻ ആണ് Act Of God എന്ന പ്രൈവറ്റ് ഡിഫെൻസ് ഉള്ളത്. 


അതായത്., ആരുടേയും പ്രവൃത്തി കൊണ്ടല്ലാതെ ഇത്തരത്തിൽ പ്രകൃതിഷോഭങ്ങൾ കൊണ്ടുണ്ടാവുന്ന നാശനഷ്ട്ടങ്ങൾക്ക് ആരും ഉത്തരവാദിയല്ല. ആരെയും നമുക്കങ്ങനെ ഉത്തരവാദിയാക്കാൻ കഴിയില്ല. അതുറപ്പ് നൽകുന്ന ഡിഫെൻസ് ആണ് Act Of God (any act which is outside human control and therefore not the responsibility of any individual or corporation).


ഇത്രയും പറഞ്ഞത് ഈ വാക്കിന്റെ നിയമവശത്തെ പറ്റിയാണ്. നമുക്കിതിന്റെ മറ്റു പല വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. 


മഴ പെയ്യുന്നതോ, ഭൂമി കുലുക്കമുണ്ടാവുന്നതോ ഒന്നും നമ്മൾ മനഃപൂർവം ഒരു സ്ഥലത്ത് ഒത്തുകൂടി അത് സംഭവിക്കേണ്ട സ്ഥലമോ, സമയമോ, അതിനുണ്ടാവേണ്ട തീവ്രതയോ ഒന്നും തീരുമാനിച്ച് നമ്മൾ സൃഷ്ട്ടിക്കുന്നതല്ല. അപ്പോൾ പിന്നെ ആരാണിതൊക്കെ സൃഷ്ട്ടിക്കുന്നത്? 


എന്തൊരു LKG ചോദ്യമാണ് ല്ലെ..! ആരാണിതൊക്കെ സൃഷ്ട്ടിക്കുന്നതെന്ന്..! ഈ ചോദ്യം ഒരു ദൈവ വിശ്വാസി എഴുതുന്ന പരീക്ഷയിൽ ചോദിച്ചാൽ പോലും അവനൊരിക്കലും ദൈവം സൃഷ്ട്ടിക്കുന്നതാനെന്ന് എഴുതില്ല. പകരം നല്ല വടിവൊത്ത അക്ഷരത്തിൽ ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ ഉണ്ടാവുന്ന രീതി നല്ല അടിപൊളിയായി എഴുതുകയും അതിലവൻ  മുഴുവൻ മാർക്ക് വാങ്ങുകയും ചെയ്യും.! 
ആലങ്കാരികമായൊക്കെ.. “കണ്ടില്ലേ നമുക്ക് വേണ്ടി ദൈവം മഴ പെയ്യിപ്പിച്ചത്” എന്നൊക്കെ പറയാമെങ്കിൽ കൂടി ആ വാദത്തിൽ ഒരു കഴമ്പുമില്ലെന്നു എല്ലാവർക്കുമറിയാവുന്നതാണ്. കാരണം ഇത്തരം പ്രകൃതിപ്രതിഭാസങ്ങൾ ഒന്നും തന്നെ ഏതോ ഒരു സ്ഥലത്തിരുന്ന് ഏതോ ഒരാൾ ഉണ്ടാക്കി വിടുന്നതല്ലായെന്ന്  എല്ലാവർക്കുമറിയാം അത്രതന്നെ..!!


ഇനി നമുക്ക് ഇന്ത്യൻ നിയമങ്ങളിലേക്ക് വരാം. നമ്മുടെ ഭരണഘടനയുൾപ്പടെയുള്ള നിയമസംഹിതകളിളെല്ലാം തന്നെ നമുക്ക് വിദേശ സ്വാധീനം (Influence) കാണാൻ കഴിയും. നമ്മുടെ ഭരണഘടനയിലേക്ക് മറ്റു പല രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നും പലതും നമ്മൾ കടമെടുത്തിട്ടുണ്ട്. നമ്മളിപ്പോഴുമുപയോഗിക്കുന്ന IPC (Indian Penal Code) സ്വാതന്ത്ര്യ ഇന്ത്യ പോലും നിലവിൽ വന്നിട്ടില്ലാത്ത 1860 കളിലാണ് നിർമിച്ചിരിക്കുന്നത്. പറഞ്ഞു വന്നത്, നമ്മുടെ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ആശയങ്ങൾ ഉൾപ്പടെ നമ്മളുപയോഗിക്കുന്ന വാക്കുകൾക്ക് പോലും വിദേശ സ്വാധീനമുണ്ട്. ഇക്കാര്യം “Act Of God” എന്ന ടേർമിലും നമുക്ക് കാണാൻ കഴിയും. നമ്മളിന്നുമുപയോഗിക്കുന്ന ഇത്തരം വാക്കുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത്തരം വാക്കുകൾ രൂപപ്പെട്ട സാഹചര്യങ്ങളും നമ്മളപ്പോൾ  പരിശോധിക്കേണ്ടതുണ്ട്. 


ഇന്നും തിയററ്റികലായി മാത്രമാണ് ഭൂരിപക്ഷവും പ്രകൃതിപ്രതിഭാസങ്ങൾ ദൈവം സൃഷ്ട്ടിക്കുന്നതല്ല എന്നു സമ്മതിക്കുന്നത്. അങ്ങനെ പോലും, സമ്മതിച്ചു തരാത്ത ആളുകളുടെ ഇന്നലെകളാണ് നമുക്കുള്ളത്. അന്നത്തെ അതേ ആളുകളുടെ ചിന്തകൾ തന്നെയാണ് ഇത്തരം വാക്കുകൾക്കു പുറകിലുമുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ വെച്ചൊക്കെയാണ് ഇത്തരമൊക്കെ നമ്മുടെ നീതി നിർവഹണ ഭാഗത്തേക്ക് കടന്നു വരുന്നത്. അതിന്റേയും പുറകിലേക്ക്.. ഈ വാക്കിന്റെ ഉൽഭവസ്ഥാനം തേടി പോവുകയാണെങ്കിൽ, തീർച്ചയായുമത് എത്തിനിൽക്കുക മത ചിന്തകളിലേക്കാണ്. അതിനും പുറകിലേക്ക് പോയാൽ.. ഇത്തരം പ്രതിഭാസങ്ങൾ കാണുമ്പോൾ തന്നെക്കാൾ ശക്തനായ ഒരാൾ തന്നെ ശിക്ഷിക്കാൻ വേണ്ടി നിർമിക്കുന്നതാണിവയെല്ലാം എന്ന് വിശ്വസിച്ച്, പേടിച്ചു വിറച്ച് ഗുഹകൾക്കുള്ളിലോ മറ്റോ ഒളിച്ചിരുന്ന നമ്മുടെ പൂർവികരിലേക്കായിരിക്കും എത്തി ചേരുക. അതായത് അത്രയും പ്രാകൃതമായൊരു വാക്കാണിത്. പ്രകൃതിപ്രതിഭാസങ്ങൾ കാണുമ്പോൾ, ഇതെല്ലാം ദൈവത്തിന്റെ കുൽസിത പ്രവർത്തികളാണെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും ഇന്നു നമ്മൾ കാണുന്ന നിയമസംഹിതകളിലേക്ക് കുടിയേറ്റം ചെയ്യപ്പെട്ട ഒരു വാക്കാണ് Act Of God.


നമുക്കിന്ന് കാര്യ കാരണ സഹിതമറിയാവുന്ന ഇത്തരം പ്രതിഭാസങ്ങളെ “Act Of God” എന്ന വാക്കു വെച്ച് ബന്ധിപ്പിക്കേണ്ട അല്ലെങ്കിൽ മനസ്സിലാക്കേണ്ട ആവശ്യമെന്താണ്? അതല്ല.. ഇത് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു വാക്ക് ഉപയോഗിക്കുന്നതാണ് അത് മാറ്റേണ്ടതൊന്നുമില്ല എന്നാണോ? ഇത്തരം വാക്കുകൾ നമ്മുടെ സമൂഹത്തിൽ ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ലേ..? 


നമുക്കിനി ചെറിയൊരു കണക്കിലേക്കു പോവാം.  ഒരു വർഷം കുറഞ്ഞത് 60,000 പേരെങ്കിലും നിയമ ബിരുദ പഠനം പൂർത്തിയാക്കി വക്കീലന്മാരായി രജിസ്റ്റർ ചെയ്യുന്ന രാജ്യമാണ് നമ്മുടേത് (VISION STATEMENT 2011-2013 by Bar Counsil of India). നിയമബിരുദ പഠനത്തിനു ശേഷം ചെയ്യാവുന്ന ജോലികളിൽ ഒന്ന് മാത്രമാണ് വക്കീൽ (Advocate), അതല്ലാതെ തന്നെ അനേകം ജോലികളുണ്ട്. വക്കീലൻമാരുടെ എണ്ണം നോക്കി മാത്രം നമുക്ക് ഇന്ത്യയിൽ എത്രപേർ നിയമം പഠിച്ചു പുറത്തിറങ്ങുന്നുണ്ടെന്ന് തീരുമാനിക്കാൻ കഴിയില്ല. നിയമം പഠിക്കുന്നവരുടെ എണ്ണം തപ്പി പോയാൽ  വലിയൊരു സംഖ്യതന്നെ നമുക്ക് കിട്ടും. ഇവരെല്ലാം തന്നെ Act of God എന്ന ഡിഫെൻസ് പഠിച്ചു പുറത്തിറങ്ങുന്നവരാണ്.  ഇവരിലെങ്കിലും പ്രളയമെന്നും, ഭൂമികുലുക്കമെന്നും മറ്റും കേൾക്കുമ്പോൾ അവരറിയാതെ തന്നെ “God” എന്ന വാക്കുമായി അതിനെ ബന്ധപ്പെടുത്താനാണ് സാധ്യത കൂടുതൽ. ഒരു കണക്ക് സൂചിപ്പിച്ചു കൊണ്ട് ഈ വാക്ക് നമ്മുടെയിടയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ പറ്റിയാണ് ഞാനിവിടെ സംസാരിച്ചത്. നമ്മുടെ സമൂഹത്തിന്റെ പൊതുബോധങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണിത്. അത് വീണ്ടും ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം വാക്കുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാലഹരണപെട്ടു പോയ ഒരു വാദത്തെയാണ് നമ്മുടെ പാഠ്യവിഷയങ്ങളിൽ പോലുമുൾപ്പെടുത്തി അവയെയൊന്നും വിസ്മരിക്കപെടാതെ നമ്മളിന്നും നിലനിർത്തുന്നത്.! ഇങ്ങനെ തന്നെയാണ് പല തെറ്റായ പൊതുബോധങ്ങളും നമ്മുടെ സമൂഹത്തിൽ രൂപപ്പെടുന്നത്..!! 

എത്രയൊക്കെ വിദ്യാഭ്യാസമുണ്ടായാലും ഇത്തരം പൊതുബോധങ്ങൾ നമ്മെ വിട്ടു പോവണമെന്നില്ല. അതിനെത്രയോ ഉദാഹരണങ്ങൾ നമുക്കറിയാം. പ്രകൃതി പ്രതിഭാസങ്ങൾക്കു പുറകിൽ എന്താണെന്ന് അറിഞ്ഞൂകൂടാതിരിന്ന ഒരു പ്രാകൃത സമൂഹം തന്ന വാക്കാണ് നമ്മളിന്നും നമ്മുടെ അടുത്ത തലമുറയെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. കപടശാസ്ത്രങ്ങളേയും മറ്റും വിമർശിക്കുമ്പോഴും നമ്മളിന്നും ഇത്തരം കാര്യങ്ങളെ വിമർശിക്കാൻ തയ്യാറായിട്ടില്ല. ഒരു കാര്യത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇത്തരം ചെറിയ വാക്കുകൾ പോലും നമ്മുടെ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇനിയെങ്കിലും നമ്മളിതെല്ലാം പരിശോധിക്കാൻ തയ്യാറാവേണ്ടതുണ്ട്. ചെറിയൊരു വാക്കല്ലേ.. അതിനുപകരം യുക്തിസഹമായൊരു വാക്ക് നമ്മൾ ഉപയോഗിച്ചാൽ പോരെ? അതല്ല.. ഞങ്ങളിത് മാറ്റാൻ തയ്യാറല്ല എന്നാണ് ഭൂരിപക്ഷം പറയുന്നതെങ്കിൽ, ഇതൊരു ചെറിയ പ്രശ്നമായി നമ്മളൊരിക്കലും കണ്ടു കൂടാ..!!


By
C S Suraj
surajcs234 (at) gmail.com
facebook : Twitter