എന്തല്ല ബിഗ് ബാംഗ്?
“ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വലിയ പൊട്ടിത്തെറിയോടെ പെട്ടെന്ന് എല്ലാം ഉണ്ടായത്രേ! ഹ ഹ!” ഏതാണ്ട് മിക്ക യുക്തി-അയുക്തി വാഗ്വാദങ്ങളിലും പുച്ഛത്തോടെ ശാസ്ത്രവിരോധികള്‍ ഉപയോഗിയ്ക്കുന്ന ഒരു ആയുധമാണ് ബിഗ് ബാംഗ് എന്ന പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിലെ ഈ “ഒന്നുമില്ലായ്മയില്‍ നിന്നും പൊട്ടിത്തെറിച്ച് എല്ലാം ഉണ്ടാകുന്ന” കേള്‍ക്കുമ്പോ തന്നെ കുട്ടിക്കഥ പോലെ തോന്നുന്ന ആശയം. ഒറ്റ നോട്ടത്തില്‍ എന്തായാലും ഇതിനേക്കാള്‍ ലോജിക്ക് ഉള്ള കഥയാണ് ദൈവം എന്ന സയന്റിസ്റ്റ് ഏറ്റെടുത്ത് വിജയിപ്പിച്ച ആറ് ദിവസത്തെ ടെന്യുയര്‍ (tenure) ഉള്ള ഒരു പ്രൊജക്റ്റ് ആണ് പ്രപഞ്ചനിര്‍മ്മാണം എന്ന കഥ! ഇത്തരുണത്തില്‍ വായനക്കാരെ ബിഗ് ബാംഗ് തിയറി പഠിപ്പിക്കുന്ന ഒരു ലേഖനമല്ല ഇത്. മറിച്ച് ഇതിനെക്കുറിച്ച് പഠിയ്ക്കാതെ വിമര്‍ശകര്‍ സ്ഥിരം ഉന്നയിക്കുന്ന ചില മുറിവാദങ്ങള്‍ക്കുള്ള മറുപടിയാണ്. അതായത്, എന്താണ് ബിഗ് ബാംഗ് എന്നതല്ല, എന്തല്ല ബിഗ് ബാംഗ് എന്നതാണ് ഇവിടത്തെ വിഷയം.
ബിഗ് ബാംഗ് Vs പൊട്ടിത്തെറി:
ആറ്റത്തിന്റെ ഘടന പോലുള്ള മിക്ക ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കും ഉള്ള ഒരു പ്രശ്നമുണ്ട്. മുന്‍ അനുഭവങ്ങള്‍ കൊണ്ട് മനസ്സില്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ തള്ളിക്കയറി വന്ന് നമ്മുടെ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള മെന്റല്‍ ഇമേജിനെ മൊത്തം കുളമാക്കും. ഇവിടെയും ബിഗ് ബാംഗ് അഥവാ വലിയ പൊട്ടിത്തെറി എന്ന പേരാണ് ഈ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ ശാപം. ആ പേരാകട്ടെ ഈ സിദ്ധാന്തത്തെ കണിശമായി കളിയാക്കിക്കൊണ്ട് ഫ്രെഡ് ഹോയ്ല്‍ (Fred Hoyle) എന്ന ശാസ്ത്രജ്ഞന് ഉപയോഗിച്ച വാക്കാണ്. അദ്ദേഹം സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്ന ആദിയും അന്തവും ഇല്ലാത്ത തുടര്‍ച്ചയായ പ്രപഞ്ചനിര്‍മ്മാണം എന്ന വാദഗതിയുടെ വക്താവായിരുന്നു. അതിനു വളരെ മുന്നേ തന്നെ പെട്ടെന്നുണ്ടായ ഒരു വികാസത്തിലൂടെയാണ് പ്രപഞ്ചം ഈ രൂപത്തിലേക്ക് വന്നത് എന്ന ഇന്നത്തെ ബിഗ് ബാങ് സിദ്ധാന്തത്തിന്റെ പ്രാഥമികരൂപം നിലവില്‍ ഉണ്ടായിരുന്നു. സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തത്തിനും ജോര്‍ജസ് ലെമൈട്രേ (Georges Lemaître) തുടങ്ങിവെച്ച് ജോര്‍ജ് ഗാമോ വികസിപ്പിച്ചെടുത്ത വികസിക്കുന്ന പ്രപഞ്ചം എന്ന സിദ്ധാന്തത്തിനും തുല്യപ്രധാന്യം നിലവിലിരുന്ന കാലഘട്ടത്തില്‍ 1949-ലെ ഒരു BBC പരിപാടിയില്‍ തന്റെ സ്റ്റേഡി സ്റ്റേറ്റ് സിദ്ധാന്തത്തെക്കുറിച്ച് ഹോയ്ല്‍ ഇങ്ങനെ പറഞ്ഞു-
“[എന്റെ സിദ്ധാന്തം] മുന്‍ പരികല്‍പ്പനകളില്‍ (Hypothesis) ഒളിഞ്ഞിരിക്കുന്ന, വളരെ പണ്ട് ഏതോ ഒരു നിമിഷം നടന്ന ‘ഒരു വലിയ പൊട്ടിത്തെറി’യിലൂടെയാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന സിദ്ധാന്തത്തിന് ഒരു ബദലാണ്. ഈ പൊട്ടിത്തെറി സങ്കല്‍പ്പം ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയാത്തതും യുക്തിയ്ക്ക് നിരക്കാത്തതും ആണ്”
ഇവിടെയാണ് Big Bang (‘വലിയ പൊട്ടിത്തെറി’) എന്ന പരാമര്‍ശം ആദ്യമായി ഉണ്ടായത്. തമാശ നോക്കണേ, ഏത് സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ടാണോ ഹോയ്ല്‍ ആ വാക്ക് ഉപയോഗിച്ചത്, അതേ പേരില്‍ ആ സിദ്ധാന്തം പിന്നീട് അറിയപ്പെടാന്‍ തുടങ്ങി.
ബിഗ് ബാംഗ് എന്ന പ്രപഞ്ചോല്‍പ്പത്തി ഒരിയ്ക്കലും ഒരു പൊട്ടിത്തെറി ആയിരുന്നില്ല എന്നതാണ് സത്യം. ഒരു പടക്കം പൊട്ടുന്നതോ ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതോ പോലെയല്ല ബിഗ് ബാങ് സംഭവിച്ചത്. ഒന്നുമില്ലായ്മയില്‍ നിന്നും വളരെ സൂക്ഷ്മമായ സമയം കൊണ്ട് സംഭവിച്ച ദ്രുതമായ ഒരു വികാസം (Expansion, NOT Explosion) ആയിരുന്നു അത്. ഈ ഒന്നുമില്ലായ്മ എന്ന വാക്ക് ഗ്രഹിക്കാന്‍ വിചാരിക്കുന്ന അത്ര എളുപ്പമല്ല. കാരണം നമ്മള് ജീവിത കാലത്ത് കണ്ടിട്ടോ ഏതെങ്കിലും രീതിയില്‍ അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരവസ്ഥയാണ് അത്. വായു മാത്രം ഉള്ള അവസ്ഥ, അല്ലെങ്കില്‍ ഒരു പടി കൂടി മുന്നോട്ട് വാക്വം/ശൂന്യത എന്നതാണ് നമ്മള് മനുഷ്യര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒന്നുമില്ലായ്മയുടെ ചിത്രം. എന്നാല്‍ ഭൗതികശാസ്ത്രത്തിന്റെ കണ്ണില്‍ ഇതൊന്നും ഒന്നുമില്ലായ്മ അല്ല, അവിടെ സ്പെയിസ് അല്ലെങ്കില്‍ സ്ഥലം ഉണ്ട്. അത് കൂടി ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ ഒന്നുമില്ലായ്മ. അത് മനസ്സില്‍ കാണാന്‍ ശ്രമിക്കരുത്, നടക്കില്ല. ഈ ഒന്നുമില്ലായ്മയില്‍ നിന്നും സ്ഥലവും ദ്രവ്യവും ഉണ്ടാവുകയും സ്ഥലം വികസിക്കുന്നതിനോടൊപ്പം ദ്രവ്യം ഇന്നീ കാണുന്ന വിസ്തൃതമായ പ്രപഞ്ചത്തില്‍ വിതരണം ചെയ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന് ഏകദേശമായി പറയാം. ഇതാണ് ബിഗ് ബാങ് പറയുന്നത്. ഇവിടെ സ്ഥലമാണ് വികസിച്ചത്. ഒരു ബലൂണില്‍ പതിച്ചിരിക്കുന്ന വര്ണ്ണക്കുത്തുകള് ബലൂണ്‍ വീര്‍പ്പിക്കുന്നതിന് അനുസരിച്ചു പരസ്പരം അകന്ന് പോകുന്നപോലെയാണ് ഇത്. പടക്കമോ ബോംബോ പൊട്ടിത്തെറിക്കുന്നത് ഇങ്ങനല്ല. അവിടെ സ്ഥലം/സ്പെയിസ് അല്ല വികസിക്കുന്നത്, ചെറിയ സ്ഥലത്ത് (പടക്കത്തിനുള്ളില്‍) കൂട്ടിവെച്ചിരിക്കുന്ന ദ്രവ്യം അകന്ന് പോവുകയാണ്. അവിടെ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല, ഊര്‍ജ്ജപരിവര്‍ത്തനം മാത്രമാണു നടക്കുന്നത്. ഇതൊന്നും നടക്കുന്നത് ഒന്നുമില്ലായ്മയിലും അല്ല. അതുകൊണ്ട് തന്നെ ബിഗ് ബാംഗ് നടക്കുന്ന രംഗം ഭാവനയിൽ കാണാൻ ശ്രമിക്കുന്നത് പാഴ്വേലയാണ്. ബിഗ് ബാംഗിന്റേത് എന്ന രീതിൽ വരയ്ക്കുന്ന ഒരു ചിത്രവും ബിഗ് ബാംഗിന്റെ ചിത്രമല്ല.
ബിഗ് ബാംഗിന് ആ പേര് ചാര്‍ത്തിക്കൊടുത്ത ഫ്രെഡ് ഹോയ്ലിന്റെ സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം ഇന്ന് വളരെയധികം പിന്നാക്കം പോയി. കാരണം ബിഗ് ബാംഗിന് കിട്ടുന്ന നിരീക്ഷണാത്മക തെളിവുകള്‍ തന്നെ. അവയെ കുറിച്ച് ഈ അവസരത്തില്‍ പറയുന്നില്ല.
ബിഗ് ബാങ്ങിന് മുന്‍പ്?
മുന്‍പ്-പിന്‍പ് എന്നീ സങ്കല്‍പ്പങ്ങള്‍ സമയത്തെ (Time) ആധാരമാക്കി ഉള്ളതാണ്. സമയം ഇല്ലെങ്കില്‍ അതിനു പ്രസക്തി ഇല്ല. ബിഗ് ബാംഗ് വഴിയാണ് സ്ഥലവും സമയവും ഉണ്ടായത് എന്നൊരു സിദ്ധാന്തം പറയുമ്പോള്‍ ആ ബിഗ് ബാംഗിന് മുന്‍പ് എന്തായിരുന്നു എന്ന ചോദ്യത്തിന് അവിടെ പ്രസക്തി ഉണ്ടോ? കാരണം അതിനു മുന്‍പ് സമയം ഇല്ലല്ലോ! (ഇതൊരു കളിയാക്കല്‍ ഉത്തരമായി തോന്നിയേക്കാം. പക്ഷേ ഈ ചോദ്യത്തിന് വേറെയും ഉത്തരങ്ങൾ നിലവിലുണ്ട്. ഒന്നും അങ്ങോട്ട് തറപ്പിച്ച് പറയാവുന്ന ഘട്ടത്തിലായിട്ടില്ല എന്ന് മാത്രമല്ല പലതും സാധാരണഭാഷയിൽ പറഞ്ഞ് ഫലിപ്പിക്കാനാവാത്തതുമാണ്. അറിയാത്തതിനെപ്പറ്റി മിണ്ടാണ്ടിരിക്കുന്നതാണല്ലോ നല്ലത് 🙂
ബിഗ് ബാംഗ് അവസാന വാക്കാണോ?
പ്രപഞ്ചോൽപ്പത്തി വിശദീകരിക്കാൻ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ഫലപ്രദമായ വിശദീകരണമാണ് ബിഗ് ബാംഗ്. അതിനർത്ഥം ഇതൊരു അവസാനവാക്കാണ് എന്നല്ല. വേറെയും നിരവധി സിദ്ധാന്തങ്ങൾ പ്രപഞ്ചോൽപ്പത്തി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അവയെ എല്ലാം കൂടി ചേർത്ത് Non-standard cosmology എന്നാണ് വിളിക്കുന്നത്. എല്ലാറ്റിനും അതിന്റേതായ മേന്മകളും പോരായ്മകളും ഉണ്ട്. എന്നാൽ അവയെക്കാളൊക്കെ നിരീക്ഷണാത്മക തെളിവുകൾ ലഭിച്ചിട്ടുള്ളത് ബിഗ് ബാംഗിന് അനുകൂലമായിട്ടാണ് എന്നതിനാലാണ് ശാസ്ത്രലോകം അതിന് കൂടുതൽ ഊന്നൽ നൽകി മുന്നോട്ട് പോകുന്നത്.
ബിഗ് ബാംഗ് Vs കോമണ്‍ സെന്‍സ്
ഇതുകൂടി പറയാതെ ഈ ചര്‍ച്ച പൂര്‍ണമാകില്ല. ആലോചിക്കുമ്പോള്‍ കോമണ്‍ സെന്സിന് നിരക്കാത്ത ഒന്നായി ബിഗ് ബാംഗ് അനുഭവപ്പെടും. ഒന്നുമില്ലായ്മയില്‍ നിന്നും പെട്ടെന്ന് സ്ഥലവും സമയവും ഉണ്ടാവുക – വല്ലാത്ത കല്ലുകടി തന്നെ. പക്ഷേ ഓര്‍ക്കുക, കുറെ മുന്‍ധാരണകളുടെ സമാഹാരം മാത്രമാണു കോമണ്‍ സെന്‍സ് അഥവാ സാമാന്യബുദ്ധി എന്നാണ് ഐന്സ്റ്റൈന് പറഞ്ഞത്. അത് കാലഘട്ടങ്ങള്‍ക്കും ഒരാളുടെ അറിവിനും അനുസരിച്ചു മാറുന്നതാണ്. ആദ്യമായി ഭൂമി ഉരുണ്ടതാണ് എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍, “എങ്കില്‍ മറുവശമുള്ളവര്‍ താഴെ പോകാത്തതെന്താ?” എന്ന ചോദ്യം അന്നത്തെ പൊതുജനം ഉന്നയിച്ചു. കാരണം ഉരുണ്ട ഭൂമി അന്നത്തെ കോമണ്‍ സെന്സിന് നിരക്കാത്തതായിരുന്നു. പിന്നീട് ഭൂമി കറങ്ങുന്നുണ്ട് എന്നും ആകാശത്തു ചലിക്കുന്നുണ്ട് എന്നുമുള്ള ആശയങ്ങള്‍ വന്നപ്പോള്‍, “എന്നാല്‍ അതിലുള്ള വസ്തുക്കളൊക്കെ തെറിച്ചു പോകാത്തതെന്താ?” എന്നാണ് അന്നത്തെ കോമണ്‍ സെന്‍സ് ചോദിച്ചത്. ഇന്നോ? ഇന്നത്തെ നമ്മുടെ കോമണ്‍ സെന്‍സ് ഉരുണ്ട ഭൂമിയെയും കറങ്ങുന്ന ഭൂമിയെയും കൂടി ഉള്‍ക്കൊണ്ട ഒന്നാണ്. ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സും എല്ലാം ഇതുപോലെ കോമണ്‍ സെന്‍സ് എന്ന ഉമ്മാക്കി കാണിച്ച് ശാസ്ത്രജ്ഞരെ പോലും പേടിപ്പിച്ച സംഗതികളാണ്. ഇന്ന് അവകളും നമ്മുടെ കോമണ്‍ സെന്‍സിന്റെ ഭാഗമായിക്കഴിഞ്ഞു. അപ്പോ പറഞ്ഞുവന്നത് ഇത്രേയുള്ളൂ, ഈ കോമണ്‍ സെന്‍സിനെ വിശ്വസിക്കാന്‍ കൊള്ളില്ല!
എന്തു പറഞ്ഞാലും “മുഖ്യമന്ത്രി രാജി വെക്കണം” എന്ന ടൈപ്പ് മുറവിളി കൂട്ടുന്നവര്‍ ഇതൊന്നും കേട്ട് അത് നിര്‍ത്താന്‍ പോണില്ല എന്നറിയാം. നിര്‍ത്തരുത് എന്നാണ് എന്റേം ആഗ്രഹം. എനിക്കു തമാശ വല്യ ഇഷ്ടമാ.
Originally Published at www.kolahalam.com