ഏകദേശം 50 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് ആഫ്രിക്കയിലെ വരണ്ട പുല്‍മേടുകളില്‍ ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളില്‍ പരിണാമം സംഭവിച്ചു ഒരു ശാഖ ചിമ്പാന്‍സികളിലെക്കും മറ്റൊന്ന് മനുഷ്യന്റെ ദിശയിലേക്കും നീങ്ങി.
ചിമ്പാന്‍സികളിലേക്ക് തിരിഞ്ഞ പരിണാമപാതയില്‍ നിന്നുമാണ് ബൊണോബോ (bonobo) എന്ന ഒരല്പം കുള്ളന്മാരായ ചിമ്പാന്‍സികള്‍ പരിണമിച്ചത്. ഇവയെ പിഗ്മി ചിമ്പാന്‍സികളെന്നും വിളിക്കുന്നു. ഏകദേശം 10 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബൊണോബോ ചിമ്പാന്‍സികള്‍ ഉണ്ടാകുന്നത്. കോംഗോ നദി രൂപപ്പെട്ടപ്പോള്‍ നദിയുടെ ഇരുഭാഗത്തും പെട്ടുപോയ ചിമ്പാന്‍സികള്‍ അവിടുത്തെ ഭൌതീക സാഹചര്യം അനുസരിച്ച് വ്യത്യസ്തമാകുകയായിരുന്നു.
നദിയുടെ ഒരു ഭാഗത്ത് ജീവിച്ചിരുന്ന ചിമ്പാന്‍സികള്‍ക്ക് ഭക്ഷണത്തിനു വേണ്ടി ഗോറില്ലകളുമായി മത്സരിക്കെണ്ടിവന്നു. ഭക്ഷണത്തിന്റെ ലഭ്യതക്കുറവുമൂലം കൂടുതല്‍ ഭക്ഷണം ശേഖരിക്കുന്നവര്‍ക്ക് അവരുടെ സമൂഹത്തില്‍ ആധിപത്യം ലഭിച്ചു. അങ്ങനെ ചിമ്പാന്‍സി സമൂഹം ആണ്‍-ആധിപത്യമുള്ള സമൂഹമായി. മാത്രമല്ല ഈ കടുത്ത മത്സരം അവയെ ആക്രമണ സ്വഭാവമുള്ളവയുമാക്കി. ചിമ്പാന്‍സിയുടെ കൂട്ടങ്ങളില്‍ പരസ്പരം വഴക്കും ആക്രമണങ്ങളും സാധാരണമാണ്.
കോംഗോ നദിയുടെ മറുകരെ ഉണ്ടായിരുന്ന ചിമ്പാന്‍സികള്‍ക്ക് ധാരാളം ഭക്ഷണം ലഭ്യമായിരുന്നു. ഭക്ഷണത്തിനുവേണ്ടി പെണ്‍ചിമ്പാന്‍സികള്‍ക്ക് ആണുങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല. അതുകൊണ്ടാകാം പെണ്ണുങ്ങള്‍ക്ക് ആധിപത്യമുള്ള സാമൂഹ്യവ്യവസ്ഥയാണ് ബോണോബോ ചിമ്പാന്‍സികള്‍ക്കുള്ളത്. അതുപോലെ പെണ്‍ചിമ്പാന്‍സികള്‍ ആക്രമണസ്വഭാവമുള്ള ആണ്‍ചിമ്പാന്‍സികളെ അകറ്റിനിര്‍ത്തിയിരുന്നിരിക്കണം. അതുകൊണ്ട് അവ കാലക്രമേണ വളരെ സമാധാനപ്രീയരായ ചിമ്പാന്‍സികളായി പരിണമിച്ചു. കാരണം ആക്രമണ സ്വഭാവമുള്ള ആണുങ്ങള്‍ക്കൊന്നും അധികം ഇണചേരാന്‍ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവയുടെ ആക്രമ സ്വഭാവം അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല. ഇന്ന് ബോണോബോ ചിമ്പാന്‍സികളെ വീക്ഷിച്ചാല്‍ അറിയാം, ഭക്ഷണവും കളിക്കലും സെക്സില്‍ ഏര്‍പ്പെടലുമാണ് അവരുടെ പ്രധാന പരിപാടി.
മനുഷ്യനിലേക്ക് തിരിഞ്ഞ പരിണാമത്തിന്റെ ശാഖയില്‍ ഏകദേശം 40 മുതല്‍ 20 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് ഹോമിനിന്‍ വിഭാഗങ്ങള്‍ അതയത് ആധുനീക മനുഷ്യനും ആള്‍ക്കുരങ്ങിനും ഇടയിലുള്ള ജീവികള്‍, ജീവിച്ചിരുന്നതായി ഫോസ്സില്‍ തെളിവുകള്‍ കാണിച്ചുതരുന്നു.
ഹോമിനിന്‍ വിഭാഗത്തിനു ശേഷം വന്നവയാണ് ഹോമോ വിഭാഗം. ഈ വിഭാഗത്തില്‍ ധാരാളം വിവിധ ജീവികള്‍ ഉണ്ടായിരുന്നു എന്നു ഫോസ്സില്‍ തെളിവുകള്‍ കാണിക്കുന്നത്. ഇതില്‍ ചിലതാണ് ഹോമോ ഇറക്ടസ്, ഹോമോ ഹബിലസ്, ഹോമോ നിയാണ്ടാര്‍ത്താല്‍സ്, തുടങ്ങിയവ. ഇതില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരു വിഭാഗം മാത്രമേ ഉള്ളൂ. അവയാണ് നമ്മള്‍ ഹോമോ സാപ്പിയന്‍സ്. ഞാനും ഇത് വായിക്കുന്ന നിങ്ങളും ഈ വിഭാഗത്തില്‍ പെടുന്നവരാണ്.
ഇനി നമ്മള്‍ ആധുനീക മനുഷ്യരും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമ്മുടെ അടുത്ത ബന്ധുക്കളായ ചിമ്പാന്‍സികളും തമ്മില്‍ ജനിതകപരമായി എത്ര വ്യത്യാസം ഉണ്ടെന്നു നോക്കാം. ജനിതകപരമായ മാറ്റം എന്ന് വച്ചാല്‍ ഡിഎന്‍എ-യില്‍ ഉള്ള മാറ്റം എന്നാണര്‍ത്ഥം. ഡിഎന്‍എ ഒരു ജീവിയുടെ സ്വഭാവഗുണങ്ങള്‍ നിര്‍ണ്ണയിക്കുന്ന ജീനുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. നാലുതരം ബേസ് തന്മാത്രകളുടെ കോടിക്കണക്കിനു നീളം വരുന്ന ശൃംഖലയാണ് ഡിഎന്‍ഏ. ഇതില്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കി ജീവികളുടെ സ്വഭാവഗുണങ്ങള്‍ നിര്‍ണ്ണയിക്കുന്ന ഭാഗങ്ങളാണ് ജീനുകള്‍.
ബേസ് തന്മാത്രകളുടെ ക്രമം മാറിയാല്‍ അത് ജീവികളുടെ സ്വഭാവഗുണത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ ക്രമങ്ങള്‍ മാറുന്നതിനോ അല്ലെങ്കില്‍ പുതിയ ബേസ് തന്മാത്രകള്‍ കൂട്ടിചേര്‍ക്കപ്പെടുന്നതിനോ ആണ് മ്യൂട്ടേഷന്‍ എന്ന് വിളിക്കുന്നത്. രണ്ടു ജീവികളുടെ ഡിഎന്‍എ തമ്മില്‍ സാമ്യതയുണ്ട് എന്നുവച്ചാല്‍ ആ ജീവികള്‍ സ്വഭാവഗുണത്തില്‍ സാമ്യതയുണ്ട് എന്നാണര്‍ത്ഥം.
മൊത്തം ഡിഎന്‍എ എടുത്തു നോക്കിയാല്‍ മനുഷ്യനും ചിമ്പാന്സിയും തമ്മില്‍ വെറും 1% വ്യത്യാസമേ ഉള്ളൂ (കൃത്യമായി പറഞ്ഞാല്‍ 1.23%). പക്ഷെ ബേസ് തന്മാത്രകളുടെ ക്രമത്തിലുള്ള ഈ 1% വ്യത്യാസം പല ജീനുകളിലായി ചിതറിക്കിടക്കുകയാണ്. അതുകൊണ്ട് നമ്മള്‍ തമ്മില്‍ 71% ജീനുകളില്‍ വ്യത്യാസങ്ങളുണ്ട്. (ref.1 &2).
പ്രോട്ടീനുകള്‍ കോഡ് ചെയ്യാത്ത ഡിഎന്‍എ-യിലെ ചില ഭാഗങ്ങളില്‍ മനുഷ്യനും ചിമ്പാന്സിയും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇതിനും പുറമേ മനുഷ്യനിലും ചിമ്പാന്‍സിയിലും പരസ്പരമില്ലത്ത പുതിയ ജീനുകളുമുണ്ട്. ഉദാഹരണത്തിന് മനുഷ്യനില്‍ 689 ജീനുകളും ചിമ്പാന്‍സിയില്‍ 26 ജീനുകളും പുതുതായി ലഭിച്ചിട്ടുണ്ട് (ref.2). ജീനുകളിലെ 1% വ്യത്യാസം കൂടാതെ ഈ പുതായി കൂട്ടിചേര്‍ക്കപ്പെട്ട ജീനുകളും മനുഷ്യനെ മനുഷ്യനും ചിമ്പാന്‍സിയെ ചിമ്പാന്‍സിയും ആക്കിമാറ്റി.
മനുഷ്യനും ചിമ്പാന്‍സിക്കും ഒരു പൊതുപൂര്‍വ്വികന്‍ ഉണ്ടായിരുന്നു എന്നതിന് മനോഹരവും ശക്തവുമായ തെളിവുകളുണ്ട്. ചിമ്പാന്‍സിയിലും മനുഷ്യനിലും യഥാക്രമം 24, 23 ക്രോമോസോമുകളാണ് ഉള്ളത്. ഇവ ജോഡിയായിയാണ് ഉണ്ടാകുക. എന്തുകൊണ്ടാണ് മനുഷ്യന് ഒരു ക്രോമോസോം കുറഞ്ഞുപോയത്? സത്യത്തില്‍ സംഭവിച്ചത് ചിമ്പാന്‍സിയിലെ രണ്ടു ക്രോമോസോമുകള്‍ ചേര്‍ന്ന് മനുഷ്യനില്‍ ഒരൊറ്റ ക്രോമോസോമായി മാറിയെന്നതാണ്. മനുഷ്യനിലെ രണ്ടാമത്തെ ക്രോമോസോം ഇങ്ങനെ രൂപപ്പെട്ടതാണ്. എന്നുവച്ചാല്‍ പൊതുപൂര്‍വ്വികനില്‍നിന്നും മനുഷ്യനിലേക്കുള്ള പരിണാമയാത്രക്കിടയില്‍ ക്രോമോസോമുകള്‍ കൂടിച്ചേര്‍ന്നു. മനുഷ്യന്റെ രണ്ടാമത്തെ ക്രോമോസോം പരിശോധിച്ചാല്‍ അവ ചിമ്പാന്‍സിയിലെ രണ്ടു ക്രോമോസോമുകള്‍ കൂടിചേര്‍ന്നതാണെന്ന് സംശയമില്ലാതെ മനസിലാക്കാന്‍ കഴിയും.
മനുഷ്യനിലെയും ചിമ്പാന്‍സിയിലെയും ഡിഎന്‍എ-യില്‍ സംഭവിച്ചിരിക്കുന്ന മ്യൂട്ടേഷനുകള്‍ പരിശോധിച്ചാലും നമ്മള്‍ തമ്മിലുള്ള ബന്ധം മനസിലാക്കാം. മ്യൂട്ടേഷനുകള്‍ എന്നുവച്ചാല്‍ ഡിഎന്‍എ-യിലെ ബേസ് തന്മാത്രകളില്‍ വന്ന മാറ്റങ്ങള്‍. നമ്മുടെ രണ്ടുപേരുടെയും ഡിഎന്‍എ-യില്‍ ഒരേ സ്ഥലത്ത് ഒരേപോലെയുള്ള മ്യൂട്ടേഷനുകള്‍ കാണാന്‍ കഴിയും. ചിമ്പാന്‍സിയിലും മനുഷ്യനിലും ഡിഎന്‍എ-യിലെ ഏകദേശം മൂന്നൂറു കോടി ബേസ് തന്മാത്രകളുടെ ശ്രുംഖലയില്‍ ആകസ്മീകമായി ഒരേ സ്ഥലത്ത് ഒരേ തരത്തിലുള്ള മ്യൂട്ടേഷനുകള്‍ വന്നുവെന്നത് വിശ്വസനീയമല്ല. ഇതിനുള്ള സാധ്യത പൂജ്യമാണ്. അതുകൊണ്ടുതന്നെ ഈ മ്യൂട്ടേഷനുകള്‍ ഒരു പൊതുപൂര്‍വ്വികനില്‍നിന്നും മനുഷ്യനും ചിമ്പാന്‍സിക്കും പകര്‍ന്നുകിട്ടി എന്നതിനു മാത്രമാണ് സാധ്യത. ഇതും ഒരു പോതുപൂര്‍വ്വികളില്‍ നിന്നും മനുഷ്യനും ചിമ്പാന്‍സിയും പരിണമിച്ചുവന്നു എന്നതിന് ശക്തമായ തെളിവാണ്.
ആകൃതിയില്‍ ആള്‍ക്കുരങ്ങില്‍നിന്നും വളരെ വ്യത്യസ്തരായ മനുഷ്യര്‍ക്കായിരിക്കും ചിമ്പാന്‍സികളെക്കാള്‍ കൂടുതല്‍ ജനിതകമാറ്റങ്ങള്‍ വന്നതെന്നായിരുന്നു പൊതുവില്‍ ധരിച്ചിരുന്നത്. എന്നാല്‍ പൊതുപൂര്‍വ്വികനില്‍ നിന്നും ഏകദേശം 50 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് വേര്‍പിരിഞ്ഞ ശേഷം ചിമ്പാന്‍സിയില്‍ മനുഷ്യനില്‍ ഉണ്ടായതിനെക്കാന്‍ അനുയോജ്യമായ മാറ്റങ്ങള്‍ ഉണ്ടായി എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ചിമ്പാന്‍സികള്‍ക്ക് കാട്ടിലെ അവയുടെ ആവസവ്യവസ്ഥയുമായി യോജിച്ചുപോകാന്‍ കൂടുതല്‍ ജീനുകളില്‍ മാറ്റങ്ങള്‍ വന്നു എന്നാണു ഇതില്‍നിന്നും മനസിലാക്കേണ്ടത് (ref.3).
മറ്റൊരു രസകരമായ കാര്യം, നമ്മള്‍ ആധുനീക മനുഷ്യര്‍ തമ്മിലുള്ള ജനിതകവ്യതിയാനം വളരെ കുറവാണെന്നതാണ്. ഉദാഹരണത്തിന് മനുഷ്യര്‍ തമ്മില്‍ ഡിഎന്‍എ-യിലുള്ള പരമാവധി വ്യത്യാസം 0.3% മാത്രമാണ്. ചിമ്പാന്‍സികളില്‍ ഇത് 13 ശതമാനമാണ്. എന്നുവച്ചാല്‍ രണ്ടു ചിമ്പാന്‍സികളുടെ ഡിഎന്‍എ-കള്‍ തമ്മില്‍ 13% വ്യത്യാസം ഉണ്ടാകാം. കാഴ്ചയില്‍ രണ്ടു മനുഷ്യര്‍ തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ഇത്രക്കും വ്യത്യാസം നിങ്ങള്‍ രണ്ട് ചിമ്പാന്‍സികളില്‍ കണ്ടെന്നിരിക്കില്ല. കാരണം ജീനുകളില്‍ ഉള്ള വ്യത്യാസങ്ങള്‍ എപ്പോളും ജീവിയുടെ പുറമേ പ്രതിഫലിക്കണമെന്നില്ല.
ചിമ്പാന്‍സികള്‍ നമ്മുടെ അടുത്ത ബന്ധുക്കളാണെന്ന് മനസിലായിക്കാണുമല്ലോ?
References
- The Chimpanzee Sequencing and Analysis Consortium, Initial sequence of the chimpanzee genome and comparison with the human genome, Nature 437, 69-87 (2005).
- Jon Cohen, Relative differences: the Myth of 1%, Science, 316, 1836, (2007).
- Margaret A. Bakewell, Peng Shi, and Jianzhi Zhang, More genes underwent positive selection in chimpanzee evolution than in human evolution, PNAS, 104, 7489–7494, (2007).
[corner-ad id=1]