esSENSE club എന്ന കൂട്ടായ്മ/ സംഘടന TSR/TC/541/2016 നമ്പറിൽ തൃശ്ശൂർ ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് 2016 ൽ ആണ്.
ശാസ്ത്രം, യുക്തിചിന്ത, മാനവികത എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിലുടനീളം നല്ല നിലയിൽ പ്രവർത്തിക്കുവാൻ esSENSE club ന് സാധിച്ചിരുന്നു. മീറ്റിങ്ങുകൾ, സംവാദങ്ങൾ, FB ഗ്രൂപ്പ്/പേജ്, YouTube channel തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ സമൂഹത്തിലെ യുക്തിവാദികളും, വിശ്വാസികളും, വിവിധ മത-രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരും ആയ ജനങ്ങളുമായി സംവദിക്കാൻ esSENSE club ന് സാധിച്ചിരുന്നു. പരിപാടികളുടെ നിലവാരം ആശയങ്ങളുടെ വ്യക്തത, കൃത്യമായ നിലപാടുകൾ, വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് പൊതു സമൂഹത്തിന്റെ അംഗീകാരം അതിവേഗം നേടിയെടുക്കാൻ esSENSE club ന് കഴിഞ്ഞു. 2017 ഒക്ടോബർ 2 ന് എറണാകുളം ടൌൺ ഹാളിൽ esSENSE Club നടത്തിയ ഒന്നാം വാർഷികം essentia’17 ഇത്തരത്തിൽ ഒന്നായിരുന്നു.
2018ൽ ചില പ്രത്യേക സാഹചര്യങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ഒരു മുഖ്യപ്രഭാഷകന്റെ RSS/ സംഘപരിവാർ ചായ്വിനെ തുടർന്നുണ്ടായ വ്യക്തി കേന്ദ്രീകൃത തർക്കങ്ങൾ കാരണം esSENSE club ന് നിയമപരമായ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. esSENSE Club നെ ഫാൻ ക്ലബ്ബാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് മനസ്സിലാക്കി ഇദ്ദേഹം esSENSE Club പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നതോടൊപ്പം esSENSE Club ൻറെ തുടർച്ച എന്ന് തോന്നിക്കുന്ന രീതിയിൽ പേരുകൾ ഉപയോഗിക്കുകയും ഇതിനായി esSENSE Club നിന്നും തന്ത്രപൂർവം കൈക്കലാക്കിയ യൂട്യൂബ് ചാനൽ ഉപയോഗപ്പെടുത്തുകയും ചെയ്തു. തുടർന്ന് esSENSE club നെ കുറിച്ചുള്ള തർക്കം രജിസ്ട്രാർ ഓഫീസിലും കോടതിയിലും എത്തിയിരുന്നു.
നിലവിൽ esSENSE club ന്റെ ഔദ്യോഗിക ഭരണസമിതിയെ രജിസ്ട്രാർ അംഗീകരിക്കുകയും അതോടൊപ്പം ഇതുവരെയുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി സമർപ്പിക്കുകയും രജിസ്ട്രാറുടെ അംഗീകാരം വാങ്ങുകയും ചെയ്തിട്ടുമുണ്ട്.
തുടർന്ന് esSENSE club ന്റെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാൻ ബന്ധപ്പെട്ടവർ തീരുമാനിച്ച കാര്യം സന്തോഷ പൂർവം അറിയിക്കുന്നു.
അതനുസരിച്ച് esSENSE club ന്റെ ഈ വർഷത്തെ ആദ്യത്തെ ഏകദിന ശാസ്ത്ര യുക്തിചിന്താ സമ്മേളനം മാർച്ച് മാസം 3-ആം തീയതി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ വിശദാംശങ്ങൾ ഉടനെ അറിയിക്കുന്നതാണ്.
മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, യുക്തിചിന്തയും ശാസ്ത്രീയ മനോവൃത്തിയും പിന്തുടരുന്ന മാനവിക വീക്ഷണമായിരിക്കും esSENSE club മുന്നോട്ട് വയ്ക്കുന്നത്. സംഘപരിവാറും മറ്റു മത-വർഗീയ ശക്തികളും മുന്നോട്ടുവയ്ക്കുന്ന വിഭജന രാഷ്ട്രീയത്തിന് എതിരെയായിരിക്കും esSENSE club ന്റെ നിലപാട്. സാമൂഹ്യനീതി, ലിംഗ സമത്വം, LGBTQ+ അവകാശങ്ങൾ തുടങ്ങിയ എല്ലാ വിഷയങ്ങളിലും ശാസ്ത്രീയവും പുരോഗമനപരവുമായ നിലപാടുകളായിരിക്കും esSENSE club പിന്തുടരുക.
മാർച്ച് 3 ലെ പരിപാടിയിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങൾ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
മുഹമ്മദ് അഷ്റഫ്
സെക്രട്ടറി, esSENSE Club