സംവരണത്തിന് വേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം തന്നെയാണ്
ഇരുന്നൂറുവർഷം നീണ്ട നമ്മുടെ ബ്രിട്ടീഷ് കാർക്കെതിരായ പോരാട്ടം കേവലം ഒരു മികച്ച ഭരണകൂടത്തെ സൃഷ്ടിക്കാൻ വേണ്ടിയുള്ളത് ആയിരുന്നില്ല. അതിനെക്കാളുമപ്പുറം നമ്മെ നാം തന്നെ ഭരിക്കുന്ന ഒരു വ്യവസ്ഥിതിക്ക് വേണ്ടിയുള്ളതായിരുന്നു. അതെ അന്തസത്ത തന്നെയാണ് സംവരണം എന്ന ആശയത്തിലും ഉൾക്കൊള്ളുന്നത്. വ്യത്യസ്തങ്ങളായ ജന സമൂഹങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ രാജ്യത്ത് എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിത്യം ഭരണചക്രത്തിൽ ഉറപ്പുവരുത്തുക എന്നതാണ് സംവരണത്തിന്റെ അടിസ്ഥാനതത്വം. ആധുനിക ദേശരാഷ്ട്ര സങ്കൽപം ഉടലെടുത്ത യൂറോപ്പിൽ നിന്നാണ് ജനാധിപത്യം എന്ന ആശയവും പൊട്ടിപുറപ്പെടുന്നത്. എന്നാൽ ആ തത്ത്വശാസ്ത്ര പ്രകാരം ജനാധിപത്യത്തിന്റെ Basic Building block എന്ന് പറയുന്നത് വ്യക്തി ആയിരുന്നു. പാശ്ചാത്യ വീക്ഷണം അനുസരിച്ച് ജനാധിപത്യം എല്ലാതരം അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നതാവണം . എന്നായിരുന്നു എന്നാൽ എല്ലാതര അഭിപ്രായങ്ങൾ കൊണ്ടുമാത്രം ജനാധിപത്യം പൂർണ്ണമാവുന്നില്ല അത് അതിന്റെ 50% മാത്രമേ ആകുന്നുള്ളു ബാക്കി 50% കൂടെ പൂർണ്ണമാകണമെങ്കിൽ എല്ലാതരം ജന വിഭാഗങ്ങളുടെയും കൂടി പ്രാതിനിത്യം ആവശ്യമാണെന്ന ആശയം ലോകത്തിന് മുൻപിൽ വെക്കുന്നത് ഡോ: ബി.ആർ അംബേദ്കറാണ്. 1919 ൽ ബ്രിട്ടീഷ് ഗവർമെന്റിന്റെ South brough Committe ക്ക് മുൻപിൽ അദ്ദേഹം ഈ ആശയം അവതരിപ്പിക്കുന്നതിന് മുൻപുവരെ ലോകത്തിന് ഈ കാര്യം അപരിചിതമായിരുന്നു. ഒരിക്കലും ആത്മനിഷ്ടമായിരുന്നില്ല അബേദ്കറിന്റെ കണ്ടെത്തലുകൾ, അവ തികച്ചും വസ്തുനിഷ്ടമായിരുന്നു. ഇന്ത്യയിലെ അ:ധസ്ഥിതന്റെ ദൈനപൂർണ്ണമായ സാമൂഹ്യാവസ്ഥകളെ കണ്ടും പഠിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ഈ വിശകലനങ്ങളെല്ലാം. അതുകൊണ്ട് തന്നെയാണ് അബേദ്കറിന്റെ കണ്ണാടി വച്ചു കൊണ്ട് മാത്രമേ ഇന്ത്യൻ സമൂഹത്തെ ശരിയായി കാണാൻ കഴിയൂ എന്ന് ഇക്കാലവും പറയേണ്ടി വരുന്നത്.
ഇന്ത്യൻ സമൂഹത്തിൽ സ്വാഭാവികമായ നീതിയുടെ വിതരണം ഒരിക്കലും ഉണ്ടായിട്ടില്ല. നീതി നിഷേധിക്കുന്നത് കൂടാതെ ആ നീതി നിഷേധം തങ്ങളുടെ ധാർമ്മികതയാണെന്ന് കരുതുന്ന സവർണ്ണരും തങ്ങൾക്ക് നീതി ലഭിക്കുന്നില്ല എന്ന് തിരിച്ചറിവിന് പോലും ശേഷിയില്ലാത്ത ഈ അടിച്ചമർത്തലുകൾ എല്ലാം തങ്ങൾ അർഹിക്കുന്നു എന്ന് കരുതി അടിമ തുല്യമായി ജീവിക്കുന്ന അവർണ്ണ ജന വിഭാഗവുമാണ് ഈ രാജ്യത്തുള്ളത്. അങ്ങനെ ഇരിക്കലും സ്വാഭാവികമായി താഴെത്തട്ടിലേക്ക് ഇറങ്ങി ചെല്ലാത്ത നീതിയുടെ വിതരണം ബോധപൂർവ്വം നടപ്പിൽ വരുത്താനാണ് ജനാധിപത്യം സംവരണം എന്ന പ്രായോഗികത കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ, ഇന്നത്തെ കാലത്ത് ഞങ്ങളുടെ എന്തോ പിടിച്ച് പറിയാണ് സംവരണത്തിലൂടെ ദളിത് വിഭാഗം എന്ന സവർണ്ണ ചിന്തയല്ല. സംവരണം ഒരിക്കലും ഒരാളുടെ മുതൽ എടുത്ത് മറ്റൊരാൾക്ക് കൊടുക്കുന്ന ഏർപ്പാടല്ല . എല്ലാ മേഖലയിലും തുല്യ പ്രാതിനിത്യം നടപ്പിൽ വരുത്തി ജനാധിപത്യം ഉറപ്പാക്കുന്ന പ്രക്രിയയാണ്. ജാതിസംവരണ വിരുദ്ധരുടെ ഏറ്റവും വലിയ വിമർശനം സംവരണം തുറന്ന മത്സരത്തെ ഇല്ലാതാക്കുന്നു എന്നതാണ്. അവിടെയാണ് പ്രശ്നം മത്സരം എല്ലായ്പ്പോഴും തുല്യർ തമ്മിൽ ആയിരിക്കണം എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ഒരിക്കലും ഈ തുല്യത കാണാൻ കഴിയില്ല. നാമൊക്കെ കുട്ടിയായിരിക്കുമ്പോൾ ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തിന്റെ കഥ പഠിച്ചവരാണ് തുല്യരല്ലാത്തവർ തമ്മിലുള്ള മത്സരത്തിനാണ് നാം വളം വെച്ചു കൊടുത്തത് എന്നോർക്കണം. ഇതെല്ലാം പഠിച്ച് വളരുന്ന കുരുന്നുകൾ എങ്ങനെ സംവരണ വിരുദ്ധരല്ലാതായി മാറും. സംവരണം ഒരിക്കലും മെറിറ്റ് ഇല്ലാതാക്കി അനർഹർക്ക് അർഥം ലഭിക്കാൻ വേണ്ടിയുളളതല്ല. ഈ പറയുന്ന മെറിറ്റ് പോലും നമ്മുടെ സാമൂഹികാവസ്ഥയുടെ സ്വഷ്ടിയാണെന്നോർക്കണം. ഒരാൾ മെറിറ്റുള്ളവനാകുന്നത് അയാൾ വളർന്ന കുടുംബത്തേയും സാമൂഹ്യ സാഹചര്യത്തേയും അയാൾക്ക് ലഭിക്കുന്ന സാമൂഹിക അംഗീകാരത്തെയും ഒക്കെ ചുറ്റിപറ്റിയാണ്. അതായത് ആ മെറിറ്റ് ജനിച്ച ജാതി കൊണ്ട് നേടാൻ കഴിയാത്തവർക്ക് ജനാധിപത്യം നൽകുന്ന പരിരക്ഷയാണ് സംവരണം എന്നർത്ഥം. കുറച്ചു കൂടി വ്യക്തമാക്കിയാൽ സംവരണം മെറിറ്റുമായല്ല ജസ്റ്റിസുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സംവരണം മെറിറ്റില്ലാത്തവർക്ക് അവസരം നൽകി സിസ്റ്റത്തിന്റെ കാര്യക്ഷമത കുറയ്ക്കും എന്ന വാദത്തയെല്ലാം നിഷ്പ്രഭമാക്കുന്നു. എന്തുകൊണ്ടെന്നാൽ സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളെ ഒഴിവാക്കി കൊണ്ടുള്ള പുരോഗതി രാജ്യത്തിന്റെ പുരോഗതിയല്ല അത് സവർണ്ണരുടെ മാത്രം പുരോഗതിയാണ്.
സാമ്പത്തിക സംവരണം
സംവരണത്തിന്റെ ആത്യന്തികമായ ലക്ഷ്യം ദാരിദ്രനിർമ്മാജനമോ സാമ്പത്തിക ഉയർച്ചയോ അല്ല. സംവരണം ലക്ഷ്യമിടുന്നത് അ:ധസ്ഥിത വിഭാഗങ്ങൾക്ക് സാമൂഹ്യാംഗീകാരം നേടിയെടുക്കാനും ഭരണചക്രത്തിൽ മതിയായ പ്രാതിനിത്യം നേടിയെടുക്കാനുമുള്ള അവസരം നൽകലുമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു എന്ന കാരണത്താൽ ഒരു സവർണ്ണനും സാമൂഹികമായ ബഹിഷ്കരണം നേരിടുന്നില്ല, മാത്രമല്ല സാമ്പത്തികമായി മെച്ചപ്പെട്ടവരായ ഒരു അവർണ്ണനും ഈ സാമൂഹിക ബഹിഷ്ക്കരണത്തിൽ നിന്നും പുറത്താകുന്നുമില്ല. ഇന്ത്യൻ സമൂഹം അടരുകളായുള്ള വിവേചനം ( Graded Inequality ) നിലനിൽക്കുന്ന സമൂഹമാണെന്നും ആ വിവേചനത്തിന്റെ സ്രോതസ് ജാതിയാണെന്നും അത് സാമ്പത്തികമല്ല എന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് സംവരണത്തിന്റെ മാനദണ്ഡം ജാതിയാവുന്നത്.
സംവരണം ഒരു നഷ്ട പരിഹാര വ്യവസ്ഥയല്ല
പണ്ടെന്നോ അസ്തമിച്ചു പോയ പ്രതിഭാസമാണ് ജാതി, എത്രയോ തലമുറകൽക്ക് മുൻപ് അനുഭവിച്ചിരുന്ന വിവേചനങ്ങൾക്ക് ഇപ്പോഴത്തെ തലമുറയ്ക്ക് നൽകുന്ന നഷ്ട പരിഹാരമാണ് സംവരണം, അല്ലെങ്കിൽ പഴയ തലമുറ ചെയ്ത ദുഷ്പ്രവർത്തികൾക്ക് ഇപ്പോയുള്ള തലമുറ വില നൽകേണ്ടി വരുന്ന വ്യവസ്ഥിതിയാണ് സംവരണം കൊണ്ടുള്ളത് എന്ന വാദം ഉടലെടുക്കുന്നത് ഇന്നത്തെ കാലത്ത് ഈ വിവേചനങ്ങൾ എല്ലാം അസ്തമിച്ചു എന്ന തെറ്റിദ്ധാരണയിലാണ്. പണ്ടെന്നോ വിവേചനം അനുഭവിച്ചത് കൊണ്ടല്ല നിലവിൽ ഇപ്പോൾ ഇന്ന് വിവേചനം അനുഭവിക്കുന്നത് കൊണ്ടാണ് സംവരണം പ്രസക്തമാകുന്നത്. സംവരണം നടപ്പിലാക്കുന്നതിലൂടെ ജാതി നിലനിന്നുപോവുകയല്ല ജാതി എന്ന യാഥാർത്ഥ്യം മുന്നിലുള്ളത് കൊണ്ടാണ് സംവരണം ആവിശ്യമായി വരുന്നത്. ഇത് ബോധ്യപ്പെടാൻ നമ്മുടെ നാട്ടിലെ സംവരണം നടപ്പിലാക്കിയിട്ടില്ലാത്ത മേഖലകളിലെ ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം ഒന്ന് പരിശോധിച്ചാൽ മതി. കുറച്ച് കാലം മുൻമ്പ് ലോകത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്ത ഒരു വിവരശേഖര കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ് ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമ സ്ഥാപനങ്ങളിൽ ഡിസിഷൻ മേക്കേൾസും ലീഡർഷിപ്പ് പൊസിഷനിൽ ഇരിക്കുന്നവരും ആയ മാധ്യമ പ്രവർത്തകരിൽ ഒരാൾ പോലും ദളിത് വിഭാഗത്തിൽ നിന്നില്ല വാർത്ത അവതാരകരിൽ ആവട്ടെ ഇത് തുലോം തുച്ഛവും. ജനസംഖ്യയിലെ വളരെ ചെറിയ വിഭാഗമായ സവർണ്ണരുടെ അപ്രമാതിത്യമാണ് ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളിൽ ഉള്ളത്. സംവരണം നടപ്പിലാക്കിയിട്ട് ഇല്ലാത്ത മാധ്യമസ്ഥാപനങ്ങളിൽ നിന്ന് ദളിതനെ പടിയടച്ച് പിണ്ഡം വച്ചിരിക്കുകയാണ്. അതുപോലെ തന്നെയാണ് രാജ്യസഭയിലെ ദളിത് പ്രാതിനിത്യം, ജാതി തുടച്ച് നീക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നിന്ന് പോലും ഈ 70 വർഷത്തിനിടയിൽ വിരലിലെണ്ണാവുന്ന ദളിത് വിഭാഗക്കാരെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തയച്ചത് അതേ സമയം സംവരണം എർപ്പെടുത്തിയിട്ടുള്ള നിയസഭ, ലോക്സഭകളിൽ ഈ പ്രാതിനിത്യം ക്യത്യമായി പാലിക്കപ്പെടുകയും ചെയ്യുന്നു. അതെപോലെ കേരളത്തിലെ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലും സവർണ്ണ വിഭാഗക്കാരുടെ അപ്രമാതിത്യമാണ്. സർക്കാർ ശബളം നൽകുന്ന അധ്യാപകരുടെ കാര്യമാണിതെന്നോർക്കണം.
കൃത്യമായി പറഞ്ഞാൽ ജാതി എന്ന സാമൂഹിക യാഥാർത്ഥ്യത്തെ മറിക്കടക്കാനായി ജനാധിപത്യം മുന്നോട്ടുവെയ്ക്കുന്ന പ്രായോഗിക ടൂളാണ് ജാതിസംവരണം. ഈ സംവരണം ഒരു തുടർ പ്രക്രിയയാണ്, എന്ന് നമ്മുടെ സമൂഹത്തിലെ അസമത്വങ്ങളെല്ലാം ഇല്ലാതാവുന്നോ അന്ന് അവസാനിപ്പിക്കേണ്ടതാണ് സംവരണം. പക്ഷേ ആ പുലരി വരേയ്ക്കും ഈ വ്യവസ്ഥ തുടരാതെ സാമൂഹിക സമത്വം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കുകയില്ല. ചുരുക്കത്തിൽ നാം എല്ലാവരും വത്യസ്തരാണെന്ന് തിരിച്ചറിയുകയും നമ്മൾക്കെല്ലാവർക്കും വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആവിശ്യമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം പുഷ്കലമാകുന്നത്.
Roshan Gramsci
gramsciroshan (at) gmail.com