അന്നക്കുട്ടിയെ കത്തോലിക്കാസഭ സെന്റ് അൽഫോൻസ ആക്കിയതെന്തിന്? – സനൽ ഇടമറുക്
ഈ ലേഖനം സനൽ ഇടമറുകിന്റെ ശബ്ദത്തിൽ കേൾക്കുവാൻ ചുവട്ടിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമത്തിൽ ജീവിച്ച അന്നക്കുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല, സാർവദേശീയ പ്രശസ്തി – കുറഞ്ഞ പക്ഷം കത്തോലിക്കാ സഭയുടെ സ്വാധീന മേഖലകളെങ്കിലും – അവരെത്തേടി എത്തുമെന്ന്! എണ്ണങ്ങളുടെ പേരിലാണല്ലോ വിശ്വാസ സാമ്രാജ്യങ്ങൾ ഊറ്റം കൊള്ളുന്നത്! അന്നക്കുട്ടിയെ സെന്റ് അൽഫോൻസയായി പ്രഖ്യാപിച്ച വേളയിൽ ഒരു ലക്ഷത്തിലധികം കത്തോലിക്കാ വിശ്വാസികൾ ഭരണങ്ങാനം ഗ്രാമത്തിൽ എത്തിയെന്നായിരുന്നു വാർത്ത.
കണ്ണുകൾ കാണുന്നതിനപ്പുറം ചില കാര്യങ്ങൾ സിസ്റ്റർ അൽഫോൻസ സെന്റ് അൽഫോൻസ ആയതിനു പിന്നിൽ ഉണ്ട്. സാന്പത്തിക തകർച്ച നേരിടുന്ന വത്തിക്കാൻ സാമ്രാജ്യത്തിന്റെ അവസാന പ്രതീക്ഷകളിൽ ഒന്നാവണം സെന്റ് അൽഫോൻസയിലൂടെ വെളിച്ചം കണ്ടത്.
കത്തോലിക്കാസഭയുടെ വന്പൻ മൾട്ടി നാഷണൽ നെറ്റ് വർക്കും സ്ഥാപനങ്ങളും ലാഭകരമായി നടത്തുവാൻ അവർക്ക് കർത്താവിന്റെ മണവാട്ടികൾ എന്ന ഓമനപ്പേരിൽ വിളിക്കുന്ന അടിമകളെ – കന്യാസ്ത്രീകളെ – ആവശ്യമുണ്ട്. അൽഫോൻസയെ പുണ്യവതിയായി പ്രഖ്യാപിക്കുന്പോഴുള്ള കണക്കുകൂട്ടൽ, ലളിതമായി പറഞ്ഞാൽ, പ്രതികൂലാവസ്ഥയെ തരണം ചെയ്യാനുള്ള പ്രതീക്ഷയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് അറിയുക.
1946-ലാണ് സിസ്റ്റർ അൽഫോൻസാ മരിക്കുന്നത്. അവർക്ക് അപ്പോൾ 36 വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. കോട്ടയത്തിനടുത്തുള്ള ആർപ്പൂക്കരയിൽ 1910-ൽ ജനിച്ച അവർ പതിമൂന്നാം വയസിൽ കത്തുന്ന ഒരു വൈക്കോൽ കുഴിയിൽ വീണ് അംഗവൈകല്യമുണ്ടായി. കന്യാസ്ത്രീ ജീവിതം മോഹിച്ച അവർ വിവാഹാലോചനകൾ ഒഴിവാക്കാനായി തീയിൽ അറിഞ്ഞുകൊണ്ട് വീണു സ്വയം അംഗവൈകല്യം ഉണ്ടാക്കിയെന്നാണ് സഭയുടെ ഔദ്യോഗിക കഥ. 1931-ൽ, 21-ആം വയസിൽ, അന്നക്കുട്ടി മഠത്തിൽ ചേർന്നു. അഞ്ചു വർഷങ്ങൾക്കു ശേഷം 26-ആം വയസിൽ അവർ കന്യാസ്ത്രീ പദത്തിൽ എത്തിച്ചേർന്നു.
അൽഫോൻസയുടെ ആരോഗ്യം മോശമായിരുന്നു. അവർക്ക് സഭ നൽകിയ സ്കൂൾ അദ്ധ്യാപിക എന്ന ജോലി ചെയ്യാൻ കഴിയാതെയായി. 1940-ൽ അവരുടെ മുറിയിൽ ഒരു കള്ളൻ കയറിയതിനെത്തുടർന്നുണ്ടായ ഞെട്ടൽ മൂലമാണെന്ന് പറയുന്നു – അവർക്കു ഓർമ്മ നശിച്ചു. പിന്നീട് കരൾ രാഗവും വന്നു. 1946-ൽ, 36-ആം വയസിൽ, മരിക്കുകയും ചെയ്തു.
രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്നു അവരെ കന്യാസ്ത്രീ മഠത്തിൽ പലരും വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നു എന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. മരണശേഷം നാല് ദശാബ്ദങ്ങൾ കഴിഞ്ഞപ്പോൾ സിസ്റ്റർ അൽഫോൻസയെ പൊടിതട്ടിയെടുത്തു പുണ്യവതി ആയി ലോക കത്തോലിക്കാസഭ പ്രഖ്യാപിച്ചത് എന്ത് കൊണ്ടാണ് എന്ന് അറിയുന്നത് കൗതുകകരമായിരിക്കും.
ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് അൽഫോൻസയെ പുണ്യവതി ആയി പ്രഖ്യാപിക്കാനുള്ള ആദ്യ നടപടികൾ തുടങ്ങിയത്. 482 പേരെ പുണ്യവാന്മാരാക്കാനുള്ള നടപടി ക്രമങ്ങൾ ജോൺ പോൾ രണ്ടാമൻ തുടങ്ങിവച്ചിരുന്നു. മദർ തെരേസയെയും അൽഫോൻസയെയുമൊക്കെ പുണ്യവതികളായി പിന്നീട് സഭ പ്രഖ്യാപിക്കുന്നത് ഈ കാനോനൈസേഷൻ പ്രക്രിയയുടെ തുടർ നടപടി ആയിട്ടാണ്.
ഒരാളെ പുണ്യവതിയോ പുണ്യവാനോ ആയി പ്രഖ്യാപിക്കുന്നതിന്, അവരുടെ പേരിൽ രണ്ടു ദിവ്യാത്ഭുതം ഉണ്ടാവണമെന്നാണ് സഭാ ചട്ടം. അൽഫോൻസയുടെ ഖബറിനു മുകളിലൂടെ നടന്ന മുടന്തനായ ബാലന്റെ മുടന്തു മാറി എന്നൊരു ദിവ്യാത്ഭുത കഥ ചമച്ചാണ് അൽഫോൻസയെ പുണ്യവതി ആക്കാനുള്ള നടപടിക്രമം ആരംഭിച്ചത്.
ഇൻഡ്യയിൽ ഏറ്റവുമധികം ക്രിസ്ത്യാനികൾ ഉള്ള ജില്ലകളിൽ ഒന്നാണ് കോട്ടയം. 46 ശതമാനം ആളുകൾ അവിടെ ക്രിസ്ത്യാനികൾ ആണെന്നാണ് കണക്ക്. കത്തോലിക്കാ സഭയിലേക്ക് പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും വൻതോതിൽ റിക്രൂട്ട് ചെയ്യുന്ന ജില്ലകളിൽ ഒന്നാണ് കോട്ടയം. സന്പന്നമായ സീറോ-മലബാർ സഭയിൽപെട്ട ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ് കന്യാസ്ത്രീകളിൽ ഏറെയും.
കത്തോലിക്കർക്കിടയിൽ സ്ത്രീധന സന്പ്രദായം സജീവമായി നിലനിർത്തുന്നതിനു പിന്നിൽ സഭ ചെലുത്തുന്ന സ്വാധീനം കന്യാസ്ത്രീ റിക്രൂട്ട്മെന്റുകൂടി കണക്കിലെടുത്തുകൊണ്ടാണ്.
കേരളത്തിലെ കത്തോലിക്കരിൽ ഭൂരിപക്ഷം വാസ്കോ ഡ ഗാമയുടെ കാലത്തു മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ പിന്മുറക്കാരായ ലത്തീൻ കത്തോലിക്കരാണ്. എന്നാൽ അധികാരവും സഭാ സ്വത്തുക്കളും എസ്റ്റേറ്റുകളും സ്ഥാപനങ്ങളുമൊക്കെ അതിനു മുന്പുണ്ടായിരുന്ന, സിറിയൻ പാരന്പര്യം അവകാശപ്പെടുന്ന കത്തോലിക്കരുടെ പ്രസ്ഥാനമായ സീറോ മലബാർ സഭയുടെ അധീശത്വത്തിലാണ്. രാഷ്ട്രീയ സ്വാധീനവും സ്വാഭാവികമായി സീറോ മലബാർ വിഭാഗത്തിനാണ്. ഇവർക്കിടയിൽ നിന്നാണ് സഭ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ഏറെയും കണ്ടെത്തുന്നത്.
കത്തോലിക്കാസഭ ഇന്ത്യയിലെന്പാടും നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും ആശുപത്രികളിലുമൊക്കെ ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെ 95 ശതമാനവും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കത്തോലിക്കാ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും എണ്ണം ഗണ്യമായി കുറയുന്ന യൂറോപ്പിലേക്കും അമേരിക്കയിലേക്കും പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും കണ്ടെത്തുന്നതും കോട്ടയം ജില്ലയിൽ നിന്നാണ്.
വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ ല് ഒസ്സെർവാറ്റോർ റോമാനോ (L ‘Osservatore Romano) 2008 ഫെബ്രുവരി ലക്കത്തിൽ കൊടുത്തിട്ടുള്ള കണക്കുകൾ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കന്യാസ്ത്രീകളുടെ എണ്ണം ലോകവ്യാപകമായി മുന്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തിൽ കുറയുകയാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ ആയിരുന്ന കാലത്തിനു മുന്പുതന്നെ കന്യാസ്ത്രീകളുടെ എണ്ണം നാലിലൊന്ന് കുറഞ്ഞിരുന്നു. അക്കാലത്തു 10 ശതമാനം കൂടി കുറഞ്ഞു. കന്യാസ്ത്രീകൾ ലോകത്താകെ ആ റിപ്പോർട് വരുന്ന സമയത്തു 7,50,000 പേരായി കുറഞ്ഞു കഴിഞ്ഞിരുന്നു. പുരോഹിതന്മാർ, സന്യാസവൃത്തി സ്വീകരിച്ച monks, വികാരികൾ എന്നിവരുടെ മൊത്തം സംഖ്യ 1,92,000 ആയിരുന്നു.
കന്യാസ്ത്രീകളാവാൻ ഇപ്പോൾ ലോകത്തെവിടെയും പുതുതായി ആരും തയ്യാറാവുന്നില്ല. ആ നിലയിൽ ഏതാനും ദശാബ്ദങ്ങൾക്കകം അവരുടെ എണ്ണം ആയിരങ്ങളായി ചുരുങ്ങും. പുതിയ കന്യാസ്ത്രീകൾ ഉണ്ടാവാത്ത സാഹചര്യത്തിൽ അമേരിക്കയിലെ കന്യാസ്ത്രീകളുടെ ആവറേജ് പ്രായം 70 വയസ് ആയിരിക്കുന്നു. ഈ സാഹചര്യത്തിൽ വത്തിക്കാന്റെ ഏക പ്രതീക്ഷ ഇന്ത്യ ആണ്. അതായത് കേരളം – കൃത്യമായി പറഞ്ഞാൽ കോട്ടയം ജില്ല.
ലോകവ്യാപകമായ കന്യാസ്ത്രീ പ്രതിസന്ധിയെ മറികടക്കാൻ കോട്ടയം വഴി ഒരു രക്ഷാമാർഗം കണ്ടെത്താൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് സിസ്റ്റർ അൽഫോൻസായെ സെന്റ് അൽഫോൻസ ആയി പ്രഖ്യാപിച്ചത്.
കന്യാസ്ത്രീകൾക്ക് കിട്ടുന്ന ശന്പളം അതാതു മഠങ്ങൾ വാങ്ങിച്ചെടുക്കുകയാണ്. യു.ജി.സി. സ്കെയിലിൽ ശന്പളം സർക്കാരിൽ നിന്ന് കിട്ടുന്ന കോളേജ് അധ്യാപികയായ കന്യാസ്ത്രീയുടെ ചെറിയ ചെലവുകൾക്കായി ചില്ലറ കൊടുത്തുകൊണ്ട് ബാക്കി മുഴുവൻ പണവും സഭ വാങ്ങിച്ചെടുക്കുകയാണ്.
തടവറയാണ് കന്യാസ്ത്രീമഠങ്ങൾ. അവയിൽ നിന്ന് പുറത്തു വരിക എളുപ്പമല്ല.
അൽഫോൻസയെ പുണ്യവതി ആക്കിയ വേളയിൽ കോട്ടയം ജില്ലയിലെ കത്തോലിക്കാ സ്കൂളുകളിലെ പെൺകുട്ടികളെ കന്യാസ്ത്രീ വേഷം അണിയിച്ചു സഭ ഘോഷയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി. ജീവിച്ചിരുന്ന കാലത്ത് ഒരു അംഗീകാരവും കിട്ടാതിരുന്ന അൽഫോൻസയെ ഉയർത്തിക്കൊണ്ടു വരുന്നത്, അവരെ റോൾ മോഡൽ ആയി കാണുന്ന പെൺകുട്ടികളെ കണ്ടെത്താനാണ്. കന്യാസ്ത്രീ റിക്രൂട്ട്മെന്റ് തകൃതിയാക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിൽ ഉള്ളത്.