ജൈവ കൃഷിക്ക് ഇറങ്ങി പുറപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ജൈവമാര്‍ഗ്ഗങ്ങള്‍ മാത്രം അവലംബിച്ച് രോഗകീടനിയന്ത്രണം നടത്തുക എന്നുള്ളതാണ്. ജൈവിക നിയന്ത്രണ വസ്തുക്കളില്‍ പലതും സൂക്ഷ്മ ജീവികളായ ബാക്ടീരിയയും ഫംഗസും വൈറസുമൊക്കെയാണ്. അനുകൂലമായ കാലാവസ്ഥയിലെ ഇവയ്ക്ക് വേണ്ട നിയന്ത്രണം നടത്താനാവൂ. രോഗ- കീടങ്ങള്‍ അനുകൂല കാലാവസ്ഥയില്‍ വളരെ പെട്ടെന്ന് പെരുകി പടര്‍ന്നു പിടിക്കുമ്പോള്‍ ജൈവിക നിയന്ത്രണം മാത്രം കൊണ്ട് അവയെ നിയന്ത്രിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്.
നെല്ലിന്റെ നീലവണ്ട്, പട്ടാളപ്പുഴു, ബ്ലാസ്റ്റ് രോഗം, തെങ്ങിന്റെ കൂമ്പുചീയല്‍, തഞ്ചാവൂര്‍വാട്ടം, ചെമ്പന്‍ ചെല്ലി, കവുങ്ങിന്റെ മഹാളി രോഗം, വാഴയുടെ ഇലകരിച്ചില്‍ രോഗം, കയ്പയിലെ ഡൗണിമില് ഡ്യൂ, വെണ്ട, വഴുതന, പയര്‍, കയ്പ എന്നിവയിലെ ഇലത്തുള്ളന്‍, മണ്ഡരികള്‍ നിരവധി ഉദാഹരണങ്ങള്‍ കാണിക്കാനാകും. കീടങ്ങള്‍ പരത്തുന്ന വൈറസ്, മൈക്കോപ്ലാസ്മ രോഗങ്ങളെ നിയന്ത്രിക്കുവാന്‍ കീടനിയന്ത്രണം കൂടിയ തോതില്‍ വേണ്ടിവരും. അവിടെയൊന്നും ജൈവിക നിയന്ത്രണം ഫലപ്രദമാകില്ല. പൂര്‍ണ്ണമായ ജൈവിക പരിസ്ഥിതി സൗഹൃദ നിയന്ത്രണ നടപടികള്‍ കൊണ്ടുമാത്രം എല്ലായ്പ്പോഴും കീടരോഗനിയന്ത്രണം സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ജൈവ കൃഷിയുടെ ഒരു പരിമിതിയാണ്.
ജൈവിക കീട-രോഗ നിയന്ത്രണ വസ്തുക്കളുടെ ലഭ്യതയും ഗുണനിലവാര നിയന്ത്രണവും ഇനിയും ഏറെ മെച്ചപ്പെടുവാനുണ്ട്. എങ്കിലേ കൃഷിക്കാരന് ഈ സമ്പ്രദായത്തെ വലിയ തോതില്‍ ആശ്രയിക്കാനാവൂ. ജൈവകൃഷിക്കാര്‍ കീടനിയന്ത്രണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന പുകയില കഷായം ഗുരതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നതില് തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. അറിയപ്പെടുന്ന കാന്സര്കാരികളില് ഒന്നാം സ്ഥാനമാണ് പുകയിലയ്ക്കും പുകയില ഉല്പന്നങ്ങള്ക്കുമുള്ളത്. കീടങ്ങളെയും ക്ഷുദ്രജീവികളെയും നിയന്ത്രിക്കാന്‍ പ്രകൃതിദത്ത എതിരാളികളെ വളര്‍ത്തുന്ന കാര്യവും അങ്ങനെ തന്നെ. ചേരയും പാമ്പും എലിശല്യം കുറയ്ക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല. പക്ഷെ അതൊക്കെ വിശ്വസിച്ചുകൊണ്ട് വ്യാപകമായ തോതില്‍ കൃഷി ചെയ്യാനാവുമോ?
ജൈവകൃഷി നടത്തുമ്പോള്‍ വിളവ് കാര്യമായി കുറഞ്ഞുപോകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കൃഷി പൊതുവെ ലാഭം കുറവുള്ള സംരംഭമായതിനാല്‍ വരുമാനക്കുറവ് കൃഷിക്കാരന്റെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനം മുഴുവന്‍ ജൈവകൃഷിയാണ് ചെയ്യുന്നതെങ്കില്‍ ഇപ്പോള്‍ ജൈവ ഉല്പന്നങ്ങള്ക്ക് ലഭിക്കുന്ന അധികവില ഇല്ലാതായേക്കാം. പക്ഷെ വില കുറഞ്ഞാലും പ്രശ്നമാണ്! കാരണം അങ്ങനെവന്നാല്‍ അധികച്ചെലവ് കര്‍ഷകന്റെ ബാധ്യതയാവും, സംസ്ഥാനത്തെ കൃഷിരംഗം കൂടുതല്‍ തളരും. അയല്‍സംസ്ഥാനങ്ങള്‍ കൂടി ജൈവകൃഷിയിലേക്ക് തിരിഞ്ഞാല്‍ മലയാളി ശരിക്കും വിയര്‍ക്കും. സ്വന്തം ഉപഭോഗം കഴിഞ്ഞ് ബാക്കി വല്ലതുമുണ്ടെങ്കിലല്ലേ കയറ്റി ഇങ്ങോട്ട് അയക്കാനാവൂ?!
ജൈവകൃഷിക്കാവശ്യമായ ജൈവവളങ്ങളുടെ ലഭ്യത ഇക്കാലത്ത് മറ്റൊരു വെല്ലുവിളിയാണ്. ജൈവവളക്കമ്പനികള് ചാക്കില്‍ കയറ്റി അയക്കുന്ന പല ജൈവവളങ്ങളും എന്താണെന്ന് പോലും കൃഷിക്കാരന് അറിയില്ല. ഏത് മാലിന്യവും ജൈവവളം എന്ന പേരില്‍ നല്ല വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഉള്ളടക്കമൊക്കെ ആര് പരിശോധിക്കാന്‍?! ജൈവവളവും ജൈവകീടനാശിനിയും സ്വന്തമായി നിര്‍മ്മിക്കുക എന്നതും അനായാസമല്ല. ആധുനിക ജീവതത്തിന്റെ താളക്രമവുമായി ഒത്തുപോകുന്ന കാര്യമല്ലവയൊന്നും.
ചാണകം കിട്ടാന്‍ കന്നുകാലി വളര്‍ത്തല്‍ അവശ്യമാണ്. 1987-ല്‍ കേരളത്തിലെ 37 ലക്ഷം കുടുംബങ്ങളില്‍ കാലി വളര്‍ത്തലുണ്ടായിരുന്നു. എന്നാല്‍ 2010 ല്‍ അത് 15 ലക്ഷമായി കുറഞ്ഞു. പലരും മൃഗപരിപാലനത്തോട് എന്നെന്നേയ്ക്കുമായി വിട പറഞ്ഞു. കൊതുകും ദുര്‍ഗന്ധവും മൂലം കന്നുകാലി വളര്‍ത്തല്‍ അവസാനിപ്പിച്ചവര്‍ മുതല്‍ പരിപാലനത്തിന് ആളില്ലാതെ കന്നുകാലികളെ വിറ്റുകളഞ്ഞവര്‍ ആ പട്ടികയിലുണ്ട്.
പട്ടണങ്ങളിലും നഗരങ്ങളിലും മാത്രമല്ല ഗ്രാമങ്ങളില്‍പ്പോലും മൃഗപരിപാലനം ഏറെക്കുറെ ദുഷ്ക്കരമായി. സ്ഥലലഭ്യത തന്നെ പ്രധാന തടസ്സം. മാത്രമല്ല, കന്നുകാലി വളര്‍ത്തല്‍ മാനവവിഭവശേഷിയും ശ്രദ്ധയും ഏറെ ആവശ്യമുള്ള കാര്യമാണ്. കന്നുകാലി ഫാമുകള്‍ നടത്തി സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിച്ച യുവാവിനെതിരെ കൂട്ടപ്പരാതി കൊടുത്ത് പഞ്ചായത്ത് അധികൃതരെകൊണ്ട് അയാളുടെ ഫാം പൂട്ടിച്ച കേസുകള്‍ വരെ കേരളത്തിലുണ്ടായി. കൊതുക് ശല്യവും ദുര്‍ഗന്ധവുമായിരുന്നു അയല്‍ക്കാര്‍ ഉന്നയിച്ച മുഖ്യ പരാതി! ലോഡ് കണക്കിന് കിട്ടിയിരുന്ന ചാണകം കിലോക്കണക്കിന് തൂക്കി വാങ്ങേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഒരു കിലോ ചാണകത്തിന് നാലും അഞ്ചും രൂപയാണ് വില.
കൃഷിയിടങ്ങള്‍ കഷണങ്ങളായി മാറിയതും അണുകുടുംബങ്ങള്‍ കൂടിയതും കൃഷിയെ പൊതുവിലും ജൈവകൃഷിയേയും പിന്നോട്ടടിക്കുന്ന കാര്യമാണ്. അടുക്കളത്തോട്ടം, ടെറസ്സ് കൃഷി തുടങ്ങിയവയെ കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഇതിനുകാരണമാണ്. ഈ പ്രവണത മറി കടക്കുക എളുപ്പമല്ല. കേരളത്തില്‍ പോളിഹൗസ് കൃഷി സര്‍ക്കാര്‍ സഹായത്തോടെ വ്യാപിക്കുകയാണ്. പോളിഹൗസുകളില്‍ രോഗകീട പോഷകപ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നത് പൂര്‍ണ്ണമായും ജൈവരീതിയിലാക്കുക എന്നതും ദുഷ്ക്കരമായ കാര്യംതന്നെ.
ഇന്ത്യ നേരിടുന്ന കാര്‍ഷിക വെല്ലുവിളികള്‍ രാജ്യത്ത് പട്ടിണി മരണങ്ങള് കുറച്ച് വന്‍തോതിലുള്ള ക്ഷാമങ്ങളെ ഇല്ലാതാക്കി ക്ഷാമങ്ങളുടെ നിരവധി പ്രവചനങ്ങളെ അതിജീവിച്ചത് ആധുനികകൃഷിയും ജനാധിപത്യവ്യവസ്ഥയുംകൊണ്ടാണ്. ലോകത്തിലെ ആകെ കൃഷി ഭൂമിയുടെ 2.4 ശതമാനവും ശുദ്ധജലത്തിന്റെ 4 ശതമാനവും മാത്രമേ ഇന്ത്യയ്ക്കുള്ളൂ. അതു കൊണ്ടുവേണം ലോക ജനസംഖ്യയുടെ 17 ശതമാനത്തെയും കന്നുകാലികളുടെ 46 ശതമാനത്തെയും തീറ്റിപ്പോറ്റുവാന്‍. കൃഷിഭൂമി വിസ്തീര്‍ണ്ണം അതിവേഗം കുറയുകയാണ്. ആഗോളതാപനം വഴി കടല്‍ നിരപ്പ് ഉയര്‍ന്ന് വീണ്ടും കൃഷിഭൂമി കുറയും, ആഗോളതാപനവും അള്‍ട്രാവയലറ്റ് രശ്മികളുടെ ആധിക്യവും ഉല്പാദനക്ഷമത 10-12 ശതമാനം വരെ കുറയും എന്നൊക്കെയാണ് നിലവിലുള്ള പഠനങ്ങള്‍ നല്കുന്ന സൂചന. ആഗോളതാപനം ബാധിക്കുന്ന കാലാവസ്ഥ വ്യൂഹങ്ങളില്‍ ഇന്ത്യന്‍ മണ്‍സൂണും പെടും.
പെട്രോളിയം ഉല്പന്നങ്ങള് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബദലാവുന്നത് ചോളത്തില്‍ നിന്നും ഉണ്ടാക്കുന്ന ആള്ക്കഹോളായിരിക്കും. ലോകത്തെ മൊത്തം കൃഷിഭൂമിയുടെ ഒരു ഭാഗം ഭക്ഷ്യേതര ആവശ്യത്തിനായി മാറ്റപ്പെടുമ്പോള്‍ വിപണിയില്‍ ഭക്ഷ്യധാന്യലഭ്യത കുറയുകയും വില കൂടുകയും ചെയ്യും. ഇന്ന് നമ്മുടെ വാര്‍ഷിക ഭക്ഷ്യധാന്യ ഉല്പാദനവര്ദ്ധനയുടെ നിരക്ക് 1.5 ശതമാനമാണ്. അതേ സമയം ജനപ്പെരുപ്പത്തിന്റെ നിരക്ക് 1.95 ശതമാനവും ഭക്ഷ്യധാന്യോല്‍പ്പാദനത്തിന്റെ നിരക്ക് ജനപ്പെരുപ്പത്തെക്കാള് കൂടുമ്പോള്‍ മാത്രമേ ഭക്ഷ്യ സുരക്ഷയേക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അവസാനിക്കുന്നുള്ളൂ. അതായത്, ഇന്നുള്ള ഉല്പാദന നിരക്ക് നിലനിറുത്തിയത് കൊണ്ടായില്ല, മറിച്ച് അത് വ്യവസ്ഥാപിതമായ തോതില്‍ വിര്ദ്ധിപ്പിക്കണം. അവിടെയാണ് ജൈവകൃഷി പോലുള്ള മന്ദകൃഷിരീതികളുമായി പലരും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
രാജ്യത്തെ ഭക്ഷ്യ ധാന്യോല്‍പ്പാദനത്തില്‍ കേരളത്തിന്റെ പങ്ക് കുറഞ്ഞു വരികയാണ്. ഉള്ള സ്ഥലത്തുനിന്നും ഏറ്റവും മെച്ചമായി ഉല്പാദിപ്പിക്കാനുള്ള കൃത്യതാകൃഷി നമ്മള് പിന്തുടരണം. പഴം, പച്ചക്കറി, തോട്ടവിളകള്‍ എന്നിവയില്‍ ജൈവവളങ്ങള്‍ക്കും, ജൈവിക നിയന്ത്രണമാര്ഗ്ഗങ്ങള്ക്കും ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ഉത്തമകൃഷി രീതി (ഏീീറ അഴൃശരൗഹൗേൃമഹ ജൃമരശേരല)പ്രോത്സാഹിക്കപ്പെടണം. ജൈവവളപ്രയോഗത്തിന് ഊന്നല്‍ കൊടുക്കുന്നവര്‍ പോലും രാസവളങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല. കാരണം ഇവ രണ്ടും സമന്വയബോധത്തോടെ ഉപയോഗിക്കുന്നതാണ് ശാസ്ത്രീയ കൃഷിരീതി.
മനുഷ്യന്റെ നിലനില്‍പ്പിന് അടിസ്ഥാനമായ പ്രകൃതി വിഭവങ്ങള്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് കൂടുതല്‍ കാലത്തേക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന, ജൈവവ്യവസ്ഥയ്ക്ക് ശോഷണംവരാത്ത അക്ഷയ കൃഷിയാണ് നാം പിന്തുടരേണ്ടത്. അത് ശാസ്ത്രീയമായ അറിവുകളുടെ പിന്‍ബലത്തിലായിരിക്കണം. രാസവസ്തുക്കളും കുമിള്‍-കീടനാശിനികളും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടല്ല മറിച്ച് അവയുടെ കൃത്യതയാര്‍ന്ന ഉപയോഗം വഴി കൃഷിച്ചെലവ് കുറയ്ക്കാനും, ഉല്പാദനം മെച്ചപ്പെടുത്താനും, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനുമുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം.
ഡോ. കെ.എം.ശ്രീകുമാര്‍ (പ്രൊഫസ്സര്‍, കാര്‍ഷികകോളേജ്, നീലേശ്വരം, കാസര്‍ഗോഡ്)
As you said, organic farming can be considered as just a fashion show !