വോസ്ടോക് (Lake Vostok), ഒരു കാലത്തു ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായിരുന്ന വിശാലമായ ഒരു തടാകം, ഇപ്പോൾ ഏകദേശം 4 കിലോമീറ്റർ ഉപരിതലത്തിനടിയിൽ സുരക്ഷിതമായി നിലനിൽക്കുന്നു എന്നുള്ളത് വളരെ അൽഭുതമായി തോന്നുന്നു. മഞ്ഞുമൂടിയ അന്റാർട്ടിക്കയുടെ മരവിച്ച ഉപരിതലത്തിനടിയിലെ ഈ  തടാകത്തിനു ഏകദേശം  230 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയും 850 മീറ്റർ ആഴമുണ്ട്. മഞ്ഞു പാളികൾ മൂലമുണ്ടാകുന്ന അതിഭയങ്കരമായ മർദ്ദം മൂലം ജലം ഇപ്പോഴും ദ്രാവകരൂപത്തിൽ തന്നെയാണ്. എയർബോൺ റഡാറുകളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് റഷ്യൻ ഗവേഷകർ 1996 ൽ വോസ്‌റ്റോക് തടാകത്തിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഇവിടുത്തെ ശരാശരി താപനില -55 ഡിഗ്രി സെൽഷ്യസ് ആണ്. കഴിഞ്ഞ 15 മില്യൺ വർഷമായി സൂര്യപ്രകാശം വീഴാതെ കുഴിച്ചുമൂടപ്പെട്ട സത്യം. ഇക്കാലഘട്ടത്തിനിടയിൽ വന്നുപോയ പല കാലാവസ്ഥാവ്യതിയാനങ്ങളുടെയും തന്മൂലമുണ്ടായ പ്രകൃതിമാറ്റങ്ങളുടെയും ഒക്കെ കയ്യൊപ്പു സൂക്ഷിച്ചു നിഗൂഢതയിൽ ഉറങ്ങിക്കിടക്കുന്ന വോസ്‌റ്റോക് തടാകം. (Lake Vostok). അടിഞ്ഞുകൂടിക്കിടന്ന മഞ്ഞിൽ ഏകദേശം 3500 ഓളം ജീവജാലങ്ങളുടെ സാന്നിധ്യം ആണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. പലതരത്തിലുള്ള ആവാസവ്യവസ്ഥയിൽ ഉണ്ടായിരുന്ന മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ഒക്കെ സാന്നിധ്യം. ഏകദേശം 15 മില്യൺ വർഷങ്ങൾക്കുമുമ്പേ അന്റാർട്ടിക്കയിൽ ഉണ്ടായ അതിശൈത്യത്തിൽ കുഴിച്ചുമൂടപ്പെട്ടതാണീ തടാകം എന്ന് വിശ്വസിക്കുന്നു.

മഞ്ഞുപാളികളെ തുരന്നുള്ള താഴേക്കുള്ള യാത്ര യഥാർത്ഥത്തിൽ അന്തരീക്ഷത്തിന്റെ ചരിത്രത്തിലേക്കുള്ള അദ്ഭുതകരമായ യാത്ര കൂടിയാണ്. ഭൂമിയുടെ അന്തരീക്ഷം കടന്നു പോയിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും തന്മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചുമുള്ള അറിവിലേക്കുള്ള യാത്ര. ഓരോ കാലഘട്ടത്തിലും മഞ്ഞു പാളികൾക്കിടയിൽ പെട്ടുപോയ പലതരത്തിലുള്ള പൊടിപടലങ്ങളും, വായുവിന്റെ സാമ്പിളുകളും ഒക്കെ നൽകുന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ്. ഭൗമാന്തരീക്ഷം കടന്നുപോയ glacial and interglacial പീരിയഡിനെ പറ്റിയുള്ള അറിവ് നൽകാൻ അന്റാർട്ടിക്കൻ മഞ്ഞുപാളികൾക്കു കഴിയും. ഭൂമിക്കു വളരെ തണുത്ത അന്തരീക്ഷമുള്ള, പതിനായിരത്തിലേറെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന കാലഘട്ടമാണ് glacial പീരിയഡ്. ശരാശരി താപനില 5 ഡിഗ്രി സെൽഷ്യസ്. ഇപ്പോൾ നമ്മൾ interglacial പീരിയഡിലാണ്. ഈ മാറ്റങ്ങൾക്ക് കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയയോക്‌സൈഡിന്റെയും മീതേനിന്റെയും അളവിലുണ്ടായ വൻതോതിലുള്ള വ്യത്യാസമാണെന്നാണ്‌ ശാസ്ത്രജ്ഞരുടെ നിഗമനം. 15 മില്യൺ വർഷങ്ങൾക്കു മുമ്പുണ്ടായ അത്തരം ഒരു അതിശൈത്യത്തിൽ ഭീമിക്കടിയിൽ പെട്ടുപോയതാണ് വോസ്‌റ്റോക് തടാകം.

ജീവന്റെ തുടിപ്പുകൾ

ശാസ്ത്രസമൂഹത്തിന്‌ വോസ്‌റ്റോക്കിലെ ജലത്തെക്കുറിച്ചു വളരെയേറെ ആശങ്കകൾ ഉണ്ടായിരുന്നു.  ലക്ഷക്കണക്കിന് വർഷം സൂര്യപ്രകാശമേൽക്കാതെ മറ്റൊരു അവസ്ഥയിൽ സംരക്ഷിക്കപ്പെട്ടിരുന്ന ജലത്തിൽ ഒരുപക്ഷെ മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത തരം ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായാൽ, അത് മനുഷ്യനു ദോഷകരമായ തരത്തിൽ ഉള്ളതാണെങ്കിൽ ഒരുപക്ഷെ ഈ ഭൂമുഖത്തുനിന്നു തന്നെ മനുഷ്യവംശം തുടച്ചുനീക്കാൻ തക്ക ഭീകരമായിരിക്കും എന്നുള്ള പല ചിന്തകളും ശാസ്ത്രജ്ഞരെ അലട്ടിയിരുന്നു.

ലക്ഷകണക്കിന് വർഷങ്ങൾക്കുമുമ്പ്‌ ബാഹ്യാന്തരീക്ഷത്തിൽ നിന്നും തമസ്കരിക്കപ്പെട്ടു പോയ നിഗൂഢതയുടെ ഈ തടാകത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിൽ, കണ്ടെത്തിയ കാർബണിന്റെ അളവ് സ്ഥിരവും ഉപയോഗിക്കപ്പെട്ടതും റീസൈക്കിൾ ചെയ്യപ്പെട്ടതും ആയതുകൊണ്ട് ശാസ്ത്രലോകത്തിന്റെ അനുമാനം അതിജീവനത്തിനായി പരിണാമം അതിന്റേതായ ഹരിത ഇടങ്ങൾ കണ്ടെത്തിയെന്നാണ്‌. ബാക്ടീരിയകളെ മാത്രമല്ല,  മൽസ്യങ്ങളുടെ ഗണത്തിൽപെടുന്ന ജീവികളുടെയും, നൂറുകണക്കിന് ബഹുകോശ ജീവികളുടെയും ഉൾപ്പടെ ഏകദേശം 3500 പരം വ്യത്യസ്ത ജീവികളുടെ സാന്നിധ്യം വോസ്‌ടോക് തടാകത്തിൽ കണ്ടെത്തിയിട്ടുണ്ട് ഇതുവരെ. ജൂപ്പിറ്ററിന്റെ ഉപഗ്രഹമായ യൂറോപ്പയിലേതിനു സമാനമായ അവസ്ഥയാണ് വോസ്റ്റോകിലേത്‌ എന്നുള്ളതുകൊണ്ട്‌, സൗരയൂഥത്തിലെ ജീവന്റെ സാന്നിധ്യം ഭൂമിയിൽ മാത്രമായിരിക്കില്ല, എന്നുള്ള സംശയവും വോസ്‌റ്റോക്‌ ബലപ്പെടുത്തുന്നു. എങ്കിലും, ഒരുകാലത്തു നിലനിന്നിരുന്ന ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെട്ടതുമാത്രമായിരിക്കാം വോസ്‌റ്റോക്കിലെത് എന്നുള്ള വീക്ഷണവും ശാസ്സ്ത്രലോകത്തിനുണ്ട്.

വോസ്റ്റോക്കിലെ ജലത്തിൽ ലയിക്കപ്പെട്ട ഓക്സിജന്റെയും നൈട്രജന്റെയും അളവ് 2 .5 ലിറ്റർസ് / കിലോഗ്രാം!!. സാധാരണ ശുദ്ധജലത്തിൽ കാണപ്പെടുന്നതിനേക്കാൾ 50 മടങ്ങു ഓക്സിജന്റെയും നൈട്രജന്റെയും സാന്നിധ്യം വോസ്‌റ്റോക്കിലെ ജലത്തെ സൂപ്പർ സാച്ചുറേറ്റഡ് (Super saturated) ആക്കുമ്പോൾ ജീവന്റെ നിലനിൽപിന് വളരെ തുച്ഛമായ സാധ്യതകളും സഹായകമായ അന്തരീക്ഷവും ആണ് സംജാതമാകുന്നത് (oligotrophic extreme environment) . ഉയർന്ന മർദ്ദവും, സ്ഥിരമായ താപനിലയും ഭൂമിയുടെ ബാഹ്യാന്തരീക്ഷവുമായുള്ള ഇന്റെറാക്ഷൻ ഇല്ലാത്തതും ആയ അവസ്ഥയിലും ഒരു മൈക്രോബിയൽ എക്കോസിസ്റ്റം അതിജീവിച്ചിരുന്നു എന്നുള്ള നിഗമനത്തെ സാധൂകരിക്കുന്നതാണ് വോസ്‌റ്റോക്കിൽ നിന്നും എടുത്ത മഞ്ഞുപാളികളിൽ നടത്തിയ പഠനം വ്യകതമാക്കുന്നത്‌. സൗരയൂഥത്തിലെ ഊർജത്തിന്റെ സ്രോതസ്സായ സൂര്യനിൽ നിന്നും ലക്ഷ കണക്കിന് വർഷങ്ങൾ മറക്കപ്പെട്ട വോസ്‌റ്റോകിൽ ജീവസാന്നിധ്യം കണ്ടെത്തുമ്പോൾ, അത്ഭുതപെടുത്തുന്നത് എത്ര കുറഞ്ഞ ഊർജ്ജത്തിലും ജീവൻ അതിജീവിക്കുന്നു എന്നതാണ്.

എന്നിരുന്നാലും വോസ്‌റ്റോക്കിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രലോകം എത്തിച്ചേർന്ന നിഗമനങ്ങളെ അപ്പാടെ തള്ളിക്കളയുന്ന ആരോപണവും ശാസ്ത്രലോകത്തിന്റെ ഉള്ളിൽ നിന്നു തന്നെയുണ്ട്. ഡ്രില്ലിങ്നു സഹായകമായി ഉപയോഗിക്കുന്ന ഫ്രീയോണും മണ്ണെണ്ണയും വോസ്‌റ്റോക്കിൽ നിന്നെടുക്കുന്ന സാമ്പിളുകളെ മലിനപ്പെടുത്തിയിരിക്കാമെന്നുള്ളതാണ് ഇതിൽ ഏറ്റവും ശക്തം. എന്തായാലും ജൈവപരിണാമ ഘട്ടങ്ങളിലേക്കുള്ള വളരെ ഏറെ വിലപ്പെട്ട വിവരങ്ങൾ നൽകുവാൻ വോസ്‌റ്റോക്കിന് കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.  അനുസ്യൂതമായ ഈ യാത്രയിൽ ഇനിയും ഗൗരവമേറിയ ഏറെ നിരീക്ഷണങ്ങൾക്ക്‌ വോസ്‌റ്റോക് വിധേയമാക്കപ്പെടേണ്ടതുണ്ട്‌ എന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഉന്നതനിലവാരമുള്ള മാഗസിനുകളും ജേർണലുകളും പറയുമ്പോൾ ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങൾ കൂടുതൽ ജിജ്ഞാസ ഉളവാക്കുന്ന അറിവിലേക്ക് നമ്മെ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Image Credit: turner.com