പ്രവാസത്തിൻറെ നാലര വർഷം

By Sanal Edamaruku / സനൽ ഇടമറുക്

Sanal Edamaruku is an Indian author and rationalist. He is the founder-president and editor of Rationalist International, the president of the Indian Rationalist Association and the author of twenty-five books and other articles

2012 ജൂൺ 15. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ അക്രമിസംഘത്തിന്റെ പിടിയിൽ പെട്ടേക്കുമെന്നും ഏതു നിമിഷവും കൊല ചെയ്യപ്പെട്ടേക്കുമെന്നും കരുതിയ ദിനങ്ങൾ.

പതിനഞ്ചാം തീയതി രാവിലെയാണ് യൂറോപ്പിലേക്ക് പെട്ടെന്നൊരു യാത്ര പരിഗണിക്കപ്പെടുന്നത്. 16-ന് രാവിലെ യാത്ര പുറപ്പെടുകയും ചെയ്തു. ജൂലൈ ആദ്യവാരം മുതൽ ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന എന്റെ പ്രസംഗ പര്യടനത്തിനായി പോളണ്ടിലെ യുക്‌തിവാദികൾ തയ്യാറെടുക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. അതിനു മുന്പായി എന്നെ അറസ്റ്റു ചെയ്യുകയോ അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടാവുകയോ ചെയ്‌താൽ പോളണ്ടിലെ പ്രഭാഷണ പരിപാടി മുടങ്ങുമല്ലോ എന്ന ആശങ്കയായിരുന്നു പെട്ടെന്നൊരു തീരുമാനമെടുക്കാൻ പ്രേരണയായത്. ഉത്തരേന്ത്യയിലെ പല ടെലിവിഷൻ ചാനലുകളിലും, ദേശീയ ദിനപത്രങ്ങളിലും ഞാൻ നേരിടുന്ന ഭീഷണിയെക്കുറിച്ചു ഒട്ടനവധി റിപ്പോർട്ടുകൾ അതിനോടകം പ്രത്യക്ഷപ്പെട്ടിരുന്നതുകൊണ്ട് സുരക്ഷ കൂടുതൽ ദുഷ്‌ക്കരമാവും എന്ന തോന്നലും ഉണ്ടായിരുന്നു. പോളണ്ട് പ്രഭാഷണത്തിന് രണ്ടാഴ്ച മുന്പ് ഡെൽഹിയിൽ നിന്ന് യാത്ര പുറപ്പെടുക, ജൂലൈയിലെ പ്രഭാഷണ പരിപാടിക്കുശേഷം ഓഗസ്റ്റ് ആദ്യം ഡെൽഹിയിൽ മടങ്ങിയെത്തുക – ഇതായിരുന്നു പരിപാടി. നാലര വർഷം മുന്പായിരുന്നു അത്.

ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കുള്ള ഒരു ഹോസ്റ്റൽ മുറിയിൽ ഞാൻ ഒളിവിൽ പാർക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഹോസ്റ്റൽ മുറിയുടെ വാതിൽ വെളിയിൽ നിന്ന് പൂട്ടി അതിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് എന്റെ സുരക്ഷക്കായി ചുമതലപ്പെടുത്തിയിരുന്ന ചില വിദ്യാർഥി സുഹൃത്തുക്കളാണ്. ഞാൻ എവിടെയാണെന്ന് കണ്ടുപിടിക്കപ്പെടാതിരിക്കാൻ എന്റെ ടെലഫോൺ ഓഫ് ചെയ്യുക മാത്രമല്ല, തികച്ചും വ്യത്യസ്‌തമായ മറ്റൊരു പൊതു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്തു. ഭക്ഷണം സമയത്ത്‌ എത്തിക്കുക, പുറം ലോകവുമായുള്ള ബന്ധം നിലനിർത്തുക എന്നതിലേക്കായി ഏതാനും വിദ്യാർത്ഥി സുഹൃത്തുക്കളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

അതിനു മുന്പ് രണ്ടുമാസത്തിലേറെ വീട്ടിൽനിന്നു മാറി സുഹൃത്തുക്കളുടെ വീടുകളിലും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലും പാർക്കേണ്ടിവന്നു.

ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളും, ബി.ബി.സി, സി.എൻ.എൻ, ഗാർഡിയൻ, ന്യൂയോർക് ടൈംസ്, വാൾ സ്‌ട്രീറ്റ്‌ ജേർണൽ തടങ്ങിയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളും, കൂടാതെ എ.എസ്.പി, ഏ.പി.തുടങ്ങിയ സാർവദേശീയ വാർത്താ ഏജൻസികളും എനിക്കെതിരായ കേസുകളെക്കുറിച്ചും ഞാൻ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും പല തവണ റിപ്പോർട്ട് ചെയ്‌തിരുന്നതുകൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന ഇമെയിലുകൾക്കും ടെലിഫോൺ വിളികൾക്കും മറുപടി നൽകുക പോലും സാധ്യമായിരുന്നില്ല. ഞാൻ നേരിടുന്ന സാഹചര്യത്തെക്കുറിച്ചും ഭീഷണിയെക്കുറിച്ചും കേരളശബ്ദത്തിൽ അക്കാലത്തു തിരക്കിനിടയിലും രണ്ടു ലേഖനങ്ങൾ എഴുതിയിരുന്നു.

അക്രമണ ഭീഷണികൾ

എനിക്കെതിരെ മുംബൈയിലെ കർദ്ദിനാളിന്റെ നിർദേശപ്രകാരം പള്ളികളിൽനിന്നു പ്രവർത്തിക്കുന്ന ചില സംഘടനകളുടെ പേരിൽ ചിലർ പല പോലീസ് സ്റ്റേഷനുകളിലായി പതിനേഴു പരാതികൾ നൽകിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഇന്ത്യൻ പീനൽ കോഡിലെ അധികം ഉപയോഗിക്കാത്ത മതനിന്ദാ നിയമം എന്ന് അറിയപ്പെടുന്ന (295 ഏ) വകുപ്പു പ്രകാരമായിരുന്നു പരാതികൾ. അറസ്റ്റു വാറണ്ട് ഇല്ലാതെ അറസ്റ്റു ചെയ്യാവുന്ന, ജാമ്യം നിഷേധിച്ച്‌ കോടതിയുടെ വിചാരണയ്‌ക്ക്‌ മുന്പ് അനിശ്ചിതകാലം ജയിലിൽ പാർപ്പിക്കാൻ വകുപ്പുള്ള, ഒരു പ്രാകൃത നിയമം. ഈ കരിനിയമം തെറ്റാണെന്നും പിൻവലിക്കണമെന്നും സഭ മറ്റൊരു വശത്തു ആവശ്യപ്പെടുന്പോൾത്തന്നെ ഇതേ നിയമം എനിക്കെതിരെ ഉപയോഗിക്കാൻ അവർക്കു മടിയുണ്ടായില്ല. നൂറു കണക്കിനാളുകൾ ദിവസേന എത്തിയിരുന്ന തീർഥാടന കേന്ദ്രവും വൻവരുമാന മാർഗവുമായി വളർത്തിയെടുത്തു കൊണ്ടുവന്ന ദിവ്യാദ്‌ഭുതം ഒരു ടെലിവിഷൻ പരിപാടിയിലൂടെ ഞാൻ തകർത്തു കളഞ്ഞത് സഭയെ ഒട്ടൊന്നുമല്ല ക്ഷോഭിപ്പിച്ചത്.

എനിക്കെതിരെ അക്രമം അഴിച്ചു വിടാനും നിരവധി കേസുകൾ ഫയൽ ചെയ്യാനും ശ്രമം ഉണ്ടായത് സഭാ നേതൃത്വം നേരിട്ട് ചെയ്തതല്ലെന്നും ചില കത്തോലിക്കാ സംഘടനകൾ ആണ് ഇതിന്റെ പിന്നിലെന്നും സഭയുടെ പക്ഷത്തുള്ള ചിലർ വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മുംബൈ ആർച്ചു ബിഷപ്പ് നിർദേശിച്ചതനുസരിച്ചാണ് എനിക്കെതിരെ സഭയുടെ നീക്കങ്ങൾ ഉണ്ടായതെന്നും വത്തിക്കാനിലായിരുന്ന അദ്ദേഹം അവിടെ നിന്നാണ് അതിനുള്ള നിർദേശം നൽകിയതെന്നും പരാതി നൽകിയവരിൽ ഒരാൾ തന്നെ പിന്നീട് ഒരു ടെലിവിഷൻ ചർച്ചയിൽ വ്യക്തമാക്കി. ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ആരോടും മാപ്പ് ചോദിക്കാൻ തയ്യാറല്ല എന്ന് ഞാൻ പരസ്യമായിത്തന്നെ മറുപടി നൽകുകയും ചെയ്തു.

മുംബൈയിലെ ദിവ്യാദ്‌ഭുതം തുറന്നു കാണിച്ചതുകൊണ്ടു മാത്രമല്ല എനിക്കെതിരായി നീക്കമുണ്ടായതെന്നും സഭയ്‌ക്കെതിരായി ഞാൻ പലതും ടെലിവിഷനിലൂടെ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ടു ക്രൈസ്തവ വികാരം വളരെക്കാലമായി വ്രണപ്പെട്ടിരുന്നു എന്നും ബി.ബി.സിയോട് സഭയുടെ ഒരു പ്രതിനിധി പറഞ്ഞത് അവരും റിപ്പോർട് ചെയ്യുകയുണ്ടായി.

മദർ തെരേസയെ പുണ്യവതിയാക്കാൻ സഭ അവതരിപ്പിച്ച ദിവ്യദ്‌ഭുതം കളവാണെന്നു തെളിയിച്ചത്, കേരളത്തിൽ നിന്ന് വൻതോതിൽ കന്യാസ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ സഭ നടത്തുന്ന നീക്കങ്ങൾ വെളിയിൽ കൊണ്ടുവന്നത്, ഇടമറുകിന്റെ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകം അദ്ദേഹത്തിന്റെ മരണശേഷവും പല തവണ പുനഃപ്രസിദ്ധീകരിച്ചത്, സഭയുടെ ഇടപെടലിനെത്തുടർന്ന് സർക്കാർ നിരോധിച്ച പി.എം. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിന്റെ സ്ക്രിപ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചത്, എന്നു തുടങ്ങി നിരവധി കാര്യങ്ങളിലുള്ള എന്റെ ഇടപെടൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ സഭ നടത്തിയ ആസൂത്രിത നീക്കമായിരുന്നു എനിക്കെതിരെ ഉണ്ടായത്.

കേസുകൾ മാത്രമായിരുന്നില്ല പ്രശ്നം. എന്നെ കൊലപ്പെടുത്തുവാൻ കത്തോലിക്കാ സംഘടനകളുടെ ഇന്റർനെറ്റ് ഗ്രൂപ്പുകളിൽ പരസ്യമായ ചർച്ച നടന്നു. ഒരു രാത്രിയെങ്കിലും ജയിലിലടക്കാൻ കഴിഞ്ഞാൽ എന്നെ കൊലപ്പെടുത്തുന്ന സഹ തടവുകാരന് എത്ര തുക വേണമെങ്കിലും നൽകാമെന്ന ആഹ്വാനവും ഉണ്ടായി.

ജീവിതത്തിന്റെ വഴി തിരിച്ചുവിട്ട ഒരു യാത്ര

ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുന്പ് നിയമപരമായി അതിനു തടസമൊന്നുമില്ല എന്ന് ഉറപ്പാക്കേണ്ടിയിരുന്നു. അടുത്ത സുഹൃത്തായ ഒരു കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് അതിനുള്ള സഹായം ഉണ്ടായി. ഉച്ചയോടെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ എനിക്കുവേണ്ടി, എനിക്കെതിരായി അറസ്റ്റ് വാറണ്ട് നിലവിലുണ്ടോ എന്ന് ഡൽഹി പോലീസ് കമ്മീഷണറോട്‌ അന്വേഷിക്കുകയും അറസ്റ്റ് വാറണ്ട് അതുവരെ പുറപ്പെടുവിച്ചിട്ടില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു. ഇക്കാര്യം മുംബൈയ് പോലീസ് കമ്മീഷണറോടും മന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട് ഉറപ്പു വരുത്തി.

അതിനു മുന്പായി ഡൽഹിയിലെ ഫിന്നിഷ് എംബസ്സിയിൽ നിന്ന് എനിക്ക് മൂന്നു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ കിട്ടിക്കഴിഞ്ഞിരുന്നു. അപേക്ഷ നൽകി ഒരു മണിക്കൂറിനകം ആ വിസ ലഭ്യമാക്കിയതിനു പിന്നിൽ ഫിന്നിഷ് ഹ്യൂമനിസ്റ്റ് യൂണിയൻ പ്രസിഡന്റും എന്റെ ദീർഘകാല സുഹൃത്തുമായ പെക്കാ എലോയുടെ സഹായം ഉണ്ടായിരുന്നു.

Pekka Elo

Pekka Elo

ഒരിക്കലും മറക്കാനാവാത്ത സുഹൃത്താണ് പെക്കാ. ഫിന്നിഷ് ഗവൺമെന്റിന്റെ വിദ്യാഭ്യാസ വിഭാഗത്തിൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹവും സുഹൃത്തുക്കളും കൂടി വേണ്ടി വന്നാൽ ദീർഘകാലം ഫിൻലന്റിൽ താമസിക്കാൻ എനിക്ക് വേണ്ടി ഒരു വീട് തയ്യാറാക്കിയിരുന്നു. തുടർന്ന് ഒന്നര വർഷക്കാലം ഞാൻ താമസിച്ചതും റാഷണലിസ്റ്റ് ഇന്റർനാഷനലിന്റെ സാർവദേശീയ ഹെഡ് ക്വാർട്ടേഴ്സായി മാറിയതും ആ വീടാണ്.

ഫിൻലന്റിലെത്തി ആഴ്ചകൾക്കകം യുനെസ്‌കോയുടെ ഫിൻലന്റിലെ സ്ഥാപനങ്ങളിൽ അധ്യാപകനാവാൻ വഴിയൊരുക്കുകയും എനിക്ക് വിദഗ്‌ദ്ധോപദേശകൻ എന്ന പദവി ലഭ്യമാക്കുകയും ചെയ്‌തു. അഭയാർത്ഥി ആവാതെയും രാഷ്ട്രീയ അഭയം തേടാതെയും ഫിൻലന്റിൽ സ്ഥിരമായി താമസിക്കാനും അവിടം ആസ്ഥാനമാക്കി ലോകമൊട്ടാകെ യാത്ര ചെയ്യാനും പ്രഭാഷണ പര്യടനങ്ങൾ നടത്താനും അതോടെ വഴിയൊരുങ്ങി.

പെക്കാ എലോ 2013 ഡിസംബറിൽ മരിച്ചത് ദുഃഖകരമായ ഓർമ്മയാണ്.

ഇപ്പോൾ എന്റെ സാർവദേശീയ പ്രവർത്തനങ്ങളുടെ കേന്ദ്രവും, യുക്തിവാദി പ്രസ്ഥാനത്തിന്റെ ലോക സംഘടനയായ റാഷണലിസ്റ്റ് ഇന്റർനാഷനലിന്റെ ഹെഡ് ക്വാർട്ടേഴ്‌സും ഫിൻലന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലാണ്. ഞാനാണ് അതിന്റെ സാർവദേശീയ പ്രസിഡന്റ്.

പ്രതിമയുടെ കാലിൽ നിന്ന് ഒഴുകിയ വെള്ളം

പൊളിഞ്ഞുപോയ ഒരു ദിവ്യാത്ഭുതം.

പൊളിഞ്ഞുപോയ ഒരു ദിവ്യാത്ഭുതം. അത് തുറന്നു കാണിച്ചതിന് സനൽ ഇടമറുക് ജീവിതം കൊണ്ട് നൽകിയ വില ചെറുതായിരുന്നില്ല.

മുംബൈയിലെ കത്തോലിക്കാ പള്ളിയിലെ പ്രതിമയുടെ കാലിൽ നിന്ന് ഒഴുകിയത് കേടുവന്ന അഴുക്കുചാലിൽ നിന്നുള്ള വെള്ളമാണ് എന്ന് പരിശോധിച്ച് കണ്ടെത്തിയ വിവരം ഞാൻ വെളിപ്പെടുത്തിയത് മുംബൈയിലെ ഒരു ടെലിവിഷൻ ചാനലിലൂടെയാണ്. അതേത്തുടർന്നു നടന്ന ചാനൽ ചർച്ചയിൽ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു അഞ്ചു പേരാണ് പങ്കെടുത്തത്. വളരെ വ്യക്തമായി ദിവ്യാദ്‌ഭുതത്തിന്റെ കള്ളി പൊളിച്ചു കാണിക്കുവാൻ എനിക്ക് കഴിഞ്ഞു. ചർച്ച നിർത്തിവയ്‌ക്കണം എന്ന് ഫോൺ ചെയ്ത് ആവശ്യപ്പെട്ട മുംബൈയിലെ ഒരു ബിഷപ്പിനോട് ചർച്ചയിൽ പങ്കുചേരാനാണ് ടെലിവിഷൻ ചാനൽ ആവശ്യപ്പെട്ടത്. സ്വന്തം ഭാഗം വാദിച്ചു ഫലിപ്പിക്കുവാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ബിഷപ്പ് പരിപാടിയിൽ നിന്ന് ക്ഷോഭിച്ച് ഇറങ്ങിപ്പോയി.

ടെലിവിഷൻ പരിപാടി കഴിഞ്ഞു പുറത്തിറങ്ങുന്ന എന്നെ കൈകാര്യം ചെയ്യുവാൻ അന്പതിലേറെ ആൾക്കാർ വരുന്ന ഒരു ക്വട്ടേഷൻ സംഘത്തെ പള്ളിയുടെ വാഹനങ്ങളിൽ ഇതിനോടകം അവർ ടെലിവിഷൻ സ്റ്റുഡിയോയ്‌ക്കു മുന്നിൽ എത്തിച്ചിരുന്നു. എന്നെ ജയിലിലടക്കുമെന്നും ഇനിയൊരിക്കലും സൂര്യപ്രകാശം കാണിക്കില്ല എന്നും ചാനൽ ചർച്ചയിൽ പങ്കെടുത്ത സഭയുടെ പ്രതിനിധികൾ പരസ്യമായി പ്രഖ്യാപിച്ചതും സ്‌മരണീയമാണ്. മണിക്കൂറുകൾക്കു ശേഷം സ്റ്റുഡിയോയുടെ പിൻവശത്തെ മതിലിലൂടെ വഴിയുണ്ടാക്കിയാണ് എനിക്ക് അവിടെനിന്നും പുറത്തു കടക്കാൻ കഴിഞ്ഞത്.

പിന്നീട് എന്നെ തട്ടിക്കൊണ്ടു പോകാനും കൊലപ്പെടുത്താനും നടന്ന ശ്രമങ്ങളെക്കുറിച്ചു ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങൾ തന്നെയാണ് എന്നെ അറിയിച്ചത്. മുംബൈയിലെ ദിവ്യാദ്‌ഭുത രഹസ്യം വെളിയിൽ കൊണ്ടുവന്നതിനു ശേഷം മൂന്നു മാസം കൂടി ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഞാൻ കോടതിയിൽ എത്തിയാൽ ഫാസിസ്റ്റു സ്വഭാവമുള്ള അക്രമി സംഘങ്ങളെ ഉപയോഗിച്ച് എന്നെ ആക്രമിക്കാനോ കൊലപ്പെടുത്തുവാനോ ശ്രമിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും, മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും, ഹോം മിനിസ്റ്റർക്കും, മലയാളി ആയിരുന്ന അന്നത്തെ ഗവർണർ കെ. ശങ്കരനാരായണനും (അദ്ദേഹം ഞങ്ങളുടെ കുടുംബ സുഹൃത്തുകൂടി ആയിരുന്നു) കത്തുകളയച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. നിയമ വിദഗ്‌ദ്ധരും പ്രമുഖ അഭിഭാഷകരും ഉൾപ്പെടുന്ന ഒരു നിയമ സഹായ സംഘം മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലുമെത്തും അതും കിട്ടിയില്ല.

സുഹൃത്തായ ഒരു കേന്ദ്രമന്ത്രി എന്നോട് വ്യക്തിപരമായി പറഞ്ഞു, ബിഷപ്പുമാർക്കെതിരെ ഒരു നിലപാടെടുക്കാൻ ബുദ്ധിമുട്ടാണ്, അവർക്ക് മാഡത്തോടുള്ള അടുപ്പം ആണ് പലരെയും പിന്തിരിപ്പിക്കുന്നത്, എന്ന്. മാഡം മറ്റാരുമല്ല കോൺഗ്രസ് അധ്യക്ഷയും യു.പി.എ അധ്യക്ഷയുമായ ശ്രീമതി സോണിയ ഗാന്ധിയാണ്. യഥാർഥത്തിൽ ബിഷപ്പുമാർക്ക് അവരുടെമേൽ സ്വാധീനം ഉണ്ടോ എന്ന് എനിക്ക് ഇപ്പോഴും തീർച്ചയില്ലെങ്കിലും പലർക്കും അങ്ങനെയൊരു ഭയം ഉണ്ടായിരുന്നു എന്നുള്ളത് വ്യക്തമാണ്.

നാലര വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുന്പോൾ ഇപ്പോഴും അന്പരപ്പാണ് തോന്നുന്നത്. സംഭവബഹുലമായിരുന്നു ഈ കാലയളവ്. ഇത്ര ദീർഘകാലം എന്റെ ജന്മനാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല.

35 വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സാർവദേശീയ നയതന്ത്ര സംഘടനയിലെ ജോലി രാജിവെച്ചു എഴുത്തിനും പൊതുപ്രവർത്തനത്തിനും വേണ്ടി എന്റെ ജീവിതം മാറ്റിവെയ്‌ക്കുന്പോൾ ഇന്ത്യയിൽ വരാനിരിക്കുന്ന വലിയൊരു മാറ്റത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

ഉത്തരേന്ത്യയിലെ ചെറുഗ്രാമങ്ങളിലും, കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും സ്വതന്ത്ര ചിന്തയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചു ആയിരക്കണക്കിന് യുവാക്കളെ കർമ്മനിരതരാക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ സഫലമായ കാലഘട്ടമായാണ് ഇപ്പോഴും വിലയിരുത്തുന്നത്.

ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നടത്തിയ നിരന്തര യാത്രകളിൽ ഓരോ വേദിയിലും നൂറു കണക്കിന് ആളുകളോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് എന്റെ സായാഹ്നങ്ങളെ അപഹരിച്ചത് ടെലിവിഷൻ സ്റ്റുഡിയോകളാണ്. ഉത്തരേന്ത്യയിലെ എല്ലാ ടെലിവിഷൻ ചാനലിലും ഞാൻ സജീവ സാന്നിധ്യമായിരുന്ന പതിനഞ്ചോളം വർഷങ്ങൾ. ഇതിൽ അവസാനത്തെ അഞ്ചു വർഷം ശരാശരി ഓരോ വർഷവും 250-ലേറെ ടെലിവിഷൻ സായാഹ്‌ന ചർച്ചകളിൽ യുക്തിചിന്തയുടെ ശബ്ദം സുവ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞു. രാഷ്‌ട്രഭാഷയായ ഹിന്ദിയിൽ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുക വഴി ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങൾക്ക് അതുവരെ പരിചയമില്ലാതിരുന്ന ഒരു പുതിയ മേഖല അവർക്കു മുന്നിൽ തുറക്കുവാനും കഴിഞ്ഞു.

ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ജനങ്ങളോട് നേരിട്ട് സംസാരിച്ചപ്പോഴും ദിവസേനയെന്നോണം ടെലിവിഷൻ ചാനലുകളിൽ അന്ധവിശ്വാസ സാമ്രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചപ്പോഴും ഉണ്ടാകാതിരുന്ന അസഹിഷ്‌ണുതയുടെ പുതിയൊരു വഴി തുറക്കുകയായിരുന്നു മുംബൈ പള്ളിയിലെ ദിവ്യദ്‌ഭുതം.

സാംസ്‌കാരിക ഫാസിസം

സാംസ്‌കാരിക ഫാസിസം പ്രകടമായി ഇന്ത്യയിൽ വളരാൻ തുടങ്ങിയത് മൂന്നു ദശാബ്ദം മുന്പാണ്. സൽമാൻ റുഷ്‌ദി സാത്താന്റെ വചനങ്ങൾ എന്ന പുസ്‌തകം എഴുതിയതിന് ഗ്രന്ഥകാരന്റെ തലയ്‌ക്ക്‌ ഇറാനിലെ സർവ്വാധിപ മതാധിപൻ ആയത്തൊള്ള ഖൊമേനി വൻതുക ഇനാമായി പ്രഖ്യാപിക്കുന്നതിന് മുന്പുതന്നെ ഇന്ത്യയിൽ ആ പുസ്‌തകത്തിനെതിരെ അക്രമാധിഷ്ഠിതമായ പ്രകടനം നടന്നു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇന്ത്യയിൽ എത്തുന്നതിനു മുന്പുതന്നെ അത് നിരോധിക്കപ്പെട്ടു. ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാൻ ആ പുസ്‌തകം നിരോധിക്കുന്നതിനു മുന്പാണ് അതെന്നും ഓർക്കണം.

കേരളത്തിൽ പി.എം. ആന്റണി ക്രിസ്‌തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം എഴുതിയപ്പോൾ നാടകസംഘത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് ഉപയോഗിച്ച് ഓരോ ജില്ലയിലും അതിന്റെ അവതരണം നിരോധിക്കുകയും ചെയ്തു. സുപ്രീംകോടതിവരെ ഈ കേസ് പോവുകയും വലിയ പ്രതിഷേധം കേരളമാകെ ഉയരുകയും ചെയ്‌തെങ്കിലും നാടകത്തിന് അവതരണ അനുമതി ലഭിച്ചില്ല. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ അരങ്ങേറിയ സാംസ്‌കാരിക ഫാസിസത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് ഈ നാടകത്തിന്റെ സ്‌ക്രിപ്റ്റ് പുസ്‌തകമായി ഞാൻ പ്രസിദ്ധീകരിച്ചത്.

സാംസ്‌കാരിക ഫാസിസത്തിന് വിവിധ മുഖങ്ങളുണ്ട്. തുടർന്ന് ആന്റണി കള്ളക്കേസിൽ പ്രതിയാവുന്നതും ജീവപര്യന്തം തടവുശിക്ഷ വാങ്ങിക്കുന്നതും നമ്മൾ കണ്ടു. ഞാൻ കൺവീനറും ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി പ്രസിഡന്റുമായി രൂപീകരിച്ച ആന്റണി ഡിഫൻസ് കമ്മിറ്റി സുപ്രീം കോടതിവരെ പോയെങ്കിലും ആന്റണിക്ക് നീതി ലഭിച്ചില്ല. എക്സിക്യൂട്ടീവ് ഓർഡറിലൂടെ ആന്റണിയുടെ വിമോചനത്തിനായി ഞാൻ മുൻകയ്യെടുത്തു നടത്തിയ ശ്രമത്തിന് മലയാളത്തിന്റെ സാംസ്‌കാരിക നായകന്മാരുടെ പൂർണ പിന്തുണ ലഭിച്ചു. പി.എം.ആന്റണിയെ വിമോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രി എ.കെ. ആന്റണിയാണ്. നാടക നിരോധനത്തിനെതിരെ ശബ്‌ദമുയർത്തിയ ഇടതുപക്ഷ പാർട്ടികൾ അധികാരത്തിലെത്തിയെങ്കിലും നിരോധനം നീക്കാത്തതിൽ പി.എം. ആന്റണിക്ക് അവസാനംവരെ ദുഃഖമുണ്ടായിരുന്നു.

തസ്‌ലിമ നസ്രീൻ ഇന്ത്യയിൽ എത്തുകയും കൊൽക്കൊത്തയിൽ താമസം ഉറപ്പിക്കുകയും ചെചെയ്‌തതിനു ശേഷം അവരുടെ കൃതികളിൽ ചിലത് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമ ബംഗാളിൽ നിരോധിച്ചത് സാംസ്‌കാരിക ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്.

എം.എഫ്.ഹുസൈന്റെ പെയിന്റിംഗുകൾക്കെതിരായി ഹൈന്ദവ തീവ്രവാദികളായ ചില സംഘങ്ങൾ അക്രമം കാണിക്കുകയും അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ ഫയൽ ചെയ്യുകയും ചെയ്തത്; കസാന്ത് സാക്കീസിന്റെ ക്രിസ്‌തുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച സിനിമ പ്രദർശിപ്പിച്ച തീയേറ്ററിന് തീയിടുമെന്നു പ്രഖ്യാപിച്ചു മുംബൈയിലെ കത്തോലിക്കാ തീവ്രവാദികൾ തെരുവിലിറങ്ങിയതും അതിന്റെ പ്രദർശനം നിർത്തി വയ്‌പിച്ചതും; ക്രിസ്‌തുമതത്തിലെ ദുരാചാരങ്ങളെ പരിഹസിക്കുന്ന പരിപാടി സംഘടിപ്പിച്ചതിനു മുംബൈയിലെ ഒരു ഗായക സംഘത്തിനെതിരെ ഭീഷണി മുഴക്കുകയും അവരെക്കൊണ്ട് ബിഷപ്പുമാർ മാപ്പു പറയിക്കുകയും ചെയ്തത്; എന്നുതുടങ്ങി വിവിധ മുഖങ്ങളോടെ സാംസ്‌കാരിക ഫാസിസം ഇന്ത്യയിൽ വളർന്നു വരികയാണ്. തീവ്രവാദ ഗ്രൂപ്പുകളോട് അനുനയ സമീപനം സ്വീകരിക്കുന്ന മാറിമാറി വരുന്ന ഗവണ്മെന്റുകൾ ഫലത്തിൽ ഇവർക്ക് ശക്തി പകരുകയുമാണ്.

സാംസ്‌കാരിക ഫാസിസത്തിന്റെ ചില മുഖങ്ങൾ മാത്രം തിരിച്ചറിയുകയും മറ്റു ചിലതിനെ സൗകര്യപൂർവം കാണാതെ കണ്ണടക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ അടവു നയത്തിന്റെ ഭാഗമാകാം. എന്നാൽ സാംസ്‌കാരിക നായകന്മാർ അതിനു മുന്നിൽ കഴുത്തു കുനിച്ചു കൊടുക്കേണ്ടതില്ല.

മുംബൈ പള്ളിയിലെ ദിവ്യാദ്‌ഭുതം ഞാൻ തുറന്നു കാണിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച്‌ അക്കാലത്തു കേരളശബ്ദത്തിൽ ഞാൻ എഴുതിയിരുന്നത് കൂടാതെ റിപ്പോർട്ടർ ചാനൽ ആവശ്യപ്പെട്ടതനുസരിച്ചു അവർക്കു നൽകിയ ഇന്റർവ്യൂ പ്രാധാന്യത്തോടെ വരികയും ചെയ്തു. മാതൃഭൂമി ദിനപത്രത്തിലും ഒരു മൂന്നു കോളം വാർത്ത വന്നതായി ഓർക്കുന്നു.

എന്നാൽ മലയാളത്തിലെ സാംസ്‌കാരിക നായകന്മാരിൽ നിന്ന് ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും ഉണ്ടാവാതിരുന്നത് എന്നെ അദ്‌ഭുതപ്പെടുത്തി. പ്രശസ്‌ത നോവലിസ്റ്റും എന്റെ പ്രിയ സുഹൃത്തുമായ ആനന്ദ് ഒളിവിൽ പാർത്തിരുന്ന ദിനങ്ങളിൽ ഞാനുമായി സന്പർക്കം പുലർത്തിയിരുന്നു എന്നത് സന്തോഷപൂർവം ഓർക്കുന്നു. എന്റെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളത്തിലെ സാംസ്‌കാരിക പ്രവർത്തകരുടെ ഒരു പൊതു പ്രസ്‌താവന തയ്യാറാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നതായും അറിയാം. ഞാൻ നേരിടുന്ന ഭീഷണി ചൂണ്ടിക്കാണിച്ചുകൊണ്ട് തിരുവനന്തപുരത്തെ ഒരു പൊതുയോഗത്തിൽആനന്ദ് സംസാരിച്ചതിനെക്കുറിച്ചു മലയാള മനോരമയിലെ ഒരു റിപ്പോർട്ടും എന്റെ ശ്രദ്ധയിൽ വരികയുണ്ടായി. കൂടുതലായി പ്രതികരിക്കാൻ പലർക്കുമുണ്ടായ മടി കേരളത്തിൽ സഭയ്‌ക്കുള്ള അസാധാരണ സ്വാധീനത്തെക്കുറിച്ചുള്ള പുതിയൊരു അറിവാണ്.

എന്റെ പ്രിയ സുഹൃത്തും യുക്തിവാദിയുമായ നരേന്ദ്ര ധാബോൽക്കർ കൊല്ലപ്പെട്ടത് 2013-ലാണ്. പൻസാരെ 2014 ഫെബ്രുവരിയിലും, ഡോ. കൽബുർഗി ആഗസ്റ്റിലും. ഈ യുക്തിചിന്തകരെ അജ്ഞാതർ വെടിവെച്ചു കൊന്നത് അതീവ ഖേദകരവും ഭീതി ഉണണർത്തുന്നതുമാണ്.

വൈകി ആണെങ്കിലും അത് സാംസ്‌കാരിക നായകന്മാരുടെ കൂട്ടായ്‌മക്കും പ്രതിഷേധത്തിനും തുടക്കം കുറിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. എന്നാൽ സെലക്‌ടീവ്‌ ആയി ഹിന്ദു സമുദായത്തിൽപ്പെട്ട അസഹിഷ്‌ണുതാവാദികളെ മാത്രം ടാർജെറ്റ് ചെയ്യുകയും ഇസ്ലാമിക-ക്രൈസ്‌തവ തീവ്രവാദികളുടെ ഫാസിസ്റ്റു സ്വഭാവമുള്ള അതിക്രമങ്ങളുടെ നേരെ കണ്ണടക്കുകയും ചെയ്യുന്നത് അപകടകരമായ ഫലം ഉണ്ടാക്കുകയും പുതിയ ധ്രുവീകരണത്തിന് വഴിയൊരുക്കുകയും ചെയ്യും എന്നത് അവർ മറന്നുകൂടാ.

എന്റെ ‘അമ്മ മരിച്ചത് 2015 -ൽ ആണ്. അമ്മ മരണശയ്യയിൽ ആയിരുന്ന സമയത്തു സഭയുടെ ഒരു പ്രതിനിധി എന്നോട് ആവശ്യപ്പെട്ടത് കർദ്ദിനാളിന് മാപ്പപേക്ഷ എഴുതിക്കൊടുക്കാനാണ്. അങ്ങനെ ചെയ്‌താൽ എനിക്കെതിരെ നിയമനടപടികളും മറ്റെല്ലാ നീക്കങ്ങളും അവസാനിപ്പിക്കാം എന്നും അമ്മയെ കാണാൻ വഴി ഒരുക്കാം എന്നും വാഗ്‌ദാനം ഉണ്ടായി. അമ്മയും ഞാനും ഇക്കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. മാപ്പപേക്ഷ കൊടുക്കാൻ തയ്യാറല്ല എന്ന വ്യക്തമായ മറുപടി അവർക്കു കൊടുത്തു.

അമ്മ സങ്കടത്തോടെ ആവണം മരിച്ചത്. ഒപ്പം അഭിമാനത്തോടെയും. ഞാൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയോ സഭയോട് അടിയറവു പറയുകയോ ചെയ്യാത്തതിൽ എന്റെ അമ്മയ്‌ക്ക്‌ അഭിമാനം ഉണ്ടായിരുന്നു.