ക്രിസ്തുമസ് ദിനത്തിൽ പയ്യന്നൂരിൽ വെച്ചാണ് ശ്രീമതി തൃപ്തി ദേശായിയെ കാണുന്നത്. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ശാസ്ത്ര വിദ്യാഭ്യാസ സെമിനാറായ ” സ്വതന്ത്ര ലോകം 2016 ” ൽ ജെന്റർ ഈക്വാലിറ്റി സെഷൻ ഉത്ഘാടനം ചെയ്യാനായി എത്തിയതാണവർ.

നൂറു സ്ത്രീകളാടൊപ്പം 2017 ജനുവരി 10 നും 20നുമിടയിൽ ശബരിമല കയറുമെന്നുള്ള സ്വതന്ത്ര ലോകം സെമിനാറിലെ തൃപ്തിയുടെ പ്രഖ്യാപനം നാഷണൽ ഡെയിലികളിലടക്കം വൻ പ്രാധാന്യത്തോടെ വന്ന ഒരു പ്രഭാതമായിരുന്നു അത്. അതിനാൽ ശബരിമലയെ കുറിച്ച് തന്നെയായി ആദ്യ ചോദ്യം.

? ശബരിമല ചവിട്ടാൻ തൃപ്തിക്കൊപ്പം കേരളത്തിൽ നിന്ന് വല്ല സംഘടനകളുമുണ്ടോ?

തൃപ്തി ദേശായി : കേരളത്തിൽ നിന്നും നിരവധി സംഘടനകൾ ബന്ധപ്പെടുന്നുണ്ട്. പലരും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുമുണ്ട്.

ഹനുമാൻ സേന എന്നൊരു സംഘടന താങ്കളെ ളെ തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പത്രത്തിൽ കണ്ടു.

തൃപ്തി: ഹിന്ദു ധർമ്മസേനയുടെ ഭീഷണി ശ്രദ്ധയിൽ പെട്ടിരുന്നു. വേറെയും ഒരു പാട് ഭീഷണികൾ വരുന്നുണ്ട്. സനാതൻ സൻസ്ഥ ,ശ്രീരാമസേന എന്നിങ്ങനെ ഒരു പാട് .

സനാതൻ സൻസ്ഥ; അവർ കുറെ കൂടി അപകടകാരികളല്ലേ? നരേന്ദ്ര ദബോൽക്കറെ ഒക്കെ വകവരുത്തിയെന്ന് ആരോപിക്കപ്പെടുന്നവർ ?

തൃപ്തി: ധബോൽക്കറെ മാത്രമല്ല, കൽബർഗ്ഗിയെയും പൻസാരെയുമൊക്കെ വകവരുത്തിയതാണവർ. അവരുടെ വക ഒരു ഭീഷണിക്കത്ത് എനിക്കും വന്നിരുന്നു; “അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത് , കൊന്നുകളയും ” എന്നൊക്കെ പറഞ്ഞ്. മുംബൈയിലെ ഹാജി അലി ദർഗ്ഗയിൽ പോയപ്പോൾ വേറൊരു തരം എതിർപ്പാണ് നേരിടേണ്ടി വന്നത്. ” നിങ്ങൾ ഹിന്ദുവല്ലേ, ഞങ്ങളുടെ ദർഗയിൽ നിങ്ങൾക്കെന്താണ് കാര്യം എന്നൊക്കെ പറഞ്ഞ് തടയാൻ വന്നു. ഞാൻ പബ്ലിസിറ്റി സ്റ്റണ്ട് ചെയ്യുകയാണെന്നൊക്കെ ആരോപിച്ചു. പക്ഷെ എന്നെ സംബന്ധിച്ച് ഈ വിഷയത്തിൽ ഒരു പോസിറ്റീവ് വശം ഉണ്ടായിരുന്നു. എന്റെ അച്ഛന് ദർഗ്ഗകളുമായി ബന്ധപെട്ട് പല ഇടപാടുകളുമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽക്കു തന്നെ അഛൻ ഇടക്കിടക്ക് എന്നെ പല ദർഗ്ഗകളിലും കൊണ്ടു പോകാറുണ്ടായിരുന്നു. അതിന്റെയൊക്കെ ഫോട്ടോകൾ കാണിച്ചാണ് ഞാൻ അവരുടെ ആരോപണങ്ങളെ നേരിട്ടത്.

ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടോ? മതവികാരങ്ങൾ വ്രണപ്പെടുമ്പോൾ അതിന് സാധ്യത കൂടുകയല്ലേ?

തൃപ്തി ദേശായി: രണ്ട് തവണ എനിക്ക് നേരെ ആക്രമങ്ങൾ ഉണ്ടായി .ഒരിക്കൽ മഹാലഷ്മി ടെമ്പിളിൽ വെച്ച്. കോലാപൂരിലുള്ള ക്ഷേത്രമാണ്. പക്ഷെ നാസിക്കിലെ ത്രിംബകേശ്വർ ശിവക്ഷേത്രത്തിൽ വെച്ചാണ് മരണവുമായി മുഖാമുഖം കണ്ടത്. മുപ്പതു ലക്ഷം രൂപക്കാണ് എന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തിരുന്നത്. അമ്പതോളം പേർ ജീപ്പിലും ബൈക്കിലുമായി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്നാക്രമിച്ചു. എനിക്കപ്പോൾ പോലീസ് പ്രൊട്ടക്ഷൻ ഉണ്ടായിരുന്നു. കല്ലേറും പെട്രോൾ ബോംബു വർഷവും സഹിക്കാനാവാതെ പോലീസ് വാഹനം പിന്തിരിഞ്ഞോടി. ഞങ്ങളുടെ കാറിന്റെ ചില്ലുകൾ മുഴുവൻ അവർ തകർത്തു . ഞങ്ങൾ സീറ്റിൽ മരിച്ച പോലെ കിടന്നു. “അവരുടെ കഥ കഴിഞ്ഞു ” ക്വട്ടേഷൻകാർ ഫോൺ വിളിച്ച് ആരേയൊ അറിയിക്കുന്നത് ഞാൻ കേട്ടു. അവർ പോയെന്നുറപ്പായപ്പോൾ 100 ലേക്ക് ഞാൻ പോലീസിനെ വിളിച്ചു. ഇരുപതു മിനിട്ടു അതേ കിടപ്പു കിടന്നു. പിന്നെ പോലീസ് വന്ന് ഞങ്ങളെ രക്ഷിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള ഞങ്ങളുടെ സമരത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഇന്നും ജീവിച്ചിരിക്കുന്ന ഈ ഞാൻ.

ഇത്രയും വലിയ ആക്രമണം ഉണ്ടായതല്ലേ; മീഡിയയുടെ സമീപനം എങ്ങിനെയായിരുന്നു.

തൃപ്തി ദേശായി: അക്കാലത്ത് ദേശീയ പത്രങ്ങൾ നെഗറ്റീവ് ആയാണ് എന്നോട് പെരുമാറിയത്. സോഷ്യൽ മീഡിയയാണെങ്കിൽ ദുഷ്പ്രചാരണങ്ങൾ അഴിച്ചുവിട്ടു. എന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് വികൃതമാക്കി അവതരിപ്പിച്ചു. എന്റെ കൈയുടെ സ്ഥാനത്ത് മദ്യ ഗ്ലാസ്സ് പിടിച്ച മറ്റൊരു കൈ ഫിറ്റ് ചെയ്‌ത് ഞാൻ മദ്യപാനിയാണെന്ന് ചിത്രീകരിച്ചു. ഞാൻ നാലു കല്യാണം കഴിച്ചിട്ടുണ്ട്. കുടിക്കും വലിക്കും എന്നൊക്കെയുള്ള പോസ്റ്റുകൾ നിരന്തരമായി ഫേസ് ബുക്കിലും വാട്ട്സ് അപ്പിലും വന്നു കൊണ്ടിരുന്നു. ഒരു സാധാരണ സ്ത്രീയായിരുന്നെങ്കിൽ നാണക്കേടു കൊണ്ട് ജീവിതമവസാനിപ്പിക്കുമായിരുന്നു. പക്ഷെ ഞാൻ എന്റെ ലക്ഷ്യത്തെ കുറിച്ച് മാത്രമോർത്ത് ധൈര്യം സംഭരിച്ച് പിടിച്ചു നിന്നു. പ്രതിസന്ധികളിൽ മനസ്സിനെ സ്വയം പറഞ്ഞു ബലപ്പെടുത്തി.”ഞാൻ പിറകോട്ടില്ല” .ഞാൻ പ്രതികരിക്കാതിരുന്നപ്പോൾ കുലുങ്ങുന്നില്ലെന്ന് കണ്ടപ്പോൾ എല്ലാം കെട്ടടങ്ങി.

ഞങ്ങൾ സ്വതന്ത്ര ചിന്തകരാണ്. ദൈവം പോലുള്ള അന്ധവിശ്വാസങ്ങൾ ഞങ്ങൾക്കില്ല. താങ്കൾ വിശ്വാസിയാണെങ്കിലും താങ്കളുടെ പോരാട്ടങ്ങളിൽ ഞങ്ങൾക്ക് യോജിക്കാവുന്ന ചിലതുണ്ട്. ഉദാഹരണമായി ലിംഗസമത്വം.പൊതു വിടങ്ങളിൽ സ്ത്രീക്കുള്ള വിലക്കിനെതിരെ താങ്കൾ പോരാടുന്നു. ഇന്നലെ സെമിനാറിൽ പ്രസംഗിച്ചപ്പോൾ താങ്കളൊരു പാരമ്പര്യവാദിയാണെന്ന് പ്രഖ്യാപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. പക്ഷെ ഒരു പാരമ്പര്യവാദിക്കെങ്ങിനെ പാരമ്പര്യങ്ങളെ എതിർക്കാനാകും..?

തൃപ്തി ദേശായി: തീർച്ചയായും പറ്റും. ഞാൻ അതല്ലേ ചെയ്യുന്നത്.

സ്വാമി അയ്യപ്പന്റെ കഥ ഒരു പാക്കേജാണ്. അതിനൊരു ട്രെഡീഷൻ ഉണ്ട്. 41 ദിവസ വ്രതം, വെജിറ്റേറിയനിസം , ബ്രഹ്മചര്യം, ആർത്തവ അശുദ്ധി ഒക്കെ ഒരു ട്രെഡീഷണൽ പാക്കേജാണ്. ഒരു പാരമ്പര്യവാദിക്ക് ആ പാക്കേജ് അംഗീകരിക്കുകയെ നിർവാഹമുള്ളൂ. മറ്റു വഴിയില്ല.

തൃപ്തി ദേശായി: പാരമ്പര്യവാദിയായാലും കുഴപ്പമൊന്നുമില്ലെന്നാണ് ഞാൻ കരുതുന്നത്. നാം ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്, ദസറയും ദീപാവലിയും ആഘോഷിക്കുന്നുണ്ട്. അതൊക്കെ പാരമ്പര്യത്തിന്റെ നല്ല ആചാരങ്ങളാണ്. പക്ഷെ തെറ്റായ ആചാരങ്ങൾ പരിഷ്ക്കരിക്കപ്പെടണം . വിധവകളായ സ്ത്രീകൾ തലമുടി വടിക്കണം, വിവാഹം കഴിക്കരുത്, അമ്പലങ്ങളിൽ പോകരുത് എന്നിങ്ങനെയുള്ളവ പരിഷ്ക്കരിച്ചെ മതിയാകൂ. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.

വേറൊരു കൂട്ടം ആളുകൾ പറയുന്നത് അവർ കാത്തിരിക്കാൻ തയ്യാറാണെന്നാണ്. Ready to wait. അവരും പാരമ്പര്യവാദികളാണ്.

തൃപ്തി ദേശായി: അവർ കാത്തിരിക്കട്ടെ. അതവരുടെ ഇഷ്ടം, ഞങ്ങൾ പോകുന്നു , അത് ഞങ്ങളുടെ ആവശ്യം. ഞങ്ങളാരെയും നിർബന്ധിക്കുന്നില്ല.

തിരുവനന്തപുരത്തുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരീദാർ ധരിച്ച് അമ്പലത്തിൽ പ്രവേശിക്കാനാവില്ല.

തൃപ്തി ദേശായി: കേട്ടിട്ടുണ്ട്. തെറ്റായ ആചാരമാണത്. അമ്പലത്തിൽ അത്തരം ഡ്രസ്സ് കോഡൊന്നും കൊണ്ടു വരാൻ പാടില്ല. കോലാപൂർ മഹാലഷ്മി മന്ദിറിൽ ഞങ്ങളെ തടയുമ്പോൾ അവർ പറഞ്ഞത് സാരി ഉടുത്തു വരാനാണ്. ഞങ്ങൾ ഷോട്ട്സും ഫ്രോക്കുമൊന്നുമല്ല ധരിച്ചിരുന്നത്. കുർത്തയും ജാക്കറ്റും പഞ്ചാബി വേഷവുമൊക്കെയായാണ് പോയത്. എന്നീട്ടും സാരി വേണമെന്ന് നിർബന്ധം പിടിച്ചു.

സുപ്രീം കോടതിയോ അമ്പലത്തിന്റെ ട്രസ്റ്റ് നിയമത്തിലോ സാരി നിർബന്ധമാണ് എന്നെഴുതി വെച്ചീട്ടുണ്ടെങ്കിൽ മാത്രമെ പിൻമാറുകയുള്ളുവെന്ന് ഞങ്ങൾ ശഠിച്ചു.

അമ്പലത്തിനുള്ളിൽ വെച്ച് പൂജാരി എന്റെ കഴുത്തിന് കയറി പിടിച്ചു അസഭ്യം പറഞ്ഞു. ടി.വി. ക്യാമറകൾ നോക്കിനിൽക്കെയായിരുന്നു അത് സംഭവിച്ചത്.

60 വയസ്സുള്ള ഒരു പുരോഹിതൻ; അതും ദേവിക്ക് പൂജ ചെയ്യുന്ന ഒരാൾ. മകളുടെ മകളാകാൻ പ്രായമുള്ള ഒരു പെൺകുട്ടിയുടെ കഴുത്തിൽ കയറി പിടിച്ചീട്ടും തെറി പറഞ്ഞിട്ടും നശിക്കാത്ത ക്ഷേത്രശുദ്ധി ഞങ്ങൾ ചുരിദാറിട്ട് ദർശനം നടത്തിയാൽ നശിക്കുമോ?

അമ്പലത്തിനു പുറത്തേക്കിറങ്ങിയപ്പോൾ കല്ലേറുണ്ടായി. ഭഗവാൻ അവിടെയും ഞങ്ങൾക്കൊപ്പമായിരുന്നു. ജീവനോടെ അവിടെ നിന്നും രക്ഷപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞു.

പാരമ്പര്യാനുഷ്ഠാനങ്ങളെ ഒരൊറ്റ പാക്കേജായി കണ്ടെതിർക്കാതെ പരിഷക്കർത്താക്കൾക്ക് മുന്നോട്ടു പോകാനാകുമോ?

തൃപ്തി ദേശായി: പാരമ്പര്യത്തെ മൊത്തമായി എതിർക്കുന്നത് ഗുണം ചെയ്യില്ല. ഞാൻ ഒരുദാഹരണം പറയാം. 2000 ൽ ഷാനി ഷിഹ്നാപൂർ ക്ഷേത്രപ്രവേശനത്തിനായി നരേന്ദ്ര ധമ്പോൽക്കർ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു. അദ്ദേഹം നിരീശ്വരവാദിയായതിനാൽ അതിന് ജനപിന്തുണ കിട്ടിയില്ല . 2001 ൽ ധബോൽക്കർ ഹൈക്കോടതിയിൽ ഇതിനായി ഒരു കേസ്സും കൊടുത്തിരുന്നു. കോടതി ഒരു തീരുമാനവുമെടുക്കാതെ കേസ്സ് തഴഞ്ഞു. ഇതേ വിഷയം ഞങ്ങൾ 2013 ൽ ഏറ്റെടുത്തു .ഫെബ്രുവരിയിൽ കൊടുത്ത കേസ്സിന് ഏപ്രിലിൽ തന്നെ അനുകൂല വിധി സമ്പാദിച്ചു. കാരണമെന്താണ്?
ഞങ്ങൾ വിശ്വാസത്തെയും പാരമ്പര്യത്തെയും തള്ളി പറഞ്ഞില്ല.

പൊതു രംഗത്തേക്ക് വരുന്നത് എങ്ങിനെയാണ്? പ്രത്യേകിച്ചെന്തെങ്കിലും കാരണത്താൽ?

തൃപ്തി ദേശായി: പഠനത്തിനു ശേഷം 2003 മുതൽ ചേരികൾ കേന്ദ്രീകരിച്ചുള്ള സോഷ്യൽ വർക്കായിരുന്നു ചെയ്തു കൊണ്ടിരുന്നത്. 2007 ൽ യാദൃഛികമായി ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കേണ്ടി വന്നു. അന്നത്തെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായ അജിത് പവാറിനെതിരെയായിരുന്നു ആ പ്രക്ഷോഭം . സഹകരണ ബാങ്കായ “അജിത് കോപ്പറേറ്റീവ് ബാങ്കിലെ ” നിക്ഷേപകരുടെ 50 കോടി രൂപ തിരിച്ചു കിട്ടുന്നതിനായി രണ്ടു വർഷത്തോളം കോടതിയിലും പുറത്തുമായി സമരം നടത്തേണ്ടി വന്നു.
നിക്ഷേപകരുടെ സംഘടനയെ ഞാൻ നയിച്ചു.

പവാറിന്റെ ഗുണ്ടകൾ എന്നെ ഭീക്ഷണിപ്പെടുത്തി.ഗുണ്ടകളുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ പവാർ ഇരിക്കുന്ന ഒരു പൊതുയോഗത്തിലേക്ക് ഞങ്ങൾ കയറിച്ചെന്നു. ” തനിക്കെന്നെ തല്ലണമെങ്കിൽ ഇപ്പോൾ തല്ലിക്കോ , ഭീഷണി വേണ്ട” ഇതും പറഞ്ഞ് ഞാനയാളുടെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.

പവാറിന്റെ പ്രതാപ കാലമായിരുന്നു അത്. അയാളുടെ നേരെ നോക്കി സംസാരിക്കാൻ പോലും ജനങ്ങൾ ഭയപ്പെട്ടിരുന്നു. അതിനാൽ മാധ്യമങ്ങൾക്കിതൊരു നല്ല വാർത്തയായി. ചത്രപതി ശിവാജിയുടെ പരമ്പരയിൽ പെട്ട ഒരു എം.പി. മാത്രമെ ഇതിനു മുൻപ് പവാറിന്റെ ദേഹത്ത് കൈവെച്ചിരുന്നുള്ളൂ. മാധ്യമങ്ങൾ ആ സംഭവത്തെ ഇതുമായി താരതമ്യം ചെയ്തു.

അന്നെനിക്ക് 24 വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പൊതു സമൂഹത്തിന്റെയും നിയമത്തിന്റെയും പിന്തുണയോടെ പ്രക്ഷോഭം ഞങ്ങൾ ജയിച്ചു.
നിക്ഷേപകർക്ക് നിക്ഷേപതുക തിരിച്ചു കിട്ടി.

അതിനൊക്കെ ശേഷമാണോ സ്ത്രീകളുടെ തുല്യതക്കായുള്ള സംഘടന സ്ഥാപിക്കുന്നത്?

തൃപ്തി ദേശായി: അല്ല , 2010 ലാണ് രണ റാണി ഭൂമാത ബ്രിഗേഡ് സ്ഥാപിക്കുന്നത്. ഇപ്പോൾ 5000 ത്തോളം സ്ത്രീകൾ ഇതിലംഗങ്ങളാണ്.

രണ റാഗിണി: എന്താണർത്ഥം..?

തൃപ്തി ദേശായി: ഝാൻസി റാണിയെന്നു കേട്ടിട്ടില്ലേ. സ്ത്രീകളുടെ ധൈര്യത്തെയും അർപ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു പേര്. രണ റാഗിണി .

തൃപ്തിയെ പറ്റി ഒരു ഫീച്ചർ സിനിമയൊക്കെ ഇറങ്ങുന്നുവെന്നു കേട്ടല്ലോ?

തൃപ്തി ദേശായി: ഉവ്വ്. തായ് ഗിരി എന്നാണ് പേര് . ഫെബ്രുവരിയിൽ റിലീസ് ഉണ്ടാകും. യു ട്യൂബിൽ അതിന്റെ ട്രയിലർ ഒക്കെ വന്നു കഴിഞ്ഞു.
(ഫോൺ എടുത്ത് കാണിച്ചു തന്നു. ഒരു കമേഴ്സിയൻ ടച്ചൊക്കെ ഉണ്ട്. )

ആരാണ് സംവിധായകൻ.?

തൃപ്തി ദേശായി: ബബ്ബർ സുഭാഷ് ; 1982ൽ ഇറങ്ങിയ Diടco Dancer എന്ന സിനിമയുടെ സംവിധായകൻ. ആ സിനിമ കണ്ടീട്ടുണ്ടോ?

പിന്നില്ലേ! ഏഴു തവണ കണ്ടീട്ടുണ്ട്. അതിലെ നടനായിരുന്ന മിഥുൻ ചക്രവർത്തി കേരളത്തിലന്ന് ഒരു ഡിസ്കോ തരംഗം തന്നെയുണ്ടാക്കി. അല്ല ഒരു കാര്യം കൂടി ചോദിച്ചോട്ടെ . എന്താണീ തായ് ഗിരി?

തൃപ്തി ദേശായി: ദാദാഗിരി എന്ന് കേട്ടിട്ടില്ലേ? അതുപോലെ സ്ത്രീകളുടെ ഒരു ഗിരി. തായ് ഗിരി .

തൃപ്തി അങ്ങിനെയാണെന്നു തോന്നുന്നു. എല്ലാറ്റിനും ഒരു “സ്ത്രീ ബദൽ ” ഉണ്ട്. ധീരയാണവർ.മതവികാര വ്രണിതഹൃദയജ്ഞരുടെ അന്തം വിട്ട ഫോട്ടോ ഷോപ്പു കുതന്ത്രങ്ങൾക്കൊന്നും തോൽപ്പിക്കാനാവാത്ത ഉറച്ച സ്ഥൈര്യം തീരുമാനങ്ങളിൽ പ്രകടമാണ്. ഏകദേശം ഒരു മണിക്കൂർ നേരത്തെ സൗഹൃദ സംഭാഷണങ്ങളിലൂടെ എനിക്ക് ബോധ്യപ്പെട്ടതിതാണ്.

മകരകുളിരടിച്ച് മലയാളി പുതച്ചു മൂടി കിടക്കുന്ന ഒരു പുലർകാലത്ത് അവർ സ സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടി മലയിലേക്ക് നടന്നു കയറി പോകും. നെഹ്റു പറഞ്ഞ പോലെ വിധിയുമായി സമാഗമിക്കുന്ന സന്ദർഭമായിരിക്കും അത്. Tryst with destiny .