ലെനിൻ രാജേന്ദ്രന്റെ 2003 ൽ ഇറങ്ങിയ ചിത്രമാണ് “അന്യർ”. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ ഇത്രയധികം സമ്യക്കായി അവതരിപ്പിക്കുന്ന ഒരു ചിത്രം അതിനു മുൻപോ, അതിനു ശേഷമോ ഉണ്ടായിട്ടില്ല. 2003-ൽ ഈ ചിത്രം കാണുമ്പോൾ കേരളം ഭയന്നു തുടങ്ങിയിരുന്നതേ ഉണ്ടായിരുന്നുള്ളു. അതിർത്തികൾ കടന്ന് വിഭാഗീയത കേരളത്തിൽ എത്തുന്നത് ദൂരെ നിന്ന് നോക്കി കാണുന്നത് പോലെയാണ് അന്ന് എനിക്ക് തോന്നിയത്. എന്നാൽ ഇന്ന് അത് നമ്മുടെ വീടിന്റെ മുറ്റത്ത് എത്തി. വംശീയ ധ്രുവീകരണം മണിക്കൂറുകൾ വച്ച് ഏറി വരുന്നു.

മതവും, മതഭ്രാന്തും ഒരു വശത്തു നിന്ന് ജനങ്ങളെ നാലാം നൂറ്റാണ്ടിലെ മരുഭൂമിയിലെ സംസ്ക്കാരം അനുവർത്തിക്കുവാൻ വേണ്ടി പിടിച്ചു വലിക്കുന്നു, മറു വശത്താകട്ടെ വിധ്വേഷവും വെറുപ്പും സഹസ്രാബ്ദങ്ങൾക്ക് പുറകിലേയ്ക്കുള്ള ശിലാ യുഗത്തിലേക്ക് മനുഷ്യന് കൂട്ടി കൊണ്ട് പോകുന്നു. ഇനിയും ഒരു കൂട്ടർ, ഇരുണ്ട നൂറ്റാണ്ടിലെ വിഭ്രാന്തി സിദ്ധാന്തത്തിലേയ്ക്കും, ഒരിക്കൽ പഴയകിയ നിയമം എന്ന് അവർ തന്നെ എഴുതി തള്ളിയതുമായ പ്രാകൃത ഗോത്രവർഗ ദുരാചാരങ്ങളിലേയ്ക്ക് ആടുകളെ തെളിയിക്കുന്നു. ഇതിനടിയിൽ ധനസമ്പാദനത്തിൽ മുഴുകിയിരിക്കുന്ന ഇടയന്മാർ വല്ല്യ ഇടയന്റെ മഹത്തരമായ ആഹ്വാനങ്ങളെ തൃണ വൽക്കരിക്കുന്നു.

ഫാസിസം അതിന്റെ ലക്ഷണങ്ങൾ ഓരോന്നായി കാണിച്ചു തരുമ്പോഴും ,രാജ്യ സ്‌നേഹത്തിന്റെ പുകമറയിൽ ബഹുജനത്തെ ഒരു വിഭ്രാന്തിയിൽ നിറുത്തുന്നു. നമ്മളുടെ കൂടെ അല്ലാത്തവർ എല്ലാം നമ്മുടെ ശത്രുക്കൾ ആണെന്ന വംശ വെറിയുടെ, വിഭ്രാന്തിയുടെ സിദ്ധാന്തം. അജ്ഞത ഒരു അനുഗ്രഹമാണ് മൂഢന്മാർക്ക്. വംശ വെറിയുടെ മരണ മണി നാദം അടുത്തു വരുന്നതു പോലെ. അർമേനിയോ, റുവാണ്ടയോ, നാസി ജർമനിയോ ഒക്കെ സ്‌ക്രീനിൽ നിന്ന് നമ്മുടെ മണ്ണിലേക്ക് എത്തുമ്പോൾ ഓർക്കുക മനുഷ്യത്വത്തിന് എതിരായുള്ള ഏത് സിദ്ധാന്തവും മനുസ്യരാശിയെ മുച്ചൂടം മുടിക്കുക തന്നെ ചെയ്യും.

മുതലാളിത്തം, ജന്മിത്തം, മാടമ്പിത്തം, വർഗീയത, ഫാസിസം

ഈ വാക്കുകളും എല്ലാം നിത്യേനെ ഒരേ വാക്യാർത്ഥ സൂക്ഷ്‌മഭേദം കൽപ്പിച്ചാണ് പ്രയോഗിച്ചു കാണുന്നത്. അധീശ്വത സ്വഭാവം ഇതിന്റെയെല്ലാം പൊതു ഘടകം ആണെന്നു സമ്മതിക്കുമ്പോൾ തന്നെ, അവയുടെ ഗുരുത്വം തികച്ചും വിഭിന്നമാണ്. മുതലാളിത്തം, ജന്മിത്തം, മാടമ്പിത്തം, വർഗീയത, ഫാസിസം :- ഈ നാല് അവസ്ഥകളിൽ നിർദോഷം മുതലാളിത്ത മനോഭാവം തന്നെയാണ്. ജന്മിത്തം, മാടമ്പിത്തം തുടങ്ങിയ പ്രതിഭാസങ്ങൾ – അഹന്ത, ദുഷ്ട്ടത, അധീശ്വത മനോഭാവം, സുഖവിഷയകം തുടങ്ങിയ തിന്മകളുടെ പല അളവിലുള്ള ഏറ്റക്കുറച്ചിലുകൾ കൊണ്ട് ശ്രദ്ധേയമാണ്. വർഗീയത എന്നതു സാമൂഹികം എന്നതിലും ഉപരി ഒരു മനശ്ശാസ്ത്രമായ പ്രശനമാണ്. അസഹിഷ്ണുത തന്നെയാണ് ഈ തിന്മയുടെ പ്രധാന പ്രേരകവും ചാലകവും.

എന്നാൽ മേൽ പറഞ്ഞ തിന്മകളിൽ മുതലാളിത്ത മനോഭാവം ഒഴിച്ചുള്ള സകല തിന്മകളുടെയും ലോപമില്ലാത്ത സമ്മേളനമാണ് ഫാസിസ്റ്റു ചിന്താഗതിയിൽ ഉള്ളത്. അതിൽ അസൂയ, വംശ വെറി, എത്ര നീചമായ തെറ്റും ചെയ്യുവാനുള്ള മടിയില്ലായ്മ, വിദ്വേഷം, വെറുപ്പ്, മറ്റുള്ളവരുടെ തകർച്ചയിൽ ഉള്ള ആനന്ദം, മാടമ്പിത്തം എന്നിങ്ങനെ എല്ലാ അധമ മനോഭാവങ്ങളും ഭീതീകരമായി രീതിയിൽ തന്നെ ഒളിഞ്ഞിരിക്കുന്നു. വർഗീയത ഫാസിസത്തിന്റെ ഒരു ചെറിയ ഘടകം മാത്രമേ ആകുന്നുള്ളു.

വിദ്വേഷത്തിന്റെ വിഷം വിതയ്ക്കുമ്പോള്‍

കൃത്യമായ അജണ്ടയോടെ നടത്തുന്ന അന്യമത വിദ്വേഷത്തിന്റെ കൊടും വിഷം   പരത്തൽ, ഈ രാജ്യത്തയും, ലോകം മുഴുവൻ ഉള്ള നമ്മുടെ രാജ്യക്കാരെയും പ്രത്യക്ഷമായും, പരോക്ഷമായും ബാധിക്കും. ഇരിക്കുന്ന കൊമ്പു വെട്ടുന്നതിന് തുല്ല്യമാണിത്. പരസ്പ്പരം വെറുത്തു റുവാണ്ടക്കാര്‍ തങ്ങളുടെ പ്രതിച്ഛായകളെ കൊന്നു ഒടുക്കിയപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായി ഒരു രാജ്യത്തു തന്നെ ഒതുങ്ങിയ  കാലഘട്ടമല്ലിത്. ഇവിടെ നിങ്ങള്‍ വിതയ്ക്കുന്ന വിഷത്തിന്റെ  വിത്തുകള്‍  ലോകം മുഴുവന്‍ വീശുന്ന ഒരു കൊടുങ്കാറ്റായി  മാറും. വിഷം വിതയ്ക്കുന്നവര്‍ ഓര്‍ക്കുക; നിങ്ങള്‍ കൊയ്യുവാന്‍ പോകുന്നത് സര്‍വ്വ നാശത്തിന്റെ കൊടുങ്കാറ്റായിരിക്കും.

ലോകം ചുരുങ്ങികൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയുക. എല്ലാ രാജ്യത്തെയും നന്മകളുടെ പാഠങ്ങള്‍ നമ്മുക്ക് കുട്ടികളെ പഠിപ്പിക്കാം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ, അവര്‍ തന്നെ വെറുക്കുന്ന കുത്തഴിഞ്ഞ ജീവിത രീതികളെ നമ്മുടെ കുട്ടികള്‍ ഒരു കുരങ്ങിനെ പോലെ അനുകരിക്കുന്നത് തടയുകതന്നെ  വേണം.

വല്ലാതെ പെരുകുന്ന സമൂഹ അസഹിഷ്ണുത

അസഹിഷ്ണുത എന്ന വാക്ക് ഇന്ത്യയില്‍ ഇപ്പോള്‍ പരക്കെ കേട്ട് വരുന്ന ഒന്നാണ്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഉള്ള ഒന്നായി നമ്മള്‍ അസഹിഷ്ണുതയെ നിര്‍വച്ചിരിക്കുകയാണിപ്പോള്‍. പക്ഷെ നാം അറിഞ്ഞോ അറിയാതെയോ ഈ അസഹിഷ്ണുത നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലയിലും സമസ്ത വിഭാഗം ആളുകളിലും വല്ലാതെ വേരിറങ്ങി കഴിഞ്ഞു.

ആരും ആരെയും ശ്രവിക്കാന്‍ പോലും തയ്യാറല്ലാത്ത നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍ തന്നെ ഈ അസഹിഷ്ണുതയുടെ മകുടോദാഹരണമാണ്. തന്റെ അതെ ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാത്തവര്‍ എല്ലാം തന്റെ ശത്രുക്കളാണ് എന്ന ചിന്തയാണ് അസഹിഷ്ണുത എന്ന് പറയുന്നത്. തനിക്ക് ഉള്ള എല്ലാ അവകാശവും തന്റെ സഹജീവിക്കും ഉണ്ട് എന്ന അറിവില്ലായ്മ നമ്മുടെ സമൂഹത്തെ കാതങ്ങള്‍ പുറകോട്ട് പിടിച്ചു വലിക്കുകയാണ്.

നമ്മള്‍ക്കുള്ള അതെ അവകാശം തന്നെയാണ് നമ്മുടെ സഹജീവിക്കും ഈ ഭൂമിയില്‍ ഉള്ളത്. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. നമ്മുടെ വടി ചുഴറ്റുവാനുള്ള സ്വാതന്ത്രം അന്ന്യന്റെ മൂക്കിന്റെ തുമ്പ് തുടങ്ങുന്ന സ്ഥലത്ത് തീരുന്നു എന്ന് മനസിലാക്കുക. പൗര ബോധത്തിന്റെ അഭാവവും, ശാസ്ത്ര ബോധത്തില്‍ ഊന്നിയ യുക്തിഭദ്രമായ ചിന്താ രീതികളെ അപ്പാടെ തൃണ വല്‍ക്കരിക്കുന്നതും സമൂഹത്തില്‍ അസഹിഷ്ണുത വളരാന്‍ കാരണമാകുന്നു .

ശാസ്ത്ര ബോധം തൊട്ടു തീണ്ടാത്ത വിദ്യാഭ്യാസം

വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്ര പഠനത്തിന് ശേഷം സര്‍വ്വകലാശാലകളില്‍ നിന്ന് പുറത്തു വന്നിട്ട് ഐന്‍സ്റ്റിന്‍, ന്യുട്ടണ്‍, മാക്‌സ് പ്ലാങ്ക് തുടങ്ങിയവരുടെ അടിസ്ഥാന ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് അപ്പുറം ചില തൊട്ടാല്‍ വാടികളായ അമാനുഷിക ശക്തികളാണ് ഈ ലോകം ചലിപ്പിക്കുന്നത് എന്ന് പറയുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസം പരാജയപെട്ടു എന്ന് തന്നെ കരുതണം. പാഠ്യ പദ്ധതികളില്‍ കൃത്യമായി തന്നെ ശാസ്ത്ര ബോധവും, ശാസ്ത്ര ബോധത്തില്‍ ഊന്നിയുള്ള ചിന്താ ശൈലിയും, അന്വേഷണാത്മകതയും, യുക്തിചിന്തയും വര്‍ധിപ്പിക്കുന്ന പഠന വഴികള്‍ പ്രോത്സാഹിപ്പിക്കുന്നതാകണം പാഠങ്ങള്‍. മനുഷ്യരെ പരസ്പ്പരം ഭിന്നിപ്പിക്കുന്ന, ജാതിയത, വര്‍ഗീയ വാദം തുടങ്ങിയ വിഭാഗീയ ചിന്തകള്‍ തീര്‍ക്കുന്ന മതിലുള്‍ തകര്‍ക്കാന്‍ ഉതകുന്ന ചിന്താധാരകള്‍ കുട്ടികളില്‍ ഉണ്ടാക്കി എടുക്കണം. (Scientific Temper , Rationality scientific, Outlook and Spirit of inquiry )

ഉടച്ചു വാർക്കേണ്ട വിദ്യാഭ്യാസ മേഘല  

“വസുധൈവ കുടുംബകം ലോകമേ തറവാട്” എന്ന് ടാഗോര്‍ വിഭാവനം ചെയ്ത അന്താരാഷ്ട്ര വിദ്യാലയങ്ങളാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. സങ്കുചിതമായ കാഴ്ച്ചപ്പാടുകളും വിഭാഗീയമായ ഭേദ ചിന്തകളും കൊണ്ട് മനുഷ്യബന്ധങ്ങള്‍ക്ക് മതിലുകള്‍ തീര്‍ക്കാത്ത വിദ്യാലയം. കോര്‍പ്പറേറ്റ് ദാസ്യ വൃത്തിക്കും, പണസമ്പാദനത്തിനുമുള്ള യന്ത്രങ്ങളെ അടവെച്ച് വിരിയിക്കുന്ന പഠന സമ്പ്രദായം അല്ല നമുക്ക് വേണ്ടത്. മനുഷ്യത്വത്തിനും, മനുഷ്യ സ്‌നേഹത്തിനും മൗലിക പ്രാധാന്യം കല്‍പ്പിക്കുന്ന  വിദ്യാലയങ്ങള്‍ നമുക്ക് വേണം. പൊതു ജീവിതത്തിലും, കുടുംബ ജീവിതത്തിലും പാലിക്കേണ്ട വൃത്തി, മാന്യത, സഹിഷ്ണുത, ക്ഷമ തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാലയങ്ങള്‍ നമുക്ക് വേണം. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന പൗരബോധമുള്ളവരെ വാര്‍ത്തെടുക്കുന്നവയായിരിക്കണം വിദ്യാലയങ്ങള്‍.

ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി അവനു താല്‍പ്പര്യമുള്ള മേഖല തിരഞ്ഞെടുക്കുവാന്‍  പ്രാപ്തനാകുന്നു വിദ്യാഭ്യാസമാണ്  നമുക്ക് വേണ്ടത്. ട്രാഫിക്ക് നിയമങ്ങളും, മറ്റു പൊതു നിയങ്ങളും അനുസരിക്കേണ്ടത് ശിക്ഷിക്കപെടും എന്ന  ഭയം കൊണ്ടല്ല, മറിച്ച് അത് അനുസരിക്കേണ്ടത് തന്റെ കര്‍ത്തവ്യം ആണെന്നുമുള്ള  നീതി ബോധം  കുട്ടികളില്‍ രൂഢ മൂലമാക്കുന്നതായിരിക്കണം വിദ്യാലയങ്ങള്‍.

മനുഷ്യജീവനും മനുഷ്യത്വത്തിനും സഹ ജീവികളോടുള്ള കരുണയ്ക്കും അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന നല്ല മനുഷ്യരെ    വാര്‍ത്തെടുക്കുന്ന  വിദ്യാലയങ്ങളാണ്  രാജ്യത്തിന് ആവശ്യം. നമ്മുടെ നാട്ടിലെ ജോലിയോടുള്ള ആത്മാര്‍ത്ഥതയില്ലായ്മയും പുറം തിരിഞ്ഞ തൊഴില്‍ സംസ്‌ക്കാരവും അപ്പാടെ തിരുത്തി ഉത്തരവാദിത്വമുള്ള ഒരു കൂട്ടം പൗരന്മാരെ സൃഷ്ട്ടിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന് വേണ്ടത്.

അവശരോടും പ്രായമായവരോടും സമൂഹത്തിലെ അധ:സ്ഥിത വര്‍ഗത്തോടും കരുണയും ബഹുമാനും കാട്ടുന്ന ഒരു ഉദ്ബുദ്ധ സമൂഹത്തെ വാര്‍ത്തെടുക്കുന്ന വിദ്യാലയങ്ങള്‍  വേണം നമുക്ക്. മനരോഗികളെ ചുറ്റി പറ്റിയുള്ള അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും പാടെ നീക്കി അടിസ്ഥാനപരമായ മനശാസ്ത്ര പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലങ്ങള്‍ നല്‍കണം. മതത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു, ശാസ്ത്ര ബോധവും, ശാസ്ത്രബോധത്തില്‍ ഊന്നിയുള്ള ചിന്താരീതികളും നിര്‍ബന്ധമായും വിദ്യാലങ്ങള്‍ പരിശീലിപ്പിക്കണം.

‘ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ ഗുണങ്ങളെയും നന്മകളെയും കണ്ടെത്തി അത് വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം.’

മഹാത്മാ ഗാന്ധി.