(രവിചന്ദ്രൻ സി & മുഹമ്മദ് നസീർ ചേർന്നെഴുതിയ ലേഖനം )
ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ ബഹിരാകാശയാത്രികനായ ബസ് ആള്‍ഡ്രിന്‍ (Buzz Aldrin) ബാര്‍ട്ട് സിബ്രല്‍ (Bart Sibrel) എന്നയാളെ അമേരിക്കയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടലിന് പുറത്ത് വെച്ച് മുഖത്തടിച്ച സംഭവം ഒരര്‍ത്ഥത്തില്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങളും അവയുടെ വകഭേദങ്ങളായ തട്ടിപ്പുവാദസിദ്ധാന്തങ്ങളും (hoax theories) ചിലപ്പോളെങ്കിലും എത്രമാത്രം അസഹ്യമായി തീരാറുണ്ട് എന്നതിന്റെ ഒരു പ്രതീകമാണ്. 2002 ലായിരുന്നു ഈ സംഭവം. അപ്പോളോ-11 ദൗത്യം നാസ നടത്തിയ ഒരു തട്ടിപ്പാണ് എന്ന് വിശ്വസിക്കുന്ന സിബ്രല്‍ തന്റെ കയ്യിലിരിക്കുന്ന ബൈബിളില്‍ തൊട്ട് ചാന്ദ്രയാത്ര നടത്തിയിരുന്നു എന്ന് പറയാന്‍ ഓള്‍ഡ്രിനെ വെല്ലുവിളിച്ചു വിടാതെ പിന്തുടര്‍ന്നു. കള്ളനെന്നും ചതിയനെന്നും വിളിച്ച് സിബ്രല്‍ പരസ്യമായി ഓള്‍ഡ്രിനെ അധിക്ഷേപിച്ചു. അതെല്ലാം ഒരു വീഡിയോ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
”ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്കൊരു വലിയ കുതിച്ച് ചാട്ടം”എന്ന് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് (Neil Armstrong) വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കല്‍ നാടകമായിരുന്നു എന്ന് കേട്ടപ്പോള്‍ ഓള്‍ഡ്രിന് ശുണ്ഠി വന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആശ്ചര്യകരം എന്ന് പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുവാദകഥകള്‍ വിശ്വസിക്കാന്‍ നമ്മുടെ ലോകത്ത് കുറേയധികം ആളുകള്‍ ഇപ്പോഴുമുണ്ട് എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, അവരില്‍ പലരും ജോലിനോക്കുന്നത് യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളിലാണ്! എല്ലാ മനുഷ്യാന്വേഷണങ്ങളും, നിരീക്ഷണപരീക്ഷണങ്ങളും വെറും ‘കഥ’കളും ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും മാത്രമാകുന്ന ഒരു ഭാവനാ വ്യവഹാരലോകം സങ്കല്‍പ്പിക്കുക. അങ്ങിനെയുള്ള ഒരു ലോകത്ത് അറിയേണ്ടുന്ന വസ്തുതകളോ, യാഥാര്‍ത്ഥ്യങ്ങളോ കേവലം ഭാവനാവിലാസം മാത്രമായിരിക്കും എന്ന് കരുതാവുന്നതാണ്. അവിടെ വാസ്തവികതയുടെ മാനദണ്ഡങ്ങള്‍ പോലും കഥകളോ ആഖ്യാനങ്ങളോ ആയി പരിമിതപ്പെട്ടേക്കും. കഥകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടപ്പെടുന്ന ഒരു ജീവി വര്‍ഗ്ഗമാണ് മനുഷ്യന്‍ എന്നതുകൊണ്ട് തന്നെ ഈ സാങ്കല്‍പ്പികലോകം പൂര്‍ണ്ണമായും ഭാവനതലത്തില്‍ ഒതുങ്ങണമെന്നില്ല. ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നത് അത്തരമൊരു അപകടത്തെക്കുറിച്ചാണ്.
പുതുലോകക്രമ സിദ്ധാന്തം
2008 ല്‍ ലെമാന്‍ ബ്രദേര്‍സ്(Lehman Brothers Holdings Inc.) എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബേങ്ക് പാപ്പരായപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെട്ട കഥ ആ സ്ഥാപനത്തിലെ ജൂതരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ 400 ബില്യന്‍ ഡോളര്‍ ഇസ്രായേലിലെ നാല് ബേങ്കുകളിലായി നിക്ഷേപിച്ചു എന്നതായിരുന്നു. ജൂതവിരുദ്ധ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇതാദ്യത്തേതൊന്നുമല്ല. ജൂതവിരുദ്ധ വികാരമുണ്ടാക്കാന്‍ ജര്‍മ്മനിയില്‍ നാസികള്‍ ദി പ്രോട്ടോക്കോള്‍ ഓഫ് ദി എല്‍ഡേര്‍സ് ഓഫ് സിയോണ്‍ (The Protocols of the Meetings of the Learned Elders of Zion/1903)എന്ന ഒരു വ്യാജരേഖ ഉപയോഗിച്ചത് ഒരു ഉദാഹരണം. 1903 ല്‍ റഷ്യയില്‍ പ്രസിദ്ധീകരിച്ച ഈ രേഖ പ്രകാരം ഒരു രഹസ്യ ജൂതസംഘം ലോകം മുഴുവന്‍ കൈപ്പിടിയിലാക്കാന്‍ ഉപജാപം നടത്തുകയാണ്! ജൂതര്‍ ലോകം കീഴടക്കി മറ്റുള്ളവരെ പുറംജാതികളെപ്പോലെ പരിഗണിച്ച് പീഡിപ്പിക്കും! ഇത്തരമൊരു വ്യാജരേഖ കണ്ട് ജൂതര്‍പോലും ഞെട്ടിപ്പോയി. കടുത്ത ജൂതവിരോധിയായിരുന്ന പ്രസിദ്ധ അമേരിക്കന്‍ ഓട്ടോമൊബൈല്‍ വ്യവഹെന്റി ഫോഡ് (Henry Ford) ഈ രേഖയുടെ 5 ലക്ഷം പ്രതികളാണ് 1922 ല്‍ അമേരിക്കയില്‍ സ്വന്തം ചെലവില്‍ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തത്!
1933 ല്‍ ഹിറ്റ്‌ലര്‍ ജര്‍മ്മിനിയില്‍ അധികാരത്തില്‍ വന്നപ്പോഴേക്കും ഇതൊരു തട്ടിപ്പാണന്ന് ലോകം തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ഹിറ്റ്‌ലര്‍ അത് ജര്‍മ്മന്‍ സ്‌ക്കൂളുകളില്‍ പഠിപ്പിക്കുകയും തന്റെ ജൂതകൂട്ടക്കൊലയുടെ (Holocaust) ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പ്രോട്ടോക്കോള്‍ ഓഫ് സിയോണിന്റെ മറ്റോരു പതിപ്പാണ് പുതുലോകക്രമ സിദ്ധാന്തം (New World Order/Conspiracy theory). പ്രസ്തുത സിദ്ധാന്തമനുസരിച്ച് ചെറിയൊരു പ്രമാണിവര്‍ഗ്ഗ സംഘം ഈ ലോകത്തെയും അതിന്റെ സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിക്കാനുള്ള രഹസ്യപരിപാടി ആസൂത്രണം നടപ്പിലാക്കി വരികയാണ്. കൃത്യമായ പദ്ധതികളുമായാണ് അവര്‍ മുന്നോട്ടുപോകുന്നത്. ഈ പദ്ധതി നാം അംഗീകരിച്ചാല്‍ ഐ.എം.എഫും (IMF) ലോകബേങ്കും, ജോര്‍ജ് ബുഷും, ഇറാഖ് യുദ്ധവും, ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശവും ഒക്കെ ഈ പദ്ധതിയുടെ ഭാഗമാണ്!
ചാന്ദ്രയാത്രയെ കുറിച്ചുള്ള ഗൂഡാലോചനാ സിദ്ധാന്തം പരിഗണിച്ചാല്‍ അതിലും രസകരമായ സവിശേഷതകള്‍ ഏറെയുണ്ട്. അതില്‍ പ്രധാനം, വിവാദങ്ങളുടെ വന്യമായ ആഘോഷവും വില്‍പ്പനയുമാണ്. നാല് ലക്ഷം ആളുകളുടെ മനുഷ്യപ്രയത്‌നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്രാവിവാദം ഹാരിപോട്ടര്‍ സാഹിത്യംപോലെ വിറ്റഴിയപ്പെട്ടു. അമേരിക്കയില്‍ മാത്രം ആറ് ശതമാനം ആളുകള്‍ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്ന് വിശ്വസിക്കുന്നുണ്ടത്രെ. ഗൂഡാലോചനാ പ്രമാണങ്ങളുടെ ഒരു വശ്യത അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏത് സങ്കീര്‍ണ്ണമായ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും ഗൂഡാലോചനാവാദക്കാര്‍ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കുന്നു.
വസ്തുനിഷ്ഠമായി കൃത്യതയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കും പകരം അവയെല്ലാം ഏതെങ്കിലും ‘രഹസ്യ അജണ്ട’കളുടെ ഭാഗമാണെന്ന വിശദീകരണം വിളമ്പിവെക്കുന്നു. വേണ്ടത്ര പഠനങ്ങളോ അന്വേഷണങ്ങളോ സ്ഥിരീകരിക്കപ്പെട്ട ഡേറ്റകളോ അനാവശ്യമായി തീരുന്ന ഇത്തരം സിദ്ധാന്തങ്ങള്‍ പലപ്പോഴും ജനത്തിന്റെ മുന്‍വിധികളും ഇഷ്ടാനിഷ്ടങ്ങളും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണമായി ജൂതഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇസ്‌ളാമികലോകത്തും അമേരിക്കന്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ സോഷ്യലിസ്റ്റ് ലോകത്തും ചൂടപ്പംപോലെ വിറ്റഴിയും. 9/11 ഭീകരാക്രമണം ജൂതഗൂഡാലോചനയാണെന്ന് പ്രചരണം ഇസ്‌ളാമികലോകത്ത് ശക്തമാണെന്ന് മാത്രമല്ല പലരും മതവൈകാരികതയ്ക്ക് അടിപ്പെട്ട് മുന്‍പിന്‍ നോക്കാതെ അത്തരം കഥകള്‍ വെട്ടി വിഴുങ്ങുകയും ചെയ്യുന്നു. കേരളത്തില്‍ പോലും ഈയിനത്തില്‍ പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ, പാകിസ്ഥാനിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ RAW (Research and Analysis Wing) നടത്തുന്ന ഗൂഡാലോചനകളാണ്; ഇത്ര പ്രഹരശേഷിയുള്ള ഒരു രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയ്ക്കുണ്ടെന്ന് നമുക്കറിയില്ലെങ്കിലും!
ചരിത്രം
ഗൂഡാലോചനകളിലെ കഥാപരമായ അംശം ജനത്തിന് വളരെ ആകര്‍ഷണീയമായി അനുഭവപ്പെടും. അന്താരാഷ്ട്ര ഗൂഡാലോചന തുടങ്ങി വനംമാഫിയ വരെ ആസൂത്രണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന കഥകള്‍ പ്രസരിക്കുന്നു. ലോകത്തെ സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണം ഒരു പിടി ആള്‍ക്കാര്‍ മാറിയിരുന്ന് രഹസ്യമായി നടത്തുന്ന ഗൂഡാലോചനകളാണെന്നും നാം ശരിയെന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ വ്യാജമാണെന്നും ‘കണ്ടെത്തുമ്പോള്‍’ നമുക്ക് നമ്മോട് തന്നെ ഒരു മതിപ്പ് തോന്നുകയില്ലേ?! ”ആഹാ ഞാന്‍ മോശമല്ല, എല്ലാവരും പ്രതലത്തില്‍ മാത്രം പരതുമ്പോള്‍ എനിക്കതിന്റെ അന്തര്‍നാടകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞിരിക്കുന്നു” – എന്നൊരു ഉത്കൃഷ്ടബോധം അതുമൂലം ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഗൂഡാലോചനാസിദ്ധാന്തങ്ങളുടെ ഉപഭോക്താവാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഒരു ഘടകമിതാണ്.
ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. ഇന്ന് പക്ഷെ ഉന്നതവിദ്യാഭ്യാസരംഗത്തെ മാനവിക വിഷയവകുപ്പുകളില്‍ ഉത്തരാധുനിക ചിന്തകര്‍ക്കുള്ള അമിതസ്വാധീനത്തിന്റെ ഫലമായി ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ക്ക് ഒരു തത്വചിന്താപരമായ മാന്യത കൈവന്നിട്ടുണ്ട്. കുറേയാളുകള്‍ കൊണ്ട് നടക്കുന്ന ഏത് വിശ്വാസവും ഉത്തരാധുനികര്‍ക്ക് സ്വീകാര്യമാണ്. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങി എന്ന ചരിത്രവസ്തുതയും, അത് നാസയുടെ കബളിപ്പിക്കലാണെന്ന് വാദവും ഉത്തരാധുനികര്‍ക്ക് സാമൂഹ്യനിര്‍മ്മിതികളാണ്, ആഖ്യാനങ്ങളാണ്. Both are social constructs. ചരിത്രവും, ശാസ്ത്രവും, വിശ്വാസങ്ങളും, കപടവിശ്വാസങ്ങളും ഒക്കെ അവര്‍ക്ക് ഓരോരോ യാഥാര്‍ത്ഥ്യങ്ങളെ സൂചിപ്പിക്കുന്ന സാമൂഹ്യനിര്‍മ്മിതികളാണ്. അവ വാസ്തവമാണെന്നോ അവാസ്തവമാണെന്നോ പറയുന്നത് പോലും യുക്തിചിന്തയുടെ കടന്നുകയറ്റമായി അവര്‍ വിലയിരുത്തും. യുക്തിയും അന്ധവിശ്വാസവുമൊക്കെ വിവിധതരം വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഉത്തരാധുനികതാവാദമെന്ന കപടചിന്തയില്‍ എന്തും സാധ്യമാണ്. എല്ലാമവിടെ ചോദ്യംചെയ്യപ്പെടും-ഉത്തരാധുനിക കാപട്യങ്ങളൊഴികെ.
ഉത്തരാധുനികർ
സാമ്പ്രദായിക ഗൂഡാലോചനാ വാദക്കാരും ഉത്തരാധുനിക ബുദ്ധിജീവികളും ഗൂഡാലോചനാസിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നതില്‍ വ്യത്യസ്തതയുണ്ട്. സാമ്പ്രദായിക ഗൂഡാലോചനാവാദക്കാര്‍ കഥകളുടെ ലാളിത്യം കൊണ്ടാണ് ജനശ്രദ്ധ നേടുന്നത്. എന്നാല്‍ ഉത്തരാധുനിക ചിന്തയുടെ പിന്‍ബലമുള്ള ഉപജാപകസിദ്ധാന്തങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നത് അവരുപയോഗിക്കുന്ന ഭാഷയുടെ ദുര്‍ഗ്രാഹ്യത കൊണ്ടാണ്. കാരണം പറയുന്നത് തെറ്റോ ശരിയോ എന്ന് വിലയിരുത്താനാവാത്തവിധം വികലവല്‍ക്കരിക്കപ്പെട്ട ഭാഷയാണ് ഉത്തരാധുനികരുടെ കൊടിയടയാളം. മനസ്സിലാകാത്ത ഒന്ന് തള്ളിക്കളയാന്‍ ആരായാലും ബുദ്ധിമുട്ടുമല്ലോ. ഖണ്ഡിക്കുന്ന കാര്യത്തിലും ഇതേ ബുദ്ധിമുട്ടുകള്‍ വിലങ്ങുതടിയാവും.
പാശ്ചാത്യലോകം ഇരുപതാം നൂറ്റാണ്ടില്‍ തന്നെ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ ഉത്തരാധുനിക വിഹ്വലതകള്‍ ഇന്നും മൂന്നാംലോകത്തിലെ മാനവിക വിഷയ വകുപ്പുകളില്‍ ഊശാന്‍താടിയുടെയും സഞ്ചിയുടെയും രൂപത്തില്‍ പാറിക്കളിക്കുന്നുണ്ട്. ഉത്തരാധുനികത ഒരര്‍ത്ഥത്തില്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങളുടെ സിദ്ധാന്തവല്‍ക്കരണമാണെന്ന് പറയാം. ലോകത്തിന്റെ ഏതോ ഒരു മുറിയിലിരുന്ന് നമ്മുടെ ലോകം എങ്ങിനെയായിരിക്കണം എന്ന് തീരുമാനിക്കുന്ന സാമ്പ്രാദായിക ഉപജാപക സംഘങ്ങളുടെ സ്ഥാനത്ത് ഉത്തരാധുനികര്‍ക്ക് ഗൂഡാലോചനകള്‍ നടക്കുന്നത് അധികാരബന്ധങ്ങളിലും ശ്രേണികളിലും ലിംഗഭേദങ്ങളിലും ഭാഷയിലും സംസ്‌കാരത്തിലും ചരിത്രത്തിലുമൊക്കെയാണ്. ഇതൊക്കെ സൂക്ഷ്മതലത്തില്‍ നടക്കുന്ന പ്രതിഭാസങ്ങളായാണ് അവര്‍ വ്യാഖ്യാനിക്കുന്നത്.
ഉത്തരാധുനിക ചിന്തയുടെ സൂക്ഷ്മമായ ബൗദ്ധിക ഉപകരണങ്ങള്‍ കയ്യിലുള്ളവര്‍ക്ക് മാത്രമെ ഈ ‘സൂക്ഷ്മ ഗൂഡാലോചനകള്‍’ മനസ്സിലാകുകയുള്ള. സാമ്പ്രദായികമായാലും ഉത്തരാധുനികമായാലും ഗൂഡാലോചനാ സിദ്ധാന്തക്കാരുടെ സവിശേഷത അവര്‍ ശാസ്ത്രത്തിന്റെയും ശാസ്ത്രരീതികളുടെയും സത്യാവകാശവാദങ്ങളെ നിരാകരിക്കുന്നുവെന്നതാണ്. ശാസ്ത്രം എല്ലാത്തിനെയും പോലെ മറ്റൊരു കഥ മാത്രമാണെന്ന് അവര്‍ തീര്‍പ്പ് കല്‍പ്പിക്കുന്നു. സയന്‍സ് ജ്ഞാനശാസ്ത്രപരമായ ഒരു അക്രമമാണ്. എല്ലാ അറിവുകളും ഉത്തരാധുനികരെ സംബന്ധിച്ചിടത്തോളം അപനിര്‍മ്മിക്കേണ്ട (deconstruct) നിര്‍മ്മിതികള്‍ (constructs) മാത്രമാണ്.
ഉത്തരാധുനികതയെ ഒരു ചിന്താ പ്രസ്ഥാനമായും ഒരു ചിന്താ ശൈലിയോ സംസ്‌കാരമോ ആയും കാണാവുന്നതാണ്. ആദ്യത്തെ അര്‍ത്ഥത്തില്‍ 1960 കള്‍ തൊട്ട് പാശ്ചാത്യരാജ്യങ്ങളില്‍ തത്വചിന്ത, സാഹിത്യം തുടങ്ങിയ മേഖലകളല്‍ ശക്തമായ സ്വാധീനം ചെലുത്തിയ ഉത്തരാധുനികത ഉദ്‌ഘോഷിച്ചതും ആഘോഷിച്ചതും സംസ്‌കാരത്തിന്റേയും അര്‍ത്ഥത്തിന്റേയും അറിവിന്റെയും വൈജാത്യവും ബഹുസ്വരതയുമായിരുന്നു. ഉത്തരാധുനിക ഭാഷ തന്നെ കടമെടുത്താല്‍ ഉത്തരാധുനികതയെ പറ്റിയുള്ള എല്ലാ ആഖ്യാനങ്ങളും (വിമര്‍ശനപരമായാലും അല്ലെങ്കിലും) ന്യൂനീകരണ സ്വഭാവമുള്ളതായിരിക്കും (reductionist). ഉത്തരാധുനികതയെ കുറിച്ച് എന്താണോ പറയുന്നത്, അതല്ലാത്തതോ അതിനപ്പുറമോ ആണ് ആ പ്രസ്ഥാനം എന്ന് അതിന്റെ അക്കാദമിക വക്താക്കള്‍ക്ക് വാദിക്കാറുണ്ട്. ബ്രഹ്മവാദികള്‍ നേതി…നേതി (അതല്ല..അതല്ല) എന്നൊക്കെ പറയുന്നതുപോലെ ചില കസര്‍ത്തുകള്‍ ഉത്തരാധുനികരുടെ കൂടെപ്പിറപ്പാണ്.
അതേസമയം ആധുനികത (modernity)യില്‍ നിന്നുള്ള അതിന്റെ വേറിടല്‍ സൂചിപ്പിക്കുന്ന ചില സവിശേഷതകള്‍ ഉത്തരാധുനികത ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ദുര്‍ഗ്രഹപദാവലികളാലും വാദങ്ങളാലും ആവിഷ്‌കരിക്കപ്പെട്ട സവിശേഷമായ ഉത്തരാധുനിക തീര്‍പ്പുകളില്‍ ചിലവയിങ്ങനെ: സത്യം (truth), യാഥാര്‍ത്ഥ്യം (reality), വസ്തുനിഷ്ഠത (objectivity) എന്നിവ അന്തിമമായ തീര്‍പ്പുകള്‍ കല്‍പ്പിക്കാന്‍ കഴിയാത്ത ഭാഷ, സംസ്‌കാരം എന്നിവയാല്‍ സൃഷ്ടിക്കപ്പെട്ട ആഖ്യാനങ്ങള്‍ മാത്രമാണ്; മനുഷ്യന്റെ യുക്തിചിന്ത കൊണ്ട് സത്യത്തെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ച് വസ്തുനിഷ്ഠമായി അറിയാന്‍ കഴിയുമെന്നത് ആധുനികത മുന്നോട്ട് വെക്കുന്ന ഒരു അന്ധവിശ്വാസമാണ്.
ഉത്തരാധുനികത അനുസരിച്ച് രേഖീയവും (linear) സദാ പുരോഗമിക്കുന്നതുമായ ചരിത്രം അസാധ്യമാണ്. മറിച്ച് വിരാമങ്ങളും വിച്ഛേദങ്ങളും ആണ് ചരിത്രത്തിന്റെ സവിശേഷതകള്‍. അതുകൊണ്ട് തന്നെ ഉത്തരാധുനിക ചിന്തയുടെ കാലാനുക്രമവിവരണം (chronological explanation) ഉത്തരാധുനികവിരുദ്ധമാണ്. അതായത് ഉത്തരാധുനികത (post modernism)യിലെ ‘ഉത്തര’ എന്ന നാമവിശേഷണം പ്രശ്‌നനിബദ്ധമാണ്. എന്നാല്‍ ഉത്തരാധുനികത എന്നതില്‍ ഉത്തരാധുനികപൂര്‍വ്വ ഘട്ടം എന്ന തിരസ്‌കരിക്കപ്പെടേണ്ട ചിന്താപദ്ധതി വിഭാവനം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഉത്തരാധുനികത ചരിത്രബാഹ്യമല്ല. മുസ്‌ളീങ്ങള്‍ ഇസ്‌ളാമിക കാലഘട്ടത്തിന് മുമ്പ് ഒരു ജാഹില്ലിയ ഘട്ടമുണ്ടായിരുന്നതായി പ്രചരിപ്പിക്കുന്നത് പോലെയാണിത്!
ഒരുപക്ഷെ പാശ്ചാത്യ തത്വചിന്തയോളം തന്നെ ചരിത്രം ഉത്തരാധുനിക ചിന്താശൈലിക്കുണ്ട്. ചിന്താചരിത്രത്തിലെ ഒരു ഘട്ടം എന്നതിനപ്പുറം ഉത്തരാധുനികത ഒരു ചിന്താസംസ്‌കാരമായി, ശൈലിയായി കാണാവുന്നത് അതുകൊണ്ടാണ്. മനുഷ്യബാഹ്യമായ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നിശ്ചിത അറിവുകളും സത്യങ്ങളും അസാധ്യമാണെന്നും എല്ലാറ്റിന്റേയും അളവ്‌കോല്‍ മനുഷ്യനാണെന്നും പറയുന്ന ആപേക്ഷികതാവാദിയായ പ്രൊട്ടാഗറസ് (Protagoras) എന്ന സോഫിസ്റ്റ് ചിന്തകനെ പ്‌ളേറ്റോ ഡയലോഗില്‍ അവതരിപ്പിക്കുന്നത് ഇവിടെ സ്മരണീയമാണ്.
ഉത്തരാധുനികതയെ ആധുനികയുഗത്തിലെ ഒരു ചിന്താ പ്രസ്ഥാനമെന്ന നിലയില്‍ അതിന്റെ വക്താക്കളും വിമര്‍ശകരും കണ്ടത് ജ്ഞാനോദയ യുക്തിചിന്തയുടെ (Enlightenment Rationalism) നിരാസം എന്ന നിലയിലായിരുന്നു. ജ്ഞാനോദയാനന്തരം ഉയര്‍ന്നുവന്നതാണ് ശാസ്ത്രചിന്തയും ശാസ്ത്രബോധവും. അതിനെ തുടര്‍ന്ന് മനുഷ്യ പുരോഗതിയിലുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ യഥാര്‍ത്ഥമാണെന്ന് നാം കരുതുണ്ടെങ്കില്‍, മനുഷ്യന്റെ ഇനിയുള്ള പുരോഗതിക്ക് ഈ ജ്ഞാനോദയ ചിന്താ പൈതൃകം കൈമോശം വരരുത് എന്ന് ഉറപ്പ് വരുത്തണമെങ്കില്‍, ഉത്തരാധുനികത എന്ന ചിന്താ വൈകല്യത്തെ തിരിച്ചറിയുകയും തുറന്ന് കാണിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ക്രമേണ വെളിച്ചത്തിലേക്ക് കുതിക്കുന്ന നമ്മുടേത് പോലുള്ള സമൂഹങ്ങള്‍ക്ക് താങ്ങാനാവാത്ത ചിന്താമാലിന്യങ്ങളാണ് ഈ വിലക്ഷണചിന്ത ഒഴുക്കിവിടുന്നത്. ശാസ്ത്രചിന്തയും അതുണ്ടാക്കുന്ന പുരോഗതിയും സമൂഹത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. ആ ദൗത്യം കേവലം ഭാഷാക്കസര്‍ത്തോ അക്കാദമിക ചിന്താവ്യാപാരമോ അല്ല. നിശ്ചിതവും തിരിച്ചറിയാവുന്നതുമായ അനന്തരഫലങ്ങള്‍ ജ്ഞാനോദയ യുക്തിചിന്തയുടെ വ്യാപനത്തിലും തിരസ്‌കാരത്തിലും ഉണ്ട്. ശാസ്ത്രചിന്ത വേണമോ വേണ്ടയോ എന്നത് ഒരു തത്വചിന്താ പ്രശ്‌നമല്ല, മറിച്ച് ഒരു ജീവല്‍ പ്രശ്‌നമാണ്. ഉത്തരാധുനിക കേവലം ഫാഷന്‍ ചര്‍ച്ചകളാണെങ്കില്‍ ശാസ്ത്രവും ആധുനികതയും പ്രതിനിധീകരിക്കുന്നത് നാം ധരിച്ചിരിക്കുന്ന വസ്ത്രത്തെ തന്നെയാണ്.
സര്‍വ്വകലാശാലകളിലെ മാനവികവിഷയ വകുപ്പുകളില്‍ ഉത്തരാധുനികചിന്ത ഒരു സമയംകൊല്ലി സെമിനാര്‍വിഷയവും ഭാഷാഭ്യാസവും മാത്രമാണെങ്കില്‍ അതിന് പുറത്ത് അത് കഴമ്പില്ലാത്ത അരാജകവാദമാണ്. സാര്‍വലൗകിക വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും ഇല്ലെന്ന് കരുതുക. അവയിലേക്ക് നമ്മെ എത്തിക്കാന്‍ സഹായിക്കുന്ന യുക്തിയധിഷ്ടിതമായ ചിന്താരീതിയോ ശാസ്ത്രചിന്തയോ ഇല്ലെന്നും സങ്കല്‍പ്പിക്കുക. നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ ആവശ്യമായ ഒരു ധാര്‍മിക അളവുകോല്‍ സാധ്യമല്ലന്നും ഊഹിക്കുക. അത്തരം ഒരവസ്ഥയെ സര്‍വ്വാത്മനാ സ്വീകരിക്കുന്നത് അരാജകവാദിക്കും സര്‍വ്വാധിപധിക്കും ഒരുപോലെ സ്വീകാര്യമായിരിക്കും. കണ്ടെത്താനാവുന്ന വസ്തുതകളും യാഥാര്‍ത്ഥ്യവും ഉണ്ടെന്നും അതിന് യഥാര്‍ത്ഥലോകത്ത് അനന്തരഫലങ്ങളുണ്ടെന്നുമുള്ള ധാരണയാണ് ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍ ഉത്തരാധുനികന് ലോകം യാദൃച്ഛികവും അസ്ഥിരവും അനിശ്ചിതവുമാണ്. യുക്തിചിന്തയുടെ പൊളിച്ചെടുക്കലാണ് ഉത്തരാധുനികതയുടെ ലക്ഷ്യം. ഉത്തരാധുനിക പദാവലിയില്‍ ഈ ലക്ഷ്യത്തെ അപനിര്‍മ്മിതി (deconstruction) എന്ന് അറിയപ്പെടുന്നു.
ഉത്തരാധുനികതാവാദികളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം, സത്യം എന്നിവയൊക്കെ അനിശ്ചിതവും അസ്ഥിരവുമാണ്. അവ ഭാഷയ്ക്കും സംസ്‌ക്കാരത്തിനും ഉള്ളില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. ജ്ഞാനം സാമൂഹ്യനിര്‍മ്മിതിയാണ്(social construct). സ്വേച്ഛാപരമായ (arbitrary) വ്യവസ്ഥകളാണ് ഭാഷയും സംസ്‌കാരവും. ഒരു ചരിത്രമുഹുര്‍ത്തം ഉത്തരാധുനികത എന്ന ചിന്താപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് അടയാളപ്പെടുത്താമെങ്കില്‍ ഭാഷയെ കുറിച്ചുള്ള സൊസ്സ്യൂറിയന്‍ (Ferdinand de Saussure) ചിന്തയുടെ പില്‍ക്കാല വായനയാണതെന്ന് പറയാം. സൊസ്സ്യൂറിന് വാക്കും (signifier) അര്‍ത്ഥവും (signified) തമ്മിലുള്ള ബന്ധം സ്വേച്ഛാപരമാണ്. കാരണം അത് ഭാഷയെന്ന വ്യവസ്ഥക്ക് (langue) ഉള്ളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന ഒന്നാണ്.
ഉത്തരാധുനികചിന്തയെ തത്വചിന്ത, സാഹിത്യ വിമര്‍ശനതലങ്ങളില്‍ ഏറെ സ്വാധീനിച്ച ഴാക്ക് ഡെറിഡ (Jacques Derrida) സൊസ്സ്യൂറിയന്‍ ചിന്തയെ കൂടുതല്‍ മുന്നോട്ട് നയിച്ചു. പാശ്ചാത്യതത്വചിന്തയിലെ ‘അബദ്ധധാരണകളെ’അപനിര്മ്മിക്കു ന്നത് വാക്കുകളുടെ, ഭാഷയുടെ പ്രാമുഖ്യം സ്ഥാപിച്ചുകൊണ്ടാണ്. ഭാഷക്ക് പുറത്ത് അര്‍ത്ഥങ്ങളുടെയോ ചിന്തയുടെയോ ആശയലോകമൊന്നുമില്ല എന്നുമദ്ദേഹം പ്രഖ്യാപിച്ചു.
ഉത്തരാധുനികതയുടെ മറ്റൊരു പ്രധാന സ്വാധീനമായ മിഷേല്‍ ഫുക്കോയുടെ (Michel Foucault) കാഴ്ചപ്പാടില്‍ യാഥാര്‍ത്ഥ്യമെന്തെന്ന് നിശ്ചയിക്കപ്പെടുന്നത് ഒരു കാലഘട്ടത്തില്‍ യാഥാര്‍ത്ഥ്യത്തെ നിര്‍വചിക്കുന്ന ഒരു പിടി സാമൂഹിക ധാരണകളാണ്. ഇതിനെ ഭാഷാ വ്യവഹാരം (discourse) എന്നാണ് അദ്ദേഹം വിളിച്ചത്. ഉദാഹരണത്തിന്, നവോത്ഥാന കാലത്ത് ഭ്രാന്തിനെ ഒരുതരം ജ്ഞാനസിദ്ധിയുള്ളവരായി കണ്ടുവെങ്കില്‍, പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയ കാലത്ത് ഭ്രാന്ത് യുക്തിയില്ലായ്മ (unreason) ആയിത്തീര്‍ന്നു. അതനുസരിച്ചു നോക്കുമ്പോള്‍ വെളിപാടുകാര്‍ക്കും പ്രവാചകര്‍ക്കും ആധുനിക കാലഘട്ടത്തില്‍ നിറംമങ്ങുന്നത് സയന്‍സിന്റെ മുന്നേറ്റം കൊണ്ടുവന്ന പൊളിച്ചെഴുത്തലുകള്‍ മൂലമാണ്.
ഉത്തരാധുനികര്‍ക്ക് ചരിത്രത്തെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ചുള്ള എല്ലാ അറിവുകളും കേവലം ആഖ്യാനങ്ങള്‍ മാത്രമാണ്. നീട്ടിവെക്കപ്പെട്ട, വ്യാഖ്യാനിക്കപ്പടേണ്ട അര്‍ത്ഥങ്ങള്‍ മാത്രമെ സാധ്യമാവൂ. ഭാഷയാകുന്ന ചിഹ്നവ്യവസ്ഥക്കകത്താണ് അനുഭവങ്ങള്‍ ആവിഷ്‌കരിക്കപ്പടുന്നത്. ഭാഷയാകുന്ന വ്യവഹാരത്തിനകത്ത് ആവിഷ്‌കരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഒരു തീര്‍പ്പും സാധ്യമല്ല എന്നൊരു തീര്‍പ്പിലെത്താന്‍ ഉത്തരാധുനികര്‍ക്ക് യാതൊരു സങ്കോചവുമില്ല! എല്ലാത്തരം തീര്‍പ്പുകളെയും സംശയത്തോടെ നോക്കുന്ന ഉത്തരാധുനികചിന്തകര്‍ പക്ഷെ അവരുടെ വിമര്‍ശനത്തിന്റെ പ്രധാന ഉന്നമായ ജ്ഞാനോദയത്തെ കുറിച്ച് വിചിത്രമായ തീര്‍പ്പുകളില്‍ എത്താന്‍ ഒട്ടും മടിക്കുന്നില്ല. എല്ലാത്തിനെയും ചോദ്യംചെയ്യാന്‍ ആവശ്യപ്പെടുന്നവര്‍ സ്വന്തം നിഗമനങ്ങളോട് അസഹ്യമായ തോതില്‍ ഉദാരമതികളായി കാണപ്പെടുന്നു.
ഉത്തരാധുനികരെ സംബന്ധിച്ചിടത്തോളം ജ്ഞാനോദയം ഒരു ദുരന്തമാണ്, സര്‍വ്വാധിപത്യത്തിലേക്കുള്ള പാതയാണ്. വ്യത്യസ്തതയും വൈജാത്യവും ബഹുസ്വരതയും ആഘോഷിക്കുമ്പോള്‍ തന്നെ ഉത്തരാധുനികചിന്ത പ്രവര്‍ത്തിക്കുന്നത് കണിശമായ സൊസ്സ്യൂറിയന്‍ ദ്വന്ദ വൈപരീത്യ (binary opposites) സങ്കല്‍പ്പത്തിനകത്താണ് എന്ന് ഉത്തരാധുനികതയെ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ വിമര്‍ശന വിധേയമാക്കുന്ന ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നുണ്ട്. ദ്വന്ദവൈപരീത്യം ഒരു അന്ധവിശ്വാസമോ തെളിവില്ലാത്ത പ്രത്യയശാസ്ത്രമോ ആണ്. ഒരു സാങ്കല്‍പ്പിക സൈദ്ധാന്തികവേലിയുടെ ഇപ്പുറത്ത് സ്വീകാര്യമായി വ്യത്യസ്തതയും വൈജാത്യവും നിലയുറപ്പിക്കപ്പെടുമ്പോള്‍ അപ്പുറത്ത് അവയുടെ തന്നെ വിപരീതങ്ങളായ തിരസ്‌ക്കരിക്കപ്പെടേണ്ട ഏകത്വം, സാരൂപ്യം, സമ്പൂര്‍ണ്ണത, സാര്‍വ്വത്രികത എന്നിവയെ പ്രതിഷ്ഠിക്കാനും ഉത്തരാധുനികര്‍ മടിക്കുന്നില്ല. സ്വയംഖണ്ഡിക്കുന്നതിലും നിരാകരിക്കുന്നതിലും ഉത്തരാധുനികര്‍ ഒരുതരം വിലക്ഷണമായ ആത്മഹര്‍ഷം തന്നെ അനുഭവിക്കുന്നതായി കാണാം.
ഈ ആന്തരിക വൈരുദ്ധ്യം ഉത്തരാധുനികചിന്തയുടെ തത്വചിന്താപരമായ പ്രശ്‌നമാണ്. സാര്‍വത്രിക സത്യം, സാര്‍വത്രിക യാഥാര്‍ത്ഥ്യം എന്നിവയെ തിരസ്‌ക്കരിക്കപ്പെടേണ്ട അതിയാഖ്യാനങ്ങള്‍ (meta-narrative) ആയി പരിഗണിക്കുന്ന ഉത്തരാധുനികര്‍ പക്ഷെ സങ്കരത്വവും (hybridity) ബഹുസ്വരതയും (pluralism) വൈവിധ്യവും (diversity) അവയുടെ വിപരീതഗുണങ്ങളെക്കാള്‍ സ്വീകാര്യമാണെന്ന സാര്‍വത്രിക പ്രസ്താവനയും നടത്തുന്നു! മാനവിക വിഷയ വകുപ്പുകളെ ചുറ്റിപ്പറ്റിയുള്ള സെമിനാര്‍ അഭ്യാസം മാത്രമായി നിലകൊള്ളുമെങ്കില്‍ ഉത്തരാധുനികതയെ അടിയന്തരമായ എതിര്‍ക്കപ്പെടേണ്ട ഒരു ചിന്താ വിപത്തായി കാണേണ്ടതില്ല. എന്നാല്‍, അതിന്റെ യഥാര്‍ത്ഥ ഉന്നം ജ്ഞാനോദയമായതിനാല്‍ സയന്‍സും ശാസ്ത്രബോധവും ഉത്തരാധുനിക ചിന്തകരുടെ വിമര്‍ശനവിഷയമാകുന്നു. ഇത്തരത്തില്‍ സമൂഹത്തെ കൂടുതല്‍ ഇരുട്ടിലേക്ക് നയിക്കാനും ആര്‍ജ്ജിത പുരോഗതിയെ പിന്നോട്ടടിക്കാനും പ്രേരകമാകുന്ന അതിമതചിന്തയായി ഉത്തരാധുനിക പരിമിതപ്പെടുന്നിടത്താണ് അത് തുറന്ന് കാട്ടപ്പേടേണ്ട ആവശ്യം സംജാതമാകുന്നത്.
ശാസ്ത്രം
തീര്‍ച്ചയായും ശാസ്ത്രം വിമര്‍ശനാതീതമല്ല. ശാസ്ത്രത്തിന്റെ ദുരുപയോഗങ്ങള്‍ വിമര്‍ശിക്കപ്പെടരുത് എന്ന ഒരു പ്രമാണവുമില്ല. എന്നാല്‍ ശാസ്ത്രം അറിവിന്റെ ഒരു മാര്‍ഗ്ഗം മാത്രമാണെന്നും അനേകം ബദല്‍ മാര്‍ഗ്ഗങ്ങള്‍ സാധ്യമാണെന്നും പറയുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. ഉത്തരാധുനിക ശാസ്ത്ര വിമര്‍ശകരെ ഒരുപാട് സ്വാധീനിച്ച കൃതിയാണ് തോമസ് കൂനിന്റെ The Structure of Scientific Revolutions. ഓരോ കാലത്തെയും ശാസ്ത്രാന്വേഷണങ്ങള്‍ അതിന്റേതായ ചിന്താമാതൃകകള്‍ (paradigms) ക്കകത്താണ് എന്ന് കൂന്‍ പറയുന്നു. ചില ഘട്ടങ്ങളില്‍ നിലവിലുള്ള ചിന്താമാതൃക അപര്യാപ്തമായിത്തീരും. അപ്പോള്‍ പുതിയ ഒരു ചിന്താമാതൃക ഉണ്ടാവുന്നു.
ഉദാഹരണത്തിന്, പ്രപഞ്ചത്തെ മനസ്സിലാക്കാന്‍അരിസ്റ്റൊട്ടീലിയന്‍ ചിന്താമാതൃക അപര്യാപ്തമായപ്പോള്‍ ഒരു പുതിയ ചിന്താമാതൃകയായ ആധുനിക ഭൗതികശാസ്ത്രം പിറവിയെടുത്തു. ന്യൂട്ടോണിയന്‍ ഭൗതികശാസ്ത്ര ചിന്താമാതൃകയുടെ അപര്യാപ്തതയില്‍ നിന്നാണ് ആപേക്ഷികസിദ്ധാന്തവും ക്വാണ്ടം മെക്കാനിക്‌സും ചിന്താമാതൃകയായി രൂപപ്പെടുന്നത്. ഈ കാഴ്ചപ്പാടില്‍ ഒരു ശാസ്ത്രസത്യം അത് രൂപം കൊണ്ട ചിന്താമാതൃകയ്ക്കകത്ത് പ്രസക്തമാണെങ്കിലും ചിന്താമാതൃകകള്‍ തമ്മില്‍ തുലനം സാധ്യമല്ലെന്നാണ് കൂന്‍ വാദിക്കുന്നത്.
ഉത്തരാധുനിക ആപേക്ഷികതാവാദത്തിന്റെ (post modern relativism) മറ്റൊരു കൈവഴിയാണ് ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്ത്രം എന്ന പേരില്‍ തുറക്കപ്പെട്ടത്. എല്ലാ രീതിശാസ്ത്രങ്ങള്‍ക്കും അവയുടേതായ പരിമിതികള്‍ ഉണ്ടെന്നും എന്തും സാധ്യമാണെന്ന(anything is possible) തത്വം മാത്രമെ നിലനില്‍ക്കുന്നുള്ളൂവെന്നും ഉത്തരാധുനികര്‍ തട്ടിവിടും. ആധുനികശാസ്ത്രം പാശ്ചാത്യന്റെ ശാസ്ത്രമാണ്, അത് അനേകം ശാസ്ത്രങ്ങളില്‍ ഒന്നുമാത്രം. ഈ വാദത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍ മത-പാരമ്പര്യ-പുനരുത്ഥാനവാദികള്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മന്ത്രവാദവും മഷിനോട്ടവും ജ്യോതിഷവും എല്ലാം ഈ ആപേക്ഷികതാവാദത്തില്‍ ‘ശാസ്ത്ര’ങ്ങളാണ്. അവയുടേതായ ചിന്താമാതൃകകള്‍ക്കകത്ത് അവയെല്ലാം പ്രസക്തമാണ്. മന:ശാസ്ത്രജ്ഞനും ജ്യോതിഷിയും മന്ത്രവാദിയും രോഗിക്ക് മന:ശാന്തി നല്‍കുന്നവരാണ്. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം മുതല്‍ നരബലി വരെ സവിശേഷമായ സാംസ്‌ക്കാരിക പരിസരങ്ങളില്‍ പ്രസക്തവും സാധുവുമാണെന്ന് ഉത്തരാധുനികര്‍ പറഞ്ഞുകളയും. അതാത് സമൂഹങ്ങളില്‍ ഇവയ്ക്ക് ജനകീയതയും സ്വീകാര്യതയുമുണ്ടല്ലോ. പാമ്പുകടിയേല്‍ക്കുമ്പോള്‍, വിശ്വാസമുണ്ടെങ്കില്‍, കടിയേറ്റയാളെ ചുമന്നുകൊണ്ടു പോയി പാരമ്പര്യ വിഷവൈദ്യനെ കാണിക്കുന്നതില്‍ തെറ്റില്ല. ഇനി അതല്ല, മറിച്ചാണ് വിശ്വാസമെങ്കില്‍ ആന്റിവെനം കുത്തിവെക്കുന്ന ആധുനികചികിത്സ തേടാം. പക്ഷെ ആന്റിവെനം ചികിത്സ പാരമ്പര്യവിഷ ചികിത്സയേക്കാള്‍ മെച്ചമാണെന്ന് പറയരുത്! അതൊക്കെ ഉത്തരാധുനികനെ സംബന്ധിച്ചിടത്തോളം ഒരുതരം ജ്ഞാനശാസ്ത്രപരമായ അക്രമമാണ്( epistemic violence)!
ആപേക്ഷികതാവാദം
ശാസ്ത്രം മറ്റു ജ്ഞാനരൂപങ്ങള്‍ക്കു മേല്‍ നടത്തുന്ന അതിക്രമമാണത്. ഉത്തരാധുനികനു ഹോമിയപ്പതിയും പ്രകൃതിചികിത്സയും അലോപ്പതിയും തിരുപ്പതിയും സമം. എല്ലാം ജനത്തെ ആശ്വസിപ്പിക്കുന്നില്ലേ എന്നയാള്‍ ചോദിക്കും. പക്ഷെ പാരമ്പര്യവിഷ ചികിത്സകന്റെ അടുത്ത് കൊണ്ടു ചെല്ലുന്ന രോഗി തട്ടിപ്പോയാല്‍ അത് ഉത്തരാധുനികന്റെ കുറ്റമല്ല മറിച്ച് കൊണ്ടുപോയവരുടെയും രോഗിയുടെയും വെളിവില്ലായ്മയാണ്! എന്തെന്നാല്‍ ഉത്തരാധുനികന് പാമ്പ് കടിയേറ്റാല്‍ അവന്‍ എപിസ്റ്റമിക് വയലന്‍സ് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ!
ഉത്തരാധുനികതയിലെ ഈ ആപേക്ഷികതാവാദം തന്നെയാണ് സാംസ്‌ക്കാരിക ആപേക്ഷികതാവാദമായും ധാര്‍മ്മിക ആപേക്ഷികതാവാദമായും പ്രത്യക്ഷപ്പെടുന്നത്. തെറ്റുംശരിയും ആപേക്ഷികവും സംസ്‌കാരാധിഷ്ഠിതവും ആകുമ്പോള്‍ സാര്‍വത്രിക മൂല്യങ്ങളും സാര്‍വത്രിക സത്യങ്ങളും അനാവശ്യമായി തീരുന്നു. ഉദാഹരണമായി സ്ത്രീ-പുരുഷ സമത്വം എന്നൊരു സാര്‍വത്രിക മൂല്യം ഇല്ല. എല്ലാ സമൂഹങ്ങളുടെ അത്തരമൊരു സമത്വവാദത്തെ ആദരിക്കേണ്ട കാര്യമില്ല. സ്ത്രീസ്വാതന്ത്ര്യം കര്‍ക്കശമായി പാലിക്കപ്പെടുന്ന ഒരു സമൂഹവും സ്ത്രീകളെ തുണിസഞ്ചികളില്‍ നുഴഞ്ഞുകയറാന്‍ നിയമംമൂലം നിര്‍ബന്ധിക്കുകയും അവള്‍ക്ക് ‘അരപുരുഷന്റെ’ അവകാശാധികാരങ്ങള്‍ പോലും നല്‍കാതിരിക്കുകയും ചെയ്യുന്ന വേറൊരു സമൂഹവും തുലനം ചെയ്യപ്പെടേണ്ടതില്ലാത്തവിധം വ്യത്യസ്തമായ ഭിന്ന സംസ്‌കാരങ്ങളാണ്. അവയില്‍ ഒന്ന് മറ്റൊന്നിന്റെ മുകളിലോ കീഴിലോ അല്ല. രണ്ടും ഒരുപോലെ സാധുവും പ്രസക്തവുമാണ്. ഉത്തരാധുനികതയില്‍ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷം ഉറപ്പുവരുത്തുന്നത് ഈ സമീപനത്തിലൂടെയാണ്. ആദിവാസിയെ പരിഷ്‌ക്കരിക്കുകയോ നരബലി വെച്ചുപുലര്‍ത്തുന്ന സമൂഹത്തെ ഇകഴ്ത്തുകയോ ചെയ്യരുത്. കാരണം നരബലി തെറ്റാണെന്ന് തോന്നുന്നത് നിങ്ങള്‍ക്കാണ്, അവര്‍ക്കല്ല!!
ഏതെങ്കിലും ഒരു സംസ്‌കാരത്തെ മറ്റൊരു സംസ്‌കാരത്തിന്റെ താഴെയോ മുകളിലോ സ്ഥാപിക്കാന്‍ കഴിയില്ല എന്നാണ് ഉത്തരാധുനികവാദി പറയുക. കേള്‍ക്കുമ്പോള്‍ സമത്വസുന്ദരമെന്ന് തോന്നുമെങ്കിലും ജനാധിപത്യവും മതാധിപത്യവും സ്വേച്ഛാധിപത്യവും താരതമ്യം ചെയ്യാനാവാത്ത വിധം വ്യത്യസ്തവും അതിന്റേതായ രീതിയില്‍ പ്രസക്തവുമാണെന്ന് പറയുമ്പോള്‍ തിരക്കഥ പാളുകയാണ്. ആരംഭത്തില്‍ ഇറാനിയന്‍ മതവിപ്‌ളവത്തെ ഉന്മാദപൂര്‍വം പിന്തുണച്ച മിഷേല്‍ ഫുക്കേയ്ക്ക് അവസാനം ഖൊമൈനിയുടെ തനിസ്വരൂപത്തെ കുറിച്ചും മതഫാസിസത്തെ കുറിച്ചും തിരിച്ചറിവുണ്ടായി. പക്ഷെ അപ്പോഴേക്കും കൂടെയുണ്ടായിരുന്ന ഉത്താരാധുനികരും അനാര്‍ക്കിസ്റ്റുകളും പോലും അദ്ദേഹത്തെ തള്ളി ലേഖനങ്ങള്‍ എഴുതിവിടാന്‍ തുടങ്ങിയിരുന്നു.
ഉത്തരാധുനികതക്ക് വൈവിധ്യങ്ങളും അനിശ്ചിതത്വങ്ങളും പ്രകൃതിദത്തവും സ്വാഭാവികവുമാണ്. അതിലൊന്നും മനുഷ്യന്‍ കൈകടത്തേണ്ട കാര്യമില്ല. ആധുനികതയും അതിന്റ ശാസ്ത്രരീതികളും ഇവയെ യുക്തിചിന്ത കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ആ സ്ഥാനത്ത് സാര്‍വത്രിക സത്യങ്ങളെയും മൂല്യങ്ങളെയും പ്രതിഷ്ഠിക്കാന്‍ ഗൂഡാലോചന നടത്തുന്നു. മൂന്നാംലോക ജനതയോട് കക്കൂസ് നിര്‍മ്മിക്കാനും സോപ്പു തേച്ച് കുളിക്കാനും പല്ലുതേക്കാനും പറയുന്നത് ആഗോളമുതലാളിത്തം അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഗൂഢലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ്. എല്ലാവരും കക്കൂസ് ഉപയോഗിക്കണമെന്ന വാദം പാശ്ചാത്യനിര്‍മ്മിതമാണ്. അത് കീഴാളസംസ്‌ക്കാരത്തെ അനാദരിക്കലാണ്. സയന്‍സ് പാശ്ചാത്യ അധിനിവേശത്തിന്റെ കൊടിയടയാളമാണ്. ബോംബും തോക്കും കൊണ്ട് നാഗരികസമൂഹം പ്രാകൃതന്റെ അമ്പുംവില്ലും അപ്രസക്തമാക്കിയപ്പോള്‍ പരമ്പരാഗതസമൂഹങ്ങള്‍ മാനഭംഗം ചെയ്യപ്പെട്ടു.
ഉത്തരാധുനികര്‍ക്ക് ആധുനികത പ്രകൃത്യാ ഉള്ളതിന്റെ മേല്‍ യുക്തി നടത്തുന്ന അധിനിവേശവും കടന്നാക്രമണവുമാണ്. സ്വന്തം ജീവിതത്തില്‍ അത്തരം കടന്നാക്രമണങ്ങള്‍ അവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുമെങ്കിലും സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല! പ്രാചീനകാലത്തെ പാശ്ചാത്യര്‍ മുഴുവന്‍ ഉത്താരാധുനികരായിരുന്നുവെങ്കില്‍ ഇന്നത്തെ ഉത്താരധുനികര്‍ക്ക് ഉത്തരാധുനികത പോലൊരു വിലക്ഷണചിന്താപദ്ധതി തന്നെ അവതരിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നതും ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുന്നു. ഉത്തരാധുനികര്‍ക്ക് എല്ലാ അധിനിവേശവും ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണ്. പ്രകൃത്യാ ഉള്ളത് നമ്മുടെ ജീവിതരീതിയിലേക്ക് മാറ്റണം എന്ന ഈ ഉത്തരാധുനിക കാഴ്ചപ്പാട് ഒരുതരത്തില്‍ പ്രകൃതിവാദ മിഥ്യാധാരണ (natural fallacy) എന്ന ന്യായവൈകല്യമാണ്. കര്‍ഷകന്‍ ചെറിയ തടയണ കെട്ടി കൃഷി ചെയ്യുന്നതുപോലും ഉത്തരാധുനിക പിന്തുണയ്ക്കില്ല.
ജ്ഞാനോദയാനന്തര ആധുനികതയും അതിന്റെ ശാസ്ത്രബോധവും സത്യസത്യങ്ങളും ശരിതെറ്റുകളും വേര്‍തിരിക്കുന്നത് യുക്തിയധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ്. ജ്ഞാനോദയ കാലത്തിന് മുമ്പ് ഈ അളവ്‌കോല്‍ നിര്‍വചിച്ചിരുന്നത് സ്വേച്ഛാപരമായ അധികാരരൂപങ്ങളായിരുന്നു. അതായത് മതം, രാജാവ്, വംശശ്രേഷ്ഠത തുടങ്ങിയവ സ്വേച്ഛാപരമായി സ്ഥാപിച്ച നിയമങ്ങള്‍ മറുചോദ്യമില്ലാതെ പിന്തുടരുക എന്നത് മാത്രമാണ് അന്ന് കരണീയമായിട്ടുണ്ടായിരുന്നത്. പക്ഷെ ശാസ്ത്രചിന്തയും സമത്വരാഷ്ട്രീയവും ജനാധിപത്യവും ആ പരിതോവസ്ഥയില്‍ നിന്നും സമൂഹത്തെ കരകയറ്റി. എന്നാല്‍ ചില ഉത്തരാധുനിക ചിന്തകര്‍ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അളവുകോലുകളുടെ സാംഗത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. മതംപോലുള്ള സ്വേച്ഛാധികാരപരമായ സാമൂഹ്യസ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളും അവയുടേതായ “വസ്തുനിഷ്ഠതയെ” സൃഷ്ടിക്കുന്നു എന്നാണ് ഉത്തരാധുനിക പറയുക. അതായത് ഇന്ന് അയിത്തവും വംശവിവേചനവും നിലവിലുള്ള സമൂഹങ്ങളില്‍ ഉത്തരാധുനികചിന്ത പടര്‍ന്നാല്‍ അവയെ എതിര്‍ക്കുന്നവര്‍ ഉത്തരാധുനികരുടെ എതിര്‍പ്പിനു പാത്രീഭവിക്കും എന്നു കരുതേണ്ടിവരും. മതത്തിനും ജനകീയ അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ബോധവത്കരണം നടത്തുന്നവരെ ഉത്തരാധുനികചിന്തകര്‍ പിന്തുണയ്ക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.
ഈ ഉത്തരാധുനിക ചിന്താമാതൃകയില്‍ എന്തും സ്വീകാര്യമാണ്. ചാന്ദ്രയാത്ര നാസ ആസൂത്രണം ചെയ്ത വ്യാജ തിരക്കഥയാണെന്ന വിശ്വാസം ഉത്തരാധുനിക വിശ്വാസപ്രകാരം സാധുവാണ്. അതിന്റെ തെളിവുകളും ചരിത്രപശ്ചാത്തലവും പരിഗണിക്കേണ്ടതില്ല. പരന്നഭൂമി വാദത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെങ്കില്‍ അത് ചോദ്യംചെയ്യപ്പെടേണ്ട കാര്യവുമില്ല. എന്തിനേറെ, ഭൂമി പരന്നതാണെന്ന് വിശ്വസിച്ച് ജീവിക്കുന്ന ഒരു ജനതയുടെ മുന്നില്‍ ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന് ജ്ഞാനപരമായ അതിക്രമവും അധിനിവേശശ്രമവുമായി മാറിയേക്കും. അവന്റെ അറിവിന് നിന്റെ അറിവിനെക്കാള്‍ മെച്ചമൊന്നുമില്ല. ഭൂമി പരന്നതാണെന്നും ഉരുണ്ടതാണെന്നുമുള്ള വാദങ്ങള്‍ രണ്ട് തരം വ്യവഹാരങ്ങള്‍ മാത്രമാണ്. രണ്ടിനും അതിന്റേതായ പ്രസക്തിയുണ്ട്, ഒന്നിനെ മറ്റൊന്നിനെക്കാള്‍ മികച്ചതായി കാണേണ്ടതില്ല!
പാശ്ചാത്യ ദാര്‍ശനിക ചരിത്രത്തിലെ ചില വ്യതിരിക്തതകള്‍, സന്ദേഹങ്ങള്‍, വിയോജിപ്പുകള്‍, ചോദ്യംചെയ്യലുകള്‍ എന്നിവയെ വികസിപ്പിച്ച് അനേകം സമാന്തര ബദലുകള്‍ സാധ്യമാണെന്നും ഈ ബദലുകള്‍ സമാന്തരങ്ങളായ അനേകം യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുന്നുവെന്നും ഉത്തരാധുനികര്‍ പറയും. ചിന്താതലത്തില്‍ ഈ കാഴ്ച്ചപ്പാട് അടുത്ത് നില്‍ക്കുന്നത് ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും ചൂഷണംചെയ്ത് ഗാരി സുക്കാവും, ഫ്രിജോഫ് കാപ്രയും, ദീപക് ചോപ്രയും ഒക്കെ പ്രചരിപ്പിക്കുന്ന പുതുയുഗ ആത്മീയതയോടാണ് (New Age Spirituality). സാര്‍വത്രികമായ സത്യം, സാര്‍വത്രിക യാഥാര്‍ത്ഥ്യം തുടങ്ങിയ സങ്കല്‍പ്പങ്ങളെ സംശയത്തോടെ നോക്കുന്ന ഉത്തരാധുനിക ചിന്തകര്‍ സാര്‍വ്വത്രികമായ മനുഷ്യപ്രകൃതി എന്നതുപോലും ഒരു മിഥ്യയാണെന്ന് വാദിക്കും. പക്ഷെ ഈ സാര്‍വത്രിക സന്ദേഹികള്‍ തന്നെ മനുഷ്യപ്രകൃതി സാംസ്‌കാരികസൃഷ്ടിയാകുന്നു എന്നൊരു സാര്‍വത്രികപ്രമാണം പടച്ചുണ്ടാക്കിയിട്ടുണ്ട്!
മനുഷ്യന്റെ ജീവശാസ്ത്രപരവും ബോധപരവും അനുഭവപരവുമായ ഘടകങ്ങളാല്‍ നിശ്ചയിക്കപ്പട്ടതും അവന്റെ/അവളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്‍കൊള്ളുന്നതുമായ ഒരു മനുഷ്യപ്രകൃതി ഉണ്ട് എന്ന കാഴ്ചപ്പാടാണ് ആധുനികതയുടെയും അതിന്റെ രാഷ്ട്രീയ ആവിഷ്‌ക്കാരമായ ലിബറല്‍ ജനാധിപത്യത്തിന്റെയും അന്തസത്ത. അങ്ങിനെ ഒരു മനുഷ്യപ്രകൃതി ഇല്ല എന്ന ഉത്തരാധുനികവാദത്തിന്റെ ഗുണഫലം അനുഭവിക്കുക സര്‍വാധിപതികളും മത-പ്രത്യയശാസ്ത്ര പ്രഭുക്കളുമായിരിക്കും. ഉദാഹരണമായി, 1948 ല്‍ ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനരേഖയുടെ അടിസ്ഥാനം സാര്‍വത്രിക മനുഷ്യപ്രകൃതി യഥാര്‍ത്ഥമാണ് എന്ന ബോധ്യമാണ്.
ഈ രേഖക്ക് ബദലായാണ് 1990 ല്‍ ഇസ്ലാമിക രാജ്യങ്ങള്‍ അംഗീകരിച്ച ഇസ്ലാമിലെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കെയ്‌റോ പ്രഖ്യാപനം വന്നത്. പാശ്ചാത്യേതര സമൂഹങ്ങളിലെ സാംസ്‌കാരിക സന്ദര്‍ഭങ്ങളെയും സവിശേഷതകളെയും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖ പരിഗണിക്കുന്നില്ല എന്ന വിമര്‍ശനമാണ് അതിനായി ഉന്നയിക്കപ്പെട്ടത്. മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കുന്ന പ്രത്യയശാസ്ത്രാധിഷ്ഠിതമായ ഭരണകൂടങ്ങളും ചൂണ്ടിക്കാട്ടുന്നത് ഇതുപോലെ സാംസ്‌കാരികതനിമയുടെ പ്രശ്‌നം തന്നെയായിരിക്കും. ഞങ്ങളുടെ സ്ത്രീകള്‍ സ്വാതന്ത്രമില്ലായ്മ നിങ്ങളുടെ പ്രശ്‌നമാണ് അവരുടേതല്ല എന്ന വാദത്തിന് ശക്തി പകരാനാണ് ഉത്തരാധുനികര്‍ പരിശ്രമിക്കുന്നത്. മനുഷ്യരെല്ലാം ഒന്നാണെന്നും ഒറ്റക്കെട്ടായി മുന്നേറണമെന്നുമല്ല മനുഷ്യര്‍ക്കിടയിലെ ഭിന്നതകള്‍ സംരക്ഷിക്കുകയും പിന്നാക്കാവസ്ഥകളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിക്കരുതെന്നുമാണ് ഉത്തരാധുനികവാദികള്‍ തീട്ടൂരമിറക്കുന്നത്.
ചാന്ദ്രയാത്രാവിവാദം പോലുള്ള കപടചിന്തകളും ഉത്തരാധുനിക മതഭ്രമങ്ങളുടെ മൂശയിലാണ് ശക്തി തേടുന്നത്. ബാര്‍ട്ട് സിബ്രലിനെ പോലെയുള്ള കപടവിശ്വാസ പ്രചാരകരും അത്തരം വിശ്വാസങ്ങള്‍ക്ക് തഴച്ച് വളരാന്‍ പറ്റുന്ന നിലമൊരുക്കുന്ന ഉത്തരാധുനികത പോലുള്ള സിദ്ധാന്തമാലിന്യങ്ങളും ഓള്‍ഡ്രിന്റെ ശുണ്ഠിയേക്കാള്‍ ശക്തമായ പ്രത്യാക്രമണം അര്‍ഹിക്കുന്നുണ്ട്.
ചാന്ദ്രയാത്രാ വിവാദം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരൊക്കെ ഉത്തരാധുനികവാദക്കാരണെന്നല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അര്‍ത്ഥം. അവരില്‍ മിക്കവരും ഉത്തരാധുനികത എന്ന പദംപോലും കേട്ടിട്ട് കൂടിയുണ്ടാവില്ല. പക്ഷെ തെളിവില്ലാത്തതും യുക്തിഹീനവുമായ കാര്യങ്ങളെപ്പോലും ദുരൂഹതയായി വിലയിരുത്തുകയും അതിന് വസ്തുനിഷ്ഠമായ കാര്യങ്ങളോളം പ്രാധാന്യം നല്‍കി സ്വീകരിക്കുകയും ചെയ്യുക എന്നത് ഉത്തരാധുനിക ശൈലിയാണ്. ഉത്തരാധുനികത അക്ഷരാര്‍ത്ഥത്തില്‍ വികലമായ ഒരുതരം മതാത്മകതയാണ്. It is a kind of perverted religiosity. നമുക്ക് അറിയാന്‍ കഴിയില്ല(You can not know) എന്ന വിധിവിശ്വാസപരമായ (fatalistic) വാദത്തിനാണ് അവിടെ ഊന്നല്‍. അതേസമയം ശാസ്ത്രവും ആധുനികതയും പറയുന്നത് നമുക്കറിയില്ലെന്നും കൂടുതല്‍ അറിയേണ്ടതുണ്ടെന്നുമാണ്(You do not know but you can know). മനുഷ്യനെ ഇത്രത്തോളം മുന്നോട്ട് നയിച്ചത് അത്തരമൊരു നിശ്ചയദാര്‍ഡ്യമാണ്.
ദുരൂഹതയെ അമിതമായി താലോലിക്കുന്ന ഉത്തരാധുനികത അജ്ഞതആഘോഷമാക്കുന്ന മതനിലപാടിനെ കൃത്യമായും പിന്‍പറ്റുന്നുണ്ട്. പരിണാമസിദ്ധാന്തവും കളിമണ്ണ് കുഴച്ച കഥയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്ന് വാദിക്കുന്ന ഉത്തരാധുനികവാദികള്‍ മനുഷ്യന്‍ ഇന്നുവരെ ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും നാഗരികമൂല്യങ്ങളുടെയും ശത്രുക്കളായി വര്‍ത്തിക്കുന്നു. ശൈലിപരമായ പുതുമ അവകാശപ്പെടുമ്പോഴും പ്രായോഗികതലത്തില്‍ അപഹാസ്യമാണത്.Though fashionable nonsense, it can be suicidal at the pragmatic level. ചാന്ദ്രസഞ്ചാരികളും ചന്ദ്രനെ ആകാശത്ത് മാത്രം കണ്ടവരും ചാന്ദ്രയാത്ര സംബന്ധിച്ച് നടത്തുന്ന പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യം സംബന്ധിച്ച ഭിന്ന ആഖ്യാനങ്ങള്‍ മാത്രമാണെന്നും അവയ്‌ക്കെല്ലാംതന്നെ തുല്യ പ്രാധാന്യമുണ്ടെന്നും പ്രഖ്യാപിക്കപ്പെടുമ്പോള്‍, അറിഞ്ഞോ അറിയാതെയോ ഗൂഡാലോചന സിദ്ധാന്തക്കാരുടെ ഞരമ്പുകളിലൂടെ ഒഴുകുന്നതും ഉത്തരാധുനികരക്തം തന്നെയാണെന്ന് തെളിയുന്നു. യുക്തിയും തെളിവുമൊക്കെ ഉത്തരാധുനികര്‍ക്ക് അലര്‍ജിയാണ്. ”തെളിവുള്ള കാര്യങ്ങളില്‍ വിശ്വസിക്കാന്‍ ആര്‍ക്കും സാധിക്കും. യാതൊരു തെളിവുമില്ലാതെ വിശ്വാസിക്കണം, അതാണ് 916 പ്യൂരിറ്റിയുള്ള വിശ്വാസം”-എന്ന നിലപാടണവിടെ മുറുകെ പിടിക്കപ്പെടുന്നത്.