കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണുകള്‍ക്കൊപ്പം തന്നെ വളര്‍ന്നുവന്ന ഒന്നാണ് മൊബൈല്‍പ്പേടി. മാറിയ ജീവിതരീതികള്‍ക്ക് അനുസരിച്ച് വര്‍ദ്ധിച്ചു വരുന്ന, ‘ലൈഫ് സ്റ്റൈല്‍ ഡിസീസസ്’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന രോഗങ്ങള്‍ ഉള്‍പ്പെടെ നാട്ടിലെ സകല ആരോഗ്യപ്രശ്നങ്ങള്‍ക്കും മൊബൈല്‍ ഫോണുകളെയും മൊബൈല്‍ ടവറുകളെയും വില്ലന്‍ വേഷം കെട്ടിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. “അഞ്ചു പാരസെറ്റമോള്‍ ഗുളിക കൊടുത്താല്‍ എലി ചത്തുപോകും, അതുകൊണ്ട് പാരസെറ്റമോള്‍ എന്നത് എലിവിഷമാണ് എന്ന്‍ മനസിലാക്കാം” എന്ന ‘Health tip’ ചൂടപ്പം പോലെ ഷെയര്‍ ചെയ്യപ്പെടുന്ന ഈ നാട്ടില്‍ ഈ മൊബൈല്‍പ്പേടിയിലെ നെല്ലും പതിരും വേര്‍തിരിക്കുന്നത് ശ്രമകരവുമാണ്, ആവശ്യവുമാണ്. പ്രത്യേകിച്ചു മൊബൈല്‍ സാങ്കേതികവിദ്യയുടെ പ്രചാരം നാള്‍ക്കുനാള്‍ വലിയ നിരക്കില്‍ വര്‍ദ്ധിച്ചുവരുന്നതുകൊണ്ട്.

മൊബൈല്‍പ്പേടി എന്നാല്‍ അടിസ്ഥാനപരമായി വിവരകൈമാറ്റത്തിന് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും ബെയിസ് സ്റ്റേഷനുകളും (ടവറുകള്‍) ഉപയോഗിയ്ക്കുന്ന ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷനോടുള്ള ഭയമാണ് ഉദ്ദേശിച്ചത്. ‘റേഡിയേഷന്‍’ എന്ന പേര് തന്നെ ഒരു സാധാരണക്കാരനില്‍ പേടി ഉണ്ടാക്കാന്‍ പോന്നതാണ് എന്നാണ് തോന്നുന്നത്. എന്നാല്‍ സൂര്യപ്രകാശവും, ട്യൂബ് ലൈറ്റിന്റെ പ്രകാശവും എന്ന്‍ വേണ്ട മെഴുകുതിരിയുടെ വെട്ടം പോലും അടിസ്ഥാനപരമായി ഈ ‘റേഡിയേഷന്‍’ തന്നെയാണ് എന്ന്‍ നമ്മള്‍ ഓര്‍ക്കണം. പരസ്പരപൂരകമായി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത ഫീല്‍ഡിന്റെയും കാന്തിക ഫീല്‍ഡിന്റെയും ഒരു ‘പരേഡ്’ ആണ് ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷന്‍ എന്ന്‍ പറയാം. ഈ പരസ്പരപൂരകമായ മാറ്റത്തിന്റെ നിരക്ക് (അല്ലെങ്കില്‍ ഫ്രീക്വന്‍സി) അനുസരിച്ച് അവയെ പല ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഏറ്റവും ഫ്രീക്വന്‍സി കുറഞ്ഞ റേഡിയോ തരംഗങ്ങള്‍ ഒരറ്റത്തും ഏറ്റവും ഫ്രീക്വന്‍സി കൂടിയ ഗാമാ വികിരണങ്ങള്‍ മറ്റെ അറ്റത്തും വരത്തക്കരീതിയില്‍ ഇലക്ട്രോ-മാഗ്നറ്റിക് തരംഗങ്ങളെ ക്രമീകരിക്കുന്നതിനെ ഇലക്ട്രോ-മാഗ്നെറ്റിക് സ്പെക്ട്രം എന്ന്‍ വിളിക്കും. ഫ്രീക്വന്‍സി കൂടുന്നതിന് അനുസരിച്ച് ഒരു റേഡിയേഷന്റെ ‘ശക്തി’ (energy content) കൂടും. ഇങ്ങനെ കൂടിയ ഊര്‍ജനിലയുള്ള റേഡിയേഷന് ഒരു ആറ്റത്തിലെ ഇലക്ട്രോണുകളെ തട്ടി തെറിപ്പിക്കാനും ആ ആറ്റത്തെ അയോണീകരിക്കാനും (ionize) ഉള്ള ശേഷിയുണ്ടാവും. തന്മാത്രകളില്‍ ആറ്റങ്ങളെ തമ്മില്‍ ചേര്‍ത്ത് നിര്‍ത്തുന്ന രാസബന്ധനങ്ങളെ (chemical bonds) പൊട്ടിക്കാന്‍ ഇത് മതിയാകും. ഈ കഴിവിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രത്തെ രണ്ടു ഭാഗങ്ങളായി വേര്‍തിരിക്കാം- Ionizing radiations എന്നും non-ionizing radiations എന്നും. ഇതില്‍ റേഡിയോ തരംഗങ്ങള്‍ മുതല്‍ അള്‍ട്രാ-വയലറ്റ് വികിരണങ്ങളുടെ ഒരു ഭാഗം വരെ ഉള്ള വികിരണങ്ങള്‍ക്ക് ionizing power ഇല്ല. അള്‍ട്രാ-വയലറ്റില്‍ തന്നെ ഫ്രീക്വന്‍സി കൂടിയ UV-B, UV-C റേഡിയേഷന്‍ മുതല്‍ മുകളിലോട്ടു X-റേകളും ഗാമ വികിരണങ്ങളുമാണ് ionizing power ഉള്ള ഇലക്ട്രോ മഗ്നെറ്റിക് റേഡിയേഷനുകള്‍. ഈ വികിരണങ്ങള്‍ ശരീരകലകളിലെ തന്മാത്രകളിലെ രാസബന്ധങ്ങള്‍ പൊട്ടിക്കാന്‍ ശേഷിയുള്ളവ ആയതിനാല്‍ അപകടകാരികളാണ്. ക്യാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന്‍ തെറാപ്പി എന്ന പേരില്‍ ക്യാന്‍സര്‍ കലകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത് അയണൈസിങ് റേഡിയേഷന്‍ ആണ്. എക്സ്-റെ എടുക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുള്ളതും ഇതേ കാരണം കൊണ്ട് തന്നെ. എന്നാല്‍ മൊബൈല്‍ ഫോണുകളും മറ്റ് റേഡിയോ ഫ്രീക്വന്‍സി ഉപകരണങ്ങളും ഉപയോഗിക്കുന്നത് non-ionizing radiation ആണ് എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക. അവയ്ക്കു കെമിക്കല്‍ ബോണ്ട് പൊട്ടിക്കാനോ അയോണൈസേഷന്‍ പ്രഭാവം ഉണ്ടാക്കാനോ ഉള്ള ശേഷിയില്ല. ഇവയ്ക്ക് കടന്നുപോകുന്ന മാധ്യമത്തെ ചൂട് പിടിപ്പിക്കാനുള്ള ശേഷിയുണ്ടാവാം (thermal effect). ഈ റേഡിയേഷന്‍ ആഗിരണം ചെയ്യപ്പെടുമ്പോ തന്മാത്രകള്‍ സ്വയം കമ്പനം ചെയ്യാന്‍ തുടങ്ങുന്നതാണ് ഇതിന് കാരണം. ഈ തത്വമാണ് ഒരു മൈക്രോ വേവ് ഓവനില്‍ ഉപയോഗിക്കുന്നത്.

post

അയനൈസേഷന്‍ പവര്‍ ഇല്ലെങ്കില്‍ കൂടി എല്ലാത്തരം റേഡിയേഷനുകളും ഒരു നിശ്ചിത അളവില്‍ ഊര്‍ജം വഹിക്കുന്നതുകൊണ്ട് അവ നമ്മുടെ ശരീരവുമായി എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നു എന്നതു പരിശോധിക്കേണ്ടതുണ്ട്. റേഡിയോ ഫ്രീക്വന്‍സി ഉള്ള വികിരണങ്ങളെ ഒരു പരിധി വരെ നമ്മുടെ ശരീരം ആഗിരണം ചെയ്യാറുണ്ട്. ഈ ആഗിരണത്തിന്റെ തോത് SAR (Specific Absorption Rate) എന്ന അളവിലാണ് പൊതുവേ പറയുന്നത്. ഒരു പരിധിയില്‍ കൂടുതല്‍ ഊര്‍ജം ആഗിരണം ചെയ്യപ്പെടുന്നത് ശരീരകലകള്‍ക്ക് ദോഷകരമായേക്കാം എന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നിയമം മൂലം റേഡിയോ സാങ്കേതികവിദ്യയില്‍ SAR-നു ഒരു ഉയര്‍ന്ന പരിധി നിഷ്കര്‍ഷിക്കുന്നുണ്ട്. ഇന്നുവരെ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളില്‍ നിന്നുള്ള നിഗമനങ്ങളെ ആധാരമാക്കി, റേഡിയോ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനത്തിനും ബാധകമായ SAR പരിധിയെ സംബന്ധിച്ച മാര്‍ഗരേഖകള്‍ പുറത്തിറക്കിയിട്ടുള്ളത് രണ്ട് അന്തര്‍ദേശീയ സംഘടനകളാണ്- International Commission on Non-Ionizing Radiation Protection (ICNIRP) യും Institute of Electrical and Electronics Engineers (IEEE) യും. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ച ഈ മാര്‍ഗരേഖകള്‍ അനുസരിച്ചാണ് സര്‍ക്കാരുകള്‍ ഫോണ്‍ കമ്പനികള്‍ക്ക് നിബന്ധനകള്‍ വെക്കുന്നതും അതനുസരിച്ചാണ് അവര്‍ ഫോണുകള്‍ പുറത്തിറക്കുന്നതും. SAR-ന്റെ ഉയര്‍ന്ന പരിധി രാജ്യങ്ങള്‍ക്കനുസരിച്ച് മാറും. 2008-ല്‍ ICNIRP മാര്‍ഗരേഖ അനുസരിച്ച് ഇന്ത്യ സ്വീകരിച്ച SAR പരിധി, ഇന്ത്യയിലെ ടെലികോം ഉപയോഗത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയെ തുടര്‍ന്നു ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് (DoT) ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ 2012-ല്‍ പത്തിലൊന്നായി താഴ്ത്തിയിട്ടുണ്ട്. ICNIRP value തന്നെ ഒരു reduction factor കൂടി ഉള്‍പ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് യഥാര്‍ത്ഥ്യത്തില്‍ സുരക്ഷിതമായ മൂല്യത്തെക്കാള്‍ 50 മടങ്ങ് ചെറിയ മൂല്യമാണ് ICNIRP അവരുടെ ഉന്നത പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. DoT ലെവല്‍ അതിലും താഴെയാണെങ്കില്‍ കൂടി ആ ലെവലില്‍ കൂടുതല്‍ റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന റേഡിയോ സാങ്കേതികവിദ്യകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനനാനുമതി ഇല്ല. ഇപ്പോള്‍ ഇന്ത്യയിലെ SAR പരിധി 1.6 W/kg ആണ്. ഇന്ന്‍ നമ്മള്‍ ഉപയോഗിയ്ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും SAR value ഇതിനേക്കാള്‍ വളരെ താഴെയാണ്. (നിങ്ങളുടെ ഫോണിന്റെ SAR അറിയുവാന്‍ ഈ ലിങ്കില്‍ പോകുക:http://sarvalues.com/). ഈ ലെവലില്‍ റേഡിയേഷനുകള്‍ക്ക് അയണൈസേഷന്‍ സ്വഭാവം ഇല്ല എന്ന്‍ മാത്രമല്ല, thermal effect എന്ന നിലയില്‍ മനുഷ്യശരീരത്തില്‍ അതിനുണ്ടാക്കാന്‍ കഴിയുന്ന താപവര്‍ദ്ധനവ് 0.01 ഡിഗ്രിയോളമേ വരൂ.

em-spectrum-colour

തലയോട് ചേര്‍ത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തലച്ചോറിലും മറ്റും ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് പരക്കെ പറയപ്പെടുന്നുണ്ട് എങ്കിലും ഇന്നിതുവരെ നടന്ന പഠനങ്ങള്‍ ഒന്നും തന്നെ മൊബൈല്‍ റേഡിയേഷന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിയിച്ചിട്ടില്ല. DNA-യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ വികാസം പ്രാപിക്കുന്നതിന് പ്രധാന കാരണം. എന്നാല്‍ മൊബൈല്‍ ഫോണ്‍ വികിരണങ്ങള്‍ക്ക് DNA യില്‍ മാറ്റം വരുത്താനുള്ള ശേഷിയില്ല എന്ന്‍ ഇതിനകം പറഞ്ഞല്ലോ. മൊബൈല്‍ ഫോണ്‍ ഉപയോഗം ക്യാന്‍സര്‍ ഉണ്ടാക്കിയതായി ചില പഠനങ്ങള്‍ തീര്‍ച്ചയായും പുറത്തുവന്നിട്ടുണ്ട്. പക്ഷേ വിദഗ്ധ പരിശോധനയില്‍ ഈ പഠനങ്ങളില്‍ എല്ലാം ഒരുപാട് അപകാതകള്‍ കയറിക്കൂടിയിട്ടുണ്ട് എന്നാണ് മനസിലാക്കിയിട്ടുള്ളത്. കൃത്യമല്ലാത്ത വിവര ശേഖരണം, വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങള്‍, പക്ഷപാതപരമായ അനുമാനങ്ങള്‍, മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അതിനു പിന്നില്‍ ഉള്ളതായി വിദഗ്ധര്‍ പറയുന്നു.  ലോകാരോഗ്യ സംഘടനയുടെ (WHO) ഭാഗമായ International Agency for Research on Cancer (IARC) മൊബൈല്‍ വികിരണങ്ങളെ Group 2B എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒരുപക്ഷേ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ള” വസ്തുക്കളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ, “മൊബൈല്‍ വികിരണങ്ങള്‍ ക്യാന്‍സറിനോ മറ്റേതെങ്കിലും രോഗങ്ങള്‍ക്കൊ കാരണമാകുന്നു എന്ന്‍ കൃത്യമായി തെളിയിക്കുന്ന ഒരു പഠനഫലവും പുറത്തുവന്നിട്ടില്ല” എന്ന് WHO കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ പുറത്തിറങ്ങിയ 25,000-ഓളം ഗവേഷണ പ്രബന്ധങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് WHO ഇത് പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്ന ഫ്രീക്വന്‍സിയുടെ പ്രത്യേകത കൊണ്ട് തൊലിക്കപ്പുറം ശരീരത്തിന്റെ ഉള്ളിലേക്ക് ഏതാനം മില്ലിമീറ്ററുകള്‍ക്ക് അപ്പുറം തുളഞ്ഞുകയറാന്‍ ഈ റേഡിയേഷനു കഴിയുകയില്ല. അതുകൊണ്ട് തന്നെ സൈദ്ധാന്തികമായി തലച്ചോര്‍ പോലുള്ള ആന്തരികാവയവങ്ങള്‍ക്ക് എന്തെങ്കിലും ദോഷം വരുത്താന്‍ ഇവയ്ക്ക് കഴിയുമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.

ഒരു മൊബൈല്‍ ഫോണ്‍ സാധാരണഗതിയില്‍ പുറത്തേയ്ക്ക് റേഡിയേറ്റ് ചെയ്യുന്ന പവര്‍ ഏതാണ്ട് ഒരു വാട്ട് (1 W) ആണ്. മൊബൈല്‍ ടവര്‍ ആണെങ്കില്‍ ഇത് 100 W അടുപ്പിച്ച് വരും. സ്രോതസ്സില്‍ നിന്നുള്ള അകലം കൂടുന്നതിനനുസരിച്ച് ഈ പവര്‍ വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടേയിരിക്കും. സ്രോതസ്സില്‍ നിന്നുള്ള ദൂരത്തിന്റെ വര്‍ഗത്തിന് വിപരീത അനുപാതത്തിലാണ് ഫീല്‍ഡിന്റെ ശക്തി ഉണ്ടാകുക (power attenuation). അതുകൊണ്ട് തന്നെ ഒരു മൊബൈല്‍ ടവര്‍ താഴെ മണ്ണിനടുത്ത് ഉണ്ടാക്കുന്ന ഫീല്‍ഡിന്റെ ശക്തി, നമ്മുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന ഫീല്‍ഡിനെക്കാള്‍ വളരെ ദുര്‍ബലമായിരിക്കും. (ഇതേ കാരണം കൊണ്ട് മൊബൈലില്‍ ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ ഏല്‍ക്കുന്ന റേഡിയേഷന്റെ അളവ് വളരെയധികം കുറയ്ക്കും) മൊബൈല്‍ ഹാന്‍ഡ്സെറ്റിനെ അപേക്ഷിച്ച് ടവറുകളെ കൂടുതല്‍ ‘പാവങ്ങളാക്കുന്ന’ മറ്റൊരു കാര്യം, ടവറിന്റെ കവറേജ് മോശമാണ് എങ്കില്‍ (റെയ്ഞ്ച് കുറഞ്ഞ സ്ഥലം) അവിടെ കമ്യൂണിക്കേഷന്‍ സാധ്യമാകാന്‍ മൊബൈല്‍ ഫോണിന് കൂടുതല്‍ പവര്‍ പുറത്തേയ്ക്ക് റേഡിയേറ്റ് ചെയ്യേണ്ടി വരും എന്നതാണ്. ഇത് ശരീരത്തിന് ഏല്‍ക്കുന്ന റേഡിയേഷന്റെ അളവ് കൂട്ടുകയാണ് ചെയ്യുന്നത്. അതായത് നല്ല കവറേജ് ഉള്ള സ്ഥലത്താണ് നമ്മള്‍ കുറവ് റേഡിയേഷന് വിധേയരാകുന്നത് എന്നര്‍ത്ഥം. മൊബൈല്‍ ടവറുകള്‍ എന്തോ ചെകുത്താന്റെ കോട്ടയാണ് എന്ന്‍ ധരിച്ച്, “എന്റെ ഫോണിന് റെയിഞ്ച് വേണം, പക്ഷേ എന്റെ പറമ്പില്‍ മൊബൈല്‍ ടവര്‍ പാടില്ല” എന്ന്‍ ചിന്തിക്കുന്ന നമ്മള്‍ ഇത് ഓര്‍ക്കാറില്ല. ഫ്രീക്വന്‍സി കുറവായതുകൊണ്ട് മൊബൈല്‍ വികിരണങ്ങളെക്കാള്‍ കൂടുതല്‍ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നത് ടീവീ, എഫ്.എം. വികിരണങ്ങളെയാണ് എന്നതാണ് മറ്റൊരു കാര്യം. മൊബൈല്‍ ഫോണിനെക്കാള്‍ പതിറ്റാണ്ടുകള്‍ മുന്നേ റേഡിയോയും ടീ.വീയും ഉപയോഗിച്ച് തുടങ്ങിയ നമ്മള്‍ അതിന്റെ പേരില്‍ ഒരു ആരോഗ്യപ്രശ്നത്തെക്കുറിച്ചും ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഇന്നാകട്ടെ WiFi പോലുള്ള വയര്‍ലെസ് സാങ്കേതികവിദ്യകളും നമ്മള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നു. ഒപ്പം ടീ.വീ, റേഡിയോ, റെഫ്രിജറേറ്റര്‍ എന്നിങ്ങനെ നിരവധി സ്രോതസുകള്‍ മൊബൈല്‍ ഫോണുകളെക്കാള്‍ കൂടുതല്‍ വികിരണോര്‍ജ്ജം പുറപ്പെടുവിക്കുന്നുണ്ട്. അടുത്തുകൂടി പോകുന്ന 110 KV പവര്‍ ലൈന്‍ ഒരു മൊബൈല്‍ ടവറിനെക്കാള്‍ പതിന്‍മടങ്ങു ശക്തിയുള്ള ഇലക്ട്രോ-മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്നെ അനുവദനീയമായ റേഡിയേഷന്‍ ലിമിറ്റിനു വളരെ താഴെയാണ്.

ആശുപത്രി, വിമാനം തുടങ്ങിയ സ്ഥലങ്ങളിലെ കമ്യൂണിക്കേഷന്‍ ഉപകരണങ്ങളുമായും പെയ്സ്മേക്കര്‍ പോലുള്ള ആരോഗ്യപരിരക്ഷാ ഉപകരണങ്ങളുമായും മൊബൈല്‍ വികിരണങ്ങള്‍ interfere ചെയ്യാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അവിടങ്ങളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും പറഞ്ഞതില്‍ നിന്നും പരക്കെ പ്രചരിപ്പിക്കപ്പെടുന്നപോലെ ഒരു “ഭീകരവസ്തു” അല്ല മൊബൈല്‍ ഫോണ്‍ എന്നാണ് അനുമാനിക്കേണ്ടത്. ഇത്രയും നാള്‍ വിശദമായ പഠനങ്ങള്‍ നടന്നിട്ടും ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നവും മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഉണ്ടാക്കുന്നതായി അസന്നിഗ്ദ്ധമായി തെളിഞ്ഞിട്ടില്ല എങ്കില്‍ പോലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതാണ് നല്ലത് എന്ന്‍ പല രാജ്യങ്ങളും നിഷ്കര്‍ഷിക്കുന്നു. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് IARC അതിനെ “possibly carcinogenic” എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നതും. നാളെ എന്നെങ്കിലും മൊബൈല്‍ ഫോണിന് റേഡിയേഷന്‍ കാരണം ഒരു അപകടവശം ഉണ്ട് എന്ന്‍ തെളിയിക്കപ്പെട്ടാല്‍, എന്തായാലും അന്ന് മൊബൈല്‍ ഫോണിന്റെ ഒപ്പം തന്നെ നമ്മുടെ മറ്റ് പല നിത്യോപയോഗ വസ്തുക്കളും പടിയ്ക്ക് പുറത്താവും. എന്നാല്‍ മൊബൈല്‍പ്പേടി ഒരു അന്ധവിശ്വാസം പോലെ പടരുന്നതായാണ് കാണപ്പെടുന്നത്. പര്‍വതീകരിക്കപ്പെട്ട അപകട സൂചനകളുമായി ഒരുപാട് പേര്‍ ഇത് പരക്കെ പ്രചരിപ്പിക്കുന്നുമുണ്ട്. മൊബൈല്‍ വികിരണം കുറയ്ക്കുന്ന ഉപകരണങ്ങളുടെ വില്‍പ്പന എന്ന രൂപത്തില്‍ ഒരു വിപണനലക്ഷ്യം കൂടി ഇവയില്‍ ചിലതിന്റെ പിന്നിലുണ്ട്. മൊബൈല്‍ ഫോണിനെക്കാള്‍ പല മടങ്ങ് അപകടകാരികളായ സാഹചര്യങ്ങള്‍ കീടനാശിനികള്‍, ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍, വനനശീകരണം, വായു-ജല-ശബ്ദ മലിനീകരണം, മണലെടുപ്പ്, വാഹനങ്ങള്‍ പുറത്തുവിടുന്ന പുക തുടങ്ങിയ രൂപങ്ങളില്‍ നമ്മള്‍ നേരിടുന്നുണ്ട് എന്നതിനാല്‍ തന്നെ മൊബൈല്‍ ഫോണുകളുടെയും ടവറുകളുടെയും സത്യാവസ്ഥ മനസിലാക്കാതെയുള്ള ഈ പേടിയുടെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.

വാല്‍ക്കഷണം: ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കാര്യം ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും, ലോ ബാറ്ററി ആയിരിക്കുമ്പോഴും ഒരു മൊബൈല്‍ ഫോണ്‍ സാധാരണയുള്ളതിനെക്കാള്‍ 1000 മടങ്ങ് റേഡിയേഷന്‍ പുറത്തുവിടും എന്നതാണ്. ഇതിന് രണ്ടിനും യാതൊരു അടിസ്ഥാനവും ഇല്ല.

കൂടുതല്‍ വിശദമായ വായന:
1. http://en.wikipedia.org/wiki/Mobile_phone_radiation_and_health
2. http://www.slideshare.net/ypatnayak/myths-about-cell-tower-radiations-unleashed
3. http://www.who.int/features/qa/30/en/
4. http://www.who.int/mediacentre/factsheets/fs193/en/index.html
5. http://www.cancer.gov/cancertopics/factsheet/Risk/cellphones
6.http://articles.economictimes.indiatimes.com/2013-01-31/news/36658996_1_icnirp-cell-phone-towers-bioinitiative-report
7. http://www.who.int/peh-emf/about/WhatisEMF/en/index3.html

 

പ്രത്യേക ശ്രദ്ധയ്ക്ക്: പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും റഫറന്‍സ് വച്ചിട്ടുണ്ട്. ഭൂരിഭാഗവും World Health Organization-ന്റെ ഔദ്യോഗിക വെബ്സൈറ്റും മറ്റൊന്ന് cancer.gov എന്ന, അമേരിക്കന്‍ ഗവണ്‍മെന്‍റിന്റെ ഔദ്യോഗിക വെബ്സൈറ്റും ആണ്. മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി പേപ്പറുകള്‍ ഉണ്ടെന്നും അവയെല്ലാം അപഗ്രഥിച്ച ശേഷം തന്നെയാണ് WHO ഈ അഭിപ്രായം പറയുന്നത് എന്നും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.

WHO-യിലെ വിദഗ്ദ്ധര്‍ ഇതിനെക്കുറിച്ച് പറയാനുള്ള വിവരമുള്ളവരാണ് എന്ന എന്റെ ബോധ്യത്തിന്റെ പുറത്താണ് ഈ എഴുതിയതെല്ലാം. ഇപ്പോഴും നിരവധിപേര്‍ മൊബൈല്‍ ഫോണ്‍ കടുത്ത അപകടകാരിയാണ് എന്ന് പറ‍ഞ്ഞുപരത്തുന്നുണ്ട്. അവരില്‍ ശാസ്ത്രജ്ഞര്‍ എന്നറിയപ്പെടുന്നവരും ഉണ്ട് എന്നതും മറച്ചുവെക്കുന്നില്ല. പക്ഷെ അപ്പറയുന്നവരും മൊബൈല്‍ ഫോണ്‍ കാര്യമായി ഉപയോഗിക്കുന്നുണ്ട് താനും. എന്തായാലും, ഞാന്‍ പറഞ്ഞതാണോ അവര്‍ പറയുന്നതാണോ വിശ്വസിക്കേണ്ടത് എന്ന്‍ ആശങ്കപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്- മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. അവ്യക്തമായ കാര്യത്തെക്കുറിച്ച് ടെന്‍ഷനടിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് അതുതന്നെയാണ്.

Image courtesy of mirion.com