gora1
ഗോറ എന്ന ഹീറോ (15 November 1902 – 26 July 1975)

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു പിന്നില്‍ ചരിത്രപുസ്തകങ്ങളിലെ കഥകള്‍ക്കുമപ്പുറം വസ്തുതാപരമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നല്ലോ. രണ്ടാംലോകമഹായുദ്ധം ലോകവ്യാപകമായി ഉണ്ടാക്കിയ രാഷ്ട്രീയവും നയതന്ത്രപരവുമായ അനേകം മാറ്റങ്ങള്‍ അതില്‍ വളരെപ്രധാനപ്പെട്ടതായിരുന്നു. ആ മഹായുദ്ധത്തിനൊടുവില്‍ തങ്ങളുടെ കോളനികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സാമ്പത്തികമായബാധ്യതകള്‍കൂടി ബ്രിട്ടന്‍ഉള്‍പ്പടെഉള്ള രാജ്യങ്ങള്‍ക്ക് ഉണ്ടായിരുന്നു.യുദ്ധാനന്തരം ഇന്ത്യഉള്‍പ്പടെഉള്ള അനേകംരാജ്യങ്ങള്‍ ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രമാക്കപ്പെട്ടു. ബ്രിട്ടണില്‍ അധികാരത്തില്‍വന്ന ലേബര്‍ പാര്‍ടിയുടെ കാഴ്ചപ്പാടുകളും കോളനികള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇക്കാരണങ്ങളുടെ പേരില്‍ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളെ വിലകുറച്ചു കാണേണ്ടതുമില്ല.നിറംപിടിപ്പിച്ച കഥകള്‍ക്കുമപ്പുറം വിസ്തരിക്കപ്പെടാതെപോയ യാഥാര്‍ത്ഥ്യങ്ങള്‍ഉണ്ടായിരുന്നു എന്നോര്‍ക്കണമെന്നുമാത്രം! സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച, പോരാടിയ ,രക്തംചിന്തിയ അനേകംപേരുടെ ത്യാഗവും ആവേശവും വിസ്മരിക്കപ്പെട്ടുകൂടാ!. അനേകം സവിശേഷവ്യക്തിത്വങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അവരുടെ സ്വാതന്ത്ര്യബോധവും   ദര്‍ശനങ്ങളും   നമ്മെ എക്കാലവും സ്വാധീനിക്കുന്നവയുമാണ്.

സ്വാതന്തന്ത്ര്യസമരചരിത്രങ്ങളുടെ നാള്‍ വഴികള്‍ പരതുമ്പോള്‍ അത്തരത്തിലുള്ള എത്രപേരെ നാം കണ്ടെത്തുന്നു; അവരില്‍ പലരും നമ്മെ അത്ഭുതപ്പെടുത്തുന്നു. കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ഏതോ സുഗന്ധം അവരിലേക് നമ്മെ ആകര്‍ഷിക്കുന്നു. അങ്ങനെ ഒരു മനുഷ്യനെക്കുറിച്ച് വായിക്കേണ്ടതുണ്ട്. ഗോപരാജു രാമചന്ദ്രറാവോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലോകം അദ്ദേഹത്തെ ‘ഗോറ’ എന്നുവിളിച്ചു! 1902 നവംബര്‍ 15ന് ഒരു യാഥാസ്ഥിതിക തെലുങ്ക് ബ്രാഹ്മണകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജീവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഗോറ അന്ധവിശ്വാസങ്ങക്ക് എതിരെ ശബ്ദിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ഭാര്യയായ സരസ്വതിയും അദ്ദേഹത്തോടൊപ്പം സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും ക്രിയാത്മകമായ പങ്കുവഹിച്ചു. ഗാന്ധിയുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു. ഗോറയുടെ മാനവികോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഗാന്ധി ആദരപൂര്‍വ്വമാണ് നോക്കിക്കണ്ടത്. പരസ്പരം സ്വാധീനിക്കപ്പെട്ടവരായിരുന്നു അവര്‍!

ലളിതവും യുക്തിബോധത്തിന്റെ പ്രായോഗികതയുമായിരുന്നു ഗോറയുടെ ജീവിതം; ‘പ്രേതബാധ’യുണ്ടെന്ന് ആളുകള്‍ വിശ്വസിച്ചിരുന്ന വീടുകളില്‍ പോയി താമസിക്കുക അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. പ്രത്യേകിച്ചും ഗര്‍ഭിണികണികളായ സ്ത്രീകളോട് പ്രേത-ഭൂതങ്ങള്‍ക്ക് കടുത്തവിരോധം ഉണ്ടെന്നാണല്ലോ നമ്മുടെ ‘പരമ്പരാഗതവിശ്വാസം’!. തന്റെ ഭാര്യ, സരസ്വതി ഗര്‍ഭിണിയായിരുന്ന അവസരത്തില്‍ അത്തരം ഒരുവീട് തിരഞ്ഞെടുക്കുകയും ദീര്‍ഘകാലം അവിടെക്കഴിയുകയും ചെയ്തുകൊണ്ട്, ഗ്രാമവാസികളെ അത്തരം അന്ധവിശ്വാസത്തിനെതിരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദളിത് വിഷയങ്ങളില്‍ ഗോറയുടെ നിലപാടുകള്‍ അങ്ങേയറ്റം മാതൃകാപരമായിരുന്നു; മിശ്രവിവാഹം, മിശ്രഭക്ഷണം തുടങ്ങിയ അനേകം പരിപാടികളില്‍ ഗോറ കര്‍മനിരതനായി .ഓരോമാസത്തെയും പൂര്‍ണ്ണചന്ദ്രരാത്രികള്‍ ഇത്തരത്തില്‍ മിശ്രഭോജനപരിപാടികള്‍ക്കായി തിരഞ്ഞെടുത്തു. അതിനായി കുടുംബസമേതം രാജ്യത്തുടനീളം അനേകം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ ഹരിജന്‍ കോളനികളില്‍  താമസിക്കുകയും ചെയ്തു; എന്നുമാത്രമല്ല, തന്‍റെ മക്കളെ ദളിത്‌ വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിപ്പിക്കുവാനും അദ്ദേഹം മുന്‍കയ്യെടുത്തു. ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇതിന്റെ പേരില്‍ സ്വസമുദായത്തിലും സമൂഹത്തിലും വളരെയധികംഒറ്റപ്പെട്ടു; ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി! അത്തരം അവഗണനകളെ ‘മനുഷ്യനെ -മനുഷ്യനായിക്കാണുക’ എന്ന തന്‍റെ അടിയുറച്ച മാനവികബോധംകൊണ്ട് അദ്ദേഹംനേരിട്ടു!ഭാര്യയുടേയും മക്കളുടേയും മറ്റനേകം മനുഷ്യസ്നേഹികളുടെയുംപിന്തുണ അദ്ദേഹത്തിന് ശക്തിപകര്‍ന്നു;

സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മിശ്രവിവാഹങ്ങളെ സാമൂഹിക ദുരന്തങ്ങളായി നോക്കിക്കാണുന്ന ഒരു സമൂഹമാണ് ഇപ്പോഴും നമുക്കുള്ളത്. ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലകള്‍ അവസാനിക്കുന്നില്ല. ഒറ്റപ്പെടലില്‍ പതറിപ്പോകാത്തവര്‍ക്ക് മാത്രമേ അതിനൊക്കെ ഇറങ്ങിപ്പുറപ്പെടാന്‍കഴിയൂ എന്നതാണ് ഇന്നും അവസ്ഥയെന്നോര്‍ക്കുമ്പോള്‍, ഗോറയുടെ ഹൃദയത്തിന്റെ ഔന്നിത്യം കൂടുതല്‍ ദൃശ്യമാകുന്നു!

ഗാന്ധിയും ഗോറയും 

ദളിത്‌ വിഷയങ്ങളില്‍ കൂടുതല്‍ തുറന്നസമീപനത്തോടെ ഇടപെടാന്‍ ഗോറയ്ക്ക് പ്രചോദനം ഗാന്ധിയായിരുന്നു എന്നദ്ദേഹം എഴുതിയിട്ടുണ്ട്. ഗാന്ധിയുമായുള്ള ഓരോ കൂടിക്കാഴ്ചയും അദ്ദേഹത്തെ ഗാന്ധിയനാക്കി. അതോടൊപ്പം യുക്തിവാദത്തെ ഉപയോഗശൂന്യമായ വെറുമൊരു സിദ്ധാന്തമായി മാത്രം കണ്ടിരുന്ന ഗാന്ധിയില്‍ ഗോറയുടെ സ്വാധീനവുമുണ്ടായി. ഗാന്ധിയെന്ന പ്രായോഗികവാദിയുടെമുന്നില്‍ പോസിറ്റീവ് യുക്തിവാദം സമര്‍ത്ഥമായി അവതരിപ്പിക്കുവാന്‍ ഗോറയ്ക്ക് കഴിഞ്ഞു. അയിത്തോച്ചാടനപ്രവര്‍ത്തനങ്ങളില്‍, ഗോറയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചതും ഗാന്ധിയില്‍ നിന്നായിരുന്നു; ഇവിടെ മറ്റൊരു കാര്യം ഓര്‍ത്തുപോകുന്നത്, ദളിത്‌ വിഷയങ്ങളില്‍ ഗാന്ധിയുടെ നിലപാടുകള്‍ വാഴ്ത്തപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരുന്നു എന്നതാണ്.എന്നിരുന്നാലും, ദളിത്‌ വിഷയങ്ങള്‍ മുഖ്യധാരയിലൂടെ ചര്‍ച്ച ചെയ്യപ്പെടാന്‍ ഗാന്ധി കാരണമായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതാര്‍ക്കും  നിഷേധിക്കാന്‍കഴിയില്ല!

ഗാന്ധിയനായി ജീവിക്കുമ്പോഴും, ഗാന്ധിയുമായി-വിശ്വാസപരമായകാര്യങ്ങളില്‍ ഗോറയ്ക്ക് പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു; ‘ഗാന്ധിയും ഒരുയുക്തിവാദിയും’ (An Atheist with Gandhi) എന്ന തന്റെ വിഖ്യാതമായ പുസ്തകത്തില്‍ ഗാന്ധിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍  തുറന്നെഴുതിയിട്ടുണ്ട്. 1930ലാണ് ഗാന്ധിയെ കാണുവാന്‍ ആദ്യമായി  ഗോറ ശ്രമിച്ചത് . അന്ന് ഗോറയ്ക്ക് വെറും ഇരുപത്തിയെട്ട് വയസ്സ് പ്രായം. ’ദൈവം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്തെന്നും ജീവിത്തില്‍ അതിന്റെ  സ്ഥാനമെന്തെന്നുമായിരുന്നു’ ഗോറയുടെ ചോദ്യം; ‘ദൈവം മനുഷ്യന്റെ നിര്‍വചനങ്ങള്‍ക്ക്  അതീതമാണ്’ എന്ന ഒറ്റവാക്യമാണ് ഗാന്ധി എഴുതിയത്. ആ ഉത്തരം ഗോറയെ തൃപ്തനാക്കിയില്ല. ഉപ്പ്സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധി തിരക്കിലായിപ്പോയതിനാല്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും  കഴിഞ്ഞില്ല. ശേഷം 1941 വരെയും ഗോറ, ഗാന്ധിക്ക് എഴുതിയില്ല. തന്‍റെ യുക്തിവാദ ലേഖനങ്ങളുടെയും ദൈവനിഷേധങ്ങളുടെയും പേരില്‍ 1933 ല്‍  പ്രസസ്തമായ  പിത്തപുര രാജാ കോളേജില്‍ നിന്നും , 1939 ല്‍ ഹിന്ദു കോളേജില്‍ നിന്നും

അധ്യാപകജോലിയില്‍ നിന്നും  ഗോറയെ പുറത്താക്കിയതിനു ശേഷം മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തകാനായി അദ്ദേഹം മാറുകയായിരുന്നു. സാമൂഹികപരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ട്  1940 ആന്ധ്രയിലെ മുണ്ടൂര്‍ ഗ്രാമത്തില്‍ യുക്തിവാദകേന്ദ്രം സ്ഥാപിച്ചത് ആ അവസരത്തിലായിരുന്നു. (പില്‍ക്കാലത്ത്, ഈ സ്ഥാപനം ആന്ധ്രയിലെ വിജയവാഡയിലേക്ക് മാറ്റുകയുണ്ടായി.)

1941 ൽ  ഗോറ   ഗാന്ധിക്ക് വീണ്ടുമെഴുതി; യുക്തിബോധത്തിന്റെ വെളിച്ചത്തിലുള്ള തന്റെ സംഘത്തിന്റെ പരിഷ്കാരപ്രവര്‍ത്തനങ്ങളും  നേട്ടങ്ങളും അദ്ദേഹം ഗാന്ധിയോട് വിസ്തരിച്ചു; നിശിതമായ യുക്തിയുടെ നിലപാടുകളിലൂടെയായിരുന്നു ഗാന്ധിയോടുള്ള ഗോറയുടെ സമീപനം. പക്ഷെ ഗാന്ധി നിരീശ്വരവാദത്തെ നിരുത്സാഹപ്പെടുത്തുകയും ഗോറയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ നന്മകൊണ്ടാണെന്നും പറയുകയും  യുക്തിവാദത്തെ ഒരിക്കലും വിജയിക്കാത്ത ഒരാശയം എന്നനിലയില്‍ തള്ളിക്കളയുകയും ചെയ്തു; എന്ന് മാത്രമല്ല  തന്നെ കാണാനുള്ള അവസരം തിരക്കുകളുടെ പേരില്‍ ഗാന്ധി  നിഷേധിക്കുകയും ചെയ്തു. അഭിമുഖത്തിനുള്ള അഭ്യര്‍ഥന നിരസിക്കപ്പെട്ടത് ആ യുവാവിനെ തെല്ലല്ല വേദനിപ്പിച്ചത്; എങ്കിലും ഗോറ തന്‍റെ നിരീശ്വരവാദത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. യുക്തിബോധം നല്‍കിയ  ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും അളവറ്റതായിരുന്നു. ഗോറയും സുഹൃത്തുക്കളും അവരുടെ പ്രവര്‍ത്തനങ്ങളുമായി  മുന്നോട്ടുപോയി.

1942-ലെ ക്വിറ്റ് ഇന്ത്യാസമരത്തില്‍ ഗോറയും ഭാര്യ, സരസ്വതിയും സംഘത്തിലെ അനേകംപേരും പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു; അക്കാലത്ത് ഗാന്ധിയോടൊപ്പം സേവാഗ്രാമില്‍ ഉണ്ടായിരുന്ന പ്രമുഖ യുക്തിവാദി ഡി.രാമസ്വാമി, ഗോറയുടെ സുഹൃത്തായിത്തീരുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍  ആകൃഷ്ടനാവുകയും ചെയ്തു. 1944 ൽ  ക്വിറ്റ് ഇന്ത്യാ  ഇന്ത്യാ സമരത്തിന്റെ അറസ്റ്റില്‍ നിന്നും ഗാന്ധിജി മോചിതനായ സമയം രാമസ്വാമി ഗാന്ധിജിയെ സന്ദർശിക്കുകയും ഗോറയോടൊപ്പമുള്ള തന്‍റെ രണ്ടു വര്‍ഷത്തെ അനുഭവങ്ങളും യുക്തിമാര്‍ഗ്ഗത്തിലുള്ള അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളുമെല്ലാം വിവരിക്കുകയും ചെയ്തു; അതില്‍ നിന്നും ഗാന്ധി ഗോറയെ കാണുവാന്‍ ആഗ്രഹിച്ചു; ഗോറയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചറിഞ്ഞ ഗാന്ധി, ഗോറയെ തന്‍റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു. കടുത്ത വിശ്വാസിയും അടിയുറച്ച നിരീശ്വരവാദിയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു അത്; ഗോറയുടെ ലാളിത്യവും അച്ചടക്കവും വിശാലമായ മനുഷ്യസ്നേഹവും ഗാന്ധിയെ ആകര്‍ഷിച്ചു; ഗാന്ധിയോടൊപ്പം സബര്‍മതി ആശ്രമത്തില്‍ അനേകമാസക്കാലം ഗോറയും കുടുംബവും താമസിച്ചു. ആശ്രമത്തിലെ ദൈനംദിന പ്രാര്‍ത്ഥന ഒഴികെ ഉള്ള പരിപാടികളില്‍ അവര്‍ സജീവമായി ഇടപെട്ടിരുന്നു. ഗോറയുടെ ഇളയമകള്‍ക്ക് സബര്‍മതിയില്‍ വച്ച് ഗാന്ധിയുടെ നേതൃത്വത്തില്‍ മിശ്രവിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു; പക്ഷെ ആ വിവാഹം നടത്താന്‍ ഗാന്ധിയ്ക്ക് കഴിഞ്ഞില്ല. 1948 ജനുവരി 30ന് ഗാന്ധി വെടിയേറ്റ് മരിച്ചു; ഗോറയുടെ മക്കളുടെ വിവാഹം ഗാന്ധി ആഗ്രഹിച്ചതു  പോലെ സേവാഗ്രാമില്‍ വച്ച്  നെഹ്രുവിന്റെ നേതൃത്വത്തില്‍ പിന്നീട് നടത്തുകയുണ്ടായി; ഗാന്ധിയുടെ വിയോഗ ശേഷം സബര്‍മതി വിട്ട്  ഗോറയും കുടുംബവും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഗ്രാമങ്ങളിലേക്ക് മടങ്ങി! ഗാന്ധിവധത്തിനുശേഷം കൊണ്ഗ്രസ്സില്‍ ഉണ്ടായിരുന്ന  മുഖ്യനേതൃത്വങ്ങളോട് പ്രത്യേകിച്ചും വിനോഭാവയോടും മറ്റും അദ്ദേഹം അകലംപാലിച്ചിരുന്നു;

കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായ ഒരു ജനാധിപത്യ വ്യവസ്ഥയോടായിരുന്നു ഗോറയുടെ താല്പര്യം. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ആഹാരം, തൊഴില്‍, സമാധാനം ഇവ ഉറപ്പാക്കുക എന്നതാണ് ആ വ്യവസ്ഥകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത്. ആഹാരം വോട്ടിനേക്കാള്‍ പ്രധാനമാണ് എന്നായിരുന്നു അദ്ദേഹം അടിവരയിട്ടുപറഞ്ഞത്. മനുഷ്യന്‍ന്റെ  സ്വാതന്ത്ര്യങ്ങളില്‍ വിശ്വാസങ്ങളുടെ മാറാലകൾ മൂടുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു. രാജ്യത്താദ്യമായി ബീഫ് നിരോധനം നടത്തിയപ്പോള്‍, പ്രതിഷേധസൂചകമായി ബീഫ്-പോര്‍ക്ക് ‌ ഫെസ്ടിവല്‍ നടത്തിയതും അദ്ദേഹമായിരുന്നു എന്നത് ആവേശത്തോടെ മാത്രമേ ഇന്ന് ഓര്‍ക്കാനാവു! അന്നത്തെ സാഹചര്യത്തില്‍ അതിനു പുറപ്പെടുക എന്നത് തീരെയും ചെറിയ കാര്യമായിരുന്നില്ല!വ്യക്തിയുടെ ആത്മവിശ്വാസത്തിലും പുരോഗതിയിലും യുക്തിചിന്തയ്ക്ക് വലിയപ്രധാന്യമുണ്ടെന്ന് അദ്ദേഹം തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന പോസിറ്റീവ് യുക്തിവാദത്തെക്കുറിച്ച് അദ്ദേഹം ഏറെ എഴുതുകയും പറയുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തു.

ജീവിതത്തില്‍ ലാളിത്യവും അച്ചടക്കവും അദ്ദേഹം കാത്തുസൂക്ഷിച്ചു. പരമാധികാരം കിട്ടിയകാലത്ത് രാജ്യത്ത് ആര്‍ഭാടത്തോട്  ഭ്രമം കാണിച്ച മന്ത്രിമാരെയും ഗവര്‍ണ്ണര്‍മാരെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അധ:സ്ഥിത ജനതയുടെ ജീവിതാഭിവൃദ്ധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവരെ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു. തമിഴ്നാട്ടിലെ ഭൂരഹിതരായ ദളിത്‌ ജനതയ്ക്ക് അവിടുത്തെ ക്ഷേത്രങ്ങള്‍ കയ്യടക്കി വച്ചിരുന്ന ഭൂമി വിട്ടുകൊടുക്കാന്‍ അദ്ദേഹം നടത്തിയ സമരം ചരിത്രപ്രസിദ്ധമാണ്. അറസ്റ്റ് ചെയ്തിട്ടും പിന്മാറാതെ ആവിഷയത്തില്‍ ഉറച്ചുനിന്ന ഗോറയ്ക്ക് മുന്നില്‍ ഒടുവില്‍ ക്ഷേത്രവും സര്‍ക്കാരും മുട്ടുമടക്കിയതും ചരിത്രം! തന്‍റെ ഭൂമിദാന പ്രവര്‍ത്തനങ്ങളും കിടക്കാടസമരങ്ങളും സ്വാന്ത്ര്യാനന്തര ഭാരതത്തിലും അദ്ദേഹം ഉശിരോടെനയിച്ചു!

1975- ല്‍ മരണപ്പെടുംവരെ കര്‍മ്മനിരതമായിരുന്ന  ആ ജീവിതം നമുക്ക് അത്രമേല്‍ പ്രചോദനമാണ്; അദ്ദേഹം കൊളുത്തിവച്ച മാനവികബോധം അനേകം പേര്‍ നെഞ്ചിലേറ്റുന്നു. ശൈശവവിവാഹങ്ങള്‍ക്ക് എതിരായും അവശരുടേയും അനാഥരുടേയും നിസ്സഹായരായ അനേകംപേരുടെയും സഹായഹസ്തമായും അന്ധവിശ്വാസ നിര്‍മാര്‍ജ്ജനതിന്റെ പ്രേരകശക്തിയായും മതപരവും വിശ്വാസപരവുമായ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും എതിരെ നിതാന്ത ജാഗ്രതപുലര്‍ത്തിക്കൊണ്ടും അദ്ദേഹം തുടങ്ങിയ ‘യുക്തിവാദകേന്ദ്രം’ സാമൂഹിക വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട് ഇന്നും സജീവമാണ്. ആംസ്റാര്‍ഡാം  കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന International Humanist and Ethical Union (IHEU) ന്‍റെ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള ഈസ്ഥാപനം ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും യുക്തിവാദികളുടെയും ശ്രദ്ധാകേന്ദ്രമാണ്. ഗോറയുടെ മകള്‍ മൈത്രിയാണ് ഈസ്ഥാപനത്തിന്റെ ഇപ്പോഴുള്ള രക്ഷാധികാരി.

gora

സാമൂഹിക പരിഷ്കര്‍ത്താവ്‌, സ്വാതന്ത്ര്യസമര പോരാളി, മാനവികതാവാദി, മനുഷ്യസ്നേഹി, ഗാന്ധിയന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖവിശേഷങ്ങളോടുകൂടി തലമുറകള്‍ ഗോറയെ വായിക്കും. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഗോറയോടുള്ള ആദരസൂചകമായി 2002-ല്‍ സ്റ്റാമ്പ്‌ പുറത്തിറക്കി. ഭാരതീയ യുക്തിചിന്തയുടെ എക്കാലത്തെയും മികച്ച ആചാര്യനും പ്രയോക്താവുമായ ഗോറയുടെ ഓര്‍മ്മകള്‍ക്ക്  മുന്നില്‍ പ്രണാമം അർപ്പിക്കുന്നു !