കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ദേശീയതയും ഹൈന്ദവ ദേശീയതയും എന്ന  വിഷയം മുൻധാരയിലേക്കു വന്നിരിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ, ഈ വിഷയത്തിനു  വളരെ പ്രാധാന്യമേറിയതായി കാണാം.

റിയാക്ഷണറി നാഷണലിസം

പ്രധാന വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ് രണ്ടു സംഭവങ്ങളെക്കുറിച്ചു ഞാൻ വിവരിക്കാം. നിങ്ങൾക്കറിയാം, 2014 ഇലക്ഷന് മുൻപ് ഇപ്പോഴത്തെ പ്രധാനമന്ത്രി മുംബൈ സന്ദർശിച്ചിരുന്നു. ഇലക്ഷൻ പ്രചാരണ പരിപാടികൾക്കിടയിലെ ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് ” ഞാൻ ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണ്, അതിനാൽ ഞാൻ ഒരു ദേശീയവാദി ആണ്, കൂടാതെ ഞാൻ ഒരു ഹിന്ദു ദേശീയവാദിയാണ്. ഇതിൽ  എന്തോ പിശക് ഉള്ളതായി എനിക്ക്  തോന്നി. ഇങ്ങനെയല്ല ദേശീയത അവതരിപ്പിക്കേണ്ടത്.  ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ മതം ദേശീയതയുടെ മുന്നിൽ ചേർത്ത് അവതരിപ്പിക്കുവാൻ സാധിക്കില്ല. ഒരു മതേതര രാഷ്ട്രത്തിൽ മതം ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടാൻ സാധിക്കില്ല. വിവിധ മത വിഭാഗങ്ങളിൽ പെട്ടവർ ഉള്ള രാഷ്ട്രം ആണ് നമ്മുടേത്‌. മതത്തിന്നതീതമായി, ജനാധിപത്യപരമായ പൗരാവകാശങ്ങൾ നമുക്കുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങൾ നിരീക്ഷിച്ചാൽ മനസ്സിലാവുന്നത്, മതപരമായ അവകാശവാദങ്ങളും,  മത  മേൽക്കോയ്മ സ്ഥാപിക്കാനുള്ള ശ്രമവും,  ഒപ്പം, ഹിന്ദു ദേശീയത പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും   ഇതോടൊപ്പം തന്നെ ഉയർന്നു വന്നതായി കാണാം. ഈ ഒരു തരത്തിലുള്ള , അധികാരം സ്ഥാപിക്കാനുള്ള, ആധിപത്യം പുലർത്താനുള്ള ദേശീയതയെ “reactionary nationalism” എന്ന് പറയാം. ഇത്തരത്തിലുള്ള റിയാക്ഷണറി നാഷണലിസം പല പരിപാടികളിലും പ്രകടമായി ആവിർഭവിക്കുന്നത് കാണാം.

ഹൈദരാബാദും ഡല്‍ഹിയും

വളരെ പ്രധാനപ്പെട്ട  2 സംഭവങ്ങൾ നമ്മുടെ മുന്നിൽ നിൽക്കുന്നു. ഒന്ന്, അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ എന്ന സങ്കടനയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന രോഹിത് വെമുലയുടെ നിർബന്ധിത ആത്മഹത്യ. ഒരു സിനിമ നിർമ്മിക്കുക,  ബീഫ് ഫെസ്റ്റിവൽ നടത്തുക, വധശിക്ഷക്കു എതിരെ ഒരു ജനാധിപത്യ സമൂഹത്തിൽ  പ്രതികരിക്കുക, തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്ന ഒരു സംഘടനയാണ്  അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ. ഇതിനോടുള്ള പ്രതികരണമായി ഒരു ലോക്കൽ ബി.ജെ.പി. എം.പി പറഞ്ഞത്, ഹൈദരാബാദ് സെൻട്രൽ സർവ്വകലാശാല  ദേശീയവിരുദ്ധമായ പ്രവർത്തികളുടെ കുഴിയായി മാറുകയാണ്  എന്നാണ്. എന്തായിരുന്നു രോഹിത് വെമുല ഇടപെട്ടിരുന്ന ദേശീയവിരുദ്ധമായ പ്രവർത്തികൾ? സിനിമ നിർമ്മിക്കുക, ചർച്ചകളും സംവാദങ്ങളും നടത്തുക, ബീഫ് ഫെസ്റ്റിവലിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ദേശവിരുദ്ധമായ പ്രവർത്തികളാണ് ചിത്രീകരിക്കപ്പെട്ടതു.

മറ്റൊന്ന്, ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ( JNU) നടന്നത്. വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ആളുകളുടെ മാനുഷിക അവകാശങ്ങളെ  പിന്താങ്ങി, ചർച്ചകളും കൂടിക്കാഴ്ചകളും ഒക്കെ അവിടെ  സംഘടിപ്പിക്കപ്പെട്ടിരുന്നു.  ഭരണകക്ഷിക്ക് ഇഷ്ടമില്ലാത്ത ഇത്തരം പ്രവർത്തികൾക്ക് ബദലായി ഒരു വ്യാജ സി.ഡി  നിർമ്മിക്കപ്പെട്ടു. കൃത്രിമമായി തരപ്പെടുത്തിയ ഈ വീഡിയോ ചില ചാനലുകൾ നിരന്തരം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. വീഡിയോ ഇതാണ്, കനയ്യകുമാറും മറ്റു സുഹൃത്തുക്കളും ചേർന്ന് മുദ്രാവാക്യങ്ങൾ വിളിക്കുന്നു, ഈ മുദ്രാവാക്യങ്ങൾ ഇന്ത്യ വിരുദ്ധമായിരുന്നു. മുദ്രാവാക്യങ്ങൾ വിളിക്കുക എന്നത് ദേശവിരുദ്ധമല്ല. അക്രമങ്ങൾക്കു പ്രേരണയായി എന്തെങ്കിലും സംഭവിച്ചാൽ, അത് ദേശവിരുദ്ധമാകുന്നു. മനസിലാക്കുക,  മുദ്രാവാക്യങ്ങളിലൂടെയും മറ്റും സ്വയം ആവിഷ്‌കപരിക്കപ്പെടുമ്പോൾ അത് ദേശവിരുദ്ധമാകുന്നില്ല. തുടർന്ന് കനയ്യകുമാറിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്യുന്നു, ജയിലിൽ ക്രൂരമായി മർദ്ദിക്കുന്നു, കോടതി ഇടപെടുന്നു. ഒടുവിൽ കോടതി തന്നെ പറയുന്നു, മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ദേശവിരുദ്ധമാകുന്നില്ല എന്ന്. കഴിഞ്ഞ മൂന്നു വർഷങ്ങളായി  കൊട്ടിഘോഷിക്കപ്പെടുന്ന ദേശീയത എന്താണെന്ന് ചിന്തിക്കുവാൻ  ഈ രണ്ടു സംഭവങ്ങളും കൂടി നോക്കുമ്പോൾ നമ്മൾ പ്രേരിതരാകുന്നു.

നരേന്ദ്ര മോഡി മുംബൈ സന്ദർശിച്ചപ്പോൾ നടത്തിയ ദേശസ്നേഹ പരാമർശത്തോട് അനുബന്ധമായി മറ്റൊന്ന് കൂടി പറയാം. തികച്ചും ജനാധിപത്യ മര്യാദകൾക്കു വിരുദ്ധമായി ഒരു ബി.ജെ.പി. പ്രവർത്തകൻ ആയ ബിഹാറിൽ നിന്നും ഉള്ള, ഗിരിരാജ് സിംഗ് പറഞ്ഞത്,  മോദിക്ക് വോട്ട് ചെയ്യാത്തവർ എല്ലാം  പാക്കിസ്ഥാനിലേക്ക് പോകണം എന്നു.  ആ ഇലക്ഷനിൽ മുപ്പണിയൊന്നു ശതമാനം പേര് മാത്രമാണ് മോദിക്ക് വോട്ട് ചെയ്തത്, 61 ശതമാനം ആളുകൾ അദ്ദേഹത്തിനെതിരായ വോട്ട് ചെയ്തു. ഈ 61 ശതമാനം ആളുകളെ എന്ത് ചെയ്യണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

എന്താണ് ദേശീയത?

എന്താണ് ദേശീയത? എങ്ങനെയാണ് ഇത് രൂപപ്പെട്ടത്? എങ്ങനെയാണ് ഇത് ഇന്ത്യയിൽ വന്നത്? എല്ലായിടത്തും ഒരേപോലെയാണോ ഈ ദേശീയത കടന്നു വന്നത്? അല്ല. ഇന്ത്യൻ നാഷണലിസം എന്ന സങ്കല്പം ആദ്യമായി രൂപപ്പെട്ടത് കൊളോണിയൽ കാലഘട്ടത്തിലാണ്. ബ്രിട്ടീഷ്‌കാർ വന്നതോടെ രൂപപ്പെട്ടുവന്ന രണ്ടു തരത്തിലുള്ള ദേശീയതയെപ്പറ്റി പറയാം. ഒന്ന് ഇന്ത്യൻ നാഷണലിസം. എന്താണ് ഇന്ത്യൻ നാഷണലിസം? ബിസ്സിനസ്സ്കാർ, വ്യവസായ സംരംഭകർ, ജോലി ചെയ്യുന്ന ആളുകൾ, വിദ്യാസമ്പന്നരായ സമൂഹം എന്നിങ്ങനെയുള്ള സമൂഹത്തിലെ പല തട്ടുകളിൽ നിന്നും രൂപപ്പെട്ടുവന്നതാണ് ഇന്ത്യൻ നാഷണലിസം. അപക്ഷയം (Declining Classes)സംഭവിച്ചുകൊണ്ടിരുന്ന മറ്റൊരുവിഭാഗത്തിൽ നിന്നും ഉടലെടുത്ത ദേശീയതാ സങ്കൽപ്പമാണ് മറ്റൊന്ന്.  ഭൂവുടമസ്ഥർ, ജന്മിമാർ, രാജാധികാര വാഴ്ത്തിപ്പുകാർ, രാജാവ് തുടങ്ങിയ ശ്രേണിയിൽ നിന്നും ഉടലെടുത്ത ഈ ദേശീയത സങ്കല്പം മതത്തിന്റെ പരിരക്ഷക്കുള്ളിൽ നിൽക്കുന്ന തരത്തിൽ ഉള്ളതായിരുന്നു.

രാജാവ്, ജമീന്ദാർ, നവാബ് തുടങ്ങിയ വിളിപ്പേരുകളിൽ അറിയപ്പെട്ടിരുന്നവർ മതത്തിന്റെ പിന്തുണയോട് കൂടി രൂപപ്പെടുത്തിയ ദേശീയത ആണ് രണ്ടാമത് പറഞ്ഞത്. അതിൽ നിന്നും രൂപപ്പെട്ടതാണ് , മുസ്‌ലിം നാഷണലിസം, ഹിന്ദു നാഷണലിസം, എന്നിങ്ങനെയുള്ളവ.

മനുഷ്യ സമൂഹം നിരന്തരമായി മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. വേട്ടക്കാരനായിരുന്ന മനുഷ്യൻ മുതൽ ആധുനിക മനുഷ്യൻ വരെ നിരന്തരം മാറ്റങ്ങളിലൂടെ കടന്നു പോയിരുന്ന മനുഷ്യൻ. വേട്ടക്കാരനായിരുന്ന കാലഘട്ടത്തിൽ ആണ് ഗോത്രങ്ങൾ  ഉണ്ടായിരുന്നത്. അവിടെ ഗോത്ര തലവന്മാർ  ഉണ്ടായിരുന്നു. പൗര ബോധമോ, ദേശീയ ബോധമോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അത്തരം സങ്കല്പങ്ങൾ ഒക്കെ കൂടുതലും ആ ഗോത്രത്തിനുള്ളിൽ തന്നെ പരിമിതപ്പെട്ടിരുന്നു. അതിനു ശേഷമാണ് പാസ്റ്ററൽ സമൂഹം വരുന്നത്. കൂടുതലും മൃഗങ്ങളെ ആശ്രയിച്ചു ജീവിച്ചിരുന്ന, മൃഗ മാംസം ഭക്ഷിച്ചിരുന്ന, മൃഗങ്ങളുടെ പാൽ കുടിച്ചിരുന്ന ഒരു സമൂഹം രൂപപ്പെടുന്നത്. ഇതാണ് പാസ്റ്ററൽ സമൂഹം. ഈ തരത്തിലുള്ള പാസ്റ്ററൽ സമൂഹത്തെക്കുറിച്ചുള്ള വിശദീകരണം, കൂടുതലായും വേദങ്ങളിലും മറ്റും ധാരാളവുമായി കാണുവാൻ സാധിക്കും. അതിനു ശേഷം, കാർഷികവൃത്തി സ്വീകരിച്ച, കൃഷി ചെയ്യാൻ തുടങ്ങിയ മനുഷ്യ സമൂഹം കടന്നു വരുന്നു. ഈ കാർഷിക സമൂഹത്തോടൊപ്പമാണ് പല തരത്തിലുള്ള മതങ്ങൾ  ഉയർന്നു വരുന്നത്. അനാദ്യന്തമായ (?) എന്നവകാശപ്പെടുന്ന മതങ്ങൾ രൂപപ്പെടുന്നത് ഈ കാർഷിക സമൂഹത്തിലാണ്.

ഇന്ത്യയിൽ ഇങ്ങനെ രൂപ്പപ്പെട്ട വിവിധ മതങ്ങൾ എല്ലാം ഒന്ന് ചേർന്ന് ഹിന്ദൂയിസം എന്ന കുടക്കീഴിൽ അണി നിരന്നു. ഹിന്ദുത്വത്തിന്റെ ഒരു വശത്തു ബ്രാഹ്മണിസവും മറു വശത്തു ഷാമനിസവും കാണാൻ സാധിക്കും. എന്താണ് ബ്രാഹ്മണിസം? ബ്രാഹ്മണിസം ഒരു സിസ്റ്റമാണ്, അത്  മനുഷ്യന്റെ ശ്രേണീ പരമായ വിഭജനത്തിൽ വിശ്വസിക്കുന്നു. ബ്രാഹ്മണിസം, തൊഴിലിന്റെ അടിസ്ഥാനത്തിൽ  മനുഷ്യനെ പല തട്ടുകളിൽ ആക്കി,    ജാതികളായി തരം  തിരിച്ചു നിര്ത്തുന്നു.

എന്താണ് ഷാമനിസം? ബ്രാഹ്മണിക്കൽ ആയിട്ടുള്ള മൂല്യങ്ങളിൽ  നിന്നും വ്യത്യസ്തമായിരുന്നു ഷാമനിസം, എന്തൊകൊണ്ടെന്നാൽ, ഷാമനിസം അടിസ്ഥാനപരമായി ജാതിപരമായ, ലിംഗപരമായ വിഭജനത്തെ എതിർത്തിരുന്നു. സമൂഹത്തിന്റെ സമത്വത്തിൽ ഷാമനിസം വിശ്വസിച്ചിരുന്നു. ഇന്ത്യയിൽ ഹിന്ദൂയിസം വളർന്നത് പോലെ, ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു നോക്കുകയാണെങ്കിൽ, ബുദ്ധിസം, ജൈനിസം, ക്രിസ്ത്യാനിറ്റി, പിന്നീട് ഇസ്‌ലാം, എന്നിങ്ങനെ പല മതങ്ങളും ഉടലെടുത്തു.

ഈ മതങ്ങൾ ഒക്കെയാണ്, കാർഷിക കാലഘട്ടത്തിൽ ഉടലെടുത്തവ. ഇത് ഒരു രാജാധിപത്യ മേഖലയോട് കൂടി  പൂർണ്ണമാകുന്നു. ഇവിടെ ഒരു വശത്തു പരമാധികാരിയായ രാജാവ്,  മറുവശത്തു, മതത്തിന്റെ പ്രതിനിധീകരിക്കുന്ന പുരോഹിതവർഗ്ഗം.  രാജ്യത്തിന്റെ മൂല്യങ്ങളും മറ്റും നിർണ്ണയിക്കുന്ന ഇ പുരോഹിതവർഗ്ഗം അത് നടപ്പിലാക്കിയിരുന്നു മതത്തിന്റെ ഭാഷയിലും. ഇവിടെയും ദേശം അല്ലെങ്കിൽ  ദേശീയത എന്ന സങ്കല്പവും ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ഭരണവും ഇന്ത്യന്‍ ദേശീയതയുടെ ഉദയവും  

പൗരത്വത്തിൽ അധിഷ്ഠിതമായ നാഷണലിസം എന്ന് ഇതിനെ വിളിക്കാന്‍ സാധിക്കില്ല.  രാജഭരണത്തിൽ പൗരാവകാശങ്ങൾ ഇല്ല എന്ന് തന്നെ മനസിലാക്കാം. അവിടെ ദൈവതുല്യനായ രാജാവ്, ദൈവത്തിന്റെ പ്രതിനിധിയായ പുരോഹിതവർഗ്ഗം, പിന്നെ നിയമങ്ങൾ പാലിക്കപ്പെടേണ്ട ജനതയും. ഇവിടെയും, ദേശീയത എന്ന സങ്കല്പം ഉണ്ടാകുന്നില്ല. 16 – 17  നൂറ്റാണ്ടുകളിലാണ് ദേശീയത എന്ന സങ്കല്പം തന്നെ ഉടലെടുക്കുന്നത്. തീർച്ചയായും, ഇന്ത്യയിൽ അനുബന്ധമായി, കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ വന്നപ്പോൾ, ആണ് ദേശം എന്ന സങ്കൽപം ഉണ്ടാകുന്നത്. നവോസ്ഥാനാന്തര യൂറോപ്പിൽ,  ശാസ്ത്രം ആധിപത്യം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ, സമൂഹം രാജാധികാരത്തെ ചോദ്യം ചെയ്തു തുടങ്ങി. പുരോഹിതവർഗ്ഗത്തിന്റെ അനുശാസനങ്ങളെ സമൂഹം ചോദ്യം ചെയ്യാൻ തുടങ്ങി. സ്വാതന്ത്ര്യം സമത്വം സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഫ്രാൻസിൽ ഉണ്ടായ നവോത്ഥാനം, ജനാധിപത്യപരമായ, മതനിരപേക്ഷമായ ഒരു സമൂഹത്തിനു  തുടക്കം കുറിച്ചതിന്റെ  ഉത്തമ ഉദാഹരണമാണ്. ഫ്രഞ്ച് റിപ്പബ്ലിക്ന്റെ അടിസ്ഥാനം ഇതായിരുന്നു.

ഇവിടെ ജനങ്ങൾക്ക് പ്രാധാന്യ ഏറുകയും രാജാധികാരം നഷ്ടപ്പെടുകയും ചെയ്തു. രാജാവ് ജനങ്ങളുടെ അഭിപ്രായങ്ങളുടെ ഒരു പ്രതിനിധിയായി മാറുകയും ചെയ്തപ്പോൾ ആധുനിക ദേശീയതാ സങ്കല്പം രൂപപ്പെട്ടു. ഇന്ത്യയിലെ അവസ്ഥ പക്ഷെ കൂടുതൽ സങ്കീർണ്ണമായിരുന്നു. കാരണം ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ആയിരുന്നു. എന്തിനായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യ കീഴടക്കിയത് എന്നതിന് പല വിശദീകരണങ്ങൾ നിലനിൽക്കുന്നുണ്ട്. അപരിഷ്കൃതരായ ഒരു ജനതയെ പരിഷ്കരിക്കുവാൻ ആണെന്നും, അത് ദൈവ നിശ്ചിതമാണെന്നും ഉള്ള വാദങ്ങൾ കേൾക്കാം. പക്ഷെ എന്തിനാണ് ബ്രിട്ടീഷുകാർ കോളനി രാജ്യങ്ങൾ സൃഷ്ടിച്ചത്? കോളനി രാജ്യങ്ങളുടെ സമ്പത്തു കൊള്ളയടിക്കുക എന്നതായിരുന്നു  ലക്‌ഷ്യം. ഇവിടെ, രാജാധികാരത്തിനും കൊളോണിയൽ സമ്പ്രദായത്തിനും തമ്മിൽ കാതലായ വ്യത്യാസം  ഉണ്ടെന്നു കാണാം. കോളനിവൽക്കരിക്കപ്പെട്ട ഇന്ത്യയിൽ അവർ ചില മാറ്റങ്ങൾ കൊണ്ട് വന്നു. എന്തൊക്കെയായിരുന്നു അത്.

ഒന്ന്. സമ്പത്തു കൊള്ളയടിക്കുന്നതിനായി, ഗതാഗത സൗകര്യം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിൽ നിന്നും സാധന സാമഗ്രികൾ കൊൽക്കത്ത, മദ്രാസ്, ബോംബെ, കോഴിക്കോട് തുടങ്ങിയ തുറമുഖ പട്ടണങ്ങളിലേക്കു കൊണ്ടുവരുന്നതിന് ഈ ഗതാഗത സൗകര്യം അവരെ സഹായിച്ചു.

ഇതിനോടനുബന്ധമായി, കടൽ ഗതാഗതം, റയിൽഗതാഗതം റോഡ് ഗതാഗതമൊക്കെ നിലവിൽ വന്നു. ലളിതമായി  പറഞ്ഞാൽ, ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ വന്ന ആദ്യ മാറ്റം, റയിൽവേയുടെ രൂപത്തിലായിരുന്നു.

രണ്ട്. ബ്രിട്ടീഷ് വൈസ്രോയിയുടെ ഭരണകാര്യങ്ങൾ സുഗമമാക്കുന്നതിനായി വാർത്താവിനിമയ മേഖലയിൽ ഉണ്ടായ പരിഷ്‌കാരങ്ങൾ. ടെലഫോൺ, ടെലഗ്രാഫ്, തപാൽ ശൃംഖല തുടങ്ങിയവ ഇതിൽപെടുത്താം.

മൂന്നാമതായി, പരിഷ്കൃത ഭരണ സംബ്രദായത്തിനായി, ആധുനിക വിദ്യാഭ്യാസം നടപ്പിൽ വരുത്തി. ആധുനിക വിദ്യാഭ്യാസം, തുടർന്ന് വിദ്യാസമ്പന്നരായ ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചു. ബ്രിട്ടീഷ്  ഭരണ സമ്പ്രദായത്തിന് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ജയിലുകൾ. ശിക്ഷണത്തിന്റെ ഒരു പൊതു രീതിയെ ജയിൽ എന്ന് വ്യാഖ്യാനിക്കാം ഇവിടെ.

സംഗ്രഹിച്ചാൽ, റെയിൽ, മെയിൽ, ജയിൽ എന്നിങ്ങനെ മൂന്നു പ്രധാന മാറ്റങ്ങൾ ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യയിൽ, ഉണ്ടായതായി കാണാം.

ഇതിനോട് അനുബന്ധമായി സാമൂഹികമായ മാറ്റങ്ങൾ ഉണ്ടാകുന്നു, ഒപ്പം 3 സാമൂഹിക വർഗ്ഗങ്ങള്‍ ഉടലെടുക്കുന്നതും കാണാം.

ബിസിനസുകാർ, ഇൻഡസ്ട്രിയലിസ്റ്റുകൾ (Businessman- Industrialists)  എന്ന ആദ്യത്തെ ഗ്രൂപ്പിൽ വരുന്നതാണ് ടാറ്റ, ബിർള, ബജാജ്, ഡാൽമിയ തുടങ്ങിയവ. ഇവർ തുടങ്ങിവച്ച വ്യവസായശാലകളിൽ ഒരു പുതിയ വർഗ്ഗം ഉടലെടുക്കുന്നു. തൊഴിലാളിവർഗ്ഗം (Industrial  Workers) . മൂന്നാമത്തെ വർഗ്ഗമാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ച സമൂഹം (Modern educated  Classes) . ഇത്തരത്തിൽ  രൂപപ്പെട്ട പുതിയ വർഗ്ഗങ്ങളെ   പൊതുവിൽ rising classes എന്ന് വിളിക്കാം. പക്ഷെ മറുവശത്തു, ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ എറിഞ്ഞു കളയേണ്ട പഴയകാല വർഗ്ഗങ്ങൾ (Declining Classes) അതിജീവിക്കുകയും ചെയ്തു. ഭൂപ്രഭുക്കന്മാരുടെയും, പുരോഹിത ഭരണത്തിന്റെയുമൊക്കെ സംഹിതകളെ പിഴുതെറിഞ്ഞുകൊണ്ടു യൂറോപ്പ് പുതിയ സിദ്ധാന്തങ്ങളെയും, പുതിയ വർഗ്ഗ സങ്കല്പങ്ങളെയും നെയ്തെടുത്തപ്പോൾ, ഇന്ത്യയിൽ അവയൊക്കെ അങ്ങനെ തന്നെ അവശേഷിച്ചു.  ഈ പഴയകാല അധികാര വർഗ്ഗങ്ങൾ ഹിന്ദു, മുസ്‌ലിം, രാജാവ് എന്നിങ്ങനെ ഇപ്പോഴും അവശേഷിക്കുന്നതാണ് ഇന്ത്യയിലെ കേന്ദ്ര പ്രശ്നം.

റിപ്പബ്ലിക്കന്‍ സ്വപ്‌നങ്ങളും പിന്തിരിപ്പന്‍ ശക്തികളും

മുൻപ് പറഞ്ഞ rising classes ൽ നിന്നും മൂന്നു തരത്തിലുള്ള organization കൾ ഉടലെടുത്തു. ഒന്ന്, തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധിയായി ഉയർന്നുവന്ന നേതൃത്വം. ഇന്ത്യയെക്കുറിച്ചും, സോഷ്യലിസത്തെക്കുറിച്ചും ഒക്കെ അവർ സംസാരിച്ചു. സർദാർ ഭഗത്‌സിംഗ് ന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റിക് റിപ്പബ്ലിക്കന്‍ അസോസിയേഷൻ (Hindustan Socialist Republican Association HSRA) ഈ ഗണത്തിൽ പെടുന്നു. ഡോ. ജ്യോതിറാവു പുലെയുടെ പിൻഗാമിയായി സാമൂഹിക സമത്വത്തിനും, സാമൂഹിക നീതിക്കും വേണ്ടി സംസാരിച്ച മറ്റൊരു വർഗ്ഗം  രണ്ടാമതായി,  ഭീംറാവു അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യയിൽ രൂപം കൊണ്ടു. ഇന്ത്യൻ ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ( Republican Party of India – RPI)  ഇന്ത്യ അങ്ങനെ രൂപം കൊണ്ടു. ആനി ബെസന്റ്, സർദാർ ബൽദേവ് സിംഗ്, മൗലാനാ അബ്ദുൾകലാം ആസാദ്, മോഹൻദാസ് കരംചന്ദ് ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു ദേശീയ പ്രക്ഷോഭ നിര രൂപപ്പെട്ടതിനെ മൂന്നാമത്തെ വർഗ്ഗമായി കണക്കാക്കാം. അവർ പ്രതിനിധീകരിച്ച  സംഘടനയുടെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ( Indian National Congress – INC). പുതുതായി രൂപപ്പെട്ട വർഗ്ഗങ്ങളുടെ അല്ലെങ്കിൽ സാമൂഹിക ക്രമത്തിൽ ഉടലെടുത്ത സങ്കടനകളുടെ പേരുകൾ യഥാക്രമം

 1. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റിക് റിപ്പബ്ലിക് അസോസിയേഷൻ
 2. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
 3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

ഇതിനു സമാന്തരമായി കാലാനുസൃതമായ മാറ്റങ്ങളെ ഭയന്നിരുന്ന, പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും മറ്റും അവശേഷിച്ച ഗ്രൂപ്പുകൾ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില സംഘടനകൾ രൂപീകരിച്ചു. രാജാക്കന്മാരുടെയും, ഭൂപ്രഭുക്കന്മാരുടെയും മതമേധാവികളുടെയും ഒക്കെ നേതൃത്വത്തിൽ ഉയർന്നുവന്ന സങ്കടനകളിൽ പ്രധാനമായത് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ വളർന്ന ഇന്ത്യൻ മുസ്‌ലിം ലീഗ്. രണ്ടാമതായി, മഹാരഷ്ട്രയിൽ “വീർ” എന്ന് പൊതുവിൽ അറിയപ്പെടുന്ന വീര സവർക്കറുടെ, വിനായക് ദാമോദർ സവർക്കർ,  നേതൃത്വത്തിൽ ഉള്ളതായിരുന്നു. അദ്ദേഹത്തെ ഒരു വീരൻ എന്ന് വിളിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. ബ്രിടീഷ് കാർക്കെതിരെ ശബ്‌ദിച്ചെങ്കിലും ഒന്നിന് പിറകെ ഒന്നായി മാപ്പു അപേക്ഷിച്ചു കത്തുകൾ എഴുതിയിരുന്നു “വീർ” സവർക്കർ. സവർക്കർ പ്രസിഡന്റായിരുന്ന ഹിന്ദു മഹാ സഭ അങ്ങനെ രണ്ടാമത്തെ സങ്കടനയായി വളർന്നു വന്നതു  കാണാം. ഇന്ത്യൻ ദേശീയതയെക്കുറിച്ചും, ഹിന്ദുത്വത്തെ കുറിച്ചും ഒക്കെ വ്യാകുലപ്പെടുകയും, ഉച്ചത്തിൽ ഉദ്‌ഘോഷിക്കുകയും ചെയ്ത, മൂന്നാമത്തെ സങ്കടന ആയിരുന്നു, രാഷ്ട്രീയ സ്വയം സേവക് സംഘം. ഇങ്ങനെ പാരമ്പര്യവാദത്തിലും മറ്റും തൂങ്ങിപ്പിടിച്ചു ഐ=ഉയർന്നുവന്ന സങ്കടനകൾ ആണ്,

 1. ഇന്ത്യൻ മുസ്‌ലിം ലീഗ്.
 2. ഹിന്ദു മഹാ സഭ .
 3. രാഷ്ട്രീയ സ്വയം സേവക് സംഘം.

രാഷ്‌ടീയ സ്വയം സേവക സംഘം ഒരിക്കലും മതേതര ദേശീയത അവകാശപ്പെടുന്നില്ല. RSS  ഹൈന്ദവരാഷ്ട്രം ആവശ്യപ്പെടുന്നു. ഗാന്ധിജിയുടെയും (പൂർണ്ണമായും അല്ലെങ്കിലും), അംബേദ്കറുടെയും മറ്റും നേതൃത്വത്തിൽ ഉയർന്നുവന്ന സങ്കടനകളുടെ പേരിൽ സെക്കുലർ എന്ന ആശയം മുഴങ്ങികേൾക്കുമ്പോൾ, മറുവശത്തു, മുസ്‌ലിം ലീഗ്,ഹിന്ദു മഹാ സഭ, രാഷ്ട്രീയ സ്വയം സേവക സംഘം എന്നിങ്ങനെ കാണാം . ആദ്യത്തേത് ഇന്ത്യ എന്ന രാഷ്ട്രത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, രണ്ടാമത്തേത് ഹിന്ദുവിനെക്കുറിച്ചും, മുസല്മാനെക്കുറിച്ചും മാത്രം സംസാരിച്ചു. പൊതുവിൽ ഭഗത് സിങ്ങും, ഗാന്ധിയും അബേദ്ക്കറും തമ്മിൽ വൈജാത്യങ്ങൾ നിരവധിയുണ്ട് എങ്കിലും പൊതുവായി അവർക്കിടയിൽ കാണാൻ സാധിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം.

 1. എല്ലാവരും ഇന്ത്യൻ നാഷണലിസത്തെക്കുറിച്ചു സംസാരിച്ചു.
 2. മതേതരത്വത്തെക്കുറിച്ചു അവർ സംസാരിച്ചു.
 3. ജനാധിപത്യത്തെക്കുറിച്ചു അവർ വ്യാകുലപ്പെട്ടിരുന്നു.
 4. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ കാര്യങ്ങളിൽ പൊതുവായ സമീപനം കാണാം.
 5. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന  പ്രവർത്തികളും  സമീപനവും.

മറുവശത്തു, മുഹമ്മദ് അലി ജിന്ന, സവർക്കർ, ഗോൾവൽക്കർ തുടങ്ങിയവർ. എന്താണ് ഇവരിൽ പൊതുവായി കാണാൻ സാധിക്കുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ഇങ്ങനെ തരാം തിരിക്കാം.

 1. ചെയുന്ന ജോലി, ആളുടെ ജാതി, ലിംഗം തുടങ്ങിയവയെ ആസ്പദമാക്കി മനുഷ്യരെ തരം തിരിക്കൽ.
 2. ഇവരെല്ലാം, പൊതുവിൽ രാജാധികാരത്തിലും, ഫ്യൂഡൽ നിയമങ്ങളിലും വിശ്വസിച്ചിരുന്നു.
 3. ഇവരെല്ലാം ചരിത്രത്തിലേക്ക് നോക്കി അതിനെ പ്രകീർത്തിച്ചവർ ആയിരുന്നു.

ചരിത്രത്തിലേക്ക് ഉറ്റുനോക്കികൊണ്ടു വളർന്നുവന്ന സങ്കടനകൾ എല്ലാം തന്നെ അർത്ഥരഹിതമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തി. ഉദാഹരണത്തിന്, ഹിന്ദുത്വം എന്ന ആശയം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മുന്നേ ഗോത്രങ്ങളായും മറ്റും നിലനിന്നിരുന്നവർ ആണ് ഹിന്ദുത്വത്തെ പാരമ്പര്യമായി കാണുന്നത്. മറ്റൊരുദാഹരണം നോക്കിയാൽ, മുസ്‌ലിം ലീഗ് അവകാശപ്പെടുന്നത്, മുഹമ്മദ് ബിൻ കാസിം സിന്ധിനെ ആക്രമിച്ചു കീഴടക്കിയ കാലം മുതൽ ഇന്ത്യ മുസ്‌ലിം രാഷ്ട്രമാണെന്നും. ശ്രദ്ധിക്കുക, മുസ്‌ലിം ലീഗ് അതിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ചിരിക്കുന്നതു സമകാലിക തത്വങ്ങളിൽ നിന്നുമല്ല,  മറിച്ചു എട്ടാം നൂറ്റാണ്ടിലെ രാജഭരണത്തിൽ നിന്നും ആണ് എന്ന് വ്യക്തം. ഈ കളിയിൽ എതിരാളിയെ പാടെ തോൽപ്പിക്കുവാൻ ഹിന്ദുരാഷ്ട്രവാദികൾ ഉയർത്തുന്ന ന്യായങ്ങൾ നോക്കാം. അനാദികാലം മുതൽ ഇന്ത്യ ഒരു ഹൈന്ദവ രാഷ്ട്രമാണ് എന്നതാണ് അവകാശവാദം. രസകരമായ കാര്യം, മരക്കൊമ്പുകളിൽ ജീവിച്ചിരുന്ന കുരങ്ങന്മാരുടെ കാലഘട്ടമാണോ, അതോ കാർഷിക വൃത്തി തുടങ്ങിവച്ച കാലമാണോ? എവിടെനിന്നാണ് ഈ പറയുന്ന അനാദികാലം തുടങ്ങുന്നത് എന്ന് വ്യക്തമല്ല. എന്തായാലും  ഈ അനാദികാല രാഷ്ട്ര സങ്കൽപം തന്നെ മുന്നേ സൂചിപ്പിച്ചതു പോലെ കൃത്രിമവും അവാസ്തവുമാണ്.

ഇന്ത്യന്‍ നാഷണലിസവും ഹിന്ദു നാഷണലിസവും

രാജ്യത്തിന് ശ്രേഷ്ഠമായ സംഭാവനകൾ നൽകിയ ഭഗത്‌സിംഗ്, ദളിതരുടെ ഉന്നമനത്തിനായി പ്രയത്നിച്ച അംബേദ്‌കർ എന്നിവരടങ്ങുന്ന നേതൃത്വനിര തുടക്കം കുറിച്ച  ദേശീയ പ്രക്ഷോഭം ആദ്യത്തെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക്  സ്വത്വംബോധം നൽകുകയും, അതിനോടനുബന്ധിച്ചു, ഇന്ത്യൻ നാഷണലിസം എന്ന സങ്കല്പം  രൂപപ്പെടുകയും ചെയ്യുന്നു. മനസ്സിലാക്കേണ്ടത്, ഈ രണ്ടു നിർവചനവും, ഇന്ത്യൻ നാഷണലിസവും ഹിന്ദു നാഷണലിസവും വളരെയധികം വ്യത്യസ്തമായ സങ്കല്പങ്ങൾ ആണ്.  ഇന്ത്യൻ പ്രധാനമന്ത്രി, ഞാൻ ഒരു ഹിന്ദു നാഷണലിസ്റ് ആണെന്ന് പറയുമ്പോൾ വ്യകതമാണ്, സ്വയം സേവക സംഘവും, ഹിന്ദു മഹാസഭയും മറ്റും സ്വപ്നം കാണുന്ന നാഷണലിസം ആണ് അത് എന്ന്. വേദങ്ങകളുടെയും മനുസ്മൃതിയുടെയും മറ്റും കാലഘട്ടങ്ങളിൽ നിന്നും മൂല്യങ്ങൾ ഉൾകൊണ്ട ഹൈന്ദവ ദേശീയത, സമകാലിക സമൂഹത്തിൽ വളരെ കൗശലപരമായി ദേശീയതയുടെ  സങ്കല്പങ്ങൾ മാറ്റിയെഴുതുന്നതു നമുക്ക് കാണാന്‍ സാധിക്കും.

പക്ഷെ, മറുവശത്തു യഥാർത്ഥ ഇന്ത്യ എന്ന സങ്കല്പം രൂപപ്പെടുത്തിയത് ഹിന്ദുവും, മുസൽമാനും, സിഖുകാരനും, പാഴ്സിയും തുടങ്ങിയ എല്ലാ മതങ്ങളിലെയും, എല്ലാ സ്ഥലങ്ങളിലെയും, നാനാവിധ ഗോത്രങ്ങളും ഉപരി, സ്ത്രീയും പുരുഷനും ചേർന്നാണ്. പക്ഷെ ആരാണ് മുസ്‌ലിം രാഷ്ട്രം വിഭാവനം ചെയ്തത്? മുഹമ്മദ് അലി. ആരാണ് ഹിന്ദു രാഷ്ട്രം വിഭാവനം ചെയ്തത്? ബ്രാഹ്മണിക്കൽ ആയ മൂല്യങ്ങളെ മുറുകെപ്പിടിച്ചവർ.

ഹിന്ദു, ഹിന്ദുത്വ, ഹിന്ദുമതം

ഹൈന്ദവ ദേശീയതയുടെ ഉറവിടത്തെ  പറ്റി പറയുന്നത്തിനു മുന്നേ, ഹിന്ദു, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുടെ അർഥം അന്വേഷിക്കേണ്ടതുണ്ട്. പ്രധാനമായും, ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വം, ഹൈന്ദവ രാഷ്ട്രം എന്നിവ. എട്ടാം നൂറ്റാണ്ടുമുതൽ ഉയർന്നുവന്ന വാക്കാണ് ഹിന്ദു. ഭൂമിശാസ്ത്രപരമായ തരംതിരിവിന്റെ അടിസ്ഥാനത്തിൽ ആണ് ഹിന്ദു നാമം ഉയർന്നുവന്നത്. സിന്ധു നദിമുതൽ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഭൂഭാഗത്തു താമസമാക്കിയവരെ ഹിന്ദു എന്ന് വിളിക്കുന്നു. സൗദി അറേബ്യാ, ഇറാൻ തുടങ്ങിയ വെസ്റ്റേൺ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവർ ആണ് ഈ രീതിയിൽ ഹിന്ദു എന്ന പേര് ഈ രീതിയിൽ നിർവചിച്ചതു. സിന്ധുവിൽ നിന്നും ഹിന്ദു എന്ന നാമം അങ്ങനെ ഭൂമിശാസ്ത്രപരമായ അളവുകോലിൽ ഉദയം ചെയ്തു. അവിടങ്ങളിൽ താമസിച്ചുപോന്നവരുടെ മതവിശ്വാസങ്ങൾ ഹിന്ദുമതം എന്നും അറിയപ്പെട്ടു. ഹിന്ദുത്വ എന്ന പദം  സവർക്കർ വളരെ ബുദ്ധിപരമായി  മൂന്നായി തരം  തിരിച്ചു വ്യക്തമാക്കുന്നുണ്ട്. മൂന്നു കാര്യങ്ങളെ ഊന്നിപ്പറഞ്ഞാണ് ഈ തരാം തിരിവ്.

 1. ആര്യൻ അധിനിവേശം.
 2. ഈ ഭൂപ്രദേശം.
 3. ബ്രാഹ്മണിക്കൽ ആയ സംസ്കാരം.

ഈ മൂന്നു കാര്യങ്ങൾ ആണ് ഹിന്ദുത്വം എന്ന പദം നിർമ്മിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ നിന്നും പൂർണ്ണമായും അകന്നു നിന്ന, ഇന്ത്യൻ ദേശീയത എന്ന സങ്കൽപ്പത്തിന് യാതൊരുവിധ സംഭാവനകളും നൽകാതിരുന്ന  സംഘടനകളായ മുസ്‌ലിം ലീഗ്, ഹിന്ദു മഹാ സഭ, RSS തുടങ്ങിയവർ ഇന്ന് ദേശീയതയെപ്പറ്റി വാചാലരാകുന്നത് നമുക്ക് കാണാം. ബ്രിട്ടീഷ്കാരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി ഒന്നും തന്നെ ചെയ്യാൻ പാടില്ല എന്ന് ഉറക്കെ പറഞ്ഞവർ ആണ് ഇന്ന് ദേശീയതയെപ്പറ്റി ഘോര ഘോരം പ്രസംഗിക്കുന്നത്. രാജ്യസ്നേഹം, രാജ്യഭക്തി എന്നിങ്ങനെയുള്ള കാര്യങ്ങൾ ആദ്യമായി മുന്നോട്ടുവച്ചതും ഈ വിഭാഗങ്ങൾ ആയിരുന്നു എന്നതാണ് ഏറെ രസകരം. ഞങ്ങളുടെ കൂറ് ബ്രിട്ടീഷുകാർക്ക് വാഗ്ദാനം ചെയ്യുന്നു എന്ന് വിളിച്ചുപറഞ്ഞവരും ഒരേ വിഭാഗക്കാർ തന്നെ.

എന്തുകൊണ്ട് RSS

സ്വാതന്ത്ര്യാനന്തരം വർഗ്ഗീയനിലപാടുകൾ പുലർത്തിയിരുന്ന മുസ്‌ലിം ലീഗിന്റെ ഒരു വിഭാഗം പാകിസ്ഥാനിലേക്ക് പോയി. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന മുസ്‌ലിം ലീഗിന് പ്രായോഗികപരമായി വളരെ ഏറെ വ്യത്യാസങ്ങൾ അവരിൽ നിന്നും ഉള്ളതായി കാണാം. തുടർന്ന് ഹിന്ദുമഹാ സഭ ക്ഷയിക്കുകയും  രാഷ്ട്രീയ സ്വയം സേവക സംഘം കടന്നുവരികയും ചെയ്തു. ഹിന്ദു മഹാ സഭ നിലനിൽക്കുമ്പോൾ തന്നെ എന്തുകൊണ്ടാണ് സ്വയം സേവക സംഘം രൂപപ്പെട്ടത്? ഹിന്ദു നാഷണലിസം എന്ന സങ്കൽപ്പത്തിൽ അടിയുറച്ചതായിരുന്നു ഹിന്ദു മഹാ സഭ എങ്കിലും, സ്വയം സേവക സംഘത്തിന്റെ ഉദയം അനിവാര്യമായ ചില സംഭവങ്ങൾ 1920  കളിൽ സംഭവിച്ചു. അംബേദ്കറുടെ നേതൃത്വത്തിൽ ബ്രാഹ്മണ മേധാവിത്വത്തിനും, ഭൂപ്രഭുത്വത്തിനും എതിരായി നാഗ്‌പൂറിനടുത്തു  വിദർഭ എന്ന സ്ഥലത്തു ഉണ്ടായ പ്രക്ഷോഭങ്ങൾ ഇതിനു പ്രധാന കാരണമായി. സവര്‍ണ്ണ ജാതിയിൽ പെട്ടവരും, പ്രഭുക്കന്മാരും ഈ പ്രക്ഷോഭത്തിൽ അസ്വസ്ഥരായി. മറ്റൊന്ന്, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവിഭാഗത്തിൽപ്പെട്ട  ജനങ്ങളെയും ഒരുമിച്ചു നിറുത്തി സ്വാതന്ത്ര്യ സമരത്തിന് ആയുള്ള ആഹ്വാനം. ഇതിലും സവർണ്ണ മേധാവിത്വം അസ്വസ്ഥരായി. മൂന്നാമതായി, ജർമ്മനിയിലെ ഹിറ്റ്ലറുടെ ആശയത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ജനങ്ങൾ. ഗോൾവാൾക്കർ തന്നെ പറയുന്നു, “ഒരു രാജ്യം എങ്ങനെ രൂപപ്പെടണം എന്നതിന് ഒരു മാതൃക ആണ് ഹിറ്റ്ലറുടെ ജർമനി”. സ്വാഭാവികമായും സ്വേച്ഛാധിപത്യം സംഘടനയിൽ പുലർത്തണം എന്ന മനോഭാവം തുടങ്ങിയ കാലം മുതൽ  സ്വയം സേവക സംഘത്തിൽ കാണാം. അനുബന്ധമായി വന്ന പേരാണ് “സർ” സംഘ ചാലക്. ഹിന്ദു മുസ്‌ലിം വർഗീയത ആയുധമാക്കി ചരിത്രത്തിൽ നിന്നും ഉദാഹരണങ്ങൾ എടുത്തുകാട്ടി സ്വയം സേവക സംഘം വളർന്നു. മുസ്‌ലിം സമുദായവും, ക്രിസ്ത്യൻ മതവും വന്നതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് സ്വയം സേവക സംഘം വിശ്വസിച്ചു. മതപരിവർത്തനങ്ങൾ അനുബന്ധമായി വന്നു എന്ന വീക്ഷണവും കാണാം RSS ന്റെ വിശ്വാസ പ്രമാണങ്ങളിൽ. പക്ഷെ സ്വാമി വിവേകാനന്ദൻ പറയുന്നതുപോലെ, മതപരിവർത്തനത്തിന്റെ മൂലഹേതു, ജാതിവ്യവസ്ഥയുടെ നിഷ്ഠൂര വാഴ്ചയായിരുന്നു. ഔറംഗസീബ്‌ ന്റെയും മറ്റും ഉദാഹരണങ്ങൾ എടുത്തുകാട്ടി മുസ്‌ലിം രാജാക്കന്മാർ അസഹിഷ്ണുക്കൾ ആയിരുന്നു എന്ന് സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടന്നു.

അധികാരത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ പല രാജാക്കന്മാരെയും കൊലപ്പെടുത്തിയ ഔറംഗസീബ്‌-ന്റെ ഭരണകാര്യങ്ങൾ നോക്കിയിരുന്നതിൽ 34  ശതമാനം ഹിന്ദുക്കൾ ആയിരുന്നു എന്നത് ചരിത്രം. രാജാ ജയസിങ്ങിനെ  മഹാരാഷ്ട്രയിൽ ശിവാജിയുമായി  ചർച്ചകൾ നടത്തുവാൻ ഔരംഗ സെബ് നിയോഗിച്ചിരുന്നു എന്നതും ചരിത്രം. പറഞ്ഞുവന്നത് ചരിത്രം പരിശോധിച്ചാൽ ഹിന്ദു രാജാക്കന്മാരും മുസ്‌ലിം രാജാക്കന്മാരും തമ്മിലും അവർക്കു തന്നെയിടയിലും ധാരാളം യുദ്ധങ്ങൾ നടന്നതായി കാണാം. ഒന്നും തന്നെ മതപരമായ കാരണങ്ങൾ ആയിരുന്നില്ല എന്നതാണ് വസ്തുത. പക്ഷെ ചരിത്രം മതപരമായി വളച്ചൊടിച്ചു സ്വയം സേവക സംഘം വളർന്നു.

ദേശവിരുദ്ധമായ ദേശീയത

സ്വയം സേവക സംഘത്തിന്റെ നിലപാടുകൾ ഇന്ത്യൻ ഭരണഘടനക്ക് തികച്ചും വിരുദ്ധമാകുന്നത് എങ്ങനെ എന്ന് rising classes  ൽ നിന്നും declining classes ൽ നിന്നും ഉദാഹരണങ്ങൾ എടുത്തു പരിശോധിക്കാം. അംബേദ്കറുടെ നേതൃത്വത്തിൽ മനുസ്മൃതി കത്തിക്കുന്നത് അതിൽ താഴ്ന്ന ജാതികലിലുള്ളവര്‍ക്കും സ്ത്രീകൾക്കും അടിമത്തം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആഹ്വാനങ്ങൾ ഉള്ളതുകൊണ്ടായിരുന്നു. അദ്ദേഹം തന്നെ ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം ഉണ്ടാക്കിയ കമ്മറ്റിയിൽ അംഗമായിരുന്നു. സ്വാതന്ത്ര്യം, സമത്വം ഒക്കെ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടന അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ നിർമ്മിതമാകുന്നു. മറുവശത്തു, RSS  സാർ സംഘചാലക് ആയിരുന്ന കെ. സുദർശന്റെ നേതൃത്വത്തിൽ ഭരണഘടനാ വെസ്റ്റേൺ ആണെന്നുള്ള വാദങ്ങൾ ഉയർന്നുവന്നു. വൈദേശികമായ ഭരണഘടനാ തള്ളേണ്ടതാണ് എന്നുള്ളവാദങ്ങൾ സ്വയം സേവക സംഘം ഉയർത്തി. ഇവിടെ ഇന്ത്യൻ ഭരണഘടന വിദേശ ഭരണഘടന എന്നതിനേക്കാൾ ഒരു അധുനിക ഭരണഘടന എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.  സംഘപരിവാർ പക്ഷെ ഭരണഘടനയെ വൈദേശികമായി കാണുന്നു. ഹൈന്ദവ പുണ്യഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയ ഒരു ഭരണഘടനയാണ് നമുക്ക് ആവശ്യം എന്ന് കെ. സുദർശൻ അവകാശപ്പെടുന്നു. എന്താണ് ഹൈന്ദവ പുരാണങ്ങൾ മുറുകെപ്പിടിക്കുന്നതു? ജാതിപരമായതും, വർഗ്ഗപരമായതും ആയ അധികാരക്രമവും.

രാഷ്ട്രീയ സ്വയം സേവക സംഘം അതിന്റെ പേരിൽ തന്നെ ലിംഗ സമത്വത്തെ തള്ളിപ്പറയുന്നു. പുരുഷനുവേണ്ടി നിർമ്മിച്ച ഈ സംഘടനയുടെ സ്ത്രീ വിഭാഗത്തെ, രാഷ്ട്ര  സേവികാ സമിതി എന്ന് വിളിക്കുമ്പോൾ തന്നെ പുരുഷാധിപത്യ, പുരുഷ കേന്ദ്രീക്രുതമായ ഒരു സംഘടനായാണ് RSS  എന്ന് വ്യക്തമാകുന്നു.

രണ്ടാമത്തേത് ജാതി സമ്പ്രദായം. സംഘപരിവാറിന്റെ എല്ലാ പോഷക സംഘടനകളും മനുസ്മൃതിയെ അല്ലെങ്കിൽ ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥങ്ങളെ മുറുകെപ്പിടിക്കുന്നത്  കാണാം. ഭഗവദ് ഗീതയുടെ കാര്യം തന്നെ  എടുത്താൽ, ദേശീയ ഗ്രന്ഥമായി ഗീതയെ പരിഗണിക്കണം എന്ന് സുഷമ സ്വരാജ് പറഞ്ഞത് നമുക്കറിയാവുന്നതാണ്. യഥാർത്ഥത്തിൽ ഏതാണ് നമ്മുടെ ദേശീയ ഗ്രന്ഥം? ഇന്ത്യൻ ഭരണഘടന. പക്ഷെ സംഘപരിവാർ എന്താണ് ആവശ്യപ്പെടുന്നത്? ഭഗവദ് ഗീത. അംബേദ്കറുടെ വാചകങ്ങൾ കടമെടുത്താൽ “ഭഗവദ് ഗീത മനുസ്മൃതിയുടെ  സംഗ്രഹിച്ച രൂപമാണ്”. എന്തുകൊണ്ടാണ് കൃഷ്ണൻ യുദ്ധത്തിനിറങ്ങുന്നത്? കാരണം കൃഷ്‌ണൻ ക്ഷത്രിയനാണ്. ക്ഷത്രിയന്റെ ധർമ്മമാണ് യുദ്ധം ചെയ്യുക എന്നത്. തീർച്ചയായും ജാതി സമ്പ്രദായത്തിനെ ദൃഢപ്പെടുത്തുന്നതാണ് ഭഗവദ് ഗീത. ഗീതയെ ദേശീയ ഗ്രന്ഥമായി കണക്കാക്കണം എന്ന് ആശയം മുന്നോട്ടു വച്ച് എന്നതുകൊണ്ട് തീരുന്നില്ല, മറിച്ചു, അധികാര ശ്രേണിയിൽ ജാതി സമ്പ്രദായത്തിൽ വിശ്വസിച്ചിരുന്നവരെ പ്രതിഷ്ഠിക്കുകയും ചെയ്തു സമീപകാലത്ത്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) മേധാവിയായി നിയമിക്കപ്പെട്ട Y. സുദർശൻ ഒരു ഉദാഹരണം. ജാതി സമ്പ്രദായത്തിൽ യാതൊരുവിധ പോരായ്മകളും ഇല്ല എന്ന്  മാത്രമല്ല,  ഇന്ത്യൻ സമൂഹത്തിനു അത് സ്ഥിരത നൽകുമെന്നും സുദർശൻ പരാമർശിക്കുന്നു.

വേരുറക്കുന്ന ഫാസിസം

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജനാധിപത്യപരമായ പല സങ്കൽപ്പങ്ങളും പൊളിച്ചെഴുതപ്പെട്ടു എന്ന് കാണാം. കാബിനറ്റ് സമ്പ്രദായം ഏകാധിപത്യ വ്യവസ്ഥിതിക്കു വഴിമാറി. ഒരു രാത്രിയിൽ demonetization നടത്തുകയും, ഭരണത്തലവന്‍ യഥേഷ്ടം പുറം  രാജ്യങ്ങൾ സന്ദർശിക്കുന്നതും  ഒക്കെ നമ്മൾ കാണുന്നു. ഇത് ഒരു സ്വേച്ഛാധിപത്യ പ്രവണതയാണ്. സ്വച്ഛ ഭാരത് മുതൽ വിദേശകാര്യം, സാമ്പത്തിക വകുപ്പ് വരെയും ഒരാളുടെ നിയന്ത്രണത്തിലാകുന്നു. ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തമില്ലാത്ത ഒരു നേതാവില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്ന വ്യവസ്ഥിതി. നമ്മുടെ സർവ്വകലാശാലകള്‍ക്കു എന്ത് സംഭവിച്ചു. അറിവ് പകർന്നു നല്കുന്നതിനായുള്ള സർവ്വകലാശാലകൾ അധികാര കേന്ദ്രങ്ങളായി മാറി. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെയും,ഹൈദരാബാദ് സർവ്വകലാശാലയിലെയും  വ്യവസ്ഥിതിയും സമ്പ്രദായവും തച്ചുടച്ചത്  നമ്മൾ കണ്ടു. Film and Television Institute of India യുടെ ചെയർമാനായി നിയമനം നടക്കുന്നതുപോലും കാക്കി വസ്ത്രത്തോടു ആരാധനയും വിധേയത്വവും ഉള്ളവർക്കായി മാറിയതും നമ്മൾ കണ്ടു. അസഹിഷ്ണതയുടെ പാഠങ്ങൾ നമ്മൾ കണ്ടു. അമീർഖാൻ പാകിസ്ഥാനിലേക്ക് പോകണമെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നത് നമ്മൾ കണ്ടു. എല്ലാരീതിയിലും എല്ലായിടത്തും ദൈന്യതയുടെ, ഉന്മേഷരാഹിത്യത്തിന്റെ ഭാവം നിഴലിച്ചു. ആകമാനം പരീക്ഷണത്തിലായിരുന്ന സംഘപരിവാർ സംഘടനകൾ ഈ ഗവർമെന്റ് അധികാരത്തിൽ വന്നതോടെ എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ആസ്വദിക്കുവാൻ തുടങ്ങി. ഭയരഹിതമായി എവിടെയും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് സംഘപരിവാർ സങ്കടനകൾ വളർന്നു.

മാറ്റങ്ങൾ ആവശ്യമാണ്. മനസിലാക്കുക, ഇന്ത്യൻ ജനാധിപത്യം കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തതാണ്. നൂറു വർഷങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള  കഠിനമായ സമരം, നൂറുകണക്കിന് രക്തസാക്ഷികൾ, ലക്ഷകണക്കിന് ജനങ്ങൾക്കു ജയിൽവാസം അനുഷ്ടിക്കേണ്ടി വന്നു. ഈ പോരാട്ടങ്ങളോടെല്ലാം അക്കാലത്തു  അകന്നുനിന്നിരുന്ന ഒരു സമൂഹം, ഇപ്പോൾ ഹൈന്ദവ ദേശീയതക്കുവേണ്ടി മുറവിളി കൂട്ടുന്നു. ഇന്ത്യയുടെ ബഹുസ്വരതയെ മാനിക്കുന്നതോടൊപ്പം, മനസ്സിലാക്കേണ്ടത്, ഹിന്ദുത്വം എന്ന സങ്കല്പം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണ് എന്നതാണ്. മൗലാനാ അബ്ദുൽ കലാം ആസാദ് മുസ്‌ലിം ആയിരുന്നു, പക്ഷെ അദ്ദേഹം മുസ്‌ലിം ലീഗിന്റെ ആശയങ്ങളോട് എന്തുകൊണ്ട് ചേർന്ന് പ്രവർത്തിച്ചില്ല എന്ന് ഒരു സാങ്കൽപ്പിക അഭിമുഖത്തിൽ എനിക്ക് അദ്ദേഹത്തോട് ചോദിക്കാം, മറുപടി തീർച്ചയായും, മുസ്‌ലിം മാനവസാഹോദര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു പറയുമ്പോൾ എന്തുകൊണ്ട് മുസ്‌ലിം ലീഗ് വിഭജനത്തെ പിന്തുണച്ചു? എന്നായിരിക്കും . ഹൈന്ദവനായ മഹാത്മാ ഗാന്ധി എന്തുകൊണ്ട് സ്വയം സേവക സംഘത്തിൽ ചേർന്നില്ല? വസുധൈവക കുടുംബം എന്ന് പഠിപ്പിക്കുന്ന സംഹിതയിൽ നിന്ന് കൊണ്ട് എന്റെ തന്നെ ജനങ്ങളോട് വെറുപ്പും വൈരാഗ്യവും വിദ്വേഷവും വെച്ചുപുലർത്താൻ എനിക്ക് സാധിക്കില്ല എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ഈ അസഹിഷ്ണുതയും വിദ്വേഷവും ഹിംസാത്മകതയുടെ വേരുകൾ ആണ്. അതൊരു പകർച്ചവ്യാധിയും. കേരളം പൊതുവിൽ ഇതിൽനിന്നും മുക്തമാണ്  എങ്കിലും മെല്ലെ അതിന്റെ വേരുകൾ ഇവിടെയും വളരുന്നത് കാണാം. മതങ്ങളുടെ ധാർമ്മിക മൂല്യങ്ങളും, മതങ്ങളുടെ രാഷ്ട്രീയ ഉപയോഗവും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. മതാധികാര സ്ഥാപനങ്ങൾ,ഒരിക്കലും മനുഷ്യാവാകാശ പ്രശ്നങ്ങള്‍ പ്രതിനിധീകരിക്കില്ല, അടിസ്ഥാന ആവശ്യങ്ങളെപ്പറ്റി അവർ ശബ്ദിക്കില്ല, മറിച്ചു ഹിന്ദുവെന്നും മുസല്മാനെന്നും ഒക്കെയുള്ള സ്വത്വത്തെ മാത്രമേ അവർ ഉയർത്തിക്കാട്ടുകയുള്ളു. ഈ പ്രശ്ങ്ങൾ ഒക്കെ നമുക്ക് പ്രധാനമാണ്.  സ്വാതന്ത്ര്യം സമത്വം, സാഹോദര്യം എന്നിവയിലൂന്നിയ മൂല്യങ്ങൾ ഉണ്ടായിരിക്കണം. പാരമ്പര്യത്തിലേക്കല്ല മറിച്ചു  ഭാവിയിലേക്ക് നമ്മൾ ഉറ്റുനോക്കണം. കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത ജനാധിപത്യം  അതിന്റെ മൂല്യങ്ങൾ നിലനിർത്തേണ്ടതും ഉയത്തിപ്പിടിക്കേണ്ടതും നമ്മുടെ എല്ലാവരുടെയും കർത്തവ്യം കൂടിയാണ്.

Transcript of a Speech by Ram Puniyani on Swathanthra Lokam 2016 at Kannur.
( Ram Puniyani  is a former professor of biomedical engineering and former senior medical officer affiliated with the Indian Institute of Technology Bombay )