ഭൗതിക ശാസ്ത്രത്തിലെ രണ്ടു പ്രധാന സിദ്ധാന്തങ്ങളാണല്ലോ ആപേക്ഷികതാ സിദ്ധാന്തവും (relativity), കണികാഭൗതികവും. ഈ രണ്ടു സിദ്ധാന്തങ്ങളും പ്രത്വേകിച്ചു നോക്കുകയാണെങ്കിൽ കുറ്റമറ്റതാണ്. പക്ഷെ ഇവയെ ഒരുമിച്ചു ചേർക്കാൻ ശ്രമിക്കുകയാണെങ്കിൽ രണ്ടു സിദ്ധാന്തങ്ങളിലെയും ഗണിതം തമ്മിൽ ചേരുകയില്ല.

പക്ഷെ ഈ സമസ്യക്ക് ഒരുത്തരമായി സ്റ്റാൻഫോർഡിലെ ഒരു സൈദ്ധാന്തിക ശാസ്ത്രജ്ഞനായ സസ്സ്കൈൻഡ് പുതിയൊരു സമവാക്യവുമായി രംഗത്തെത്തി. പുതിയ സമവാക്യം ഉപയോഗിച്ച് ഇവയെ നമുക്ക് തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും. ഭൗതിക ശാസ്ത്രത്തിൽ സ്ഥലകാലത്തിൽ കുറുക്കുവഴികൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സവിശേഷതയായ “വേംഹോൾ” എന്ന ആശയത്തിന്റെ സഹായത്തോടെയാണ് ഇത് സാധിച്ചത്. 

വളരെ ലളിതമായി തോന്നുന്ന സമവാക്യമാണിത്.

ER = EPR.

സമവാക്യത്തിൽ ഇടതു വശത്തുള്ള ER എന്ന് പറയുന്നത് ഐൻസ്റ്റീൻ റോസൻ പാലം എന്നറിയപ്പെടുന്ന വേംഹോൾ ആണ്. സമവാക്യത്തിന്റെ വലതു ഭാഗം (EPR)  ഐൻസ്റ്റീൻ, റോസൻ ബോറിസ് പൊഡോസ്‌കി, എന്നിവർ ഒരുമിച്ചു എഴുതി പ്രസിദ്ധീകരിച്ച ക്വാണ്ടം എന്റാങ്കിൾമെന്റിനെ (quantum entanglement) പറ്റിയാണ്.

ഇനി നമുക്ക് ഇവ രണ്ടും എന്താണെന്ന് അല്പം വിശദമായി പരിശോധിക്കാം.

ആദ്യമായി വേംഹോൾ എന്താണെന്ന് നോക്കാം. നാം ജീവിക്കുന്ന ലോകം ത്രിമാനം ആണല്ലോ, വേംഹോൾ എന്ന് പറയുന്നത് ത്രിമാനത്തേക്കാൾ ഉയർന്ന മാനത്തിലൂടെ പ്രപഞ്ചത്തിലെ രണ്ടു സ്‌ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എളുപ്പവഴി ആണ്.

wormhole

സൈദ്ധാന്തികമായി പറയുകയാണെങ്കിൽ നമ്മൾ വേംഹോളിന്റെ ഒരു വശത്തിലൂടെ ഉള്ളിലേക്ക് വീഴുകയാണെങ്കിൽ അതെ സമയത്ത് തന്നെ അപ്പുറത്തെ വശത്ത് എത്തിയിരിക്കും. പക്ഷെ അത് ഈ പ്രപഞ്ചത്തിന്റെ വേറെ ഏതെങ്കിലും ഒരു സ്‌ഥലകാലത്തിൽ ആയിരിക്കും. ചിലപ്പോൾ അത് ഈ പ്രപഞ്ചത്തിന്റെ തന്നെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് പോലും ആയേക്കാം.

വേംഹോൾ എന്ന് പറയുന്നത് പ്രപഞ്ചത്തിന്റെ ഒരു സ്‌ഥലത്ത്‌ നിന്നും മറ്റൊരു സ്‌ഥലത്തേക്ക്‌ പോകാൻ ഉള്ള ഒരു എളുപ്പവഴി മാത്രം അല്ല. അവ പ്രപഞ്ചത്തിലെ ഒരു സമയത്തിൽ നിന്നും വേറൊരു സമയത്തിലേക്കു പോകാവുന്ന വാതിൽ കൂടിയാണ്. ചുരുക്കി പറഞ്ഞാൽ ഈ പ്രപഞ്ചത്തിന്റെ ഒരു സ്‌ഥലകാലത്തിൽ നിന്നും  വേംഹോളിലേക്കു പ്രവേശിക്കുന്ന ഒരു വസ്തു വേറെ ഒരു സ്‌ഥലകാലത്തിൽ എത്തിച്ചേരും.

ക്വാണ്ടം എൻടാംഗിൾമെന്റ്, എന്ന് പറയുന്നത് രണ്ടു കണികകൾ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. അവ തമ്മിൽ വളരെ ദൂരത്തിൽ ആയിരുന്നാൽ കൂടിയും തമ്മിൽ ബന്ധപ്പെട്ടിരിക്കും അവയുടെ അസ്തിത്വത്തെ തന്നെ തമ്മിൽ പങ്കു വയ്ക്കുന്നു. ഇത് അർത്ഥമാക്കുന്നത് എന്താണെന്ന് വച്ചാൽ ഇതിലെ ഒരു കണികയ്ക്കു എന്തെങ്കിലും മാറ്റം സംഭവിക്കുക ആണെങ്കിൽ ( ഉദാഹരണമായി കണികയുടെ കറക്കത്തിനോ അതിന്റെ വേഗതയ്ക്കോ ) അത് അതേ സമയത്ത് തന്നെ മറ്റേ കണികയെയും ബാധിക്കും. അവ തമ്മിലുള്ള ദൂരം പ്രകാശവർഷങ്ങൾ അകലെയാണെങ്കിൽ പോലും!

qm

നമുക്ക് ഇനി ഇവ രണ്ടും കൂട്ടിച്ചേർക്കാം.

സസ്സ്കൈൻഡ് തന്റെ പുതിയ പേപ്പറിൽ ഒരു ചിന്താപരീക്ഷണം പറയുന്നുണ്ട്. ആലീസ് എന്നും ബോബ് എന്നും പേരുള്ള രണ്ടു സാങ്കൽപ്പിക കഥാപാത്രങ്ങൾ. അവർക്കു മുൻപിൽ രണ്ടു ജോഡി കണികകൾ ഉണ്ട്. ഓരോ ജോഡിയിലെയും കണികകൾ തമ്മിൽ ക്വാണ്ടം എൻടാംഗിൾമെന്റ്  (Quantum entanglement) വഴി ബന്ധപ്പെട്ടിരിക്കുന്നു. ആലീസ് രണ്ടു ജോഡികളിൽ നിന്നും ഓരോന്ന് വീതം എടുക്കുന്നു. ബോബ് മറ്റേ രണ്ടെണ്ണവും എടുക്കുന്നു. അതിനു ശേഷം അവർ പ്രപഞ്ചത്തിന്റെ വിപരീത ദിശകളിലേക്ക് യാത്രയാകുന്നു.

അതിനു ശേഷം ആലീസും ബോബും തന്റെ കയ്യിലെ കണികകളെ ശക്തമായി കൂട്ടിയിടിപ്പിച്ചു ഓരോ തമോഗർത്തങ്ങൾ (black holes) ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി സസ്സ്കൈൻഡ് പറയുന്നത്  എന്റാങ്കിൾഡ് ആയ രണ്ടു തമോഗർത്തങ്ങൾ ഉണ്ടാകുമെന്നാണ്. അവ തമ്മിൽ ഒരു ഭീമാകാരമായ വേംഹോൾ വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കും!

ER = EPR എന്ന സമവാക്യം ശരിയാണെങ്കിൽ ഒരു വേംഹോൾ രണ്ടു തമോഗർത്തങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

വളരെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് വച്ചാൽ എന്ടാങ്കിൾ ആയിട്ടുള്ള രണ്ടു കണികകൾ തമ്മിൽ പോലും ക്വാണ്ടം തമോഗർത്തങ്ങൾ തമ്മിൽ ബന്ധപ്പെട്ടു കിടക്കാൻ ഉള്ള സാധ്യത ആണ്.

ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തത്തിൽ പറഞ്ഞിട്ടുള്ള സ്‌ഥലകാലവുമായി വേംഹോളിനു ബന്ധമുണ്ട്. നമുക്ക് അവയെ ക്വാണ്ടം എന്റാങ്കിൾമെന്റുമായി ചേർത്ത് നിർത്തി പറയാൻ സാധിക്കുന്നത് കൊണ്ട് ആപേക്ഷികതാ സിദ്ധാന്തവും (relativity), കണികാഭൗതികവും തമ്മിലുള്ള പരസ്പരബന്ധം സ്‌പഷ്‌ടമാകുകയാണ്.

സസ്സ്കൈൻഡ് ന്റെ നിഗമനം ശരിയാണോ? അത് പൂർണമായും ഉറപ്പു പറയാറായിട്ടില്ല. കാരണം മറ്റു ഭൗതിക ശാസ്ത്രജ്ഞർക്ക് സൂക്ഷ്‌മപരിശോധന നടത്തുന്നതിനായി അദ്ദേഹം ഇപ്പോൾ അത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ശരിയാണെങ്കിൽ ആപേക്ഷികതാ സിദ്ധാന്തവും ,കണികാഭൗതികവും തമ്മിൽ നമ്മൾ ഇതുവരെ കരുതിയതിനേക്കാൾ വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയുകയും ഭൗതികശാസ്ത്രത്തിനു പുതിയൊരു മാനം കൈവരുകയും ചെയ്യും എന്ന് ഉറപ്പാണ്.