ബൈബിൾ ഉല്പത്തി പുസ്തകം : അദ്ധ്യായം 12
15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.

16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.

ബൈബിൾ ഉല്പത്തി പുസ്തകം:അദ്ധ്യായം 20
2 അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെൿ ആളയച്ചു സാറയെ കൊണ്ടുപോയി.

14 അബീമേലെൿ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു:

ഇവിടെ നാം കാണുന്നത് അബ്രഹാം സ്വന്തം ഭാര്യ സാറായെ ഫറവോനും മറ്റൊരു രാജാവിനും കാഴ്ച വെച്ച് സമ്മാനങ്ങൾ നേടുന്നതാണ്. ഇത് ന്യായീകരിക്കാവുന്നതാണോ?

പുരോഹിതന്മാർ മനഞ്ഞെടുത്തിരിക്കുന്ന കഥയനുസ്സരിച്ച് മതവും ദൈവഭയവുമില്ലെങ്കിൽ ലോകത്തിൽ സത്യവും നീതിയും സദാചാരങ്ങളും ഉണ്ടാവില്ലായെന്നാണ്. പക്ഷെ നമ്മൾ ഇവിടെക്കാണുന്നത് യഹൂദ ക്രിസ്ത്യൻ മുസ്ലിം മതങ്ങളുടെ കുലപതിയായ അബ്രഹാം സ്വന്തം ഭാര്യയായ സാറയെ കാഴ്ചവെച്ച് – പച്ചയായി പറഞ്ഞാൽ കൂട്ടിക്കൊടുത്ത് – ധനം സമ്പാദിക്കുന്നതാണ്. പിന്നീട് അബ്രഹാമിന്റെ മകനായ ഇസഹാക്കും സ്വന്തം ഭാര്യ റബേക്കയെയും ഇങ്ങിനെ കാഴ്ച്ചവെയ്ക്കുവാൻ ശ്രമിക്കുന്നത് ഉൽപ്പത്തി പുസ്തകം അദ്ധ്യായം 26 ൽ കാണുന്നു.

കാലങ്ങൾ കഴിഞ്ഞ മൂസ്സ ദൈവ കൽപ്പനയെത്തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് മിദ്യാനികളെ (Medianites) കൊന്നൊടുക്കുന്നതായും സംഖ്യ പുസ്തകം അദ്ധ്യായം 31 ൽ കാണുന്നു. പിന്നെയും കാലങ്ങൾ കഴിഞ്ഞ~ ജോഷ്വാ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നതും ഈ മനുഷ്യക്കുരുതിയിൽ ജോഷ്വായെ സഹായിക്കാനായി ദൈവം അസ്തമന സൂര്യനെ പിടിച്ചുനിർത്തുന്നതായും ജോഷ്വായുടെ പുസ്ഥകം അദ്ധ്യായം പത്തിൽ കാണുന്നു.

യഹൂദ ക്രിസ്ത്യൻ മുസ്ലിം മതങ്ങൾ മാത്രമല്ല ഇങ്ങിനെ അധാര്മികതയും ക്രൂരതയും വിളമ്പുന്നത്. ഗ്രീസിലെ ദൈവങ്ങളായിരുന്ന സേവോസ് മുതല്പേര് അസാന്മാർഗീകതയിലും ക്രൂരതയിലും ഒട്ടും പിന്നിലല്ലായിരുന്നു എന്ന് ഗ്രീക്കു മിത്തുകൾതന്നെ വിളമ്പരം ചെയ്യുന്നു.

ഇനി സനാതന ധർമ്മത്തിന്റെ നാടായ ഭാരതത്തിലേയ്ക്ക് വന്നാലോ?
സനാതന ധർമ്മത്തിന്റെ  കൈപ്പുസ്‌ഥകമായ മനുസംഹിതയിൽ സൂദ്രർക്കും സ്ത്രീകൾക്കുമെതിരായ നിയമങ്ങളാണ് കുത്തിനിറച്ചിരിക്കുന്നത്. ഇന്നായിരുന്നു ആ സംഹിത എഴുതിയതെങ്കിൽ എഴുതിയ മനു അകത്തായേനെ. ഈ ധര്മ സംഹിത എഴുതിയ മനുവിന് ഡസൻ കണക്കിന് മക്കളുണ്ടായിരുന്നു. തമ്മിലടിമൂലം അവരിലറു പതുപേരെങ്കിലും കൊല്ലപ്പെട്ടതായി ഈ ലേഖനത്തിൽ പറയുന്നു.

അതുപോലെ അർദ്ധസഹോദരങ്ങളായ ദേവന്മാരും അസുരന്മാരും ആജീവനാന്തം തമ്മിലടിക്കുന്നതാണ് കാണുന്നത്. യുദ്ധത്തിൽ ജയം കൈവരിക്കുവാനായി വാമനനെ പോലെ ചതിക്കുവാനും ധർമത്തിന്റെ കാവലാളന്മാരായ വീമ്പിളക്കുന്ന ദൈവങ്ങൾ മടിക്കുന്നില്ല എന്നും എടുത്തു പറയേണ്ടതുണ്ട്.

ധർമ്മത്തിന്റെ ആൾരൂപമായ ശ്രീരാമനും സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയംതോന്നി കാട്ടിക്കൂട്ടുന്ന വിക്രീയകളും ധർമത്തിന് നിരക്കുന്നതല്ല.

ധർമ്മത്തിന്റെ മറ്റോരാൾരൂപമായാണ് മഹാഭാരതത്തിൽ യുധിഷ്ഠരൻ അവതരിക്കുന്നത്. യുദ്ധം ജയിക്കുന്നതിനായി അസ്വത്തമ മരിച്ചു എന്ന ഒരു ചെറിയ നുണപോലും പറയാൻ മടിക്കുന്ന മാന്യൻ. പക്ഷെ ഈ മാന്യൻ തന്നെയാണ് സ്വന്തം രാജ്യത്തെയും ജനങ്ങളെയും സ്വന്തം ഭാര്യയെപോലും ഈടുവച്ച് ചൂതുകളിക്കുന്നതും മഹാഭാരരതം മഹായുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുന്നതും.

ഇതുപോലെ ഏതു മതഗ്രന്‌ഥമെടുത്താലും അവ മുഴുവനും തന്നെ ലൈംഗീകാരജകത്വവും കപട ധർമവും അക്രമങ്ങളും നിറഞ്ഞതാണെന്ന് വ്യക്തമാണ്. ഇങ്ങിനെയുള്ള മതഗ്രന്ഥ്ങ്ങളെ നമ്മുടെ ജീവിതത്തിന്റെ മാർഗ്ഗരേഖയായി കണക്കാക്കിയാൽ അത് നമ്മുടെ നാശത്തിലേക്കേ നയിക്കൂ എന്ന് നിസംശ്ശയം പറയാം.

2000 വർഷങ്ങൾക്കു മുൻപ് ഈ മതങ്ങളെല്ലാം രൂപം കൊണ്ടപ്പോൾ കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന വ്യവസ്ഥയായിരുന്നു. ആന്നുണ്ടായ മതങ്ങളും ദൈവങ്ങളും ഈ വ്യവസ്ഥയെയും അതിനൊപ്പം നിലനിന്നിരുന്ന അടിമത്വം, ജാതി, ലൈംഗീകാസമത്വം മുതലായ ഇന്ന് നമുക്ക് ന്യായികരിക്കാൻ പറ്റാത്ത വ്യവസ്ഥകളെയും പിന്താങ്ങി. അതിൽ നമുക്ക് ആ മതങ്ങളെയും ദൈവങ്ങളെയും കുറ്റം പറയുവാൻ കഴിയില്ല. നമ്മൾ അന്ന് ജീവിച്ചിരുന്നെങ്കിൽ നമ്മളും അടിമത്ത്വത്തിലും ജാതിവ്യവസ്ഥയിലും അടിയുറച്ച് വിശ്വസിച്ചെനെ. പക്ഷെ ഇപ്പോൾ കാലം മാറിയിയിരിക്കുന്നു – അടിമത്വവും ജാതിയുമെല്ലാം അനഭിമതമായിരിക്കുന്നു. ഈ അവസ്ഥയിൽ പണ്ടുണ്ടായ ദൈവങ്ങളെയും മതങ്ങളെയും അവ ചെയ്തുകൂട്ടിയ പാതകങ്ങളെയും തള്ളിപ്പറഞ്ഞില്ലെങ്കിലും അവയില്ലായിരുന്നുവെങ്കിൽ ഇവിടെ സദാചാരവും സമാധാനവും സമത്വവും ഉണ്ടാകില്ലായിരുന്നു എന്ന് വീമ്പിളക്കാതിരിക്കാനെങ്കിലുമുല്ല ധൈര്യവും സന്മനസ്സും സത്യസന്ധതയും ആർജിക്കേണ്ടിയിരിക്കുന്നു..