സംഘടിത മതത്തിന്റെ സമ്മര്‍ദ്ദ ബലതന്ത്രം എങ്ങനെ അതിജീവിക്കാം ?

60 വർഷം  മലപ്പുറത്ത് ജീവിച്ച അനുഭവം മുൻനിർത്തി ഒരു വിചാരം

മതഗ്രാവിറ്റിയും മത റേഡിയേഷനും മതരഹിത ജീവിതത്തെ ഞെരിച്ചു കൊല്ലുന്നതിന്റെ ഉദാഹരണങ്ങള്ക്കു ക്ഷാമമില്ലല്ലോ. പ്രത്യക്ഷത്തിലും നേരിട്ടല്ലാതെയും മതം വ്യക്തികളെയും കുടുംബങ്ങളെയും സമ്മര്ദ്ദത്തിലാക്കി സ്വന്തം മതില് കെട്ടുകള് നിലനിർത്തുന്നത് എങ്ങിനെയാണെന്ന് അനുഭവിച്ചറിഞ്ഞവരാണു നാമെല്ലാം. മതം പ്രയോഗിക്കുന്ന ബഹുവിധ തന്ത്രങ്ങള്ക്ക് ഉദാഹരണമായി ഒന്നു പറയാം:

നമ്മുടെ ഈ കൂട്ടായ്മയില് തന്നെ സജീവ സാന്നിദ്ധ്യമായ ഒരു സുഹൃത്തിന്റെ കുടുംബം കലക്കാന് നടന്ന ശ്രമമാണത്. മൂന്നു പിഞ്ചു കുട്ടികളുമായി സാമാന്യം നല്ല നിലയില് കഴിഞ്ഞു വന്ന ആ കുടുംബത്തിനു നേരെ സംഘടിത മത നാട്ടു കൂട്ടം പ്രയോഗിച്ചത് അതി ഹീനമായ നടപടിയായിരുന്നു. ഭാര്യയുടെ കുടുംബത്തെ സ്വാധീനിച്ചു കൊണ്ട് ആ ദമ്പതികളെ വേര് വിരിക്കാനുള്ള തന്ത്രങ്ങളാണു പയറ്റിയത്. ഇസ്ലാമികമായി വിവാഹം ചെയ്ത ദമ്പതികളില് ഒരാള് ഇസ്ലാമിനു പുറത്തു പോയാല് അതോടെ വിവാഹബന്ധം സ്വമേധയാ റദ്ദാകുമെന്നും അതിനാല് മകള് അയാളുടെ കൂടെ ഇനിയും തുടരുന്നത് കല്ലെറിഞ്ഞു കൊല്ലേണ്ട കുറ്റമാണെന്നും ഭാര്യാ പിതാവിനെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തിയ ശേഷം അവരുടെ കൂടി സമ്മര്ദ്ദത്തോടെ ആ കുടുമബത്തെ വേര്പിരിച്ചു. കുട്ടികളെ അച്ഛനില് നിന്നും പറിച്ചു മാറ്റി ഭാര്യവീട്ടില് കൊണ്ടു പോയി.

അല്പസ്വല്പം തിരിച്ചറിവെത്തിയ മൂത്ത കുട്ടി ബാപ്പയും ഉമ്മയും പിരിയുന്നതായി ദുസ്വപ്നങ്ങള് കണ്ട് ഞെട്ടി ഉണരുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. ബാപ്പയെ പിരിഞ്ഞിരിക്കാനാവാതെ മറ്റു കുട്ടികളും മാനസിക പീഢനം അനുഭവിച്ചു… !

ഇതേ അനുഭവം നമ്മുടെ അയൂബിന്റെ കുടുംബത്തിലും ഉണ്ടായി. ഈ രീതിയിലാണു പ്രത്യക്ഷത്തിലുള്ള മത മര്‍ദ്ദം പ്രയോഗിക്കപ്പെടുന്നതെങ്കില് പരോക്ഷമായി അതു മറ്റനേകം രൂപങ്ങളിലാണു വ്യക്തികളെ ഊരാക്കുടുക്കിലാക്കുന്നത്. വിവാഹം, മരണം, കുട്ടികളുടെ വിദ്യാഭ്യാസം, രോഗാവസ്ഥകള്, സാമ്പത്തിക പ്രതിസന്ധികള് മറ്റു സാമൂഹ്യ പ്രശ്നങ്ങള് എന്നിവയിലെല്ലാം മതം വില്ലന്‍ വേഷത്തിലെത്തി ആവും വിധത്തിലെല്ലാം മതരഹിതരെ ഉപദ്രവിക്കുന്നു. ഈ പൊല്ലാപ്പു ഭയന്നാണു അവിശ്വാസികളില് ഭൂരിഭാഗവും വിശ്വാസികളായി നടിച്ചു കൊണ്ട് ജീവിക്കാന് നിര്‍ബ്ബന്ധിതരാകുന്നത്.

ഇതിനെ അതിജീവിച്ചു കൊണ്ട് മതമില്ലാതെ എങ്ങനെ ജീവിക്കും? ഈ വലിയ ചോദ്യത്തിനുത്തരമായി സ്വയം ജീവിക്കാന് ശ്രമിക്കുകയും വലിയ അളവില് പ്രായോഗികമായിത്തന്നെ വിജയിക്കുകയും ചെയ്ത അനുഭവമാണു ഈ അറുപതാം വയസ്സില് എനിക്കു പങ്കു വെക്കാനുള്ളത്. ഞാന് ഈ രംഗത്തേക്കു വരുമ്പോള് ഇന്നത്തെക്കാള്‍ എത്രയോ ഭീകരമായിരുന്നു മതത്തിന്റെ ഫാസിസ്റ്റ് ബലപ്രയോഗങ്ങള്

1. മതവിശ്വാസവും സാമൂഹ്യ ധാര്മ്മികതയും

ഉള്ക്കാമ്പില്ലാത്ത വെറും കുമിളയാണു മതം എന്ന് ഇന്ന് ഏറെക്കുറെ വിശ്വാസികള്ക്കും ബോധ്യമായിട്ടുണ്ട്. എങ്കിലും മതം ഇല്ലാതെ എങ്ങനെ ധാര്‍മ്മിക ജീവിതം സാധ്യമാകും എന്ന ആകുലതയാണു മതവാദികള് ഉയര്‍ത്തിക്കാട്ടുന്നത്. വിശ്വാസികളെക്കാള് ഉയര്‍ന്ന ധാര്മ്മിക നിലവാരം അവിശ്വാസികള്‍ പ്രകടമാക്കുന്നു എന്ന് സോദാഹരണം ചൂണ്ടിക്കാണിക്കുമ്പോള് വിശ്വാസികള്‍ വല്ലാതെ അസ്വസ്ഥരാകുന്നതു കാണുന്നു.താലിബാന് ഗ്രൂപ്പിലെ ഒരു നട്ടപ്പിരാന്തന്‍ അയാളുടെ എല്ലാ കണ്ട്രോളും വിട്ട് പ്രതികരിച്ച രണ്ടു സന്ദര്‍ഭങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നതാണു. ഡോ. എന്‍ എം മുഹമ്മദലി മരണാനന്തരം കണ്ണുകളും ശരീരവും ദാനം ചെയ്ത വാർത്ത കണ്ട സന്ദർഭത്തിലായിരുന്നു അയാളുടെ ആദ്യത്തെ ഉറഞ്ഞു തുള്ളല്‍ . ഈയിടെ ന്യൂസിലാന്ഡിലെ പാല്‍ കച്ചവടവും ആപ്പിള് കച്ചവടവും ഉദാഹരിച്ചു കൊണ്ട് മതരഹിത രാജ്യങ്ങളില് ആളുകള്ക്ക് ഉയര്ന്ന ധാര്മ്മികബോധമുണ്ട് എന്നു ഞാന് ഒരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതു വായിച്ചാണു ആ നട്ടപ്പിരാന്തനു പിന്നെയും സമനില തെറ്റിയത് !

അതേ സമയം “പശുപാലനും.. നംഷീദും“ മറ്റും അവര്‍ക്കു നിലയ്ക്കാത്ത ആഘോഷവുമാണു.
നാസ്തികരാകുന്നതോടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ യാകുമെന്നും പിന്നെ “എന്തും ചെയ്യാ” മെന്നുമാണു വിശ്വാസികള് പ്രചരിപ്പിക്കുന്നത്. വസ്തുത നേരെ തിരിച്ചാണെന്നു കാണുന്നതില് അസ്വസ്ഥരാകുന്നതു തങ്ങളുടെ അവസാന കച്ചിത്തുരുമ്പും പൊള്ളയാണെന്നു വ്യക്തമാകുന്നതിലുള്ള ഇച്ഛാഭംഗം മൂലമാണു.

പറയാനുദ്ദേശിക്കുന്നത് ഇതാണു. മതമല്ല സാമൂഹ്യ ജീവിതത്തിലെ ധാര്മ്മികതയുടെ ആധാരം എന്നു ജീവിതം കൊണ്ടു തെളിയിക്കാന് നമുക്കാവണം. മതഗ്രാവിറ്റിയെ മറികടന്നു കൊണ്ട് മതസമൂഹത്തില്‍ ജീവിക്കാന് നാം ഏറ്റവും കൂടുതല് ശ്രദ്ധിക്കേണ്ടതും ഈ കാര്യത്തിലാണു. നമ്മുടെ വ്യക്തി ജീവിതവും കുടുംബ ജീവിതവും സാമൂഹ്യ വ്യവഹാരങ്ങളും സത്യസന്ധവും കളങ്കരഹിതവുമായിരിക്കണം. വിശ്വാസവും ഭക്തിയും വേണ്ടുവോളമുണ്ടായിട്ടും എല്ലാ തിന്മകളിലും വ്യാപൃതരാകുന്ന ഒരു ആള്ക്കൂട്ടത്തെക്കൊണ്ട് “അവര് നിരീശ്വരരാണെങ്കിലും നല്ല മനുഷ്യരാണു” എന്നു പറയിപ്പിക്കും വിധമാകണം നമ്മുടെ പൊതു ജീവിതം !

എങ്കില് മതഗ്രാവിറ്റി താനേ ദുര്ബ്ബലമാകും . എന്റെ അനുഭവം പറയാം:- ബാപ്പ മരിച്ച സന്ദര്ഭം; ഞാന് പള്ളിശ്മശാനത്തിലേക്കു പോയെങ്കിലും മയ്യിത്ത് നമസ്കാരത്തിനു പള്ളിയില് കയറാതെ ഖബറിനരികില് പോയി നിന്നു. കൂട്ടിനാരുമില്ലാതെ ! അന്നു ഞാന് പള്ളിയില് കയറും എന്നും അപ്പോള് പരിഹസിക്കാമെന്നും കണക്കു കൂട്ടി കാത്തു നിന്നവര് നിരാശരായി. തൊട്ടടുത്ത ദിവസം പള്ളിക്കമ്മിറ്റി കൂടി എന്റെ കുടുംബത്തിനു ഊരു വിലക്കേര്പ്പെടുത്താന് തീരുമാനിച്ചു. അവര് വീട്ടില് വന്ന് ഉമ്മയോട് എന്റെ കൂടെ താമസിക്കരുതെന്നും ഏട്ടന്റെ വീട്ടിലേക്കു പോകണമെന്നും ഉപദേശിച്ചു. ഇല്ലെങ്കില് മരിച്ചാല് പള്ളിയില് അടക്കുകയില്ലെന്ന ഭീഷണിയും വന്നു. ഉമ്മ അവരോടു പോകാന് പറഞ്ഞു.

പള്ളിക്കമ്മിറ്റിക്കാര് കടകളിലെല്ലാം കയറി എന്റെ വീട്ടിലേക്കു സാധനങ്ങള് വില്ക്കരുതെന്നു വിലക്കിയിരുന്നു. ഞാന് സ്ഥിരമായി സാധനങ്ങള് വാങ്ങുന്ന അലവിക്കാക്കയുടെ പീടികയില് ഊരു വിലക്കുകാര് ചെന്നു കാര്യം പറഞ്ഞു. അലവിക്കാക്കയുടെ മറുപടി ഇങ്ങനെയായിരുന്നു. “ എന്റെ കടയില് നിന്നു പറ്റു വാങ്ങുന്നവരുടെ കൂട്ടത്തില് കൃത്യമായി ശമ്പളദിവസം തന്നെ കടം വീട്ടുന്ന ഒരേയൊരാള് അയാളാണു, അതിനാല് എനിക്ക് അയാളെ ഒഴിവാക്കാനാവില്ല”

ഞങ്ങളുമായി ഇടപാടുകളുള്ള എല്ലാവരും ഈ നിലപാടെടുത്തതിനാല് ഊരുവിലക്ക് അപ്പാടെ ചീറ്റിപ്പോവുകയാണുണ്ടായത് !

സാമ്പത്തികമായ ഇടപാടുകളില് സത്യസന്ധത പുലർത്തുന്ന ആളുകള്ക്ക് സമൂഹത്തില് വിശ്വാസ്യതയും സ്വീകാര്യതയും വര്ദ്ധിക്കും. സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയെ സാമ്പത്തിക ലാഭത്തിനും തട്ടിപ്പിനും മറ്റു സ്വാർത്ഥ ചൂഷണങ്ങള്ക്കും ഉപയോഗിക്കുന്നവരെ വളരെയേറെ കരുതിയിരിക്കണം. അവര് വ്യക്തി എന്ന നിലയില് മാത്രമല്ല നാം ഉയർത്തിപിടിക്കുന്ന ആദർശങ്ങൾക്കും കനത്ത തിരിച്ചടിയുണ്ടാക്കാനിടയുണ്ട്. ഉണ്ടായ അനുഭവങ്ങള് പാഠമാകണം . അതതരക്കാര് ഇനിയും ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകാം !

2. തൊഴിലിടങ്ങളിലെ ധാര്മ്മികത.

നാം തൊഴിലെടുക്കുന്ന സ്ഥാപനവും ചുറ്റുപാടുമാണു നമ്മുടെ ജീവിതവ്യവഹാരങ്ങളിലെ മറ്റൊരു പ്രധാന ഇടം. അവിടെയും നമ്മള് ആത്മാര്ത്ഥതയും അര്പ്പണബോധവും സത്യസന്ധതയും സാമൂഹ്യപ്രതിബദ്ധതയും പ്രകടമാക്കും വിധം വേണം പെരുമാറാന്. നമ്മുടെ സേവനമേഖലയിലെ ഗുണഭോക്താക്കള് നമ്മുടെ ജോലിയില് സംതൃപ്തരായിരിക്കണം. അഴിമതി കൈക്കൂലി കൃത്യവിലോപം അലസത.. ഇത്യാദി വ്യവഹാര ദൂഷ്യങ്ങള് ഉണ്ടാവരുത്. എങ്കില് ആ മേഖലയിലും മതഗ്രാവിറ്റിയെ മറി കടക്കാനാവും. എന്റെ മറ്റൊരനുഭവം പറയാം. നാട്ടിലെ സ്കൂളില് ജോലി ചെയ്യുന്ന കാലം. അത്യാവശ്യം സംഘടനാ പ്രവർത്തനവും  രാഷ്ട്രീയവുമൊക്കെ ഉണ്ടായിരുന്നതിനാല് എതിര് രാഷ്ട്രീയക്കാരില് ചിലര്ക്ക് അവരുടെ ഭരണം വന്നപ്പോള് ഒരു പൂതി. എന്നെയും ഭാര്യയെയും ആ സ്കൂളില് നിന്നു സ്ഥലം മാറ്റിക്കണം എന്ന്. ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ ലീഗിലെ ചില പ്രാദേശിക നേതാക്കള് ഞങ്ങളെ സ്ഥലം മാറ്റാനായി പരാതി നല്കി. മന്ത്രിയുടെ സമ്മര്ദ്ദപ്രകാരം പരാതി പരിഗണിച്ച് ഡിപാര്ട്ടുമെന്റ് തല അന്യേഷണം വന്നു. പരാതിയിലുന്നയിച്ച ആരോപണങ്ങള് വളരെ കൌതുകകരമായിരുന്നു. ടീച്ചര്‍ തട്ടമിടാതെ കുട്ടികളെ പഠിപ്പിക്കുന്നു. അതു കുട്ടികളുടെ ധാര്മ്മികനിലവാരം ഇല്ലാതാക്കും, മാഷും ടീച്ചറും അവധി ദിവസങ്ങളിലും സ്കൂളില് വന്ന് കുട്ടികളെ വേണ്ടാത്ത കാര്യങ്ങള് പഠിപ്പിക്കുന്നു… ഇതൊക്കെയാണു പരാതിയിലുണ്ടായിരുന്നത്. (സ്കൂള് തല ബാലവേദി രൂപീകരിച്ച് കലാകായിക പരിശീലനം നടത്തുന്നതാണു അവധി ദിവസങ്ങളിലെ വേണ്ടാതീനങ്ങള്) 🙂

അന്യേഷണത്തിനായി മേലുദ്യോഗസ്ഥര് സ്കൂളിലെത്തുന്നതറിഞ്ഞു സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള് ഒന്നടങ്കം സംഘടിച്ചു സ്കൂളിലെത്തി. അന്യേഷണ ഉദ്യോഗസ്ഥരെ അവര് കാര്യങ്ങള് ബോധ്യപ്പെടുത്തി. “ഇവര് വന്നതില് പിന്നെയാണു ഈ സ്കൂള് ഒരു സ്കൂളായത് ” എന്നായിരുന്നു അവരുടെ വിശദീകരണത്തിന്റെ ആകെത്തുക. മറുപക്ഷക്കാര്ക്കു വേണ്ടി സാക്ഷ്യം പറയാന് രക്ഷിതാക്കളായി ആരും വന്നില്ല. അതോടെ പരാതിയും ചീറ്റി. ഞങ്ങള്ക്കു വേണ്ടി സാക്ഷ്യം പറയാനെത്തിയ രക്ഷിതാക്കളില് ഭൂരിപക്ഷവും പരാതിക്കാരുടെ പാര്ട്ടിക്കാര് തന്നെയായിരുന്നു എന്നതാണു ശ്രദ്ധേയമായ മറ്റൊരു വസ്തുത.

മതഗ്രാവിറ്റിക്കു ബദല് ഗ്രാവിറ്റി സൃഷ്ടിക്കേണ്ടത് നമ്മുടെ പൊതു ജീവിതം മാതൃകാപരമാക്കിക്കൊണ്ടായിരിക്കണം ! 30 കൊല്ലത്തെ അധ്യാപക ജീവിതത്തില്, പയറ്റിപ്പൊളിഞ്ഞ ഈ ഒരു സംഭവമല്ലാതെ നാട്ടുകാരില് നിന്നോ രക്ഷിതാക്കളില് നിന്നോ ഒരു ദുരനുഭവവും നേരിടേണ്ടി വന്നിട്ടില്ല. 100 % മുതല് 98% വരെ മുസ്ലിം കുട്ടികള് പഠിക്കുന്ന സ്ഥാപനങ്ങളിലാണു ഞങ്ങള് രണ്ടു പേരും ഇതു വരെ ജോലി ചെയ്തു പോന്നത് .

3. വാക്കും പ്രവൃത്തിയും

ആദർശങ്ങൾ പ്രസംഗിക്കാനും എഴുതാനും എളുപ്പമാണു. പ്രായോഗികമാക്കാനാണു ഇച്ചിരി മുട്ട് ! രണ്ടു തരം ആദർശപ്രചാരണം സാധ്യമാണു. ഒന്നു നമുക്കുതന്നെ പ്രായോഗികമാക്കാവുന്ന കാര്യങ്ങള്. രണ്ട് നാം സ്വപനം കാണുന്ന ഒരു ഭാവി സമൂഹത്തില് മാത്രം പ്രാവർത്തികമാക്കാവുന്ന ആദർശ ലക്ഷ്യങ്ങൾ. അല്പം പ്രയാസപ്പെട്ടാണെങ്കിലും നാം തന്നെ പ്രയോഗത്തിലൂടെ മാതൃക കാട്ടേണ്ട ആദർശങ്ങൾ  പ്രസംഗത്തില് മാത്രം ഒതുക്കി കാര്യത്തോടടുക്കുമ്പോൾ   ആദർശം പതുക്കെ ചാക്കില് കെട്ടി വെക്കുന്ന യുക്തിവാദം സമൂഹത്തില് നമ്മെ പരിഹാസ്യരാക്കുകയേയുള്ളു. വ്യക്തി ജീവിതം സംശുദ്ധവും മറ്റുള്ളവരില് പുതുമയും കൌതുകവും ജനിപ്പിക്കുന്ന വിധം നിഷ്കളങ്കവുമായിരിക്കണം.

നമ്മുടെ സമൂഹത്തില് നില നില്ക്കുന്ന അപരിഷ്കൃതത്വത്തിന്റെ ലക്ഷണങ്ങളായ പെരുമാറ്റ ദൂഷ്യങ്ങള് യുക്തിവാദികളുടെ ജീവിതത്തില് ഉണ്ടാകാന് പാടില്ല. നിയമങ്ങള് അനുസരിക്കാന് നാം പരിശീലിക്കണം, തൻ കാര്യം നേടാനായി നിയമം ലംഘിച്ച് കുറുക്കു വഴികള് തേടുക, അഴിമതിക്കു കൂട്ടു നില്ക്കുക, ടാക്സ് വെട്ടിക്കുക, തുടങ്ങിയ നാട്ട് നടപ്പുകളില് നിന്നും നമ്മള് ഒഴിഞ്ഞു നില്ക്കണം.

യുക്തിവാദം തന്നെ നമുക്ക് പ്രശസ്തി നേടാനോ പണമുണ്ടാക്കാനോ ലൈംഗിക ചൂഷണത്തിനോ … മറ്റു സ്വാര്ത്ഥ ലാഭങ്ങള്ക്കോ ഉപാധിയാക്കിക്കൂടാ. നിസ്വാര്ത്ഥമാണു നമ്മുടെ പ്രവർത്തനങ്ങൾ എന്ന് സമൂഹം വിലയിരുത്തണം.

4. സാമൂഹ്യ പ്രശ്നങ്ങളില് ഇടപെടല്‍.

അന്ധവിശ്വാസങ്ങള്ക്കെതിരായ ആശയ പോരാട്ടത്തോടൊപ്പം നമുക്കു ചുറ്റുമുള്ള പൊതു പ്രശ്നങ്ങളിലെല്ലാം മുന് പന്തിയില് നിന്നു കൊണ്ട് ഇടപെടാന് കഴിഞ്ഞാലേ സമൂഹം നമ്മെ ഒരു കേവല നിഷേധി എന്നതിനപ്പുറം ഒരു സാമൂഹ്യ ജീവി എന്ന നിലയില് കാണുകയുള്ളു. നാട്ടില് നടക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും മാറിനിന്ന് കുറ്റം മാത്രം പറയുന്ന “റിബല്‍” സ്വഭാവക്കാരെ സമൂഹം ഇഷ്ടപ്പെടുകയില്ല. നാട്ടിലെ പൊതു വികസനം, ജീവകാരുണ്യപ്രവർത്തനങ്ങൾ, സാംസ്കാരിക മതേതര വേദികള്, ആഘോഷങ്ങള് .. ഇതിലെല്ലാം പങ്കു കൊള്ളുകയും അതോടൊപ്പം നമ്മുടെ അവിശ്വാസം ഉചിതമായ വിധം ഹൈലൈറ്റ് ചെയ്യുകയും വേണം. മത സമൂഹം ഒറ്റപ്പെടുത്തിയാലും ബദലായി പൊതു സമൂഹം കൂടെ നില്ക്കുന്നുവെങ്കില് മതഗ്രാവിറ്റി ദുര്ബലമാകും.

5. കുടുംബം ജനാധിപത്യപരമായിരിക്കണം.

സാമ്പ്രദായിക പുരുഷാധിപത്യ കുടുംബ സംവിധാനം പൊളിച്ചെഴുതി കുടുംബാംഗങ്ങളുടെ പൂര്ണ പിന്തുണ ഉറപ്പാക്കണം. ഇല്ലെങ്കില് മതഗ്രാവിറ്റി പിന് വാതിലിലൂടെ വീട്ടിലേക്കു കയറി വന്ന് നമ്മളെ ഞെരിക്കും ! അമ്മയും അച്ഛനും മക്കളും കുടുംബത്തില് തുല്യ വ്യക്തിത്വവും സ്വാതന്ത്ര്യവും അവകാശവും അധികാരവും ഉള്ള അംഗങ്ങളാണു എന്ന ജനാധിപത്യ ബോധമാണു സ്വതന്ത്ര ചിന്തകര്‍ക്കുണ്ടാവേണ്ടത്. മതഗ്രാവിറ്റിക്കൊപ്പം അഡീഷനലായി പാട്രിയാര്‍ക്കിയുടെ ഗ്രാവിറ്റി കൂടി പേറേണ്ടി വരുമ്പോഴാണു യുക്തിവാദി കുടുംബത്തിലും സ്ത്രീ അസംതൃപതയാകുന്നത്. വിശ്വാസി കുടുംബമാണെങ്കില് ഒരു ഗ്രാവിറ്റിയേ സ്ത്രീക്കു മേല് അനുഭവപ്പെടൂ. അവിശ്വാസി കുടുംബമാകുമ്പോള് മതഗ്രാവിറ്റി അധിക ഭാരമാവുന്നതാണു സ്ത്രീകള് പ്രശ്നക്കാരാവാന് കാരണം. അതിനാല് കുടുംബത്തില് ജനാധിപത്യവും തുല്യതയും നടപ്പിലാക്കുകയാണു പരിഹാരം. പാട്രിയാര്ക്കിയുടെ ഗുണഭോക്താവായ പുരുഷന് കുറെ “നഷ്ടങ്ങള്“ അതിനായി സഹിക്കേണ്ടി വരും.

“നോക്കു അവര് നിരീശ്വരവാദികളാണെങ്കിലും അവരുടെ കുടുംബത്തില് ലിംഗ സമത്വവും നീതിയും കാണുന്നു -മാതൃകാ കുടുംബം” എന്ന് മറ്റു കുടുംബങ്ങളിലെ സ്ത്രീകള് -പുരുഷന്മാരും- വിലയിരുത്തും. അതു നമ്മുടെ ആദര്ശങ്ങള്ക്കു കൂടുതല് തിളക്കമുണ്ടാക്കും.

കുടുംബ കാര്യങ്ങളെല്ലാം “കുടുംബിനി”യുടെ ചുമലില് വെച്ചു കെട്ടി നാടും സമൂഹവും നന്നാക്കാനിറങ്ങുന്ന പുല്ലിംഗ യുക്തിജീവികള്ക്കു നേരെ അവരുടെ ഭാര്യമാര് തന്നെ എതിര് സാക്ഷ്യം പറയുന്നതു നാം ചാനലുകളില് കാണേണ്ടി വരുന്നത് മതഗ്രാവിറ്റിയുടെ തീക്ഷ്ണതയെന്നതിലുപരി ആണ്‍കോയ്മയുടെ അസഹ്യത കൂടിയാണ് എന്നു നമ്മള് തിരിച്ചറിയണം.

ഇതര ബന്ധു കുടുംബങ്ങളുമായും ഊഷ്മളമായ ബന്ധവും സഹകരണവും നാം പുലർത്തണം. കുടുംബ ബന്ധങ്ങള്ക്കു വിലയുള്ള ഒരു സമൂഹത്തില് മതഗ്രാവിറ്റിയെ ദുര്ബലമാക്കുന്ന മറ്റൊരു ഘടകമാണു വിപുലമായ കുടുംബ ബന്ധുത്വം. അവരുടെ വിശ്വാസപരമായ ആചാരങ്ങളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും നമ്മളും സഹകരിക്കുകയാണെങ്കില് അവിശ്വാസത്തിന്റെ പേരിലുള്ള അകല്‍ച്ച ഇല്ലാതാകും എന്നാണു എന്റെ കുടുംബാനുഭവം.

ചുരുക്കത്തില് മതകാര്യങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും നമ്മള് വിശ്വാസി സമൂഹത്തിനു പോലും മാതൃകാപരവും അനുകരണീയവുമായ ജീവിതവും പെരുമാറ്റവും കാഴ്ച്ച വെക്കുകയാണെങ്കില് മത റേഡിയേഷന്റെ പ്രഹര ശേഷിയെ മറി കടക്കാനാവും എന്നാണു അനുഭവവെളിച്ചത്തില് പറയാനുള്ളത് !