സായാഹ്നങ്ങളിൽ ജനങ്ങൾ ഒത്തുകൂടിയിരുന്ന വായനശാലകൾ ഇന്ന് പഴയകാല പ്രതാപം നഷ്ടപ്പെട്ട് വെറും സ്ഥാപനങ്ങളായി അവശേഷിക്കുന്ന അവസ്ഥയാണുള്ളത്. പ്രതാപകാലത്ത് പണിതുയർത്തപ്പെട്ട കെട്ടിടങ്ങളുടെ ബലത്തിൽ അവ വായനശാലകൾ എന്നോ അല്ലെങ്കിൽ ഗ്രന്ഥശാലകൾ എന്നോ ഉള്ള പേരുകൾ നിലനിർത്തുന്നു എന്നു മാത്രം. കേരളീയന്റെ വായന മൊത്തം നശിച്ചുപോയെന്നോ അല്ലെങ്കിൽ ഗ്രന്ഥശാലകൾ പൂർണമായും നാശോന്മുഖമായെന്നോ ഒന്നുമല്ല ഇതുകൊണ്ടർത്ഥമാക്കുന്നത്, മറിച്ച് വായനശാലകൾ എന്തിനുവേണ്ടി പണിതുയർത്തപ്പെട്ടുവോ ആ ദൌത്യത്തിൽ നിന്നും അവ അതിദൂരം പിറകോട്ടു പോയിരിക്കുന്നു എന്നു പറയാൻ മാത്രം.
വായന പുസ്തകത്തിൽ മാത്രമായി ഒതുങ്ങുകയും വായനക്കായി ഗ്രന്ഥശാലകളെ മാത്രം ആശ്രയിക്കുകയും ചെയ്യുന്ന കാലം പോയിമറഞ്ഞിരിക്കുന്നു. വയൽ വരമ്പിൽ അടുത്തടുത്തിരുന്ന ആസ്വദിച്ചിരുന്ന നാടകവും നൃത്തവുമെല്ലാം പുത്തൻ പളപളപ്പുകളുടെ അകമ്പടിയോടെ പുതിയ രൂപത്തിൽ ഓരോരുത്തരുടേയും സ്വീകരണമുറിയിൽ എത്തിയതുപോലെ വായനയും ഇന്ന് വിരൽതുമ്പിൽ എത്തിനിൽക്കുന്നു. പത്തിരുപതു വർഷങ്ങൾക്കുമുമ്പ് സ്വപ്നം കാണുകപോലും ചെയ്യാൻ കഴിയാതിരുന്ന മാറ്റം! പുതു തലമുറ ഇ-വായനയിലേക്ക് തിരിയുന്നത് ശുഭകരം തന്നെയാണ്. എല്ലാകാലത്തും വായിക്കുന്നത് കടലാസിൽ അച്ചടിച്ച അക്ഷരങ്ങൾ തന്നെയാകണമെന്ന് വാശിപിടിക്കേണ്ടതില്ല. ശിലാലിഖിതങ്ങൾ തുകൽ ചുരുളുകൾക്കും അവ താളിയോലകൾക്കും വഴിമാറിക്കൊടുത്തതുപോലെ, വാമൊഴിയിൽ നിന്നും വരമൊഴിയിലെത്തിയ ആശയവിതരണവും സംഭരണവും ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലാണ് കടലാസിലേക്ക് വഴിമാറുന്നത്. കടലാസിന്റെയും അച്ചടിയുടെയും പ്രസക്തി ഇ-വായനയുടെ ഈ യുഗത്തിലും അപ്രസക്തമായിട്ടില്ല. പക്ഷേ, ഇനി എല്ലാ കാലവും കടലാസും പുസ്തകങ്ങളും ഇന്നത്തേതുപോലെ നിലനിൽക്കുമെന്ന് കരുതുന്നത് ഒരു മണ്ടൻ സ്വപ്നമായിരിക്കും. വായനശാലകൾ നിർവ്വഹിച്ചു വന്നിരുന്ന മാനവികകൂട്ടായ്മയുടെ ദൌത്യം ഇന്ന് ഒരു പരിധിവരെയൊക്കെ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ നിർവ്വഹിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ പുതിയ ‘വാട്സ് അപ്പ്‘ കൂട്ടായ്മയെക്കുറിച്ചും പത്രങ്ങളിൽ വാർത്ത വന്നിരിക്കുന്നു. സാമൂഹിക ബോധമില്ലാത്തവരുടെയും, മടിയന്മാരുടെയും, ‘അരാഷ്ട്രീയവാദി‘കളുടെയുമെല്ലാം നേരംപോക്കായി സോഷ്യൽ മീഡിയാ കൂട്ടായ്മകളെ എണ്ണാൻ വരട്ടെ, സജീവവും ആരോഗ്യകരവുമായ ചർച്ചകൾക്കും സംവാദങ്ങൾക്കും മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വരെ സന്നദ്ധരാകുന്ന കൂട്ടായ്മകൾ ഇന്ന് നിരവധിയെത്ര.
പക്ഷേ, ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ വായനശാലകൾ ജീവിക്കുന്നുണ്ട്. ആർട്സ് ആൻഡ് സ്പൊർട്സ് ക്ലബ്ബുകളും കലാസമിതികളും പൂർണമായും പഴയ പ്രതാപത്തോടെയല്ലെങ്കിലും ഇപ്പോഴും അവിടെതന്നെയുണ്ട്. പുതിയ തലമുറ പുതിയ മേച്ചില്പുറങ്ങൾ തേടിപ്പോകുമ്പോഴും അവയ്ക്ക് അനിഷേധ്യമായ ഒരു സ്ഥാനം ഇന്നും ഗ്രാമീണ അന്തരീക്ഷത്തിൽ ഉണ്ട്. മനുഷ്യന്റെ ആത്മവീര്യവും സന്നദ്ധസേവന തൽപ്പരതയും മാത്രം മുതൽകൂട്ടാക്കിയാണ് പഴയകാലത്ത് സന്നദ്ധസംഘടനകൾ രംഗപ്രവേശം ചെയ്യുകയും ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ് മുന്നേറുകയും ചെയ്തതെങ്കിൽ ഇന്ന് അവയെ കൈപിടിച്ചുയർത്താൻ നെഹ്രു യുവകേന്ദ്രയുണ്ട്, യുവജന ക്ഷേമ ബോർഡുണ്ട്, സാമൂഹ്യക്ഷേമ ബോർഡും മറ്റ് നിരവധി സർക്കാർ- സർക്കാരിതര ഏജൻസികളുമുണ്ട്. അൽപ്പം പരിശ്രമിച്ചാൽ ഫണ്ടുകൾ സന്നദ്ധസംഘടനകെളെ തേടിയെത്തും. ഇത്തരത്തിൽ ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് ഗ്രാമവികസനത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ചവെച്ച നിരവധി സംഘടനകൾ കേരളത്തിലുണ്ട്. എല്ലാ രംഗത്തുമുള്ള കള്ള നാണയങ്ങളെപ്പോലെ ഈ രംഗത്തും കണക്കുകൾ ഉണ്ടാക്കിയും പരിശോധകർക്ക് പണം കൊടുത്തും ഫണ്ട് കൈക്കലാക്കുന്ന കടാലാസ് സംഘടനകളായ വ്യാജന്മാർ ഉണ്ടെങ്കിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സംഘടനകൾ പ്രശംസനീയമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.
സന്നദ്ധ സംഘടനകൾക്ക് ഗ്രാമപ്രദേശങ്ങളിൽ പുതിയ കാലത്ത് എന്ത് ദൌത്യമാണ് നിർവ്വഹിക്കാനുള്ളത്? പഴയ തലമുറ ചെയ്തതെല്ലാം അപ്പടി കോപ്പിയടിക്കണോ? അതല്ല പുതിയ കാലം ഏൽപ്പിക്കുന്ന ദൌത്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകണോ? പഴയതെല്ലാം അപ്പടി പകർത്തുകയല്ല സന്നദ്ധ പ്രവർത്തനം. അവരുടെ കാലം അവരെ ഏൽപ്പിച്ച ദൌത്യമാണ് പഴയ തലമുറ ചെയ്തത്. ഇന്നത്തെ കാലം ഏൽപ്പിക്കുന്ന ദൌത്യം എന്താണെന്ന് സ്വയം കണ്ടെത്തുകയും അത്തരം പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്യാനുള്ള മനസ്സാണ് കേരളത്തിലെ സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് ചെയ്യാനുള്ളത്. അതെന്തെന്ന് കണ്ടെത്താൽ ഏറെ തലപുകയേണ്ടതില്ല. ചുറ്റുമൊന്ന് കണ്ണുതുറന്നു നോക്കിയാൽ മതിയാകും. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മണി ചെയിനുകൾ ഒരു വശത്ത് ഇടക്കിടെ കൊഴുത്തുവരുന്നു, വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ, ബാധയൊഴിപ്പിക്കലുകളും നിധിശേഖരം കണ്ടെത്താനുള്ള മന്ത്രവാദങ്ങളും കൊലപാതകത്തിൽ വരെ എത്തുന്നു, സ്ത്രീത്വത്തിനു നേരെയുള്ള അതിക്രമങ്ങൾ അതിരുവിടുന്നു, മൊബൈൽ ഫോണുകളും ഇന്റർനെറ്റും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യപ്പെടുന്നു, ബാലവേലയും ബാല്യവിവാഹങ്ങളും നിർബാധം തുടരുന്നു, നാട്ടിൻ പുറങ്ങളിലെ സായാഹ്നങ്ങൾ മദ്യപാനത്തിലേക്കും സ്കൂൾ കുട്ടികൾ വരെ മയക്കുമരുന്നുപയോഗത്തിലേക്കും കൂപ്പുകുത്തപ്പെടുന്നു… ഇത്തരം സാമൂഹിക ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഗ്രാമങ്ങളിൽ, അല്ലയോ സന്നദ്ധ സംഘടനാ പ്രവർത്തകരേ നിങ്ങളല്ലാതെ മറ്റാരാണുള്ളത്? അപകടമരണങ്ങളിൽ പെടുന്നവരുടെ അവയവങ്ങൾ ഉപയോഗിച്ച് നിരവധി മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള സാങ്കേതിക വിദ്യ സയൻസ് രൂപപ്പെടുത്തിയ ഇക്കാലത്ത് അവയവദാനത്തെക്കുറിച്ചും നേത്രദാനത്തെക്കുറിച്ചും നാട്ടുകാരോട് സംവദിക്കാനും പ്രാവർത്തികമാക്കാനും നിങ്ങളേക്കാളേറെ മറ്റാർക്കാണ് കഴിയുക? പാലിയേറ്റീവ് കെയർ, ആതുരസേവനം, സമ്പൂർണ്ണ വാക്സിനേഷൻ തുടങ്ങിയ ആരോഗ്യമേഖലകളും സന്നദ്ധപ്രവർത്തകരെ കാത്തിരിക്കുന്നു. ജാത്യാഭിമാനങ്ങളെയും വർഗീയ ചിന്തകളെയും പടിക്കുപുറത്തുനിർത്തി കേരളീയ ഗ്രാമങ്ങളെ സുന്ദരമാക്കാൻ ഏറെ ചെയ്യാൻ കഴിയുന്നതും മറ്റാർക്കുമായിരിക്കില്ല. ഓരോ മനുഷ്യനും തന്റെ തന്നെ ഉള്ളിലേക്ക് ചുരുങ്ങിക്കൂടുന്ന പുതിയകാലത്ത് ജനമനസ്സുകളിൽ സാമൂഹികാവബോധമെത്തിക്കാൻ കേരളത്തിലെ സന്നദ്ധ സംഘടനകൾക്ക് ഇനിയുമേറെ ചെയ്യാനുണ്ട്. പുതിയ കാലം ഏൽപ്പിക്കുന്ന, അവർക്കു മാത്രം ചെയ്യാൻ കഴിയുന്ന ഗൌരവമേറിയ ദൌത്യങ്ങൾ കാത്തിരിക്കുന്നത് മറ്റാരെയുമല്ല.