വിവാദ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ അക്രമകാരികളായി ചിത്രീകരിക്കുന്നത് തികച്ചും തെറ്റാണെന്ന് തന്നെ പറയണം .
ഏതാണ്ട് ഒന്നര മാസമായി രാജ്യ തലസ്ഥാനത്ത് അതിശൈത്യത്തെ നേരിട്ട് തെരുവിലിറങ്ങിയ സമരക്കാർക്കാരിൽ 150 പേർ മരണപ്പെടുകയുമുണ്ടായി.
രാജ്യം ഇതുവരെ കാണാത്ത വിധം ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ഈ ചരിത്ര സമരത്തിൽ ഇതുവരെ കാര്യമായ അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനുവരി 26 ന് റിപബ്ലിക് ദിനത്തിൽ ട്രാക്റ്ററുകളുമായി റാലിക്കെത്തിയ കർഷകരെ പലയിടങ്ങളിലായി പോലീസ് തടയുക ണ്ടായി ഇതിനെത്തുടർന്ന് ഉണ്ടായ സംഘർഷത്തെയാണ് കർഷകർ നടത്തിയ അക്രമം എന്ന് പ്രചരിപ്പിക്കുന്നത്.
കർഷക ബില്ലിനെ ന്യായീകരിച്ചും സമരത്തെ എതിർത്തും നേരത്തെ തന്നെ അഭിപ്രായം പറഞ്ഞ ഇടങ്ങളിൽ നിന്നാണ് ഈ പ്രചരണവും. തീർത്തും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമായ ഒരു നിയമത്തിനെതിരെ സംഘടിക്കുന്ന ജനങ്ങളെ പിന്തുണക്കുക എന്നത് എല്ലാ പുരോഗമന കൂട്ടായ്മകളുടേയും കടമയാണ്. ജനങ്ങൾക്കാവശ്യമില്ലാത്ത ഒരു നിയമം നിക്ഷിപ്ത താൽപര്യത്തോടെ അടിച്ചേൽപിച്ചതാണ് ഏറ്റവും വലിയ വയലൻസ് . അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാതിരിക്കുകയും പ്രതിഷേധങ്ങളെ നിരാകരിക്കുകയും ചെയ്യുന്നതാണ് വയലൻസ് ! .
26-ന്റെ ട്രാക്റ്റർ റാലിയിൽ ഉണ്ടായ സംഘർഷത്തിന്റെ ബാദ്ധ്യതയും സ്റ്റേറ്റിന് തന്നെയാണ്. കർഷകർ നടത്തുന്ന അതിജീവന സമരത്തെ പിന്തുണയ്ക്കുക.
അഭിവാദ്യങ്ങളോടെ….
എസ്സെൻസ് ക്ലബ്