മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ മാനവം സ്വതന്ത്രചിന്താവേദി
ഇന്ന് (14-01-2018) സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ശാസ്ത്രപ്രഭാഷണ-ദിവ്യാല്‍ഭുത അനാവരണ പരിപാടി(കൂടോത്രം-2018) എസ് ഡി പി ഐയുടെ നേതൃത്വത്തിലുള്ള മുസ്ലിം മതതീവ്രവാദികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നു.
കൂടോത്രം-2018

പരിപാടിയുടെ പ്രചരണാര്‍ത്ഥം അടിച്ചിറക്കിയ ലഘുലേഖയില്‍ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്ന തൊടുന്യായം ഉന്നയിച്ച് പ്രാദേശിക എസ് ഡി പി ഐ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാടാമ്പുഴക്കടുത്തുള്ള ബി പി അങ്ങാടിയില്‍ നടക്കുന്ന നേര്‍ച്ച പരിപാടിയില്‍ മൊത്തം പോലീസും എത്തേണ്ടതുകൊണ്ട് കൂടോത്രം-2018 എന്ന പരിപാടിക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും പരാതിയുള്ള സാഹചര്യത്തില്‍ പരിപാടി നടത്താന്‍ നല്‍കിയിരുന്ന അനുമതി റദ്ദാക്കുന്നതായും പോലീസ് അറിയിച്ചു.

SDPI letter to police

പരിപാടി നടത്താന്‍ തയ്യാറാക്കിയിരുന്ന സ്റ്റേജിനു സമീപം കെട്ടിയിരുന്ന ബാനര്‍ അക്രമികള്‍ കീറി നശിപ്പിച്ചു. ലൈറ്റ് & സൗണ്ട് ടീമിനെ വിളിച്ച് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ ആള്‍ക്കാരെ ഫോണ്‍ ചെയ്ത് വരുത്തിയ എസ്.ഡി.പി.ഐ ക്കാര്‍ പരിപാടി നടത്തിയാല്‍ ”നിരത്തിക്കളയും” എന്ന് ആക്രോശിച്ചുകൊണ്ട് സംഘാടകരെ വളഞ്ഞുവെച്ച് പ്രകോപനം സൃഷ്ടിച്ചു. അവസാനം പരിപാടി ഉപേക്ഷിച്ച് കാടാമ്പുഴ പട്ടണത്തില്‍ വായ്മൂടി കെട്ടി പ്രകടനം നടത്തി സംഘാടകരും കാണികളും പിരിഞ്ഞുപോയി.

മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ മാനവം സ്വതന്ത്രചിന്താവേദി

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ”കൂടോത്രം -2018” എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ അത് ഇസ്ലാമിക തീവ്രവാദത്തെ ഫോക്കസ് ചെയ്യുന്ന ഒന്നല്ലെന്ന്് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെ ആസൂത്രിതമായ ഒരു നീക്കമാണ് ഇതെന്ന് വ്യക്തമാണ്. നിരീശ്വരവാദികളുടെ ആശയപരമായ കടന്നാക്രമണത്തില്‍ നിന്ന് സമുദായം മുന്നോട്ടുവെക്കുന്ന അന്ധവിശ്വാസങ്ങളെ സംരക്ഷിക്കുന്നത്് തങ്ങളാണെന്ന് മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍ എസ് ഡി പി ഐ എടുത്ത സംഘടനാ തീരുമാനത്തിന്റെ ഭാഗമാണ് ഈ കടന്നാക്രമണം. തങ്ങളാണ് യഥാര്‍ത്ഥ മതസംരക്ഷകര്‍ എന്ന് സമുദായത്തെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമായും ഇതിനെ കാണാവുന്നതാണ്. അതിനായാണ് മുമ്പെങ്ങുമില്ലാത്തതുപോലെ സ്വതന്ത്രചിന്തകരുടെ ലഘുലേഖ പരതി ‘ഇഷ്ടമല്ലാത്ത എന്തൊക്കയോ കണ്ടു’ എന്ന് പ്രഖ്യാപിച്ച് വ്രണപെടല്‍ വാദവുമായി പോലീസില്‍ പരാതി കൊടുത്തത്. സ്വതന്ത്രചിന്തകരോ നിരീശ്വരവാദികളോ പൊതുപരിപാടികള്‍ നടത്തുന്നത് പോലും തങ്ങള്‍ക്ക് സഹിക്കുന്നില്ല എന്നാണിവര്‍ പറയാതെ പറയുന്നത്.
കഴിഞ്ഞ മാസം esSENSE ന്റെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ നടത്തിയ സാപിയന്‍സ് 2017 സെമിനാറിന്റെ പ്രചരണാര്‍ത്ഥം പതിച്ചിരുന്ന പോസ്റ്ററുകളുടെ പേരിലും ഇതേ വിഭാഗക്കാര്‍ സംഘാടകരെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. യാതൊരു പ്രകോപനവും ഇല്ലാത്തിടത്തും എന്തെങ്കിലും തൊടുന്യായം ഉന്നയിച്ച് നിരന്തരം ഫോണ്‍ ചെയ്ത് ഒരു കലഹം മന:പൂര്‍വം ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അതായ്ത് അക്രമം അഴിച്ചുവിടാന്‍ തക്കതായ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് പ്രാദേശി എസ്.ഡി.പി.ഐ നേതൃത്വം.ഒരു ജനാധിപത്യ രാജ്യത്ത് ഒരു വിഭാഗത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ കടന്നാക്രമണം പ്രതിഷേധാര്‍ഹമാണ്. സംഘപരിവാര്‍ ഫാസിസത്തിനെതിരെ നിരന്തരമായി വാചോടാപം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഈ കാടത്തം കാണിക്കുന്നതെന്നത് അവരുടെ കപടമുഖം വ്യക്തമാക്കുന്നു.. ഭാവിയില്‍ തങ്ങള്‍ക്കുനേരെ എങ്ങനെയാണ് ഫാസിസം നടപ്പാക്കേണ്ടതെന്ന് അവര്‍ ഹിന്ദുത്വവാദികള്‍ക്ക് കാണിച്ചുകൊടുക്കുകയാകണം ഈ നടപടി വഴി. സ്വതന്ത്ര ചിന്തക്കുനേരെ മുസ്ലിം മതതീവ്രവാദികള്‍ നടത്തുന്ന കടന്നാക്രമണത്തിലും ഫാസിസ്റ്റു നടപടിയിലും esSENSE Club കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു, സംഘാടകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.