തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര ദേശം കുട്ടിച്ചാത്തൻമാരുടെ സാമ്രാജ്യമാണ്. 

അവണേംകാട് എന്ന തറവാട്ടുകാരാണ് ഈ സാമാജ്യത്തിന്റെ സ്ഥാപകർ.കുറുപ്പൻമാർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ കാശുള്ള ചോൻമാരാണ്. (കാശുള്ള ഈഴവർ പണ്ടു തൊട്ടേ സ്വജാതി മറച്ചു പിടിക്കാൻ ഇജ്ജാതി നമ്പറുകൾ ഇറക്കാറുണ്ട്.) അവണേംകാട് ചാത്തന് പരസ്യങ്ങളില്ല. അന്നും ഇല്ല ഇന്നുമില്ല.വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങളിലൂടെയാണ് ആ ചാത്തന്റെ മഹിമ പ്രചരിക്കപ്പെട്ടത്.പല വിചിത്രമായ ക്വട്ടേഷനുകളും കുട്ടിച്ചാത്തൻ ഏറ്റെടുക്കാറുണ്ട്.എങ്കിലും പണ്ടൊക്കെ ഏറ്റവും പ്രധാനമായത് ചാത്തനേറ് എന്ന കലാപരിപാടിയിരുന്നു.വീടിനു മുകളിലേക്കും അകത്തേക്കുമൊക്കെ ശൂന്യതയിൽ നിന്നും കല്ലുകൾ എറിയപ്പെടുന്ന ഒരേർപ്പാടാണത്.

ചാത്തന്റെ മറ്റൊരു കലാപരിപാടി അമേധ്യം കൊണ്ടാണ്. ചോറു തിളച്ചു മറിയുമ്പോൾ അതിനോടൊപ്പം അമേധ്യവും പ്രchathan1ത്യക്ഷപ്പെടുത്തും ചാത്തൻ. പല തവണ ഇതാവർത്തിക്കപ്പെടുന്നതോടെ കുടുംബം പട്ടിണിയാകും. നമുക്ക് ഒരാളുടെ ഉയർച്ചയിൽ അസൂയ തോന്നിയെന്നിരിക്കട്ടെ. ഇക്കാലത്തെ പ്പോലെ പുനർവായന നടത്തിയൊന്നുമല്ല അതു തീർക്കുക. ചാത്തനെ ഏൽപ്പിച്ചാൽ അയ്യാളുടെ പണ്ടാരമടക്കി തരും. ശത്രുസംഹാരം പലവിധമുണ്ട്. കുടുംബകലഹമുണ്ടാക്കൽ , കച്ചോടം പൂട്ടിക്കൽ, കൃഷി നാശം, ജോലി കളയൽ, മുടന്തനാക്കൽ, അന്ധനാക്കൽ, ഒറ്റക്കാലനാക്കാൽ,ഒറ്റക്കൈയ്യനാക്കൽ, എന്തിനേറെ കായ്ഫലമുള്ള തെങ്ങിന്റെ തല പോകാൻ വരെ ചാത്തൻ ക്വട്ടേഷനെടുക്കും.

ചാത്തനെടുക്കും എന്ന് പറഞ്ഞാൽ ചാത്തൻ എടുക്കുന്നു എന്ന വ്യാജേന ചാത്തൻ മഠാധിപതി ചാത്തന്റെ പേരിൽ ക്വട്ടേഷൻ ഏറ്റെടുക്കും.ചൊവ്വയും വെള്ളിയുമാണ് ചാത്തന്റെ ഇഷ്ടദിവസങ്ങൾ.പുള്ളി അന്ന് നൃത്തത്തിൽ വരും. തുള്ളി വെളിച്ചപ്പെടുക എന്നും പറയും. ഇങ്ങിനെ വെളിച്ചപ്പാടാകുന്ന ആൾ അവണേംകാട്ടു തറവാട്ടുകാരല്ല എന്നതാണ് മറ്റൊരു പ്രത്യേകത.കൊടുങ്ങല്ലൂരിൽ ചില സമുദായങ്ങൾക്കും തറവാടുകൾക്കും അവകാശതറകൾ ഉള്ളതുപോലെ അവണേംകാട് ചാത്തന് വേണ്ടി തുള്ളാനും അവകാശമുള്ള രണ്ട് തറവാടുകൾ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

ധനസമ്പാദനം എങ്ങിനെ?

ചൊവ്വയും വെള്ളിയും ചാത്തൻ നൃത്തത്തിൽ വന്ന് ശ്രീകോവിലിന്റെ നടക്കലിരിക്കും. ക്വട്ടേഷനുമായി വന്നവർ തൊഴുതു നമസ്ക്കരിച്ച്മുന്നി ലുണ്ടാകും. ചാത്തന്റെയും ഭക്തന്റയും ഇടപാടുകൾ സാകൂതം വീക്ഷിച്ച് തറവാട്ടു കാരണവർ ഇരിക്കും. ഭക്തൻ തന്റെ സങ്കടം ചാത്തനോടു പറയും. ചാത്തൻ ഉടനടി പരിഹാരം പറയും. പക്ഷെ ജിബ്രിഷ് ആയിരിക്കും.

chaththan2പെറ്റ തള്ളക്കു പോലും മനസ്സിലാകില്ല. അപ്പോൾ തറവാട്ടു കാരണവർ സഹായത്തിനെത്തും. പുള്ളി വിവർത്തനം ചെയ്തു കൊടുക്കുന്നത് മിക്കവാറും ഇങ്ങിനെയായിരിക്കും. “അടുത്ത “വീതി”നു നൂറുവെളളാട്ടു കർമ്മം കഴിച്ചാൽ തന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് സ്വാമി പറയുന്നത്.”

ഒരു ചെറിയ വെള്ളാട്ട് കർമ്മത്തിന് 101 രൂപയാണ് ഫീസ്. ഭക്തന്റെ പതിനായിരത്തി പത്തു രൂപ കമ്പനിക്കടിച്ചുവെന്നർത്ഥം. 5001 രൂപ ഫീസീടാക്കിയുള്ള മറ്റൊരു പൂജയാണ് ബ്രഹ്മവെള്ളാട്ട് കർമ്മം. ഭക്തന്റെ സാമ്പത്തിക നില പരിശോധിച്ച് പത്തോ അമ്പതോ ബ്രഹ്മ വെള്ളാട്ട് കർമ്മത്തിനുള്ള അരുളപ്പാടൊക്കെ ഉണ്ടാകാം. എല്ലാം ചാത്തന്റെ തിരുവുള്ള പ്രകാരം. അപ്പോൾ മഠാധിപതി എങ്ങിനെ പണക്കാരനാകുന്നു എന്നതിന് മറ്റൊരു വിശദീകരണം ആവശ്യമില്ലല്ലോ.

എങ്കിലും ചില ചോദ്യങ്ങൾ ബാക്കി വരുന്നു.

ഈ പണം കിട്ടുന്നത് മഠാധിപതിക്കാണ്. നൃത്തത്തിൽ വരുന്ന കോമരത്തിന് വരുമാനത്തിന്റെ ഒരു പ്രത്യേക ശതമാനം മാത്രമെ ലഭിക്കുന്നുള്ളൂ. പണിയെടുക്കാൻ ചെണ്ടയും പണം വാരാൻ മാരാരും. ഈ അനീതിയെ അവകാശ കോമരങ്ങൾ നേരിട്ടതെങ്ങിനെയാണ്? ഇവിടെയാണ് തട്ടിപ്പുകളുടെ രണ്ടാം ഘട്ടം അഥവാ കൂണുകൾ പോലെ മുളച്ച ചാത്തൻ മഠങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്.

ചാത്തനു വേണ്ടി വെളിച്ചപ്പെടുന്ന കോമരങ്ങൾ സ്വന്തം തറവാടുകൾ ആസ്ഥാനമാക്കി പുതിയ ചാത്തൻ മഠങ്ങൾ ആരംഭിച്ചു.

വിവിധ ദേശങ്ങളിൽ നിന്നും തൃശൂരിലെത്തി ചാത്തൻ മഠമന്വേഷിക്കുന്നവർക്ക് കാണാൻ പാകത്തിൽ അവർ ബോർഡുകൾ സ്ഥാപിച്ചു. പത്രങ്ങളുടെ ചെവികളിലും ആ പരസ്യങ്ങൾ കയറി. പെരിങ്ങോട്ടുകരയെന്ന സ്ഥലം അങ്ങിനെ ഹിറ്റായി. ബസ്സിറങ്ങി വരുന്ന ഭക്തനെ ക്യാൻവാസ് ചെയ്ത് കബളിപ്പിച്ച് പുതിയ മഠത്തിലേക്ക് കൊണ്ടു പോകുവാൻ ഏജൻറുമാർ അങ്ങാടിയിൽ കാവൽ നിന്നു. ദൂരം കുറച്ചേ ഉള്ളൂവെങ്കിലും ഭക്തനെ സൗജന്യമായി കൊണ്ടുപോകാൻ ഓട്ടോറിക്ഷക്കാരെ റെഡിയാക്കി നിർത്തി. ഇനി ഇവരുടെ കണ്ണിൽ പെടാതെ വല്ല ഭക്തനും കറങ്ങി തിരിഞ്ഞാൽ അയ്യാളുടെ കൺമുന്നിൽ വഴിക്കരികിൽ ഒരു കൂറ്റൻ ബോർഡ് തെളിയുകയായി. “വിഷ്ണുമായ കുട്ടിച്ചാത്തൻ മഠം ; ഇവിടെ നിന്ന് രണ്ടു ഫർലോങ്ങ് പോയാൽ മറ്റൊരു ബോർഡു കാണാം ” തെറ്റായ സ്ഥലത്തേക്ക് വഴിതെറ്റാതെ പോകാൻ ഒരു ഭക്തന് ഇതൊക്കെ ധാരാളം.

1996 ഏപ്രിൽ 1 വരെയും ചാത്തന് ചാരായം വാറ്റുണ്ടായിരുന്നു.

കള്ള് വാറ്റിയെടുത്ത തെങ്ങിൻ ചാരായമായിരുന്നു ഏറ്റവും പഥ്യം. എല്ലാ വാവിനും ചാത്തന് വീതു വെക്കണം. വീതു വെക്കപ്പെട്ട നാടൻ കോഴി കറി , നാടൻ പുട്ട്, നാടൻ ചാരായം , നാടൻ അവിൽ ചാത്തന് എല്ലാം നാടനാണ്. ഇപ്പോഴാണെങ്കിൽ ജൈവം എന്ന് പറഞ്ഞേനെ. പക്ഷെ എല്ലാം ഭക്തർക്കുള്ളതാണ്. വീതിനു മഠത്തിൽചെന്നാൽ ജൈവചാരായം കിട്ടുമെന്നതിനാൽ കുടിയൻമാർ ഏതു പാതിരാപൂജക്കും റെഡി റെഡിയായി ക്യൂ നിൽക്കും. ജൈവചാരായ നിരോധനത്തിനു ശേഷം ചാത്തൻ വിദേശമദ്യം പരിശീലിക്കാൻ തുടങ്ങി. കുപ്പികൾ വിഗ്രഹത്തിനു മുന്നിൽ ഒരു മിനിട്ട് വെച്ച് തിരിച്ചെടുത്താൽ അത് ചാത്തൻ കൈപ്പറ്റിയതായി കണക്കാക്കാം.

ചാത്തൻ അനുഗ്രഹത്തിന്റെ കാര്യത്തിൽ ഒരു വൃത്തികെട്ട ധാരാളിയാണ്. കോമരതറവാടിന്റെ വളർച്ച പെട്ടെന്നായിരുന്നു. ധനം വർധിച്ചതോടെ കോമരത്തിന്റെ മക്കൾ തമ്മിൽ മുതലിനായി അടിപിടി തുടങ്ങി. അക്കാര്യത്തിൽ ചാത്തന്റെ അത്ഭുതങ്ങളല്ല , മനുഷ്യന്റെ ദുരാഗ്രഹങ്ങളാണ് പ്രവൃത്തിച്ചത് . 1991 കാലത്ത് കോമരത്തിന്റെ മൂത്ത മകന്റെ ( അയ്യാളും കോമരം തന്നെ ) പേരിൽ സിവിലും ക്രിമിനലുമായി 24 കേസ്സുകൾ അനിയൻമാർ കൊടുത്തിരുന്നു. അനന്തരം മൂത്ത മകൻ തറവാട്ടിൽ നിന്നും നിഷ്ക്കാസിതനായി. ഒരു കൂട്ടുകുടുംബത്തിൽ നിന്നും ഒരു കുടുംബം വേർപ്പെട്ടുപോയി മറ്റൊരു വീടുണ്ടാക്കുന്ന സ്വാഭാവികതയോടെ മൂത്ത മകൻ മറ്റൊരു മഠം സ്ഥാപിച്ചു .

മഠത്തിന്റെ പേരെന്തായാലും മൂർത്തി കുട്ടിച്ചാത്തൻ തന്നെ.

1996 ലെ മഴക്കാലത്തായിരുന്നു പ്രതിഷ്ഠ. പൈതൃകമായി ലഭിച്ച കുറെ പാടം തൂർത്ത് ഇരുപതുലക്ഷം രൂപ ചിലവിൽ ഒരു ചാത്തൻ മഠം സ്ഥാപിക്കപ്പെട്ടു. (ശ്രീകോവിലിനു മാത്രം വന്ന ചിലവ്) കേരളത്തിലെ പ്രമുഖ ബാങ്കാണ് അതിന് ബിസിനസ്സ് ലോൺ അനുവദിച്ചത്. അക്കാലത്ത് തൊഴിൽ രഹിതരായ ചെറുപ്പക്കാർ ഭൂമി പണയം വെച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനപേക്ഷിക്കുമ്പോൾ ” പ്രൊഫൈൽ നെഗറ്റീവ് ” എന്ന് ചാപ്പയടിച്ചു മടക്കിയിരുന്ന ഒരു ബാങ്കായിരുന്നു “ദൈവ വ്യവസായത്തെ” പ്രൊഫൈൽ പോസറ്റീവാക്കി ലോണനുവദിച്ചത്. പ്രതിഷ്ഠ കെങ്കേമമായി നടന്നു. രാഷ്ടീയക്കാരും ചെറുകിട കലാകാരൻമാരും ഭക്തരും കൂട്ടം കൂടി . കുറെ പേരെ ഭക്തരുടെ വേഷത്തിൽ മൂത്ത മകൻ തന്നെ ഏർപ്പാടാക്കിയിരുന്നു. അവർ പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാനെത്തിയവരുടെ ചെവിയിൽ ഇങ്ങിനെ പറഞ്ഞു കൊണ്ടിരുന്നു. “എന്തൊരു ദിവ്യ തേജസ്സാണ് മഠാധിപതിയുടെ മുഖത്ത്”. 2014 ൽ മോദിയെ മാർക്കറ്റിങ്ങ് നടത്തി പ്രധാനമന്ത്രിയാക്കിയ വമ്പൻമാരുടെയെല്ലാം ഇരുപതു കൊല്ലം മുമ്പത്തെ ഗുരുവിനെ ഈ മഠാധിപതിയിൽ ആരെങ്കിലും ദർശിക്കുന്നുണ്ടെങ്കിൽ അതും അദ്ദേഹത്തിനൊരു കീർത്തി തന്നെ.

കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ വെളിച്ചപ്പാടും തല്ലി പിരിഞ്ഞ മക്കളുമെല്ലാം കൂടി സ്ഥാപിച്ച ചാത്തൻ മഠങ്ങളെല്ലാം നൂറുമേനി കൊയ്ത് സമ്പൽ സമൃദ്ധിയിൽ ആറാടുന്നത് ചാത്തന്റെ അനുഗ്രഹമായി വരവു വെക്കാനാണ് നാട്ടുകാർക്കിഷ്ടം. രണ്ടു സിനിമാ ടാക്കീസുകൾ, റോഡിന്നിരുവശവും നിരനിരയായി കൊട്ടാര സദൃശമായ ഭവനങ്ങൾ, ഭക്തർക്കെല്ലാവർക്കും സൗജന്യ ഭക്ഷണ സൗകര്യം. എല്ലാറ്റിനും സാക്ഷിയായി ക്ഷേത്രവളപ്പിൽ അയവിറക്കി വിശ്രമിക്കുന്ന ഭീമാകാരൻ പോത്ത്.

ആവണം കാട് ചാത്തൻ മഠത്തിന് മറ്റൊരു അവകാശകോമരം കൂടിയുണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ. പുളളി സ്വന്തമായി മഠം സ്ഥാപിച്ചെങ്കിലും നടേ പറഞ്ഞ തറവാടുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ഗതി പിടിച്ചതായി കാണുന്നില്ല . അതിന്റെ കാരണം ചാത്തന്റെ കഴിവുകേടല്ല മറിച്ച് ചാത്തനു പോലും രക്ഷിക്കാൻ കഴിയാത്ത കോമരത്തിന്റെ കയ്യിലിരിപ്പാണെന്ന് നാട്ടുകാർ പറയുന്നു. ഒരിക്കൽ ഒരു സ്ത്രീ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി കോമരത്തെ വെളിച്ചപ്പെടുത്തിയപ്പോൾ പ്രത്യക്ഷത്തിൽ വന്നത് ചാത്തനായിരുന്നില്ല. കോമരത്തിന്റെ “തനിക്കൊണം” ആയിരുന്നു. കോമരം ഭക്തയെ ഗർഭിണിയാക്കി. ഭക്തയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നതൊഴിവാക്കാൻ കോമരം വിഷം കൊടുത്ത് ഗർഭസ്ഥ ശിശുവിനെ കൊന്നു കളഞ്ഞു. ആ കേസ്സിൽ കോമരം കുറച്ചു നാൾ ജയിലിലായി.

തൃശൂരിലെ ഒരു പ്രമുഖ ഗുണ്ടാസംഘത്തെ മദ്യവും മദിരയും വണ്ടിയും കൊടുത്ത് ഒപ്പം നിർത്തിയ കോമരം പ്രസ്തുത ഗുണ്ടാസംഘം പിളർന്നപ്പോൾ ഒരു വിഭാഗത്തിന്റെ ഇരയായി. ഒരു കാലും ഒരു കയ്യും തുന്നിപ്പിടിപ്പിച്ച് ചാത്തനു പോലും രക്ഷിക്കാൻ കഴിയാത്ത നിലയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ഇങ്ങിനെയൊക്കെയായിട്ടും ഈ ഭക്തരൊക്കെ എവിടെ നിന്നാണു വരുന്നത്? ഹോമിയോ ആയുർവ്വേദ, ഒറ്റമൂലി ചികിത്സകർക്കുള്ള കസ്റ്റമേഴ്സിന്റെ വിശേഷതകളൊക്കെ ചാത്തൻ സേവകർക്കുമുണ്ട്. അതായത് സ്വന്തം നാടിന് പുറത്താണ് കീർത്തി. ഒറ്റപ്പാലത്തുള്ള വൈദ്യരെ കാണാൻ ഈരാറ്റുപേട്ടയിൽ നിന്നുമാളുകൾ വരുമ്പോൾ ഒറ്റപ്പാലത്തുള്ളവർ ഈരാറ്റുപേട്ടയിലുള്ള വൈദ്യരെ കാണാൻ പോകും. ഏകദേശം ഇവിടെയും ഭക്തർ അതുപോലൊക്കെ തന്നെ .

chaththan3

ചാത്തനെ സേവിക്കാൻ വരുന്നവർക്ക് മതഭേദമില്ല ജാതിയില്ല
സ്ത്രീയും പുരുഷനും വരും. പർദ്ദയിട്ടും വരും ചുരീദ്ദാറിട്ടും വരും. ചാത്തഭക്തരായ ചില കച്ചവടക്കാരെ കൂടി പറയാം. അവർ കടക്കുള്ളിൽ എഴുന്നുള്ളിച്ചു നിർത്തിയ കണക്കില്ലാത്ത ദൈവങ്ങൾക്കു മുന്നിൽ ഒരു ചെപ്പുകുടം കൂടി വെക്കും. പിന്നീടതിൽ എന്നും പണം നിക്ഷേപിക്കും . വർഷത്തിലൊരിക്കൽ പുറത്തെടുത്ത് നേരെ മഠത്തിലേക്ക്. സംശയിക്കേണ്ട , അതു ചാത്തനുള്ളതാണ്. ചിലർ ചാത്തനെ ഷെയർ ( സ്ലീപ്പിങ്ങ് പാർട്ണർ ) ചേർത്തി ബിസിനസ്സ് തുടങ്ങും. ഡിവിഡന്റ് മഠത്തിന്.

ഇതൊക്കെ എന്നാണാവോ ആരംഭിച്ചത്?

എന്തായാലും ആളുകൾ ഇന്നും ഇതിലൊക്കെ വിശ്വസിച്ചു വരുന്നു. വിശ്വസിക്കാൻ മതിയായ തെളിവുകളില്ലാതെ വെറുതെ വിശ്വസിച്ചു കൊണ്ടിരുന്നാലെ മനുഷ്യനു മനസ്സമാധാനമുള്ളൂ എന്ന് വരെയായിട്ടുണ്ട്. പുതിയതായി എന്തു കണ്ടെത്തിപ്പിടിച്ചാലും അതിലൂടെയെല്ലാം അന്ധവിശ്വാസങ്ങൾ തിരുകി കയറ്റി വിട്ട് വിശ്വാസ സാമ്രാജ്യം വിപുലീകരിക്കുന്ന വിലക്ഷണ മാനസികാവസ്ഥയിൽ വ്യാപരിക്കയാണ് വിശ്വാസി. അപ്പോൾ ചാത്തനെങ്കിൽ ചാത്തൻ. കാക്രിപൂക്രിയെങ്കിൽ കാക്രി പൂക്രി. പോരാത്തതിന് സകല വിശ്വാസമസ്തിഷ്ക്കങ്ങൾക്കു മീതെയും തെളിവുമായി വട്ടമിട്ടു പറക്കുന്ന ആ ഭീമാകാരനായ പക്ഷിയും; നാസ.