ഭൂമിയുടെ ഉപരിതലത്തില്‍ എഴുപത് ശതമാനത്തോളം ജലവും മുപ്പത് ശതമാനത്തോളം കരയുമാണെന്ന് മൂന്നാം ക്ലാസ്സില്‍ നിന്ന് പഠിച്ചപ്പോള്‍, ആ ജലത്തില്‍ കൂടി എത്രയെത്ര ജലനൌകകള്‍ ഓടിക്കൊണ്ടിരിക്കുന്നുവെന്ന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല .

ഇന്ന്, ഉള്ളം കയ്യില്‍ കടലുമായി സഞ്ചരിക്കുന്നവരുടെ ശാസ്ത്രലോകത്തില്‍, കപ്പലിന്‍റെ സഞ്ചാരപഥം തത്സമയം നമ്മള്‍ നോക്കിക്കാണുകയാണ്.

നമ്മുടെ സമുദ്രങ്ങളിൽ മൊത്തം കണക്ക് കൂട്ടി നോക്കിയാല്‍ ഏകദേശം മുന്നൂറ്റി ഇരുപത്തൊന്ന് മില്ലിയന്‍ ക്യുബിക് മൈല്‍ ജലമുണ്ട് . മുപ്പത് ശതമാനത്തോളം വരുന്ന കരയില്‍ ഒരു ദിവസം നടക്കുന്ന വാഹന അപകടങ്ങളും പ്രകൃതി ദുരന്തമരണങ്ങളും എടുത്തു നോക്കിയാല്‍ മേല്‍പ്പറഞ്ഞ സമുദ്രജലവിതാനത്തില്‍ ഉണ്ടായിട്ടുള്ള അപകടങ്ങള്‍ തുലോം തുച്ഛമാണ്. കരയില്‍ ഉണ്ടാവുന്ന അപകടങ്ങളെ ചെകുത്താന്‍റെയോ, ദുരാത്മാക്കളുടെയോ, പറക്കും തളികകളുടെയോ പേരില്‍ ചാര്‍ത്തിക്കൊടുക്കാത്ത നമ്മള്‍ കടലില്‍ ഉണ്ടാവുന്ന അപകടങ്ങളെ ഇവരുടെ തലയില്‍ കെട്ടിവെച്ച് കൊടുത്തുകൊണ്ടാണ് പല കഥകളും സൃഷ്ടിച്ചിട്ടുള്ളത്‌. അതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടതും ഇന്നും ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നതുമായ ഒരു വിഷയമാണ് ”ബര്‍മുഡ ട്രയാംഗിള്‍. ഈ കെട്ടുകഥകളുടെ പുതിയ പതിപ്പില്‍ മലയാള പത്രങ്ങളും,നവ മാധ്യമങ്ങളും മതപ്രബോധകരും അണിനിരന്നിരിക്കുന്നു.

അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്ന് ബഹാമാസ്, അവിടെ നിന്ന് പ്യോര്‍ട്ടോറിക്കോയില്‍ കണക്ട് ചെയ്യപ്പെടുന്ന ഒരു സങ്കല്പ ത്രികോണ കടല്‍,ദിവസവും ആയിരക്കണക്കിന് കപ്പലുകള്‍ കടന്നു പോവുന്ന ഒരു മേഖല. ഈ മേഖലയില്‍ കാണാതായ കപ്പലുകളും ബോട്ടുകളും വിമാനങ്ങളും മനുഷ്യന്‍റെ ബുദ്ധിയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു.

കപ്പലുകളിലും വിമാനങ്ങളിലും നാവിഗേഷന്‍ ഉപകരണങ്ങള്‍ ആധുനീകരിക്കപ്പെടുന്നതിനു മുന്പ് ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഷിപ്പുകളിലെ സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം എടുത്ത് നോക്കിയാല്‍ ”മനുഷ്യന്‍റെ കൈ തെറ്റ്”” കൊണ്ടാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നതെന്ന് വര്‍ഷാവര്‍ഷം സൂക്ഷ്മപരിശോധനക്കും വിശകലനത്തിനും വിധേയമാക്കിയ ഡാറ്റ വെച്ച് തെളിയിച്ചിട്ടുള്ളത്‌ നമുക്ക് അറിയാൻ സാധിക്കും.

മേല്‍പറഞ്ഞതിന്‍റെ കൂടെ സമുദ്രത്തിലെ പ്രകൃത്യാലുള്ള പ്രതിഭാസങ്ങൾ , ഇലക്ട്രോണിക്‌ നാവിഗേഷന്‍ ഉപകരണങ്ങളുടെയും സാറ്റലൈറ്റ് കമ്മ്യൂണിക്കെഷന്‍ സിസ്റ്റത്തിന്‍റെയും അപര്യാപ്തത എന്നിവ കൂട്ടിചേര്‍ത്താല്‍ അപകടങ്ങളുടെ ലിസ്റ്റ് നീണ്ടു നീണ്ടു പോവും.

അപകടകരമായ ഒരു സമുദ്ര മേഖലയായി ബര്‍മുഡത്രികോണത്തെ ഇന്നേവരെ അമേരിക്കന്‍ കോസ്റ്റ്ഗാഡോ
കപ്പലുകള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്ന ലണ്ടനിലുള്ള ലോയ്ഡ്സോ അന്ഗീകരിച്ചിട്ടില്ല.

Lloyd’s of London does not recognize the Bermuda Triangle as an, especially hazardous place. Neither does the U.S. Coast Guard, which says: “In a review of many aircraft and vessel losses in the area over the years, there has been nothing discovered that would indicate that casualties were the result of anything other than physical causes. No extraordinary factors have ever been identified.”

ഉദാഹരണത്തിന് അമേരിക്കയിലെ നോര്‍ഫ്ലോക്സില്‍ നിന്ന് കാനഡയിലെ ക്യുബക്കിലേക്ക് പോവുമ്പോള്‍ ഐസ് മേഖലകള്‍ ക്രോസ് ചെയ്യുന്നതിന് മുന്പ് ഇന്‍ഷൂറന്‍സ് ഡിപാര്‍ട്ട്മെന്റിന് കമ്പനിവഴി റിപ്പോര്‍ട്ട് കൊടുക്കും. അതേപോലെ, റഷ്യയിലെ സെന്റ്‌പീറ്റര്‍സ് ബര്‍ഗിലേക്ക് പോവുമ്പോഴും ഏകദേശം ടാലിന്‍ എത്തുമ്പോള്‍ ശൈത്യകാലങ്ങളില്‍ പ്രത്യേക ഇന്‍ഷൂറന്‍സ് എടുക്കും. മറ്റു കടല്‍ മേഖലപോലെ അതും ഒരു സാധാരണ സഞ്ചാരവഴിയായിട്ടേ അധികൃതര്‍ ഇന്നും കണക്കാക്കുന്നുള്ളൂ..

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കടലില്‍ അപകടങ്ങള്‍ ഉണ്ടാവാം എന്ന് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  • കൊടുങ്കാറ്റുകള്‍,
  • അതിശക്തമായ ഹറിക്കന്‍ കാറ്റുകള്‍.
  • കാറ്റുകള്‍ സൃഷ്ടിക്കുന്ന അപകടകരമായ ഉയര്‍ച്ചയുള്ള- തിരമാലകള്‍
  • ആടിയുലയുന്ന കപ്പലില്‍ ഉണ്ടാവുന്ന ലോഡ് ഷിഫ്റ്റ്‌(കാര്‍ഗോ ഷിഫ്റ്റ്‌).
  • ലോഡ് ഷിഫ്റ്റ്‌ മൂലം സ്റ്റെബിലിറ്റി നഷ്ടപ്പ്ട്ട് തകിടം മറിയുന്ന കപ്പല്‍,
  • ടാങ്കുകളില്‍ ഉണ്ടാകുന്ന ലീക്ക് കാരണം വെള്ളം ഇരച്ചു കയറല്‍.
  • കപ്പലിന് തീ പിടിക്കല്‍
  • ദുര്‍ഘടമായ കാലാവസ്ഥയില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍
  • കൊടുങ്കാറ്റില്‍ സംഭവിക്കാന്‍ ചാന്‍സുള്ള എഞ്ചിന്‍ ഫെയിലിയര്‍, സ്റ്റീയറിംഗ് ഫെയിലിയര്‍, തുടങ്ങി എണ്ണമറ്റ അടിസ്ഥാന കാരണങ്ങള്‍ക്ക് പുറമെ, ബര്‍മുഡട്രയാന്ഗ്ളില്‍ വിമാനങ്ങളെയും കപ്പലിനെയും ആഴത്തിലേക്ക് എടുത്ത് കൊണ്ട്പോയ സംഭവങ്ങളുടെ കാരണങ്ങളുടെ ലിസ്റ്റില്‍ മറ്റു ചിലതും കൂടി കൂട്ടിചേര്‍ക്കേണ്ടതുണ്ട്.

Most rational explanations for the incidents in the Bermuda Triangle, including the explanations given by the U.S. Navy and Coast Guard, include human error and environmental effects. The area is one of the most highly trafficked for amateur pilots and sailors, so more traffic leads to more accidents and disappearances.

നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ പരിസ്ഥിതി സ്വാധീനത്തില്‍ നിന്ന് തന്നെ ഈ കാര്യങ്ങള്‍ വിശകലനം ചെയ്ത് തുടങ്ങാം..

1. Hexagonal Clouds

നാസയുടെ സാറ്റലൈറ്റ് കണ്ടെത്തിയ വിവരങ്ങളില്‍ ഏറ്റവും പുതിയത് വിശദീകരിക്കുന്നത് ട്രയാങ്കിളിനു മുകളില്‍ ചില സമയങ്ങളില്‍ കാണപ്പെടുന്ന ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങളുടെ ഘടനയും അവ മൂലമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുമാണ്. സാധാരണ ഗതിയില്‍ ആകൃതിയില്ലാത്ത മേഘങ്ങള്‍ ഷഡ്ബുജാകൃതി പ്രാപിക്കുമ്പോഴാണ് ”ഭീകരരാവുന്നത്” പെടുന്നെനെ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ കാറ്റിന്‍റെ ശക്തി മണിക്കൂറില്‍ നൂറ്റി എഴുപത് മൈല്‍ വേഗതയില്‍ ഉയരുന്നു.

ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങള്‍ കാരണം ഉണ്ടാവുന്ന എയര്‍ ബോംബുകള്‍ ശക്തമായി സമുദ്രത്തില്‍ പതിക്കുന്നു. ഇതിന്‍റെ പരിണതഫലമായി ഉയരുന്ന അപകടകരമായി തിരമാലകള്‍ക്ക് ഏതൊരു കപ്പലിനെയും ബോട്ടിനെയും എടുത്തെറിയാം.

മുങ്ങിപ്പോയ കപ്പലുകളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല എന്ന് കഥപറഞ്ഞുണ്ടാക്കുന്നവര്‍ക്ക് ബര്‍മുഡ ട്രയാന്ഗിളിലെ സമുദ്രത്തിന്‍റെ ആഴം എത്രയാണെന്ന് അനുമാനിക്കാന്‍ കഴിയുമോ?

2. Depth of the Sea.

സതേണ്‍ ടിപ്പില്‍ ഏകദേശം ആറു കിലോമീറ്ററും, പി ടി ട്രെഞ്ചില്‍ എട്ടു കിലോമീറ്ററില്‍ കൂടുതലും ആഴമുള്ള ഒരു കടലില്‍ റെസ്ക്യൂ വെസ്സലുകളോ,വിമാനങ്ങളോ വന്നു നോക്കിയാല്‍ അപകടത്തില്‍ പെട്ട് മുങ്ങിപ്പോയ നൌകകളുടെ ഒരു പൊടിപോലും കാണാന്‍ സാധിക്കില്ല.. കടലില്‍ മുങ്ങിപ്പോവുന്ന വിമാനങ്ങളുടെ സ്ഥിതിയും മറിച്ചല്ല എന്നുള്ളതാണ് വസ്തുത.

അറ്റ്ലാന്റിക് സമുദ്രത്തിന്‍റെ ഏറ്റവും അഗാധമായ സ്ഥാനം 9.17 കിലോമീറ്റര്‍ ബര്‍മുഡ ട്രയാന്ഗിളിലാണ്. ഇതൊന്നും അറിയാതെയാണ് ചെകുത്താന്‍റെ കഥകള്‍ പറഞ്ഞു പുസ്തകമെഴുതിയും സിനിമകള്‍ ഉണ്ടാക്കിയും ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് നയിക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നത്.

Most of the sea floor in the Bermuda Triangle is about 19,000 feet (5,791 meters) down; near its southern tip, the Puerto Rico Trench dips at one point to 27,500 (8,229 meters) feet below sea level.

The deepest point in the Atlantic Ocean, the 30,100-foot-deep Puerto Rico Trench, lies within the Bermuda Triangle.

ഇനി മുങ്ങിപ്പോവാതെ കാറ്റില്‍ അലയുന്ന ഒരു കപ്പലിനെയോ ബോട്ടിനെയോ രക്ഷിക്കാന്‍ വരുന്ന Search and Rescue വിമാനങ്ങള്‍ക്കോ കപ്പലുകള്‍ക്കോ SART (Search and Rescue Radar Transponder), EPIRB (Emergency Position Indicating Radio Beacon) തുടങ്ങിയ safety devices ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കപ്പലുകളെയേ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുള്ളൂ. 1.5 million Square miles ഏരിയ ഉള്ള ബര്‍മുഡട്രയാന്ഗിളില്‍ ഹറിക്കന്‍ കാറ്റില്‍ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.

SART ന്‍റെ ബാറ്ററി ലൈഫ് Stand-by modeല്‍ 96 മണിക്കൂറും ട്രാന്‍സ്മീഷന്‍ മോഡില്‍ 8 മണിക്കൂറുമാണെന്നും കൂടി നമ്മള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആക്ടിവേറ്റ് ചെയ്താല്‍ നാല്പത്തി എട്ടു മണിക്കൂര്‍ കൊണ്ട് EPIRBന്‍റെ ബാറ്ററി ലൈഫും തീരും. ഈ സേഫ്റ്റി ഉപകരണങ്ങള്‍ 1982 നു ശേഷമാണ് കപ്പലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാന്‍ തുടങ്ങിയത്.

മണിക്കൂറില്‍ നൂറ്റി ഇരുപത് മുതല്‍ ചിലപ്പോള്‍ ഇരുനൂര്‍ കിലോമീറ്റര്‍ വരെ വേഗതയുള്ള ഹറിക്കന്‍ കാറ്റില്‍ കപ്പലില്‍ ഒന്ന് നേരെ നില്‍ക്കാന്‍ പോലും മനുഷ്യന് ബുദ്ധിമുട്ടാണ്. സേഫ്റ്റി ഉപകരണങ്ങളുടെ ശരിയാംവണ്ണമുള്ള ഉപയോഗം അപകടങ്ങളില്‍പെടുന്ന കപ്പലുകളിലെ മനുഷ്യരുടെ മനസ്സാന്നിധ്യത്തേയും ആശ്രയിച്ചിരിക്കുന്നു.

3. Compass variation.

ദിശനിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന കോമ്പാസിന്‍റെ വേരിയേഷന്‍ മൂലം ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് പറക്കുന്നതിന് പകരം കരയില്‍ നിന്ന് അകന്നു പറന്ന വിമാനങ്ങള്‍ ഇന്ധനം തീര്‍ന്നത് കാരണം തകര്‍ന്ന സംഭവങ്ങള്‍ ഈ മേഖലയില്‍ നിന്ന് ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

4. Optical Illusion

വൈമാനികര്‍ക്ക് ചക്രവാളവും കടലും തിരിച്ചയിയാന്‍ ബുദ്ധിമുട്ടുണ്ടാക്കിയ ഒപ്ടിക്കല്‍ ഇല്ലുഷ്യന്‍ കാരണം വിമാനം കടലിലേക്കിറക്കിയ സംഭവങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്.

5. Gulf stream.

ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ നിന്നും ഉണ്ടാവുന്ന ഗള്‍ഫ് സ്ട്രീം ഫ്ലോറിഡ വഴി നോര്‍ത്ത് അറ്റ്ലാന്ടിക്കിലേക്ക് ഒഴുകുന്നതാണ് മറ്റൊരു കാരണം. കടലിനോടൊപ്പം കടലില്‍ ഒരു നദികൂടി ഒഴുകിയാല്‍ ഉണ്ടാവുന്ന ഈ പ്രതിഭാസത്തില്‍ എഞ്ചിന്‍ ഫെയിലിയറായ ഒരു ബോട്ടോ കപ്പലോ അതിവേഗത്തില്‍ അതിന്‍റെ റൂട്ടില്‍ നിന്ന് വ്യതിചലിച്ചു പോവും. കരയിലേക്ക് തിരിച്ചു വരാന്‍ പ്രയാസകരമാം വണ്ണം ആഴക്കടലില്‍ എത്തിച്ചേര്‍ന്നാല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കാത്ത ജലനൌകകള്‍ക്ക്  പ്രക്ഷുബ്ധ കാലാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കില്ല.

(ഒഖി കൊടുങ്കാറ്റ് നമ്മുടെ ബോട്ടുകളെ കരയില്‍ നിന്നും എവിടെയൊക്കെ ദൂരത്തില്‍ എത്തിച്ചു എന്നുള്ളത് സ്മരിച്ചാല്‍ മതി).

ഗള്‍ഫ്സ്ട്രീം ഇഫക്റ്റ് കാരണം റൂട്ട് വ്യതിയാനം വരുന്ന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും കോമ്പാസ് കൌണ്ടര്‍ ആക്റ്റ് കൊടുത്താല്‍ മാത്രമേ അതിനു ലക്ഷ്യസ്ഥാനം കൈവരിക്കാന്‍ കഴിയുള്ളൂ. അത് കൊടുക്കാതെയും കോമ്പാസ് വേരിയേഷന്‍ മനസ്സിലാക്കാതെയും പ്രയാണം തുടരുന്ന ജലനൌകകള്‍ ഒരിക്കലും അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല.

6. Tropical Storm and Hurricane.

കൊടുങ്കാറ്റുകളുടെ ശക്തിയെ അവഗണിച്ച് ആഴക്കടല്‍ യാത്ര തുടര്‍ന്ന് ബര്‍മുഡ ട്രയാന്ഗിളില്‍ നഷ്ടപ്പെട്ട പായക്കപ്പലാണ് Revonoc. 1958 ജനുവരിയിലായിരുന്നു ഈ സംഭവം നടന്നത്.

1941: USS Proteus നു 58 പേരുടെ ജീവന്‍ ബര്‍മുഡ ട്രയാന്ഗിളില്‍ നഷ്ടമായതും ബള്‍ക്ക് കാര്‍ഗോ ആയ ബോക്സൈറ്റ് ലോഡ് ചെയ്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ സഞ്ചരിച്ചത് കൊണ്ടാണ്. ലോഡ് ഷിഫ്റ്റിനു മുഖ്യകാരണമാവുന്ന ഒരു കാര്‍ഗോ ആണ് ബോക്സൈറ്റ്. ഇതേ കപ്പലിന്‍റെ സിസ്റ്റര്‍ ഷിപ്പ് USS Nereus (AC-10) നു 61 പേരുടെ ജീവന്‍ ത്രികോണ മേഖലയില്‍ നഷ്ടമാവാന്‍ കാരണം കാലപ്പഴക്കം ചെന്നതും ദ്രവിച്ചുപോയതുമായ ബീം സപ്പോര്‍ട്ട് കാരണം മോശം കാലാവസ്ഥയില്‍ ഉണ്ടായ തിരമാലയില്‍ കപ്പല്‍ രണ്ടായി മുറിഞ്ഞു പോയത് കൊണ്ടായിരുന്നു. കപ്പലുകള്‍ മുങ്ങിപ്പോവാന്‍ ലോഡ് ഷിഫ്റ്റ്‌ എങ്ങിനെ സ്വാധീനിക്കുന്നു എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭവം. ഹെവി സീയില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബള്‍ക്ക് കാരിയറുകള്‍ സുരക്ഷിതമല്ല എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

1502ല്‍ Francisco de Bobadilla’s, Spanish fleet കൊടുങ്കാറ്റില്‍ മുങ്ങിപ്പോയ ചരിത്രത്തോടെ മനുഷ്യന്‍ കാറ്റിന്‍റെ ശക്തിയെ രേഖപ്പെടുത്താന്‍ തുടങ്ങി. ഓഖി ദുരന്തം വരുത്തി വെച്ച വിനയില്‍ നിന്ന് രാജ്യം ഇതേവരെ മോചിതമായിട്ടില്ല എന്നുള്ള ഒരു വസ്തുത നമ്മുടെ കണ്മുന്നില്‍ ഇപ്പോഴുമുണ്ട്.

1980ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ബര്‍മുഡ ട്രയന്ഗ്ളിനു ചുറ്റും, കരീബിയന്‍ സീയിലും അമേരിക്കയിലെ ടെക്സാസിലും ആഞ്ഞടിച്ച Hurricane Alen മണിക്കൂറില്‍ മുന്നൂറ്റിപത്ത് കിലോമീറ്റര്‍ വേഗതയിലായിരുന്നു. 269 പേരുടെ ജീവന്‍ ഈ കാറ്റില്‍ പൊലിഞ്ഞു. 1.4 Billion ഡോളര്‍ നാശനഷ്ടം അമേരിക്ക അന്ന്
റിപ്പോര്‍ട്ട് ചെയ്തു.

1851 മുതല്‍ 2016 വരെ 1505 കൊടുങ്കാറ്റുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിട്ടുണ്ട്, അതില്‍ 879 കൊടുങ്കാറ്റുകള്‍ Hurricane വേഗതിയിലുള്ളതാണ്. ബര്‍മുഡയിലെ അദൃശ്യ ശക്തികളുടെ പേരില്‍ എഴുതിചേര്‍ത്തതെല്ലാം നമ്മള്‍ വീണ്ടു വിചാരത്തിനു വിധേയമാക്കേണ്ട സാഹചര്യം ഇവിടെയാണ് സംജാതമാവുന്നത്.

Hurricane Ivan നൂര്‍ അടി ഉയരത്തില്‍ സൃഷ്‌ടിച്ച തിരമാലകള്‍ അറ്റ്‌ലാന്റിക്കിലെ കപ്പല്‍ യാത്രക്കാര്‍ ഇതേവരെ മറക്കാത്ത ഒരു ഭീകര അനുഭവമാണ്. അറ്റ്‌ലാന്ടിക് സമുദ്രത്തില്‍ 2017ല്‍ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തത് 17 കൊടുങ്കാറ്റുകളാണ്.

കാലാവസ്ഥാ മുന്നറിയിപ്പ് എന്നൊരു സംഭവം കേട്ട് കേള്‍വി ഇല്ലാതിരുന്ന കാലത്ത് നടന്ന അപകടങ്ങള്‍ ബര്‍മുഡ സ്വന്തം തലയില്‍ ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട് ജപ്പാനിലെ ഡെവിള്‍ സീയില്‍ ബ്രിട്ടന്‍റെ ബള്‍ക്ക് കാരിയര്‍ ദേബ്രിഷെയര്‍ മുങ്ങിപ്പോയപ്പോഴും മാധ്യമങ്ങളും ജനങ്ങളും അത് ചെകുത്താന്‍റെ കളിയാണെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. കടലിന്‍റെ അടിത്തട്ടില്‍ കപ്പല്‍ കണ്ടെത്തിയതിനു ശേഷം ആ ദിവസത്തെ കടല്‍ മാറി, കഥകള്‍ മാറി..

7. Unpredictable Storm and waterspouts.

മുന്നറിയിപ്പില്ലാതെ വരുന്ന കൊടുങ്കാറ്റുകള്‍ മൂലം കപ്പല്‍, വിമാന ചേതങ്ങള്‍ ബര്‍മുഡ ത്രികോണത്തില്‍ ഉണ്ടായിട്ടുണ്ട്.

The Coast Guard also notes that unpredictable Caribbean-Atlantic storms can yield waterspouts that often spell disaster for pilots and mariners.

The area is subject to violent and unexpected storms and weather changes. These short but intense storms can build up quickly, dissipate quickly, and go undetected by satellite surveillance. Waterspouts that could easily destroy a passing plane or ship are also not uncommon. A waterspout is simply a tornado at sea that pulls water from the ocean surface thousands of feet into the sky. Other possible environmental effects include underwater earthquakes, as scientists have found a great deal of seismic activity in the area. Scientists have also spotted freak waves up to 100 feet high.

ബര്‍മുഡത്രികോണത്തിന്‍റെ പരിധിക്ക് പുറത്ത് ഉണ്ടായ കപ്പല്‍ ചേതങ്ങളും ട്രയന്ഗിളിന്‍റെ പേരില്‍ രേഖപ്പെടുത്തി അപകടങ്ങളുടെ ലിസ്റ്റ് വലുതാക്കിയ സംഭവങ്ങളും ഇല്ലാതില്ല.

സമുദ്രങ്ങളായ സമുദ്രങ്ങളിലും കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ യോജ്യമായ നദികളിലും AIS (Automatic Identification System) ഘടിപ്പിച്ചു യാത്രയാവുന്ന എല്ലാ ജലനൌകകളുടെയും സഞ്ചാരപഥം ഇന്ന് നിങ്ങള്‍ക്കും എനിക്കും ഒരു സ്മാര്‍ട്ട് ഫോണില്‍ കാണാന്‍ കഴിയും.
ഉദാഹരണത്തിന് ബര്‍മുഡ ട്രയാന്ഗിളിലൂടെ സഞ്ചരിക്കുന്ന കപ്പലിന്‍റെ പേര്, ഏത് തരത്തിലുള്ള കപ്പലാണ്, അതിന്‍റെ തിരിച്ചറിയല്‍ നമ്പര്‍, എത്തിച്ചേരേണ്ട തുറമുഖം, എത്തിച്ചേരുന്ന ഏകദേശ തിയ്യതിയും സമയവും, കപ്പല്‍ സഞ്ചരിക്കുന്ന ദിശ, വേഗത, ജോലിക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ കരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഇന്റര്‍നെറ്റ് വഴിയും ഇതര കപ്പലുകള്‍ക്ക് ഏറ്റവും ചുരുങ്ങിയത് നൂറ്റി അമ്പത് കിലോമീറ്റര്‍ ദൂരത്ത് AIS ഡിസ്പ്ലേയിലും കാണാം. സിമ്പിളായി പറഞ്ഞാല്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തുടങ്ങുന്ന ഒരാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രയാവുന്ന മറ്റൊരാള്‍ എങ്ങോട്ട് പോവുന്നുവെന്ന് ചോദിക്കാതെ തന്നെ അയാളുടെ മുഴുവന്‍ വിവരവും തന്‍റെ AIS വഴി കാലിക്കറ്റ് എയര്‍പോര്‍ട്ടിലിരുന്നു മനസ്സിലാക്കുന്നു. ബര്‍മുഡ ട്രയാന്ഗിളിലെ ഇന്നത്തെ കപ്പല്‍ സഞ്ചാരം നമുക്ക് ദൂരങ്ങളിലിരുന്നു നോക്കി കാണാം.

കടലോളം കടലിനെ അറിയാന്‍ സാധിക്കാത്ത മനുഷ്യരുടെ അറിവിന്‍റെ പരിധിയെ കച്ചവടവല്‍ക്കരിച്ച ഒരു പറ്റം മാധ്യമങ്ങളും  ഭീതിയിലൂടെ മനുഷ്യരെ വിശ്വാസത്തിലേക്ക് നയിക്കാന്‍ പെടാപാട്പെടുന്ന മതപ്രബോധകരും അറിയാന്‍ ഒരേയൊരു കാര്യമേ പറയാനുള്ളൂ. ലോകത്തിലെ ഏറ്റവും പത്ത് അപകടകരമായ ഷിപ്പിംഗ് റൂട്ടില്‍ ബര്‍മുഡത്രികോണത്തിന്‍റെ പേര് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

In a 2013 study, the World Wide Fund for Nature identified the world’s 10 most dangerous waters for shipping, but the Bermuda Triangle was not among them.

പിന്നെ എവിടെയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ സമുദ്രമേഖല സ്ഥിതി ചെയ്യുന്നത്?

The World’s Most Dangerous Oceans. The South China Sea and East Indies, eastern Mediterranean, Black Sea, North Sea, and the British Isles are the most dangerous seas in the world, with the greatest number of shipping accidents in the last 15 years, according to a report released by the World Wildlife Fund.

BERMUDA triangle

 

Written by  Aboo Bucker
[email protected]